ഉടുത്തൊരുങ്ങാൻ ആ പുരുഷന് സമയം കിട്ടിയാൽ ഇനി ഏതുനിമിഷവും ആ ദേവത ഭൂമിയിൽ അവതരിച്ചേക്കാം. “സമയം ഏഴുമണിയായി, രജത് ജൂബിലി ഗ്രാമനിവാസികളേ, ദയവുചെയ്ത് കിടക്കവിരികളും സാരികളും തുണികളും കൊണ്ടുവന്നാലും. നമുക്ക് ഒരു അണിയറ ശരിയാക്കേണ്ടതുണ്ട്. മന്‍സ എലോ മോർത്തേ (ദേവതയുടെ ഭൂമിയിലേക്കുള്ള വരവ്) എന്ന പാല ഗാനം ആരംഭിക്കുകയായി”. ദക്ഷിണ 24 പർഗാന ജില്ലയിലെ ഗോസാബ ബ്ലോക്കിലെ ഗ്രാ‍മത്തിന്‍റെ ഇടവഴികളിൽ, സെപ്റ്റംബർ മാസത്തിലെ സന്ധ്യയ്ക്ക്, നാടകാവതരണത്തിന് മുമ്പുള്ള അറിയിപ്പ് മുഴങ്ങി. രാത്രി മുഴുവൻ ഇനിയും ആഘോഷവും ഉത്സവവുമായിരിക്കുമെന്ന് ഉറപ്പ്.

ഒരു മണിക്കൂറിനുള്ളിൽ അണിയറ ഒരുങ്ങി. കലാകാരന്മാർ തിളങ്ങുന്ന വസ്ത്രങ്ങളും ആടയാഭരണങ്ങളുമണിഞ്ഞ്, എഴുതിയിട്ടില്ലാത്ത നാടകത്തിലെ സംഭാഷണങ്ങൾ അവസാനവട്ടം ഹൃദിസ്ഥമാക്കുന്ന തിരക്കിലാണ്. ഹിരണ്മയിയുടേയും പ്രിയങ്കയുടേയും വിവാഹത്തിന്‍റെയന്ന് ഞാൻ പരിചയപ്പെട്ട ഉത്സാഹിയായ ആ നർത്തകന്‍റെ ഭാവം, ഇന്ന് നിത്യാനന്ദ സർക്കാരിന്‍റെ മുഖത്ത് കാണുന്നില്ല. മ്ലാനമായ മുഖത്തോടെ ഇരിക്കുകയായിരുന്നു ആ നാടക ട്രൂപ്പിന്‍റെ നേതാവ്. ഇന്നയാൾ, നാ‍ഗദേവതയായ മന്‍സയുടെ ഭാഗമാണ് അഭിനയിക്കുന്നത്. വൈകീട്ടത്തെ പാല ഗാനത്തിൽ അഭിനയിക്കുന്ന മറ്റ് കലാകാരന്മാരെ അയാൾ എനിക്ക് പരിചയപ്പെടുത്തിത്തന്നു.

മംഗളകാവ്യ എന്ന പുരാണാഖ്യാനത്തെ ആസ്പദമാക്കിക്കൊണ്ടുള്ളതാണ് ജനങ്ങള്‍ക്കു പ്രിയപ്പെട്ട ഒരു ദേവതയെ അല്ലെങ്കില്‍ മൂര്‍ത്തിയെ സ്തുതിച്ചുകൊണ്ടുള്ള പാല ഗാന്‍ എന്ന ഈ സംഗീതനാടകം. ഈ വിവരണാത്മക കാവ്യങ്ങൾ ശിവനെപ്പോലെ ഇന്ത്യ മുഴുവൻ പ്രചാരത്തിലുള്ള വിവിധ ദൈവങ്ങളെ സ്തുതിച്ചു കൊണ്ട് ചൊല്ലുകയോ പാടുകയോ ചെയ്യുന്നവയാണ്. പക്ഷെ കൂടുതലായും അവ ബംഗാളി മൂർത്തികളായ ധർമ്മ ഠാക്കൂർ, നാഗദേവതയായ മാ മന്‍സ, വസൂരിയുടെ ദേവതയായ ശീതള, വനവേദതയായ ബന്‍ ബീബി എന്നീ ദേവതകളെ സ്തുതിക്കുന്നവയാണ്. കാണികളുടെ മുമ്പിൽ ഈ നൃത്ത നാടകം അവതരിപ്പിക്കുന്നതിനായി കലാകാരുടെ സംഘങ്ങൾ വർഷം മുഴുവൻ സുന്ദർബൻ ദ്വീപുകളിൽ സഞ്ചരിക്കുന്നു.

പശ്ചിമബംഗാൾ, അസം, ബിഹാർ എന്നിവിടങ്ങളിലൊക്കെ അവതരിപ്പിക്കപ്പെടുന്ന മന്‍സ പാല ഗാന്‍ എന്ന കലാരൂപം മന്‍സ മംഗള്‍ കാവ്യഎന്ന വളരെ പ്രധാനപ്പെട്ട ഒരു ഇതിഹാസ കാവ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 13-ാ‍ം നൂറ്റാണ്ടില്‍ രചിച്ചതെന്നു കരുതപ്പെടുകയും പഴയ നാടോടി പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവയെന്നു പറയപ്പെടുകയും ചെയ്യുന്ന ഒരു ഇതിഹാസ കാവ്യമാണ് മന്‍സ മംഗള്‍ കാവ്യ. ബംഗാളിലെ ദളിതരുടെയിടയിൽ പ്രചാരമുള്ള ദേവതയാണ് മന്‍സ. ദക്ഷിണ 24 പർഗാന കൂടാതെ, ബാങ്കുഡ, ബീര്‍ഭൂം, പുരുളിയ ജില്ലകളിലും പ്രസിദ്ധയായ ദേവതയാണ് മന്‍സദേവി. എല്ലാ വർഷവും വിശ്വകർമ്മപൂജാ ദിവസം (ഇക്കുറി സെപ്റ്റംബർ 17-നായിരുന്നു അത്) സുന്ദർബനിന്‍റെ ഇന്ത്യൻ ഭാഗത്തുള്ള വിദൂരസ്ഥമായ ഗ്രാമങ്ങളിലെ വീടുകളിൽ നാഗദേവതയെ പൂജിക്കുകയും പാല ഗാനം അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

Left: Snake goddess Manasa is a popular among the Dalits of South 24 Paraganas as well as Bankura, Birbhum, and Purulia districts. On the day of Viswakarma Puja (September 17 this year) many households in remote villages in the Indian expanse of the Sundarbans worship the snake goddess and perform pala gaan.  Right: Older women in Rajat Jubilee village welcome others in the community to the Puja.
PHOTO • Ritayan Mukherjee
Left: Snake goddess Manasa is a popular among the Dalits of South 24 Paraganas as well as Bankura, Birbhum, and Purulia districts. On the day of Viswakarma Puja (September 17 this year) many households in remote villages in the Indian expanse of the Sundarbans worship the snake goddess and perform pala gaan.  Right: Older women in Rajat Jubilee village welcome others in the community to the Puja.
PHOTO • Ritayan Mukherjee

ഇടത്ത് : ബംഗാളിലെ ദക്ഷിണ 24 പർഗാന , ബാങ്കുഡ , ബീര്‍ഭൂം , പുരുളിയ ജില്ലകളിലെ ദളിതരുടെയിടയിൽ പ്രചാരമുള്ള മന്‍സ എന്ന ദേവത എല്ലാ വർഷവും വിശ്വകർമ്മപൂജാ ദിവസം ( ഇക്കുറി സെപ്റ്റംബർ 17- നായിരുന്നു അത് ) ആരാധിക്കപ്പെടുന്നു . സുന്ദർബനിന്‍റെ ഇന്ത്യൻ ഭാഗത്തെ വിദൂരസ്ഥമായ ഗ്രാമങ്ങളിലെ വീടുകളിൽ നാഗദേവതയെ പൂജിക്കുകയും പാല ഗാനം അവതരിപ്പിക്കുകയും ചെയ്യാറുണ്ട് . വലത്ത് : രജത് ജൂബിലി ഗ്രാമത്തിലെ വൃദ്ധകൾ സമുദായത്തിലെ മറ്റുള്ളവരെ പൂജയിലേക്ക് ക്ഷണിക്കുന്നു

സുന്ദർബൻ ദ്വീപിലെ ഉഗ്രവിഷമുള്ള നാഗങ്ങളിൽനിന്ന് തങ്ങളെ രക്ഷിക്കുന്നതിനുവേണ്ടി, മന്‍സയുടെ ശക്തിയെ ദ്യോതിപ്പിക്കുന്ന വിവിധ കഥാതന്തുക്കൾ കൂട്ടിയിണക്കിക്കൊണ്ട് ദ്വീപുനിവാസികൾ നടത്തുന്ന പ്രാർത്ഥനയാണ്, അഥവാ, ഈശ്വരസ്തുതിയാണ് ഈ സംഗീതോപാസന. 30 ഇനങ്ങളിലുള്ള പാമ്പുകൾ ഇവിടുണ്ട് – രാജവെമ്പാല പോലെ ഉഗ്രവിഷമുള്ളവ ഉൾപ്പെടെ. പാമ്പുകടി ഈ പ്രദേശത്തെ മരണങ്ങളുടെ ഒരു പൊതുകാരണമാണ്. അത് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു.

ചന്ദ് സദാഗർ എന്നുപേരായ സമ്പന്നനായ ഒരു ശിവഭക്തന്‍റെ കഥയാണ് ഇന്ന് അരങ്ങേറാൻ പോകുന്നത്. ഏതെല്ലാം വിധത്തിൽ ശ്രമിച്ചിട്ടും അയാളെക്കൊണ്ട് തന്നെ ആരാധിപ്പിക്കാൻ മന്‍സദേവിക്ക് സാധിച്ചില്ല.  പ്രതികാരമൂർത്തിയായ ദേവി ചന്ദ് സാഗറിന്‍റെ കടലിലുണ്ടായിരുന്ന വ്യാപാരസാമഗ്രികളെ മുച്ചൂടും നശിപ്പിക്കുകയും, അയാളുടെ ഏഴ് മക്കളെ സർപ്പദംശനത്താൽ കൊല്ലിക്കുകയും, മറ്റൊരു മകനായ ലഖീന്ദറെ അവന്‍റെ വിവാഹരാത്രിയിൽ വധിക്കുകയും ചെയ്തു. ലഖീന്ദറിന്‍റെ ദു:ഖാർത്തയായ ഭാര്യ ബേഹുല, ഭർത്താവിന്‍റെ ജീവൻ തിരിച്ചുപിടിക്കാനായി അയാളുടെ ശരീരത്തൊടൊപ്പം സ്വർഗ്ഗത്തിൽ പോയി. മന്‍സയെ പൂജിക്കാൻ ചന്ദ് സാഗറിനെ പ്രേരിപ്പിക്കണമെന്ന് അവിടെവെച്ച് ദേവരാജാവായ ഇന്ദ്രൻ ബേഹുലയോട് ആവശ്യപ്പെട്ടു. മന്‍സയ്ക്ക് താൻ ഇടതുകൈകൊണ്ട് മാത്രമേ പൂജ ചെയ്യൂ എന്നും വലതുകൈകൊണ്ട് ശിവനെ ആരാധിക്കാനുള്ള അനുവാദം തരണമെന്നും ചന്ദ് സദാഗർ ഒരു ഉപാധി വെച്ചു. മന്‍സദേവി ആ ഉപാധി അംഗീകരിക്കുകയും ലഖീന്ദറിനെ പുനരുജ്ജീവിപ്പിക്കുകയും ചന്ദ് സാഗറിന്‍റെ സ്വത്തുക്കൾ പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്തു.

മന്‍സയായി അഭിനയിക്കുന്ന 53 വയസ്സുള്ള കർഷകനായ നിത്യാനന്ദ പ്രസിദ്ധനായ പാല ഗാന്‍ കലാകാരനാണ്. കഴിഞ്ഞ 25 വർഷമായി അദ്ദേഹം ഈ കല പരിശീലിക്കുന്നു. ഒന്നിൽക്കൂടുതൽ പാല ഗാന്‍ സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട് നിത്യാനന്ദ. “2019-നുശേഷം സ്ഥിതി മോശമാവുകയാണ്. ഈ വർഷവും, മഹാവ്യാധികാരണം, വളരെ ചുരുക്കം കളികളാണ് കിട്ടിയത്. ഒരുപക്ഷേ ഏറ്റവും കുറവ് കിട്ടിയ വർഷമാണ് ഇത്തവണത്തേത്. പണ്ടൊക്കെ മാസത്തിൽ നാലോ അഞ്ചോ അവതരണങ്ങൾവരെ ഉണ്ടാവും. ഓരോന്നിനും 800 മുതൽ 900 രൂപവരെയാണ് ഓരോ കലാകാരനും പ്രതിഫലം കിട്ടുക. ഇക്കൊല്ലം ആകെ കിട്ടിയത് രണ്ടെണ്ണമാണ്. വരുമാനത്തിലും അത് പ്രതിഫലിക്കുന്നുണ്ട്. ഇപ്പോൾ ഒരു അവതരണത്തിന് 400 – 500 രൂപയാണ് കിട്ടുന്നത്”, നിത്യാനന്ദ പറഞ്ഞു.

ഗ്രാ‍മത്തിലെ നാടകട്രൂപ്പുകൾക്ക് അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ്, നിത്യാനന്ദയുടെ അടുത്ത് ഇരുന്നിരുന്ന മറ്റൊരു സംഘാംഗമായ ബനമാലി ബ്യാപാരി സംസാരിച്ചത്. അണിയറയോ, തട്ടകമോ, ഫലപ്രദമായ പ്രകാശ-ശബ്ദ സംവിധാനങ്ങളോ, ശൗചാലയസൗകര്യങ്ങളോ ഒന്നുംതന്നെയുണ്ടാവാറില്ല. “നാലഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന നാടകമാണ്. ആയാസമുള്ള ഒരു കലാരൂപം. പണം സമ്പാദിക്കാമെന്ന മോഹംകൊണ്ടല്ല, ഇതിനോടുള്ള അഭിനിവേശം കൊണ്ട് മാത്രമാണ് ഇതിൽ പങ്കെടുക്കുന്നത്”, അയാൾ പറഞ്ഞു. ഈ നാടകത്തിൽ അയാൾക്ക് രണ്ട് വേഷങ്ങളുണ്ട് അഭിനയിക്കാൻ. ലഖീന്ദറെ കൊല്ലുന്ന കൽനാഗിനി എന്ന സർപ്പത്തിന്‍റെയും ഭാർ എന്ന വിദൂഷകന്‍റെയും. നാടകത്തിന്‍റെ ഗൗരവസ്വഭാവത്തിനിടയ്ക്ക് അന്തരീക്ഷം ലഘൂകരിപ്പിക്കുന്നതിനുവേണ്ടിയാണ് വിദൂഷകന്‍റെ വേഷം.

PHOTO • Ritayan Mukherjee

മന്‍സയായി അഭിനയിക്കുന്ന 53 വയസ്സുള്ള നിത്യാനന്ദ കർഷകനും പ്രസിദ്ധനായ പാല ഗാന്‍ കലാകാരനുമാണ് . കഴിഞ്ഞ 25 വർഷമായി അദ്ദേഹം ഈ കല പരിശീലിക്കുന്നു . പക്ഷേ 2019- ൽ കോവിഡ് തുടങ്ങിയതിൽ‌പ്പിന്നെ നാടകാവതരണങ്ങൾക്കുള്ള അവസരം തീരെ കുറഞ്ഞുപോയിരിക്കുന്നു . “ മുൻപൊക്കെ ഞങ്ങൾ കലാകാരന്മാർക്ക് ഓരോ അവതരണത്തിനും 800 – 900 രൂപവരെ കിട്ടിയിരുന്നു . ഇപ്പോളത് 400 – 500 രൂപയായി കുറഞ്ഞിരിക്കുന്നു ”, നിത്യാനന്ദ പറഞ്ഞു

അവതരണം തുടങ്ങാറായി എന്നറിയിച്ചുകൊണ്ട് പാട്ടുകാർ വായിക്കാൻ തുടങ്ങി. വേഷവിധാനങ്ങളെല്ലാമണിഞ്ഞ പുരുഷന്മാർ മാത്രമുള്ള സംഘം വേദിയിലേക്ക് നീങ്ങിത്തുടങ്ങി. മന്‍സദേവിയുടേയും ഗ്രാമത്തിലെ മുതിർന്നവരുടേയും അനുഗ്രഹാശിസ്സുകൾ തേടിക്കൊണ്ടുള്ള പ്രാർത്ഥനയോടെയാണ് അവതരണത്തിന്‍റെ തുടക്കം. നടന്മാരെല്ലാം സ്വന്തം നാട്ടുകാരും പരിചയക്കാരുമാണ്. എത്രയോ തവണ കണ്ട കഥയുമാണ്. എന്നിട്ടും ജനങ്ങൾ വേദിയിലവതരിപ്പിക്കുന്ന പുരാണകഥാപാത്രങ്ങളെ നിർന്നിമേഷരായി നോക്കിയിരിക്കുന്നുണ്ടായിരുന്നു. നടന്മാരൊന്നും തൊഴിൽ‌പരമായി അഭിനേതാക്കളായിരുന്നില്ല. അവർ കൃഷിക്കാരും, കർഷകത്തൊഴിലാളികളും വർഷത്തിൽ സ്ഥിരമായെത്തുന്ന കുടിയേറ്റത്തൊഴിലാളികളുമായിരുന്നു.

ആറുപേരടങ്ങുന്ന കുടുംബത്തിന്‍റെ ഭാരമാണ് നിത്യാനന്ദയുടെ ചുമലിൽ. “യാസ് കൊടുങ്കാറ്റുമൂലം, കൃഷിയിൽനിന്ന് ഇക്കൊല്ലമുള്ള എന്‍റെ വരുമാനം വെറും പൂജ്യമാണ്. പാടത്ത് മുഴുവൻ ഉപ്പുവെള്ളം കയറി. ഇപ്പോഴാണെങ്കിൽ കനത്ത മഴയും. എന്‍റെ ട്രൂപ്പിലുള്ള മറ്റുള്ളവർ, കൃഷിക്കാരും മറ്റ് തൊഴിലുകൾ ചെയ്യുന്നവരുമായ ആളുകൾ, അവരെല്ലാം ഇന്ന് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. സർക്കാരിൽനിന്ന് മാസാമാസം കിട്ടുന്ന 1000 രൂപയാണ് ആകെയുള്ള ആശ്വാസം (ലോക്പ്രസാർ പ്രകല്പ് എന്ന പേരിൽ, ചെറുപ്പക്കാരും വയോജനങ്ങളുമായ നാടോടി കലാകാരന്മാർക്ക് സംസ്ഥാനസർക്കാർ മാസന്തോറും നൽകുന്ന സാമ്പത്തികസഹായം, അഥവാ പെൻഷൻ).

പുതുതലമുറയിലെ കുട്ടികൾക്ക്, നിത്യാനന്ദയുടെ മകനെപ്പോലെയുള്ളവർക്ക് പാല ഗാനത്തിൽ താത്പര്യമൊന്നുമില്ല. ലാഹിരിപുർ പഞ്ചയാത്തിലെ വിവിധഗ്രാമങ്ങളിലുള്ള ചെറുപ്പക്കാർ, നിർമ്മാണജോലിയും കാർഷികവൃത്തിയും അന്വേഷിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുന്നുണ്ട്. “സംസ്കാരം മാറിക്കൊണ്ടിരിക്കുകയാണ്. നാലഞ്ച് വർഷങ്ങൾ കഴിഞ്ഞാൽ ഈ കലാരൂപം കുറ്റിയറ്റ് പോവും”, നിത്യാനന്ദ പറയുന്നു.

“കാണികളുടെ താത്പര്യത്തിൽ‌പ്പോലും മാറ്റങ്ങളുണ്ട്. പാരമ്പര്യ അവതരണങ്ങൾക്കുപകരം അവർക്കിഷ്ടം മൊബൈൽ ഫോണിലെ വിനോദങ്ങളാണ്”, നാൽ‌പ്പതുകളുടെ മദ്ധ്യത്തിലെത്തിയ മറ്റൊരു സംഘാംഗമായ ബിശ്വജിത്ത് മണ്ഡൽ പറയുന്നു.

അവതരണം കാണാനും കലാകാരന്മാരോട് സംസാരിക്കാനും മണിക്കൂറുകൾ ചിലവഴിച്ചതിനുശേഷം എനിക്ക് യാത്ര പറയാനുള്ള സമയം ആഗതമായി. യാത്രയ്ക്ക് ഞാനൊരുങ്ങുമ്പോൾ നിത്യാനന്ദ വിളിച്ചുപറഞ്ഞു. “അടുത്ത തണുപ്പുകാലത്ത് വരൂ. മാ ബന്‍ ബീബി എന്ന നാടകം ഞങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അതും നിങ്ങൾക്ക് പകർത്താം. ഭാവിയിൽ ഈ കലാരൂപത്തെക്കുറിച്ച് ആളുകൾക്ക് ചരിത്രപുസ്തകങ്ങളിൽനിന്ന് മാത്രമേ അറിയാൻ കഴിയൂ എന്ന് ഞാൻ ആശങ്കപ്പെടുന്നു”.

PHOTO • Ritayan Mukherjee

താത്ക്കാലികമായുണ്ടാക്കിയ അണിയറയിലിരുന്ന് , പുരുഷന്മാർ മാത്രമുള്ള നാടകസംഘത്തിലെ ബിശ്വജിത്ത് മണ്ഡൽ എന്ന കലാകാരൻ തന്‍റെ ഉടുപ്പും ആഭരണങ്ങളും , അവതരണത്തിനുമുൻപ് പരിശോധിക്കുന്നു


PHOTO • Ritayan Mukherjee

വേദിയിലേക്ക് പോവുന്നതിനുമുൻപ് കാൽച്ചിലങ്ക കെട്ടുന്ന ഒരു കലാകാരൻ


PHOTO • Ritayan Mukherjee

ബനമാലി ബ്യാപാരിക്ക് ഈ നാടകത്തിൽ രണ്ട് വേഷങ്ങളുണ്ട് അഭിനയിക്കാൻ . കൽനാഗിനി എന്ന സർപ്പത്തിന്‍റെയും ഭാർ എന്ന വിദൂഷകന്‍റെയും . അദ്ധ്വാനം ഏറെയുള്ളതാണ് ഗ്രാമീണ നാടകങ്ങൾ . “ വരുമാനം നോക്കിയിട്ടല്ല , അഭിനിവേശം കൊണ്ട് മാത്രമാണ് , ഞങ്ങളിത് അവതരിപ്പിക്കുന്നത് ”, അയാൾ പറഞ്ഞു


PHOTO • Ritayan Mukherjee

സ്വപൻ മണ്ഡൽ തന്‍റെ ഭാഗം പരിശീലിക്കുന്നു . എഴുതപ്പെട്ട കഥയൊന്നുമില്ലാത്തതിനാൽ , തങ്ങളുടെ ഓർമ്മകൾ മാത്രമാണ് പാല ഗാന്‍ കലാകാരന്മാർക്ക് ആശ്രയം


PHOTO • Ritayan Mukherjee

ചന്ദ് സദാഗറെന്ന സമ്പന്നനായ വ്യാപാരിയും ശിവഭക്തനുമായി മുഖ്യവേഷം ചെയ്യുന്നത് ശ്രീപദ മ്രിധ എന്ന കലാ‍കാരനാണ് . ചാന്ദ് സദാഗറിനെ തന്‍റെ ഭക്തനാക്കാൻ പണിപ്പെടുകയാണ് മന്‍സദേവി


PHOTO • Ritayan Mukherjee

നാടകം ആരംഭിക്കുന്നതിനുമുൻപ് ഒരു ഗായകൻ തന്‍റെ നാവുകൊണ്ട് സിന്തസൈസർ വായിക്കുന്നു


PHOTO • Ritayan Mukherjee

പശ്ചാത്തലസംഗീതമായ ചപ്ലാംകൊട്ട ( രണ്ട് മരക്കഷണങ്ങൾകൊണ്ടുള്ള താളവാദ്യം ) കൊട്ടുന്ന ഗായകൻ


PHOTO • Ritayan Mukherjee

അവതരണം തുടങ്ങുന്നതിനുമുൻപ് , നിത്യാനന്ദയും മറ്റ് കലാകാരന്മാരും നാട്ടിലെ ഒരു പന്തലിൽ ദേവതയെ പ്രണമിക്കുന്നു


PHOTO • Ritayan Mukherjee

കലാകാരന്മാർ എന്ന നിലയ്ക്ക് ഞങ്ങൾ വേദിയെ ബഹുമാനിക്കുന്നു . ഞങ്ങളുടെ ദേവാലയമാണ് അത് . അതിന്‍റെ അനുഗ്രഹം തേടണം ”, നിത്യാനന്ദ പറയുന്നു


PHOTO • Ritayan Mukherjee

ഇടത്തുനിന്ന് : സ്വപൻ മണ്ഡൽ ( സനക എന്ന ചന്ദ് സദാഗറിന്‍റെ ഭാര്യയുടെ വേഷം അഭിനയിക്കുന്നു ), നിത്യാനന്ദ സർക്കാർ ( മന്‍സദേവതയുടെ ഭാഗം ), ബിശ്വജിത്ത് മണ്ഡൽ ( ചന്ദ് സദാഗറിന്‍റെ മകളുടെ ഭാഗം ) എന്നിവർ , അവതരണം തുടങ്ങുന്നതിനുമുൻപ് , ഗ്രാ‍മത്തിലെ ദൈവങ്ങളുടേയും കാരണവന്മാരുടേയും അനുഗ്രഹാശിസ്സുകൾ തേടുന്നു


PHOTO • Ritayan Mukherjee

മന്‍സദേവിയുടെ ഭാഗം അഭിനയിച്ച് പ്രേക്ഷകരെ അത്ഭുതസ്തബ്ധരാക്കുന്ന നിത്യാനന്ദ


PHOTO • Ritayan Mukherjee

ഈ സംഗീത നാടകം മന്‍സ മംഗള്‍ കാവ്യഎന്ന വളരെ പ്രധാനപ്പെട്ട ഒരു ഇതിഹാസ കാവ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 13-ാ‍ം നൂറ്റാണ്ടില്‍ രചിച്ചതെന്നു കരുതപ്പെടുകയും പഴയ നാടോടി പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവയെന്നു പറയപ്പെടുകയും ചെയ്യുന്ന ഒരു ഇതിഹാസ കാവ്യമാണ് മന്‍സ മംഗള്‍ കാവ്യ


PHOTO • Ritayan Mukherjee

കലാ‍കാരന്മാരെല്ലാം പരിചയക്കാരായിട്ടുപോലും , രജത് ജൂബിലി ഗ്രാമത്തിലെ ഈ വൃദ്ധയെപ്പോലെയുള്ളവർ അത്ഭുതാദരങ്ങളോടെയാണ് അവതരണം കാണുന്നത്


PHOTO • Ritayan Mukherjee

മൻസയുടെ കൽപ്പന പ്രകാരം ചാന്ദ് സാഗറിന്റെ മകൻ ലഖീന്ദറെ കൊല്ലാനുള്ള വിഷസർപ്പമായ കൽനാഗിനിയായി ബനമാല വ്യാപാരി വേദിയിൽ പ്രവേശിക്കുന്നു


PHOTO • Ritayan Mukherjee

അത്യന്തം നാടകീയമായ ഒരു മുഹൂർത്തത്തിൽ മന്‍സയായി അഭിനയിക്കുന്ന നിത്യാനന്ദയും കാലനാഗിനിയായി അഭിനയിക്കുന്ന ബനമാലി ബ്യാപാരിയും


PHOTO • Ritayan Mukherjee

ദുഷ്കരമായ ഒരു രംഗം അവതരിപ്പിച്ചതിനുശേഷം വിശ്രമിക്കാനായി അണിയറയിലെത്തിയ ബനമാലി ക്ഷീണിച്ച് തളർന്നുവീഴുന്നു . ഈ കലാകാരന്മാരൊന്നും തൊഴിൽ‌പരമായി അഭിനേതാക്കളല്ല . കൃഷിക്കാരും , കർഷകത്തൊഴിലാളികളും കുടിയേറ്റത്തൊഴിലാളികളുമാണ് ഇവർ


PHOTO • Ritayan Mukherjee

ശ്രീപദ മൃധ അവതരിപ്പിക്കുന്ന ചന്ദ് സദാഗർ എന്ന കഥാപാത്രത്തിന്‍റെ ഭാര്യയുടെ ( സനക ) വേഷം അഭിനയിക്കുന്ന സ്വപൻ മണ്ഡൽ ( ഇടത്ത് )


PHOTO • Ritayan Mukherjee

തന്നെ ആരാധിക്കാൻ വിസമ്മതിക്കുന്ന ചന്ദ് സദാഗറിനോടുള്ള ദേഷ്യത്തിൽ അയാളുടെ കപ്പലിനെയും ചരക്കുകളെയും മന്‍സദേവി തകർത്തപ്പോൾ , സമുദ്രത്തിൽ പൊങ്ങിക്കിടക്കാൻ ശ്രമിക്കുന്ന ചന്ദ് സദാഗർ . അഭിനയിക്കുന്നത് ശ്രീപദ മൃധ


PHOTO • Ritayan Mukherjee

തന്‍റെ സംഘത്തിലെ ഓരോരുത്തരുടേയും അവതരണം ശ്രദ്ധയോടെ വീക്ഷിക്കുന്ന നിത്യാനന്ദ


PHOTO • Ritayan Mukherjee

അർദ്ധരാത്രിയോടെ അവതരണം അവസാനിക്കുമ്പോൾ കളിവിളക്കിൽനിന്ന് ഉയർന്നുപൊങ്ങുന്ന പുക . കാണികളിലെ കുട്ടികൾ അപ്പോഴേക്കും ഉറങ്ങിയിട്ടുണ്ടാവും


പരിഭാഷ: രാജീവ് ചേലനാട്ട്

Ritayan Mukherjee

ரிதயன் முகர்ஜி, கொல்கத்தாவைச் சேர்ந்த புகைப்படக்காரர். 2016 PARI பணியாளர். திபெத்திய சமவெளியின் நாடோடி மேய்ப்பர் சமூகங்களின் வாழ்வை ஆவணப்படுத்தும் நீண்டகால பணியில் இருக்கிறார்.

Other stories by Ritayan Mukherjee
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat