ശാസ്തി ഭുനിയ കഴിഞ്ഞ വർഷം സ്ക്കൂളിൽ നിന്നും പുറത്തായി. പിന്നീടവൾ
സുന്ദർവന പ്രദേശത്തെ തന്‍റെ ഗ്രാമമായ സിതാറാംപൂരിൽ നിന്നും ഏകദേശം 2,000 കിലോമീറ്റർ അകലെയുള്ള
ബെംഗളുരുവിലേക്ക് ട്രെയിൻ കയറി. "ഞങ്ങൾ കടുത്ത
ദാരിദ്ര്യത്തിലാണ്. എനിക്ക് സ്ക്കൂളിൽ ഉച്ചഭക്ഷണം ഇല്ല”, അവൾ പറഞ്ഞു. 16-കാരിയായ ശാസ്തി
9-ാം ക്ലാസ്സിലായിരുന്നു.
പശ്ചിമ ബംഗാളിലും ഇന്ത്യയിലെല്ലായിടത്തും സർക്കാർവക സ്ക്കൂളുകളിൽ 8-ാം ക്ലാസ്സ് വരെ
മാത്രമെ ഉച്ചഭക്ഷണം നൽകുന്നുള്ളൂ.
ഈ വർഷം മാർച്ചോടെ ശാസ്തി ദക്ഷിണ 24 പർഗന ജില്ലയിലെ കാക്ദ്വീപ് ബ്ലോക്കിലെ തന്‍റെ ഗ്രാമത്തിലേക്ക് തിരിച്ചു. ലോക്ക്ഡൗൺ തുടങ്ങിയതോടെ അവൾ ചെയ്തു കൊണ്ടിരുന്ന ഗൃഹജോലിക്ക് തടസ്സം നേരിട്ടു. അതോടെ അവളുടെ വരുമാനമായ 7,000 രൂപയും നിലച്ചു (കുറച്ചു പണം അവൾ എല്ലാ മാസവും വീട്ടിലേക്ക് അയയ്ക്കുമായിരുന്നു).
ശാസ്തിയുടെ അച്ഛൻ 44-കാരനായധനഞ്ജയ് ഭുനിയ നയാചർ ദ്വീപിൽ മത്സ്യത്തൊഴിലാണിയാണ് – ഇവിടെയുള്ള ഗ്രാമങ്ങളിലെ മറ്റെല്ലാവരെയും പോലെ സിതാറാംപൂരിന്‍റെ തീരത്തു തന്നെ. അദ്ദേഹം വെറുംകൈ കൊണ്ടും ചിലപ്പോൾ ചെറിയ വലകൾ ഉപയോഗിച്ചും മീനുകളും ഞണ്ടുകളും പിടിക്കുകയും ഇവ അടുത്തുള്ള ചന്തകളിൽ വിൽക്കുകയും ഓരോ 10-15 ദിവസങ്ങൾ കൂടുമ്പോൾ വീട്ടിലെത്തുകയും ചെയ്യുന്നു.
ധനഞഞ്ജയ്‌യുടെ അമ്മയായ മഹാറാണിയും അദ്ദേഹത്തിന്‍റെ മക്കളായ ജാഞ്ജലിയും (21) ശാസ്തിയും (18) മകൻ സുബ്രതയും (14) അവരുടെ മേഞ്ഞ മൺകുടിലിലാണ് താമസിക്കുന്നത്. സുബ്രത ജനിച്ച് കുറച്ചു മാസങ്ങൾക്കു ശേഷം അദ്ദേഹത്തിന്‍റെ ഭാര്യ മരിച്ചു. "മുമ്പ് ദ്വീപിൽ ലഭിച്ചിരുന്നത്രയും മത്സ്യങ്ങളും ഞണ്ടുകളുമൊന്നും ഇപ്പോൾ ഞങ്ങൾക്ക് ലഭിക്കുന്നില്ല. ഞങ്ങളുടെ വരുമാനം കാര്യമായി കുറഞ്ഞു [വർഷങ്ങൾ കൊണ്ട്]”, ഇപ്പോൾ പ്രതിമാസം 2,000-3,000 രൂപ ഉണ്ടാക്കുന്ന ധനഞ്ജയ് പറഞ്ഞു. "കഴിഞ്ഞു കൂടാൻ ഞങ്ങൾക്ക് മീനും ഞണ്ടും പിടിക്കണം. അവരെ സ്ക്കൂളിൽ അയച്ചിട്ട് ഞങ്ങൾക്ക് എന്തു കിട്ടാൻ?"
അതുകൊണ്ട് ശാസ്തി പോയതു പോലെ മറ്റ് വിദ്യാർത്ഥികളും സുന്ദർവനങ്ങളിലെ ക്ലാസ്സ് മുറികളിൽ നിന്നും വളരെവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ലവണത്വമുള്ള മണ്ണ് കൃഷി ബുദ്ധിമുട്ടുള്ളതാക്കുന്നു. വീതികൂടുന്ന നദികളും ആവർത്തിച്ചുണ്ടാകുന്ന ചുഴലിക്കാറ്റുകളും തുരുത്തിലുള്ള അവരുടെ വീടുകൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. തൽഫലമായി ഈ പ്രദേശത്തെ ഗ്രാമങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ ജീവിക്കാനുള്ള വഴിതേടി കുടിയേറുന്നു. കുട്ടികൾ പോലും 13-14 വയസ്സുള്ളപ്പോൾ ജോലിതേടി കുടിയേറാൻ നിർബന്ധിതരാകുന്നു. അവർ ക്ലാസ്സിൽ തിരികെ വരുന്നില്ല.
ദക്ഷിണ 24 പർഗന ജില്ലയിൽ 768,758 വിദ്യാർത്ഥികൾ 3,584 സർക്കാർ-എയ്ഡഡ് പ്രൈമറി സ്ക്കൂളുകളിലും 432,268 വിദ്യാർത്ഥികൾ 803 അപ്പർ പ്രൈമറി സ്ക്കൂളുകളിലും ചേർന്നിട്ടുണ്ട്. ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവുകൾ ഉള്ളതും തകർന്ന ക്ലാസ്സ് മുറികൾ ഉള്ളതുമായ സ്ക്കൂളുകളിൽ നിന്നാണ് കുട്ടികൾ കൊഴിയുന്നത്. കുട്ടികളെ തിരികയെത്തിക്കുന്നതിന് ഇത് വീണ്ടും പ്രശ്നമാകുന്നു.
"2009 മുതൽ കൊഴിഞ്ഞു പോക്കുകളുടെ നിരക്ക് വളരെ കൂടുതലാണ് [സുന്ദർവന പ്രദേശത്ത്]. ഘോരമാര ദ്വീപിലെ സാഗർ ബ്ലോക്കിലെ പ്രൈമറി സ്ക്കൂൾ അദ്ധ്യാപകനായ അശോക് ബേര പറഞ്ഞു. വെള്ളപ്പൊക്കത്തിനും വെള്ളത്തിലാഴ്ന്നു പോകുന്നതിനും പ്രത്യേകിച്ച് സാദ്ധ്യത കൂടുതലുള്ള ദ്വീപാണിത്. പ്രദേശത്ത് അയില ചുഴലിക്കാറ്റ് അടിക്കുകയും നാശം വിതയ്ക്കുകയും വീണ്ടും കുടിയേറ്റങ്ങൾക്ക് കാരണമാവുകയും ചെയ്ത വർഷത്തെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. അന്നുമുതൽ നിരവധി കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും മണ്ണിന്‍റെയും കുളങ്ങളുടെയും ലവണത്വം വർദ്ധിപ്പിച്ചു. ഇത് സ്ക്കൂളിൽ പോകുന്ന നിരവധി കൗമാരക്കാരെ ജോലിക്കു പറഞ്ഞയയ്ക്കാൻ കുടുംബങ്ങളെ നിർബന്ധിച്ചു.
“ഇവിടെ നദി ഞങ്ങളുടെ ഭൂമിയും വീടുകളും കവർന്നെടുക്കുകയും കൊടുങ്കാറ്റുകൾ ഞങ്ങളുടെ വിദ്യാർത്ഥികളെ മാറ്റുകയും ചെയ്യുന്നു”, ഗോസാബ ബ്ലോക്കിലെ അംതലി ഗ്രാമത്തിലെ അമൃത നഗർ ഹൈസ്ക്കൂളിലെ അദ്ധ്യാപകനായ അമിയോ മോണ്ഡൽ പഞ്ഞു. "ഞങ്ങൾ [അദ്ധ്യാപകർ] നിസ്സഹായരാണ്.”
നിയമങ്ങളിലും ആഗോള ലക്ഷ്യങ്ങളിലും പ്രഖ്യാപിച്ചിരിക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായൊരു അടിസ്ഥാന യാഥാർത്ഥ്യത്തെക്കുറിച്ചാണ് ഈ ഒഴിഞ്ഞ ക്ലാസ്സ്മുറികൾ പറയുന്നത്. 2030-ൽ നേടേണ്ട 17 ഇന യു.എൻ. സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2015-ൽ ഇന്ത്യ സ്വീകരിച്ചതാണ്. ഇതിൽ നാലാമത്തേത് "എല്ലാവരേയും ഉൾക്കൊള്ളുന്നതും തുല്യ ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയും ദീർഘകാല പഠനാവസരങ്ങൾ എല്ലാവർക്കുമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക” എന്നതാണ്. രാജ്യം പാസ്സാക്കിയ ‘സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുന്നതിന് കുട്ടികൾക്കുള്ള അവകാശത്തെ സംബന്ധിക്കുന്ന നിയമം, 2009’ (Right of Children to Free and Compulsory Education Act, 2009) 6 വയസ്സു മുതൽ 14 വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും ബാധകമാണ്. ദേശീയ പാഠ്യ പദ്ധതി, 2005 (National Curriculum Framework, 2005) എല്ലാവരേയും, പ്രത്യേകിച്ച് പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നും ഭിന്നശേഷി വിഭാഗത്തിൽ നിന്നുമുള്ളവരെ, ഉൾക്കൊള്ളുന്ന ക്ലാസ്സ് മുറികളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. കൊഴിഞ്ഞു പോക്കിന്‍റെ എണ്ണം കുറയ്ക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി സ്കോളർഷിപ്പുകളും പ്രോത്സാഹന പദ്ധതികളും മുന്നോട്ടു വയ്ക്കുന്നു.
പക്ഷെ സുന്ദർവന തുരുത്തിലെ സ്ക്കൂളുകളിലെ കുട്ടികളുടെ എണ്ണം ഇപ്പോഴും സാവധാനം കുറഞ്ഞു കൊണ്ടിരിക്കുന്നു. ഇവിടുത്തെ ഒരു അദ്ധ്യാപകനെന്ന നിലയിൽ ക്ലാസ്സ് മുറികളിലെ നഷ്ടപ്പെട്ട മുഖങ്ങളെ നോക്കിയിരിക്കുന്നത് മുങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയുടെ മദ്ധ്യത്തിൽ നിൽക്കുന്നതുപോലെ എനിക്കു തോന്നുന്നു.
"പഠിച്ചതു കൊണ്ട് എന്ത് സംഭവിക്കാൻ? എനിക്കെന്‍റെ അച്ഛനെപ്പോലെ പുഴയിൽ നിന്നും മീനും ഞണ്ടും പിടിക്കണം”, എന്‍റെ വിദ്യാർത്ഥിയായ റാബിൻ ഭുനിയ പാഥർപ്രതിമ ബ്ലോക്കിലെ അവന്‍റെ ഗ്രാമമായ ബുരാബുരിറിൽ ഈ വർഷം മെയ് 20-ന് ഉംപുൻ ചുഴലിക്കാറ്റ് അടിച്ച ഉടനെ എന്നോടു പറഞ്ഞതാണ്. അച്ഛനെ മത്സ്യബന്ധനത്തിൽ സഹായിക്കാൻ 2 വർഷം മുമ്പ് പഠനം ഉപേക്ഷിച്ചതാണ് 17-കാരനായ റാബിൻ. ഉംഫുൻ അവന്‍റെ വീട് തകർക്കുകയും ലവണജലം കൊണ്ട് ഗ്രാമത്തിന്‍റെ വലിയൊരു ഭാഗം പ്രളയത്തിലാക്കുകയും ചെയ്തു. സപ്തമുഖിയിലെ വെള്ളത്തിലേക്ക് ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു: "ഈ നദി ഞങ്ങളെ നാടോടികളാക്കി മാറ്റി.”
പഠനം ഉപേക്ഷിച്ചവരിൽ പെടുന്ന 17-കാരൻ മുസ്തകീൻ ജമാദറും ശാസ്തിയുടെ അതേ ഗ്രാമത്തിലെ നിവാസിയാണ്. "പഠനത്തിൽ നിന്നൊരു സന്തോഷവും എനിക്ക് ലഭിക്കുന്നില്ല”, രണ്ടുവർഷം മുൻപ് 9-ാം ക്ലാസ്സിലായിരുന്നപ്പോൾ എന്തുകൊണ്ട് പഠനം ഉപേക്ഷിച്ചു എന്നതിനെപ്പറ്റി അവൻ പറഞ്ഞു. "പഠനത്തിൽ നിന്ന് എന്ത് കിട്ടാനാണ്?", അവന്‍റെ അച്ഛൻ ഏലിയാസ് ജമാദർ കൂട്ടിച്ചേർത്തു. "പണമുണ്ടാക്കി കുടുംബം നോക്കുന്നതിനായി ഞാനെന്‍റെ മകനെ മത്സ്യബന്ധന മേഖലയിൽ മുഴുവൻ സമയ ജോലിക്കാരനാക്കി. വിദ്യാഭ്യാസത്തിൽ നിന്നും ഒന്നും ലഭിക്കില്ല. അതെന്നെ സഹായിക്കുകയുമില്ല.” 49-കാരനായ ഏലിയാസ് ജീവിതമാർഗ്ഗം തേടി 6-ാം ക്ലാസ്സിൽ പഠനം ഉപേക്ഷിച്ചതാണ്. പിന്നീട് കൽപ്പണിക്കായി കേരളത്തിലേക്ക് കുടിയേറുകയും ചെയ്തു.
സ്ക്കൂളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് പ്രധാനമായും പെൺകുട്ടികളെയാണ് ബാധിക്കുന്നത്. അവരിൽ നിന്നും കൂടുതൽ കൂടുതൽ പേർ വീടുകളിൽ തങ്ങുകയോ വിവാഹിതരാവുകയോ ചെയ്യുന്നു. "എന്തുകൊണ്ടാണ് കഴിഞ്ഞ 16 ദിവസങ്ങളായി വരാതിരുന്നത് എന്നു ഞാൻ രാഖി ഹസ്രയോട് [7-ാം ക്ലാസ്സ് വിദ്യാർത്ഥിനി] ചോദിച്ചപ്പോൾ അവൾ കരയാൻ തുടങ്ങി”, കാകദ്വീപ് ബ്ലോക്കിലെ ശിബ്കാലിനഗർ ഗ്രാമത്തിലെ ഐ.എം. ഹൈസ്ക്കൂളിലെ ഹെഡ്മാസ്റ്ററായ ദിലീപ് ബൈരാഗി പറഞ്ഞു. "മാതാപിതാക്കൾ വീട് വിട്ട് ഹൂഗ്ലി നദിയിൽ ഞണ്ട് പിടിക്കാൻ പോകുമ്പോൾ [3-ാം ക്ലാസ്സിൽ പഠിക്കുന്ന] സഹോദരനെ നോക്കണമെന്ന് അവൾ പറഞ്ഞു.”
ഈ പിൻവാങ്ങലുകൾക്ക് ലോക്ക്ഡൗണും കാരണമായിട്ടുണ്ട്. ബുരാബുരിർ ടാട്ട് ഗ്രാമത്തിലെ മത്സ്യത്തൊഴിലാളിയായ അമൽ ശീത് 9-ാം ക്ലാസ്സിൽ പഠിക്കുന്ന തന്‍റെ മകൾ 16-കാരിയായ കുങ്കുമിനോട് പഠനം നിർത്താൻ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രശ്നം ഒഴിവാക്കാനായി കുടുംബം അവൾക്ക് വിവാഹം ക്രമീകരിച്ചിരുന്നു. "നദിയിൽ നിന്നും നേരത്തേയുണ്ടായിരുന്നതുപോലെ മീനുകളൊന്നും കിട്ടുന്നില്ല”, തന്‍റെ 6 അംഗ കുടുംബത്തിലെ ഏക വരുമാന സമ്പാദകനായ അമൽ പറഞ്ഞു. “അതുകൊണ്ടാണ് പഠിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ ലോക്ക്ഡൗണിന്‍റെ സമയത്ത് ഞാനവളെ വിവാഹം കഴിപ്പിച്ചയച്ചത്.”
2019-ലെ ഒരു യൂണിസെഫ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയിലെ 223 ദശലക്ഷം ബാലവധുക്കളിൽ (18 വയസ്സിനു മുൻപ് വിവാഹിതരാവുന്നവർ) 22 ദശലക്ഷം പേർ പശ്ചിമ ബംഗാളിൽ നിന്നാണെന്നാണ്.
“ബംഗാൾ സർക്കാരിൽ നിന്നും [വിദ്യാഭ്യാസം തുടരുന്നതിന്] പ്രോത്സാഹന സഹായങ്ങൾ ഉണ്ടായിട്ടും ഇവിടെ [സുന്ദർവന പ്രദേശങ്ങളിൽ] ഒരുപാട് ശൈശവ വിവാഹങ്ങൾ നടക്കുന്നു. ഒരുപാട് മാതാപിതാക്കളും രക്ഷാകർത്താക്കളും കരുതുന്നത് പെൺകുട്ടികളെ വിവാഹം ചെയ്യിക്കുന്നതു കൊണ്ട് കുടുംബത്തിന് നേട്ടമില്ലെന്നാണ്. കൂടാതെ, ഒരാളെക്കൂടി ഭക്ഷണത്തിൽ നിന്നും ഒഴിവാക്കിയാൽ പണം ലാഭിക്കാമെന്നും”, പാഥർപ്രതിമ ബ്ലോക്കിലെ ശിബ്നഗർ മോക്ഷദ സുന്ദരി വിദ്യാമന്ദിറിലെ ഹെഡ്മാസ്റ്ററായ ബിമൻ മൈതി പറഞ്ഞു.
“കോവിഡ്-19 ലോക്ക്ഡൗൺ മൂലം സ്ക്കൂളുകൾ
വളരെക്കാലം അടച്ചിട്ടു, ഒരു
പഠനവും നടക്കുന്നുണ്ടായിരുന്നില്ല”, മൈതി
തുടർന്നു. "വിദ്യാഭ്യാസ രംഗത്തുനിന്നും
വിദ്യാർത്ഥികളെ നഷ്ടപ്പെടുകയായിരുന്നു. ഈ
നഷ്ടത്തിനുശേഷം അവർ തിരിച്ചുവരില്ല. അവർ
ഇല്ലാതാകും, ഒരിക്കലും കണ്ടെത്താൻ
കഴിയില്ല.”
ജൂൺ മദ്ധ്യത്തോടെ ശാസ്തി ഭുനിയ തിരിച്ചെത്തിയപ്പോൾ അവളും വിവാഹത്തിലേക്ക് തള്ളിവിടപ്പെട്ടു. 21-കാരനായ താപസ് നൈയ അവൾ പഠിച്ച അതേ സ്ക്കൂളിൽ തന്നെയാണ് പഠിച്ചത്. 17 വയസ്സുള്ളപ്പോൾ 8-ാം ക്ലാസ്സിൽ വച്ച് പഠനം അവസാനിപ്പിക്കുകയും ചെയ്തു. അവന് പഠനത്തിൽ താൽപര്യമുണ്ടായിരുന്നില്ല. കുടുംബത്തെ സഹായിക്കുകയും ചെയ്യണമായിരുന്നു. അങ്ങനെ അവൻ കേരളത്തിൽ കൽപ്പണിക്കാരനായി. ലോക്ക്ഡൗൺ മൂലം അവൻ ഗ്രാമത്തിൽ തിരിച്ചെത്തി. "ഇപ്പോഴദ്ദേഹം ശിബ്കാലിനഗറിലെ ഒരു കോഴി വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്നു”, ശാസ്തി പറഞ്ഞു.
അവളുടെ മൂത്ത സഹോദരിയും (കേൾവിയും കാഴ്ചയും ഇല്ലാത്ത 21-കാരിയായ ജാഞ്ജലി ഭുനിയ) 18 വയസ്സുള്ളപ്പോൾ 8-ാം ക്ലാസ്സിൽ വച്ച് പഠനം നിർത്തി. ഒരു വർഷത്തിനു ശേഷം അവരെ ഉത്പൽ മോണ്ഡലിന് (ഇപ്പോൾ 27 വയസ്സ്) വിവാഹം കഴിച്ചു കൊടുത്തു. കുൽപി ബ്ലോക്കിലെ തന്‍റെ ഗ്രാമത്തിലെ നൂതൻ ത്യാംഗ്‌രാചർ സ്ക്കൂളിൽ 8-ാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹം പഠനം നിർത്തിയതാണ്. കുട്ടിയായിരുന്നപ്പോൾ മോണ്ഡലിന് പോളിയോ വന്നു. അന്നുമുതൽ നടക്കുന്നതിന് ബുദ്ധിമുട്ടുമുണ്ട്. "എനിക്ക് സ്വന്തം കൈകളും കാലുകളും ഉപയോഗിച്ച് സ്ക്കൂളിൽ പോകാൻ കഴിഞ്ഞില്ല. വീൽ ചെയർ വാങ്ങാനുള്ള പണവും ഞങ്ങൾക്കില്ലായിരുന്നു”, അദ്ദേഹം പറഞ്ഞു. "പഠിക്കണമെന്നുണ്ടായിരുന്നെങ്കിലും എനിക്കതിന് കഴിഞ്ഞില്ല.”
“എന്‍റെ രണ്ട് പേരക്കുട്ടികൾക്കും പഠിക്കാൻ കഴിഞ്ഞില്ല”, ശാസ്തിയെയും ജാഞ്ജലിയെയും വളർത്തിയ അവരുടെ മുത്തശ്ശി 88-കാരിയായ മഹാറാണി പറഞ്ഞു. കോവിഡ്-19 ലോക്ക്ഡൗൺ മൂലം സ്ക്കൂളുകൾ അടച്ചതിനാൽ "എനിക്കറിയില്ല എന്‍റെ കൊച്ചുമകന് [സുബ്രത] പറ്റുമോയെന്ന്.”
പരിഭാഷ: റെന്നിമോന്‍ കെ. സി.