വയറ്റിൽ മുഴ വളരുന്നതോർത്ത് സുനിതാ ദേവി ആശങ്കയിലായിരുന്നു. നന്നായി ഭക്ഷണം കഴിക്കാൻപോലും അവർക്ക് സാധിച്ചില്ല. ശരീരം നീരുവെക്കുന്നതായും തോന്നി. രണ്ടുമാസം അതവർ അവഗണിച്ചെങ്കിലും ഒടുവിൽ വീടിനടുത്തുള്ള സ്വകാര്യാശുപത്രിയിൽ അവർ പോയി. “നിങ്ങൾ ഗർഭിണിയാണ്”, ഡോക്ടർ പറഞ്ഞതുകേട്ട് അവർ അക്ഷരാർത്ഥത്തിൽ ഞെട്ടി.
അതെങ്ങിനെ സംഭവിച്ചു എന്ന് അവർക്ക് മനസ്സിലായില്ല. ഗർഭം തടയാൻ കോപ്പർ-ടി അകത്ത് നിക്ഷേപിച്ചിട്ട് ആറുമാസംപോലും ആയിരുന്നില്ല.
2019-ലുണ്ടായ സംഭവം വിവരിക്കുമ്പോൾ ഇപ്പോഴും അവരുടെ മുഖം വിളറുന്നു. തലമുടി വൃത്തിയായി പിന്നിലേക്ക് കെട്ടിവെച്ചിരുന്നു. കുഴിഞ്ഞ കണ്ണുകളിൽ ക്ഷീണവും ഉന്മേഷക്കുറവും പ്രതിഫലിച്ചിരുന്നു. നെറ്റിയിലുള്ള ചുവന്ന പൊട്ടിനുമാത്രമായിരുന്നു അല്പമെങ്കിലും തിളക്കമുണ്ടായിരുന്നത്.
നാല് കുട്ടികളുടെ അമ്മയാണ് സുനിത (യഥാർത്ഥ പേരല്ല). നാലും പത്തും വയസ്സിനിടയിലുള്ള രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമുണ്ട് അവർക്ക്. 2019 മേയ് മാസത്തിൽ ഇളയകുട്ടിക്ക് 2 വയസ്സ് തികഞ്ഞപ്പോൾ ഇനി മറ്റൊരു കുട്ടി വേണ്ടെന്ന് അവർ തീരുമാനിച്ചു. ആ പ്രദേശം സന്ദർശിക്കാറുണ്ടായിരുന്ന ഒരു ആശ പ്രവർത്തകയിൽനിന്ന് അവർ കുടുംബാസൂത്രണരീതികളെക്കുറിച്ച് മനസ്സിലാക്കി. പല രീതികൾ മനസ്സിലാക്കിയതിൽനിന്ന്, മൂന്ന് മാസത്തേക്ക് ഗർഭനിരോധനം സാധ്യമാക്കുന്ന അന്തര എന്ന കുത്തിവെക്കുന്ന ഗർഭനിരോധനമാർഗ്ഗം അവർ തിരഞ്ഞെടുത്തു. “കുത്തിവെപ്പ് പരീക്ഷിക്കാമെന്ന് ഞാൻ വിചാരിച്ചു”, അവർ പറയുന്നു.
8 x 10 അടി വലിപ്പമുള്ള അവരുടെ വീട്ടിൽ ഒരു പായയിലിരിക്കുകയായിരുന്നു ഞങ്ങൾ. മൂലയിൽ ഒരു ഗാസ് സിലിണ്ടറിന്റെ മുകളിൽ കൂടുതൽ പായകൾ അടുക്കിവെച്ചിരുന്നു. തൊട്ടടുത്ത മുറിയിലായിരുന്നു സുനിതയുടെ ഭർത്തൃസഹോദരന്റെ കുടുംബം താമസിച്ചിരുന്നത്. മൂന്നാമതൊരു മുറി മറ്റൊരു ഭർത്തൃസഹോദരന്റേതായിരുന്നു. തെക്കുപടിഞ്ഞാറൻ ദില്ലി ജില്ലയിലെ നജാഫ്ഗറിലെ മഹേഷ് ഗാർഡൻ ഭാഗത്തായിരുന്നു അവരുടെ വീട്.
സുനിതയുടെ വീട്ടിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയായിരുന്നു ഗോപാൽ നഗർ പ്രാഥമികാരോഗ്യകേന്ദ്രം. അന്തര കുത്തിവെപ്പെടുക്കാൻ ആശാ പ്രവർത്തകയുടെ കൂടെ അവർ പോയത് ഈ കേന്ദ്രത്തിലേക്കായിരുന്നു. പക്ഷേ അവിടുത്തെ ഡോക്ടർ മറ്റൊന്നാണ് നിർദ്ദേശിച്ചത്. “ഡോക്ടർ എന്നോട് കോപ്പർ-ടിയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. കൂടുതൽ സുരക്ഷിതമായതിനാൽ അതുപയോഗിക്കാൻ അവർ എന്നോട് പറഞ്ഞു”, സുനിത പറയുന്നു. “ഞാനവരോട് കോപ്പർ-ടി ആവശ്യപ്പെട്ടിരുന്നതേയില്ല”, ഉറച്ച ശബ്ദത്തിൽ അവർ പറയുന്നു. “പക്ഷേ അതായിരിക്കും നല്ലതെന്ന് അവർ പറഞ്ഞുകൊണ്ടേയിരുന്നു”, ‘കൂടുതൽ കുട്ടികളുണ്ടാവുന്നത് നിർത്തണമെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?’ എന്നായിരുന്നു അവർ എന്നോട് ചോദിച്ചത്”.
ആ സമയത്ത്, സുനിതയുടെ ഭർത്താവ് (അയാളുടെ പേര് വെളിപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ല) ബിഹാറിലെ ദർഭംഗ ജില്ലയിലെ അയാളുടെ കൊൽഹൊന്ത പടോരി ഗ്രാമത്തിലേക്ക് പോയിരുന്നു. നജാഫ്ഗറിൽ പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന ജോലിയായിരുന്നു അയാൾക്ക്. “ഡോക്ടർ വിടുന്ന മട്ടുണ്ടായിരുന്നില്ല. ‘ഭർത്താവിന് ഇതിലെന്ത് കാര്യം. ഇത് നിങ്ങളുടെ തീരുമാനമാണ്. ഇതുപയോഗിച്ചാൽ അടുത്ത അഞ്ചുവർഷത്തേക്ക് ഗർഭമുണ്ടാവില്ല’ എന്ന് അവർ പറഞ്ഞു”, സുനിത ഓർമ്മിക്കുന്നു.
അങ്ങിനെ, അന്തര എന്ന കുത്തിവെപ്പ് മാർഗ്ഗത്തിനുപകരം, ഗർഭാശയാന്തര ഗർഭനിരോധന ഉപകരണമായ കോപ്പർ-ടി ഉപയോഗിക്കാൻ ഒടുവിൽ സുനിത തീരുമാനിച്ചു. അത് ചെയ്തതിനുശേഷം 10 ദിവസം കഴിഞ്ഞ് ഭർത്താവ് തിരിച്ചെത്തിയപ്പോളാണ് സുനിത അതിനെക്കുറിച്ച് അയാളോട് പറഞ്ഞത്. “ഞാൻ അങ്ങേരോട് പറയാതെ രഹസ്യമായിട്ടാണ് ചെയ്തത്. എന്നോട് വല്ലാതെ ദേഷ്യപ്പെട്ടു. എന്നെ കൊണ്ടുപോയതിന് ആശ പ്രവർത്തകയേയും മൂപ്പർ ചീത്ത പറഞ്ഞു”.
പ്രക്രിയയ്ക്കുശേഷം അടുത്ത രണ്ടുമാസത്തോളം, ആർത്തവസമയത്ത് സുനിതയ്ക്ക് ശക്തമായ രക്തപ്പോക്കുണ്ടായി. കോപ്പർ-ടി മൂലമായിരിക്കും രക്തപ്പോക്കെന്ന് കരുതി, അത് എടുത്തുമാറ്റാനായി 2019 ജൂലായിൽ രണ്ട് തവണ അവർ ഗോപാൽ നഗർ ആരോഗ്യകേന്ദ്രത്തിലേക്ക് പോയി. പക്ഷേ പകരം, രക്തം വാർന്നുപോകുന്നത് തടയാനുള്ള മരുന്നുകളായിരുന്നു അവർക്ക് അവിടെനിന്ന് നൽകിയത്.
2019 നവംബറിൽ ആർത്തവമുണ്ടായില്ല. അതേസമയത്താണ് വയറ്റിൽ ഒരു മുഴയുള്ളതുപോലെ തോന്നിയതും. നജാഫ്ഗറിലെ വികാസ് ആശുപത്രിയിൽവെച്ച് ഗർഭപരിശോധന നടത്തിയപ്പോൾ (കുളിമുറി പരിശോധന എന്നാണ് അവർ അതിനെ വിശേഷിപ്പിക്കുന്നത്) കോപ്പർ-ടി ഉപകരണം (ഐ.യു.സി.ഡി) ഫലപ്രദമായില്ലെന്നും ഗർഭം ധരിച്ചുവെന്നും കണ്ടെത്തി.
കോപ്പർ-ടി ഉപകരണം ഉപയോഗിക്കുന്ന സ്ത്രീകൾ ഗർഭം ധരിക്കുന്നത് സാധാരണമല്ലെന്ന് പടിഞ്ഞാറൻ ദില്ലി ജില്ലയിൽ ഗൈനക്കോളജിസ്റ്റായി ജോലിയെടുക്കുന്ന ഡോ. പൂനം ഛദ്ദ പറയുന്നു. “100-ൽ ഒരാൾക്കുമാത്രമാണ് അതിനുള്ള സാധ്യത. അതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. ഏത് ഗർഭനിരോധന മാർഗ്ഗവും പരാജയപ്പെടാൻ സാധ്യതയുണ്ട്”, അവർ വിശദീകരിക്കുന്നു. ഗർഭാശയാന്തര ഗർഭനിരോധമാർഗ്ഗങ്ങൾ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അതിലുണ്ടാവുന്ന പരാജയം അനാവശ്യമായ ഗർഭങ്ങൾക്കും ഗർഭച്ഛിദ്ര പ്രേരണകൾക്കും വഴിവെക്കുന്നു.
“ഞാൻ ഇതിനെയായിരുന്നു ആശ്രയിച്ചിരുന്നത്” സുനിത പറയുന്നു. “കോപ്പർ-ടി ഇട്ടതുകൊണ്ട് ഗർഭം ധരിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു. അഞ്ച് വർഷത്തേക്ക് അത് ഫലപ്രദമാണെന്ന് പി.എച്ച്.സി.യിലെ ഡോക്ടർ ഉറപ്പ് പറഞ്ഞതാണ്. പക്ഷേ ഒരുവർഷത്തിനുള്ളിൽ ഇത് സംഭവിച്ചു”, അവർ പറയുന്നു.
2019-21-ലെ ദേശീയ കുടുംബാരോഗ്യ സർവ്വേപ്രകാരം ( എൻ.എഫ്.എച്ച്.എസ്-5 ) ഇന്ത്യയിൽ 15-49 വയസ്സിനിടയിലുള്ള 2.1 ശതമാനം വിവാഹിതരായ സ്ത്രീകൾ മാത്രമാണ് കോപ്പർ-ടി പോലുള്ള ഐ.യു.സി.ഡി.കൾ ഉപയോഗിക്കുന്നത്. ഗർഭനിരോധനത്തിന് പൊതുവായി ഉപയോഗിക്കുന്ന മാർഗ്ഗം സ്ത്രീവന്ധ്യംകരണമാണ്. വിവാഹിതരായ സ്ത്രീകളിൽ 38 ശതമാനവും. 2-3 കുട്ടികളുണ്ടായതിനുശേഷമാണ് ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അഞ്ചാമതൊരു കുട്ടിയെ സുനിത ആഗ്രഹിച്ചിരുന്നില്ല.
വികാസ് ആശുപത്രിയിൽ ഗർഭച്ഛിദ്രത്തിന്റെ ചിലവ് 30,000 രൂപയോളമായിരുന്നതിനാൽ അവർക്കത് താങ്ങാൻ കഴിഞ്ഞില്ല.
സുനിത ഒരു വീട്ടമ്മയാണ്. അവരുടെ 34 വയസ്സുള്ള ഭർത്താവ്, പച്ചക്കറി-പഴവില്പനയിലൂടെ മാസത്തിൽ ഏകദേശം 10,000 രൂപയാണ് സമ്പാദിക്കുന്നത്. അവരുടെ വാടകവീട് പങ്കിടുന്ന രണ്ട് ഭർത്തൃസഹോദരന്മാരും പ്രദേശത്തുള്ള ഒരു തുണിക്കടയിൽ ജോലി ചെയ്യുന്നു. വാടകയിനത്തിൽ അവർ രണ്ടുപേരും 2,300 രൂപവീതം കൊടുക്കുന്നുമുണ്ട്.
മഞ്ഞ ത്രികോണത്തിന്റെ ചിത്രങ്ങളുള്ള ചുവന്ന സൽവാർ കമ്മീസായിരുന്നു സുനിത ധരിച്ചിരുന്നത്. അതിനോട് ചേരുന്ന മട്ടിൽ, മെലിഞ്ഞ കൈത്തണ്ടയിൽ നിറമുള്ള വളകളും അണിഞ്ഞിരുന്നു. മങ്ങിയ പാദസരങ്ങൾക്കു താഴെ, കാലിലെ മൈലാഞ്ചിനിറം അല്പം നിറം മങ്ങിയിരുന്നു. സ്വയം ഉപവാസത്തിലാണെങ്കിലും വീട്ടുകാർക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കിക്കൊണ്ടാണ് അവർ ഞങ്ങളോട് സംസാരിക്കാൻ ഇരുന്നത്. “വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോഴേക്കും എന്റെ മുഖത്തിന് വാട്ടമുണ്ടായി”, തന്റെ പഴയ തുടുത്ത മുഖം ഓർമ്മിച്ചുകൊണ്ട് അവർ പറയുന്നു. 18 വയസ്സിൽ വിവാഹം കഴിക്കുമ്പോൾ 50 കിലോഗ്രാം ഭാരമുണ്ടായിരുന്ന അവർക്കിപ്പോൾ 40 കിലോഗ്രാം ഭാരമേയുള്ളു. 5 അടി ഒരിഞ്ച് ഉയരവും.
അനീമിയ (രക്തക്കുറവ്) ഉള്ളതുകൊണ്ടായിരിക്കണം അവരുടെ മുഖത്ത് ക്ഷീണവും ശരീരത്തിന് തളർച്ചയും. ഈ അവസ്ഥ അനുഭവിക്കുന്ന 15-നും 49-നുമിടയിൽ പ്രായമുള്ള ഇന്ത്യയിലെ 57 ശതമാനം സ്ത്രീകളിൽ ഒരുവളാണ് സുനിത. 2021 സെപ്റ്റംബറിനുശേഷം നജാഫ്ഗറിലെ ഒരു സ്വകാര്യ ക്ലിനിക്കിൽനിന്ന് പത്തുദിവസത്തിൽ ഒരിക്കൽ അവർ ചികിത്സ തേടുന്നു. ഓരോ തവണയും മരുന്നിനും വൈദ്യോപദേശത്തിനുമായി 500 രൂപ ചിലവിടണം. കോവിഡ്-19-നെക്കുറിച്ചുള്ള പേടികാരണം സർക്കാർ കേന്ദ്രത്തിലേക്ക് പോകുന്നത് അവർ നിർത്തി. മാത്രമല്ല, സ്വകാര്യ ക്ലിനിക്കാവുമ്പോൾ വീട്ടുപണികളൊക്കെ കഴിഞ്ഞ്, വൈകുന്നേരം പോകാനും കഴിയും. നീണ്ട ക്യൂവും ഉണ്ടാവില്ല.
മറ്റ് മുറികളിൽനിന്നുള്ള കുട്ടികളുടെ ബഹളം ഞങ്ങളെ തടസ്സപ്പെടുത്തി. “എന്റെ മുഴുവൻ ദിവസവും ഇങ്ങനെ പോകും”, കുട്ടികൾതമ്മിലുള്ള ബഹളത്തെ സൂചിപ്പിച്ച് അവർ പറഞ്ഞു. “ഗർഭത്തെക്കുറിച്ച് അറിഞ്ഞപ്പോൾ വല്ലാത്ത മാനസികസമ്മർദ്ദത്തിലായി ഞാൻ. ‘വരുന്നതുപോലെ വരട്ടെ‘ എന്ന് ഭർത്താവ് പറഞ്ഞു. അനുഭവിക്കേണ്ടത് ഞാനാണല്ലോ. അല്ലേ? കുട്ടിയെ വളർത്തലും എല്ലാം എന്റെ പണിയാണല്ലോ”, ആകെ നിരാശയായ മട്ടിൽ അവർ പറയുന്നു.
ഗർഭിണിയാണെന്നറിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ 1,000 രൂപ ചിലവാക്കി, നജാഫ്ഗർ-ധൻസ റോഡിലുള്ള ഒരു സ്വകാര്യ ക്ലിനിക്കിൽ ചെന്ന് അൾട്രാസൌണ്ട് സ്കാൻ നടത്തി സുനിത. അവരെ അനുഗമിച്ചിരുന്ന ആശാ പ്രവർത്തക സുനിതയെ പിന്നീട്, വീട്ടിൽനിന്ന് ഒമ്പത് കിലോമീറ്റർ അകലെ ജാഫർപുരിൽ സർക്കാർ ഉടമസ്ഥതയിലുള്ള റാവു തുല റാം മെമ്മോറിയൽ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കോപ്പർ-ടി എടുത്തുമാറ്റണമെന്നും ഗർഭച്ഛിദ്രം നടത്തണമെന്നും അവർ ആഗ്രഹിച്ചിരുന്നു. പൊതുജനാരോഗ്യകേന്ദ്രത്തിൽ ഇത് സൌജന്യവുമായിരുന്നു.
“കോപ്പർ-ടി മാറ്റാൻ പറ്റില്ലെന്നും പ്രസവസമയത്ത് കുഞ്ഞിനോടൊപ്പം അത് പുറത്തേക്ക് വരുമെന്നും ജാഫർപുരിലെ ഡോക്ടർ പറഞ്ഞു”, മാത്രമല്ല, ഭ്രൂണത്തിന് മൂന്ന് മാസം പ്രായമായതിനാൽ, ഗർഭച്ഛിദ്രം നടത്താൻ ബുദ്ധിമുട്ടാകുമെന്നുമാത്രമല്ല, ചിലപ്പോൾ മരണത്തിനും കാരണമായേക്കാമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. “റിസ്കെടുക്കാൻ ഡോക്ടർമാർ തയ്യാറല്ലായിരുന്നു”, സുനിത പറയുന്നു.
“ജീവനെക്കുറിച്ചോർത്ത് എനിക്ക് അശങ്കയുണ്ടായിരുന്നില്ല. എനിക്ക് മറ്റൊരു കുട്ടിയെ ആവശ്യമുണ്ടായിരുന്നില്ല”, അവർ എന്നോട് പറഞ്ഞു. അവർ ഒറ്റയ്ക്കല്ല. എൻ.എഫ്.എച്ച്.എസ്.-5 റിപ്പോർട്ടുപ്രകാരം, വിവാഹിതരായ സ്ത്രീകളിൽ 85 ശതമാനത്തിനും, രണ്ടാമത്തെ കുട്ടിക്കുശേഷം വീണ്ടും പ്രസവിക്കാൻ താത്പര്യമില്ലായിരുന്നു.
ഗർഭം എടുത്തുകളയാൻ മറ്റൊരു സർക്കാർ ആശുപത്രിയിൽ പോകാൻ സുനിത തീരുമാനിച്ചു. 2020 ഫെബ്രുവരിയിൽ, നാലുമാസം ഗർഭിണിയായിരുന്നപ്പോഴാണ് ആശാ പ്രവർത്തക സുനിതയെ സെൻട്രൽ ദില്ലി ജില്ലയിലെ ലേഡി ഹാർഡിംഗ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്. നജാഫ്ഗറിൽനിന്ന് 30 കിലോമീറ്റർ ദൂരെയായിരുന്നു അത്. 120 രൂപവീതം ചിലവഴിച്ച്, ആ രണ്ട് സ്ത്രീകളും ആ ദിവസം ദില്ലി മെട്രോയിൽ യാത്ര ചെയ്തു. ഗോപാൽ നഗർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോകടർമാരുമായി സംസാരിച്ചതിനുശേഷം, ലേഡി ഹാർഡിംഗിലെ ഡോക്ടർ ആശുപത്രിയിൽവെച്ച് ഗർഭച്ഛിദ്രം നടത്താൻ തീരുമാനിച്ചു.
“അവരെന്താണ് സംസാരിച്ചതെന്ന് എനിക്കറിയില്ല. അവർതമ്മിൽ സംസാരിച്ചു. ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചു”, സുനിത പറയുന്നു. ആദ്യം ചില രക്തപരിശോധനകൾ നടത്തിയെന്നും അതിനുശേഷം മരുന്നുകൾ പ്രയോഗിച്ചുവെന്നും മാത്രമേ അവർ ഓർക്കുന്നുള്ളു. “എന്തുതരം മരുന്നാണെന്ന് എനിക്കോർമ്മയില്ല. അവർ അകത്ത് എന്തൊക്കെയോ മരുന്ന് പുരട്ടി വൃത്തിയാക്കി. എനിക്കാണെങ്കിൽ ഉള്ളിൽ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. തലചുറ്റുന്നപോലെയും തോന്നി”, അവർ പറയുന്നു. ഭർത്താവ് കൂടെ വന്നിരുന്നുവെങ്കിലും “അയാൾക്ക് അതത്ര സമ്മതമായിരുന്നില്ല” എന്ന് സുനിത സൂചിപ്പിക്കുന്നു.
വലിച്ചെടുത്ത പൊട്ടിയ കോപ്പർ-ടി ഡോക്ടർമാർ സുനിതയ്ക്ക് കാണിച്ചുകൊടുത്തു. അലസിപ്പിച്ച ഭ്രൂണത്തിന് നാലുമാസം പ്രായമുണ്ടായിരുന്നുവെന്ന് ആശുപത്രിയിലേക്ക് സുനിതയെ അനുഗമിച്ച സോണി ഝാ എന്ന ആശാ പ്രവർത്തക പറയുന്നു. “അവൾ വളരെ മൃദുസ്വഭാവക്കാരിയായതുകൊണ്ട് സാധാരണ പ്രസവംപോലെത്തന്നെ അതിനെ പുറത്തെടുക്കേണ്ടിവന്നു“, സോണി പറയുന്നു.
ട്യൂബുകൾ കൂട്ടിക്കെട്ടുന്ന രീതി വേണമെന്ന് സുനിതയ്ക്ക് നിർബന്ധമായിരുന്നു. പക്ഷേ 2020 മാർച്ച് 19-ന് കോവിഡ് 19 ആരംഭിച്ചു. അതിനാൽ ഒരുവർഷം കഴിഞ്ഞിട്ടേ അതിനവർക്ക് സാധിച്ചുള്ളു. ഇത്തവണ ബിഹാറിൽവെച്ചായിരുന്നു
അലസിപ്പിക്കൽ സുനിതയുടെ യുദ്ധത്തിന്റെ പകുതിഭാഗം മാത്രമായിരുന്നു. ഫലോപ്പിയൻ ട്യൂബുകളെ കൂട്ടിക്കെട്ടുന്ന പ്രക്രിയയായിരുന്നു (അഥവാ വന്ധ്യംകരണം) സുനിത ആഗ്രഹിച്ചിരുന്നത്. ഗർഭം അലസിപ്പിച്ച ദിവസംതന്നെ, അതേ ആശുപത്രിയിൽവെച്ച് അത് ചെയ്യണമെന്ന് അവൾ ആഗ്രഹിച്ചുവെങ്കിലും ഡോക്ടർമാർ അത് അന്ന് ചെയ്യുകയുണ്ടായില്ല. “ശസ്ത്രക്രിയയ്ക്കുള്ള വസ്ത്രത്തിലേക്ക് മാറിയപ്പോഴാണ് ചുമയ്ക്കാൻ തുടങ്ങിയത്. അതുകൊണ്ട് ഡോക്ടർമാർ റിസ്കെടുക്കാൻ തയ്യാറായില്ല” സുനിത പറയുന്നു. അബോർഷൻ കഴിഞ്ഞ് നാലുദിവസം കഴിഞ്ഞപ്പോൾ സുനിതയ്ക്ക് അന്തര കുത്തിവെപ്പ് കൊടുത്ത് ആശുപത്രിയിൽനിന്ന് പറഞ്ഞയച്ചു.
ട്യൂബുകൾ കൂട്ടിക്കെട്ടുന്ന രീതി വേണമെന്ന് സുനിതയ്ക്ക് നിർബന്ധമായിരുന്നു. പക്ഷേ 2020 മാർച്ച് 19-ന് കോവിഡ് 19 ആരംഭിച്ചു. അതിനാൽ ഒരുവർഷം കഴിഞ്ഞിട്ടേ അതിനവർക്ക് സാധിച്ചുള്ളു. ഇത്തവണ അത് ചെയ്തത് ബിഹാറിൽവെച്ചായിരുന്നു. 2021 ഫെബ്രുവരിയിൽ സുനിതയും കുടുംബവും ഭർത്തൃസഹോദരന്റെ കല്യാണത്തിന് ഹനുമാൻ നഗർ ബ്ലോക്കിലെ കൊൽഹന്ത പടോരി എന്ന സ്വന്തം ഗ്രാമത്തിലേക്ക് പോയി. അവിടെവെച്ച് അവർ ഒരു ആശാ പ്രവർത്തകയെ കാണുകയും അവർ സുനിതയെ ദർഭംഗയിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. “ആ ആശാ പ്രവർത്തക ഇപ്പോഴും എന്നെ വിളിച്ച് സുഖാന്വേഷണം നടത്താറുണ്ട്”, സുനിത പറയുന്നു.
“അവിടെ, ദർഭംഗയിൽ അവർ നിങ്ങളെ ബോധം കെടുത്തില്ല. നിങ്ങൾ അലറിക്കരഞ്ഞാലും ആരും കാര്യമാക്കില്ല”, അവർ ഓർക്കുന്നു. വന്ധ്യംകരണത്തിന് വിധേയയായതിനാൽ സർക്കാരിൽനിന്ന് 2,000 രൂപ നഷ്ടപരിഹാരത്തിന് അവർക്ക് അർഹതയുണ്ടായിരുന്നു. “ആ പണം എന്റെ ബാങ്ക് അക്കൌണ്ടിൽ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഞാനാരോടും അന്വേഷിച്ചിട്ടുമില്ല”, അവർ പറയുന്നു.
പറഞ്ഞുനിർത്തുമ്പോൾ അവരുടെ മുഖത്ത് ആശ്വാസമായിരുന്നു. “എന്തായാലും അതെനിക്ക് ചെയ്യാൻ പറ്റി എന്നത് നല്ല കാര്യമാണ്. ഞാൻ രക്ഷപ്പെട്ടു. അല്ലായിരുന്നെങ്കിൽ ഇടയ്ക്കിടയ്ക്ക് ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവുമായിരുന്നു. ഇപ്പോൾ ഒരു വർഷമായി. എനിക്ക് കുഴപ്പമൊന്നുമില്ല. രണ്ട് കുട്ടികൾകൂടി ഉണ്ടായിരുന്നെങ്കിൽ എന്റെ ജീവിതം തീർന്നേനേ”. പക്ഷേ അവർക്ക് ഒരു കുറ്റബോധവും ഇടയ്ക്ക് തോന്നാറുണ്ട്. “ഈ കാര്യത്തിനായി വിവിധ ആശുപത്രികളിലും ഡോക്ടർമാരുടെയടുത്തും എനിക്ക് പോകേണ്ടിവന്നു. എന്റെ മാനത്തിന് അതുകൊണ്ടെന്തെങ്കിലും ക്ഷതമുണ്ടായിട്ടുണ്ടാവുമോ, ഒന്ന് പറയൂ”
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടിക ളേയും യുവതികളെയും കുറിച്ച് പ്രോജക്ട് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാ ൽ പാര്ശ്വവത്കൃതരുമായ മേല്പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്റെ ഭാഗമാണ് ഈ പ്രോജക്ട്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത് എഴുതുക.
പരിഭാഷ: രാജീവ് ചേലനാട്ട്