തട്ട ലക്ഷ്മിയും പൊതാഡ ലക്ഷ്മിയും കനത്ത നഷ്ടം നേരിടുകയാണ്. തട്ട ലക്ഷ്മിക്ക് നൽകേണ്ട കൂലി സർക്കാർ അയച്ചത് പൊതാഡ ലക്ഷ്മിയുടെ അക്കൗണ്ടിലേക്കാണ്. അതുപോലെ ആന്ധ്രപ്രദേശിലെ മുംഗപാക മണ്ഡലത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ തട്ട ലക്ഷ്മിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പൊതാഡ ലക്ഷ്മിയുടെ പണവും പോയി.
അതിനാൽ തന്റെ കൂലിയായ 16,000 രൂപയ്ക്ക് ടി. ലക്ഷ്മിയും തന്റെ കൂലിയായ 9,000രൂപയ്ക്ക് പി ലക്ഷ്മിയും കാത്തിരിക്കുകയാണ്. ദളിതരായ ഈ രണ്ട് സ്ത്രീകളും തൊഴിലുറപ്പ് തൊഴിലാളികളാണ്. ഒരേ മണ്ഡലത്തിലുള്ള മുംഗപാക ഗ്രാമസ്വദേശിയാണ് ടി. ലക്ഷ്മി. പി. ലക്ഷ്മിയാകട്ടെ, ഗണപാർത്ഥി ഗ്രാമത്തിലെ താമസക്കാരിയും.
2016–-2017-ൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എം.ജി.എൻ.ആർ.ഇ.ജി.എ.) കീഴിലുള്ള ഒരു പദ്ധതിയിൽ 95 ദിവസം ടി. ലക്ഷ്മി ജോലി ചെയ്തിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവർ 2015 ഏപ്രിൽ മുതൽ ജോബ്കാർഡുമായി ആധാർ കാർഡ് ലിങ്ക് ചെയ്യണമെന്ന് സർക്കാർ നിഷ്കർഷിച്ചതിനാൽ 95 ദിവസത്തെ കൂലി (ഫീൽഡ് അസിസ്റ്റന്റുമാർ ഈ ദിവസങ്ങളിലെ കണക്കുകൂട്ടിയിട്ടുമില്ല) ടി ലക്ഷ്മിയ്ക്ക് കിട്ടിയിട്ടില്ല.
“18 അക്ക ജോബ് കാർഡ് നമ്പറും 1 2അക്ക ആധാർ നമ്പറും ഡിജിറ്റലൈസ് ചെയ്യുന്നതിനിടെ മുംഗപാക മണ്ഡലത്തിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററിന് പറ്റിയ തെറ്റുകാരണം എനിക്ക് കിട്ടേണ്ടിയിരുന്ന പണം (ആകെ ലഭിക്കണ്ട തുകെയുടെ പകുതിയോളം) ഗണപാർത്ഥി ഗ്രാമത്തിലെ പി. ലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് പോകുകയായിരുന്നു” അവൾ പറയുന്നു.
“പക്ഷേ ബാക്ക് അക്കൗണ്ടുകൾ ആധാറുമായും ജോബ് കാർഡുമായും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ ഞങ്ങൾക്ക് രണ്ടുപേർക്കും അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ പറ്റില്ല” അവൾ കൂട്ടിച്ചേർത്തു. കൃഷിസംബന്ധിയായ ജോലി ലഭ്യമാണെങ്കിൽ 34-കാരിയായ ലക്ഷ്മി പ്രതിദിനം 150 മുതൽ 200 രൂപവരെ സമ്പാദിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ജോലികളുണ്ടെങ്കിൽ വിശാഖപട്ടണം ജില്ലയിലെ അവളുടെ ഗ്രാമത്തിൽ പ്രതിദിനം 203 രൂപയാണ് കൂലി.
2015 ഏപ്രിൽ മുതൽ തങ്ങൾക്ക് ലഭിക്കേണ്ട കൂലിയായ 10 ലക്ഷം രൂപയ്ക്കായി കാത്തിരിക്കുകയാണ് 10,000-ത്തിനടുത്ത് ജനസംഖ്യയുള്ള മുംഗപാക ഗ്രാമത്തിലെ 700-ഓളം തൊഴിലുറപ്പ് തൊഴിലാളികൾ. 2200 ജനങ്ങൾ താമസിക്കുന്ന ഗണപാർത്ഥയിലെ 294 തൊഴിലാളികളാണ് തങ്ങൾക്ക് ലഭിക്കേണ്ട 4 ലക്ഷത്തിനായി കാത്തിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റുമാരിൽനിന്നും തപാൽവകുപ്പിൽനിന്നും ലഭിച്ച വിവരാവകാശരേഖകളിൽനിന്ന് ലഭിച്ച വസ്തുതകൾ പ്രകാരമാണ് ഗ്രാമീണരും പ്രാദേശിക ആക്ടിവിസ്റ്റുകളും ഈ കണക്കെടുത്തത്.
മണ്ഡലത്തിലെ 20 പഞ്ചായത്തുകളിലായി 6,000 തൊഴിലാളികൾക്കായി ഒരുകോടി രൂപയോളം കൂലിയായി നൽകാനുണ്ട്. ഇതിൽ 12 പഞ്ചായത്തുകളിൽ തപാൽ വകുപ്പുവഴി ഇപ്പോഴും കൂലി ലഭിക്കുന്നുണ്ട്. അതിൽ 8പഞ്ചായത്തുകളിൽ 2015 മുതൽ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം എത്തേണ്ടിയിരുന്നത്.
“അടുത്തദിവസം വീണ്ടും വരൂ” എന്ന് ഉദ്യോഗസ്ഥരിൽനിന്ന് കേൾക്കാൻവേണ്ടിമാത്രം എനിക്ക് ഒന്നര കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടും നടക്കേണ്ടിവന്നിട്ടുണ്ട്” ആകെയുള്ള കൃഷിപ്പണിപോലും ഉപേക്ഷിച്ച് തന്റെ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ പലതവണകളായി ബാങ്കിൽ കയറിയിറങ്ങിയ ടി. ലക്ഷ്മി പറയുന്നു. 2016 മാർച്ചുവരെ പോസ്റ്റ് ഓഫീസ്വഴിയാണ് അവൾക്ക് കൂലി ലഭിച്ചുകൊണ്ടിരുന്നത്. ആധാർ ബയോമട്രിക്സുമായി ലക്ഷ്മിയുടെ വിവരങ്ങൾ ശരിയായി ഒത്തുപോയിരുന്നു. എന്നാൽ പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുതുടങ്ങിയപ്പോൾമുതൽ അവളുടെ പ്രശ്നങ്ങൾ തുടങ്ങി. “എന്തോ "സാങ്കേതികപ്രശ്നം' ഉണ്ടെന്നാണ് അവർ എപ്പോഴും പറയുന്നത്. പക്ഷേ അതെന്താണെന്നു മാത്രം അവർ പറയുന്നില്ല.” ലക്ഷ്മിയുടെ ഭർത്താവും ഇടയ്ക്കിടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നയാളാണ്. അതിനാൽ മകനാണ് ലക്ഷ്മിയുടെ പ്രധാന ആശ്രയം. അവൻ അച്യുതപുരം മണ്ഡലിലെ ഒരു തുണിക്കമ്പനിയിലാണ് ജോലിയെടുക്കുന്നത്, 6,000 രൂപ മാസശമ്പളത്തിൽ.
മുംഗപാക മണ്ഡലത്തിൽ ഡിജിറ്റലൈസ് ജോലികർ ചെയ്യുന്ന ബബ്ലുവും "സാങ്കേതികപ്രശ്ന'ത്തെത്തന്നെയാണ് ഉദ്ധരിക്കുന്നത്. തൊഴിലാളികളുടെ ആധാർ നമ്പർ തൊഴിലുറപ്പ് കാർഡുമായി ലിങ്ക് ചെയ്യാനാകുന്നില്ലെന്നാണ് ബബ്ലുവിന്റെ വാദം. പ്രശ്നം എന്താണെന്ന് തനിക്കറിയില്ലെന്നും മുംഗപാക എസ്.ബി.ഐ. ബ്രാഞ്ചിൽ പോയി അന്വേഷിക്കാനുമാണ് ബബ്ലു എന്നോട് പറഞ്ഞത്. അതേസമയം ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞത് കമ്പ്യൂട്ടർ ഓപ്പറേറ്ററെ ബന്ധപ്പെടാനും.
സർക്കാർ രേഖകൾ പ്രകാരം വിശാഖപട്ടണം ജില്ലയിൽ 14,070 തൊഴിലാളികളുടെ തൊഴിലുറപ്പ് കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ല. ഇത്തരത്തിൽ ആന്ധ്രപ്രദേശിൽ ആകെ 1,74,755 പേരുടെ കാർഡാണ് ലിങ്ക് ചെയ്യാനുള്ളത് (2018 ജനുവരിവരെ).
മുംഗപാകയിലെ പോസ്റ്റ് ഓഫീസിൽ വിരലടയാളത്തിന്റെ പേരിലുള്ള പ്രശ്നങ്ങളും വ്യാപകമാണ്. “അവരുടെ കൈയിലുള്ള വിരലടയാളം (കൂലി വാങ്ങുന്നതിനായി തൊഴിലാളി പോസ്റ്റ് ഓഫീസിൽ പോകുമ്പോൾ എടുക്കുന്നത്) ആധാർ കാർഡിലെ വിവരങ്ങളുമായി ഒത്തുപോകുന്നില്ലെന്ന് പറഞ്ഞ് ഞങ്ങളെ തിരിച്ചുവിടുകയാണ് പോസ്റ്റ് ഓഫീസ് ചെയ്യുന്നത്,” ഗണപാർത്ഥിയിലെ തൊഴിലുറപ്പ് തൊഴിലാളി നൂകരാജു പറഞ്ഞു. തനിക്ക് കിട്ടാനുള്ള 22,000 രൂപ കാത്തിരിക്കുകയാണ് അയാൾ. “ഞങ്ങൾ മണ്ണിൽ ജോലി ചെയ്യുന്ന മണ്ണിന്റെ മക്കളാണ്. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും ആധാർ ഡിജിറ്റൈസേഷനാണ് പ്രതിവിധിയെന്ന് പ്രധാനമന്ത്രി പറയുമ്പോൾ, ശരിക്കും അത് ഞങ്ങളുടെ ഭക്ഷണമാണ് ഇല്ലാതാക്കിയത്.”
സാങ്കേതികപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാലതാമസം, വിരലടയാളം പരസ്പരം ചേരാത്തത്, ലിങ്കിങ്ങിലെ തെറ്റുകൾ എന്നിവയ്ക്കുപുറമേ, ഫണ്ടിലുള്ള കുറവും ഇരട്ടിദുരിതങ്ങൾ സൃഷ്ടിക്കുന്നു. 2015 ഏപ്രിൽ മുതലുള്ള കൂലിയായി കേന്ദ്രസർക്കാർ ആന്ധ്രപ്രദേശിന് നൽകേണ്ടത് 1,972 കോടിയാണ്. എന്നാൽ 2017 നവംബറിൽ അനുവദിച്ചത് 420 കോടി മാത്രം. കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയും സംസ്ഥാനത്തെ ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ തർക്കമാണ് ഇതിന് കാരണമെന്നാണ് മിക്കവരുടേയും വാദം.
“മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമപ്രകാരം ജോലി പൂർത്തിയായി 14 ദിവസത്തിനുള്ളിൽ കൂലി നൽകണം. ഇത് 14 മുതൽ 21 ദിവസംവരെ വൈകിയാൽ വേതനത്തിന്റെ 25 ശതമാനവും 22 ദിവസത്തിലധികം കാലതാമസുണ്ടായാൽ 50 ശതമാനവും തൊഴിലാളിക്ക് അധികമായി നൽകണമെന്നാണ് നിയമം,” കർഷികസംഘടനായ ആന്ധ്രപ്രദേശ് വ്യവസായ വൃത്തിധരുലു യൂണിലൻ പ്രവൾത്തകൻ ബാലുഗോഡി പറയുന്നു. “അതുകൊണ്ട് ഈ മണ്ഡലത്തിലെ എല്ലാ തൊഴിലാകളികളും നഷ്ടപരിഹാരത്തിന് അർഹരാണ്. പക്ഷേ ഒരാൾക്കുപോലും അത് കിട്ടിയിട്ടില്ല. ശരിക്കും അവർ ജോലി ചെയ്ത കൂലിയെങ്കിലും കിട്ടിയാൽ മതിയെന്ന പ്രതീക്ഷയിലാണ്.”
2017–-2018 സാമ്പത്തികവർഷത്തിൽ പദ്ധതിക്കുകീഴെ 100 ദിവസം തൊഴിലുകൾ ചെയ്തയാളാണ് തൊഴിലുറപ്പ് തൊഴിലാളിയും ബാലുവിന്റെ അമ്മയുമായ ചിനന്തല്ലി (50). “കൂടുതൽ തൊഴിൽദിനങ്ങൾ ആവശ്യപ്പെട്ടപ്പോൾ ഒരു കുടുംബത്തിന് പരമാവധി 100 ദിവസങ്ങൾ മാത്രമേ ലഭിക്കൂ എന്നാണ് ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞത്. പക്ഷേ നിയമം പറയുന്നത് ഒരു കുടുംബത്തിന് കുറഞ്ഞത് 100 തൊഴിൽദിനങ്ങൾ ലഭ്യമാക്കണമെന്നാണ്. ഞങ്ങൾക്ക് തൊഴിലും കൂലിയും തരാനുള്ള എല്ലാ അവസരങ്ങളിലും അവർ നിഷേധഭാവമാണ് കാണിക്കുന്നത്.”ചിനന്തല്ലി പറയുന്നു. 2016 ഏപ്രിൽ മുതലുള്ള 12,000 രൂപയാണ് ചിനന്തല്ലിക്ക് കൂലിയായി കിട്ടാനുള്ളത്. ആധാർ നമ്പർ തൊഴിൽകാർഡുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കാത്തതാണ് കൂലി ലഭിക്കാത്തതിന് കാരണമെന്നാണ് ഈ വിഷയം പങ്കുവെച്ചപ്പോൾ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞത്.
എന്നാൽ ചെയ്ത തൊഴിലിനുള്ള കൂലി കിട്ടാത്തതും സാങ്കേതിക പ്രശ്നങ്ങളും കാരണം അവകാശമായ 100 തൊഴിൽദിനങ്ങളെപ്പറ്റി തൊഴിലാളികൾ ചോദിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യാറില്ല. 2017-18 സാമ്പത്തികവർഷത്തിൽ മുംഗപാക മണ്ഡലത്തിൽ ഒരു കുടുംബത്തിനായി സൃഷ്ടിക്കപ്പെട്ട ശരാശരി തൊഴിൽദിനങ്ങൾ 59 ആണ്. മുഴുവൻ ആന്ധ്രപ്രദേശിന്റെ കാര്യത്തിൽ ഇത് ശരാശരി 47 തൊഴിൽദിനങ്ങളും.
ഈ ദിവസങ്ങളിൽ ടി. ലക്ഷ്മിയും പി. ലക്ഷ്മിയും നൂകരാജുവും ചിനന്തല്ലിയും അടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ചെറുകനാലുകൾ നിർമിക്കുകയും കുളം കുഴിക്കുകയും കാട് വെട്ടിതെളിക്കുകയും മറ്റും ചെയ്തു. എന്നാൽ ആധാർ തീർത്ത പ്രശ്നങ്ങളുടെ കനത്ത മതിലുകൾ തകർക്കാൻ അവർക്കായിട്ടില്ല.
പരിഭാഷ: അശ്വതി ടി കുറുപ്പ്