ഗുർപ്രീത് സിംഗ് തന്‍റെ 22-ാം വയസ്സിൽ മരിക്കുന്ന അന്നുവരെ പുതിയ കാർഷിക നിയമങ്ങളെ എതിർക്കുന്നതിനായി ഗ്രാമത്തിലെ കർഷകരെ  അണിനിരത്തുകയായിരുന്നു. വടക്കുപടിഞ്ഞാറൻ പഞ്ചാബിലെ ഗ്രാമത്തിൽ 5 ഏക്കർ ഭൂമിയുള്ള അദ്ദേഹത്തിന്‍റെ അച്ഛൻ കർഷകനായ ജഗ്താർ സിംഗ് കടാരിയ അദ്ദേഹത്തിന്‍റെ അവസാന പ്രസംഗം ഓർമ്മിക്കുന്നു. പതിനഞ്ചോളം കേൾവിക്കാർ അദ്ദേഹം പറയുന്നത് സശ്രദ്ധം കേൾക്കുകയായിരുന്നു. ഡൽഹിയുടെ അതിർത്തികളിൽ ചരിത്രം സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അതിനു സംഭാവന നൽകുന്നതിനായി അവരും അവിടേക്ക് പോകണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 2020 ഡിസംബറിലെ ആ പ്രഭാതത്തിൽ നടത്തിയ ആവേശകരമായ പ്രസംഗത്തിന്‍റെ അവസാനം അദ്ദേഹത്തെ ശ്രവിച്ചുകൊണ്ടിരുന്ന ആ കൂട്ടം തലസ്ഥാനത്തേക്ക് ജാഥ നയിക്കാൻ തയ്യാറായി.

കഴിഞ്ഞവർഷം ഡിസംബർ 14-ന് പഞ്ചാബിലെ ശഹീദ് ഭഗത് സിംഗ് നഗർ ജില്ലയിലെ ബലാചൗർ തെഹ്സീലിലെ മകോവൽ ഗ്രാമത്തിൽ നിന്നും അവർ പോയതാണ്. പക്ഷെ, യാത്ര ഏകദേശം 300 കിലോമീറ്ററോളം എത്തിയപ്പോൾ അംബാല ജില്ലയിലെ മോഹ്‌റയ്ക്കടുത്ത് വച്ച് വലിയൊരു വാഹനം അവരുടെ ട്രാക്ടർ ട്രോളിയെ ഇടിച്ചു. "അത് വലിയൊരു കൂട്ടിയിടിയായിരുന്നു. ഗുർപ്രീത് മരിച്ചു”, ജഗ്താർ സിംഗ് തന്‍റെ മകനെക്കുറിച്ച് പറഞ്ഞു. മകൻ പട്യാലയിലെ മോദി കോളേജിൽ ബി.എ. വിദ്യാർത്ഥിയായിരുന്നു. "അതായിരുന്നു പ്രസ്ഥാനത്തിന് അവന്‍റെ സംഭാവന – അവന്‍റെ ജീവൻ.”

ഇന്ത്യൻ പാർലമെന്‍റ് 2020 സെപ്റ്റംബറിൽ അവതരിപ്പിച്ച 3 കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നയിച്ചതിന്‍റെ ഭാഗമായി മരണമടഞ്ഞ 700, അല്ലെങ്കിൽ അതിലധികം വരുന്ന, ആളുകളിൽ ഒരാളായിരുന്നു ഗുർപ്രീത്. കുറഞ്ഞ താങ്ങുവിലയെ (Minimum Support Price – MSP) നശിപ്പിക്കുമെന്നും സ്വകാര്യ വ്യാപാരികൾക്കും വലിയ കോർപ്പറേഷനുകൾക്കും വിളകളുടെ വില നിയന്ത്രിക്കാനും വിപണിയിൽ അനർഹമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കാരണമാകുമെന്നും വിശ്വസിച്ച നിയമങ്ങളെ രാജ്യത്തുടനീളം കർഷകർ എതിർത്തു. കര്‍ഷക സമരങ്ങള്‍ കർഷകരെ (പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും) 2020 നവംബർ 26 മുതൽ ഡൽഹിയുടെ അതിർത്തികളിൽ എത്തിച്ചു. നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിലും ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിലെ ഘാസിപൂരിലും ടിക്രിയിലും ക്യാമ്പുകൾ നിർമ്മിച്ചു.

സമരങ്ങൾ ആരംഭിച്ച് ഒരു വർഷത്തിനുശേഷം 2021 നവംബർ 19-ന് പ്രധാനമന്ത്രി നിയമങ്ങൾ പിൻവലിച്ചതായി പ്രഖ്യാപിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കൽ ബിൽ (Farm Laws Repeal Bill) നവംബർ 29-ന് പാർലമെന്‍റിൽ പാസാക്കി. പക്ഷെ കർഷക യൂണിയനുകൾ മുന്നോട്ടുവച്ച മിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതിനു ശേഷം 2021 ഡിസംബർ 11-ന് മാത്രമാണ് പ്രക്ഷോഭം അവസാനിച്ചത്.

സമരകാലത്ത് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ചില കുടുംബങ്ങളോട് ഞാൻ സംസാരിച്ചു – നേരിട്ടും ഫോണിലൂടെയും. തകർന്ന് ദുഃഖിതരായിരിക്കുന്നതിനൊപ്പം കുപിതരുമായ അവർ ഈ വിഷയത്തിനു വേണ്ടി ജീവൻ ത്യജിച്ച രക്തസാക്ഷികളുടെ ഇടയിൽനിന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്തെടുത്തു.

“ഞങ്ങൾ കർഷകരുടെ വിജയം ആഘോഷിക്കുന്നു, പക്ഷെ നിയമങ്ങൾ പിൻവലിക്കുന്നതായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം എന്നെ സന്തോഷിപ്പിച്ചു”, ജഗ്താർ സിംഗ് കടാരിയ പറഞ്ഞു. "സർക്കാർ കർഷകർക്ക് വേണ്ടി നല്ലതൊന്നും ചെയ്തിട്ടില്ല. കർഷകരെയും മരിച്ചവരെയും സർക്കാർ അവഹേളിച്ചിരിക്കുന്നു.”

From the left: Gurpreet Singh, from Shahid Bhagat Singh Nagar district, and Ram Singh, from Mansa district, Punjab; Navreet Singh Hundal, from Rampur district, Uttar Pradesh
From the left: Gurpreet Singh, from Shahid Bhagat Singh Nagar district, and Ram Singh, from Mansa district, Punjab; Navreet Singh Hundal, from Rampur district, Uttar Pradesh
From the left: Gurpreet Singh, from Shahid Bhagat Singh Nagar district, and Ram Singh, from Mansa district, Punjab; Navreet Singh Hundal, from Rampur district, Uttar Pradesh

ഇടത്ത് നിന്ന് : പഞ്ചാബിലെ ശഹീദ് ഭഗത് സിംഗ് നഗർ ജില്ലയിൽ നിന്നുള്ള ഗുർപ്രീത് സിംഗ് ; മൻസാ ജില്ലയിൽ നിന്നുള്ള രാംസിംഗ് ; ഉത്തർപ്രദേശിലെ രാം പുർ ജില്ലയിൽ നിന്നുള്ള നവ്രീത് സിംഗ് ഹുന്ദല്‍

"ഞങ്ങളുടെ കർഷകർ മരിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ പട്ടാളക്കാരും പഞ്ചാബിനു വേണ്ടിയും രാജ്യത്തിനു വേണ്ടിയും മരിച്ചു. പക്ഷെ സർക്കാരിന് രക്തസാക്ഷികളുടെ കാര്യത്തിൽ ഒരു താൽപര്യവുമില്ല – അത് [രാജ്യത്തിന്‍റെ] അതിർത്തികളിലേത് ആയാലും രാജ്യത്തിനകത്തേത് ആയാലും. അതിർത്തികളിൽ യുദ്ധം ചെയ്യുന്ന ജവാന്മാരെയും ഇവിടെ ഭക്ഷണം ഉണ്ടാക്കുന്ന കർഷകരേയും ഇത് തമാശയാക്കുന്നു”, പഞ്ചാബിലെ മൻസാ ജില്ലയിലെ ബുഢ്ലാഡ തെഹ്സീലിലെ ദോഗ്ര ഗ്രാമത്തിൽ നിന്നുള്ള 61-കാരനായ ഗ്യാൻ സിംഗ് പറഞ്ഞു.

ഗ്യാൻ സിംഗിന് തന്‍റെ 51-കാരനായ സഹോദരൻ രാം സിംഗിനെ സമരങ്ങളുടെ ആദ്യഘട്ടത്തിൽ നഷ്ടപ്പെട്ടതാണ്. ഭാരതി കിസാൻ യൂണിയൻ (ഏക്‌താ ഉഗ്രാഹാം) എന്ന കർഷക സംഘടനയിലെ ഒരു അംഗമായിരുന്നു രാം. മൻസാ റെയിൽവേ സ്റ്റേഷനിലെ സമര സ്ഥലത്തേക്ക് വേണ്ട തടികൾ അദ്ദേഹം ശേഖരിക്കുമായിരുന്നു. ഒരു ദീർഘകാല അസുഖത്തെത്തുടർന്ന് അദ്ദേഹം കഴിഞ്ഞ വർഷം നവംബർ 24-ന് മരിച്ചു. "അദ്ദേഹത്തിന്‍റെ 5 വാരിയെല്ലുകൾ ഒടിയുകയും ശ്വാസകോശം നശിക്കുകയും ചെയ്തിരുന്നു”, ഉറച്ച ശബ്ദത്തിൽ തന്‍റെ വേദന ഒളിപ്പിച്ച് ഗ്യാൻ സിംഗ് പറഞ്ഞു.

"കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്നുള്ള പ്രഖ്യാപനം വന്നപ്പോൾ ഞങ്ങളുടെ ഗ്രാമത്തിലെ ആളുകൾ പടക്കം പൊട്ടിക്കുകയും ദീപം തെളിയിക്കുകയും ചെയ്തു”, ഗ്യാൻ കൂട്ടിച്ചേർത്തു. "കുടുംബത്തിൽ ഒരു രക്തസാക്ഷി ഉള്ളതുകൊണ്ട് ഞങ്ങൾക്ക് ആഘോഷിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഞങ്ങൾ സന്തോഷിച്ചു.”

സർക്കാർ നേരത്തെ തന്നെ 3 കാർഷിക നിയമങ്ങളും പിൻവലിക്കണമായിരുന്നുവെന്ന് കർഷകനായ സർവിക്രംജീത് സിംഗ് ഹുന്ദല്‍ പറഞ്ഞു. ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലെ ബിലാസ്പൂർ തെഹ്സീലിലെ ഡിബ്ഡിബ ഗ്രാമത്തിൽ നിന്നുള്ള ആളാണ് അദ്ദേഹം. "പക്ഷെ കർഷക നേതാക്കളുമായി നടന്ന 11 തവണത്തെ ചർച്ചകൾക്കു ശേഷവും അവർ അത് ചെയ്തില്ല.” വിക്രംജിത്തിന്‍റെ 25-കാരനായ മകൻ നവ്റീത് സിംഗ് ഹുന്ദല്‍ മരിച്ചത് 2021 ജനുവരി 26-ന് ഡൽഹിയിൽ കർഷകരുടെ റാലിയിൽ പങ്കെടുക്കുമ്പോൾ ആയിരുന്നു. അദ്ദേഹം ഓടിച്ചിരുന്ന ട്രാക്ടര്‍ ദീൻ ദയാൽ ഉപാദ്ധ്യായ് മാർഗിൽ ഡൽഹി പോലീസ് തയ്യാറാക്കിയ സുരക്ഷാ ബാരിക്കേഡിൽ വച്ച് കുത്തനെ മറിയുകയായിരുന്നു. അതിന് മുമ്പ് അദ്ദേഹത്തിന് വെടിയേറ്റിരുന്നുവെന്നും പോലീസാണ് അത് ചെയ്തതെന്നും അദ്ദേഹത്തിന്‍റെ അച്ഛൻ ആരോപിക്കുന്നു. എന്നിരിക്കിലും പോലീസ് പറഞ്ഞത് ട്രാക്ടർ മറിഞ്ഞതിനെ തുടർന്നുള്ള പരിക്കു മൂലമാണ് നവ്രീത് മരിച്ചത് എന്നാണ്. "അന്വേഷണം നടക്കുന്നു”, സർവിക്രംജീത് പറഞ്ഞു.

"അവൻ പോയതിൽ പിന്നെ എല്ലാം തകിടം മറിഞ്ഞു”, സർവിക്രംജീത് തുടർന്നു. "നിയമങ്ങൾ പിൻവലിച്ചുകൊണ്ട് സർക്കാർ കർഷകർക്ക് [മുറിവിൽ] ലേപനം പുരട്ടിയില്ല. കസേരയിൽ [അധികാരത്തിൽ] തന്നെയിരിക്കാനുള്ള അവരുടെ തന്ത്രമാണത്”, അദ്ദേഹം കൂട്ടിച്ചേർത്തു. "ഞങ്ങളുടെ വികാരങ്ങൾ കൊണ്ടാണ് അവർ കളിക്കുന്നത്.”

കർഷകരോടുള്ള (മരിച്ചരോ ജീവിച്ചിരിക്കുന്നവരോ ആയ) സർക്കാരിന്‍റെ നിലപാട് വളരെ മോശമാണെന്ന് 40-കാരനായ ജഗ്ജീത് സിംഗ് പറഞ്ഞു. യു.പി.യിലെ ബഹ്റായിച് ജില്ലയിലെ ബാലഹ ബ്ലോക്കിലെ ഭതേഹ്താ ഗ്രാമത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം. "ഈ സർക്കാരിന് വോട്ട് ചെയ്ത് അധികാരത്തിലേറിയത് ഞങ്ങളാണ്. അവരിപ്പോൾ ഞങ്ങളെ ഖാലിസ്ഥാനികൾ, ദേശവിരുദ്ധർ എന്നൊക്കെ വിളിക്കുകയും ഞങ്ങളെ ചവിട്ടുകയും ചെയ്യുന്നു. അവർക്കെങ്ങനെ അതിന് ധൈര്യം വരുന്നു?" അദ്ദേഹം പറഞ്ഞു. ജഗ്ജീത് സിംഗിന്‍റെ സഹോദരൻ ദൽജീത് സിംഗ് 2021 ഒക്ടോബർ 3-ന് യു.പി.യിലെ ലഖിംപൂർ ഖേരിയിലുണ്ടായ അക്രമ സംഭവത്തിൽ മരിച്ചതാണ്. സെപ്റ്റംബറിലെ ഒരു പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ അജയ് കുമാർ ടേനി കർഷകരെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അവർ ലഖിംപൂർ ഖേരിയിൽ അയാൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

From the left: Daljeet Singh, from Bahraich district, and Lovepreet Singh Dhillon, from Kheri district, Uttar Pradesh; Surender Singh, from Shahid Bhagat Singh Nagar district, Punjab
From the left: Daljeet Singh, from Bahraich district, and Lovepreet Singh Dhillon, from Kheri district, Uttar Pradesh; Surender Singh, from Shahid Bhagat Singh Nagar district, Punjab
From the left: Daljeet Singh, from Bahraich district, and Lovepreet Singh Dhillon, from Kheri district, Uttar Pradesh; Surender Singh, from Shahid Bhagat Singh Nagar district, Punjab

ഇടത്തു നിന്ന് : ഉത്തർപ്രദേശിലെ ബഹ്റായി ച്ചിൽ നിന്നുള്ള ദൽജീത് സിംഗ് ; ഖേരി ജില്ലയിൽ നിന്നുള്ള ലവ്പ്രീത് സിംഗ് ധില്ലൻ ; പഞ്ചാബിലെ ശഹീദ് ഭഗത് സിംഗ് നഗർ ജില്ലയിൽ നിന്നുള്ള സുരേന്ദർ സിംഗ്

മന്ത്രിയുടെ അകമ്പടി പോയ വാഹനങ്ങൾ പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് നാല് കർഷകരും ഒരു പത്രപ്രവർത്തകനും മരിച്ചു. ഇത് ഒരു ലഹള പൊട്ടിപ്പുറപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്തു. ടേനിയുടെ മകൻ ആശിഷ് മിശ്ര കുറ്റാരോപിതരായ 13 പേരിൽ ഉൾപ്പെടുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.റ്റി.) ‘മുൻകൂട്ടി നടത്തിയ ഗൂഢാലോചന’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

35-കാരനായ ദൽജീത് സിംഗിനെ രണ്ട് എസ്.യു.വികൾ (സ്പോർട്ട് യൂട്ടിലിറ്റി വെഹിക്കിൾസ്) ഇടിക്കുകയും മൂന്നാമതൊരെണ്ണം കയറിയിറങ്ങുകയും ചെയ്തു. "ഞങ്ങളുടെ 16 വയസ്സുകാരനായ പുത്രൻ രാജ്ദീപ് എല്ലാത്തിനും സാക്ഷ്യം വഹിച്ചു”, ദൽജീത്തിന്‍റെ ഭാര്യ പരംജീത് കൗർ പറഞ്ഞു. "അന്നുരാവിലെ പ്രതിഷേധത്തിനു പോകുന്നതിനു മുൻപ് ദൽജീത് പുഞ്ചിരിയോടെ ഞങ്ങളെ കൈവീശിക്കാണിച്ചു. സംഭവത്തിന് 15 മിനിറ്റുകൾക്ക് മുമ്പ് ഞങ്ങൾ ഫോണിലൂടെ സംസാരിക്കുക പോലും ചെയ്തതാണ്”, അവർ ഓർമ്മിച്ചു. "എന്ന് തിരികെ വരുമെന്ന് ഞാനദ്ദേഹത്തോടു ചോദിച്ചു. ‘ഇവിടെ ഒരുപാട് ആളുകളുണ്ട്. ഞാൻ പെട്ടെന്ന് തിരിച്ചു വരും എന്ന് അദ്ദേഹം പറഞ്ഞു.’” പക്ഷെ അങ്ങനെ സംഭവിച്ചില്ല.

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോൾ വീട്ടിലെ അന്തരീക്ഷം ദുഃഖകരമായി തീർന്നുവെന്ന് പരംജീത് പറഞ്ഞു. "ഞങ്ങളുടെ കുടുംബം ആ ദിവസം ദൽജീത്തിന്‍റെ വിയോഗത്തിൽ ദുഃഖിച്ചു.” "നിയമങ്ങൾ പിൻവലിക്കുന്നത് എന്‍റെ സഹോദരനെ തിരികെ കൊണ്ടുവരില്ല. ഇത് 700 രക്തസാക്ഷികളിൽ ആരേയും അവരുടെ പ്രിയപ്പെട്ടവർക്ക് തിരികെ നൽകില്ല”, ജഗ്ജീത് കൂട്ടിച്ചേർത്തു.

ലഖിംപൂർ ഖേരിയിൽ സമരക്കാരെ ഇടിച്ചിട്ട എസ്.യു.വികൾ ആളുകൾ കൂടുതലായിരുന്നിടത്തു കൂടെ പതിയെയാണ് നീങ്ങിയതെന്നും ആളുകൾ കുറവായിരുന്നിടത്ത് അത് വേഗത്തിലായിരുന്നുവെന്നും 45-കാരനായ സത്നം ധില്ലൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ മകൻ 19-കാരനായ ലവ്പ്രീത് സിംഗ് ധില്ലനായിരുന്നു മരിച്ച മറ്റൊരാൾ. "അവർ ആളുകളെ ഇടിച്ചു വീഴിച്ചു കൊണ്ടേയിരുന്നു”, സത്നം പറഞ്ഞു. യുപിയിലെ ഖേരി ജില്ലയിലെ പാലിയ തെഹ്‌സീലിലെ ഭഗ്‌വന്ത് നഗർ ഗ്രാമത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. ഇത് സംഭവിക്കുമ്പോൾ അദ്ദേഹം സമരസ്ഥലത്തില്ലായിരുന്നു. പക്ഷെ സംഭവം നടന്ന ഉടനെ അദ്ദേഹം അവിടെ ചെന്നപ്പോൾ ആരോ കാര്യങ്ങൾ വിശദീകരിച്ചിരുന്നു.

ലവ്പ്രീതിന്‍റെ അമ്മ 42-കാരിയായ സത്‌വീന്ദർ കൗർ മിക്കപ്പോഴും രാത്രിയിൽ ഉണരുകയും മകനെയോർത്ത് കരയുകയും ചെയ്യുമെന്ന് സത്നം പറഞ്ഞു. "മന്ത്രി രാജി വയ്ക്കണമെന്നും അയാളുടെ മകനെ നീതിക്ക് മുന്നിൽ കൊണ്ടുവരണമെന്നുമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഞങ്ങൾക്കെല്ലാവർക്കും വേണ്ടത് നീതിയാണ്.”

“ഞങ്ങൾക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല”, ഖേരിയിലെ ധൗരെഹര തെഹ്സീലിലെ ജഗ്ദീപ് സിംഗ് പറഞ്ഞു. അദ്ദേഹത്തിന്‍റെ അച്ഛൻ 58 -കാരനായ നച്ഛത്തർ സിംഗ് ലഖിംപുർ ഖേരി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആ ദുരന്തത്തെക്കുറിച്ച് ചോദിച്ചപ്പോൾ 31-കാരനായ ജഗ്ദീപ് ക്ഷോഭത്തോടെ പറഞ്ഞു: "എന്ത് തരം അനുഭവത്തിലൂടെയാണ് ഞങ്ങൾ കടന്നു പോകുന്നതെന്ന് ചോദിക്കുന്നത് ശരിയല്ല. വിശക്കുന്ന ഒരു വ്യക്തിയുടെ കൈകൾ പിന്നിൽ കെട്ടി ഭക്ഷണം മുന്നിൽവച്ച് ‘ഭക്ഷണം എങ്ങനെയുണ്ട്?’ എന്ന് ചോദിക്കുന്നത് പോലെയാണിത്. അതിനുപകരം നീതിക്കുവേണ്ടിയുള്ള പോരാട്ടം എവിടെത്തി എന്ന് ചോദിക്കൂ. ഈ സർക്കാരിനോട് ഞങ്ങൾക്കുള്ള പ്രശ്നം എന്താണ്? എന്തുകൊണ്ടാണ് കർഷകരെ ഇടിച്ചു വീഴ്ത്തിയത്?"

From the left: Harbansh Singh and Pal Singh, from Patiala district, and Ravinder Pal, from Ludhiana district, Punjab
From the left: Harbansh Singh and Pal Singh, from Patiala district, and Ravinder Pal, from Ludhiana district, Punjab
From the left: Harbansh Singh and Pal Singh, from Patiala district, and Ravinder Pal, from Ludhiana district, Punjab

ഇടത്തു നിന്ന് : പട്യാലയിൽ നിന്നുള്ള ഹർ ബംശ് സിംഗ് , പാൽ സിംഗ് എന്നിവർ . പഞ്ചാബിലെ ലുധിയാന ജില്ലയിൽനിന്നുള്ള രവീന്ദർ പാൽ

ജഗ്ദീപ് ഒരു മെഡിക്കൽ ഡോക്ടറാണ്. അദ്ദേഹത്തിന്‍റെ ഇളയ സഹോദരൻ രാജ്യത്തിന്‍റെ അതിർത്തിയിലെ കേന്ദ്ര സായുധ സേന വിഭാഗമായ സശസ്ത്ര സീമ ബല്ലിൽ ജോലി ചെയ്യുന്നു. "ഞങ്ങൾ രാജ്യത്തെ സേവിക്കുന്നു”, ജഗ്ദീപ് കുപിതനായി പറഞ്ഞു. "അച്ഛൻ നഷ്ടപ്പെട്ടാൽ എന്തു തോന്നുമെന്ന് ഒരു മകനോട് ചോദിച്ചു നോക്കൂ.”

മൻപ്രീത് സിംഗിനും അച്ഛനായ സുരേന്ദർ സിംഗിനെ 2020 ഡിസംബർ 4-ന് ഒരപകടത്തിൽ നഷ്ടപ്പെട്ടു. 64-കാരനായ സുരേന്ദർ സിംഗ് ശഹീദ് ഭഗത് സിംഗ് നഗറിലെ ബലാചൗർ തെഹ്സീലിലെ ഹസൻപൂർ ഖുർദ് ഗ്രാമത്തിൽ നിന്നും സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോവുകയായിരുന്നു. ഈ അനിഷ്ട സംഭവം ഉണ്ടായത് ഹരിയാനയിലെ സോനീപതിലാണ്. "[എനിക്ക്] വളരെ ദുഃഖം തോന്നുന്നു, അതേസമയം അഭിമാനകരവും. അദ്ദേഹം പ്രസ്ഥാനത്തിനുവേണ്ടി തന്‍റെ ജീവൻ ത്യജിച്ചു. രക്തസാക്ഷിയുടെ മരണമാണ് അദ്ദേഹത്തിന്‍റേത്”, 29-കാരനായ മൻപ്രീത് പറഞ്ഞു. “അച്ഛന്‍റെ ശരീരം കിട്ടാൻ സോനീപതിലെ പോലീസ് ഉദ്യോഗസ്ഥർ എന്നെ സഹായിച്ചു.”

ഡൽഹി അതിർത്തികളിലേക്ക് പ്രക്ഷോഭം നീങ്ങുന്നതിന് മുമ്പ് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ വിശദീകരണങ്ങൾ നൽകിക്കൊണ്ടിരുന്ന ആളാണ് പഞ്ചാബിലെ പട്യാല ജില്ലയിൽനിന്നുള്ള കർഷകരിൽ ഒരാളായ 73-കാരൻ ഹർബംശ് സിംഗ്. ഭാരതി കിസാൻ യൂണിയനിൽ (സിദ്ദുപൂർ) അംഗമായ ഹർബംശ് പട്യാല തെഹ്സീലിലെ തന്‍റെ ഗ്രാമമായ മെഹ്മൂദ്പൂർ ജട്ടാമിലെ യോഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 17-ന് പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹം കുഴഞ്ഞുവീണു. "നിയമത്തെപ്പറ്റി കേഴ്വിക്കാരോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹം വീണു. ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചു”, അദ്ദേഹത്തിന്‍റെ 29-കാരനായ പുത്രൻ ജഗ്താർ സിംഗ് പറഞ്ഞു.

"മരിച്ചവർ മരിക്കാതിരുന്നെങ്കിൽ ഞങ്ങൾക്ക് സന്തോഷമാകുമായിരുന്നു”, ജഗ്താർ കൂട്ടിച്ചേർത്തു.

പട്യാലയിലെ നാഭ തെഹ്‌സീലിലെ സഹൗലി ഗ്രാമത്തിൽ 1.5 ഏക്കർ സ്ഥലമുള്ള 58-കാരനായ പാൽ സിംഗ് ഡൽഹിയിലെ സമരങ്ങളിൽ ചേരാനായി വീട് വിട്ടപ്പോൾ "താൻ ജീവനോടെ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ഞങ്ങളോട് പറഞ്ഞു”, അദ്ദേഹത്തിന്‍റെ മരുമകളായ അമൻദീപ് കൗർ പറഞ്ഞു. 2020 ഡിസംബർ 5-ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം സിംഘുവിൽ മരിച്ചു. "പോയവരെ ഒന്നും തിരികെ കൊണ്ടുവരാൻ ആർക്കും കഴിയില്ല”, 31-കാരനായ അമൻദീപ് പറഞ്ഞു. അദ്ദേഹം ലൈബ്രറി മാനേജ്മെന്‍റിൽ കോളേജ് പഠനം നടത്തിയിട്ടുണ്ട്. “കർഷകർ ഡൽഹിയിലെത്തിയ അന്നുതന്നെ ഈ നിയമം റദ്ദാക്കേണ്ടതായിരുന്നു. പകരം, അവർ [സർക്കാരും പോലീസും] ചെയ്തത് പറ്റുന്നതുപോലെ കർഷകരെ തടയാനാണ്.”

നാലംഗ കുടുംബത്തിലെ വരുമാനം നേടുന്ന പ്രധാന ആൾ പാൽ സിംഗ് ആയിരുന്നു. കുടുംബം കടബാദ്ധ്യതയിലായി. അമൻദീപ് തയ്യൽക്കാരി ആയി ജോലി ചെയ്യുന്നു. പക്ഷെ ഭർത്താവ് ജോലിക്കൊന്നും പോകുന്നില്ല. ഭർതൃമാതാവ് വീട്ടമ്മയാണ്. "മരിക്കുന്നതിന് തലേദിവസം ഇദ്ദേഹം ഉറങ്ങാൻ പോയത് ഷൂസ് ധരിച്ചു കൊണ്ടാണ്. അടുത്ത ദിവസം രാവിലെ പുറപ്പെട്ട് അദ്ദേഹത്തിന് വീട്ടിൽ വരണമായിരുന്നു”, അമൻദീപ് പറഞ്ഞു. "അദ്ദേഹത്തിന്‍റെ ശരീരമാണ് വീട്ടിലെത്തിയത്, അദ്ദേഹമല്ല.”

From the left: Malkit Kaur, from Mansa district, Punjab; Raman Kashyap, from Kheri district, UP; Gurjinder Singh, from Hoshiarpur district, Punjab
From the left: Malkit Kaur, from Mansa district, Punjab; Raman Kashyap, from Kheri district, UP; Gurjinder Singh, from Hoshiarpur district, Punjab
From the left: Malkit Kaur, from Mansa district, Punjab; Raman Kashyap, from Kheri district, UP; Gurjinder Singh, from Hoshiarpur district, Punjab

ഇടത്തു നിന്ന് : പഞ്ചാബിലെ മൻസാ ജില്ല യിൽ നിന്നു ള്ള മൽകിത് കൗർ ; യുപിയിലെ ഖേരി ജില്ലയിൽ നിന്നുള്ള രാമൻ കശ്യപ് ; പഞ്ചാബിലെ ഹോശിയാർ പുർ ജില്ലയിൽ നിന്നുള്ള ഗുരീന്ദർ സിംഗ്

പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഖന്ന തെഹ്സീലിലെ ഇകൊലാഹിയിൽ നിന്നുള്ള 67– കാരനായ രവീന്ദർ പാൽ ഒരു ആശുപത്രിയിൽ വച്ച് മരിച്ചു. അദ്ദേഹം വിപ്ലവ ഗാനങ്ങൾ പാടുന്നതിന്‍റെ ഒരു വീഡിയോ ഒരു മാസം മുമ്പ് സിംഘുവിൽ വച്ച് റെക്കോർഡ് ചെയ്തിരുന്നു. പ്രണാം ശഹീദോം കോ (രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ), ന പഗഡി ന ടോപ്പ് , ഭഗത് സിംഗ് എക് സോച് (തലപ്പാവുമില്ല തൊപ്പിയുമില്ല, ഭഗത് സിംഗിന്‍റെ ചിന്തകൾക്ക് അഭിവാദ്യങ്ങൾ) എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ചുവന്ന മഷിയിൽ എഴുതിയിരുന്ന ഒരു നീണ്ട വെള്ള കുർത്ത അദ്ദേഹം ധരിച്ചിരുന്നു.

എന്നിരിക്കലും അന്നത്തെ ദിവസം കുറച്ചു കഴിഞ്ഞ് രവീന്ദറിന്‍റെ ആരോഗ്യ സ്ഥിതിക്ക് മാറ്റം വന്നു. ഡിസംബർ അഞ്ചിന് അദ്ദേഹത്തെ ലുധിയാനയിലേക്ക് മാറ്റി. അവിടെവച്ച് അദ്ദേഹം അടുത്ത ദിവസം മരിച്ചു. "അദ്ദേഹം മറ്റുള്ളവരുടെ ബോധത്തെ ഉണർത്തി, ഇപ്പോൾ അദ്ദേഹം എല്ലാ സമയത്തേക്കുമായി ഉറങ്ങിയിരിക്കുന്നു”, അദ്ദേഹത്തിന്‍റെ പുത്രൻ 42-കാരനായ രാജേഷ് കുമാർ പറഞ്ഞു. രാജേഷ് 2010-2012 വർഷത്തിൽ ഭൂട്ടാനിലെ രാജകീയ സൈന്യത്തെ പരിശീലിപ്പിച്ചിരുന്നു. കുടുംബത്തിന് സ്വന്തമായി സ്ഥലമില്ല. "എന്‍റെ അച്ഛൻ ഒരു കർഷകത്തൊഴിലാളി യൂണിയനിലെ അംഗമായിരുന്നു, അവരുടെ ഐക്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു”, രാജേഷ് വിശദീകരിച്ചു.

അറുപതാം വയസ്സിലും തൊഴിലാളികളുടെ അവകാശങ്ങൾക്കായി പ്രചരണം നടത്തുന്ന മൽകിത് കൗർ പഞ്ചാബിലെ മൻസയിലുള്ള മസ്ദൂർ മുക്തി മോർച്ചയുടെ സജീവ പ്രവർത്തകയാണ്. സ്വന്തമായി ഭൂമിയില്ലാത്ത ദളിത് സ്ത്രീയായ അവർ കഴിഞ്ഞ വർഷം ഡിസംബർ 16-ന് 1,500 കർഷകരുള്ള ഒരു സംഘത്തോടൊപ്പം ഡൽഹിക്ക് പോവുകയായിരുന്നു. "ഹരിയാനയിലെ ഫത്തേബാദിലെ ഒരു ലംഗറിൽ (സിഖ് സമുദായത്തിന്‍റെ സാമൂഹ്യ അടുക്കള) വച്ച് അവർ ഞങ്ങളെ തടഞ്ഞു. മൽകിത് കൗർ റോഡ് മുറിച്ചു കടന്നപ്പോൾ ഒരു വാഹനം വന്ന് ഇടിക്കുകയും തുടർന്ന് മരണപ്പെടുകയും ചെയ്തു”, തൊഴിലാളി സംഘടനയുടെ പ്രാദേശിക തലവനായ ഗുർജന്ത് സിംഗ് പറഞ്ഞു.

34-കാരനായ രാമൻ കശ്യപ് 2021 ഒക്ടോബർ 3-ന് ലഖിംപൂർ ഖേരി സംഭവത്തിൽ മരിച്ച ഒരു മാദ്ധ്യമ പ്രവർത്തകനായിരുന്നു. ഖേരിയിലെ നിഘസൻ തെഹ്സീലിൽ നിന്നുള്ള സാധ്ന പ്ലസ് എന്ന ടി.വി. വാർത്താ ചാനലിന്‍റെ പ്രാദേശിക റിപ്പോർട്ടറായിരുന്നു രണ്ട് കുട്ടികളുടെ പിതാവായ അദ്ദേഹം. "അദ്ദേഹത്തിന് എപ്പോഴും സാമൂഹ്യ സേവനത്തിൽ തൽപ്പരനായിരുന്നു”, സഹോദരനും കർഷകനുമായ പവൻ കശ്യപ് പറഞ്ഞു. “അദ്ദേഹം ഒരു വാഹനത്തിന്‍റെ ചക്രത്തിൽ കുരുങ്ങി വീണു. മൂന്നു മണിക്കൂറിലധികം സ്ഥലത്ത് ആരും നോക്കാനില്ലാതെ കിടന്നു. മൃതദേഹം നേരിട്ട് പോസ്റ്റുമോർട്ടത്തിന് അയച്ചു”, 32-കാരനായ പവൻ പറഞ്ഞു. പവനാണ് അവരുടെ സ്ഥലത്ത് കൃഷി ചെയ്യുന്നത്. "ഞാൻ അദ്ദേഹത്തെ മോർച്ചറിയിൽ കണ്ടു. ചക്രങ്ങളും ചരലും മൂലം അദ്ദേഹം ചതഞ്ഞിരുന്നു. സമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹത്തെ രക്ഷിക്കാൻ സാധിക്കുമായിരുന്നു.”

കുട്ടികൾ നഷ്ടപ്പെടുക എന്നത് അവരുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നു. പഞ്ചാബിലെ ഹോശിയാർപൂർ ജില്ലയിലെ ഗഢ്ശങ്കർ തെഹ്സീലിലെ ടാണ്ഡയിൽ നിന്നുള്ള ഗുർജീന്ദർ സിംഗിന് 16 വയസ്സായിരുന്നു. "ഞങ്ങളുടെ കുടുംബം തകർന്നിരിക്കുന്നു. ഈ ഭീകര നിയമങ്ങളിൽ നിന്ന് സർക്കാർ എന്തുകൊണ്ട് പിൻ വാങ്ങുന്നില്ല”, 38 കാരിയായ അവന്‍റെ അമ്മ കുൽവിന്ദർ കൗർ പറഞ്ഞു. ഡൽഹിക്ക് പുറത്തുള്ള സമര സ്ഥലത്തേക്ക് താൻ സഞ്ചരിച്ചിരുന്ന ട്രാക്ടറിൽ നിന്നും കർണാലിനടുത്തു വച്ച് 2020 ഡിസംബർ 16-ന് ഗുർജിന്ദർ റോഡിലേക്ക് വീണു. അതിന് വെറും 10 ദിവസങ്ങൾക്കുമുമ്പ് ഡിസംബർ 6-ന് 18-കാരനായ ജസ്പ്രീത് സിംഗ് ഹരിയാനയിലെ കൈഥൽ ജില്ലയിലെ ഗുഹലയിലുള്ള മസ്ത്ഗഢിൽ നിന്നും സിംഘുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. താൻ സഞ്ചരിക്കുകയായിരുന്ന വാഹനം കനാലിലേക്ക് മറിഞ്ഞ് ജസ്പ്രീത് മരിച്ചു. "പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങൾ - നിയമങ്ങൾ പിൻവലിച്ചാലും ഇല്ലെങ്കിലും അവരെ സംബന്ധിച്ച് അതിന് എന്ത് പ്രസക്തി?", ജസ്പ്രീതിന്‍റെ അമ്മാവൻ 50-കാരനായ പ്രേംസിംഗ് പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങളോട് സംസാരിച്ചതിൽ നിന്നും എനിക്ക് വ്യക്തമാക്കാൻ സാധിക്കുന്നത് മരണങ്ങളുടെ പ്രധാന കാരണങ്ങൾ റോഡപകടങ്ങൾ, മാനസിക സമ്മർദ്ദം, ഡൽഹിയിലെ കടുത്ത കാലാവസ്ഥ മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയൊക്കെയാണെന്നാണ്. കാർഷിക നിയമങ്ങളും അവയെ തുടർന്നുണ്ടാകാവുന്ന അനിശ്ചിതത്വങ്ങളും സൃഷ്ടിച്ച മാനസിക വേദനകൾ (കർഷകർ അനുഭവിക്കുന്ന നിർവ്വികാരതയുമായി കൂടിച്ചേർന്ന്) ആത്മഹത്യ മൂലമുള്ള മരണങ്ങളിലേക്കും നയിച്ചിട്ടുണ്ട്.

From the left: Jaspreet Singh, from Kaithal district, Haryana; Gurpreet Singh, from Fatehgarh Sahib district, Punjab; Kashmir Singh, from Rampur district, UP
From the left: Jaspreet Singh, from Kaithal district, Haryana; Gurpreet Singh, from Fatehgarh Sahib district, Punjab; Kashmir Singh, from Rampur district, UP
From the left: Jaspreet Singh, from Kaithal district, Haryana; Gurpreet Singh, from Fatehgarh Sahib district, Punjab; Kashmir Singh, from Rampur district, UP

ഇടത്തു നിന്ന് : ഹരിയാനയിലെ കൈഥ ലി ൽ നിന്നുള്ള ജസ്പ്രീത് സിംഗ് ; പഞ്ചാബിലെ ഫത്തേഗഢ് സാഹിബ് ജില്ലയിൽ നിന്നുള്ള ഗുർപ്രീത് സിംഗ് ; യു . പി.യിലെ രാംപുർ ജില്ലയിൽ നിന്നുള്ള കാശ്മീർ സിംഗ്

സിംഘുവിലെ സമര സ്ഥലത്തിനടുത്തുള്ള ഒരു പ്രാദേശിക ഭക്ഷണ ശാലയുടെ മുമ്പിൽ 45-കാരനായ ഗുർപ്രീത് സിംഗിനെ 2021 നവംബർ 10-ന് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇടതു കൈയിൽ സിമ്മേദാർ (ഉത്തരവാദിയായ) എന്നുമാത്രം എഴുതിയിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ മകൻ 21-കാരനായ ലവ്പ്രീത് സിംഗ് പറഞ്ഞു. പഞ്ചാബിലെ ഫത്തേഗഢ് സാഹിബ് ജില്ലയിലെ അംലോഹ് തെഹ്‌സീലിലെ റൂർക്കി ഗ്രാമത്തിൽ ഗുർപ്രീതിന് അരയേക്കർ ഭൂമി സ്വന്തമായുണ്ടായിരുന്നു. കുടുംബത്തിന്‍റെ കാലികൾക്കുവേണ്ട പുല്ല് അതിൽ നിന്നാണ് ലഭിക്കുന്നത്. കുട്ടികളെ വീട്ടിൽ നിന്നും 18 കിലോമീറ്റർ അകലെ മണ്ഡി ഗോബിന്ദ്ഗഢിലുളള സ്ക്കൂളിലേക്ക് എത്തിച്ചാണ് അദ്ദേഹം ഉപജീവനത്തിനുള്ള മാർഗ്ഗം കണ്ടെത്തിയിരുന്നത്. "നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം 10 ദിവസങ്ങൾക്കുമുമ്പ് വരികയായിരുന്നെങ്കിൽ ഞങ്ങളുടെ അച്ഛൻ ഞങ്ങളോടൊപ്പം കാണുമായിരുന്നു”, ലവ്പ്രീത് പറഞ്ഞു. മണ്ഡി ഗോബിന്ദ്ഗഢിലുളള ദേശ് ഭഗത് സർവ്വകലാശാലയിൽ ബി.കോം. വിദ്യാർത്ഥിയാണ് ലവ്പ്രീത്. "കർഷകരുടെ എല്ലാ ആവശ്യങ്ങളും സർക്കാർ സ്വീകരിക്കണമായിരുന്നു. അങ്ങനെയെങ്കിൽ എന്‍റെ അച്ഛൻ ചെയ്തതുപോലെ ആരും ചെയ്യാൻ നിർബന്ധിതരാകില്ല.”

1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്ക് ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ദിവസമാണ് കാശ്മീർ സിംഗ് ജനിച്ചത്. ആത്മഹത്യാ കുറിപ്പിൽ അദ്ദേഹം ഇങ്ങനെ എഴുതി:  “കർഷക നിയമങ്ങളെ എതിർക്കുന്നതിനായി ഞാൻ എന്‍റെ ശരീരം ത്യജിക്കുന്നു.” 2021 ജനവരി 2-ന് അദ്ദേഹം തൂങ്ങി മരിച്ചു. യു.പി.യിലെ രാംപുർ ജില്ലയിലെ സ്വാർ ബ്ലോക്കിലെ പസിയാപുരയിൽ നിന്നുള്ള കർഷകനായ അദ്ദേഹം ഘാസിപൂരിലെ സാമൂഹ്യ അടുക്കളയുടെ പ്രവർത്തനങ്ങളിൽ സഹായിക്കുകയായിരുന്നു.

“രക്തസാക്ഷികളുടെ 700 കുടുംബങ്ങൾക്ക് എന്തായിരിക്കും ഇപ്പോൾ തോന്നുക?" കാശ്മീർ സിംഗിന്‍റെ കൊച്ചുമകൻ ഗുർവിന്ദർ സിംഗ് എന്നോട് ചോദിച്ചു. "നിയമങ്ങൾ പിൻവലിച്ചാലും ഞങ്ങളുടെ 700 കർഷകർ തിരിച്ചുവരില്ല. 700 വീടുകളുടെ വെളിച്ചം പോയിരിക്കുന്നു.”

ഡൽഹിക്കു ചുറ്റുമുള്ള സമര സ്ഥലങ്ങൾ ഒഴിപ്പിക്കപ്പെട്ടിരിക്കുന്നു. പക്ഷെ, എം.എസ്.പി. നിയമപരമായി ഉറപ്പാക്കുന്നതിനും രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുമായി കർഷകർ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുന്നു. എന്നിരിക്കിലും 2021 ഡിസംബർ 1-ാം തീയതി പാർലമെന്‍റിൽ എഴുതി നൽകിയ ഒരു പ്രതികരണത്തിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞത് മരണത്തിന്‍റെ കണക്കുകൾ സർക്കാരിന്‍റെ പക്കൽ ഇല്ലാത്തതിനാൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഒരു ചോദ്യവുമില്ലെന്നാണ്.

ശ്രദ്ധിച്ചിരുന്നെങ്കിൽ എത്രപേർ മരിച്ചെന്ന് സർക്കാരിനറിയാമായിരുന്നുവെന്ന് ഗുർവിന്ദർ പറഞ്ഞു. "കർഷകർ ഹൈവേകളിൽ ഇരുന്നു, പക്ഷെ സർക്കാർ അവരുടെ അരമനകളിൽ വിശ്രമിക്കുകയായിരുന്നു.” സാങ്കേതികതയും വിവരങ്ങളും എളുപ്പം ലഭ്യമാകുമ്പോൾ "എങ്ങനെയാണ് പ്രസ്ഥാനത്തിൽ മരിച്ചവരുടെ വിശദാംശങ്ങൾ ലഭിക്കാതിരിക്കുന്നത്?" മസ്ദൂർ മുക്തി മോർച്ചയുടെ ഗുർജന്ത് സിംഗ് ചോദിച്ചു.

ഗുർപ്രീത് സിംഗ് ഇനി ഒരിക്കലും പ്രസംഗിക്കില്ല. ഡൽഹിയുടെ അതിർത്തികളിൽ എഴുതിയ ചരിത്രത്തിന്‍റെ അവസാന അദ്ധ്യായത്തിന് അദ്ദേഹത്തെപ്പോലുള്ള 700-ലധികം കർഷകർക്ക് സാക്ഷിയാകാൻ കഴിഞ്ഞില്ല. അവരിലാരും തങ്ങളുടെ സഹ സമരക്കാരോടൊത്ത് കണ്ണീർ തുടയ്ക്കാനോ വിജയം രുചിക്കാനോ ഇവിടെ ഉണ്ടായിരുന്നില്ല. ഒരുപക്ഷെ, ഭൂമിയിൽ കർഷകർ തങ്ങൾക്ക് ആദരവ് അർപ്പിക്കുന്നത് വീക്ഷിച്ചുകൊണ്ട്, മുകളിൽ ആകാശങ്ങളിൽ അവർ വിജയത്തിന്‍റെ പതാക ഉയർത്തുകയാവാം.

എല്ലാ ഫോട്ടോകൾക്കും രക്തസാക്ഷികളുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നു . കവർ ചിത്രം : അമീർ മാലിക് .

നിങ്ങൾ ആത്മഹത്യാ പ്രവണതയുള്ള ആളാണെങ്കിൽ അല്ലെങ്കിൽ വിഷാദം അനുഭവിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ കിരണിലേക്ക് ദേശീയ ഹെൽപ്‌ലൈൻ നമ്പരായ 1800-599-0019-ൽ (24/7 ടോൾ ഫ്രീ) വിളിക്കുക, അല്ലെങ്കിൽ നിങ്ങളുടെ സമീപത്തുള്ള ഈ ഹെൽപ്‌ലൈനുകളില്‍ എതിലെങ്കിലും വിളിക്കുക . മാനസികാരോഗ്യ വിദഗ്ദ്ധരെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾക്കായി ദയവ് ചെയ്ത് എസ്.പി.ഐ.എഫിന്‍റെ മാനസികാരോഗ്യ ഡയറക്ടറി സന്ദർശിക്കുക.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Amir Malik

அமிர் மாலிக் ஒரு சுயாதின பத்திரிகையாளர். 2022ம் ஆண்டில் பாரியின் மானியப்பணியில் இணைந்தார்.

Other stories by Amir Malik
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.