ഞങ്ങളുടേയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടേയും ജീവിതത്തിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷങ്ങളായിരുന്നു ജൂൺ 7 ബുധനാഴ്ചയിലേത്. പാരിയുടെ ആഭിമുഖ്യത്തിലാണ് അത് നടന്നത് എന്ന് അറിയിക്കാൻ എനിക്കഭിമാനമുണ്ട്. ക്യാപ്റ്റൻ മൂത്ത സഹോദരനും തൂഫാൻ സേനയും എന്ന ആ കഥ ഓർമ്മയില്ലേ? ആ ജ്യേഷ്ഠസഹോദരനെയും വിസ്മരിക്കപ്പെട്ട മറ്റ് നായകന്മാരെയും സംബന്ധിക്കുന്ന നിമിഷമായിരുന്നു അത്.

വർഷങ്ങൾ കഴിയുന്തോറും ദുഃഖവും വളരുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ തലമുറയിലെ ഓരോരുത്തരും മരിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ആ മനുഷ്യരെ കാണാനോ അവരുടെ ശബ്ദം കേൾക്കാനോ ഇനി വരുന്ന തലമുറകൾക്കാവില്ല. എന്തിനേറെ, ഈ ലേഖനം വായിക്കുന്നവരിൽത്തന്നെ പലർക്കും അത്തരമൊരു അനുഭവമുണ്ടായിട്ടുണ്ടാവില്ല.

അതിനാലാണ് ഈ വന്ദ്യവയോധികരായ ആളുകൾ ആ പോരാട്ടകാലത്തെക്കുറിച്ച് പറയുന്നതൊക്കെ വർഷങ്ങളായി ഞാൻ ചിത്രീകരിക്കുകയും, അവയൊക്കെ സൂക്ഷിക്കുകയും, അതിനെക്കുറിച്ച് എഴുതുകയും ചെയ്യുന്നത്. പ്രതിഫലവും അംഗീകാരവുമൊന്നും ലഭിക്കാതെ, സുഖകരമല്ലാത്ത ഇരുളിലേക്ക് അവരെല്ലാം നീങ്ങുമല്ലോ എന്ന് എല്ലാ സമയത്തുമോര്‍ത്ത് വ്യസനിച്ചുകൊണ്ട്.

വീഡിയോ കാണുക : 1943 ജൂൺ 7-ന് തൂഫാൻ സേന നടത്തിയ ആക്രമണത്തെ അടയാളപ്പെടുത്താൻ ബ്രിട്ടീഷ് ഇന്ത്യൻ റെയിൽ‌വേ ഷെനോളിയില്‍ സ്ഥാപിച്ച ചെറിയൊരു ‘സ്മാരക’ത്തിന് മുന്നിൽ ഗോപാൽ ഗാന്ധിയും മറ്റുള്ളവരും

അങ്ങിനെയാണ്, 1943-46-ലെ സാത്താരയിലെ പ്രതിസർക്കാരിൽ (ഒളിവിൽ പ്രവർത്തിക്കുന്ന താത്ക്കാലിക സർക്കാർ) ഭാഗഭാക്കായിരുന്ന ജീവിച്ചിരിക്കുന്ന പോരാളികളുടെ ഒരു പുനഃസമാഗമം സംഘടിപ്പിക്കാൻ ഞങ്ങൾ സഹായിച്ചത്. തൂഫാൻ സേനയിലെ വന്ദ്യവയോധികരായ പോരാളികളെയും, മഹാരാഷ്ട്രയിലെ സാത്താര, സാംഗ്ലി ജില്ലകളിലെ മറ്റ് സ്വാതന്ത്ര്യസമരസേനാനികളേയും ജൂൺ 7-ന് ആദരിക്കുകയുണ്ടായി. ബ്രിട്ടീഷ് രാജിന്‍റെ ഉദ്യോഗസ്ഥർക്കുള്ള ശമ്പളവുമായി പോയിരുന്ന തീവണ്ടിയെ സാത്താരയിലെ ഷെനോലിയിൽ‌വെച്ച് ആക്രമിച്ചത് ജൂൺ 7 എന്ന ആ അവിസ്മരണീയമായ ദിവസത്തിലായിരുന്നു. അവര്‍ ആ പണമൊക്കെ പാവങ്ങള്‍ക്കു നല്‍കുകയും തങ്ങള്‍ രൂപീകരിച്ച പ്രതിസര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുകയും ചെയ്തു.

വിരമിച്ച നയതന്ത്ര ഉദ്യോഗസ്ഥനും, പശ്ചിമബംഗാളിലെ മുൻ ഗവർണ്ണറും മഹാത്മജിയുടെ ചെറുമകനുമായ ഗോപാൽ ഗാന്ധിയോട് അതിൽ പങ്കെടുക്കാനും സംസാരിക്കാനും ഞങ്ങൾ അഭ്യർത്ഥിച്ചിരുന്നു. അതനുസരിച്ച് ദില്ലിയിൽനിന്ന് വന്ന് അതിൽ പങ്കെടുത്ത അദ്ദേഹത്തിന് അത് ഒരു ഹൃദയസ്പർശിയായ അനുഭവമാവുകയും ചെയ്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരപ്രക്ഷോഭത്തിലെ അവിസ്മരണീയമായ ഒരദ്ധ്യായമായിരുന്നു പ്രതിസർക്കാർ. അതിന്‍റെ സായുധവിഭാഗമായിരുന്നു തൂഫാൻ സേന (ചുഴലിക്കാറ്റ് അല്ലെങ്കില്‍ ചക്രവാത സൈന്യം). 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽനിന്ന് ഉടലെടുത്ത ഈ സായുധവിഭാഗം, സത്താരയിൽ ഒരു സമാന്തരസർക്കാർ നിലവിൽ വന്നതായി പ്രഖ്യാപിച്ചു. ഇന്നത്തെ സാംഗ്ലി ഉൾപ്പെടുന്ന വലിയൊരു ജില്ലയായിരുന്നു അന്ന് സാത്താര.

Haunsai bai and Nana Patil felicitation
PHOTO • Namita Waikar ,  Samyukta Shastri

കുൻണ്ഡലിൽ‌വെച്ച് നടന്ന സമ്മേളനത്തിൽ , പ്രതിസർക്കാരിന്‍റെ നായകനായ നാന പാട്ടീലിന്‍റെ മകളായ ഹൗസാബായ് പാട്ടീലിനെയും (ഇടത്ത്), മാധവ്റാവ് മാനെയെയും (വലത്ത്) ഗോപാൽ ഗാന്ധി ആദരിക്കുന്നു

സത്യം പറഞ്ഞാൽ, ഷെനോലിയിലെ ആ ചരിത്രപ്രസിദ്ധമായ റെയിൽ‌വേ ട്രാക്കിൽ‌വെച്ച് ആ ചടങ്ങ് നടത്താൻ തീരുമാനിച്ചപ്പോൾ, അധികമാളുകളെയൊന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. എന്നിട്ടും, ആ വേനൽക്കാലത്തെ ഉച്ചസമയം 3 മണിക്ക് 250 ഓളം ആളുകൾ അവിടെ എത്തിച്ചേർന്നു. മിക്കവരും 80-നും 90-നും മീതെ പ്രായമായവർ. പാർക്കിൽ ഉല്ലസിക്കുന്ന കുട്ടികളെപ്പോലെ അവരെല്ലാം ട്രാക്കിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യസമരചരിത്രത്തിലെ വിവിധ ധാരകളുടെ ഒരു സംഗമമായിരുന്നു അത്. ഗോപാൽ ഗാന്ധിയെ ഊഷ്മളമായി ആലിംഗനം ചെയ്തുകൊണ്ട് മഹാത്മാ ഗാന്ധിക്ക് ജയ് വിളിക്കുന്ന പഴയ വിപ്ലവസംഘത്തിലെ സായുധ പോരാളികൾ. പ്രത്യേകിച്ചും 95 വയസ്സുള്ള ക്യാപ്റ്റൻ ഭാവു. (ഭാവു എന്ന മറാത്തി വാക്കിന് ജ്യേഷ്ഠൻ എന്നാണർത്ഥം). ദേഹസുഖമില്ലാതിരുന്നിട്ടും, നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രമാണ് അദ്ദേഹം അവിടെ എത്തിയത്. അഭിമാനം കൊണ്ട് അദ്ദേഹത്തിന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഊർജ്ജം നിറഞ്ഞ ഒരു കുട്ടിയെപ്പോലെ 94 വയസ്സുള്ള മാധവ്റാവ് മാനെ റെയിൽ‌വേ ട്രാക്കിലൂടെ ഓടിനടക്കുന്നുണ്ടായിരുന്നു. അദ്ദേഹം വീഴുമെന്ന് ഭയന്ന്, പിന്നാലെ ഞാനും. ഒരിക്കൽ‌പ്പോലും അദ്ദേഹത്തിന് കാലിടറിയില്ല. മുഖത്തെ പുഞ്ചിരിയും മാഞ്ഞില്ല.

ഞങ്ങൾ ട്രാക്കിലൂടെ നടന്ന്, 74 കൊല്ലം മുൻപ്, വിപ്ലവകാരികൾ തീവണ്ടി തടഞ്ഞുനിർത്തി അതിനകത്ത് കയറിക്കൂടിയ ആ ചരിത്രപ്രസിദ്ധമായ സ്ഥലത്ത് പോയി. അവിടെ ചെറിയൊരു സ്മാരകമുണ്ട്. വിപ്ലവകാരികളുടെ ഓർമ്മയ്ക്കായുള്ളതല്ല, ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ളത്. ആ ദിവസത്തിന്‍റെ ശരിയായ പ്രാധാന്യം അറിയിച്ചുകൊണ്ടുള്ള മറ്റൊരു സ്മാരകം അതിനടുത്ത് സ്ഥാപിക്കാനുള്ള സമയമായിരിക്കുന്നു.

പിന്നീട്, ഞങ്ങൾ കുണ്ഡലിൽ‌വെച്ച് നടക്കുന്ന ആ വലിയ ചടങ്ങിലേക്ക് നീങ്ങി. 1943-ലെ പ്രതിസർക്കാരിന്‍റെ ആസ്ഥാനമായിരുന്നു അത്. ഷെനോലിയിൽനിന്ന് ഒരു 20 മിനിറ്റ് ദൂരമേ ഉണ്ടായിരുന്നുള്ളൂ അവിടേക്ക്. ആ പഴയ വിപ്ലവകാരികളുടെ അനന്തരാവകാശികളും നാട്ടുകാരും ചേർന്ന് സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. നാഗ്‌നാഥ് നായക്‌വാഡിയിലെ ജി.ഡി. ബാപു ലാഡിന്‍റെയും പ്രതിസർക്കാരിന്‍റെ തലവൻ നാനാ പാട്ടിലിന്‍റെയും കുടുംബങ്ങളുണ്ടായിരുന്നു. 1943-ലെ ആ പഴയ ത്രിമൂർത്തികളിലെ ഒരാ‍ൾ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളു. ക്യാപ്റ്റൻ ഭാവു മാത്രം. നാനാ പാട്ടീലിന്‍റെ മകൾ ഹൌൻ‌സതായി പാട്ടീലും ഉണ്ടായിരുന്നു. വളരെയധികം സജീവമായിരുന്നു അവരും. മാത്രമല്ല, ആ ഒളിവിലെ വിപ്ലവകാരികളുടെ സംഘടനയിലെ അംഗവുമായിരുന്നു അവർ. ക്യാപ്റ്റൻ ഭാവു എന്ന ആ പ്രായം‌ചെന്ന മനുഷ്യൻ രണ്ട് ദിവസം മുൻപ് തെരുവിലായിരുന്നു. അതെ, മഹാരാഷ്ട്രയിലെ കർഷകപ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്. ആ പഴയ സ്വാതന്ത്ര്യസമരപോരാളികൾ മിക്കവരും ഒരുകാലത്ത് കർഷകരോ കർഷകത്തൊഴിലാളികളോ ആയിരുന്നുവെന്നും നമ്മൾ ഓർക്കണം. അവരിൽ പലരുടേയും അനന്തരാവകാശികൾ ഇന്നും ആ തൊഴിലെടുത്താണ് ജീവിക്കുന്നത്.

വീഡിയോ കാണുക : കുണ്ഡലിലെ ജനങ്ങളുടെ ആദരമേറ്റുവാങ്ങാനായി പഴയ സ്വാതന്ത്ര്യസമരസേനാനികൾ എഴുന്നേൽക്കുന്നു

ഞങ്ങളുടേതിൽനിന്ന് വ്യത്യസ്തമായാണ് ജൂൺ 7-ന്‍റെ വാർഷികത്തെ മഹാരാഷ്ട്ര സർക്കാർ ആചരിച്ചത്. 1943-ലെ ബ്രിട്ടീഷ് സൈന്യത്തിന്‍റെ ഏതാണ്ട് അതേ മാതൃകയിൽത്തന്നെ. കർഷകരെ അടിച്ചമർത്താൻ പൊലീസിനെ വിട്ടുകൊണ്ട്. സ്വാതന്ത്ര്യസമരസേനാനികളുടെ ചടങ്ങിനുവേണ്ടിയുള്ള ഞങ്ങളുടെ തയ്യാറെടുപ്പുകളെ ഇത് വ്രണപ്പെടുത്തുകയും ചെയ്തു. നിരവധി കർഷകരേയും പ്രവർത്തകരേയും കരുതൽ തടങ്കൽ എന്ന നിലയ്ക്ക് ലോക്കപ്പിലടച്ചു മഹാരാഷ്ട്ര സർക്കാർ. കേസൊന്നും ചാർജ്ജ് ചെയ്യാതെയുള്ള നിയമവിരുദ്ധമായ തടങ്കലായിരുന്നു അത്. ഷെനോലിയിലെയും കുണ്ഡലിലെയും ചടങ്ങുകളിലെ മുഖ്യ സംഘാടകനായിരുന്നു കിസാൻ സഭയിലെ ഉമേഷ് ദേശ്‌മുഖ്. വിരോധാഭാസമെന്ന് പറയട്ടെ, ഉമേഷിന് ചടങ്ങിൽ സംബന്ധിക്കാൻ കഴിഞ്ഞില്ല. അതിരാവിലെ 5.30-ന് വേറൊരു എട്ടുപേരോടൊപ്പം അദ്ദേഹത്തെയും ടാസ്‌ഗോൺ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലടച്ചിരുന്നു. പഴയ സ്വാതന്ത്ര്യസമരസേനാനികളെ ഫോണിൽ വിളിക്കാനും, ചടങ്ങും, പുനഃസമാഗമവും ആസൂത്രണം ചെയ്യാനും മുൻ‌പന്തിയിലുള്ള ആളായിരുന്നു ഉമേഷ്.

എന്നിട്ടും ആ രണ്ട് സമ്മേളനങ്ങളും നടക്കുകതന്നെ ചെയ്തു. ഒരൊറ്റ കസേരപോലും ശൂന്യമായിരുന്നില്ല. പലരും നിൽക്കുകയായിരുന്നു. കുണ്ഡലിലെ വേദിയിൽ 20-ഓളം സ്വാതന്ത്ര്യസമരസേനാനികളുണ്ടായിരുന്നു. സ്വാതന്ത്ര്യസമരം, മഹാത്മാ ഗാന്ധിയുടെ അതിനോടുള്ള സമീപനം, പഴയ സേനാനികളോടുള്ള തന്‍റെ ആദരം, നമ്മുടെ വർത്തമാനകാലവും നിലപാടുകളും എന്നിവയെക്കുറിച്ചെല്ലാം ഗോപാൽ ഗാന്ധി സംസാരിച്ചത് ശ്രദ്ധയോടെ മുഴുവൻ ജനങ്ങളും കേട്ടുനിന്നു.

അദ്ദേഹത്തിന്‍റെ പ്രസംഗം കഴിഞ്ഞയുടൻ, സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് പഴയ സമരപോരാളികൾക്ക് ആദരമർപ്പിച്ചു. വിചാരിച്ചതിനേക്കാളേറെ നേരം നീണ്ടുനിന്ന അഭിവാദ്യമർപ്പിക്കലായി അത് മാറി. കുണ്ഡൽ, അതിന്‍റെ നായികമാരേയും നായകന്മാരേയും അഭിവാദ്യം ചെയ്യുകയായിരുന്നു. പലരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 90 വയസ്സ് കഴിഞ്ഞ ഈ അത്ഭുത മനുഷ്യരെയും സ്ത്രീകളെയും അവരുടെ സ്വന്തം നാട് അഭിവാദ്യം ചെയ്യുന്ന അഭിമാനകരവും സന്തോഷപ്രദവുമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച എന്‍റെ കണ്ണുകളും നിറഞ്ഞു. അവരുടെ അവസാനവർഷങ്ങളിലെ ഏറ്റവും വലിയ നിമിഷമായിരുന്നു അത്. അവരുടെ അവസാനത്തെ വിജയാഘോഷം.

Freedom fighter program
PHOTO • Samyukta Shastri

സേനാനികളെ ആദരിക്കുന്നതിനുവേണ്ടി സദസ്സ് എഴുന്നേൽക്കുന്നു . വലത്ത്: കുണ്ഡലിലെ ചടങ്ങിൽ പങ്കെടുത്ത 95 വയസ്സുള്ള ക്യാപ്റ്റൻ ഭാവു

ചിത്രങ്ങള്‍: നമിത വൈകര്‍, സംയുക്ത ശാസ്ത്രി, സിഞ്ചിത മാജി

പരിഭാഷ: രാജീവ് ചേലനാട്ട്

பி. சாய்நாத், பாரியின் நிறுவனர் ஆவார். பல்லாண்டுகளாக கிராமப்புற செய்தியாளராக இருக்கும் அவர், ’Everybody Loves a Good Drought' மற்றும் 'The Last Heroes: Foot Soldiers of Indian Freedom' ஆகிய புத்தகங்களை எழுதியிருக்கிறார்.

Other stories by P. Sainath
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat