നട്ടെല്ലിന്റെ താഴ്ഭാഗത്ത് വേദനയും വിലക്കവും അസഹനീയമായപ്പോൾ തനൂജ ഒരു ഹോമിയോ ഡോക്ടറെ കാണാൻ ചെന്നു. “കാൽഷ്യത്തിന്റേയും ഇരുമ്പിന്റേയും അംശങ്ങൾ ശരീരത്തിൽ കുറവാണെന്നും നിലത്തിരിക്കരുതെന്നും അദ്ദേഹം എന്നോട് പറഞ്ഞു”.
പശ്ചിമബംഗാളിലെ മൂർഷിദാബാദ് ജില്ലയിലെ ബീഡിത്തൊഴിലാളിയായ അവർ ദിവസത്തിൽ 8 മണിക്കൂറോളം നിലത്തിരുന്നാണ് ബീഡി തെറുക്കുന്നത്. “നല്ല ക്ഷീണവും പണിയും പുറംവേദനയുമൊക്കെയുണ്ട്”, 40 കഴിയാറായ അവർ പറയുന്നു. “ഒരു കസേരയും ബെഞ്ചും മേടിക്കാൻ സാധിച്ചിരുന്നെങ്കിൽ”, അവർ കൂട്ടിച്ചേർക്കുന്നു.
നവംബർ മാസമായിരുന്നു. ഹരേക്ക്നഗർ മൊഹല്ലയിലെ അവരുടെ വീടിന്റെ പരുക്കൻ സിമന്റ് നിലത്ത് ഇളംചൂടുള്ള ഒരു വെയിൽക്കീറ് വീണുകിടക്കുന്നുണ്ടായിരുന്നു. ഓലകൊണ്ട് നിർമ്മിച്ച ഒരു പായിലിരുന്ന് അവർ ഒന്നിനുപിറകെ ഒന്നായി ബീഡി തെറുത്തുകൊണ്ടിരുന്നു. തല ഒരുവശത്തേക്ക് ചെരിച്ച്, ചുമലുകൾ അല്പം പൊക്കി, കൈമുട്ടുകൾ അനക്കാതെ, അവർ കെണ്ടു ഇലകൾ പിരിച്ചുകൊണ്ടിരുന്നു. “വിരലുകൾ മരവിച്ച് ഇപ്പോൾ അവ ഉണ്ടോ എന്നുപോലും അറിയുന്നില്ല”, പകുതി തമാശയായി അവർ പറയുന്നു.
അവരുടെ ചുറ്റുമായി ബീഡി ഉണ്ടാക്കാനുള്ള അസംസ്കൃതവസ്തുക്കൾ കിടക്കുന്നുണ്ടായിരുന്നു. കെണ്ടു ഇലകൾ, പുകയിലപ്പൊടി, നൂലുകളുടെ കെട്ട് തുടങ്ങിയവ. ഒരു ചെറിയ മൂർച്ചയുള്ള കത്തിയും ഒരു ജോഡി കത്രികകളുമാണ് ഈ തൊഴിലിൽ അവരുടെ പണിയായുധങ്ങൾ.
പണിക്കിടയ്ക്ക് അവർ ഒന്ന് പുറത്തുപോയി, വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികൾ വാങ്ങുകയും, പാചകം ചെയ്യുകയും, വെള്ളം കൊണ്ടുവരികയും, വീട് ശുചിയാക്കുകയും മറ്റ് നൂറായിരം പണികൾ നടത്തുകയും ചെയ്യുന്നു. പക്ഷേ അപ്പോഴൊക്കെ, ദിവസത്തിൽ 500-നും 700-നുമിടയിൽ ബീഡി തെറുത്തില്ലെങ്കിൽ, മാസവരുമാനമായി കിട്ടുന്ന 3,000 രൂപയിൽ കുറവുവരുമെന്ന് അവർക്ക് ഉള്ളിന്റെയുള്ളിൽ ബോദ്ധ്യവുമുണ്ട്,
അതുകൊണ്ട് സൂര്യോദയം മുതൽ അർദ്ധരാത്രിവരെ അവർ ആ പണിയിലാണ്. “ആസാൻ (ദിവസത്തിലെ ആദ്യത്തെ വാങ്കുവിളി) മുഴങ്ങുമ്പോഴേ ഞാൻ എഴുന്നേൽക്കും. ഫജിർ നമാസ് ചെയ്ത് ഞാൻ ജോലി തുടങ്ങും”, ചുരുട്ടിക്കൊണ്ടിരിക്കുന്ന ബീഡിയിൽനിന്ന് കണ്ണെടുക്കാതെ അവർ പറയുന്നു. ശരിക്കും പറഞ്ഞാൽ, അവർ ദിവസം കണക്കാക്കുന്നത് നമാസിനുള്ള വിളി കേട്ടിട്ടാണ്. കാരണം, അവർക്ക് സമയം നോക്കാനറിയില്ല. മഗ്‌രിബിനും (വൈകുന്നേരത്തെ പ്രാർത്ഥന) ഇശയ്ക്കും (രാത്രിയിലെ അഞ്ചാമത്തെയും ദിവസത്തിലെ അവസാനത്തെയും പ്രാർത്ഥന) ഇടയിലാണ് അവർ രാത്രിക്കുള്ള ഭക്ഷണം പാകം ചെയ്യലും മറ്റും തീർക്കുക. പിന്നെയും ചുരുങ്ങിയത് ഒരു രണ്ട് മണിക്കൂർ സമയം ബീഡിയിലകൾ വെട്ടുകയും ചുരുട്ടുകയും ചെയ്ത്, അർദ്ധരാത്രിയോടെ ഉറങ്ങാൻ കിടക്കും.
“എല്ലൊടിക്കുന്ന ഈ പണിയിൽനിന്ന് ഒരു വിടുതൽ കിട്ടുന്നത് നമാസിന്റെ സമയത്തുമാത്രമാണ്. അപ്പോൾ എനിക്ക് അല്പം വിശ്രമവും സമാധാനവും കിട്ടും” അവർ പറയുന്നു. “ബീഡി വലിച്ചാൽ രോഗം വരുമെന്നാണ് ആളുകൾ പറയുന്നത്. എന്നാൽ, ഈ ബീഡി ചുരുട്ടന്നവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഇവരാരെങ്കിലും മനസ്സിലാക്കുന്നുണ്ടോ?” തനൂജ ചോദിക്കുന്നു.
ഒടുവിൽ, 2020-ന്റെ തുടക്കത്തിൽ ജില്ലാ ആശുപത്രിയിൽ പോയി ഒരു ഡോക്ടറെ കാണാൻ തയ്യാറെടുക്കുമ്പോൾ ലോക്ക്ഡൌൺ വരികയും, കോവിഡ് വന്നാലോ എന്ന് പേടിച്ച് ആശുപത്രിയിൽ പോകാതെ അവർ ഒരു ഹോമിയോ ഡോക്ടറുടെയടുത്ത് പോവുകയും ചെയ്തു. രജിസ്റ്റർ ചെയ്യാത്ത ഡോക്ടർമാരും, ഇത്തരം ഹോമിയോപ്പതികളുമാണ് ബെൽഡംഗ-1-ലെ താഴ്ന്ന വരുമാനക്കാരായ ബീഡിതെറുപ്പുതൊഴിലാളികളുടെ ആദ്യത്തെ ആശ്രയം. 2020-21-ലെ ഗ്രാമീണ ആരോഗ്യ സ്ഥിതിവിവരക്കണക്കനുസരിച്ച് , പശ്ചിമബംഗാളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ (പി.എച്ച്.സി) 578 ഡോക്ടർമാരുടെ കുറവുണ്ട്. ഗ്രാമീണമേഖലയിലെ, പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ എണ്ണത്തിലുള്ള കുറവ് 58 ശതമാനമാണ്. അതിനാൽ, സർക്കാർ ആശുപത്രികളിൽ ചികിത്സാച്ചിലവുകൾ കുറവാണെങ്കിലും ടെസ്റ്റുകളും സ്കാനിംഗുകളും ചെയ്യാൻ ഏറെ സമയം കാത്തിരിക്കേണ്ടിവരുന്നു. അതുകൊണ്ടുണ്ടാകുന്ന തൊഴിൽ/വരുമാന നഷ്ടമാകട്ടെ വളരെ വലുതാണെന്ന് തനൂജ പറയുന്നു. “ഞങ്ങൾക്ക് അത്രയധിക സമയമൊന്നും കാത്തിരിക്കാനാവില്ല”.
ഹോമിയോ മരുന്ന് ഫലിക്കാതെ വന്നപ്പോൾ തനൂജ ഭർത്താവിൽനിന്ന് 300 രൂപ വാങ്ങി, കൈയ്യിലുണ്ടായിരുന്ന 300 രൂപയും ചേർത്ത് അടുത്തുള്ള അലോപ്പതി ഡോക്ടറെ പോയി കണ്ടു. “അദ്ദേഹം എനിക്ക് ചില മരുന്നുകൾ തന്ന്, നെഞ്ചിന്റെ എക്സ്‌റേയും സ്കാനും എടുക്കാൻ പറഞ്ഞു. ഞാനതൊന്നും ചെയ്തില്ല”, അതൊന്നും തനിക്ക് താങ്ങാൻ പറ്റുന്നതല്ല എന്ന് വ്യംഗ്യമായി പറയുകയായിരുന്നു അവർ.
പശ്ചിമബംഗാൾ സംസ്ഥാനത്തിലെ 20 ലക്ഷം ബീഡിതെറുപ്പ് തൊഴിലാളികളിൽ 70 ശതമാനവും തനൂജയെപ്പോലുള്ള സ്ത്രീകളാണ്. അവരുടെ തൊഴിൽ സാഹചര്യങ്ങൾ അവരിൽ പേശീവേദനയും മരവിപ്പും നാഡീവേദനയുമൊക്കെ ഉണ്ടാക്കുന്നു. അതിനുംപുറമേ ശ്വാസകോശരോഗവും ക്ഷയം പോലും ആ തൊഴിലിൽനിന്ന് അവർക്കനുഭവിക്കേണ്ടിവരുന്നുണ്ട്. താഴ്ന്ന വരുമാനമുള്ള വീടുകളിൽനിന്ന് വരുന്നവരായതിനാൽ പോഷകാഹാരക്കുറവും, പൊതുവായ ആരോഗ്യപ്രശ്നങ്ങളും, പ്രത്യുത്പാദനക്ഷമതയിലെ പ്രശ്നങ്ങളും അവർ നേരിടുന്നു.
മൂർഷിദാബാദിലെ15-നും 49-നും ഇടയിലുള്ള സ്ത്രീകളിലുള്ള വിളർച്ചയുടെ ശതമാനം 77.6 ആണ്. നാലുവർഷം മുമ്പ് അത് 58 ശതമാനം മാത്രമായിരുന്നു. വിളർച്ചയുള്ള അമ്മമാരുടെ മക്കൾക്കും ആ രോഗം വരാൻ കൂടുതൽ സാധ്യതയുണ്ട്. ജില്ലയിലെ സ്ത്രീകളിലും കുട്ടികളിലും വിളർച്ച ഗണ്യമായി കൂടുന്നുണ്ടെന്നാണ് ഈയടുത്ത് നടന്ന ദേശീയ കുടുംബാരോഗ്യ സർവേഫലം ( എൻ.എഫ്.എച്ച്.എസ്-5 ) കാണിക്കുന്നത്. മാത്രമല്ല, 5 വയസ്സിന് താഴെയുള്ള 40 ശതമാനം കുട്ടികളിൽ വളർച്ചാമുരടിപ്പ് കണ്ടെത്തിയിട്ടുണ്ട്. നാലുവർഷം മുമ്പ്, 2015-16-ൽ നടന്ന എൻ.എഫ്.എച്ച്.സർവേക്കുശേഷം ഈ കണക്കിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ലെന്ന വസ്തുത ആശങ്ക വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പ്രദേശത്തെ ജനകീയനായ മറ്റൊരാൾ, മഠ്പൊറാ മൊഹല്ലയിലെ അഹ്സാൻ അലിയാണ്. ആ സ്ഥലത്ത് ഒരു ചെറിയ മരുന്നുകടയും നടത്തുന്നുണ്ട് അദ്ദേഹം. പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത ആരോഗ്യചികിത്സകനാണെങ്കിലും ബീഡിതെറുപ്പ് കുടുംബത്തിൽനിന്ന് വരുന്നയാളായതുകൊണ്ട്, സമൂഹത്തിന്റെ ആരോഗ്യകാര്യങ്ങളെക്കുറിച്ച് അയാൾ നൽകുന്ന ഉപദേശത്തിന് സമൂഹത്തിൽ വലിയ സ്വീകാര്യതയുണ്ട്. വേദനാസംഹാരിയായ ഗുളികകളും മറ്റും അന്വേഷിച്ച് ബീഡിതെറുപ്പ് തൊഴിലാളികൾ പതിവായി വരാറുണ്ടെന്ന് 30 വയസ്സുള്ള അയാൾ പറയുന്നു. “25-26 വയസ്സാവുമ്പോഴേക്കും അവർക്ക് നടുവേദനയും, വിലക്കവും, നാഡീരോഗങ്ങളും തലവേദനയുമൊക്കെ ഉണ്ടാവുന്നു”.
ദിവസവും തെറുത്തുകൂട്ടേണ്ട ബീഡികളുടെ എണ്ണം തികയ്ക്കാൻ അമ്മമാരെ സഹായിക്കുന്നതുകൊണ്ടും, വീട്ടിലെ പുകയിലപ്പൊടിയുടെ സാന്നിധ്യംകൊണ്ടും കുട്ടിക്കാലം മുതൽക്കുതന്നെ ചെറിയ പെൺകുട്ടികൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. 10 വയസ്സാവുന്നതിനുമുന്നേ മജ്പോറാ മൊഹല്ലയിലെ വീട്ടിൽവെച്ച് തനൂജ ഈ ജോലിയിൽ ഏർപ്പെട്ടുതുടങ്ങിയിരുന്നു. “ഇലയുടെ അറ്റങ്ങൾ മടക്കാനും ബീഡികൾ കെട്ടാനും ഞാൻ അമ്മയെ സഹായിച്ചിരുന്നു. ‘ബീഡി ചുരുട്ടാൻ അറിയില്ലെങ്കിൽ പെൺകുട്ടികൾക്ക് ഭർത്താക്കന്മാരെ കിട്ടില്ലെന്ന’ ഒരു പറച്ചിൽപോലും ഞങ്ങളുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്”, തനൂജ പറയുന്നു.
12 വയസ്സിൽ റഫീക്കുൽ ഇസ്ലാമിനെ വിവാഹം കഴിച്ച അവർ നാല് പെൺകുട്ടികൾക്കും ഒരാൺകുട്ടിക്കും ജന്മം കൊടുത്തു. ജില്ലയിലെ സ്ത്രീകളിൽ 55 ശതമാനവും 18 വയസ്സിനുമുൻപ് വിവാഹിതരാവുന്നുണ്ടെന്ന് എൻ.എഫ്.എച്ച്.എസ്-5-ന്റെ കണക്കുകൾ പറയുന്നു. ചെറുപ്രായത്തിലുള്ള വിവാഹവും പ്രസവവും പോഷകദൌർല്ലഭ്യത്തിന്റെ അവസ്ഥയും എല്ലാം ചേർന്ന് അടുത്ത തലമുറയെ ബാധിക്കുമെന്ന് യൂണിസെഫ് പറയുന്നു.
“സ്ത്രീകളുടെ പ്രത്യുത്പാദനപരവും ലൈംഗികവുമായ ആരോഗ്യം, അവരുടെ പൊതുവായ ആരോഗ്യവുമായി – ശാരീരികവും മാനസികവുമായ – അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഒന്നിൽനിന്ന് മറ്റേതിനെ വേർപെടുത്തിക്കാണാനാവില്ല”, ഹെൽത്ത് സൂപ്പർവൈസറായ ഹാഷി ചാറ്റർജി പറയുന്നു. ബെൽഡംഗ-1 ബ്ലോക്കിലെ മിർസാപുർ പഞ്ചായത്തിന്റെ ചുമതലയുള്ള അവർ, ആരോഗ്യപദ്ധതികൾ ആളുകളിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു.
തനൂജയുടെ അമ്മ അവരുടെ ജീവിതകാലം മുഴുവൻ ബീഡി തെറുത്തിരുന്നു. നടക്കാൻപോലും ബുദ്ധിമുട്ടനുഭവിക്കുന്ന 60 വയസ്സായ അമ്മയുടെ ആരോഗ്യം പാടെ ക്ഷയിച്ചുവെന്ന് തനൂജ പറയുന്നു. “നടുവിന് ക്ഷതം സംഭവിച്ച് ഇപ്പോൾ അമ്മ കിടപ്പിലാണ്. എനിക്കും ഇതുതന്നെയാണ് നാളെ സംഭവിക്കാൻ പോകുന്നത്”, ഒരുതരം നിസ്സംഗതയോടെ അവർ പറയുന്നു.
ഈ മേഖലയിലെ എല്ലാ തൊഴിലാളികളും താഴ്ന്ന വരുമാനമുള്ള വീടുകളിൽനിന്നുള്ളവരും മറ്റൊരു തൊഴിലും പരിചയമില്ലാത്തവരുമാണ്. സ്ത്രീകൾ ബീഡി ചുരുട്ടിയില്ലെങ്കിൽ അവരും അവരുടെ കുടുംബവും പട്ടിണിയിലാവും. തനൂജയുടെ ഭർത്താവിന് രോഗം വന്ന് ജോലിക്കായി പുറത്ത് പോകാൻ കഴിയാതായതോടെ, ആറംഗങ്ങളുള്ള കുടുംബത്തെ പോറ്റിയത്, ഈ തൊഴിലിൽനിന്നുള്ള വരുമാനമായിരുന്നു. ചെറിയ കുട്ടിയ മൃദുവായ ഒരു ക്വിൽറ്റിൽ പൊതിഞ്ഞ് മടിയിൽവെച്ച് അവർ ബീഡി തെറുക്കുന്നു. കുടുംബത്തിന്റെ സാമ്പത്തികപ്രാരാബ്ധങ്ങൾ കാരണം ആ കൊച്ചുകുഞ്ഞിനുപോലും പുകയിലപ്പൊടി ശ്വസിക്കേണ്ടിവന്നു
“ദിവസവും 1,000 – 1,200 ബീഡികൾ ഞാൻ തെറുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ക്ഷീണിതമായ നിലയിൽ അവർക്ക് പരമാവധി 500 മുതൽ 700 വരെ ബീഡികളേ ദിവസവും തെറുക്കാനാവുന്നുള്ളു. അതിൽനിന്ന് മാസത്തിൽ 3,000 രൂപ മാത്രമാണ് സമ്പാദിക്കുന്നത്. ആരോഗ്യത്തെ അപായപ്പെടുത്തിക്കൊണ്ടുവേണം, ദിവസവും അതുപോലും തികയ്ക്കാൻ.
ദേബകുണ്ഡാ എസ്.എ.ആർ.എം. ഗേൾസ് ഹൈസ്കൂൾ മദ്രസ്സയിലെ പ്രധാനാധ്യാപികയാണ് മൂർഷിദ ഖാതുൻ. ബെൽഡംഗയിലെ തന്റെ മദ്രസ്സയിലെ പെൺകുട്ടികളിൽ 80 ശതമാനവും, ഇത്തരത്തിലുള്ള വീടുകളിൽനിന്ന് വരുന്നവരും ഈ തൊഴിലിൽ അമ്മമാരെ സഹായിക്കുന്നവരുമാണെന്ന് അവർ പറയുന്നു. ഉച്ചയ്ക്ക് സ്കൂളിൽനിന്ന് കൊടുക്കുന്ന ഉച്ചയൂണ് – ചോറും പരിപ്പും ഒരു പച്ചക്കറിയും അടങ്ങുന്നത് – മാത്രമാണ് ആ കുട്ടികൾ ദിവസത്തിൽ ആകെ കഴിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. “പകൽസമയത്ത് പുരുഷന്മാർ വീട്ടിലില്ലെങ്കിൽ വീടുകളിൽ ഭക്ഷണമൊന്നും ഉണ്ടാക്കാറില്ലെന്നും’ അവർ സൂചിപ്പിക്കുകയുണ്ടായി.
മൂർഷിദാബാദ് ജില്ല ഏകദേശം പൂർണ്ണമായിത്തന്നെ ഗ്രാമപ്രദേശമാണ്. അവിടുത്തെ ജനസംഖ്യയുടെ 80 ശതമാനവും 2,166 ഗ്രാമങ്ങളിലായി കഴിയുന്നു. സാക്ഷരതയാകട്ടെ, സംസ്ഥാന ശരാശരിയായ 76-ലും (2011-ലെ സെൻസസ് പ്രകാരം) താഴെ, 66 ശതമാനം മാത്രവും. ഈ തൊഴിലിൽ അവശ്യം വേണ്ടത് വേഗത്തിൽ പ്രവർത്തിക്കുന്ന വിരലുകളായതിനാൽ, സ്ത്രീകൾക്കാണ് ഇതിൽ മുൻഗണന കിട്ടുക എന്ന് സ്ത്രീകൾക്കായുള്ള ദേശീയ കമ്മീഷന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു.
*****
ഒരുനിമിഷം പാഴാക്കാനില്ലാതെ, സംസാരിച്ചുകൊണ്ടുതന്നെ ഷഹിനൂർ ബീബി ഉള്ളിയും മുളകും അരിഞ്ഞ്, ഘുഘ്നിക്കുള്ള മസാല തയ്യാറാക്കുന്നു. ബെൽഡംഗ-1-ലെ ഹരേക്നഗറിൽനിന്നുള്ള മുൻ ബീഡിത്തൊഴിലാളിയായ അവർ, ഉപജീവനത്തിനായി, പരിപ്പുകൊണ്ടുള്ള ഈ ജനകീയ വിൽക്കുന്ന തൊഴിലിലേക്ക് മാറിയിരുന്നു.
“രോഗിയാവുക എന്നത് ഒരു ബീഡി തെറുപ്പുകാരിയുടെ വിധിയാണ്”, 45 വയസ്സുള്ള അവർ പറയുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ്, ഇരിക്കാനും ശ്വാസമെടുക്കാനും ബുദ്ധിമുട്ട് തോന്നിയപ്പോൾ അവർ ബെൽഡംഗ ഗ്രാമീൺ ആശുപത്രിയിൽ പരിശോധനയ്ക്ക് പോവുകയും ഒരു സ്വകാര്യ ക്ലിനിക്കിൽ പോയി നെഞ്ചിന്റെ എക്സ്‌റേ എടുക്കുകപോലും ചെയ്തു. പക്ഷേ ഇപ്പോൾ ഭർത്താവിന് സുഖമില്ലാത്തതിനാൽ അവർക്ക് ആശുപത്രിയിൽ പോകാൻ സാധിക്കുന്നില്ല. “എന്റെ രണ്ട് പുത്രവധുമാരും ബീഡി തെറുക്കാൻ എന്നെ അനുവദിക്കുന്നില്ല. അവർ ആ ജോലി ഏറ്റെടുത്തു. പക്ഷേ അതുകൊണ്ടുമാത്രം എല്ലാവർക്കും ജീവിക്കാനാവില്ലല്ലോ”, ഘുഘിനി (നിലക്കടലയും വെള്ളക്കടലയും ഉപയോഗിച്ചുള്ള ഒരു ബംഗാളി വിഭവം) ഉണ്ടാക്കി വിൽക്കുന്നതിനുള്ള തന്റെ ന്യായം സൂചിപ്പിച്ച് അവർ പറയുന്നു.
താൻ ജോലിചെയ്യുന്ന ബ്ലോക്കാശുപത്രിയിൽ എല്ലാ മാസവും 20-25 ക്ഷയരോഗികൾ സ്ഥിരമായി എത്തുന്നുണ്ടെന്ന് ഡോ. സോളമൻ മോണ്ടാൽ നിരീക്ഷിക്കുന്നു “ഈ വിഷാംശമുള്ള പൊടി ശ്വസിക്കേണ്ടിവരുന്നതിനാൽ, ബീഡിതെറുപ്പുകാർക്കാണ് ഇത് ബാധിക്കാൻ കൂടുതൽ സാധ്യത. സ്ഥിരമായ ജലദോഷത്തിലേക്കും ക്രമേണ ശ്വാസകോശം ദുർബ്ബലമാകുന്നതിലേക്കും ഇത് നയിക്കുന്നു”, ബെൽഡംഗ-1-ലെ ബ്ലോക്ക് മെഡിക്കൽ ഓഫീസറായ (ബി.എം.ഒ.) മോണ്ടോൽ പറയുന്നു.
അവരുടെ വീട്ടിൽനിന്ന് താഴേക്കുള്ള റോഡിലെ ഡാർജിപാദാ മൊഹല്ലയിലുള്ള 60 വയസ്സായ സൈറ ബേവയ്ക്ക് നിരന്തരം ചുമയും ജലദോഷവും സഹിക്കേണ്ടിവരുന്നു. കഴിഞ്ഞ 15 വർഷമായി അലട്ടുന്ന പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും പുറമേയാണിത്. അഞ്ച് ദശാബ്ദങ്ങളായി ബീഡി ചുരുട്ടുന്ന അവരുടെ കൈകളിലും നഖത്തിലുമൊക്കെ സദാസമയവും പുകയിലപ്പൊടി പുരണ്ടിരുന്നു.
“മൊസ്‌ല (നന്നായി പൊടിച്ച പുകയില) അലർജിക്ക് പ്രധാനകാരണമാണ്. ചുരുട്ടുന്ന സമയത്ത്, പുകയിലയുടെ ആവിയോടൊപ്പം, ആ പൊടിയും ഉള്ളിൽ പ്രവേശിക്കും. ഡോ. സോളമൺ മോണ്ടാൽ പറയുന്നു. പശ്ചിമബംഗാളിൽ ആസ്തമയുള്ള സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ ഇരട്ടിയാണെന്ന് – 1,000-ത്തിൽ 4,386 പേർ – എൻ.എഫ്.എച്ച്.എസ്-5 പറയുന്നു.
“പുകയിലപ്പൊടിയുമായുള്ള സമ്പർക്കവും ക്ഷയരോഗവും തമ്മിലുള്ള കൃത്യമായ ബന്ധം മനസ്സിലാക്കിയിട്ടും തൊഴിൽപരമായുണ്ടാകുന്ന ക്ഷയരോഗം പരിശോധിക്കാനുള്ള ഒരു സൌകര്യവും നിലവിലില്ലെന്ന്“ ബി.എം.ഒ. കൂട്ടിച്ചേർക്കുന്നു. ബീഡിത്തൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ലയിൽ ഈ അഭാവം കൂടുതൽ ഗൌരവസ്വഭാവമുള്ളതാണ്. ചുമയ്ക്കുമ്പോൾ ചിലപ്പോൾ രക്തം വരാറുണ്ട് സൈറയ്ക്ക്. ക്ഷയരോഗം ബാധിക്കാൻ പോവുന്നതിന്റെ ലക്ഷണമാണത്.“ഞാൻ ബെൽഡംഗ ഗ്രാമീണ ആശുപത്രിയിൽ പോയി. അവർ ചില പരിശോധനകളൊക്കെ നടത്തി ചില മരുന്നുകൾ തന്നു”, അവർ പറയുന്നു. കഫം പരിശോധിക്കാനും പുകയിലപ്പൊടിയിൽനിന്ന് വിട്ടുനിൽക്കാനും അവർ സൈറയെ ഉപദേശിച്ചുവെങ്കിലും സുരക്ഷാ സാമഗ്രികളൊന്നും നൽകിയില്ല.
യഥാർത്ഥത്തിൽ, ഈ ജില്ലയിൽ പാരി സന്ദർശിച്ച ഒരു ബീഡിത്തൊഴിലാളിക്കുപോലും കൈയ്യുറകളോ മുഖാവരണമോ ഇല്ല. തൊഴിലുമായി ബന്ധപ്പെട്ട രേഖകളോ, സാമൂഹികസുരക്ഷാ സൌജന്യങ്ങളോ, മിനിമം കൂലിയോ, ക്ഷേമനിധിയോ, ആരോഗ്യപരിചരണ, സുരക്ഷാ സംവിധാനങ്ങളോ അവർക്കാർക്കുമില്ല. ബീഡി കമ്പനികൾ ഈ ജോലി ഇടനിലക്കാർക്ക് (മഹാജൻ) കൊടുത്ത് എല്ലാ ബാധ്യതകളിൽനിന്നും കൈകഴുകുന്നു. ഇടനിലക്കാരാകട്ടെ, ബീഡി വാങ്ങുകയും മറ്റുള്ളതെല്ലാം സൌകര്യപൂർവ്വം അവഗണിക്കുകയും ചെയ്യുന്നു.
മൂർഷിദാബാദിലെ ജനസംഖ്യയിൽ മൂന്നിൽ രണ്ടും മുസ്ലിമുകളും, ബീഡിതെറുപ്പ് തൊഴിലാളികളിൽ ഭൂരിഭാഗവും മുസ്ലിം സ്ത്രീകളുമാണ്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി, ബീഡി തൊഴിലാളികളുടെ കൂടെ പ്രവർത്തിക്കുകയാണ് റഫീക്കുൽ ഹസ്സൻ. “ആദിവാസികളും മുസ്ലിം സ്ത്രീകളും പെൺകുട്ടികളും അടക്കമുള്ളവർക്ക് തുച്ഛമായ വേതനം നൽകി ചൂഷണം ചെയ്താണ് ബീഡി വ്യവസായം നിലനിൽക്കുന്നത്” ബെൽഡംഗയിലെ സി.ഐ.ടി.യു. (സെന്റർ ഫോർ ഇന്ത്യൻ ട്രേഡ് യൂണിയൻ) ബ്ലോക്ക് സെക്രട്ടറി പറയുന്നു
പ്രാഥമിക തൊഴിൽമേഖയിലെ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളാണ് ബീഡിത്തൊഴിലാളികളെന്ന് പശ്ചിമബംഗാൾ തൊഴിൽവകുപ്പ് ഔദ്യോഗികമായിത്തന്നെ സമ്മതിക്കുന്നു. വകുപ്പ് നിശ്ചയിച്ചിട്ടുള്ള മിനിമം വേതനമായ 267.44 രൂപ ബീഡിതെറുപ്പ് തൊഴിലാളികൾക്ക് കിട്ടുന്നില്ല. 1,000 ബീഡികൾ തെറുത്താൽ അവർക്ക് കിട്ടുന്നത് 150 രൂപമാത്രമാണ്. 2019-ലെ വേതനനിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ദേശീയ മിനിമം വേതനമായ 178 രൂപയേക്കാൾ താഴെയാണ് അത്.
“ഒരേ ജോലിക്ക് പുരുഷന്മാരേക്കാൾ വളരെക്കുറച്ചുമാത്രമേ സ്ത്രീകൾക്ക് കിട്ടുകയുള്ളു എന്ന് എല്ലാവർക്കുമറിയാം”, സി.ഐ.ടി.യു.വിൽ അംഗമായ മൂർഷിദാബാദ് ജില്ലാ ബീഡിത്തൊഴിലാളി, പാക്കിംഗ് യൂണിയനിൽ പ്രവർത്തിക്കുന്ന സയീദ ബേവ പറയുന്നു. ““നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഞങ്ങളുടെ കൂടെ ജോലി ചെയ്യേണ്ട’ എന്ന് മഹാജന്മാർ (ഇടനിലക്കാർ) ഞങ്ങളെ ഭീഷണിപ്പെടുത്താറുണ്ട്”, ബീഡിത്തൊഴിലാളികൾക്കായി സംസ്ഥാനം കൃത്യമായ പദ്ധതികൾ സംസ്ഥാനം രൂപവത്ക്കരിക്കണമെന്ന് ആവശ്യപ്പെടുന്ന ആ 55 വയസ്സുകാരി കൂട്ടിച്ചേർക്കുന്നു.
സ്വന്തം വേതനത്തിൽ അധികാരമില്ലെന്ന് മാത്രമല്ല, ഇടനിലക്കാർ ഗുണനിലവാരം കുറഞ്ഞ അസംസ്കൃതവസ്തുക്കൾ തൊഴിലാളികൾക്ക് നൽകുകയും, അവസാനവട്ട പരിശോധനയിൽ അവ തള്ളിക്കളയുകയും ചെയ്യുന്നു. “തള്ളിക്കളഞ്ഞ ബീഡികൾ ഇടനിലക്കാർ കൈവശം വെക്കുമെങ്കിലും അതിന്റെ പണം തരില്ല”, അനീതികൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അവർ പറയുന്നു.
തുച്ഛമായ വേതനവും, സുരക്ഷയുടെ അഭാവവും ചേർന്ന്, തനൂജയെപ്പോലുള്ള ദിവസക്കൂലിക്കാരുടെ ജീവിതം സാമ്പത്തികമായി തകർന്നിരിക്കുന്നു. മൂന്നാമത്തെ മകളുടെ വിവാഹത്തിനായെടുത്ത 35,000 രൂപയുടെ വായ്പ തിരിച്ചടയ്ക്കാനുണ്ട്. “കടത്തിന്റേയും തിരിച്ചടവിന്റേയും ചക്രത്തിൽപ്പെട്ടിരിക്കുകയാണ് ഞങ്ങളുടെ ജീവിതം”, ഓരോ കല്യാണത്തിനും വായ്പയെടുക്കേണ്ടിവരുന്നതും പിന്നെ അത് തിരിച്ചടയ്ക്കാൻ ജോലി ചെയ്യേണ്ടിവരുന്നതും സൂചിപ്പിച്ച് അവർ പറയുന്നു.
യുവദമ്പതികളെന്ന നിലയിൽ തനൂജയും റഫീക്കുലും രക്ഷകർത്താക്കളുടെ കൂടെയായിരുന്നു താമസിച്ചിരുന്നതെങ്കിലും, കുട്ടികളായപ്പോൾ, പണം കടം വാങ്ങി, സ്ഥലം വാങ്ങി, ഒറ്റമുറിയുള്ള ഒരു മേഞ്ഞ വീട്ടിലേക്ക് താമസം മാറ്റി. “ഞങ്ങൾ രണ്ടുപേരും ചെറുപ്പമായിരുന്നതുകൊണ്ട്, അദ്ധ്വാനിച്ചാൽ കടം വീട്ടാം എന്നായിരുന്നു കരുതിയത്. അതൊരിക്കലും നടന്നില്ല. ഓരോരോ ആവശ്യത്തിനായി കടം വാങ്ങിക്കൊണ്ടിരുന്നു. ഇപ്പോൾ ഈ വീട് പണിഞ്ഞുതീർക്കാൻ സാധിക്കാതെയുമായി”, പി.എം. ആവാസ് യോജനപ്രകാരം ഒരു വീടിന് അർഹതയുണ്ടെങ്കിലും സ്ഥലമില്ലാത്തതിനാൽ ഇതുവരെ അത് കിട്ടിയിട്ടില്ല.
റഫീക്കുൽ ഇപ്പോൾ ഗ്രാമപഞ്ചായത്തിന്റെ ഡെങ്കു നിർമ്മാർജ്ജന പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ സാനിറ്റേഷൻ തൊഴിലാളിയായി ജോലി ചെയ്യുന്നു. മാസവരുമാനമായ 5,000 രൂപ കൃത്യമായൊന്നും കിട്ടുന്നില്ല. “ഈ കൃത്യതയില്ലായ്മ എനിക്ക് ധാരാളം സമ്മർദ്ദമുണ്ടാക്കുന്നു. ഒരു നയാപൈസപോലും കിട്ടാതെ ആറുമാസത്തോളം അദ്ദേഹത്തിന് ഒരിക്കൽ ജോലിചെയ്യേണ്ടിവന്നിട്ടുമുണ്ട്” തനൂജ പറയുന്നു. സ്ഥലത്തെ കടയിൽ ഇപ്പോൾ അവർക്ക് 15,000 രൂപയുടെ കടമുണ്ട്.
ബീഡിത്തൊഴിലാളികൾ പ്രസവാവധിയോ ചികിത്സാവധിയോ ഒന്നും എടുക്കാറില്ല. ഗർഭകാലവും പ്രസവവുമെല്ലാം ബീഡി ചുരുട്ടുന്നതിനൊപ്പം എങ്ങിനെയെങ്കിലും കഴിച്ചുതീർക്കും. ജനനി സുരക്ഷ യോജന, ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സ്കീം (സംയോജിത ശിശുവികസന പദ്ധതി - ഐ.സി.ഡി.എസ്), ഉച്ചഭക്ഷണം എന്നിവ ചെറുപ്പക്കാരായ സ്ത്രീകൾക്ക് സഹായകരമാണ്. “എന്നാൽ മുതിർന്ന സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ കണക്കാക്കപ്പെട്ടിട്ടില്ല. യു.എസ്.എച്ച്.എ (അർബൻ സ്ലം ഹെൽത്ത് ആക്ഷൻ- ഉഷ) പ്രവർത്തകയായ സബീന യാസ്മിൻ പറയുന്നു. “ആർത്തവവിരാമത്തിനുശേഷമാണ് അവരുടെ ആരോഗ്യം വഷളാവുന്നത്. സ്ത്രീകൾക്ക് ഏറ്റവും ആവശ്യമായ കാൽഷ്യത്തിന്റേയും ഇരുമ്പിന്റേയും അഭാവം ഗുരുതരമാണ്. എല്ലുകൾക്ക് ബലക്ഷയവും വിളർച്ചയും അവർ അനുഭവിക്കുന്നു”, സബീന കൂട്ടിച്ചേർത്തു. തന്റെ ജോലിയും ചുമതലയും അധികവും മാതൃ-ശിശു പരിചരണത്തിലായതിനാൽ, സ്ത്രീ ബീഡിത്തൊഴിലാളികളുടെ കാര്യത്തിൽ അധികമൊന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് സബീന പരിതപിക്കുന്നു. ബെൽഡംഗ ടൌൺ മുനിസിപ്പാലിറ്റിയിലെ 14 വാർഡുകളുടെ ചുമതല അവർക്കാണ്.
വ്യവസായവും സംസ്ഥാനവും ഒരുപോലെ കൈയ്യൊഴിയുന്നതിനാൽ, ബീഡിതെറുപ്പ് തൊഴിലാളികളായ സ്ത്രീകൾക്ക് കൂടുതൽ പ്രതീക്ഷയ്ക്കൊന്നും വകുപ്പില്ല. തൊഴിലിൽനിന്ന് എന്തെങ്കിലും സാമ്പത്തികമെച്ചം കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് തനൂജ രോഷത്തോടെയാണ് മറുപടി പറഞ്ഞത്. “ഒരു ബാബുമാരും (കരാറുകാർ) ഞങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വരാറില്ല. ഡോക്ടർമാർ ഞങ്ങളെ പരിശോധിക്കുമെന്ന് കുറേക്കാലം മുൻപ്, ബി.ഡി.ഒ.യുടെ ഓഫീസ് ഞങ്ങളോട് പറഞ്ഞിരുന്നു. ഞങ്ങൾ ചെന്നപ്പോൾ ഒരു ഗുണവുമില്ലാത്ത കുറച്ച് മരുന്നുകൾ തരുകമാത്രമാണ് അവർ ചെയ്തത്”, അവർ ഓർത്തെടുത്തു. സ്ത്രീകളുടെ കാര്യം അന്വേഷിക്കാൻ ആരും വന്നില്ല.
ആ മരുന്നുകൾ മനുഷ്യർക്കുവേണ്ടിയുള്ളതായിരുന്നോ എന്ന കാര്യത്തിൽ തനൂജയ്ക്ക് സംശയമുണ്ട്. “എനിക്ക് തോന്നുന്നത് അത് പശുക്കൾക്കുള്ളതാണെന്നാണ്”.
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും
യുവതികളെയും കുറിച്ച് പ്രോജക്ട് പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട്
ചെയ്യുന്നു. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാൽ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ
വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും
മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്ട്.
ഈ ലേഖനം
പുനഃപ്രസിദ്ധീക്കാൻ
[email protected]
എന്ന മെയിലിലേക്കയച്ച് അനുവാദം വാങ്ങുക.
[email protected]ക്ക്
മെയിലിന്റെ ഒരു കോപ്പിയും അയക്കേണ്ടതാണ്.
പരിഭാഷ: രാജീവ് ചേലനാട്ട്