"ഓരോ കൈയ്യിലും ഒരു സ്പാന്നർ പിടിച്ചുകൊണ്ടായിരിക്കും ഞാൻ മരിക്കുന്നത്," ഷംസുദ്ദിൻ മുല്ല പറഞ്ഞു. "മരിക്കുമ്പോഴായിരിക്കും ഞാൻ വിരമിക്കുക."
അത് നാടകീയമായി തോന്നുമെങ്കിലും, 70 വർഷത്തിലധികമായി ജോലി ചെയ്തതിന്റെ വലിയൊരു ഭാഗം കട്ടമുറുക്കിയും മറ്റ് പണിയായുധങ്ങളും കയ്യിലേന്തിയാണ് ഷംസുദ്ദിൻ പൂർത്തിയാക്കിയത്. അവയുപയോഗിച്ച് അദ്ദേഹം എല്ലാവിധ യന്ത്രങ്ങളും നന്നാക്കും - വെള്ളത്തിന്റെ പമ്പുകൾ, കുഴൽകിണർ പമ്പുകൾ, ചെറിയ ഖനനയന്ത്രങ്ങൾ, ഡീസൽ എൻജിനുകൾ, അങ്ങനെ പലതും.
ശരിയായി പ്രവർത്തിക്കാത്തവയും, പ്രവർത്തനം നിലച്ചതുമായ കാർഷികയന്ത്രങ്ങൾക്ക് ജീവൻ നൽകാനുള്ള ഷംസുദ്ദിന്റെ പാടവത്തിന് കർണാടകയിലെ ബെൽഗാവ്, മഹാരാഷ്ട്രയിലെ കൊൽഹാപ്പൂർ എന്നീ ജില്ലകളിലെ ഗ്രാമങ്ങളിൽ ആവശ്യക്കാരേറെയാണ്. "ആളുകൾ എന്നെമാത്രമേ വിളിക്കുകയുള്ളു," സ്വല്പം അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു.
യന്ത്രങ്ങളുടെ തകരാർ കണ്ടുപിടിക്കാനുള്ള അദ്ദേഹത്തിന്റെ പ്രത്യേകരീതി തേടിയാണ് കർഷകരും മറ്റ് ഇടപാടുകാരും ഷംസുദ്ദിന്റെ അടുത്തെത്തുന്നത്. "ഞാൻ യന്ത്രം പ്രവർത്തിപ്പിക്കുന്നയാളോട് അതിന്റെ പിടി തിരിക്കാൻ പറയും. അതിൽനിന്നുമാത്രം എനിക്ക് യന്ത്രത്തിന്റെ തകരാർ എന്താണെന്ന് മനസ്സിലാകും," അദ്ദേഹം വിശദീകരിച്ചു.
അതിനുശേഷം ശരിയായ പണി തുടങ്ങും. കേടായ ഒരു യന്ത്രം നന്നാക്കാൻ എട്ടുമണിക്കൂറെടുക്കും. "യന്ത്രം തുറക്കുമ്പോൾമുതൽ തിരിച്ചടയ്ക്കുന്നതുവരെയുള്ള സമയം അതിൽ ഉൾപ്പെടും," ഷംസുദ്ദിൻ പറഞ്ഞു. "ഇന്ന്, എൻജിൻ കിറ്റുകളിൽ പണിപൂർത്തിയായ ഭാഗങ്ങളാണ് വരുന്നത്, അതിനാൽ നന്നാക്കൽ എളുപ്പമായിരിക്കുന്നു."
തകരാർ ശരിയാക്കുന്ന ഈ എട്ടുമണിക്കൂർ ശരാശരി കൈവരിക്കാൻ എണ്ണമറ്റ മണിക്കൂറുകളുടെ പ്രവൃത്തി വേണ്ടിവന്നു. 73 വർഷങ്ങളിൽ അൻപതിനായിരത്തിലധികം യന്ത്രങ്ങൾ നന്നാക്കിയിട്ടുണ്ടെന്നാണ് 83 വയസുള്ള ഷംസുദ്ദിൻ പറയുന്നത് - നദിയിൽനിന്ന് വെള്ളം വലിക്കാനുള്ള പമ്പുകൾ, നിലക്കടലയിൽനിന്നും മറ്റ് എണ്ണക്കുരുക്കളിൽനിന്നും എണ്ണ എടുക്കാനുള്ള യന്ത്രങ്ങൾ, കെട്ടിടനിർമ്മാണ സ്ഥലങ്ങളിൽനിന്നും, കിണറുകളിൽനിന്നും പാറകൾ നീക്കാനുള്ള യന്ത്രങ്ങൾ തുടങ്ങി മറ്റ് പല ആവശ്യങ്ങൾക്കുമുള്ള യന്ത്രങ്ങൾ.







