പാറക്കെട്ടുകൾ നിറഞ്ഞ, നിരപ്പല്ലാതെ കിടക്കുന്ന പരുത്തിപ്പാടങ്ങളുടെ ഒറ്റപ്പെട്ട ഒരു കോണിലാണ് ചമ്പത് നാരായൺ ജാംഗ്‌ലെ മരിച്ചു വീണത്.

മഹാരാഷ്ട്രയുടെ ഈ പ്രദേശങ്ങളിൽ, ഹൽകി ജമീൻ (ആഴം കുറഞ്ഞ നിലം) എന്നാണ് ഇത്തരം ഭൂപ്രദേശങ്ങൾ അറിയപ്പെടുന്നത്. പച്ചപ്പ് പുതച്ച ഒരു കുന്നിന്റെ പശ്ചാത്തലത്തിൽ, ഒരു ക്യാൻവാസിലെന്നപോലെ പല നിരപ്പായി നീണ്ടുകിടക്കുന്ന ഈ ഭൂഭാഗങ്ങൾ അന്ധ് ഗോത്രത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഗ്രാമത്തിൽനിന്ന് അകലെ, ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു കൃഷിയിടം.

അങ്ങിങ്ങായി വലിയ പാറകൾ ചിതറിക്കിടക്കുന്ന ഈ ഭൂമിയിൽ ചമ്പത് പണിത, ഓല മേഞ്ഞ ഒരു കൂര ഇപ്പോഴും നിൽപ്പുണ്ട്. വിളകൾ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ തുരത്താൻ രാപ്പകൽ ഭേദമന്യേ കൃഷിയിടത്തിൽ കാവലിരിക്കേണ്ടിവരുമ്പോൾ, കടുത്ത ചൂടിൽനിന്നും മഴയിൽനിന്നും രക്ഷ നേടാനായി ചമ്പത് പണിതതാണ് അത്. വിളകളെ പരിപാലിച്ചും കൃഷിപ്പണികൾ ചെയ്തും ചമ്പത് സദാസമയവും ആ കൂരയിൽത്തന്നെ ഉണ്ടാകുമായിരുന്നെന്ന് അയൽക്കാർ ഓർക്കുന്നു.

ആ കൂരയിൽനിന്ന് നോക്കുമ്പോൾ, അന്ധ്‌ ഗോത്രത്തിൽ നിന്നുള്ള കർഷകനായ, നാല്പതുകളിൽ പ്രായമുള്ള ചമ്പതിന് തന്റെ കൃഷിയിടത്തിന്റെ പൂർണ്ണ ചിത്രം കിട്ടിയിരുന്നിരിക്കണം- നികത്താനാകാത്ത നഷ്ടങ്ങളുടെ കണക്കുകൾ, കായ്ക്കാതെ, വളർച്ച മുരടിച്ച പരുത്തി ചെടികൾ, മുട്ടോളം ഉയരത്തിൽ വളർന്നു നിൽക്കുന്ന വൻപയർ ചെടികൾ.

ഒറ്റനോട്ടത്തിൽത്തന്നെ, രണ്ടുമാസത്തിനുശേഷം വിളവെടുപ്പ് കാലമാകുമ്പോൾ ഈ പാടങ്ങളിൽനിന്നും ഒന്നും ലഭിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടാകണം. കൊടുത്തുതീർക്കാനുള്ള കടങ്ങളും കുടുംബത്തിന്റെ ദൈനംദിന ചിലവുകളും അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. കയ്യിൽ പക്ഷെ പണമൊന്നും ഉണ്ടായിരുന്നതുമില്ല.

Badly damaged and stunted cotton plants on the forlorn farm of Champat Narayan Jangle in Ninganur village of Yavatmal district. Champat, a small farmer, died by suicide on August 29, 2022.
PHOTO • Jaideep Hardikar
The small thatched canopy that Champat had built for himself on his farm looks deserted
PHOTO • Jaideep Hardikar

ഇടത്- യവത് മാൽ ജില്ലയിലെ നിംഗാനൂർ ഗ്രാമത്തിലുള്ള, ചമ്പത് നാരായൺ ജാംഗ്‌ലെയുടെ കൃഷിയിടത്തിലെ വളർച്ച മുരടിച്ച, കേടു സംഭവിച്ച പരുത്തിച്ചെടികൾ. ചെറുകിട കർഷകനായ ചമ്പത് 2022 ഓഗസ്ററ് 29-നു ആത്മഹത്യ ചെയ്തു. വലത്- സ്വന്തം കൃഷിയിടത്തിൽ ചമ്പത് പണിഞ്ഞ ചെറിയ, ഓല മേഞ്ഞ കൂര അനാഥമായി കിടക്കുന്നു

2022 ഓഗസ്റ്റ് 29-ന് ചമ്പതിന്റെ ഭാര്യ ദ്രുപദയും അവരുടെ മക്കളും ദ്രുപദയുടെ രോഗിയായ അച്ഛനെ കാണാനായി 50 കിലോമീറ്റർ അകലെയുള്ള അവരുടെ ഗ്രാമത്തിലേക്ക് പോയ ഒരു ഉച്ചനേരത്ത്, ചമ്പത് താൻ തലേ ദിവസം കടം പറഞ്ഞു വാങ്ങിച്ച, വിഷമേറിയ കീടനാശിനിയായ മോണോസിൽ ഒരു കുപ്പി മുഴുവൻ എടുത്തുകുടിച്ചു.

എന്നിട്ട് അദ്ദേഹം നേരെ മുൻപിലുള്ള പാടത്ത് ജോലി ചെയ്തിരുന്ന തന്റെ സഹോദരനെ ഉറക്കെ വിളിച്ച്, ഒഴിഞ്ഞ കീടനാശിനിക്കുപ്പി വ്യഗ്രതയോടെ വീശി കാണിച്ചു; മരിച്ചു വീഴുന്നതിനു മുൻപേ അവസാനമായി യാത്ര പറയാനെന്നപോലെ. താഴെ വീണ നിമിഷംതന്നെ ചമ്പത് മരണപ്പെട്ടിരുന്നു.

“ഞാൻ എല്ലാം ഇട്ടെറിഞ്ഞ് അവന്റെ അടുത്തേയ്ക്ക് ഓടിപ്പോയി.", ചമ്പതിന്റെ അമ്മാവൻ രാംദാസ്  ജാംഗ്‌ലെ ഓർക്കുന്നു. സംഭവം നടക്കുമ്പോൾ,  ചമ്പതിന്റെ കൃഷിയിടത്തിന് തൊട്ടടുത്തുതന്നെയുള്ള തന്റെ കൃഷിഭൂമിയിൽ ജോലി ചെയ്യുകയായിരുന്നു രാംദാസ്. പാറക്കെട്ടുകൾ നിറഞ്ഞ, ഫലഭൂയിഷ്ഠത തീരെയില്ലാത്ത നിലമാണ് രാംദാസിന്റേതും. ചമ്പതിന്റെ ബന്ധുക്കളും മറ്റു ഗ്രാമവാസികളും ചേർന്ന് ഒരു വണ്ടി സംഘടിപ്പിച്ച്, ഗ്രാമത്തിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേയ്ക്ക് അദ്ദേഹത്തെ എത്തിച്ചെങ്കിലും, ആശുപത്രി അധികൃതർ ചമ്പത് മരണപ്പെട്ടതായി അറിയിക്കുകയായിരുന്നു.

*****

മഹാരാഷ്ട്രയിലെ പടിഞ്ഞാറൻ വിദർഭ പ്രദേശത്തുള്ള, യവത് മാലിലെ ഉമർഖേദ് തെഹ്‌സിലിൽ ഉൾപ്പെടുന്ന  നിംഗാനൂർ എന്ന ഗ്രാമത്തിലെ താമസക്കാർ ഭൂരിഭാഗവും അന്ധ്‌ ഗോത്രവിഭാഗക്കാരായ ചെറുകിട, ഇടത്തരം കർഷകരാണ്. ഫലഭൂയിഷ്ഠത കുറവായ നിലത്ത് അന്നന്നത്തെ വക കൃഷി ചെയ്ത് കണ്ടെത്തുന്നവരാണ് ഇക്കൂട്ടർ. ചമ്പത് ജീവിച്ചതും മരിച്ചതും ഇതേ ഗ്രാമത്തിൽ, ഇവർക്കിടയിലാണ്.

ജൂലൈയിൽ തുടങ്ങി ഓഗസ്റ്റ് പകുതിവരെ നീണ്ട, ഇടതടവില്ലാതെ പെയ്ത കനത്ത മഴയ്ക്കും അതിനുപിന്നാലെയുണ്ടായ കടുത്ത വരൾച്ചയ്ക്കുംശേഷം, കഴിഞ്ഞ രണ്ടുമാസങ്ങളിലായി വിദർഭയിൽ കർഷക ആത്മഹത്യകളുടെ ഒരു പരമ്പരതന്നെ ഉണ്ടായിട്ടുണ്ട്.

"മൂന്നാഴ്ചയോളം വെയിൽ അടിച്ചതേയില്ല", രാംദാസ് പറയുന്നു. ആദ്യം പെയ്ത മഴയിൽ  പരുത്തി വിതകൾ എല്ലാം നശിച്ചു; കുറച്ച് ചെടികൾ മഴയെ അതിജീവിച്ചെങ്കിലും, പിന്നീടുണ്ടായ വരൾച്ചയിൽ അവയുടെയും വളർച്ച മുരടിച്ചു, രാംദാസ് തുടരുന്നു. "ചെടികൾക്ക് വളം ഇടേണ്ട സമയത്ത് മഴ നിൽക്കുന്നുണ്ടായിരുന്നില്ല. ഇപ്പോൾ  മഴ ആവശ്യമുള്ള സമയത്ത്, മഴ പെയ്യുന്നുമില്ല."

The Andh community's colony in Ninganur.
PHOTO • Jaideep Hardikar
Ramdas Jangle has been tending to his farm and that of his nephew Champat’s after the latter’s death
PHOTO • Jaideep Hardikar

ഇടത്ത്: നിംഗാനൂർ ഗ്രാമത്തിലെ അന്ധ്‌ സമുദായക്കാരുടെ കോളനി. വലത്ത്: ചമ്പതിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ അമ്മാവൻ രാംദാസ് ജാംഗ്‌ലെ തന്റെ കൃഷിയിടത്തോടൊപ്പം തന്റെ മരുമകന്റെ കൃഷിയിടവും പരിപാലിച്ചുവരുന്നു

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി, സാമ്പത്തികപ്രശ്നങ്ങളും കൃഷിയെ ബാധിക്കുന്ന, വർധിച്ചുവരുന്ന പരിസ്ഥിതി പ്രശ്നങ്ങളും  മൂലം പടിഞ്ഞാറൻ വിദർഭയിലെ പരുത്തി കർഷകർ ആത്മഹത്യ ചെയ്ത ഒട്ടേറെ സംഭവങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ജില്ലാതല കണക്കുകളനുസരിച്ച് , വിദർഭ, മറാത്ത് വാഡ പ്രദേശങ്ങളിലെ 19 ജില്ലകളിൽ ഈ മൺസൂൺ കാലത്ത് ശരാശരി 30 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. ഇതിൽ അധികവും പെയ്തത് ജൂലൈ മാസത്തിലാണ്. മൺസൂൺ കാലം അവസാനിക്കാൻ ഇനിയും ഒരുമാസം  ഉണ്ടെന്നിരിക്കെ,  2022 ജൂണിനും സെപ്റ്റംബർ 10-നും ഇടയിൽ ഈ പ്രദേശത്ത് 1,100 മിലീമീറ്റർ മഴ പെയ്തുകഴിഞ്ഞിരിക്കുന്നു. (മുൻ വർഷങ്ങളിൽ ഇതേ കാലയളവിൽ ഈ പ്രദേശത്ത് ശരാശരി 800 മില്ലീമീറ്റർ മഴ പെയ്തതായാണ് കണക്കുകൾ കാണിക്കുന്നത്).  അസാധാരണമാം വിധം മഴ ലഭിച്ച ഒരു വർഷമായി 2022 മാറുകയാണ്.

എന്നാൽ ഈ കണക്കുകൾ മഴയിൽ വന്ന ഏറ്റക്കുറച്ചിലുകൾ വ്യക്തമാക്കുന്നില്ല. ജൂൺ മാസം മുക്കാലും കടുത്ത വരൾച്ചയായിരുന്നു. ജൂലൈ മാസത്തിന്റെ തുടക്കത്തിൽ മഴ തുടങ്ങിയതിനുപിന്നാലെ കുറച്ച് ദിവസങ്ങൾകൊണ്ടുതന്നെ നേരത്തെ മഴയിൽ വന്ന കുറവ് പരിഹരിക്കപ്പെട്ടു. ജൂലൈ പകുതിയായപ്പോഴേക്കും മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിൽനിന്നും മിന്നൽ പ്രളയങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വിദർഭയിലെയും മറാത്ത്വാഡയിലെയും നിരവധി പ്രദേശങ്ങളിൽ ജൂലൈ മാസത്തിന്റെ ആദ്യപകുതിയിൽ കനത്ത മഴ (24 മണിക്കൂറിൽ 65 മില്ലീമീറ്ററിൽ കൂടുതൽ മഴ) പെയ്തതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു.

ഒടുവിൽ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ മഴ ഒന്ന് ശമിച്ചതിനുപിന്നാലെ, യവത്‌മാൽ ഉൾപ്പെടെ അനേകം ജില്ലകളിൽ സെപ്റ്റംബർ തുടക്കംവരെ കടുത്ത വരൾച്ച അനുഭവപ്പെട്ടു. അത് കഴിഞ്ഞതും വീണ്ടും മഹാരാഷ്ട്രയിൽ പരക്കെ മഴ ലഭിച്ചു.

പൊടുന്നനെയുള്ള അതിതീവ്ര മഴയും അതിനുപിന്നാലെയുണ്ടാകുന്ന കടുത്ത വരൾച്ചയും  ഈ പ്രദേശത്തെ ഒരു പതിവ് രീതിയായി മാറുകയാണെന്ന്  നിംഗാനൂരിലെ കർഷകർ പറയുന്നു. എന്ത് കൃഷി ചെയ്യണം, എന്തെല്ലാം കൃഷിരീതികൾ പിന്തുടരണം, വെള്ളവും മണ്ണിലെ ഈർപ്പവും എങ്ങനെ നിലനിർത്തണം തുടങ്ങിയ തീരുമാനങ്ങളെ  ദുഷ്കരമാക്കുന്ന ഒരു പ്രവണതയാണത്. ചമ്പതിനെ സ്വന്തം ജീവനെടുക്കാൻ പ്രേരിപ്പിച്ച പ്രതിസന്ധിക്ക് സമാനമായ സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്.

Fields damaged after extreme rains in July and mid-August in Shelgaon village in Nanded.
PHOTO • Jaideep Hardikar
Large tracts of farms in Chandki village in Wardha remained under water for almost two months after the torrential rains of July
PHOTO • Jaideep Hardikar

ഇടത്ത്: ജൂലൈ മുതൽ ഓഗസ്റ്റ് പകുതിവരെ നീണ്ട കനത്ത മഴയിൽ നശിച്ചുപോയ, നന്ദേഡിലെ ഷെൽഗാവോൻ ഗ്രാമത്തിലെ കൃഷിയിടങ്ങൾ. വലത്ത്:  വാർധയിലെ ചാന്ദ്‌കി ഗ്രാമത്തിലെ ഒട്ടേറെ വലിയ കൃഷിയിടങ്ങൾ ജൂലൈയിൽ പെയ്ത കനത്ത മഴയ്ക്കുശേഷം രണ്ടുമാസത്തോളം വെള്ളത്തിനടിയിലായിരുന്നു

കാർഷിക പ്രതിസന്ധി ലഘൂകരിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന,  സർക്കാർ ടാസ്ക് ഫോഴ്‌സായ വസന്ത് റാവു നായിക് ഷേത്കാരി സ്വാവലംബൻ മിഷന്റെ തലവനായ കിഷോർ തിവാരി പറയുന്നത് ഈയിടെയായി കർഷക ആത്മഹത്യകൾ ഏറെ വർധിച്ചിട്ടുണ്ടെന്നാണ്. ഓഗസ്റ്റ് 25നും സെപ്റ്റംബർ 10 നും ഇടയിലെ രണ്ട് ആഴ്ചയിൽമാത്രം വിദർഭയിൽ 30-നടുത്ത് കർഷക ആത്‌മഹത്യകൾ സംഭവിച്ചെന്ന് അദ്ദേഹം പറയുന്നു.  2022 ജനുവരിക്കുശേഷം, അതിതീവ്ര മഴയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആയിരത്തിലധികം കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കാർഷിക പ്രതിസന്ധിമൂലം ജീവനൊടുക്കിയവരിൽ ഒരുമാസത്തിന്റെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്ത, യവത്‌മാലിലെ ഒരു ഗ്രാമത്തിൽനിന്നുള്ള രണ്ടു സഹോദരന്മാരും ഉൾപ്പെടുന്നു.

"എത്ര സഹായം കിട്ടിയാലും അത് ഉപകാരപ്പെടുമെന്ന് തോന്നുന്നില്ല; ഈ വർഷം ഉണ്ടായിട്ടുള്ള തകർച്ച അത്രയും ഭീകരമാണ്", തിവാരി പറയുന്നു.

*****

കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാകുകയും വിളകൾ നശിക്കുകയും ചെയ്തതോടെ, മഹാരാഷ്ട്രയിലെ അസംഖ്യം ചെറുകിട കർഷകരെ കാത്തിരിക്കുന്നത് പ്രതിസന്ധിയുടെ നീണ്ട കാലയളവാണ്.

മഹാരാഷ്ട്രയിലെ കാർഷിക കമ്മീഷണറുടെ ഓഫിസിന്റെ കണക്കുകൾ പ്രകാരം, വിദർഭ, മറാത്ത്‌വാഡ, വടക്കൻ മഹാരാഷ്ട്ര പ്രദേശങ്ങളിലായി ഏകദേശം രണ്ട് മില്യൺ ഹെക്ടർ കൃഷിഭൂമി ഇത്തവണത്തെ പ്രളയവും പിന്നാലെയുള്ള വരൾച്ചയുംമൂലം  ഉപയോഗശൂന്യമായിട്ടുണ്ട്. ഈ വർഷത്തെ ഖാരിഫ് വിളവ് ഏതാണ്ട് മുഴുവനായും നഷ്ടമായിരിക്കുന്നുവെന്ന് ഇവിടത്തെ കർഷകർ പറയുന്നു. സോയാബീൻ, പരുത്തി, വൻപയർ എന്നിങ്ങനെ എല്ലാ പ്രധാന വിളകൾക്കും കനത്ത നഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രധാനമായും ഖാരിഫ് വിളകളെ ആശ്രയിക്കുന്ന, വരണ്ട ഭൂപ്രദേശങ്ങളെ സംബന്ധിച്ച്, ഈ വർഷത്തെ തകർച്ച ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്.

അർദ്ധപൂർ തെഹ്‌സിലിലെ നന്ദേഡിലുള്ള ഷെൽഗാവോൻ പോലെ, പുഴകളുടെയും അരുവികളുടെയും തീരത്തുള്ള ഗ്രാമങ്ങളെയാണ് മുൻപുണ്ടായിട്ടില്ലാത്ത വിധം തീവ്രമായ വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചത്. "ഒരാഴ്ചയോളം ഞങ്ങൾ ഒറ്റപ്പെട്ടു.", ഷെൽഗാവോൻ ഗ്രാമത്തലവനായ പഞ്ചാബ് രാജഗോർ പറയുന്നു. "ഗ്രാമത്തിലൂടെ ഒഴുകുന്ന ഉമാ നദി കരകവിഞ്ഞതോടെ ഞങ്ങളുടെ വീടുകളും പാടങ്ങളും വെള്ളത്തിൽ മുങ്ങിപ്പോയി." ഗ്രാമത്തിൽനിന്ന് കുറച്ച് മൈലുകൾ താഴെവെച്ച് ഉമാ നദി ആസ്ന നദിയിൽ ലയിക്കുകയും നന്ദേഡിൽവെച്ച് ഈ രണ്ടു നദികളും ഗോദാവരിയിൽ ലയിക്കുകയും ചെയ്യുന്നു. ഈ നദികളെല്ലാംതന്നെ ഇക്കഴിഞ്ഞ മഴക്കാലത്ത് കരകവിഞ്ഞ് ഒഴുകുകയായിരുന്നു.

Punjab Rajegore, sarpanch of Shelgaon in Nanded, standing on the Uma river bridge that was submerged in the flash floods of July.
PHOTO • Jaideep Hardikar
Deepak Warfade (wearing a blue kurta) lost his house and crops to the July floods. He's moved into a rented house in the village since then
PHOTO • Jaideep Hardikar

ഇടത്:  നന്ദേഡിലെ ഷെൽഗാവോൻ ഗ്രാമത്തിന്റെ തലവനായ പഞ്ചാബ് രാജഗോർ, ജൂലൈയിലെ മിന്നൽ പ്രളയത്തിൽ വെള്ളത്തിനടിയിലായ, ഉമാ നദിക്ക് കുറുകെയുള്ള പാലത്തിന് മുകളിൽ നില്കുന്നു. വലത്:  ജൂലൈയിലെ പ്രളയത്തിൽ ദീപക് വാർഫഡേയ്ക്ക് (നീല കുർത്ത ധരിച്ച ആൾ) തന്റെ വീടും വിളകളും നഷ്ടമായി. അതിൽ പിന്നെ അദ്ദേഹം വാടകവീട്ടിലേയ്ക്ക് താമസം മാറിയിരിക്കുകയാണ്

"ജൂലൈ മുഴുവനും മഴ കാരണം പാടത്ത്‌ പണിയെടുക്കാൻ ബുദ്ധിമുട്ടായിരുന്നു.", അദ്ദേഹം പറയുന്നു. കുത്തൊലിച്ചുകിടക്കുന്ന മണ്ണിലും കടപുഴകി കിടക്കുന്ന വിളകളിലും അന്നത്തെ പ്രളയത്തിന്റെ അവശേഷിപ്പുകൾ കാണാം. ചില കർഷകർ, ഒക്ടോബറിൽ റാബി വിളകളുടെ വിത്ത് വിതയ്ക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ വിളവിൽ ബാക്കി വന്നത് കൊയ്ത് മാറ്റുന്നുണ്ട്.

ജൂലൈയിൽ. ഏഴുദിവസം തുടർച്ചയായി പെയ്ത മഴയും കരകവിഞ്ഞൊഴുകിയ യശോദാ നദിയും വാർധ ജില്ലയിലെ ചാന്ദ്കി ഗ്രാമത്തെ ഒന്നാകെ വെള്ളത്തിനടിയിലാക്കിയിരുന്നു. ഗ്രാമത്തിൽ കുടുങ്ങിപ്പോയ ആളുകളെ രക്ഷിക്കാൻ ദേശീയ ദുരന്തനിവാരണസേനയെ (എൻ.ഡി.ആർ.എഫ്) വിളിക്കേണ്ടിവന്നു.  ഇവിടെ, 1,200 ഹെക്ടർ കൃഷിഭൂമിയിൽ  ഇന്നും വെള്ളം ഇറങ്ങിയിട്ടില്ല.

"എന്റെ വീടുൾപ്പെടെ 13 വീടുകൾ തകർന്നുവീണു.", 50 വയസ്സുള്ള ദീപക് വാർഫഡെ പറയുന്നു. പ്രളയത്തിൽ വീട് തകർന്നതിനുശേഷം ഈ കർഷകൻ വാടകവീട്ടിൽ താമസിച്ചുവരുകയാണ്. "കൃഷിപ്പണി ഉണ്ടാകുന്നില്ലെന്നതാണ് ഞങ്ങളുടെ പ്രശ്‌നം. ആദ്യമായിട്ടാണ് എനിക്ക് ജോലി ഇല്ലാതാകുന്നത്."

"ഒരു മാസത്തിൽ ഏഴുതവണയാണ് ഇവിടെ പ്രളയം ഉണ്ടായത്.", ദീപക് പറയുന്നു. "ഏഴാമത്തെ പ്രളയം ഞങ്ങളെ തകർത്തു തരിപ്പണമാക്കി; എൻ.ഡി.ആർ.എഫ് സേന സമയത്ത് വന്നത് ഞങ്ങളുടെ ഭാഗ്യം. ഇല്ലെങ്കിൽ ഞാൻ ഇപ്പോൾ ഉണ്ടാകില്ലായിരുന്നു."

ഖാരിഫ് വിളകൾ മുഴുവനായും നശിച്ചതോടെ, ഇനി എന്ത് എന്ന ചോദ്യം ചാന്ദ്കി ഗ്രാമവാസികളെ അലട്ടുകയാണ്.

തകർച്ചയുടെ നിശ്ചലദൃശ്യമെന്നോണം വളർച്ച മുരടിച്ച പരുത്തിച്ചെടികളും പ്രളയം നിരപ്പാക്കിയ വലിയൊരു പ്രദേശവും ഉൾപ്പെടുന്ന തന്റെ  കൃഷിയിടത്തിൽ, 64 കാരനായ ബാബറാവു പാട്ടീൽ അവശേഷിച്ച വിളവ് രക്ഷിച്ചെടുക്കുകയാണ്.

"ഈ വർഷം എനിക്ക് എന്തെങ്കിലും കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പില്ല.", അദ്ദേഹം പറയുന്നു. "വീട്ടിൽ വെറുതെയിരുന്ന് സമയം കളയുന്നതിനുപകരം, ചില ചെടികളെ എങ്കിലും വീണ്ടും നടാൻ പറ്റുമോയെന്ന് നോക്കുകയാണ് ഞാൻ." അദ്ദേഹം പറയുന്നതനുസരിച്ച്, സാമ്പത്തിക പ്രതിസന്ധി ഗുരുതരമാണെന്ന് മാത്രമല്ല, ഇത് പ്രതിസന്ധിയുടെ തുടക്കം മാത്രമാണ്.

മഹാരാഷ്ട്രയിൽ മൈലുകളോളം നീണ്ടുകിടക്കുന്ന നിരവധി  പാടശേഖരങ്ങൾ ബാബറാവുവിന്റെ കൃഷിയിടത്തെ അനുസ്മരിപ്പിക്കും: ഒരിടത്തുപോലും ആരോഗ്യത്തോടെ, വിളഞ്ഞുനിൽക്കുന്ന ചെടികൾ കാണാനില്ല.

Babarao Patil working on his rain-damaged farm in Chandki.
PHOTO • Jaideep Hardikar
The stunted plants have made him nervous. 'I may or may not get anything out this year'
PHOTO • Jaideep Hardikar

ഇടത്: ചാന്ദ്കിയിൽ പ്രളയം തകർത്ത തന്റെ കൃഷിഭൂമിയിൽ പണിയെടുക്കുന്ന ബാബറാവു പാട്ടീൽ. വലത്: വളർച്ച മുരടിച്ച ചെടികൾ അദ്ദേഹത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. 'ഈ വർഷം എനിക്ക് എന്തെങ്കിലും കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പില്ല’

"അടുത്ത 16 മാസം ഈ പ്രതിസന്ധി രൂക്ഷമാകും.", ലോകബാങ്കിന്റെ ഉപദേഷ്ടാവും വാർധയിലെ പ്രാദേശിക വികസന വിദഗ്‌ദ്ധനുമായ ശ്രീകാന്ത് ബർഹതെ പറയുന്നു. "അപ്പോഴാണ് അടുത്ത വിളവെടുപ്പിന് സമയമാകുക." എന്നാൽ ഈ 16 മാസം കർഷകർ എങ്ങനെ ജീവിക്കുമെന്നതാണ് ചോദ്യം.

ബർഹതെയുടെ സ്വദേശമായ, ചാന്ദ്കിയുടെ സമീപത്തുതന്നെയുള്ള റോഹൻഖേദ് ഗ്രാമത്തിലും ഒട്ടേറെ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. "ഇപ്പോൾ രണ്ട് കാര്യങ്ങളാണ് സംഭവിക്കുന്നത്. ഒന്ന്, സ്വർണ്ണമോ മറ്റു സ്വത്തുക്കളോ പണയംവെച്ചോ സ്വകാര്യ പണമിടപാടുകാരിൽനിന്ന് കടം വാങ്ങിയോ ആണ് ആളുകൾ വീട്ടുചിലവുകൾക്ക് പണം കണ്ടെത്തുന്നത്; രണ്ട്, ചെറുപ്പക്കാർ ജോലി തേടി പുറത്തേയ്ക്ക് കുടിയേറാൻ ഒരുങ്ങുകയാണ്."

സ്വാഭാവികമായും ഈ വർഷമവസാനിക്കുമ്പോൾ, മുൻപൊന്നുമില്ലാത്തവണ്ണം കാർഷിക ലോണുകളുടെ അടവ് മുടങ്ങുന്ന സ്ഥിതി ബാങ്കുകൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു.

ചാന്ദ്കി ഗ്രാമത്തിൽ മാത്രം 20 കോടിയോളം രൂപ മൂല്യം വരുന്ന പരുത്തി വിളവ് നശിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ അനുകൂലമായിരുന്നെങ്കിൽ, ഈയൊരു ഗ്രാമത്തിലേക്ക് മാത്രം അത്രയും പണം പരുത്തി കൃഷിയിലൂടെ വന്നുചേരുമായിരുന്നു. ഈ പ്രദേശത്ത്, ഒരേക്കറിൽ ലഭിക്കുന്ന ശരാശരി വിളവ് അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാണിത്.

"ഞങ്ങൾക്ക് വിളവ് നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, ഇതുവരെ വിത്ത് നടാനും  മറ്റ് കൃഷിപ്പണികൾക്കുമായി ചിലവഴിച്ച തുക തിരിച്ചുപിടിക്കാൻപോലും സാധിക്കില്ല.", 47 വയസ്സുള്ള നാംദേവ് ഭോയാർ പറയുന്നു.

"ഇത് ഒറ്റത്തവണ സംഭവിക്കുന്ന നഷ്ടവുമല്ല. മണ്ണൊലിപ്പ് കാലങ്ങളോളം നീണ്ടുനിൽക്കുന്ന (പാരിസ്ഥിതിക) പ്രശ്നമാണ്.", അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

Govind Narayan Rajegore's soybean crop in Shelgaon suffered serious damage.
PHOTO • Jaideep Hardikar
Villages like Shelgaon, located along rivers and streams, bore the brunt of the flooding for over a fortnight in July 2022
PHOTO • Jaideep Hardikar

ഇടത്ത്: ഷെൽഗാവോൻ ഗ്രാമത്തിലെ ഗോവിന്ദ് നാരായൺ രാജഗോറെയുടെ സോയാബീൻ വിളവിന് കനത്ത നാശംതന്നെ സംഭവിച്ചു. വലത്ത്: 2022 ജൂലൈയിൽ രണ്ടാഴ്ച നീണ്ടുനിന്ന പ്രളയത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ നേരിട്ടത്,  നദികളുടെയും അരുവികളുടെയും തീരത്തുള്ള ഷെൽഗാവോൻ പോലെയുള്ള  ഗ്രാമങ്ങളാണ്

മഹാരാഷ്ട്രയിലുടനീളമുള്ള ലക്ഷക്കണക്കിന് കർഷകർ ജൂലൈ മുതൽ ഓഗസ്റ്റ് വരെ നീണ്ടുനിന്ന അതിതീവ്ര മഴയുടെ ദുരിതഫലങ്ങൾ അനുഭവിക്കുമ്പോൾ, സംസ്ഥാനത്ത് പ്രവർത്തനക്ഷമമായ ഒരു സർക്കാർപോലുമുണ്ടായിരുന്നില്ല. ശിവസേനയിൽ നടന്ന കലാപത്തിന്റെ തുടർച്ചയായി മഹാ വികാസ് അഘാഡി സർക്കാർ അട്ടിമറിക്കപ്പെട്ടതിനാലായിരുന്നു അത്.

സെപ്റ്റംബർ തുടക്കത്തിൽ, പുതുതായി ചുമതലയേറ്റ ഏക്‌നാഥ് ഷിൻഡെ സർക്കാർ സംസ്ഥാനത്ത് 3,500 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയുണ്ടായി. ജീവനും വിളകൾക്കും ഉണ്ടായ യഥാർത്ഥനഷ്ടത്തെ ഭാഗികമായി മാത്രം നേരിടാനു തകുന്ന തുകയായിരുന്നു ഇത്. ഇതിനുപുറമെ, ഗുണഭോക്താക്കളെ സർവേ നടത്തി തിരിച്ചറിഞ്ഞ്, അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തുന്നതിന് ഒരുവർഷമെങ്കിലും പിടിക്കുകയും ചെയ്യും. പക്ഷെ ആളുകൾക്ക് സഹായം ആവശ്യമുള്ളത് ഇപ്പോഴാണ്, ഇന്നാണ്.

*****

"നിങ്ങൾ എന്റെ പാടം കണ്ടില്ലേ", ചമ്പതിന്റെ വിധവ ദ്രുപദ ചോദിക്കുന്നു. ദു:ഖിതയും ദുർബലയുമായി നിൽക്കുന്ന അവളുടെ ചുറ്റും അവളുടെ മൂന്ന് ചെറിയ കുഞ്ഞുങ്ങൾ നിൽപ്പുണ്ട്- 8 വയസ്സുകാരി പൂനം, 6 വയസ്സുകാരി പൂജ, 3 വയസ്സുള്ള കൃഷ്ണ. "ഇങ്ങനത്തെ ഭൂമിയിൽ എന്ത് കൃഷി ചെയ്യാനാണ്?" കാർഷിക തൊഴിലാളികളായി ജോലിയെടുത്തിട്ട് കൂടിയാണ് ചമ്പതും ദ്രുപദയും രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നത്.

കഴിഞ്ഞ വർഷം ചമ്പത്-ദ്രുപദ ദമ്പതികൾ അവരുടെ മൂത്ത മകൾ താജുലിയുടെ വിവാഹം നടത്തിയിരുന്നു. തനിക്ക് 16 വയസ്സുണ്ടെന്ന് താജുലി അവകാശപ്പെടുന്നുണ്ടെങ്കിലും അവളെ കണ്ടാൽ 15 വയസ്സിൽ കൂടുതൽ പറയില്ല- 3 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട് അവൾക്ക്. കഴിഞ്ഞ വർഷം,  മകളുടെ വിവാഹം നടത്തിയതിന്റെ ഭാഗമായുള്ള കടം തീർക്കാനായി, തങ്ങളുടെ കൃഷിയിടം തുച്ഛമായ തുകയ്ക്ക് ഒരു ബന്ധുവിന് പാട്ടത്തിന് കൊടുത്ത്, ചമ്പതും ദ്രുപദയും കൊൽഹാപൂരിൽ കരിമ്പ് വെട്ടുന്ന ജോലിയ്ക്ക്  പോകുകയായിരുന്നു.

വൈദ്യുതിബന്ധം ഇല്ലാത്ത ഒരു ചെറുകൂരയിലാണ് ജാംഗ്‌ലെ കുടുംബം താമസിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ, അവർക്ക് കഴിക്കാൻ ഭക്ഷണം ഒന്നും തന്നെയില്ല. അവരെപ്പോലെത്തന്നെ ദരിദ്രരായ, മഴക്കെടുതികൾ അനുഭവിക്കുന്ന അയൽക്കാരുടെ സഹായത്താലാണ് അവർ കഴിഞ്ഞുപോകുന്നത്.

"ഈ രാജ്യത്തിന് അതിന്റെ ദരിദ്രരായ പൗരന്മാരെ എങ്ങനെ കബളിപ്പിക്കണമെന്ന് നന്നായറിയാം.", പ്രാദേശിക പത്രപ്രവർത്തകനും കൃഷിക്കാരനുമായ മൊയ്‌നുദ്ദിൻ സൗദാഗർ പറയുന്നു. അദ്ദേഹമാണ്  ചമ്പതിന്റെ ആത്മഹത്യ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ബി.ജെ.പി അംഗമായ പ്രദേശത്തെ എം.എൽ.എ, ദ്രുപദയ്ക്ക് 2,000 രൂപ തുച്ഛമായ ധനസഹായം കൊടുത്തത് ആ കുടുംബത്തിന് നേരെയുള്ള കടുത്ത അപമാനമാണെന്ന നിശിതമായ വിമർശനം ഉന്നയിച്ച് സൗദാഗർ ഒരു ലേഖനവും എഴുതിയിരുന്നു.

Journalist and farmer Moinuddin Saudagar from Ninganur says most Andh farmers are too poor to withstand climatic aberrations.
PHOTO • Jaideep Hardikar
Journalist and farmer Moinuddin Saudagar from Ninganur says most Andh farmers are too poor to withstand climatic aberrations.
PHOTO • Jaideep Hardikar

ഇടത്ത്: നിംഗാനൂരിലെ പത്രപ്രവർത്തകനും കൃഷിക്കാരനുമായ മൊയ്‌നുദ്ദിൻ സൗദാഗർ,  അന്ധ്‌ ഗോത്രക്കാരായ കർഷകരിൽ ഭൂരിഭാഗവും കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ത്രാണിയില്ലാത്ത ദരിദ്രർരാണെന്ന് ചൂണ്ടിക്കാട്ടുന്നു. വലത്ത്: പരേതനായ ചമ്പതിന്റെ ഭാര്യ ദ്രുപദ മക്കളുമൊത്ത്  നിംഗാനൂരിലെ തന്റെ ചെറിയ കുടിലിന് മുന്നിൽ ദുഖിതയായി നിൽക്കുന്നു

"ആദ്യം നമ്മൾ അവർക്ക് ആരും കൃഷി ചെയ്യാൻ ഇഷ്ടപ്പെടാത്ത, പാറക്കല്ലുകൾ നിറഞ്ഞ, ഫലഭൂയിഷ്ടമല്ലാത്ത, ഭൂമി കൊടുക്കും. പിന്നീട്, അവർക്കുവേണ്ട പിന്തുണ കൊടുക്കാതിരിക്കുകയും ചെയ്യും.", മൊയ്‌നുദ്ദിൻ പറയുന്നു. ലാൻഡ് സീലിംഗ് ആക്ടിന് കീഴിൽ നടപ്പിലാക്കിയ ഭൂമി വിതരണപദ്ധതിയുടെ ഭാഗമായി കുടുംബത്തിന് ലഭിച്ച ക്ലാസ്-II ഭൂമിയാണ് ചമ്പതിന് തന്റെ പിതാവിൽനിന്ന് അവകാശമായി ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

"ദശാബ്ദങ്ങളായി, ഇവിടത്തെ  സ്ത്രീപുരുഷന്മാർ അവരുടെ ജീവിതകാലം മുഴുവൻ ചോരയും നീരും കൊടുത്ത് അധ്വാനിച്ചാണ് ഈ ഭൂമിയെ കുറച്ചെങ്കിലും ഫലഭൂയിഷ്ഠത ഉള്ളതാക്കി മാറ്റി, തങ്ങൾക്ക് ആവശ്യമുള്ള എന്തെങ്കിലും കൃഷി ചെയ്യാൻ യോഗ്യമാക്കിയത്". മൊയ്‌നുദ്ദിൻ പറയുന്നു. ഭൂരിഭാഗവും ഗോണ്ട്, അന്ധ്‌ ഗോത്രവിഭാഗങ്ങൾ താമസക്കാരായിട്ടുള്ള  നിംഗാനൂർ ഗ്രാമം, ഈ പ്രദേശത്തെത്തന്നെ ഏറ്റവും ദരിദ്രമായ ഗ്രാമങ്ങളിലൊന്നാണ്, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഈ വർഷം സംഭവിച്ചതുപോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളോട് പൊരുത്തപ്പെടാൻ ശേഷിയില്ലാത്തവണ്ണം ദരിദ്രരാണ് ഭൂരിഭാഗം അന്ധ്‌ കർഷകരെന്നും മൊയ്‌നുദ്ദിൻ ചൂണ്ടിക്കാട്ടുന്നു. അന്ധ്‌ എന്നത് കഷ്ടപ്പാടിന്റെയും പരമദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും മറ്റൊരു പേരാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മരിക്കുന്ന സമയത്ത്, ചമ്പതിന് ബാങ്കിലും സ്വകാര്യ പണമിടപാടുകാരുടെയടുത്തും കടം ബാക്കിയുണ്ടായിരുന്നു. ഏറെ നിർബന്ധിച്ചതിനുശേഷം മാത്രമാണ്, കടത്തുക 4 ലക്ഷത്തോളം ഉണ്ടായിരുന്നെന്ന് ദ്രുപദ വെളിപ്പെടുത്തുന്നത്. "കഴിഞ്ഞവർഷം, ഞങ്ങൾ കല്യാണത്തിനുവേണ്ടി കടം മേടിച്ചു; ഈ വർഷം കൃഷിയിടത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയും വീട്ടുചിലവുകൾക്കായും ഞങ്ങൾ ബന്ധുക്കളിൽനിന്ന് കടം വാങ്ങിച്ചു.", അവൾ പറയുന്നു. "ഈ കടങ്ങൾ തിരിച്ചടയ്ക്കാൻ ഞങ്ങൾക്ക് മുന്നിൽ ഒരുവഴിയുമില്ല."

കുടുംബത്തിന്റെ ഭാവിതന്നെ അനിശ്ചിതത്വത്തിലായിരിക്കെ, തങ്ങൾക്ക്  സ്വന്തമായുള്ള കാളകളിൽ ഒന്നിനെ അസുഖം ബാധിച്ചത് ദ്രുപദയെ വല്ലാതെ ആശങ്കപ്പെടുത്തുന്നു. "എന്റെ കാള പോലും അതിന്റെ യജമാനൻ മരിച്ചതിനുപിന്നാലെ ഭക്ഷണം വേണ്ടെന്നുവെച്ചിരിക്കുകയാണ്."

പരിഭാഷ: പ്രതിഭ ആർ.കെ .

Jaideep Hardikar

ஜெய்தீப் ஹார்டிகர் நாக்பூரிலிருந்து இயங்கும் பத்திரிகையாளரும் எழுத்தாளரும் ஆவார். PARI அமைப்பின் மைய உறுப்பினர்களுள் ஒருவர். அவரைத் தொடர்பு கொள்ள @journohardy.

Other stories by Jaideep Hardikar
Editor : Sangeeta Menon

சங்கீதா மேனன், மும்பையில் வாழும் எழுத்தாளர், எடிட்டர், தகவல் தொடர்பு ஆலோசகர்.

Other stories by Sangeeta Menon
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.