" സാത്ത് ബാരാ ഇല്ലാതെ ഞങ്ങള്‍ക്കു യാതൊന്നും ചെയ്യാനാകില്ല.” കര്‍ഷകസമരത്തിന്‍റെ ഭാഗമായി ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്തിരിക്കുമ്പോൾ അമ്പത്തിയഞ്ചുകാരിയായ ശശികല പറഞ്ഞു.

അവരുടെ തൊട്ടടുത്ത് മൈതാനത്തെ കൂടാരത്തിൽ ഓറഞ്ചും ചുവപ്പും കലർന്ന വിരിപ്പിൽ ഇരിക്കുന്നത് അറുപത്തിയഞ്ചുകാരി അരുണാബായ് സോനവണെ ആണ്. സംയുക്ത ശേത്കരി കാംഗാർ മോർച്ച ജനുവരി 25, 26 തീയതികളിൽ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുക്കുന്നതിനായിരുന്നു മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ ചിംനാപൂര്‍ ഗ്രാമത്തിൽ നിന്നും ഇരുവരും മുംബൈയിൽ എത്തിയത്.

2006-ലെ വനാവകാശ നിയമം അനുസരിച്ച് തങ്ങള്‍ക്കു ഭൂമി കൈവശം കിട്ടണമെന്നും പുതിയതായി നടപ്പാക്കാനുദ്ദേശിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍ലിവക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഭിൽ ആദിവാസി വിഭാഗത്തിൽ പെടുന്ന അരുണാ ബായിയുടെയും ശശികലയുടെയും പ്രധാന വരുമാന ശ്രോതസ്സ് കാർഷിക വൃത്തിയാണ്. ജോലി ലഭ്യമായ ദിവസങ്ങളിൽ 150-200 രൂപയാണിവരുടെ വേതനം. “നിങ്ങളെപ്പോലെ മാസത്തില്‍ ഇത്ര സമ്പാദിക്കുമെന്നു പറയാന്‍ എനിക്കു കഴിയില്ല” അരുണാബായ് എന്നോടു പറഞ്ഞു.

ഇവര്‍ കൃഷി ചെയ്യുന്ന മുന്നേക്കര്‍ വീതമുള്ള കൃഷിയിടങ്ങളിലെ പ്രധാനവിളകള്‍ ചോളവും അരിച്ചോളവുമാണ്. ചോളം വിൽക്കുന്നത് 10-12 ക്വിന്‍റലിന് 1000 രൂപ നിരക്കിലാണ്. അരിച്ചോളം വീട്ടിലെ ഭക്ഷണത്തിനുപയോഗിക്കും. വേലി കെട്ടിയിട്ടും അവരുടെ വിളകൾ കാട്ടു പന്നികൾ, നീൽഗായ്, കുരങ്ങുകൾ എന്നിവയൊക്കെ നശിപ്പിക്കുന്നു. "ആർക്കൊക്കെ കൃഷിയുണ്ടോ അവരൊക്കെ രാത്രിയിൽ ഉറങ്ങാതിരിക്കുന്നു (വിളകൾ കാക്കുന്നതിന്)”, അരുണാബായ് പറഞ്ഞു.

ശശികലയും അരുണാഭായിയും കൃഷി ചെയ്യുന്ന ഭൂമി വനംവകുപ്പിന്‍റെ അധീനതയിലുളളതാണ്. " സാത്ത് ബാരാ [ഭൂഅവകാശ രേഖകൾ] ഇല്ലാതെ കൃഷിക്കുളള സൗകര്യങ്ങളൊന്നും ഞങ്ങള്‍ക്കു ലഭിക്കില്ല”, ശശികല പറഞ്ഞു. "വനം വകുപ്പധികൃതരും ഞങ്ങളോടു പ്രശ്നം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അവർ ഞങ്ങളോടു പറയുന്നത്  ഇവിടെ കൃഷി ചെയ്യരുത്, വീടു വയ്ക്കരുത്, ട്രാക്ടറുകള്‍ കൊണ്ടുവന്നാൽ പിഴ ചുമത്തും എന്നിങ്ങനൊക്കെയാണ്.”

വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 , എന്നിവയൊക്കെ പിൻവലിക്കുന്നതിനായി ഡൽഹിയുടെ അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനു കൂടിയാണ് ശശികലയും അരുണാബായിയും ആസാദ് മൈതാനത്തെത്തിയത്. 2020 ജൂണ്‍ അഞ്ചിന് ഓര്‍ഡിനന്‍സുകളായാണ് ഈ നിയമങ്ങള്‍ ആദ്യം പാസ്സാക്കിയത്. സെപ്തംബര്‍ 14-ന് കാര്‍ഷിക ബില്ലുകളായി പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്കു വച്ചു. 20-ന് ഇപ്പോഴത്തെ സര്‍ക്കാര്‍ ഇവ ധൃതി പിടിച്ചു നിയമങ്ങളാക്കി മാറ്റി.

'There will be more pressure if more of us come [to protest]', says Arunabai Sonawane (right), with Shashikala Gaikwad at the Azad Maidan farm sit-in
PHOTO • Riya Behl

ഞങ്ങളെപ്പോലെ കൂടുതല്‍പേര്‍ രംഗത്തിറങ്ങിയാല്‍ സമരം ശക്തമാകും” , അരുണാബായിയും ( വലത് ) ശശികല ഗൈക്വാഡും ആസാദ് മൈതാനത്തെ കർഷക ധർണ്ണയിൽ പങ്കെടുത്തുകൊണ്ടു പറയുന്നു.

കര്‍ഷകരുടെയും കൃഷിയുടെമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി.), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്കു താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബലപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

ശശികലയും അരുണാബായിയും മറ്റുചില പ്രശ്നങ്ങളും അനുഭവിക്കുന്നു. രണ്ടുപേരുടെയും ഭര്‍ത്താക്കന്മാര്‍ ഏതാണ്ട് ഒരു ദശകം മുമ്പ് ക്ഷയരോഗം ബാധിച്ചു മരിച്ചു. എന്നാല്‍  ഇതുവരെ വിധവാ പെന്‍ഷന്‍ പോലും ഇവര്‍ക്കു ലഭിച്ചിട്ടില്ല. രണ്ട് ആണ്മക്കളും അവരുടെ ഭാര്യമാരും മൂന്നു കൊച്ചുമക്കളുമടങ്ങുന്നതാണ് ശശികലയുടെ കുടുംബം. കുടുംബത്തിലെ പ്രായപൂർത്തിയായ അഞ്ചുപേരും കർഷക തൊഴിലാളികളായി പണിയെടുക്കുന്നു.

"ഞങ്ങൾ ആറേഴു പേർ [വിധവകൾ] പെൻഷൻ ഫോമുകളുമായി തഹസീൽദാർമാരുടെ ഓഫീസിൽ [കണ്ണാട്] പോയി”, ഏതാണ്ട് രണ്ടു വർഷം മുമ്പത്തെ ഒരു സംഭവം ഓർമ്മിച്ചെടുത്തുകൊണ്ട് അരുണാബായ് പറഞ്ഞു. "രണ്ടു മുതിർന്ന പുത്രന്മാർ ഉള്ളതുകൊണ്ടു എനിക്കു പെൻഷൻ ലഭിക്കില്ലെന്ന് തഹസീൽദാർ പറഞ്ഞു.”

രണ്ട് ആണ്മക്കളും അവരുടെ ഭാര്യമാരും 8 കൊച്ചുമക്കളുമടക്കം 13 പേരടങ്ങുന്നതാണ് അരുണാബായിയുടെ കുടുംബം. അവരുടെ കുടുംബത്തിലെയും പ്രായപൂർത്തിയായ അഞ്ചു പേർ കർഷകരും കർഷക തൊഴിലാളികളുമായി പണിയെടുക്കുന്നു. ഇടയ്ക്കു ചിമ്നാപൂരുള്ള ഒരു ചെറു കുളത്തിൽ നിന്ന് ഭക്ഷണത്തിനായി മീൻ പിടിക്കുകയും ചെയ്യുന്നു.

“നാളെ എന്‍റെ മൂത്ത സഹോദരന്‍റെ മകന്‍റെ വിവാഹമാണ്. എന്നാല്‍ എന്താണിവിടെ സംഭവിക്കുന്നതെന്നറിയാനാണ് ഞാനിങ്ങോട്ടു പോന്നത്. ഞങ്ങളെപ്പോലെ കൂടുതലാളുകള്‍ പങ്കെടുത്താല്‍ സമരം കൂടുതൽ ശക്തമാകും. അതുകൊണ്ടാണ് ഞങ്ങളിവിടെയുള്ളത്”, മുംബൈയിലെ ആസാദ് മൈതാനത്തിരുന്ന് ദൃഢമായ വാക്കുകളില്‍ അരുണാബായ് പറഞ്ഞു.

*ഭൂഅവകാശ രേഖകൾ (Record of land titles)

പരിഭാഷ - സൂര്യ സുരേഷ്

Riya Behl

ரியா பெல், பாலினம் மற்றும் கல்வி சார்ந்து எழுதும் ஒரு பல்லூடக பத்திரிகையாளர். பாரியின் முன்னாள் மூத்த உதவி ஆசிரியராக இருந்த அவர், வகுப்பறைகளுக்குள் பாரியை கொண்டு செல்ல, மாணவர்கள் மற்றும் கல்வியாளர்களுடன் இணைந்து பணியாற்றுகிறார்.

Other stories by Riya Behl
Translator : Soorya Suresh

Soorya Suresh is a passionate journalist from Kerala. She likes to tell the stories of common people around. She loves to travel and write.

Other stories by Soorya Suresh