“ഞങ്ങൾ തൊഴിൽ അവസാനിപ്പിച്ചാൽ, രാജ്യം മുഴുവനും വിഷമിക്കും”.
“ആർക്കും പിന്നെ ക്രിക്കറ്റ് കളിക്കാൻ സാധിക്കില്ല”. ബാബുലാൽ താൻ പറഞ്ഞതിന്റെ അർത്ഥം വിശദീകരിച്ചു.
ചുമപ്പും വെള്ളയും നിറമുള്ള, ബാറ്റ് ചെയ്യുന്നവരും പന്തെറിയുന്നവരും ഒരുപോലെ ഇഷ്ടപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന, ദശലക്ഷക്കണക്കിന് കാണികൾ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുന്ന ആ തോൽപ്പന്തുകൾ നിർമ്മിക്കപ്പെടുന്നത്, ഉത്തർ പ്രദേശിലെ മീററ്റിലുള്ള ശോഭാപുർ എന്ന ചേരിയിലെ തുകൽനിർമ്മാണശാലകളിൽനിന്നാണ്. അസംസ്കൃത തോലിൽനിന്ന് തുകൽപ്പണിക്കാർ അലും-ടാന്നിംഗ് എന്ന രീതിയുപയോഗിച്ച്, ക്രിക്കറ്റിനാവശ്യമായ പന്തുകളുണ്ടാക്കുന്ന, നഗരത്തിലെ ഒരേയൊരു സ്ഥലമാണത്. അസംസ്കൃത തോലിൽനിന്ന്, നല്ല തുകലുണ്ടാക്കുന്ന പ്രക്രിയയെയാണ് ടാനിംഗ് (തുകൽ ഊറയ്ക്കിടുക) എന്ന് വിശേഷിപ്പിക്കുന്നത്.
“അലും-ടാനിംഗിലൂടെ മാത്രമേ തോലിലെ സൂക്ഷ്മമായ തരികളിലൂടെ വളരെ എളുപ്പത്തിൽ നിറം കടത്തിവിടാനാവൂ“, എന്ന് ബാബു ലാൽ പറയുന്നു. സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിട്യൂറ്റ് അറുപതുകളിൽ നടത്തിയ ഗവേഷണം അത് ശരിവെക്കുന്നു. പന്തിന് മിനുസമുണ്ടാക്കാനായി പന്തെറിയുന്നവർ കൈയ്യിലെ വിയർപ്പും, ദേഹത്തിലെ വിയർപ്പും /ഉമിനീരും പന്തിൽ തേച്ചുപിടിപ്പിക്കുമ്പോൾ പന്ത് കേടുവരാതെയും എറിയുന്നവൻ മനസ്സ് മടുത്ത് കളിയുപേക്ഷിച്ച് പോകാതെയും അതിനെ സംരക്ഷിക്കുന്നത്, അലും-ടാന്നിംഗാണെന്ന് ആ ഗവേഷണം തെളിയിച്ചിട്ടുണ്ട്.
ശോഭാപുരയിലെ തന്റെ സ്വന്തം തുകൽ ഊറയിടൽശാലയിലെ ഒരു കോണിൽ പ്ലാസ്റ്റിക്ക് കസേരയിലിരിക്കുകയായിരുന്നു ആ അറുപത്തിരണ്ടുകാരൻ. വെള്ളപൂശിയ നിലം തിളങ്ങുന്നുണ്ടായിരുനു. “ഞങ്ങളുടെ പൂർവ്വികർ കഴിഞ്ഞ 200 വർഷമായി തുകലുണ്ടാക്കുന്ന ജോലിയിലായിരുന്നു”, അയാൾ പറഞ്ഞു.
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തുകൽ ഊറയ്ക്കിടുന്ന മറ്റൊരു തൊഴിലാളിയായ ഭരത് ഭൂഷൺ കടന്നുവന്നു. 43 വയസ്സുള്ള അദ്ദേഹം തന്റെ 13-ആമത്തെ വയസ്സിലാണ് ഇവിടെ ജോലിചെയ്യാൻ തുടങ്ങിയത്. ഇരുവരും പരസ്പരം “ജയ് ഭീം” (അംബേദ്ക്കറിന് അഭിവാദ്യം) എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തു.
ഭരത് ഒരു കസേര വലിച്ചിട്ട് ഞങ്ങളോടൊപ്പം കൂടി. “ദുർഗന്ധം വരുന്നുണ്ടോ?”, ഒരു ചെറിയ ക്ഷമാപണത്തോടെ ബാബു ലാൽ ഞങ്ങളോട് ചോദിച്ചു. ചുറ്റുമുള്ള വലിയ കുഴികളിൽ കുതിരാനിട്ട തോലിന്റെ മണത്തെക്കുറിച്ചാണ് ബാബു ലാൽ ചോദിച്ചത്. തുകൽപ്പണിക്കാർക്ക് നേരിടേണ്ടിവരുന്ന അവജ്ഞയും സാമൂഹികമായ അകൽച്ചയും സൂചിപ്പിച്ച് ഭരത് കൂട്ടിച്ചേർത്തു, “ശരിക്കും പറഞ്ഞാൽ, വളരെ കുറച്ചുപേർക്കുമാത്രമേ മറ്റുള്ളവരേക്കാൾ വലിയ മൂക്കുകളുള്ളൂ. അവർക്ക് വളരെ ദൂരത്തുനിന്നുതന്നെ തുകൽപ്പണിയുടെ മണം പിടിച്ചെടുക്കാനാകും”.
ഭരത് സൂചിപ്പിച്ച വിഷയത്തെക്കുറിച്ച് ബാബുലാൽ തുറന്നുപറഞ്ഞു. “കഴിഞ്ഞ ആറേഴ് വർഷമായി, ഞങ്ങളുടെ ഈ തൊഴിൽമൂലം ഞങ്ങൾ ധാരാളം പ്രശ്നങ്ങൾ നേരിടുന്നുണ്ട്”.
ഇന്ത്യയിലെ ഏറ്റവും പഴയ നിർമ്മാണവ്യവസായങ്ങളിലൊന്നാണ് തുകൽനിർമ്മാണം. നാല് ദശലക്ഷത്തിലധികം ആളുകൾ ആ തൊഴിൽ ചെയ്യുന്നു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള കൌൺസിൽ ഫോർ ലെതർ എക്സ്പോർട്ട്സിന്റെ 2021-22-ലെ കണക്കുപ്രകാരം, ആഗോളാടിസ്ഥാനത്തിലുള്ള തുകലിന്റെ 13 ശതമാനമാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്.
ശോഭാപുരിലെ മിക്കവാറും എല്ലാ ടാനറി ഉടമസ്ഥരും തൊഴിലാളികളും ജാദവ സമുദായത്തിൽനിന്നുള്ളവരാണ് (ഉത്തർ പ്രദേശിൽ അവർ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നു). പ്രദേശത്തും പരിസരത്തുമായി 3,000 ജാദവ കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്ന് ഭരത് സൂചിപ്പിച്ചു. അവയിൽ, 100 കുടുംബങ്ങളെങ്കിലും ഈ തൊഴിലിലാണ് ഏർപ്പെട്ടിരിക്കുന്നത്. 12-ആം വാർഡിൽ ഉൾപ്പെട്ട സ്ഥലമാണ് ശോഭാപുർ. ജനസംഖ്യ 16,931 ആണ്. വാർഡിലെ താമസക്കാരിൽ ഏകദേശം പകുതിയും പട്ടികജാതി വിഭാഗക്കാരാണ് (സെൻസസ് 2011).
മീററ്റ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ശോഭാപുർ ചേരിയിലെ എട്ട് ടാനറികളിൽ ഒന്നിന്റെ ഉടമസ്ഥനാണ് ബാബു ലാൽ. “ഞങ്ങൾ ഉണ്ടാക്കുന്ന അന്തിമ ഉത്പന്നം സഫേദ് കാ പുട്ടയാണ് (തോലിന്റെ അകത്തുള്ള വെളുത്ത ഭാഗം). തുകൽ ക്രിക്കറ്റ് പന്തിന്റെ പുറംഭാഗം ഉണ്ടാക്കുന്നത് ഇതുപയോഗിച്ചാണ്, ഭരത് പറയുന്നു. തൊലികൾ സംസ്കരിക്കാൻ ഉപയോഗിക്കുന്നത് പൊട്ടാസ്യം അലുമിനിയം സൾഫേറ്റാണ്. പ്രാദേശികഭാഷയിൽ ഇതിനെ ഫിട്കാരി എന്ന് വിളിക്കുന്നു.
വിഭജനത്തിനുശേഷമാണ് പാക്കിസ്ഥാനിലെ സിയാൽക്കോട്ടിലെ സ്പോർട്ട്സ് ഉത്പന്ന നിർമ്മാതാക്കൾ മീററ്റിലേക്ക് താമസം മാറ്റിയത്. ഹൈവേയുടെ അപ്പുറത്തായി, 1950-കളിൽ, സ്പോർട്ട്സ് ഉത്പന്ന വ്യവസായത്തെ സഹായിക്കുന്നതിനായി ജില്ലാ വ്യവസായ വകുപ്പ് ആരംഭിച്ച ലെതർ ടാനിംഗ് ട്രെയിനിംഗ് സെന്റർ നിന്നിരുന്ന സ്ഥലം ബാബു ലാൽ ചൂണ്ടിക്കാണിച്ചുതന്നു.
തോൽ ഊറയ്ക്കിടുന്ന ചിലർ ഒരുമിച്ചുചേർന്ന് ’21 അംഗങ്ങളുള്ള ശോഭാപുർ ടാന്നേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് രൂപവത്ക്കരിച്ചു. സ്വകാര്യ യൂണിറ്റുകൾ നടത്താൻ ബുദ്ധിമുട്ടായതിനാൽ, ചിലവുകളെല്ലാം തുല്യമായി പങ്കിട്ട് ഞങ്ങൾ ആ കേന്ദ്രം ഉപയോഗിക്കുന്നു“, അദ്ദേഹം പറഞ്ഞു.
*****
തന്റെ കച്ചവടത്തിനാവശ്യമായ അസംസ്കൃതവസ്തുക്കൾ വാങ്ങാനായി അതിരാവിലെ ഭരത് ഉണരുന്നു. ഷെയർ ചെയ്ത ഒരു ഓട്ടോയിൽ അഞ്ച് കിലോമീറ്റർ അകലെയുള്ള മീററ്റ് സ്റ്റേഷനിൽ പോയി അവിടെനിന്ന് ഹാപുരിലേക്കുള്ള ഖുർജ ജങ്ഷൻ എക്സ്പ്രസ് പിടിക്കുന്നു. “ഞങ്ങൾ തോൽ വാങ്ങുന്നത് ഹാപുരിലെ തോൽച്ചന്തയിൽനിന്നാണ്, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള തോലുകൾ ഞായറാഴ്ചകളിൽ അവിടെ എത്തുന്നു”, അദ്ദേഹം പറഞ്ഞു.
ഹാപുരിലെ ഈ ആഴ്ചച്ചന്ത ശോഭാപുരിൽനിന്ന് 40 കിലോമീറ്റർ അകലെയാണ്. 2023 മാർച്ചിൽ, ഒരു പശുത്തോലിന് 400 മുതൽ 1,200 രൂപവരെ വിലയുണ്ടായിരുന്നു. ഗുണത്തിനനുസരിച്ച് വിലയിലും മാറ്റമുണ്ടാവും.
കന്നുകാലിയുടെ ആഹാരം, രോഗം എന്നിവയ്ക്കനുസരിച്ചാണ് തോലിന്റെ ഗുണത്തിൽ വ്യത്യാസമുണ്ടാവുക എന്ന് ബാബു ലാൽ വിശദീകരിച്ചു. “രാജസ്ഥാനിൽനിന്നുള്ള തോലുകളിൽ സാധാരണയായി കീകാർ മരത്തിന്റെ (കരിവേല മരം, അഥവാ ബാബുൽ മരം) മുള്ളുകളുടെ പാടുകളുണ്ടാവും. ഹരിയാനയിലെ തോലുകളിൽ ചെള്ളുകളുടെ പാടുകളും. അവ രണ്ടാംതരം തോലുകളാണ്”.
2022-23-ൽ ചർമ്മമുഴ എന്ന രോഗം ബാധിച്ച് 1.84 ലക്ഷം കന്നുകാലികൾ ചത്തതായി റിപ്പോർട്ടുണ്ട്. പെട്ടെന്ന് തോലുകളുടെ ലഭ്യത അസാധാരണമായി വർദ്ധിച്ചു. “പക്ഷേ ഞങ്ങൾക്കത് വാങ്ങാൻ കഴിഞ്ഞില്ല. കാരണം അവയിൽ വലിയ പാടുകളുണ്ടായിരുന്നു. ക്രിക്കറ്റ് പന്തുകൾ ഉണ്ടാക്കുന്നവർ അത് ഉപയോഗിക്കാൻ വിസമ്മതിച്ചു”, ഭരത് പറഞ്ഞു.
അനധികൃത അറവുശാലകൾ അടച്ചുപൂട്ടാൻ 2017 മാർച്ചിൽ സംസ്ഥാന സർക്കാർ കല്പന പുറപ്പെടുവിച്ചത് തങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് തുകൽവ്യവസായത്തിലെ തൊഴിലാളികൾ പറഞ്ഞു. മൃഗചന്തകളിലേക്കുള്ള അറവിനായി കന്നുകാലികളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ വിജ്ഞാപനവും അധികം താമസിയാതെ പിന്നാലെ വന്നു. തന്മൂലം, “പണ്ടുണ്ടായിരുന്നതിന്റെ പകുതിയായി ആ വ്യവസായം ചുരുങ്ങി. ചിലപ്പോൾ ഞായറാഴ്ചകളിലും ചന്ത തുറക്കാതായി”, ഭരത് പറയുന്നു.
ഗോസംരക്ഷണ സേനകളെ പേടിച്ച്, കന്നുകാലികളുടേയും അവയുടെ തോലിന്റേയും ഗതാഗതം നടത്താൻ ആളുകൾ ഭയപ്പെട്ടു. “രജിസ്റ്റർ ചെയ്ത, സംസ്ഥാനാന്തര ഗതാഗത വാഹനങ്ങൾക്കുപോലും ഇപ്പോൾ അസംസ്കൃതവസ്തുക്കൾ കൊണ്ടുപോകാൻ ഭയമാണ്. ആ നിലയിലായി ഈ വ്യവസായം”, ബാബു ലാൽ പറയുന്നു. കഴിഞ്ഞ 50 വർഷമായി മീററ്റിലെയും ജലന്ധറിലെയും വലിയ ക്രിക്കറ്റ് കമ്പനികളുടെ മുഖ്യവിതരണക്കാരായിരുന്ന അവരുടെ ജീവൻ അപകടത്തിലാവുകയും ഉപജീവനം ചുരുങ്ങുകയും ചെയ്തു. “ആപത്തുസമയത്ത് ആരും ഞങ്ങളുടെകൂടെ നിൽക്കില്ല. ഒറ്റയ്ക്ക് പൊരുതേണ്ടിവരും”, ബാബു ലാൽ പറയുന്നു.
ഗോസംരക്ഷണ ആക്രമണങ്ങളെക്കുറിച്ചുള്ള വയലന്റ് കൌ പ്രൊട്ടക്ഷൻ ഇൻ ഇന്ത്യയുടെ (ഇന്ത്യയിലെ അക്രമാസക്തമായ ഗോസംരക്ഷണം) ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് പ്രകാരം, “മേയ് 2015-നും 2018 ഡിസംബറിനുമിടയിൽ, ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി, ചുരുങ്ങിയത് 44 പേരെങ്കിലും – അതിൽ 36-ഉം മുസ്ലിമുകൾ - കൊല്ലപ്പെട്ടിട്ടുണ്ട്. അതേ കാലഘട്ടത്തിൽ, ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലായി നടന്ന 100-ലധികം ആക്രമണങ്ങളിൽ 280 ആളുകൾക്ക് പരിക്കും പറ്റിയിട്ടുണ്ട്”
“എന്റെ കച്ചവടം പൂർണ്ണമായും നിയമാനുസൃതമാണ്. രസീത് അടിസ്ഥാനമാക്കി ചെയ്യുന്ന ഒന്നാണ്. എന്നിട്ടും അവർക്കത് പ്രശ്നമാണ്”, ബാബു ലാൽ പറയുന്നു.
2020 ജനുവരിയിൽ, ശോഭാപുരിലെ തുകൽ ഊറയ്ക്കിടുന്നവർക്ക് മറ്റൊരു പ്രഹരംകൂടി കിട്ടി. അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നുവെന്ന പേരിൽ ഒരു പൊതുതാത്പര്യ ഹരജി ഫയൽ (പി.ഐ.എൽ) ചെയ്യപ്പെട്ടു. “ഹൈവേയിൽനിന്ന് കാണാൻ പറ്റുന്ന സ്ഥലത്ത് ഒരു ടാനറികളും പാടില്ല’ എന്ന് അവർ ഉപാധി വെച്ചു”, ഭരത് പറയുന്നു. പുതിയ സ്ഥലം അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനുപകരം, പി.ഐ.എൽ പ്രകാരം പൊലീസ് നൽകിയത് എല്ലാ ടാനറികളും അടച്ചുപൂട്ടാനുള്ള നോട്ടീസായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാർ ഞങ്ങൾക്ക് പകരം സംവിധാനം ഒരുക്കിത്തരണം. 2003-2004-ൽ ദംഗാർ ഗ്രാമത്തിൽ ടാനിംഗ് സൌകര്യത്തിനായി കെട്ടിടം പണിഞ്ഞുതന്നതുപോലെ”, ബാബു ലാൽ സൂചിപ്പിച്ചു.
“ഓവുചാലുകൾ നിർമ്മിക്കുന്ന പണി മുനിസിപ്പൽ കോർപ്പറേഷൻ പൂർത്തിയാക്കിയിട്ടില്ല എന്നതാണ് ഞങ്ങളുടെ ആശങ്ക”, ഭരത് പറഞ്ഞു. ഈ പ്രദേശം മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലായിട്ട് 30 വർഷം തികയുന്നു. “വീടുകൾക്കായി മാറ്റിവെച്ച നിരപ്പാക്കിയിട്ടില്ലാത്ത സ്ഥലത്ത് മഴക്കാലത്ത് വെള്ളം സ്വാഭാവികമായി കെട്ടിക്കിടക്കുന്നു”.
*****
ക്രിക്കറ്റ് പന്തുകളുണ്ടാക്കാനുള്ള നൂറുകണക്കിന് വെളുപ്പിച്ച തോലുകളാണ് ശോഭാപുരിയിലെ എട്ട് ടാനറികൾ ഉത്പാദിപ്പിക്കുന്നത്. തുകൽ ഊറയ്ക്കിടുന്ന തൊഴിലാളികൾ ആദ്യം അത് കഴുകി, അഴുക്കും പൊടിയും മണ്ണും കളയുന്നു. തുകലായി മാറ്റാനുള്ള ഓരോ തോലിനും അവർക്ക് 300 രൂപവെച്ച് കിട്ടുന്നു.
“തോലുകൾ വൃത്തിയാക്കുകയും, സജലീകരണം നടത്തുകയും ചെയ്തതിനുശേഷം ഞങ്ങളവയെ അവയുടെ ഗുണം, പ്രത്യേകിച്ചും കനം നോക്കി തരംതിരിക്കും”, ബാബു ലാൽ പറയുന്നു കനമുള്ള തോലുകൾ അലും ടാനിംഗ് ചെയ്യാൻ 15 ദിവസത്തോളം സമയമെടുക്കും. കട്ടി കുറഞ്ഞ തോലുകൾ 24 ദിവസമെടുത്താണ് സസ്യ-ടാനിംഗ് ചെയ്യുന്നത് (മരങ്ങൾ, വേരുകൾ, ഇലകൾ എന്നിവ ഉപയോഗിച്ച് ടാനിംഗ് ചെയ്യുന്നതിനെയാണ് വെജിറ്റബിൾ - സസ്യ ടാനിംഗ് എന്ന് വിളിക്കുന്നത്). “കുറേയെണ്ണം ഒരുമിച്ചാണ് ചെയ്യുന്നത്. അതിനാൽ, എല്ലാ ദിവസവും ഓരോ കെട്ട് തോലുകൾ തയ്യാറാവും”.
അതിനുശേഷം തൊലി ചുണ്ണാമ്പും സോഡിയം സൾഫൈഡും ചേർന്ന മിശ്രിതത്തിൽ മൂന്ന് ദിവസം കുതിർത്തിയിടുന്നു. ശേഷം ഓരോ തൊലിയും നിലത്ത് വെവ്വേറെ പരത്തി, രോമമെല്ലാം ഒരു ഇരുമ്പുപകരണം ഉപയോഗിച്ച് നീക്കം ചെയ്യുന്നു. സുടായ് എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുക. “തൊലിയിലെ തരികളെല്ലാം വീർത്തിരിക്കുന്നതിനാൽ മുടിയൊക്കെ എളുപ്പത്തിൽ നീക്കം ചെയ്യാൻ പറ്റും”, ഭരത് പറയുന്നു. വീണ്ടും ഈ തൊലികൾ കുതിരാൻ വെക്കുന്നു.
ബാബു ലാലിന്റെ വിദഗ്ദ്ധതൊഴിലാളി 44 വയസ്സുള്ള താരാചന്ദാണ്. തൊലിയുടെ അടിഭാഗത്തുള്ള മാംസം ശ്രദ്ധാപൂർവ്വം, അദ്ധ്വാനിച്ച് അദ്ദേഹം നീക്കം ചെയ്യുന്നു. റഫ എന്ന് പേരായ കത്തിയുപയോഗിച്ചാണ് ഈ പ്രക്രിയ ചെയ്യുന്നത്. പിന്നീട്, തൊലികൾ മൂന്ന് ദിവസം ശുദ്ധവെള്ളത്തിൽ ഇട്ടുവെക്കും. ചുണ്ണാമ്പിന്റെ അംശം കളയാൻ. പിന്നെ ഒരു രാത്രി മുഴുവൻ വെള്ളത്തിലും ഹൈഡ്രജൻ പെറോക്സൈഡിലും ഇട്ടുവെക്കും. അണുക്കളെ കളയാനും വെളുപ്പിക്കാനുമാണതെന്ന് ബാബു ലാൽ വിശദീകരിച്ചു. “എല്ലാ ദുർഗന്ധവും അഴുക്കും ചിട്ടയായി നീക്കം ചെയ്യും”, അദ്ദേഹം വിവരിക്കുന്നു.
“പന്തുനിർമ്മാതാക്കളുടെ കൈയ്യിലെത്തുന്നത് നല്ല വൃത്തിയുള്ള ഒരു ഉത്പന്നമാണ്”, ഭരത് പറഞ്ഞു.
സംസ്കരിച്ച ഒരു തൊലി ക്രിക്കറ്റ് പന്തുനിർമ്മാതാക്കൾക്ക് വിൽക്കുന്നത് 1,700 രൂപയ്ക്കാണ്. തൊലിയുടെ നടുഭാഗം കാണിച്ചുതന്ന് ഭരത് വിശദീകരിച്ചു, “18 മുതൽ 24 വരെ മുന്തിയ ഗുണമുള്ള ക്രിക്കറ്റ് പന്തുകൾ ഉണ്ടാക്കുന്നത് ഈ ഭാഗം ഉപയോഗിച്ചാണ്. കാരണം ഈ ഭാഗത്തിന് നല്ല ബലമാണ്. പന്തുകളെ ബിലായ്ത്തിജെൻഡ് (വിദേശപന്ത്) എന്നാണ് വിളിക്കുക. ഓരോന്നും 2,500 രൂപയ്ക്കാണ് ചില്ലറവ്യാപാരത്തിൽ വിൽക്കുക”.
“മറ്റ് ഭാഗങ്ങൾക്ക് ഇത്ര ബലമില്ല. കനം കുറഞ്ഞതുമാണ്. അതിനാൽ ആ ഭാഗങ്ങൾകൊണ്ട് നിർമ്മിക്കുന്നവയ്ക്ക് വില കുറവാണ്. അതിന്റെ ആകൃതിക്ക് വേഗം മാറ്റം വരുമെന്നതിനാൽ അധികം ഓവറുകൾ കളിക്കാനുമാവില്ല”, ബാബു ലാൽ പറയുന്നു. “ഒരു മുഴുവൻ പുട്ടയിൽനിന്ന് വിവിധ ഗുണമേന്മയുള്ള 100 പന്തുകൾ നിർമ്മിക്കാനവും. ഓരോ പന്തും 150 രൂപയ്ക്കെങ്കിലും വിൽക്കാൻ കഴിഞ്ഞാൽ, പന്ത് നിർമ്മാതാവിന്, ഓരോ പുട്ടയിൽനിന്നും 15,000 രൂപയെങ്കിലും സമ്പാദിക്കാൻ സാധിക്കും’, വളരെ വേഗത്തിൽ ഭരത് കണക്കുകൂട്ടി.
“പക്ഷേ അതിൽനിന്ന് ഞങ്ങൾക്കെന്താണ് കിട്ടുന്നത്?” ഭരത് ബാബു ലാലിനെ നോക്കി. വിൽക്കുന്ന ഓരോ തുകലിനും 150 രൂപവെച്ച് അവർക്ക് കിട്ടുന്നു. വിദഗ്ദ്ധ തൊഴിലാളിക്കുള്ള ആഴ്ചക്കൂലിയും അസംസ്കൃതവസ്തുക്കൾക്കുമായി 700 രൂപ ചിലവാവും”, ഭരത് പറഞ്ഞു. “ഈ ക്രിക്കറ്റ് പന്തിനുള്ള തുകൽ ഞങ്ങളുടെ കൈകാലുകളുപയോഗിച്ചാണ് നിർമ്മിക്കുന്നത്. എന്നാൽ വലിയ കമ്പനികളുടെ പേരിനോടൊപ്പം പന്തുകളിൽ എഴുതിച്ചേർക്കുന്നത് എന്താണ്? ‘അലും ടാൻ ചെയ്ത തുകൽ’ എന്ന്. അതെന്താണെന്ന് കളിക്കാർക്കുപോലും അറിയുമോ എന്ന് എനിക്ക് സംശയമുണ്ട്”.
*****
“ഈ വ്യവസായത്തിലെ ശരിക്കുള്ള പ്രശ്നങ്ങൾ മലിനീകരണവും ദുർഗന്ധവും കാഴ്ചയുമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?”
പശ്ചിമ ഉത്തർ പ്രദേശിന്റെ കരിമ്പുപാടങ്ങൾക്ക് പിറകിൽ സൂര്യൻ അസ്തമിക്കുകയായിരുന്നു. വീട്ടിലേക്ക് തിരിക്കുന്നതിനുമുൻപ്, വേഗത്തിലൊരു കുളി കുളിച്ച്, അവരവരുടെ വസ്ത്രങ്ങളിലേക്ക് മാറുകയായിരുന്നു തൊഴിലാളികൾ.
“ഞാൻ എന്റെ തുകലിൽ ‘എ.ബി’ എന്ന് അടയാളപ്പെടുത്തും. എന്റെ മകന്റെ പേരിന്റെ ഇനീഷ്യലുകൾ. അവനെ ഈ തൊഴിലിലേക്ക് ഞാൻ വിടില്ല. അടുത്ത തലമുറയ്ക്ക് വിദ്യാഭ്യാസം കിട്ടുന്നുണ്ട്. അവർ പുരോഗമിക്കുന്നതോടെ, ഈ തുകൽപ്പണിയുടെ അവസാനമാകും”, ഉറച്ച ശബ്ദത്തോടെ ഭരത് പറയുന്നു.
ഹൈവേയിലേക്ക് നടക്കുമ്പോൾ ഭരത് പറയുന്നു. “ആളുകൾക്ക് ക്രിക്കറ്റിനോടുള്ളതുപോലുള്ള താത്പര്യമൊന്നും ഈ തുകൽപ്പണിയിൽ ഞങ്ങൾക്കില്ല. ഈ തൊഴിൽ ഞങ്ങൾക്ക് ഉപജീവനം നൽകുന്നു. വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് ചെയ്യുന്നു എന്നുമാത്രം”
ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും തങ്ങളുടെ വിലയേറിയ സമയം ഞങ്ങൾക്ക് തന്ന പ്രവീൺ കുമാറിനോടും ഭരത് ഭൂഷണോടുമുള്ള നന്ദി അറിയിക്കുന്നു. മൃണാളിനി മുഖർജി ഫൌണ്ടേഷൻ (എം.എം.എഫ്) നൽകിയ ഫെല്ലോഷിപ്പിന്റെ പിന്തുണയോടെ തയ്യാറാക്കിയ റിപ്പോർട്ട്
പരിഭാഷ: രാജീവ് ചേലനാട്ട്