“ഹൽബി, ഗോണ്ഡി ഭാഷകളിൽ ഘോഡോണ്ഡി എന്നാണ് ഇവിടങ്ങളിലിത് അറിയപ്പെടുന്നത്. കുതിര സവാരി എന്നാണ് ഇതിനർത്ഥം. ഈ വടിയുമായി നടക്കുമ്പോഴോ ഓടുമ്പോഴോ നിങ്ങൾക്ക് ഒരു കുതിരപ്പുറത്തിരുന്ന് സവാരി ചെയ്യുന്നതുപോലെ ആസ്വദിക്കാനാകും,'” യുവ അദ്ധ്യാപകനും കിബായിബലേംഗ ഗ്രാമത്തിലെ താമസക്കാരനുമായ ഗൗതം സേതിയ പറഞ്ഞു (സെൻസസ് പട്ടിക പ്രകാരം കിവായിബലേംഗ).
ഛത്തീസ്‌ഗഢിലെ ബസ്തർ മേഖലയിലെ കൊണ്ടഗാവ് ജില്ലയിലെ കൊണ്ടഗാവ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലെ ഝഗ്ഡഹിൻപാര എന്ന സ്ഥലത്തെ കൗമാരത്തിനു മുൻപുള്ള ആൺകുട്ടികൾ ഹരേലി അമാവാസിയുടെ ശുഭദിനത്തിൽ (ഏകദേശം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ) വടികൾ കൊണ്ടുള്ള സവാരി നടത്തുന്നു - ഇവിടെ ഒരു പെൺകുട്ടിയും ഘോഡോണ്ഡി കളിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ആഗസ്ത്-സെപ്തംബർ മാസങ്ങളിൽ ഗണേശ ചതുർഥിക്ക് ശേഷം നയാഖാനി (അല്ലെങ്കിൽ ഛത്തീസ്‌ഗഢിന്‍റെ മറ്റ് ഭാഗങ്ങളിൽ നവാഖാനി) വരെ ഈ സവാരികളും കളികളും തുടരുന്നതാണ്.