"ഞാനെന്‍റെ ബാഗിൽ കരുതി വച്ചിരുന്ന വാഴപ്പഴം മാത്രം കഴിച്ചാണ് കഴിഞ്ഞത്," മാർച്ച് 22-ലെ 'ജനതാ കർഫ്യു' ദിനം താനെങ്ങനെ അതിജീവിച്ചുവെന്ന്  സുരേന്ദ്ര റാം  എന്നോട് ഫോണിൽ പറഞ്ഞു. മുംബൈയിലെ മിക്കവാറും എല്ലാ കട കമ്പോളങ്ങളും അടഞ്ഞു കിടക്കുകയും ആളുകള്‍ വീടിനു വെളിയിലിറങ്ങാതെ ഇരിക്കുകയും ചെയ്ത അന്നേ ദിവസം സുരേന്ദ്ര പരേലിലെ ടാറ്റാ മെമ്മോറിയൽ ആശുപത്രിക്കടുത്തുള്ള ഒരു നടപ്പാതയിൽ കഴിച്ചുകൂട്ടി.

37-കാരനായ സുരേന്ദ്രയ്ക്ക് ഓറൽ കാൻസറാണ്.

കർഫ്യുവിനു മുൻപുള്ള ഒരാഴ്ചയോളം ആ നടപ്പാത തന്നെയായിരുന്നു സുരേന്ദ്രയുടെ ‘വീട്’ - സൗത്ത് സെൻട്രൽ മുംബൈയിലെ സർക്കാർ പിന്തുണയുള്ള, ജീവകാരുണ്യ സേവനം നടത്തുന്ന, കാൻസർ രോഗികൾക്ക് കുറഞ്ഞ ചിലവില്‍ ചികിത്സ ലഭ്യമായ ഈ ആശുപത്രിയിൽ എത്തിയ സുരേന്ദ്രയടക്കമുള്ള പല രോഗികൾക്കും കർഫ്യു ദിനത്തിലും വഴിയരികിൽ തന്നെ കഴിയേണ്ടി വന്നു. ഇന്ത്യയിലുടനീളമുള്ള പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള പലരും ചികിത്സയ്ക്കായി ഇവിടെയെത്തുന്നു.

"എന്‍റെ പരിശോധനകൾ എല്ലാം കഴിഞ്ഞു," സുരേന്ദ്ര പറഞ്ഞു. "ഡോക്ടർ എന്നോട് നാല് മാസം കഴിഞ്ഞു വരാൻ പറഞ്ഞു." എന്നാൽ ട്രെയിൻ സർവീസുകൾ വെട്ടിച്ചുരുക്കുകയും പിന്നീട് മാർച്ച് 25-നു നടപ്പാക്കിയ രാജ്യവ്യാപകമായ ലോക്ക്ഡൗണോടുകൂടെ നിർത്തലാക്കുകയും ചെയ്തതിനാൽ അദ്ദേഹത്തിന് ബിഹാറിലെ സമസ്തിപ്പൂർ ജില്ലയിലെ പൊത്തിലിയ ഗ്രാമത്തിലുള്ള തന്‍റെ വീട്ടിലേക്കു തിരിച്ചുപോകാനായില്ല. "ഇപ്പോൾ അവർ പറയുന്നത് 21 ദിവസം എല്ലാം അടഞ്ഞു തന്നെ കിടക്കുമെന്നാണ്. എനിക്ക് വർത്തയൊന്നും അറിയാൻ കഴിയുന്നില്ല. ആൾക്കാരോട് ചോദിച്ചാണ് ഞാനിതൊക്കെ അറിയുന്നത്. അതുവരെ ഞാനീ ഫുട്പാത്തിൽ തന്നെ താമസിക്കണോ?" സുരേന്ദ്ര ചോദിക്കുന്നു.

മാർച്ച്  20 ന് ഞാൻ സുരേന്ദ്രയെ കണ്ടപ്പോൾ, അദ്ദേഹം നിലത്തു വിരിച്ച ഓറഞ്ച് നിറത്തിലുള്ള ഒരു പ്ലാസ്റ്റിക് ഷീറ്റിൽ ഇരുന്നു വായുടെ ഒരു വശത്ത് കൂടി വാഴപ്പഴം കഴിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഇടതുവശത്തെ മൂക്കിലൂടെ ഒരു പൈപ്പ് ഇട്ടിട്ടുണ്ടായിരുന്നു. “ഭക്ഷണം എന്‍റെ തൊണ്ടയിൽ നിന്ന് ഇറങ്ങില്ല, അതിനുവേണ്ടിയാണീ പൈപ്പ്,” അദ്ദേഹം പറഞ്ഞു. ഷീറ്റിൽ വച്ചിരുന്ന ഒരു കറുത്ത ബാഗിൽ അദ്ദേഹം തന്‍റെ വസ്ത്രങ്ങളും, മെഡിക്കൽ റിപ്പോർട്ടുകളും, മരുന്നുകളും, വാഴപ്പഴങ്ങളും സൂക്ഷിച്ചിരുന്നു.

പകൽ സമയങ്ങളിൽ പോലും നടപ്പാതയിൽ എലികൾ ഓടുന്നുണ്ടായിരുന്നു. ചിലയിടങ്ങളിൽ രോഗികൾക്ക് സമീപം എലികൾ ചത്തു കിടക്കുന്നുണ്ടായിരുന്നു. രാത്രികളിൽ ഓടിനടക്കുന്ന വലിയ എലികളുടെ എണ്ണം കൂടുന്നതിനാൽ ഇവിടുത്തെ അവസ്‌ഥ പിന്നെയും മോശമാകുന്നു.

Left: Pills, ointments, gauze and bandage that belong to the cancer patients living on the footpath near the Tata Memorial Hospital. Right: Peels of bananas eaten by Surendra Ram, an oral cancer patient. Surendra survived on the fruit during the Janata Curfew on March 22
PHOTO • Aakanksha
Left: Pills, ointments, gauze and bandage that belong to the cancer patients living on the footpath near the Tata Memorial Hospital. Right: Peels of bananas eaten by Surendra Ram, an oral cancer patient. Surendra survived on the fruit during the Janata Curfew on March 22
PHOTO • Aakanksha

ഇടത് : ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിനടുത്തുള്ള നടപ്പാതയിൽ താമസിക്കുന്ന കാൻസർ രോഗികളുടെ ഗുളികകളും, ഓയി ന്‍റ്മെന്‍റു കളും , ബാൻഡേജുകളും. വലത്: ഓറൽ ക്യാൻസർ രോഗിയായ സുരേന്ദ്ര റാം കഴിച്ച വാഴപ്പഴത്തിന്‍റെ തൊലികൾ. മാർച്ച് 22-ലെ ജനത കർഫ്യൂവിൽ ഈ പഴങ്ങൾ മാത്രം ഭക്ഷിച്ചാണ്‌  സുരേന്ദ്ര കഴിച്ചുകൂട്ടിയത്.

ഞാൻ അദ്ദേഹത്തെ കണ്ട ദിവസം വരെ, സ്വയരക്ഷയ്ക്കായി ഒരു മാസ്കുപോലും അദ്ദേഹത്തിന്‍റെ കയ്യിൽ ഇല്ലായിരുന്നു. പച്ച നിറത്തിലുള്ള ഒരു തോർത്തുകൊണ്ടാണ് അദ്ദേഹം മൂക്കും വായും മൂടിയിരുന്നത്. പിറ്റേ ദിവസം ആരോ അദ്ദേഹത്തിന് ഒരു മാസ്ക് കൊടുത്തു. അദ്ദേഹം അവിടെയുള്ള ഒരു പൊതു ശൗചാലയവും അവിടെ വച്ചിരിക്കുന്ന സോപ്പുമാണ് ഉപയോഗിക്കുന്നത്.

“അവർ കൈകഴുകി സുരക്ഷിതമായിരിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നു, പക്ഷേ ഞങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി അവർ എന്തുകൊണ്ട് ഒന്നും ചെയ്യുന്നില്ല?” അദ്ദേഹം ചോദിക്കുന്നു. “ഞങ്ങളും രോഗികളാണ്.”

ലോകാരോഗ്യ സംഘടനയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും കടുത്ത കോവിഡ്-19 അണുബാധയ്ക്ക് സാധ്യതയുള്ള വിഭാഗങ്ങളെ പെടുത്തിയിട്ടുള്ള പട്ടികയില്‍ കാൻസർ ബാധിച്ചവരും ഉൾപ്പെടുന്നു. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ശുചിത്വമോ ഇല്ലാതെ തുറന്ന സ്ഥലത്ത് കഴിയുന്ന ഇവർ അഭിമുഖീകരിക്കുന്ന അപകടസാധ്യത സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ.

സാമൂഹിക സമ്പർക്കം കുറയ്ക്കുന്നതിനും ആളുകൾ വീടിനുള്ളിൽ തന്നെ തുടരുന്നതിനും വേണ്ടിയാണ് ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ മുംബൈയിൽ ഒരു മുറി വാടകയ്‌ക്കെടുക്കാൻ സുരേന്ദ്രയ്ക്ക് കഴിയില്ല. "ഈ സിറ്റിയിൽ വരുമ്പോഴൊക്കെ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. താമസിക്കാൻ ഞാൻ എവിടെ സ്‌ഥലം കണ്ടെത്താനാണ്?" അദ്ദേഹം ചോദിക്കുന്നു. മുംബൈയിൽ പലയിടത്തും ചിലവു കുറഞ്ഞ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ധർമ്മശാലകളെക്കുറിച്ചു (ഡോർമിറ്ററികൾ) അദ്ദേഹത്തിനറിയില്ല. "ഇവിടെയെനിക്കാരെയും പരിചയമില്ല. ഞാൻ ആരോട് ചോദിക്കാനാണ്?" അദ്ദേഹം പറയുന്നു.

ഒരു വർഷത്തിലേറെയായി ഒറ്റയ്ക്കാണ് സുരേന്ദ്ര മുംബൈയിലേക്ക്  ടാറ്റ ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി വരുന്നത്. ഗ്രാമത്തിലെ വീട്ടിൽ അദ്ദേഹത്തിന് ഭാര്യയും അഞ്ചും രണ്ടും വയസ്സുള്ള രണ്ടു കുട്ടികളുമുണ്ട്. "ഒരു വർഷം മുൻപുവരെ ഞാൻ ബാംഗ്ലൂരിൽ ഒരു ദവാഘാനയിൽ (ഡിസ്‌പെൻസറി) ജോലി ചെയ്തിരുന്നു, പിന്നീട് കാൻസർ കാരണം ജോലി ഉപേക്ഷിക്കാൻ നിർബന്ധിതനായി," അദ്ദേഹം പറയുന്നു. മാസത്തിൽ 10000 രൂപ വരുമാനമുണ്ടായിരുന്നു, സ്വന്തം ചെലവ് കഴിച്ചു ബാക്കി അദ്ദേഹം ഗ്രാമത്തിലെ തന്‍റെ കുടുംബത്തിന് അയച്ചു കൊടുക്കുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ വരുമാനമൊന്നുമില്ലാത്തതിനാൽ അദ്ദേഹം തന്‍റെ ബന്ധുക്കളെ ആശ്രയിച്ചാണ് കഴിയുന്നത്. "എന്‍റെ കയ്യിൽ പണമൊന്നുമില്ല, മുംബൈയിക്കു വരേണ്ടി വരുമ്പോൾ എന്‍റെ അളിയൻ (ഭാര്യയുടെ സഹോദരൻ) പണം തന്നു സഹായിക്കുന്നു."

The footpath near the hospital has been home to Surendra. His check-up done, he can longer go back home to Potilia village in Bihar as trains were suspended for the 21-day nationwide lockdown from March 25. And he cannot afford to rent a room in Mumbai
PHOTO • Aakanksha

ആശുപത്രിക്കരികിലുള്ള നടപ്പാതയാണിപ്പോൾ സുരേന്ദ്രക്ക് വീട് . അദ്ദേഹത്തിന്‍റെ പരിശോധനകൾ എല്ലാം കഴിഞ്ഞു. പക്ഷെ മാർച്ച് 25-നു നടപ്പാക്കിയ 21  ദിവസത്തെ രാജ്യവ്യാപകമായ ലോക്ക്ഡൗണോടു കൂടെ ട്രെയിൻ സേവനങ്ങൾ നിർത്തിയതിനാൽ ബിഹാറിലെ പൊത്തിലിയ ഗ്രാമത്തിലുള്ള തന്‍റെ വീട്ടിലേക്കു തിരിച്ചുപോകാൻ അദ്ദേഹത്തിന് കഴിയുന്നില്ല. മുംബൈയിലെ മുറി വാടകയും അദ്ദേഹത്തിന് താങ്ങാനാവുന്നതല്ല.

ആശുപത്രിയിൽ ചികിത്സാക്കായി സുരേന്ദ്രയ്ക്ക് "നോ ചാർജസ് " ഇളവുണ്ട്. "എന്‍റെ കീമോയുടെയും മറ്റു ചികിത്സകളുടെയും ഫീസിന് ഇളവുണ്ട്, മറ്റു ചിലവുകൾ ആശുപത്രി തന്നെ വഹിക്കുന്നു. എന്നാൽ ദിവസങ്ങളോളം മുംബൈയിൽ താമസിക്കാൻ വളരെ ബുദ്ധിമുട്ടാണ്," സുരേന്ദ്ര പറയുന്നു.

രാവിലെ ആശുപത്രിക്കരികിലുള്ള നടപ്പാതകളിലുള്ള രോഗികൾക്കു  റൊട്ടിയും വാഴപ്പഴവും കിട്ടും. വൈകുന്നേരം മസാല ചേർത്ത ചോറും. ഇന്നലെ (മാർച്ച് 29) രാവിലെയാണ് സന്നദ്ധസേവകർ വിതരണം ചെയ്ത പാൽ അദ്ദേഹത്തിന് ആദ്യമായി ലഭിച്ചത്.

ധാരാളം വെള്ളം കുടിക്കുവാൻ ഡോക്ടർ സുരേന്ദ്രയോടു പറഞ്ഞിട്ടുണ്ട്. "ചിലർ ഞങ്ങൾക്ക് ഭക്ഷണം എത്തിച്ചു തരാറുണ്ട്, എന്നാൽ അവർ വെള്ളം കൊണ്ടുവരാറില്ല; കർഫ്യു (ലോക്ക്ഡൗൺ ) സമയത്തു കുടിക്കാനുള്ള വെള്ളം കിട്ടാൻ ബുദ്ധിമുട്ടാണ്," അദ്ദേഹം പറയുന്നു.

സുരേന്ദ്ര ഇരിക്കുന്നിടത്ത് നിന്ന് കുറച്ച് മാറിയാണ്  സഞ്ജയ് കുമാറിന്‍റെ കുടുംബം കഴിയുന്നത്. മാർച്ച് 20-ന് ഞാൻ അവരെ കണ്ടപ്പോൾ, സഞ്ജയ്  നടപ്പാതയിൽ വിരിച്ച ഒരു പായയിൽ സിമന്‍റ് ബ്ലോക്കിൽ തല വച്ച്  കിടക്കുകയായിരുന്നു. ഈ 19 വയസുകാരന്  (മുകളിലുള്ള കവർ ഫോട്ടോ) അസ്ഥിയിൽ കാൻസറായതിനാൽ വലതു കാൽ ചലിപ്പിക്കാൻ കഴിയില്ല. മൂത്ത സഹോദരൻ വിജയും ചേടത്തി പ്രേംലതയും ഒരു മാസത്തിലേറെയായി നടപ്പാതയിൽ അദ്ദേഹത്തോടൊപ്പം താമസിച്ചുവരുന്നു.

For two days, Satender (left) and Geeta Singh (right) from Solapur, lived on the footpath, where rats scurry around. Geeta has liver cancer, and her check-up on April 1 has been postponed
PHOTO • Aakanksha

രണ്ടു ദിവസമായി സോലാപൂരിൽ നിന്നുള്ള സതേന്ദറും (ഇടത്) ഗീത സിങ്ങും (വലത്; ഇവർക്ക് ലിവർ കാൻസറാണ്) എലികൾ ഓടിനടക്കുന്ന നടപ്പാതയിൽ താമസിക്കുന്നു.

“ഈ കർഫ്യൂ [ലോക്ക്ഡൗൺ] ഞങ്ങളുടെ അവസ്‌ഥ കൂടുതൽ വഷളാക്കിയിരിക്കുകയാണ്, ഈ സമയത്തു ഭക്ഷണം കണ്ടെത്താൻ  ബുദ്ധിമുട്ടാണ്. സഹായിക്കാൻ ആരുമില്ലാത്തപ്പോൾ ഞങ്ങൾ റൊട്ടിയും ബിസ്കറ്റും മാത്രം കഴിച്ചു കഴിയുന്നു,” കുറച്ച് ദിവസങ്ങൾക്ക് ശേഷം ഫോണിൽ സഞ്ജയ് എന്നോട് പറഞ്ഞു,

സഞ്ജയ്‌ക്ക് എളുപ്പം എഴുന്നേൽക്കാനോ നടക്കാനോ കഴിയില്ല. ആശുപത്രിക്കടുത്തുള്ള പൊതു കക്കൂസ് വരെ നടന്നു പോകാൻ പോലും വളരെ പ്രയാസമാണ്. "ദിവസം മുഴുവൻ ഞാനിവിടെ ശരീരമനക്കാനാകാതെ കിടക്കുന്നു. എനിക്ക് ആശുപത്രിയിൽ നിന്ന് ഒരുപാടു ദൂരെ താമസിക്കാനാകില്ല," അദ്ദേഹം പറയുന്നു. നടന്നാൽ അദ്ദേഹത്തിനു വലതു കാലിൽ രക്തസ്രാവമുണ്ടാകും, മൂന്നു ദിവസങ്ങൾക്കു മുൻപ് ഡോക്ടർമാർ അവിടെ ഒരു പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.

ഈ കുടുംബം മുംബൈയിലേക്ക്‌ ആദ്യമായിട്ടാണ് വരുന്നത്. "ഞാനറിഞ്ഞത് മുംബൈയിലെ സൗകര്യങ്ങൾ മറ്റിടങ്ങളില്‍ ഉള്ളതിനേക്കാളും നല്ലതാണെന്നാണ്. എന്നാൽ നടപ്പാതയിലെ താമസവും ഒരു നേരമെങ്കിലും ശരിയായ ഭക്ഷണത്തിനായുള്ള കാത്തിരിപ്പുമാണ് ഞങ്ങൾക്ക് കിട്ടിയ സൗകര്യങ്ങൾ," വിജയ് പറയുന്നു. അവർക്കും കുറഞ്ഞ നിരക്കിലുള്ള താമസച്ചിലവ് താങ്ങാനാവുന്നതല്ല. ധർമ്മശാലകളെക്കുറിച്ചു അറിയില്ലെന്നും അവർ പറഞ്ഞു.

"എല്ലാ ദിവസവും ചില പരിശോധനകൾക്കായി ഞങ്ങൾക്ക് ഡോക്ടറെ കാത്തിരിക്കേണ്ടതുണ്ട്," വിജയ് പറയുന്നു. "ഞങ്ങൾക്ക് ഇപ്പോൾ വീട്ടിലേക്കു തിരിച്ചു പോകാനാവില്ല." മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ ബൈഹാർ ബ്ലോക്കിലാണ് ഇവരുടെ വീട്.

ഗ്രാമത്തിൽ ഇവരുടെ അച്ഛനമ്മമാർ തങ്ങളുടെ പുത്രന്മാരും മരുമകളും സുരക്ഷിതമായി തിരിച്ചെത്തുന്നതിനായി കാത്തിരിക്കുന്നു. ആ കുടുംബത്തിൽ വരുമാനമുള്ള ഏക അംഗമാണ് വിജയ്. ഇദ്ദേഹം കെട്ടിടനിർമ്മാണ സൈറ്റുകളിൽ ജോലി ചെയ്തു മാസത്തിൽ 7000 - 10000 രൂപ സമ്പാദിക്കുന്നു. സഞ്ജയുടെ സഹായത്തിനു മുംബൈയിലേക്ക്‌ വന്ന ശേഷം ഈ വരുമാനവും ഇല്ലാതായി. അവരുടെ മിതമായ സമ്പാദ്യമുപയോഗിച്ചാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്.

"ഞങ്ങൾ കടകളിലും ഹോട്ടലുകളിലും നിന്ന് പൂരിയും ഭാജിയും വാങ്ങാറുണ്ടായിരുന്നു. എന്നാൽ എത്ര നാൾ ഇത് കഴിച്ചു കഴിയാനാകും? ചോറും ദാലും ഇവിടെ ചിലവേറിയ ഭക്ഷണമാണ്. ഇവിടെ വാഷ്‌റൂം ഉപയോഗിക്കാനും, ഫോണുകൾ ചാർജ് ചെയ്യാനും ചെലവുണ്ട്, മുംബൈയിൽ  എല്ലാത്തിനും പണച്ചെലവുണ്ട്. ഞാനൊരു കൂലിപ്പണിക്കാരനാണ്," വിജയ് പറയുന്നു. ഒരു ദിവസം ആവശ്യവസ്തുക്കൾക്കായി വിജയ് 100 മുതൽ 200 രൂപ വരെ ചെലവാക്കുന്നു, മരുന്നുകൾ മേടിക്കേണ്ടിവരുമ്പോൾ അതിൽ കൂടുതലും.

നിരവധി സംഘടനകളും വ്യക്തികളും പതിവായി ആശുപത്രിക്കു പുറത്തുള്ള നടപ്പാതകളിൽ  കഴിയുന്ന രോഗികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുകയും അവർക്ക് റൊട്ടി, വാഴപ്പഴം, പാൽ എന്നിവ നൽകുകയും ചെയ്യാറുണ്ട്. എന്നാൽ ലോക്ക്ഡൗൺ ഇതും പ്രയാസകരമാക്കിയിരിക്കുന്നു. "ഞങ്ങൾക്ക് അന്ന് രാത്രി മാത്രമേ ഭക്ഷണം ലഭിച്ചുള്ളൂ," 'ജനതാ കർഫ്യു' ദിനത്തെക്കുറിച്ചു വിജയ് പറയുന്നു. അന്നവർ കുറച്ചു ബ്രെഡും തലേന്നത്തെ സബ്ജിയും കഴിച്ചാണ് കഴിഞ്ഞത്.

ചിലപ്പോൾ പുറത്തു ഭക്ഷണം വിതരണം ചെയ്യുന്ന സമയത്താണ് രോഗികളെ ആശുപത്രിയിലേക്ക് പരിശോധനകൾക്കായി വിളിക്കുന്നത്, അങ്ങനെ അവർക്ക് ഭക്ഷണം കിട്ടാതെ വരുന്നു - കഴിഞ്ഞ തിങ്കളാഴ്ച അതാണ് കരുണാ ദേവിക്ക് സംഭവിച്ചത്. കരുണാ ദേവിക്ക് സ്തനാർബുദമാണ്. ഇവർ ആഴ്ചകളോളമായി ആശുപത്രിയിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെയുള്ള ദാദർ സ്റ്റേഷനടുത്തുള്ള ധർമ്മശാലയിൽ ഒരു കിടക്ക ഒഴിവിനായി കാത്തിരിക്കുകയാണ്. ചില ധർമ്മശാലകൾ ദിവസത്തിൽ 50 മുതൽ 200 രൂപ വരെ ഒരു ദിവസത്തേക്ക് ഈടാക്കുന്നു, ഇത് പല രോഗികൾക്കും താങ്ങാനാവാത്ത ചെലവാണ്.

Left: Ajay , a Class 4 student from Jharkhand, arrived in Mumbai with his parents over two weeks ago. Ajay suffers from blood cancer. His father runs around for his reports and medicines while his mother takes care of him on the footpath. Right: People from poor families across India come to the  Tata Memorial Hospital because it provides subsidised treatment to cancer patients
PHOTO • Aakanksha
Left: Ajay , a Class 4 student from Jharkhand, arrived in Mumbai with his parents over two weeks ago. Ajay suffers from blood cancer. His father runs around for his reports and medicines while his mother takes care of him on the footpath. Right: People from poor families across India come to the  Tata Memorial Hospital because it provides subsidised treatment to cancer patients
PHOTO • Aakanksha

ഇടത് : രക്താർബുദം ബാധിച്ച നാലാം ക്ലാസുകാരനായ അജയ്; തന്‍റെ അച്ഛനമ്മമാരോടൊപ്പം ജാർഖണ്ഡിൽ നിന്ന് രണ്ടാഴ്ച്ച മുമ്പാണ് അജയ് മുംബൈയിൽ എത്തിയത്. അച്ഛൻ മരുന്നുകൾക്കും റിപ്പോർട്ടുകൾക്കുമായി ഓടിനടക്കുമ്പോൾ നടപ്പാതയിൽ അമ്മ അജയിനെ നോക്കുന്നു. വലത്: ഇന്ത്യയിലുടനീളമുള്ള പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവർ കുറഞ്ഞ ചെലവിലുള്ള ചികിത്സയ്ക്കായി ഈ ആശുപത്രിയിൽ വരുന്നു.

മാർച്ച്  20 ന് ഫുട്പാത്തിൽ ഇരുന്നവരിൽ ഭർത്താവ് സതേന്ദറിനൊപ്പം ഗീത സിങ്ങും ഉണ്ടായിരുന്നു. തൊട്ടടുത്തു തന്നെ രണ്ടു കല്ലുകൾക്കിടയിൽ ഞെരുങ്ങി ഒരു ഏലി ചത്തു കിടക്കുന്നുണ്ടായിരുന്നു. ആറ് മാസങ്ങൾക്കു മുൻപാണ് ഗീതയ്ക്ക് വയറ്റിൽ കാൻസറാണെന്നു നിർണ്ണയിച്ചത്, ഇവർ നവംബർ മുതൽ മുംബൈയിൽ തന്നെയാണ്. മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ ഇച്ചാൽകാരൻജി പട്ടണത്തിൽ നിന്നാണ് ഇവർ വരുന്നത്.

നടപ്പാതയിലേക്കു വരുന്നതിന് കുറച്ച് ദിവസം മുമ്പുവരെ, അവർ വടക്കൻ മുംബൈയിലെ ഗോരേഗാവിൽ സതേന്ദറിന്‍റെ ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ കോവിഡ്-19 ഭയം കാരണം ബന്ധു അവരോട് പോകണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. “ഒന്നിടവിട്ട ദിവസങ്ങളിൽ ഞങ്ങൾ ആശുപത്രിയിൽ പോകാറുണ്ടായിരുന്നത് കൊണ്ട്  തന്‍റെ മകന് രോഗം വന്നേക്കുമെന്ന്  അവർ ഭയപ്പെടുന്നുവെന്ന് അവർ പറഞ്ഞു. അതിനാൽ ഞങ്ങൾക്ക് അവിടെ നിന്ന് പോരേണ്ടിവന്നു. ഞങ്ങൾ അതിനു ശേഷം സ്റ്റേഷനുകളിലും ഇപ്പോൾ നടപ്പാതയിലുമാണ് താമസിക്കുന്നത്," ഗീത പറഞ്ഞു.

ഞങ്ങൾ കണ്ടുമുട്ടിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, ആശുപത്രിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള താനെ ജില്ലയിലെ ഡോംബിവാലിയിലെ ഒരു അകന്ന ബന്ധുവിനെ ബന്ധപ്പെടാൻ സതേന്ദറിന് കഴിഞ്ഞു. അവരോട് ഒരുപാട് അപേക്ഷിച്ചതിനു ശേഷം അദ്ദേഹത്തിനും ഗീതയ്ക്കും അവിടേക്ക് താമസം മാറാൻ കഴിഞ്ഞു. താമസത്തിനും ഭക്ഷണത്തിനുമായി അവർ ആ കുടുംബത്തിന് പണം കൊടുക്കുന്നുണ്ട്.

ഗീതയുടെ അടുത്ത പരിശോധന ഏപ്രിൽ ഒന്നിനാണ് തീരുമാനിച്ചിരുന്നത്, അതിനു ശേഷമുള്ള ദിവസങ്ങളിൽ കീമോതെറാപ്പിയും പിന്നെ സർജറിയും. എന്നാൽ ഡോക്ടർ ഇപ്പോൾ പറയുന്നത് ഏപ്രിൽ ഒന്നാം തീയതിയിലെ അപ്പോയിന്‍റ്മെന്‍റ്  സാധ്യമല്ലെന്നും ഇതുവരെ നിർദേശിച്ചിരിക്കുരുന്ന മരുന്നുകളും മുൻകരുതലുകളും തുടരാനുമാണ്. "ഞങ്ങൾക്ക് വീട്ടിൽ കുട്ടികളുടെ അടുത്തേക്ക് മടങ്ങിപ്പോകാൻ പോലും കഴിയുന്നില്ല. ഇവിടെ ആശുപത്രിയി പോകാനും നിവൃത്തിയില്ല. ഒരു സാധനവും കിട്ടാനുള്ള മാര്‍ഗ്ഗമില്ല. ഞങ്ങൾ ഇവിടെ കുടുങ്ങിപ്പോയി," ഗീതയുടെ ആരോഗ്യത്തെക്കുറിച്ചു കൂടുതൽ വര്‍ദ്ധിച്ചു വരുന്ന ആശങ്ക പങ്കുവച്ചുകൊണ്ട് സതേന്ദർ പറഞ്ഞു. "അവള്‍ തുടര്‍ച്ചയായി ഛർദ്ദിച്ചു കൊണ്ടിരിക്കുന്നു."

ഇവർക്ക് പന്ത്രണ്ടും പതിനാറും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. ഇവർ ഇച്ചാൽകരഞ്ചിയിൽ സതേന്ദറിന്‍റെ മൂത്ത സഹോദരനോടൊപ്പമാണ് താമസിക്കുന്നത്. "ഉടനെ തിരിച്ചു ചെല്ലുമെന്നു ഉറപ്പു കൊടുത്തിട്ടാണ് ഞങ്ങൾ വന്നത്. എന്നാൽ ഇപ്പോൾ ഇനിയെന്ന് അവരെ കാണാൻ പറ്റുമെന്ന് ഞങ്ങൾക്കറിയില്ല," ഗീത പറഞ്ഞു. സതേന്ദർ അഞ്ചു മാസം മുൻപ് വരെ ഒരു പവർലൂം ഫാക്ടറിയിൽ മാസം 7,000 രൂപ ശമ്പളത്തിന് ജോലി ചെയ്തിരുന്നു. ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ ട്രസ്റ്റ് അവരുടെ ചികിത്സാ ചെലവിന്‍റെ പകുതി വഹിക്കുമെന്നും, ബാക്കി തന്‍റെ സമ്പാദ്യത്തിൽ നിന്ന് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Left: Jamil Khan, who has oral cancer, moved to a distant relative's home in Nalasopara with his mother and siblings after the lockdown came into effect. They had lived on the street for seven months prior to that. Right: Cancer patients live out in the open opposite the hospital. With little food, water and sanitation, they are at a greater risk of contracting Covid-19
PHOTO • Aakanksha
Left: Jamil Khan, who has oral cancer, moved to a distant relative's home in Nalasopara with his mother and siblings after the lockdown came into effect. They had lived on the street for seven months prior to that. Right: Cancer patients live out in the open opposite the hospital. With little food, water and sanitation, they are at a greater risk of contracting Covid-19
PHOTO • Aakanksha

ഇടത് : വായിൽ കാൻസർ ബാധിച്ച ജമീൽ ഖാൻ ലോക്ക്ഡൗൺ തുടങ്ങിയതിനു ശേഷം നലസൊപാരയിലെ അകന്ന ബന്ധുക്കളുടെ അടുത്തേക്ക് താമസം മാറി. അതുവരെ ഏഴു മാസങ്ങളായി അവർ റോഡരികിൽ കഴിഞ്ഞു വരികയായിരുന്നു. വലത്: കാൻസർ രോഗികൾ ആശുപത്രിക്കു എതിർവശത്തുള്ള തുറന്ന സ്ഥലത്താണ് താമസിക്കുന്നത്, ഇത് കോവിഡ്-19 ബാധിക്കാനുള്ള സാധ്യത കൂടുതലാക്കുന്നു.

വായില്‍ കാൻസർ ബാധിച്ച ജമീൽ ഖാനും ഇതേ ആശങ്കകളാണുള്ളത്. ഇദ്ദേഹം അമ്മ കമർജാഹ, സഹോദരൻ ഷക്കീൽ, സഹോദരി നസ്രീൻ എന്നിവരോടൊപ്പം ഏഴു മാസമായി ആശുപത്രിക്കടുത്തുള്ള നടപ്പാതയിൽ താമസിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിലെ ഗോണ്ടാവ ഗ്രാമത്തിൽ നിന്നാണ് ഇവർ വരുന്നത്. ഇവരുടെ കുടുംബാംഗങ്ങളിൽ മിക്കവരും കര്‍ഷക തൊഴിലാളികളായി ജോലി ചെയ്യുന്നു. ജോലിയുള്ളപ്പോള്‍ പ്രതിദിനം 200 രൂപ ലഭിക്കും. ജോലിയില്ലാത്ത സമയങ്ങളില്‍ തൊഴിലന്വേഷിച്ചു നഗരങ്ങളിലേക്കു കുടിയേറും.

ലോക്ക്ഡൗണിനു ശേഷം ഇവർ ആശുപത്രിയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള നലാസൊപാരയിലെ ഒരു അകന്ന ബന്ധുവിന്‍റെ വീട്ടിലേക്കു താമസം മാറ്റി. "കുറച്ചു നാൾ ഇവിടെ താമസിക്കാൻ അവർ ഞങ്ങളെ അനുവദിച്ചിട്ടുണ്ട്, എന്നാൽ ഇത്രയും നീളുമെന്ന് ഞങ്ങൾ വിചാരിച്ചില്ല ..."

നലാസൊപാരയിലെ ജമീലിന്‍റെ ബന്ധുക്കൾ പുതുതായി നാല് അംഗങ്ങളെക്കൂടി പാർപ്പിക്കാൻ ബുദ്ധിമുട്ടുകയാണ്. "നേരത്തേ തന്നെ അവർ അഞ്ചു പേരുണ്ട്, ഇപ്പോൾ ഞങ്ങളും. ഇത്രയധികം ഭക്ഷണം കരുതിവെക്കാൻ പ്രയാസമാണ്. ഞങ്ങളുടെ മരുന്നുകൾക്ക് ആഴ്ചയിൽ 500 രൂപ ചെലവുണ്ട്. ഞങ്ങളുടെ കയ്യിലെ പണം തീരാറായി," നസ്രീൻ പറഞ്ഞു. ശനിയാഴ്ച ഇവർ കുറച്ചു മരുന്ന് വാങ്ങി വച്ചിട്ടുണ്ട്, അത് കഴിഞ്ഞാൽ എന്ത് ചെയ്യുമെന്ന് അവർക്കൊരു രൂപവുമില്ല. ജമീലിന്‍റെ മുഖത്തിന്‍റെ ഇടതുഭാഗത്തുള്ള കുരു പതിവായി വൃത്തിയാക്കി കെട്ടിവയ്ക്കേണ്ടതാണ്.

നടപ്പാതയിൽ തന്നെ കഴിയുന്നതായിരുന്നു നല്ലതെന്നാണ് ജമീലിനു തോന്നുന്നത്. "ഒന്നുമില്ലെങ്കിലും ആശുപത്രി അടുത്ത് തന്നെയായിരുന്നു. (മുഖത്തിന്‍റെ ഇടതുവശത്തു) രക്തസ്രാവമോ വേദനയോ ഉണ്ടായാൽ ഉടനെ ആശുപത്രിയിലേക്ക് പോകാമായിരുന്നു."

"ഇവിടെ (നലാസൊപാരയിൽ) എന്‍റെ സഹോദരന് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏൽക്കും?" നസ്രീൻ ചോദിക്കുന്നു. "അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ആർക്കെന്ത്?"

"അടിയന്തിരചികിത്സ ആവശ്യമില്ലാത്തവരെ അവരുടെ വീടുകളിലേക്ക് തിരിച്ചയക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഞങ്ങളാൽ കഴിയാവുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നു’" ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലെ പബ്ലിക് റിലേഷൻസ് ടീമിലെ നിലേഷ് ഗോയെൻക എന്നോട് ഫോണിൽ പറഞ്ഞു.

ആശുപത്രിക്കടുത്തുള്ള ഹിന്ദ്മാതാ ബ്രിഡ്ജ് ഫ്ലൈഓവറിന് താഴെ താമസിക്കുന്ന കാൻസർ രോഗികളെക്കുറിച്ച് ഈ വർഷം ജനുവരിയിൽ മുംബൈ മിറർ റിപ്പോർട്ട് ചെയ്തിരുന്നു . അതിനുശേഷം പല രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും പെട്ടെന്ന് തന്നെ ധർമ്മശാലകളിലേക്കു മാറ്റി. നഗരത്തിന്‍റെ മുനിസിപ്പൽ കോർപറേഷൻ ഫ്ലൈഓവറിന് താഴെ മൊബൈൽ ടോയ്‌ലറ്റുകളുള്ള താൽക്കാലിക ഷെൽട്ടറുകൾ ഉണ്ടാക്കുകയെന്നതു പോലുള്ള നടപടികൾ നിർദ്ദേശിക്കുകയുണ്ടായി. അതിനുശേഷം വഴിയോരത്തു താമസിക്കുന്ന, ഞാൻ സംസാരിച്ച ആരും തന്നെ ഇതിനെക്കുറിച്ച് കൂടുതലൊന്നും കേട്ടിട്ടുണ്ടായിരുന്നില്ല.

പരിഭാഷ: പി. എസ്‌. സൗമ്യ

Aakanksha

ஆகாங்ஷா பாரியில் செய்தியாளராகவும் புகைப்படக் கலைஞராகவும் இருக்கிறார். கல்விக் குழுவின் உள்ளடக்க ஆசிரியரான அவர், கிராமப்புற மாணவர்கள் தங்களைச் சுற்றியுள்ள விஷயங்களை ஆவணப்படுத்த பயிற்சி அளிக்கிறார்.

Other stories by Aakanksha
Translator : P. S. Saumia

P. S. Saumia is a physicist currently working in Russia.

Other stories by P. S. Saumia