ജീവിതം നമ്മെ എന്താണ് പഠിപ്പിക്കാൻ ശ്രമിക്കുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് റീത്ത അക്കയുടെ ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം – അതായത് ജീവിതത്തിന് ഒരു ലക്ഷ്യമുണ്ട്. ഭിന്നശേഷിക്കാരിയായ (സംസാര, ശ്രവണ ശേഷികൾ ഇല്ല) ഈ ശുചീകരണ തൊഴിലാളി ഒരു വിധവയാണ്. അവരുടെ 17-കാരിയായ മകൾ മുത്തശ്ശിയോടൊപ്പം ജീവിക്കാനായി വീടുവിട്ടു. ഈ 42-കാരിയുടെ ഏകാന്തത കടുത്തതാണ്. പക്ഷെ അവർ അതിന് കീഴടങ്ങുന്നില്ല.
എല്ലാ ദിവസവും രാവിലെ റീത്ത അക്ക (പരിസര പ്രദേശങ്ങളിൽ അങ്ങനെയാണവർ അറിയപ്പെടുന്നത് - സംസാരിക്കാൻ കഴിയാത്തവരെ മോശമായി വിശേഷിപ്പിക്കുന്ന ഉമ്മച്ചി എന്ന് ചിലർ അവരെ വിളിക്കുന്നുവെങ്കിലും) എഴുന്നേറ്റ് ശുഷ്കാന്തിയോടെ ചെന്നൈ മുനിസിപ്പൽ കോർപ്പറേഷനിൽ മാലിന്യം നീക്കുന്ന ജോലിക്കു പോകുന്നു. ചിലപ്പോൾ ബുദ്ധിമുട്ടേറിയ ദിനാന്ത്യത്തിൽ അവർ ശാരീരിക വേദനയെക്കുറിച്ച് പരാതിപ്പെടാറുണ്ട്. മാലിന്യങ്ങൾ ശേഖരിക്കാനായി ഉപയോഗിക്കുന്ന പ്രത്യേക സൈക്കിൾ റിക്ഷ ട്രോളിയുടെ വശങ്ങളിൽ നിന്നും ജോലിയോടുള്ള അവരുടെ ആത്മാർത്ഥത നിങ്ങൾക്ക് മനസ്സിലാക്കാം. മൂന്ന് തവണയാണ് റീത്ത അവിടെ തന്റെ പേര് എഴുതി വച്ചിരിക്കുന്നത് – മൂന്ന് നിറങ്ങളിൽ. വയ്കുന്നേരമാകുമ്പോൾ നഗരത്തിലെ കോട്ടൂർപുരം പ്രദേശത്തെ ഹൗസിംഗ് ബോർഡ് ക്വാർട്ടേഴ്സിലുള്ള തന്റെ ചെറിയ ഏകാന്തമായ വീട്ടിൽ അവർ തിരിച്ചെത്തുന്നു.
മൃഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് റീത്ത ദിവസേന തങ്ങുന്നത് നായകൾക്ക് ബിസ്ക്കറ്റ് വാങ്ങാനായി ചെറിയൊരു കടയിലും പൂച്ചകൾക്ക് കോഴിയിറച്ചിയുടെ ബാക്കി വാങ്ങാനായി ഒരു ഇറച്ചി കടയിലുമാണ്
എന്നിരിക്കിലും ഇതിനിടയിൽ അവർ ജീവിതത്തിൽ സ്വന്തം ലക്ഷ്യം കണ്ടെത്തിയിരിക്കുന്നു. തന്റെ ജോലിക്കും വീട്ടിലെ കാലുഷ്യങ്ങൾക്കിടയിൽ സ്വയം തളച്ചിടുന്നതിനുമിടയിലുള്ള സമയത്ത് റീത്ത തെരുവു നായകൾക്കും പൂച്ചകൾക്കുമൊപ്പമാണ്. അവയെ ഊട്ടിയും അവയോട് സംസാരിച്ചും വലിയൊരു സമയം അവര്‍ ചിലവഴിക്കുന്നു. കോട്ടൂർപുരത്തെ എല്ലാ വയ്കുന്നേരങ്ങളിലും റീത്ത ജോലി തീർത്ത് തിരിച്ചു വരുന്നതിനായി നായകൾ ക്ഷമയോടെ കാത്തിരിക്കും.
തിരുവണ്ണാമലയിലെ ഒരു പട്ടണത്തിൽ നിന്നാണ് അവർ യഥാർത്ഥത്തിൽ വരുന്നത് (ആ ജില്ലയിലെ ഗ്രാമീണ ജനസംഖ്യ 80 ശതമാനത്തിനടുത്താണെന്ന് 2011-ലെ സെൻസ് ചൂണ്ടിക്കാണിക്കുന്നു). രണ്ട് ദശകങ്ങള്‍ക്കു മുന്‍പ് റീത്ത മാതാപിതാക്കളോടൊപ്പം തോഴിലന്വേഷിച്ച് ചെന്നൈയിലെത്തി. അതെന്നാണെന്ന് അവര്‍ക്ക് കൃത്യമായി ഓര്‍മ്മയില്ല. ആകെയുറപ്പുള്ളത് അന്നുമുതല്‍ നിരവധി വീടുകളില്‍ കുറഞ്ഞ കൂലിക്ക് വീട്ടുജോലി ചെയ്തു എന്നുള്ളതാണ്. 7 വര്‍ഷങ്ങള്‍ക്കു മുന്‍പ് അവര്‍ ചെന്നൈ കോര്‍പ്പറേഷനില്‍ കരാര്‍ തൊഴിലാളിയായി ചേര്‍ന്നു. പ്രതിദിനം 100 രൂപയില്‍ തുടങ്ങി, ഇപ്പോഴവര്‍ മാസത്തില്‍ 8,000 രൂപ ഉണ്ടാക്കുന്നു.
ബ്ലീച്ചിംഗ് പൗഡറും ഒരു ചൂലും മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള ബക്കറ്റും ഉപയോഗിച്ച് കോട്ടൂര്‍പുരത്തെ 6 വലിയ തെരുവുകളെങ്കിലും റീത്ത തൂത്ത് വൃത്തിയാക്കുന്നു. കൈയുറകളോ കാലുറകളോ സംരക്ഷണോപാധികളോ ഒന്നുമില്ലാതെയാണ് അവര്‍ ഇത് ചെയ്യുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങളും ചവറുകളും അവര്‍ തെരുവകളില്‍ സ്ഥാപിച്ചിട്ടുള്ള പാത്രങ്ങളില്‍ നിക്ഷേപിക്കുന്നു. അവിടെനിന്നും കോര്‍പ്പറേഷന്റെ വാനുകളും ലോറികളും അവ പുനരുല്പാദനത്തിനായി ശേഖരിക്കുന്നു. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ശുചീകരണ ജോലി ഉച്ചകഴിയുമ്പോള്‍ റീത്ത ചെയ്ത് തീര്‍ക്കുന്നു. തെരുവ് ശുചിയാക്കുമ്പോള്‍ സംഭവിച്ച അപകടം തന്റെ ഒരു കണ്ണിന്റെ കാഴ്ചയെ ബാധിച്ചുവെന്ന് അവര്‍ പറഞ്ഞു. നഗ്നപാദയായി നടക്കുന്നത് കാരണം അവരുടെ കാലുകള്‍ കുമളിച്ചിരിക്കുന്നു. അല്ലായിരുന്നെങ്കില്‍ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ നല്ല ആരോഗ്യസ്ഥിതി ഉണ്ടാകുമായിരുന്നു എന്ന് അവര്‍ ശക്തമായി പറയുന്നു.
അവരുടെ വരുമാനത്തിന്റെ ഒരു ഗണ്യമായ ഭാഗം ചിലവാകുന്നത് പട്ടികള്‍ക്കും പൂച്ചകള്‍ക്കുമുള്ള ഭക്ഷണം വാങ്ങാനാണ്. അവര്‍ അതെപ്പറ്റി ഒന്നും പറയുന്നില്ലെങ്കിലും അയല്‍വാസികള്‍ വിശ്വസിക്കുന്നത് അവര്‍ പ്രതിദിനം 30 രൂപ അതിനായി ചിലവഴിക്കുമെന്നാണ്.
മൃഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് റീത്ത ദിവസേന രണ്ട് സ്ഥലത്ത് തങ്ങുന്നത് നായകൾക്ക് ബിസ്ക്കറ്റ് വാങ്ങാനായി ചെറിയൊരു കടയിലും പൂച്ചകൾക്ക് കോഴിയിറച്ചിയുടെ ബാക്കി വാങ്ങാനായി ഒരു ഇറച്ചി കടയിലുമാണ്. കോഴി സില്റ (കോഴി വൃത്തിയാക്കി വിറ്റതിനുശേഷം ബാക്കി വരുന്ന ഭാഗങ്ങള്‍) എന്നറിയപ്പെടുന്ന ബാക്കിവരുന്ന ഭാഗങ്ങള്‍ ഇവരെപ്പോലുള്ള ഉപഭോക്താക്കള്‍ 10 രൂപയ്ക്ക് വാങ്ങുന്നു.
റീത്തയെ സംബന്ധിച്ചിടത്തോളം നായകളും പൂച്ചകളുമായ കൂട്ടാളികളില്‍ നിന്നും ലഭിക്കുന്ന സന്തോഷം അവയ്ക്കു വേണ്ടി ചിലവഴിക്കുന്ന പണത്തേക്കാള്‍ ഒരുപാട് മുകളിലാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവരുടെ ഭര്‍ത്താവ് മരിച്ചതാണ് (ഒന്നുകില്‍ അതെന്നാണെന്ന് അവര്‍ ഓര്‍ക്കുന്നില്ല, അല്ലെങ്കില്‍ അതെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല). അന്നുമുതല്‍ അവര്‍ സ്വയം കാര്യങ്ങള്‍ നോക്കി ജീവിക്കുന്നു. എന്നിരിക്കിലും അയല്‍വാസികള്‍ പറയുന്നത് അയാള്‍ മദ്യപന് ആയിരുന്നു എന്നാണ്. മകള്‍ അവരെ സന്ദര്‍ശിക്കാറുണ്ട് - പക്ഷെ എപ്പോഴുമില്ല.
ഇപ്പോഴും റീത്തയുടെ പെരുമാറ്റം സന്തോഷവതിയായിട്ടാണ്. നായകളോടൊപ്പം ആയിരിക്കുമ്പോള്‍ അവര്‍ വളരെ നന്നായി പുഞ്ചിരിക്കുന്നു.
പരിഭാഷ: റെന്നിമോന്‍ കെ. സി.