ഇന്ന്, വീണ്ടുമൊരിക്കൽക്കൂടി, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ ലോകപരിഭാഷാദിനത്തേയും, മറ്റേതൊരു പത്രപ്രവർത്തന വെബ്ബിലേതിനേക്കാളും മികവുറ്റ ഞങ്ങളുടെ പരിഭാഷാസംഘത്തേയും ആഘോഷിക്കുകയാണ്. ഞാനറിഞ്ഞിടത്തൊളം, ലോകത്തിലെ ഏറ്റവും സമഗ്രമായ ബഹുഭാഷാ പത്രപ്രവർത്തനമാണ് പാരിയുടേത്. ഈ പ്രസ്താവന തെറ്റാണെന്ന് ബോധ്യം വന്നാൽ തിരുത്താനും എനിക്ക് സന്തോഷമേയുള്ളു. 170 പരിഭാഷകരിലൂടെ, ഭാഷകളിലായി പാരി പ്രസിദ്ധീകരണം നിർവ്വഹിക്കുന്നു. 40 ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന മാധ്യമസ്ഥാപനങ്ങളുണ്ടെന്നത് ശരിയാണ്. പക്ഷേ അവയിലെല്ലാം ശക്തമായ ഒരു അധികാരശ്രേണി നിലവിലുണ്ട്. ചില ഭാഷകൾക്ക് മറ്റുള്ളവയേക്കാൾ പരിഗണയുമുണ്ട്.
‘ എല്ലാ ഇന്ത്യൻ ഭാഷയും നിങ്ങളുടെ ഭാഷയാണ് ’ എന്ന തത്ത്വത്തിൽ അധിഷ്ഠിതമാണ് ഞങ്ങളുടെ പ്രസിദ്ധീകരണദൌത്യം. എല്ലാ ഭാഷകൾക്കും തുല്യതയുണ്ടെന്നാണ് ഇതിന്റെയർത്ഥം. ഒരു ഭാഷയിൽ ഒരു എഴുത്ത് വന്നാൽ, അത് മറ്റ് 14 ഭാഷകളിലും വന്നുകാണണമെന്നൊരു നിർബന്ധമാണ് ഞങ്ങളെ നയിക്കുന്നത്. പാരി കുടുംബത്തിലേക്ക് ഈ വർഷം വന്നുചേർന്ന ഭാഷ ചത്തീസ്ഗർഹിയാണ്. ഭോജ്പുരിയുടേതാണ് അടുത്ത ഊഴം.
ഒരു സമൂഹം സമഗ്രമാകാൻ, ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഓരോ മൂന്നോ നാലോ കിലോമീറ്ററിലും ജലത്തിന് ഓരോരോ രുചിയാണെന്ന ഒരു പഴയ പറച്ചിലിന്, നമ്മുടെ ഈ രാജ്യത്തിന്റെ ഭാഷാവൈവിധ്യം കാരണമായിട്ടുണ്ടെങ്കിൽ, അത് മറ്റൊരുവിധത്തിലും പറയാമെന്ന് തോന്നുന്നു. ഓരോ 12-15 കിലോമീറ്ററിലും നിങ്ങൾക്ക് വ്യത്യസ്തമായൊരു വാമൊഴി കേൾക്കാം എന്നോ മറ്റോ.
പക്ഷേ അക്കാര്യത്തിൽ ഇനി നമുക്ക് അലംഭാവം സാധ്യമല്ല. 800-ഓളം സജീവമായ ഭാഷകളുള്ള ഈ രാജ്യത്ത്, കഴിഞ്ഞ 50 വർഷത്തിനുള്ളിൽ 225-ഓളം വാമൊഴികൾ മൃതിയടഞ്ഞതായി പീപ്പിൾസ് ലിംഗ്വിസ്റ്റിക്ക് സർവ്വേ ഓഫ് ഇന്ത്യയുടെ കണക്ക് നിലനിൽക്കുമ്പോൾ; ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഇന്ന് ലോകത്ത് നിലവിലുള്ള സംസാരഭാഷയുടെ 90-95 ശതമാനത്തിനും വംശനാശം വരികയോ അവ ഗുരുതരമായ പ്രതിസന്ധിയിലാവുകയോ ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭ അവകാശപ്പെടുമ്പോൾ ; ലോകത്താകമാനം, ഓരോ ഈരണ്ടാഴ്ചകളിലും ഒരു തനതുഭാഷ മരിച്ചുകൊണ്ടിരിക്കുമ്പോൾ , അത്തരമൊരു അലംഭാവം നമുക്ക് സാധ്യമേയല്ല.
ഒരു ഭാഷ മരിച്ചാൽ, നമ്മുടെ സമൂഹത്തിന്റെതന്നെ ഒരു ഭാഗമാണ് മരിക്കുന്നത്. കൂടെ, നമ്മുടെ സംസ്കാരവും നമ്മുടെ ചരിത്രവും മരിക്കും. ഓർമ്മകളും, സംഗീതവും, പുരാണങ്ങളും ഗാനങ്ങളും കഥകളും കലകളും ശ്രവണസംബന്ധിയായ ലോകവും വാമൊഴി പാരമ്പര്യവും, സവിശേഷമായ ഒരു ജീവിതരീതിയുമൊക്കെ അതോടൊപ്പം ഇല്ലാതാവുകയും ചെയ്യും. ലോകവുമായുള്ള നമ്മുടെ ബന്ധവും അവിടെ നിലനിൽക്കാനുള്ള നമ്മുടെ അർഹതയും, നമ്മുടെ സവിശേഷമായ വ്യക്തിത്വവും ആത്മാഭിമാനവുമായിരിക്കും സമൂഹത്തിന് അതോടെ നഷ്ടമാവുക. ഒരു സമൂഹത്തിന്റെ – ഇതിനകംതന്നെ ഭീഷണിയിലായ – വൈവിധ്യമാണ് രാജ്യത്തിൽനിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷമാവുക. നമ്മുടെ പരിസ്ഥിതിയും, ഉപജീവനവും ജനാധിപത്യവുമൊക്കെ, ഭാഷയുടെ ഭാവിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
കഥകളിലൂടെയും കവിതകളിലൂടെയും പാട്ടുകളിലൂടെയും പാരി ഇന്ത്യൻ ഭാഷകളെ ആഘോഷിക്കുന്നു. ഇവയുടെ പരിഭാഷകളിലൂടെ. ഗ്രാമീണ ഇന്ത്യയുടെ വിദൂരസ്ഥമായ ഭാഗങ്ങളിൽ താമസിക്കുന്ന അരികുവത്ക്കരിക്കപ്പെട്ട പല സമുദായങ്ങളുടേയും അമൂല്യമായ നിധികൾ, അവരുടെ സവിശേഷമായ തനത് ഭാഷകളിലൂടെ നമുക്ക് കൈവരുന്നു. പ്രതിജ്ഞാബദ്ധരായ ഞങ്ങളുടെ പരിഭാഷകർ, അവയെ, ദേശങ്ങൾക്കപ്പുറത്തേക്ക്, അവയുടെ ഉത്ഭവസ്ഥലങ്ങൾക്കപ്പുറത്തേക്കുപോലും – പുതിയ ലിപിയിലും ഭാഷാശൈലിയിലും പൊതിഞ്ഞ് – എത്തിച്ചുകൊണ്ടിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്കുള്ള ഒറ്റവഴി പരിഭാഷകളല്ല അവയൊന്നും. വൈവിധ്യത്തിന്റെ വലിയ കാഴ്ചപ്പാടിലൂടെയാണ് പാരിയുടെ ഭാഷാലോകം ചുരുളഴിയുന്നത്.
ഈ രാജ്യത്തിന്റെ അത്ഭ്താവഹമായ സമ്പന്നതയുടെ ഒരു ചെറിയ പരിച്ഛേദമായ ഞങ്ങളുടെ പരിഭാഷാസംഘം ഇന്ന്, ഞങ്ങൾ പ്രവർത്തിക്കുന്ന ഇന്ത്യൻ ഭാഷകളിൽനിന്ന് തിരഞ്ഞെടുത്ത ഓരോ ചെറിയ മുത്തുകളുമായി ഈ പരിഭാഷാദിനത്തിൽ വരികയാണ്: അസമീസ്, ബംഗാളി, ഹിന്ദി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിശ്, തെലുഗു, പിന്നെ ഉറുദുവും. വൈജാത്യത്തിലെ ഈ ഏകത്വം, വൈവിധ്യത്തിലെ ഈ ആനന്ദം നിങ്ങൾക്കും ഇഷ്ടമാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
അന്നന്നത്തെ അന്നത്തിനായി, ഭാര്യയോടൊപ്പം, മലയാളക്കര കൂടാതെ, കർണ്ണാടകയിലും, ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലുമൊക്കെ അലയേണ്ടിവരുന്ന ഒരാളെയാണ്, ഇവിടെ കൊടുത്തിട്ടുള്ള, കുഞ്ചൻ നമ്പ്യാരുടെ ഈ കവിതാഭാഗത്തിൽ നമ്മൾ കണ്ടുമുട്ടുന്നത്. മലയാളത്തോടൊപ്പം, സംസ്കൃതവും, തമിഴും, തെലുഗുവും, കൊങ്കണിയും, കന്നഡയും ഹിന്ദിയും എല്ലാം ഒരുപോലെ ഈ കാവ്യശകലത്തിൽ ഇടകലരുന്നു.
സ്യമന്തകം
ബ്രാഹ്മണൻ പുലർകാലേ കുളിച്ചു ഭസ്മവുമിട്ടു
ബ്രാഹ്മണിയോടു മെല്ലെ സംസ്കൃതമായുരചെയ്തു
(സംസ്കൃതം)
“ഹേ, ഹേ, ദേവകാര്യസ്യ ജലം നാസ്തി സുമം നാസ്തി
ഗേഹം പ്രോക്ഷിതം നാസ്തി, ദാസീ കുത്ര ഹേ കഷ്ടം!
ദീപം കുത്രകുത്രേദം പാവനസദ്ധവിർ നാസ്തി
കോപം ജാതമസ്മാകം കൃത്വാ ഭക്ഷണം ഗത്വാ
(തമിഴ്)
“മാനിയങ്കേ വാറും സാപ്പാടെങ്കെയാനാൽ കിടയാതോ?
നാങ്കൾ രണ്ടുപേർക്ക് ശാതം കൊണ്ടുവാരും ശീഘ്രമയ്യാ!
ശുത്തുബാതൈ റംഭമയ്യാ് ശെത്തെയാവതു കൊടാവിട്ടാൽ
ശത്തുപോമേ നാങ്കളിപ്പോതുത്തരം ശൊല്ലാത്തതെന്നാ?
ശാപ്പാട്ടിക്കിറുമയ്യാ! ശാറും ശാതവും താരേൻ”
(തെലുഗു)
“ഇല്ലിസ്നാനം അടിബാഹു ഹല്ലിഹുള്ളാ ഹുദമമുണ്ടോ?
സ്നാനമാടിപവന്ധനേവൊ”
(കൊങ്കണി)
കൊങ്കണഭാഷയിൽത്തന്നെ പറയുന്നൂ പല വാക്കും:
“ഹുംബുദ ദേകഞ്ചി ബാബ്ബാഹമുക്കു ജാത്താകളാനാ
മൊതിരു മൊതിനാ കതഗോ അമുക്കുഗാമാ അമിച്ചു ഗാമാ
ഉപാദി കൊച്ചതങ്ങാദി എമങ്ങു ഗോരണ്ടുവാച
തിങ്ങരൂമിങ്ങമുനയോഹന്ത ഹമുക്കുതീവല്ലീ
(ലാട ഭാഷ)
ദുന്നുന്നുകഹര്യഹം ഹന്നനോഹം ശിജാത്യാഹം
ഹത്യഹായി താപിജായി ഹമുക്കു ഭോജന കക്കുജാണോ
ഹമാരൊതും ജതരേണോ”
(ഹിന്ദി)
തുമാറട്ടിക്കാണി കാഹറേ ബാവാ
അമാറട്ടിക്കാണി സീതാ റാം റാം
തുമാറട്ടിക്കാണി കാഹരേ ബാവാ
അമാറട്ടിക്കാണി സീതാറാം റാം
ബ്രഹ്മദേവാ ദാവൻ ദാറോ
അച്ഛാ പാനീ ഡാലോ ഡാലോ
പത്താ ലാവോർക്കാരീ ലാവോ
മെസ്തു ലാവോ ദുറൂദേ ലാവോ
സുപാരി ലാവോ സക്കരി ലാവോ
പൂരി ധാറൊ ദസ്തു ലാവോ
ധിക്രാധാറോ തമാക്കു ധാറൊ
സുണ്ടെ ധാറോ കലാ ലാവോ
റെപോ ധാറൊ ഭാജിക്കറാബ്
പാനീ പീയോ മേരാ പേട്ബ്രം
ഊട്ടറുമായി കുംകുറു കുംകുറു
ജാ റെ ഹർ ജാ മുർജാ ഹർജാ റെ”
(മലയാളം)
ഇത്തരമോരോ വിപ്രന്മാരുടെ
ഭുക്തിമഹോത്സവമെത്ര വിചിത്രം!
പാലുകുറുക്കിയെടുക്കുന്നൂ ചിലർ
പാരിച്ചങ്ങു നടക്കുന്നൂ ചിലർ
നാരങ്ങാക്കറി മാങ്ങാക്കറിയും
മോരും തൈരുമെടുക്കുന്നൂ ചിലർ
“വെല്ലപ്പായസമുണ്ടു വരുന്നു
മെല്ലെയിരുന്നു ചെലുത്തണ”മെന്നും
“കന്നുംതൈരു കുടിപ്പതിനിന്നീ
വന്ന ജനങ്ങളിൽ മുമ്പിങ്ങെ”ന്നും
“കൊണ്ടാ രണ്ടുകുലപ്പഴമെ”ന്നും
“കൊണ്ടാ പപ്പടമിവിടേ”ക്കെന്നും
കൊണ്ടാടുന്ന ജനങ്ങളിൽനിന്ന
ങ്ങുണ്ടായീടിന കൌതുകമോർത്താൽ
കണ്ടാലെത്ര മനോഹര മതിനെ-
ക്കൊണ്ടു പുകഴ്ത്താനെളുതല്ലേതും
കവി: കുഞ്ചൻ നമ്പ്യാർ
അവലംബം: തുള്ളൽക്കഥകൾ