ഒരു ലിറ്റര്‍ കഴുതപ്പാലിന് ഏഴായിരം രൂപയോ? ഭ്രാന്ത് പറയുന്നതുപോലെ തോന്നുന്നു. പക്ഷെ അതായിരുന്നു ഗുജറാത്തിലെ സൗരാഷ്ട്രയിലെ ഹലാരി കഴുതയുടെ പാലിനെപ്പറ്റി 2020 സെപ്റ്റംബറിലെ വാര്‍ത്താപത്രങ്ങളില്‍ വന്ന തലക്കെട്ടുകള്‍. അത് സത്യമാവുകപോലും ചെയ്തു - പരിശോധിച്ചുറപ്പിച്ച ഒരൊറ്റ സന്ദർഭത്തിൽ മാത്രമാണെങ്കിലും. അവര്‍ക്ക് സ്ഥിരമായി ആ വില കിട്ടുന്നുണ്ടെന്ന് പറയാനുള്ള ധൈര്യം നിങ്ങള്‍ കാണിക്കുകയാണെങ്കില്‍ ഗുജറാത്തിലെ ഹലാരി വളര്‍ത്തല്‍ സമൂഹങ്ങള്‍ നിങ്ങള്‍ കാണാതെ ചിരിക്കും.

ഔഷധ ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്ന പാലിന്‍റെ ഈ ഇനത്തിന് ഗുജറാത്തില്‍ ലിറ്ററിന് പരമാവധി വിലയായ 125 രൂപ എത്തിയതായി കാണാം. ആ വിലപോലും കിട്ടിയത് ഒരു സ്വകാര്യ സംഘടന ഗവേഷണ ആവശ്യത്തിനായി ഒരു നിശ്ചിത അളവില്‍ അത് വാങ്ങിയപ്പോഴാണ്‌.

വാര്‍ത്താ തലക്കെട്ടുകള്‍ കണ്ട് ഞാന്‍ സൗരാഷ്ട്രയില്‍ എത്തിയതായിരുന്നു. രാജ്കോട് ജില്ലയിലെ തരിശായ പരുത്തി പാടങ്ങളില്‍ ഞാന്‍ ഇടയനായ ഖോലാഭായ് ജുജുഭായ് ഭര്‍വാഡിനെ കണ്ടുമുട്ടി. ദേവ്ഭൂമി ദ്വാര്‍ക ജില്ലയിലെ ഭാണ്‍വഡ് ബ്ലോക്കിലെ ജാമ്പര്‍ ഗ്രാമത്തില്‍നിന്നും പ്രായം 60-കളിലുള്ള അദ്ദേഹം തന്‍റെ കുടുംബത്തോടൊപ്പം വാര്‍ഷിക കുടിയേറ്റം നടത്തുകയായിരുന്നു. അവര്‍ ഒരു പറ്റം ആടുകളെയും ചെമ്മരിയാടുകളെയും 5 ഹലാരി ആടുകളെയുമായിരുന്നു പരിപാലിച്ചിരുന്നത്.

“രേബാരി, ഭര്‍വാഡ് സമുദായങ്ങള്‍ മാത്രമാണ് ഹലാരി കഴുതകളെ വളര്‍ത്തുന്നത്”, ഖോലാഭായ് പറഞ്ഞു. അവരില്‍ത്തന്നെ വളരെക്കുറച്ച് കുടുംബങ്ങള്‍ മാത്രമാണ് “പാരമ്പര്യം സൂക്ഷിക്കുന്നത്. ഈ മൃഗങ്ങള്‍ സൗന്ദര്യമുള്ളവയാണ്, പക്ഷെ ഞങ്ങളുടെ ഉപജീവനത്തിന് പറ്റുന്നവയല്ല. അവ വരുമാനമൊന്നും ഉണ്ടാക്കുന്നില്ല. ഖോലാഭായിക്കും അദ്ദേഹത്തിന്‍റെ 5 സഹോദരന്‍മാര്‍ക്കും ചേര്‍ത്ത് 45 കഴുതകള്‍ ഉണ്ട്.

നാടോടികളായ ഇടയരുടെ വരുമാനം കണക്കുകൂട്ടുക വളരെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. അവരുടെ വരുമാനത്തിന് സ്ഥിരതയും ഉറപ്പുമില്ല. മറ്റ് ചിലരുടെ കാര്യത്തിലുള്ളത്രയും ഇന്ധനത്തിനും വൈദ്യുതിക്കും വേണ്ടിയുള്ള പ്രതിമാസ ചെലവുകൾ അവർക്കില്ല. പൊതുവല്‍ക്കരണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുമ്പോള്‍തന്നെ ഭുജിലെ സഹ്ജീവന്‍ സെന്‍റര്‍ ഫോര്‍ പാസ്റ്ററലിസം എന്ന എന്‍.ജി.ഓയിലെ ഗവേഷകർ പറയുന്നത്, അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് പ്രതിവർഷം 3-5 ലക്ഷം രൂപ (മൃഗക്കൂട്ടങ്ങളുടെ വലിപ്പം അനുസരിച്ച്) മൊത്തവരുമാനവും 1-3 ലക്ഷം രൂപ (എല്ലാ ചിലവുകള്‍ക്കും ശേഷം) അറ്റവരുമാനവും ഉണ്ടായിരുക്കുമെന്നാണ്. ആടുകളുടെയും ചെമ്മരിയാടുകളുടെയും പാലും രോമവും വിറ്റാണ് ഇത് നേടുന്നത്.

കഴുതകളില്‍ നിന്നും അവര്‍ക്ക് കുറച്ച് വരുമാനം മാത്രമെ ലഭിക്കുന്നുള്ളൂ, അല്ലെങ്കില്‍ ഒന്നുംതന്നെ ലഭിക്കുന്നില്ല. കാലങ്ങളായി വരുമാനത്തിൽ ഇടിവ് കാണുന്നതിനാൽ ഹലാരി കഴുതപ്പറ്റങ്ങളെ പരിപാലിക്കുന്നത് അവർക്ക് ബുദ്ധിമുട്ടാണ്.

PHOTO • Ritayan Mukherjee

ഖോലാഭായ് ജുജുഭായ് ദേവ്ഭൂമി ദ്വാര്‍ക ജില്ലയിലെ ജാമ്പര്‍ ഗ്രാമത്തില്‍ തന്‍റെ കഴുതപ്പറ്റങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു

സെന്‍റര്‍ ഫോര്‍ പാസ്റ്ററലിസത്തിലെ രമേശ്‌ ഭട്ടി പറയുന്നത് ഒരു കാലിക്കൂട്ടത്തിന്‍റെ ശരാശരി വലിപ്പം അവയുടെ ഉടമകളായ കുടുംബത്തിന്‍റെ വലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണ്. കാലിവളര്‍ത്തലുകാരായ നാല് സഹോദരങ്ങളുള്ള ഒരു കുടുംബത്തിന് 30 മുതല്‍ 45 വരെ കഴുതകള്‍ ഉണ്ടായിരിക്കും. ദീപാവലിക്കുശേഷം അഹ്മദാബാദിനടുത്തു നടക്കുന്ന വാര്‍ഷിക മേളയില്‍വച്ച് അവര്‍ ഈ മൃഗങ്ങളെ വില്‍ക്കും. എന്നാല്‍ കഴുതകളെ മൃഗസഞ്ചയങ്ങളായി ഉപയോഗിക്കുന്ന കുടിയേറ്റ സമൂഹങ്ങൾ നാലോ അഞ്ചോ പെണ്‍മൃഗളെ വളർത്തുന്നു.

അവയെ വളര്‍ത്തുന്നവരും ഇടയരും അടുത്തകാലംവരെ കഴുതപ്പാലിനുള്ള വിപണി കണ്ടെത്തിയിരുന്നില്ല. “കഴുതപ്പാല്‍ ഒരു മുഖ്യധാര ഉല്‍പന്നമല്ല”, ഭട്ടി പറഞ്ഞു. “ഇവ പാല്‍ തരുന്ന മൃഗങ്ങളല്ല. എന്നിരിക്കിലും 2012-13-ല്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ‘ഓര്‍ഗാനിക്കൊ’ എന്ന ഒരു സാമൂഹ്യപരിപാടി കഴുതപ്പാലില്‍ നിന്നുള്ള സൗന്ദര്യവര്‍ദ്ധകോല്‍പന്നങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. അതിന് ഇപ്പോഴും ഇന്‍ഡ്യയില്‍ ഔപചാരിക വിപണിയില്ല.”

ഇന്നത്തെ ജാംനഗര്‍, ദേവ്ഭൂമി ദ്വാര്‍ക, മോര്‍ബി, രാജ്കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലായി വ്യാപിച്ചുകിടന്ന പശ്ചിമ ഇന്ത്യയിലെ ചരിത്രപരമായ പ്രദേശമായ ഹലാറിൽ നിന്നാണ് സൗരാഷ്ട്രയിലെ തദ്ദേശീയ ഇനമായ ഹലാരി കഴുതയ്ക്ക് ആ പേര് ലഭിച്ചത്. രമേശ്‌ ഭട്ടിയില്‍ നിന്നാണ് ഞാന്‍ ഈ ഇനത്തെപ്പറ്റി ആദ്യം കേട്ടത്. ശക്തിയുള്ള ആരോഗ്യദൃഢ ഗാത്രരായ, വെളുത്ത നിറമുള്ള, ഈ മൃഗങ്ങള്‍ക്ക് ഒരു ദിവസം 30-40 കിലോമീറ്ററുകള്‍വരെ നടക്കാന്‍ കഴിയും. ഇടയരുടെ കുടിയേറ്റസമയത്തും വണ്ടികള്‍ വലിക്കുന്ന കാര്യത്തിലും അവയെ കൂട്ടങ്ങളായി ഉപയോഗിക്കാന്‍ പറ്റും.

തദ്ദേശീയ കഴുത ഇനമെന്ന നിലയില്‍ നാഷണല്‍ ബ്യൂറോ ഓഫ് ആനിമല്‍ ജെനറ്റിക് റിസോഴ്സസ് ഗുജറാത്തില്‍നിന്നും ആദ്യമായി രജിസ്റ്റര്‍ ചെയ്യുകയും അംഗീകരിക്കുകയും ചെയ്ത ഇനം ഹലാരിയാണ്. ദേശീയതലത്തില്‍ ഇത് ഹിമാചല്‍‌പ്രദേശിലെ സ്പിതി കഴുതയ്ക്കുശേഷം രണ്ടാമതും ഗുജറാത്തിലെതന്നെ കച്ഛി ഇനത്തിന് തൊട്ടുമുന്നിലുമാണ്.

2019-ലെ 20-ാം വളര്‍ത്തുമൃഗ സെന്‍സസ് രാജ്യത്തുടനീളം കഴുതകളുടെ എണ്ണത്തില്‍ അപകടകരമായ കുറവ് രേഖപ്പെടുത്തുന്നു - ഏകദേശം 60 ശതമാനത്തിന്‍റെ കുറവ് (2012-ല്‍ അവയുടെ എണ്ണം 330,000 ആയിരുന്നിടത്തുനിന്നും 2019-ല്‍ 120,000-ലേക്ക് കുറഞ്ഞു). ഗുജറാത്തില്‍ ഹലാരി കഴുതകളുടെയും അതുപോലെതന്നെ അവയെ വളര്‍ത്തുന്നവരുടെയും എണ്ണത്തിലുണ്ടായ കുറവ് വളരെ പ്രകടമാണ്.

സഹ്ജീവന്‍ 2018 നടത്തിയ (ഗുജറാത്ത് സര്‍ക്കാരിന്‍റെ മൃഗസംരക്ഷണ വകുപ്പിന് സമര്‍പ്പിച്ചതുമായ) ഒരു പഠനം കാണിക്കുന്നത് 5 വർഷത്തിനിടെ എല്ലാത്തരം കഴുതകളുടെയും എണ്ണത്തില്‍ 40.47 ശതമാനം ഇടിവുണ്ടായി എന്നാണ്. ഗുജറാത്തില്‍ ഹലാരികളും അവയെ വളര്‍ത്തുന്നവരും വസിക്കുന്ന 11 താലൂക്കുകളിലെ ഹലാരികളുടെ എണ്ണം 2015-ല്‍ 1,112 ആയിരുന്നെങ്കില്‍ 2020-ല്‍ അത് 2015 ആയിക്കുറഞ്ഞു. അതേകാലയളവില്‍ ഹലാരി വളര്‍ത്തലുകാരുടെ എണ്ണം 254-ല്‍ നിന്നും 189 ആയി കുറഞ്ഞു.

PHOTO • Ritayan Mukherjee

മംഗാഭായ് ജാഡാഭായ് ഭര്‍വാഡിന് ജാമ്പറിലെ ഹലാരിക്കൂട്ടങ്ങളുടെമേല്‍ ശ്രദ്ധയുണ്ട്. നാടോടി ജീവിതരീതികളില്‍ വന്ന മാറ്റത്തെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള ധാരണയുണ്ട്

ഇടിവുണ്ടാകാനുള്ള കാരണങ്ങള്‍? “കഴുതകള്‍ക്ക് മേയാനുള്ള ഭൂമിയെവിടെ?” നിരാശനായ മംഗാഭായ് ജാഡാഭായ് ഭര്‍വാഡ് എന്ന ഇടയന്‍ ചോദിച്ചു. അന്‍പതുകളുടെ അവസാനത്തിലുള്ള അദ്ദേഹം ജാമ്പര്‍ ഗ്രാമത്തില്‍ നിന്നാണ്. “മിക്ക മേച്ചല്‍ പുറങ്ങളിലും ഇപ്പോള്‍ കൃഷി നടത്തുകയാണ്. എല്ലായിടത്തും അത്രത്തോളം കൃഷി നടക്കുന്നു. വനഭൂമിയിലും ഞങ്ങള്‍ക്ക് മേയ്ക്കാന്‍ കഴിയില്ല. അത് നിയമംമൂലം നിരോധിച്ചിരിക്കുകയാണ്.” കൂടാതെ, “ഹലാരി ആണ്‍കഴുതകളെ പരിപാലിക്കുകയെന്നത് ബുദ്ധിമുട്ടുള്ള ജോലിയാണ്. അവയുടേത് വല്ലാത്ത സ്വഭാവമാണ്. അവയുടെ എണ്ണം പെട്ടെന്ന് പെരുകില്ല.”

മാറുന്ന കാലാവസ്ഥകളും വര്‍ദ്ധിതമാംവണ്ണം ക്രമംതെറ്റിയ വര്‍ഷപാതവും ഇടയരെ ബാധിക്കുന്നു. സൗരാഷ്ട്രയില്‍ ഈ വര്‍ഷം മഴ കൂടുതലായിരുന്നത് നിരവധി ചെമ്മരിയാടുകളെയും ആടുകളെയും മരണത്തിനു കാരണമായി. “ഈ വര്‍ഷം എന്‍റെ മൃഗങ്ങളുടെ 50 ശതമാനം മഴകാരണം ചത്തു”, ജാമ്പര്‍ ഗ്രാമത്തില്‍നിന്നുതന്നെയുള്ള 40-കാരനായ ഹമീര്‍ ഹാജ ഭുഡിയ പറഞ്ഞു. “ജൂലൈയില്‍ ദിവസങ്ങളോളം തുടര്‍ച്ചയായി മഴപെയ്തു. ആദ്യം ഞാന്‍ വിചാരിച്ചു എന്‍റെ മൃഗങ്ങളില്‍ ഒന്നുപോലും ജീവനോടെ കാണില്ലെന്ന്, പക്ഷെ കൃഷ്ണന് നന്ദി, കുറെയെണ്ണം രക്ഷപെട്ടു.”

“നേരത്തെ എല്ലാം സന്തുലിതമായിരുന്നു”, രൂരാഭായ് കാന്‍ഹാഭായ് ഛാഡ്ക എന്ന ഇടയന്‍ പറഞ്ഞു. 40-കളിലുള്ള അദ്ദേഹം ഭാവ്നഗര്‍ ജില്ലയിലെ ഗധാഡാ ബ്ലോക്കിലെ ഭണ്ഡാരിയ ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. “കൂടുതല്‍ മഴയുമില്ല, വെയിലുമില്ല. മേയാന്‍ എളുപ്പമായിരുന്നു. പെട്ടെന്ന് ഒരുസമയത്ത് വലിയ മഴയുണ്ടായി, എന്‍റെ ആടുകളും ചെമ്മരിയടുകളും ചത്തു. മറ്റു മൃഗങ്ങളില്‍നിന്നുള്ള വരുമാനം കുറഞ്ഞതോടെ ഹലാരികളുടെ വലിയ പറ്റത്തെ പരിപാലിക്കുകയെന്നത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടായി.” കുടിയേറ്റ പാതകളില്‍ മൃഗങ്ങള്‍ക്ക് അസുഖം പിടിപെട്ട് വൈദ്യപരിചരണം വേണ്ടിവന്നപ്പോള്‍ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതും ഇടയര്‍ക്ക് മറ്റുതരത്തില്‍ ബുദ്ധിമുട്ടായി.

ചില കുടുംബങ്ങള്‍ അവരുടെ കഴുതപ്പറ്റങ്ങളെ വിറ്റുകളഞ്ഞു. “പുതുതലമുറയ്ക്ക് കഴുതപരിപാലനത്തില്‍ താല്‍പര്യമില്ല”, 64-കാരനായ സമുദായനേതാവും ഹലാരി വളര്‍ത്തലുകാരനുമായ റാണാഭായ് ഗോവിന്ദ്‌ഭായ് പറഞ്ഞു. പോര്‍ബന്ദര്‍ ജില്ലയിലെ പോര്‍ബന്ദര്‍ ബ്ലോക്കിലെ പാരാവാഡ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് അദ്ദേഹം. “കുടിയേറ്റ സമയത്ത് വണ്ടികള്‍ വലിക്കുന്നത് കൂടാതെ ഇപ്പോള്‍ ഈ മൃഗങ്ങള്‍ക്ക് മറ്റെന്തൊക്കെ ഉപയോഗങ്ങളാണുള്ളത്? ആ ജോലികള്‍ ഞങ്ങള്‍ ഇപ്പോള്‍ ചെറിയ ടെമ്പോ വാഹനങ്ങള്‍ കൊണ്ടാണ് നിര്‍വഹിക്കുന്നത്.” (ഇടയര്‍ ചിലപ്പോള്‍ അവരുടെ മുന്നോട്ടുള്ള പാതയിലെ സ്ഥലങ്ങളില്‍ ഭാരമുള്ള സാധനങ്ങള്‍ എത്തിക്കാനായി ചെറു ടെമ്പോ വണ്ടികള്‍ വാടകയ്ക്കെടുക്കുന്നു. അങ്ങനെയെങ്കില്‍ അവര്‍ക്ക് മൃഗക്കൂട്ടങ്ങളെ ശ്രദ്ധിക്കാന്‍ കഴിയും.)

കഴുതകളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഒരു അപമാനം നിലനില്‍ക്കുന്നുണ്ടെന്ന് റാണാഭായ് പറഞ്ഞു. “ആര്‍ക്കാണ് കേള്‍ക്കേണ്ടത്? - ' ദേഖോ ഗാധാ ജാ രഹാ ഹേ ' [‘നോക്കൂ, കഴുതകൾ പോകുന്നു’] എന്ന് - ആരും അങ്ങനെ മറ്റുള്ളവരിൽ നിന്ന് കേള്‍ക്കേണ്ട കാര്യമില്ല.” റാണാഭായിയുടെ കഴുതക്കൂട്ടങ്ങള്‍ കഴിഞ്ഞ 2 വര്‍ഷംകൊണ്ട് 28-ല്‍ നിന്നും 5 ആയി കുറഞ്ഞു. പരിപാലിക്കാന്‍ പറ്റാത്തതിനാലും അതിന് പണം വേണ്ടതിനാലും അദ്ദേഹം നിരവധി ഹലാരികളെ വിറ്റു.

അഹ്മദാബാദ് ജില്ലയിലെ ഢോല്‍ക താലൂക്കിലെ വൗഠയില്‍ നടത്തുന്ന മേളയില്‍ ഒരു ഹലാരിക്ക് 15,000-20,000 രൂപ ലഭിക്കും. വാങ്ങുന്നവര്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ളവരാണ് – മറ്റ് നാടോടി സമൂഹങ്ങളില്‍ നിന്നുള്ളവര്‍, അല്ലെങ്കില്‍ ആരോഗ്യമുള്ള മറ്റ് മൃഗക്കൂട്ടങ്ങള്‍ക്കായി നോക്കുന്നവര്‍. പല ഉപയോഗത്തിന്, ഉദാഹരണത്തിന് ഖനി പ്രദേശങ്ങളില്‍, അല്ലെങ്കില്‍ വണ്ടികള്‍ വലിക്കാന്‍, അവയെ ഉപയോഗിക്കുന്നു.

അതിനാല്‍ ഒരു ലിറ്റര്‍ കഴുതപ്പാലിന് 7,000 രൂപയ്ക്ക് മുകളില്‍ ലഭിക്കും എന്നുള്ള ആ അത്ഭുതവാര്‍ത്ത എന്തായിരുന്നു? ജാംനഗര്‍ ധ്രോല്‍ ബ്ലോക്കിലെ മോടാ ഗരേഡിയ ഗ്രാമത്തില്‍ ഒരൊറ്റലിറ്റര്‍ കഴുതപ്പാല്‍ 7,000 രൂപയ്ക്ക് വിറ്റകാര്യം പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതാണ് വാര്‍ത്തയുടെ തുടക്കം. കഴുത വളര്‍ത്തലുകാരനായ വശ്രാംഭായ് ടേഡാഭായിയാണ് ആ വില ലഭിച്ച ഭാഗ്യവാന്‍. ആര്‍ക്കും ഒരിക്കലും അത്തരത്തില്‍ ഒരു വില ലഭിച്ചതായി താന്‍ കേട്ടിട്ടില്ലെന്ന് അദ്ദേഹം പത്രക്കാരോട് പറഞ്ഞു.

‘ഒരു മൃഗത്തിന് അസുഖം ബാധിച്ചാല്‍ ഉത്തരവാദിത്തം എല്‍ക്കാനായി ഇവിടെ ആരുമില്ല. ഞങ്ങള്‍ തന്നെ കുത്തിവയ്പ് നല്‍കണം. ഇവിടെ മൃഗ ഡോക്ടര്‍മാര്‍ ഇല്ല’

വീഡിയോ കാണുക: ‘ആളുകളെല്ലാം അവയെ വിറ്റുകളഞ്ഞു’

ഈ വര്‍ഷം സെപ്റ്റംബറില്‍ മദ്ധ്യപ്രദേശില്‍ നിന്നുള്ള ഒരു മനുഷ്യന്‍ തന്‍റെയടുത്തുനിന്നും ഹലാരി കഴുതയുടെ പാല്‍ വാങ്ങാന്‍ എത്തിയിരുന്നെന്ന് വശ്രാംഭായ് പറഞ്ഞു. ജാംനഗറിലെ മാല്‍ധാരികള്‍ മിക്കവാറും കഴുതപ്പാല്‍ ഉപയോഗിക്കാറില്ല. ( മാല്‍ധാരി എന്ന വാക്ക് മൃഗങ്ങള്‍ എന്നര്‍ത്ഥമുള്ള മാല്‍ , ഇടയരെ ഉദ്ദേശിച്ചുള്ള കാവല്‍ക്കാര്‍ എന്നര്‍ത്ഥമുള്ള ധാരി എന്നീ ഗുജറാത്തി വാക്കുകള്‍ ചേര്‍ന്നുണ്ടായതാണ്). ചിലപ്പോള്‍, അസുഖമുള്ള കുട്ടികളെ ചികിത്സിക്കുന്നതുപോലുള്ള ഔഷധ ആവശ്യങ്ങള്‍ക്ക് ആരെങ്കിലും സമീപിച്ചാല്‍ അവര്‍ ഇത് സൗജന്യമായി നല്‍കുന്നു. പക്ഷെ മദ്ധ്യപ്രദേശില്‍ നിന്നുള്ള വ്യക്തി പാല്‍ വാങ്ങുന്നതിന്‍റെ കാരണം എന്താണെന്ന് വെളിപ്പെടുത്തിയില്ല. വശ്രാംഭായ് കഴുതയെ കറന്നിട്ട് ഒരു ലിറ്ററിന് 7,000 രൂപ ചോദിച്ചു! വന്നയാള്‍ പണം നല്‍കി, അത്ഭുതപ്പെട്ടുപോയ ഇടയന്‍ തന്നെ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതോടെ കൂടുതല്‍ പത്രപ്രവര്‍ത്തകര്‍ ഗരേഡിയയിലേക്കെത്തി. പക്ഷെ വാങ്ങിയ വ്യക്തിക്ക് ആ പാലിന്‍റെ ആവശ്യം എന്താണെന്ന് ആരും അന്വേഷിച്ചില്ല.

പശുവില്‍നിന്നും വ്യത്യസ്തമായി കഴുതകളെ വളരെ അപൂര്‍വമായേ കറവ മൃഗങ്ങളായി ഉപയോഗിക്കാറുള്ളൂ. “ഒരു കഴുതയില്‍ നിന്നും ഒരുദിവസം ഒരു ലിറ്റര്‍ പാല്‍വരെ ലഭിക്കും”, സെന്‍റര്‍ ഫോര്‍ പാസ്റ്ററലിസത്തിലെ ഭട്ടി പറഞ്ഞു. “എന്നിരിക്കിലും ഒരു ലിറ്ററായിരിക്കും പരമാവധി - ഇവിടെ ഒരു പശുവില്‍ നിന്നും ലഭിക്കുന്നതില്‍ പത്തിലൊന്നില്‍താഴെ. അതുപോലും ഒരു കഴുതക്കുഞ്ഞിന് ജന്മംനല്‍കി 5-6 മാസങ്ങള്‍ വരെയേ കാണൂ.” അതുകൊണ്ട് കഴുതപ്പാലില്‍നിന്നും സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ പറ്റുമെന്ന് ഇടയന്മാര്‍ ഒരിക്കലും കരുതിയിട്ടില്ല.

നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഓണ്‍ ഇക്വൈന്‍സ് കുറച്ച് ഹലാരി കഴുതകളെ ഗുജറാത്തിലെ മേഹസാണ ജില്ലയില്‍നിന്നും അവിടുത്തെ ബികാനേര്‍ കേന്ദ്രത്തിലേക്ക് ഓഗസ്റ്റില്‍ ഗവേഷണത്തിനായി കൊണ്ടുവന്നു. “മറ്റു വളര്‍ത്തുജന്തുക്കളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഹലാരി കഴുതയുടെ പാലില്‍ വളരെ ഉയര്‍ന്ന അളവില്‍ പ്രതിവാര്‍ദ്ധ്യക്യ, ആന്‍റി-ഓക്സിഡന്‍റ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന്” എന്‍.ആര്‍.സി.ഇ. പ്രഖ്യാപിച്ചതായി സഹ്ജീവന്‍ റിപ്പോര്‍ട്ട് പറയുന്നു.

ഈ റിപ്പോര്‍ട്ട് കഴുതപ്പാലിന്‍റെ ജനപ്രീതി വര്‍ദ്ധിക്കുന്നതിനും ഹലാരി കഴുതയെ വളര്‍ത്തുന്നവര്‍ക്കിടയില്‍ പുതിയ താപര്യങ്ങള്‍ ഉണ്ടാകുന്നതിനും കാരണമായെന്ന് രമേശ്‌ ഭട്ടി പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗത്തുനിന്നും ഈയിനത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ ഭട്ടിയോടുതന്നെ ചോദിക്കപ്പെട്ടു. ഇതിനിടയില്‍, 2016-ല്‍ കച്ചില്‍ 1,000 ലിറ്ററിന്‍റെ ഒട്ടകപ്പാല്‍ ക്ഷീരശാല (dairy) തുടങ്ങിയ ആദ്വിക് ഫുഡ്സിനെപ്പോലുള്ള കമ്പനികള്‍ 100 ലിറ്ററിന്‍റെ കഴുതപ്പാല്‍ ക്ഷീരശാലയും തുടങ്ങാന്‍ ആലോചിക്കുന്നു എന്ന പറച്ചിലുണ്ടായിരുന്നു. “സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ കാര്യത്തില്‍ കഴുതപ്പാല്‍ വളരെ പ്രശസ്തമാണ്. യവന, അറബ് [കൂടാതെ, ഈജിപ്ഷ്യന്‍] രാജകുമാരിമാര്‍ കഴുതപ്പാലില്‍ കുളിക്കുന്ന കഥകളുമുണ്ട്”, ഭട്ടി കൂട്ടിച്ചേര്‍ത്തു. “ഇതിനുവേണ്ടിയുള്ള വിപണി ഇന്ത്യയിലെയും പടിഞ്ഞാറെയും സൗന്ദര്യവര്‍ദ്ധക വ്യവസായ രംഗത്ത് ഉയര്‍ന്നുവരുന്നുണ്ട്.”

എന്നിരിക്കിലും, ഒരു ക്ഷീരശാല നിലവില്‍ വന്നാല്‍പോലും, വില എന്നെങ്കിലും ലിറ്ററിന് 7,000 രൂപ എത്തുമോയെന്നും അദ്ദേഹം സംശയിക്കുന്നു. “അടുത്ത സമയത്ത് ഇടയന്മാരില്‍നിന്നും 12-15 ലിറ്റര്‍ പാല്‍ ചില ഗവേഷണങ്ങള്‍ക്കായി ആദ്വിക് വാങ്ങിയിരുന്നു”, അദ്ദേഹം എന്നോട് പറഞ്ഞു. “അവര്‍ ലിറ്ററിന് 125 രൂപയാണ് ഉടമകള്‍ക്ക് നല്‍കിയത്.”

ഇത് കഴുതവളര്‍ത്തലുകാരുടെ ദിവാസ്വപ്നങ്ങളെ ഒട്ടും ഉണര്‍ത്താന്‍ പറ്റുന്ന തുകയല്ല.

PHOTO • Ritayan Mukherjee

സൗരാഷ്ട്രയിലെ വെളുത്ത നിറമുള്ള ഹലാരി കഴുതകള്‍ ശക്തരും ദൃഢതയുള്ളവയും ഇടയന്മാര്‍ കുടിയേറ്റം നടത്തുമ്പോള്‍ ഭാരവും വഹിച്ചുകൊണ്ട് ഒരുദിവസം 30-40 കിലോമീറ്ററുകള്‍ നടക്കാന്‍ കഴിവുള്ളവയുമാണ്

PHOTO • Ritayan Mukherjee

സഹോദരങ്ങളായ ഖോലാഭായ് ജുജുഭായിയ്ക്കും ഹമീര്‍ ഹാജ ഭുഡിയയ്ക്കും 25 ഹലാരി കഴുതകളുണ്ട് - ഒരുപക്ഷെ ഒരുകുടുംബം കൈവശം വച്ചിരിക്കുന്ന ഏറ്റവും ഉയര്‍ന്ന എണ്ണം

PHOTO • Ritayan Mukherjee

രാജ്കോട് ജില്ലയിലെ ധോരാജി ഗ്രാമത്തിലെ ചണാഭായ് രുഡാഭായ് ഭര്‍വാഡ്. കുടിയേറ്റക്കാരായ ഭര്‍വാഡ് സമുദായം ഹലാരി കഴുതകളോടൊപ്പം തദ്ദേശീയ ഇനങ്ങളായ ചെമ്മരിയാടുകളെയും ആടുകളെയും പരിപാലിക്കുന്നു

PHOTO • Ritayan Mukherjee

ചണാഭായ് രുഡാഭായ് ഭര്‍വാഡ് ഹലാരിയുടെ പാല്‍ കറന്നെടുക്കുന്ന രീതി കാണിക്കുന്നു. ഈ പാല്‍ ഒരു രോഗപ്രതിരോധ വര്‍ദ്ധകവസ്തുവാണെന്നും അതിന് നിരവധി ഔഷധ ഗുണങ്ങളുണ്ടെന്നും വിശ്വസിക്കുന്നു

PHOTO • Ritayan Mukherjee

ഒരു ഇടയന്‍ (അഥവാ ‘മാല്‍ധാരി’ - ഈ വാക്ക് മൃഗങ്ങള്‍ എന്നര്‍ത്ഥമുള്ള ‘മാല്‍’, ഇടയരെ ഉദ്ദേശിച്ചുള്ള കാവല്‍ക്കാര്‍ എന്നര്‍ത്ഥമുള്ള ‘ധാരി’ എന്നീ ഗുജറാത്തി വാക്കുകള്‍ ചേര്‍ന്നുണ്ടായതാണ്) പേരാല്‍ ഇലകള്‍ കൊണ്ടുണ്ടാക്കിയ ഒരു കപ്പില്‍ നിന്നും ചായ കുടിക്കുന്നു. പ്ലാസ്റ്റിക് ഉപയോഗിക്കാത്ത, പരിസ്ഥിതി സൗഹൃദപരമായ, ഒരു ജീവിതശൈലിയാണ് നാടോടികള്‍ നയിക്കുന്നത്

PHOTO • Ritayan Mukherjee

പോര്‍ബന്ദര്‍ ജില്ലയിലെ പാരാവാഡ ഗ്രാമത്തില്‍ നിന്നുള്ള റാണാഭായ് ഗോവിന്ദ്ഭായ് ഭര്‍വാഡ് ഏറ്റവും പ്രശസ്തരായ ഹലാരി വളര്‍ത്തുകാരില്‍ ഒരാളാണ്. പക്ഷെ തന്‍റെ മൃഗങ്ങളിലെ 20-ലധികം എണ്ണത്തെ അദ്ദേഹം വിറ്റു. ഇപ്പോള്‍ അദ്ദേഹത്തിന് 5 മൃഗങ്ങള്‍ മാത്രമേയുള്ളൂ

PHOTO • Ritayan Mukherjee

ഒരുസമയത്ത് തനിക്കുണ്ടായിരുന്ന വലിയ ഹലാരി പറ്റത്തിന്‍റെ ചിത്രങ്ങളുമായി റാണാഭായ് ഗോവിന്ദ്ഭായ്. അവയെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുന്നു. കൂടാതെ, ചെറിയ മൃഗക്കൂട്ടത്തെ പാലിക്കുകയാണ് മെച്ചമെന്നും അദ്ദേഹം വിശ്വസിക്കുന്നു

PHOTO • Ritayan Mukherjee

ജാംനഗറിലെ സ്ക്കൂളുകളില്‍ ചേര്‍ന്നിട്ടും ഭര്‍വാഡ് സമുദായത്തില്‍പെട്ട ചെറുപ്പക്കാരായ ജിഗ്നേഷും ഭാവേശും ഇടയരുടെ പരമ്പരാഗത ജീവിതശൈലി ഇഷ്ടപ്പെടുന്നു

PHOTO • Ritayan Mukherjee

ഭാവ്നഗര്‍ ജില്ലയിലെ ഭണ്ഡാരിയ ഗ്രാമത്തിലെ സമാഭായ് ഭര്‍വാഡ് കഴുതകള്‍ ഭാരംചുമക്കുന്ന മരക്കമ്പുകള്‍ കൊണ്ടുള്ള ചട്ടക്കൂട് തയ്യാറാക്കുന്നു. വളഞ്ഞ ചട്ടക്കൂട് കഴുതയുടെ വയര്‍വരെ എത്തിനില്‍ക്കണം - തുലനം പാലിക്കുന്നതിനാണിത്

PHOTO • Ritayan Mukherjee

കച്ച് ജില്ലയിലെ ബന്നിയില്‍ നടന്ന സൗന്ദര്യ മത്സരത്തിനായി ഒരുക്കിനിര്‍ത്തിയ ഒരു കഴുത

PHOTO • Ritayan Mukherjee

സമുദായത്തിലെ മുതിര്‍ന്ന ആളായ സാവാഭായ് ഭര്‍വാഡിന് ഒരിക്കല്‍ ആടുകളുടെയും കഴുതകളുടെയും എരുമകളുടെയും ഒരു വലിയ പറ്റം ഉണ്ടായിരുന്നു. രാജ്കോട് ജില്ലയിലെ സിഞ്ചിത് ഗ്രാമത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. കുറഞ്ഞുകൊണ്ടിരിക്കുന്ന മേച്ചല്‍പുറങ്ങള്‍ മൂലം എരുമകളൊഴികെ എല്ലാത്തിനേയും അദ്ദേഹം വിറ്റു

PHOTO • Ritayan Mukherjee

ഇടയനായ ഹമീര്‍ ഹാജ ഫുഡിയ രാത്രിയില്‍ തന്‍റെയും ബന്ധുക്കളുടെയും കുട്ടികളുമായി ദേവ്ഭൂമി ദ്വാര്‍ക ജില്ലയിലെ ജാമ്പര്‍ ഗ്രാമത്തിലെ പാടത്ത്

PHOTO • Ritayan Mukherjee

ഹമീര്‍ ഹാജ രാത്രി സുരക്ഷയ്ക്കുള്ള കാര്യങ്ങള്‍ നോക്കുന്നു. നന്നായി കെട്ടിയില്ലെങ്കില്‍ കഴുതകള്‍ ഓടിപ്പോകാനുള്ള പ്രവണത കാണിക്കുമെന്ന് അദ്ദേഹം പറയുന്നു

PHOTO • Ritayan Mukherjee

ഈ ഇടയ സമൂഹത്തിലെ അംഗങ്ങള്‍ സാധാരണയായി തുറന്ന ആകാശത്തിനു കീഴില്‍, കുടിയേറുമ്പോള്‍ കൂടെക്കരുതുന്ന കമ്പിളി പുതച്ചാണ് ഉറങ്ങുന്നത്. പാടത്തോ പാതയോരത്തോ അവര്‍ താത്കാലികമായി ഉണ്ടാക്കുന്ന അഭയസ്ഥാനങ്ങളെ ‘നാസ്’ എന്നാണ് വിളിക്കുന്നത്

PHOTO • Ritayan Mukherjee

ശാന്തമായ കണ്ണുകളോടുകൂടിയ, സൗന്ദര്യമുള്ള, നന്നായി വളര്‍ത്തിയെടുത്ത കഴുതകളാണ് ഹലാരികള്‍: ‘ഈ മൃഗങ്ങള്‍ സൗന്ദര്യം ഉള്ളവയാണ്, പക്ഷെ ഞങ്ങള്‍ക്ക് സുസ്ഥിരമായ ഉപജീവനം നല്കുന്നവയല്ല’, ജാമ്പര്‍ ഗ്രാമത്തിലെ ഖോലാഭായ് ജുജുഭായ് പറയുന്നു

പരിഭാഷ: റെന്നിമോന്‍ കെ. സി.

Ritayan Mukherjee

ரிதயன் முகர்ஜி, கொல்கத்தாவைச் சேர்ந்த புகைப்படக்காரர். 2016 PARI பணியாளர். திபெத்திய சமவெளியின் நாடோடி மேய்ப்பர் சமூகங்களின் வாழ்வை ஆவணப்படுத்தும் நீண்டகால பணியில் இருக்கிறார்.

Other stories by Ritayan Mukherjee
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.