നിറഞ്ഞു കവിഞ്ഞ മാരുതി വാൻ നീങ്ങാറായി. കർഷകർ ലഭ്യമായ എല്ലാ സ്ഥലങ്ങളും കയ്യടക്കിയിരിക്കുന്നു. ചിലർ മറ്റുള്ളവരുടെ മടിയിലിരിക്കുന്നു. പിറകിലെ ഇരിപ്പിടവും കഴിഞ്ഞുള്ള ചെറിയൊരു ഭാഗത്ത് അവരുടെ ബാഗുകളും ഊന്നുവടികളുമെല്ലാം കൂട്ടിയിട്ടിരിക്കുന്നു.

പക്ഷേ മംഗൾ ഘാട്ഗേ തൊട്ടടുത്തുള്ള ഒരു സീറ്റ് ബോധപൂർവ്വം ഒഴിച്ചിട്ടിരിക്കുകയാണ്. അവിടെ ഇരിക്കാൻ അവർ ആരേയും അനുവദിക്കുന്നില്ല- ഇത് വേറൊരാൾക്കായി ‘കരുതിയിരിക്കുന്നു’. അപ്പോൾ മീരാഭായ് ലാങ്കെ വാനിനടുത്തേക്കു നടന്നു വന്ന് ഒഴിച്ചിട്ട സ്ഥലത്തിരുന്നുകൊണ്ട് സാരി നേരേയാക്കിയിട്ടു. മംഗൾ അവരുടെ കൈ മീരാഭായുടെ തോളിലൂടെ ഇട്ടു. വാതിലടഞ്ഞു. അപ്പോൾ മംഗൾ ,ഡ്രൈവറോടു പറഞ്ഞു, "ചൽ രേ [നമുക്ക് പോകാം]”.

53-കാരിയായ മംഗളും 65-കാരിയായ മീരാഭായിയും നാസികിലെ ദിണ്ടോരി താലൂക്കിലെ ശിന്ദ്വട് ഗ്രാമത്തിൽ നിന്നുള്ളവരാണ്. പക്ഷേ ദശകങ്ങളോളം ഒരേ ഗ്രാമത്തിൽ താമസിച്ചതല്ല, കഴിഞ്ഞ കുറച്ചു വർഷങ്ങളാണ് അവരുടെ ബന്ധം ഊട്ടിയുറപ്പിച്ചത്. "ജോലിയും വീട്ടിലെ കാര്യങ്ങളുമായി ഞങ്ങൾക്കു ഗ്രാമത്തിൽ തിരക്കാണ്”, മംഗൾ പറഞ്ഞു. “സമരസ്ഥലങ്ങളിൽ കൂടുതൽ സംസാരിക്കാൻ ഞങ്ങൾക്കു സമയം കിട്ടും.”

2018 മാർച്ചിൽ നാസികിൽ നിന്നും മുംബൈയിലേക്കു നടത്തിയ ദീർഘദൂര കിസാൻ ജാഥയിൽ രണ്ടുപേരും ഒരുമിച്ചുണ്ടായിരുന്നു. 2018 നവംബറിൽ കിസാൻ മുക്തി മോർച്ച യ്ക്കു വേണ്ടി ഡൽഹിയിലേക്ക് ഒരുമിച്ചു യാത്ര ചെയ്തു. നാസികിൽ നിന്നും ഡൽഹിയിലേക്കുള്ള വാഹന ജാഥയിലും ഇപ്പോൾ അവർ ഒരുമിച്ചുണ്ട്. എന്തിനാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നു ചോദിച്ചപ്പോൾ മംഗൾ പറഞ്ഞു, " പോടാസാഠി (വയറിനുവേണ്ടി)“.

കേന്ദ്ര സർക്കാർ ഈ വർഷം സെപ്തംബറിൽ കൊണ്ടുവന്ന മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ പതിനായിരക്കണക്കിനു കർഷകർ ദേശീയ തലസ്ഥാന അതിർത്തികളിലെ മൂന്നു സ്ഥലങ്ങളിലായി സമരം ചെയ്യുന്നു. തങ്ങളുടെ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിനായി മഹാരാഷ്ട്രയിലെ ഏകദേശം 2,000 കർഷകർ ഡിസംബർ 21-ന് നാസികിൽ ഒത്തു ചേർന്നു. ഏകദേശം 1,400 കിലോമീറ്ററുകൾ അകലെ ഡൽഹിയിലേക്കുള്ള ജാഥയിൽ പങ്കെടുക്കുന്നതിനായിരുന്നു ഇത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) യോടു ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അഖിലേന്ത്യാ കിസാൻ സഭയാണ് ഇവരെ സംഘടിപ്പിച്ചത്.

മംഗളും മീരാഭായിയും ഊർജ്ജസ്വലരായ ഈ സമരക്കാരുടെ കൂട്ടത്തിലുള്ളവരാണ്.

Mangal in front, Mirabai behind: the last few years of participating together in protests have cemented their bond
PHOTO • Parth M.N.

മംഗൾ മുന്നിലും , മീരാഭായ് പിറകിലും: അവസാന വർഷങ്ങളിൽ സമരത്തിനായി ഒരുമിച്ചു ചേർന്നത് ഇരുവരും തമ്മിലുള്ള ബന്ധത്തെ ഉറപ്പിച്ചു.

വെള്ളയിൽ മഞ്ഞ കലർന്ന സാരിയുടെ തലപ്പുകൊണ്ട് മംഗള്‍ തല മൂടിയിരുന്നു. 21-ന് ജാഥ തുടങ്ങുന്ന നാസികിലെ മൈതാനത്ത് രണ്ടുപേരും എത്തിയപ്പോൾ തന്നെ അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യാനുള്ള ടെമ്പോയിക്കായി അവർ (മംഗള്‍) പരതി. എല്ലാം അന്വേഷിക്കാനുള്ള ചുമതല മീരാഭായ് അവരെ ഏൽപ്പിച്ചു. "അതു ഞാൻ നോക്കിക്കൊണ്ടിരിക്കുന്നു”, മംഗൾ പറഞ്ഞു. "ഇത് വളരെ കൃത്യമായി കർഷക വിരുദ്ധ സർക്കാരാണ്. [ഡൽഹി അതിർത്തികളിൽ] ധർണ്ണ നടത്തുന്നതിനാല്‍ ഞങ്ങൾ കർഷകരെ ആരാധിക്കുന്നു. അവരെ ഞങ്ങൾക്കു പിന്തുണക്കേണ്ടതുണ്ട്.”

മംഗളിന്‍റെ കുടുംബം രണ്ടേക്കർ കൃഷിസ്ഥലത്ത് നെല്ലും, ഗോതമ്പും, ഉള്ളിയും കൃഷി ചെയ്യുന്നു. പക്ഷേ അവരുടെ പ്രധാന വരുമാന സ്രോതസ്സ് കർഷക തൊഴിലാളിയായി ജോലിയെടുക്കുന്നതിൽ നിന്നും ലഭിക്കുന്ന 250 രൂപ ദിവസ വേതനമാണ്. ഒരാഴ്ച നീണ്ടു നിൽക്കുന്ന സമരത്തിൽ പങ്കാളിയാകാൻ തീരുമാനിച്ചപ്പോൾ തന്നെ അവർ മാസവരുമാനത്തിന്‍റെ നാലിലൊന്ന് ഉപേക്ഷിച്ചു. "നമ്മൾ വലിയ ചിത്രങ്ങൾ കണേണ്ടതുണ്ട്”, അവർ പറഞ്ഞു. “മുഴുവൻ കർഷക സമൂഹത്തിനും വേണ്ടിയുള്ളതാണ് ഈ സമരങ്ങൾ.”

ഒരറ്റം മുതൽ മറ്റേയറ്റം വരെ വാഹനങ്ങൾ നിരയായി കിടക്കുന്ന മൈതാനത്ത് മീറ്റിംഗ് തുടങ്ങി ഏകദേശം 10 മിനിറ്റുകൾ കഴിഞ്ഞപ്പോള്‍ മീരാഭായ് മംഗളിനെ അന്വേഷിച്ചു വന്നു. ഞങ്ങൾ സംസാരിച്ചു വന്നത് തീർന്നു എന്ന രീതിയിൽ അവർ അവരെ കൈവീശിക്കാണിച്ചു. കിസാൻ സഭാ നേതാക്കന്മാർ പ്രസംഗം നടത്തുന്ന വേദിയിലേക്ക് തന്നോടൊപ്പം മംഗളും ചെല്ലണമെന്ന് മീരാഭായിക്ക് ഉണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ സംഭാഷണത്തിൽ പങ്കു ചേരാൻ മംഗൾ മീരാഭായിയോട് ആവശ്യപ്പെട്ടു. മീരാഭായ് താരതമ്യേന ലജ്ജിതയാണ്. പക്ഷേ രണ്ടു കർഷക സ്ത്രീകൾക്കും എന്തു കൊണ്ടാണ് തങ്ങളും മറ്റുള്ളവരും സമരം ചെയ്യുന്നതെന്നും എന്തൊക്കെയാണ് കാർഷിക നിയമങ്ങളുടെ കുഴപ്പങ്ങളെന്നും വളരെ കൃത്യമായി അറിയാം.

"ഞങ്ങളുടെ വിളവെടുപ്പ് പ്രധാനമായും സ്വന്തം കുടുംബത്തിന്‍റെ ഉപഭോഗത്തിനു വേണ്ടിയാണ്”, മംഗൾ പറഞ്ഞു. “ഉള്ളിയും അരിയുമൊക്കെ വിൽക്കേണ്ടി വരുമ്പോൾ വാണിയിലെ വിപണിയിലാണ് ഞങ്ങൾ വിൽക്കാറുളളത്. അവരുടെ ഗ്രാമത്തിൽ നിന്നും ഏകദേശം 15 കിലോ മീറ്ററുകൾ മാറി, നാസിക് ജില്ലയിലെ വാണി നഗരത്തിൽ സ്വകാര്യ വ്യാപാരികൾ കാർഷികോത്പ്പന്നങ്ങൾ ലേലത്തിൽ വിൽക്കുന്ന ഒരു വിപണിയുണ്ട്. കർഷകർക്കു ചിലപ്പോൾ എം.എസ്.പി. (മിനിമം താങ്ങുവില) ലഭിക്കും, ചിലപ്പോൾ ലഭിക്കില്ല. "എം.എസ്.പി.യുടെയും സുസ്ഥിര വിപണികളുടെയും പ്രാധാന്യം ഞങ്ങൾക്കറിയാം”, മംഗൾ പറഞ്ഞു. "ആർക്കൊക്കെ എം.എസ്.പി. ലഭിക്കുന്നുണ്ടോ അവർക്കൊക്കെ അതുംകൂടി നഷ്ടപ്പെടുത്തുമെന്നതാണ് പുതിയ കാർഷിക നിയമങ്ങൾ ഉറപ്പാക്കുന്നത്. എല്ലാ സമയത്തും അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി നമ്മൾ സമരം ചെയ്യേണ്ടി വരിക എന്നത് ദു:ഖകരമാണ്.”

Mangal (right) is more outspoken, Mirabai (middle) is relatively shy, but both women farmers know exactly why they and the other farmers are protesting, and what the fallouts of the farm laws could be
PHOTO • Parth M.N.

മംഗൾ (വലത്) കുറച്ചുകൂടി തുറന്നു സംസാരിക്കുന്ന വ്യക്തിയാണ്. മീരാഭായ് (മദ്ധ്യത്തിൽ) താരതമ്യേന ലജ്ജിതയാണ്. പക്ഷേ രണ്ടു കർഷക സ്ത്രീകൾക്കും എന്തു കൊണ്ടാണ് തങ്ങളും മറ്റുള്ളവരും സമരം ചെയ്യുന്നതെന്നും എന്തൊക്കെയാണ് കാർഷിക നിയമങ്ങളുടെ കുഴപ്പങ്ങളെന്നും വളരെ കൃത്യമായി അറിയാം.

2018 മാർച്ചിലെ കിസാൻ ദീർഘദൂര ജാഥയിൽ കർഷകർ - അവരിൽ നിരവധി പേർ ആദിവാസി സമുദായങ്ങളിൽ നിന്നുള്ളവർ ആയിരുന്നു - ഉന്നയിച്ച പ്രധാന ആവശ്യം അവരുടെ പേരുകളിൽ ഭൂഅവകാശ രേഖകൾ കിട്ടണമെന്നതായിരുന്നു. നാസികിൽ നിന്നും മുംബൈയിലേക്ക് ഏഴിലധികം ദിവസങ്ങളെടുത്ത് 180 കിലോമീറ്ററുകളോളം നടന്നാണ് പ്രസ്തുത ജാഥ നടത്തിയത്. "നാസിക്-മുംബൈ മോർച്ച യോടു കൂടി പ്രക്രിയയ്ക്ക് കുറച്ചൊരു വേഗത കൈ വന്നു”, മീരാഭായ് പറഞ്ഞു. അവർ ഒന്നരയേക്കറിൽ പ്രധാനമായും നെൽകൃഷി നടത്തുന്നു.

"പക്ഷേ അത് ക്ഷീണിപ്പിക്കുന്നതായിരുന്നു. ഞാൻ ഓർക്കുന്നു, ആഴ്ചാവസാനത്തോടെ എന്‍റെ നടുവ് കടുത്ത രീതിയിൽ വേദനയെടുക്കാൻ തുടങ്ങി. പക്ഷേ ഞങ്ങൾ സമരം പൂർത്തിയാക്കി. എന്‍റെ പ്രായം പരിഗണിക്കുമ്പോൾ മംഗളിനേക്കാൾ എനിക്കു കുറച്ചുകൂടി ബുദ്ധിമുട്ടായിരുന്നു.”

ഒരാഴ്ച നീണ്ടു നിന്ന 2018-ലെ ജാഥയില്‍ എല്ലാസമയത്തും മംഗളും മീരാഭായിയും പരസ്പരം ശ്രദ്ധിച്ചിരുന്നു. "അവർ ക്ഷീണിതയായാൽ ഞാൻ അവർക്കുവേണ്ടി കാത്തിരിക്കുമായിരുന്നു. എനിക്കു നടക്കാൻ പറ്റാതായാൽ അവർ എനിക്കു വേണ്ടി കാത്തിരിക്കുമായിരുന്നു”, മംഗൾ പറഞ്ഞു. "ഇങ്ങനെയാണ് ബുദ്ധിമുട്ടുള്ള സമയങ്ങൾ ഞങ്ങൾ തരണം ചെയ്യുന്നത്. അവസാനം അതിനു വിലയുണ്ടായി. സർക്കാരിനെ ഉണർത്തുന്നതിനായി ഞങ്ങളെപ്പോലുള്ള ജനങ്ങള്‍ക്ക് ഒരാഴ്ച നഗ്നപാതരായി നടക്കേണ്ടി വന്നു.”

ഇപ്പോൾ, ഒരിക്കൽകൂടി, മോദി സർക്കാരിനെ ഉണർത്തുന്നതിനായി അവർ ഡൽഹിക്കുള്ള പാതയിലാണ്. “സർക്കാർ ബില്ലുകൾ പിൻവലിക്കുന്നതുവരെ ഡൽഹിയിൽ തങ്ങാൻ ഞങ്ങൾ തയ്യാറാണ്”, മംഗൾ പറഞ്ഞു. "ചൂടു നൽകുന്ന ഒരുപാടു വസ്ത്രങ്ങൾ ഞങ്ങൾ കരുതിയിട്ടുണ്ട്. ഞാന്‍ ആദ്യമായല്ല ഡല്‍ഹിയില്‍ പോകുന്നത്.”

1990-കളുടെ തുടക്കത്തിലായിരുന്നു മംഗൾ ആദ്യമായി ഡൽഹിക്കു പോയത്. "നാനാസാഹേബ് മാലുസരേക്കൊപ്പമായിരുന്നു അത്”, അവർ പറഞ്ഞു. മഹാരാഷ്ട്രയിലേയും നാസികിലേയും സമുന്നതനായ കിസാൻ സഭാ നേതാവാണ് മാലുസരേ. ഏകദേശം 30 വർഷങ്ങൾക്കു ശേഷവും കർഷകരുടെ ആവശ്യങ്ങൾ മാറ്റമില്ലാതെ നിൽക്കുന്നു. മംഗളും മീരാഭായിയും പട്ടിക വർഗ്ഗമായ കോലി മഹാദേവ് സമുദായത്തിൽ പെടുന്നു. സാങ്കേതികമായി വനം വകുപ്പിന്‍റെ കീഴിലുള്ള ഭൂമിയിൽ അവർ ദശകങ്ങളായി കൃഷി ചെയ്യുന്നു. "നിയമമുണ്ടായിട്ടും ഇത് ഞങ്ങളുടെ സ്വന്തമല്ല”, തങ്ങൾക്കു ഭൂഉടമസ്ഥത നല്കുന്ന 2006-ലെ വനാവകാശ നിയമം ഉദ്ധരിച്ചുകൊണ്ട് അവർ പറഞ്ഞു.

Since Mirabai is older, Mangal seems to be more protective of her. From holding a seat for her, to going to the washroom with her, they are inseparable
PHOTO • Parth M.N.

മീരാഭായിക്ക് പ്രായമുള്ളതുകൊണ്ട് മംഗൾ അവരെ കൂടുതൽ ശ്രദ്ധിക്കുന്നു . അവർക്കു വേണ്ടി സീറ്റ് പിടിക്കുന്നതു മുതൽ അവരുടെ കൂടെ വാഷ്റൂമിൽ പോകുന്നതു വരെ ഇരുവരും പിരിയാതെ നിൽക്കുന്നു.

കരാർ കൃഷി കൂടി ഉൾപ്പെടുന്ന പുതിയ കാർഷിക നിയമങ്ങളെ മറ്റു കർഷകര്‍ക്കെന്നപോലെ ഇവർക്കും പേടിയാണ്. ഒരുപാടുപേർ ഇതിനെ വിമർശിച്ചു. വലിയ കോർപ്പറേഷനുകളുമായി കർഷകർ കരാറിൽ ഏർപ്പെടുന്നത് സ്വന്തം കൃഷിഭൂമിയിൽ അവരെ കരാർ കൃഷിക്കാരാക്കുന്നതിലേക്ക് നയിക്കുമെന്നും അവർ പറഞ്ഞു. “ഞങ്ങളുടെ ഭൂമിക്കുവേണ്ടി ദശകങ്ങളായി ഞങ്ങൾ സമരം ചെയ്യുന്നു”, മംഗൾ പറഞ്ഞു. “ഞങ്ങളുടെ ഭൂമിയുടെ മേൽ നിയന്ത്രണം ഉണ്ടാകുന്നതിന്‍റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു. ജീവിതകാലം മുഴുവൻ ഞങ്ങൾ അതിനുവേണ്ടി സമരം ചെയ്തു കൊണ്ടിരിക്കുന്നു. കുറച്ചു നേട്ടങ്ങളേ ഞങ്ങൾ ഉണ്ടാക്കിയിട്ടുള്ളൂ. പക്ഷേ ഈ പ്രക്രിയയിൽ സമാന പ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ നിന്നും ഞങ്ങൾ സൗഹൃദം ഉണ്ടാക്കുന്നു.”

അവരുടെ സൗഹൃദം ആഴത്തിലുള്ള ബന്ധമായി പുഷ്പിച്ചിട്ടുണ്ട്. ഇപ്പോൾ മീരാഭായിക്കും മംഗളിനും പരസ്പരം ശീലങ്ങൾ അറിയാം. മീരാഭായിക്ക് പ്രായമുള്ളതുകൊണ്ട് മംഗൾ അവരെ കൂടുതൽ ശ്രദ്ധിക്കുന്നു. അവർക്കു വേണ്ടി സീറ്റ് പിടിക്കുന്നതു മുതൽ അവരുടെ കൂടെ വാഷ്റൂമിൽ പോകുന്നതു വരെ ഇരുവരും പിരിയാതെ നിൽക്കുന്നു. ജാഥയുടെ സംഘാടകർ സമരക്കാർക്ക് വാഴപ്പഴം വിതരണം ചെയ്യുമ്പോൾ മംഗൾ മീരാഭായിക്കു വേണ്ടി ഒരെണ്ണം മാറ്റി വയ്ക്കുന്നു.

കൂടിക്കാഴ്ചയുടെ അവസാനം ഞാൻ മംഗളിന്‍റെ ഫോൺ നമ്പർ ചോദിച്ചു. പിന്നെ ഞാൻ മീരാഭായിയുടെ നമ്പരിനു വേണ്ടി അവർക്കു നേരെ തിരിഞ്ഞു. “നിങ്ങൾക്ക് അത് ആവശ്യം വരില്ല”, മംഗൾ സാവധാനം പറഞ്ഞു. "അവരേയും നിങ്ങൾക്ക് എന്‍റെ നമ്പരിൽ ബന്ധപ്പെടാം.”

പിൻകുറിപ്പ് : ഡിസംബർ 21, 22 തീയതികളിലാണ് ഈ റിപ്പോർട്ടർ മംഗളിനേയും മീരാഭായേയും കണ്ടത്. ഡിസംബര്‍ 23-ന് രാവിലെ രണ്ടുപേരും ജാഥ വിടാന്‍ തീരുമാനിച്ചു. ”തണുപ്പു സഹിക്കാന്‍ കഴിയാത്തതിനാല്‍ മദ്ധ്യപ്രദേശ്‌ അതിര്‍ത്തിയില്‍ നിന്നും തിരിച്ചു വീട്ടില്‍ പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു”, ഡിസംബര്‍ 24-ന് ഞാന്‍ അവരോടു ഫോണില്‍ സംസാരിച്ചപ്പോള്‍ മംഗള്‍ പറഞ്ഞു. ടെമ്പോയില്‍ യാത്ര ചെയ്തപ്പോള്‍ അതിന്‍റെ പുറകുവശം തുറന്നു കിടന്നിരുന്നതിനാല്‍ തണുത്ത കാറ്റ് അടിക്കുകയും അത് അസഹ്യമാവുകയും ചെയ്തു. തണുപ്പു കൂടുകയേ ഉള്ളൂ എന്നു ബോദ്ധ്യപ്പെട്ടതിനാല്‍ ആരോഗ്യത്തെ ബാധിക്കാതെ സ്വന്തം ഗ്രാമമായ ശിന്ദ്വടിലേക്കു തിരിച്ചുപോകാന്‍ അവര്‍ തീരുമാനിച്ചു. “പ്രത്യേകിച്ച് മീരാഭായിക്ക് തണുപ്പനുഭവപ്പെട്ടു. എനിക്കും”, മംഗള്‍ പറഞ്ഞു. നാസികില്‍ ഒത്തുചേര്‍ന്ന 2,000 കര്‍ഷകരില്‍ ഏകദേശം 1,000 പേര്‍ മദ്ധ്യപ്രദേശ് അതിര്‍ത്തിയും കഴിഞ്ഞു രാജ്യത്തിന്‍റെ തലസ്ഥാന നഗരിയിലേക്കു യാത്ര തുടര്‍ന്നു.

പരിഭാഷ - റെന്നിമോന്‍ കെ. സി.

Parth M.N.

பார்த். எம். என் 2017 முதல் பாரியின் சக ஊழியர், பல செய்தி வலைதளங்களுக்கு அறிக்கை அளிக்கும் சுதந்திர ஊடகவியலாளராவார். கிரிக்கெடையும், பயணங்களையும் விரும்புபவர்.

Other stories by Parth M.N.
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.