ഒരു വീരനായകന്റെ രംഗപ്രവേശം‌പോലെ തോന്നിച്ചു ആ വരവ്. ചക്കയുടെ വ്യാപാരം സ്ത്രീകൾക്ക് പറ്റിയ പണിയല്ലെന്ന് – അതിന്റെ ഗതാഗതവും, ചുമക്കലും മറ്റും കാരണം - ആ‍ ആറ്‌ പുരുഷന്മാർ പറഞ്ഞ് അഞ്ചുമിനിറ്റ് തികച്ചായില്ല, ലക്ഷ്മി കടയ്ക്കകത്തേക്ക് പ്രവേശിച്ചു. മഞ്ഞസാരി ധരിച്ച്, നരച്ച തലമുടി കൊണ്ടപോലെ കെട്ടിവെച്ച്, മൂക്കിലും ചെവിയിലും സ്വർണ്ണാഭരണങ്ങൾ ധരിച്ചായിരുന്നു അവരുടെ വരവ്. “ഈ കച്ചവടത്തിലെ ഏറ്റവും പ്രമുഖയായ വ്യക്തിയാണ് അവർ”, ബഹുമാനത്തോടെ ഒരു കർഷകൻ പറയുന്നു.

“ഞങ്ങളുടെ വിളകൾക്ക് വില നിശ്ചയിക്കുന്നത് അവരാണ്”.

പാൻ‌രുട്ടിയിലെ ഒരേയൊരു ചക്ക വ്യാപാരിയും, കാർഷികവ്യാപാരത്തിലെ മുതിർന്ന വനിതാ വ്യാപാരികളിലൊരാളുമാണ് 65 വയസ്സുള്ള എ.ലക്ഷ്മി.

തമിഴ്നാട്ടിലെ ഗൂഡല്ലൂർ ജില്ലയിലെ പാൻ‌രുട്ടി പട്ടണം, ചക്കയ്ക്ക് പ്രസിദ്ധമാണ്. ചക്കയുടെ വിളവെടുപ്പ് കാലത്ത്, നൂറുകണക്കിന് ടൺ ചക്ക ദിവസവും ഇവിടെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു. ചക്ക ചന്തകൾ എന്ന നിലയ്ക്ക് പട്ടണത്തിൽ പ്രവർത്തിക്കുന്ന 22 കടകളിൽ വിൽക്കുന്ന ആയിരക്കണക്കിന് കിലോഗ്രാം ചക്കകൾക്ക് വർഷാവർഷം വിലയിടുന്നത് ലക്ഷ്മിയാണ്. ഒരു ചെറിയ കമ്മീഷൻ - ഓരോ 1,000 രൂപയ്ക്കും 50 രൂപ – അവർക്ക് കിട്ടുന്നു. കൂടുതൽ കൊടുക്കാൻ കർഷകർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതും ആവാം. ചക്കയുടെ കാലത്ത്, തന്റെ ദൈനംദിന വരുമാനം ഏകദേശം 1,000-ത്തിനും 2,000-ത്തിനും ഇടയിലാണെന്നാണ് ലക്ഷ്മി അനുമാനിക്കുന്നത്.

ഇത് സമ്പാദിക്കാൻ ദിവസവും 12 മണിക്കൂർ ജോലിയെടുക്കണം അവർക്ക്. രാവിലെ 1 മണിക്ക് അവർ ജോലി തുടങ്ങും. “ചരക്ക് (വില്പനസാധനങ്ങൾ) കൂടുതലുണ്ടെങ്കിൽ വ്യാപാരികൾ എന്നെ കാണാൻ വീട്ടിലേക്ക് വളരെ നേരത്തേ എത്തും“, ലക്ഷ്മി വിശദീകരിക്കുന്നു. എത്ര വൈകിയാലും പുലർച്ചെ 3 മണിക്കുള്ളിൽ അവർ ഓട്ടോറിക്ഷയിൽ ചന്തയിലെത്തും. ഉച്ചയ്ക്ക് 1 മണിവരെ. അത് കഴിഞ്ഞ് വീട്ടിൽ പോയി ഭക്ഷണം കഴിച്ച് വിശ്രമിക്കും. വൈകീട്ട് വീണ്ടും ചന്തയിലേക്ക് പോകുന്നതുവരെ.

“ചക്ക കൃഷിചെയ്യുന്നതിനെക്കുറിച്ച് എനിക്ക് അധികമൊന്നും അറിയില്ല”, മണിക്കൂറുകളോളം ആളുകളോട് സംസാരിച്ചും ബഹളം കൂട്ടിയിട്ടും നേർത്തുപോയ ശബ്ദത്തിൽ അവർ പറയുന്നു. “എന്നാൽ വില്പനയെക്കുറിച്ച് എനിക്ക് ചിലതൊക്കെ അറിയാം”, വിനയത്തോടെ അവർ പറയുന്നു. മൂന്ന് പതിറ്റാണ്ടായി ഈ വ്യാപാരരംഗത്ത് പ്രവർത്തിക്കുന്ന ആളാന് അവർ. അതിന് മുമ്പ്, 20 വർഷത്തോളം, അവർ തീവണ്ടിയിൽ ഇത് വിറ്റുനടക്കുകയും ചെയ്തിരുന്നു.

Lakshmi engaged in business at a jackfruit mandi in Panruti. She is the only woman trading the fruit in this town in Tamil Nadu's Cuddalore district
PHOTO • M. Palani Kumar

പാൻ‌രുട്ടിയിലെ ചക്ക കമ്പോളത്തിൽ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന ലക്ഷ്മി. തമിഴ്നാട്ടിലെ ഗൂഡല്ലൂർ ജില്ലയിൽ ഈ വ്യാപാരത്തിലേർപ്പെട്ടിരിക്കുന്ന ഒരേയൊരു സ്ത്രീയാണ് അവർ

ചക്കയുടെ മേഖലയിലെ അവരുടെ യാത്ര ആരംഭിക്കുന്നത് 12-ആമത്തെ വയസ്സിലാണ്. കരിവണ്ടിയിൽ (കൽക്കരികൊണ്ട് ഓടിച്ചിരുന്ന പണ്ടത്തെ തീവണ്ടികളിൽ) പാ‍ളപ്പഴം (ചക്കയ്ക്ക് തമിഴിലുള്ള പേര്) കൊണ്ടുനടന്ന് വിറ്റിരുന്ന ഒരു കാലമുണ്ടായിരുന്ന ധാവണി ചുറ്റിനടന്നിരുന്ന അന്നത്തെ ആ പെൺകുട്ടിക്ക്. ഇന്ന്, 65 വയസ്സായ അവർ തന്റെ സ്വന്തം പേരെഴുതിയ – ലക്ഷ്മിവിലാസ് – വീട്ടിൽ ജീവിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ പഴങ്ങളിലൊന്നായ ചക്ക വാങ്ങിയും വിറ്റും വ്യാപാരം ചെയ്തും ലക്ഷ്മി പണിത വീടാണത്.

*****

ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് സാധാരണയായി ചക്കയുടെ സീസൺ ആരംഭിക്കുക. ആറുമാസം തികച്ച് അത് നിൽക്കുകയും ചെയ്യും. 2021-ലെ വടക്കു-കിഴക്കൻ കാലവർഷക്കാലത്ത് കാലംതെറ്റി പെയ്ത അതിശക്തമായ മഴ ചക്കയുടെ തളിരിടൽ, കായ്ക്കൽ കാലത്തെ എട്ടാഴ്ചക്കപ്പുറത്തേക്ക് നീട്ടി. ഏപ്രിലിലാണ് പാൻ‌രുട്ടിയിലെ ചന്തയിൽ ചക്കകൾ എത്തിയത്. ഓഗസ്റ്റൊടെ അവസാനിക്കുകയും ചെയ്തു.

ദക്ഷിണേന്ത്യയുടെ പശ്ചിമഘട്ടത്തിന്റെ സ്വന്തം പഴമാണ് ജാക്ക് ഫ്രൂട്ട് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ചക്കപ്പഴം. ചക്ക എന്ന മലയാളം വാക്കിൽനിന്നാണ് അതിന്റെ ഉത്ഭവം. അതിന്റെ ശാസ്ത്രീയനാമം, നാവിൽ ഒതുങ്ങില്ല. അർട്ടോകാർപ്പസ് ഹെറ്റെറോഫിലസ്

2022 ഏപ്രിലിലാണ് വ്യാപാരികളേയും കർഷകരേയും സന്ദർശിക്കാൻ ആദ്യമായി പാരി പാൻ‌രുട്ടിയിൽ പോയത്. കൃഷിക്കാരനും കമ്മീഷൻ ഏജന്റുമായ, 40 വയസ്സുള്ള ആർ. വിജയകുമാർ ഞങ്ങളെ കടയിലേക്ക് സ്വാഗതം ചെയ്തു. പരുക്കൻ നിലവും, ഓടുമേഞ്ഞ മേൽത്തട്ടും ചുമരുമുള്ള ഒരു ചെറിയ മുറി. വർഷത്തിൽ 50,000 രൂപയാണ് അതിന് അദ്ദേഹം വാടക കൊടുക്കുന്നത്. ആർഭാടമെന്ന് പറയാൻ, ഏതാനും കസേരകളുളും ബെഞ്ചും മാത്രം.

പഴയ ഏതോ ഒരാഘോഷത്തിലെ കൊടികൾ, അച്ഛന്റെ മാല ചാർത്തിയ ചിത്രം, ഒരു മേശ, ചക്കകളുടെ കൂമ്പാരങ്ങൾ. പ്രവേശനകവാടത്തിലെ ആദ്യത്തെ കൂനയിൽ ഏകദേശം 100 ചക്കകൾ ഉണ്ടാവും. ഒരു ചെറിയ പച്ചക്കുന്നുപോലെ തോന്നിച്ചു അത്.

“25,000 രൂപയുടെ മൂല്യമാണ് അതിന്”, വിജയകുമാർ വിശദീകരിച്ചു. രണ്ടാമത്തെ കൂമ്പാരം രണ്ടുപേർക്കായി വിറ്റുകഴിഞ്ഞു. ചെന്നയിലെ അഡയാർവരെ പോകാനുള്ളതാണ് അത്. 60 ചക്കകളുണ്ടായിരുന്നു അതിൽ. 18,000 രൂപ വിലമതിക്കുന്നത്.

R. Vijaykumar, a farmer and commission agent, in his shop in Panruti, where heaps of jackfruit await buyers
PHOTO • M. Palani Kumar

ചക്കകൾ കൂമ്പാരം കൂട്ടിയ പാൻ‌രുട്ടിയിലെ തന്റെ സ്ഥാപനത്തിൽ, ആ‍വശ്യക്കാരെ കാത്തുനിൽക്കുന്ന കർഷകനും കമ്മീഷൻ ഏജന്റുമായ ആർ.വിജയകുമാർ

പത്രങ്ങളുടെ വാനിലാണ് ചക്കകൾ, 185 കിലോമീറ്റർ അകലെയുള്ള ചെന്നൈയിലേക്ക് അയയ്ക്കുന്നത്. “കൂടുതൽ ദൂരത്തേക്ക് പോവണമെങ്കിൽ ഞങ്ങൾ ടാറ്റയുടെ ഏസ് വണ്ടിയിൽ അയയ്ക്കും. ഞങ്ങളുടെ ജോലിസമയം വളരെ കൂടുതലാണ്. സീസണാവുമ്പോൾ രാവിലെ 3-4 മണി മുതൽ രാത്രി 10 വരെ ഇവിടെയുണ്ടാവും”, വിജയകുമാർ പറയുന്നു. “ചക്കയ്ക്ക് ധാരാളം ആവശ്യക്കാരുണ്ട്. എല്ലാവരും അത് കഴിക്കും. പ്രമേഹമുള്ളവർപോലും നാല് ചുള കഴിക്കും. ഇത് കഴിച്ച് മടുത്തവർ ഞങ്ങൾ മാത്രമായിരിക്കും”, അദ്ദേഹം ചിരിക്കുന്നു.

പാൻ‌രുട്ടിയിൽ 22 മൊത്തവ്യാപാര സ്ഥാപനങ്ങളുണ്ടെന്ന് വിജയകുമാർ പറയുന്നു. അദ്ദേഹത്തിന്റെ അച്ഛനും 25 വർഷത്തോളം ഇതേ സ്ഥലത്ത് കടയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം, 15 വർഷത്തോളം വിജയകുമാർ അതേറ്റെടുത്ത് നടത്തി. ഓരോ കടയും ദിവസവും 10 ടണ്ണോളം വ്യാപാരം നടത്തുന്നു. “തമിഴ്നാട് മൊത്തമെടുത്താൽ, ഏറ്റവുമധികം ചക്കകളുള്ളത് പാൻ‌രുട്ടി ബ്ലോക്കിലാണ്”, അദ്ദേഹം പറയുന്നു. ആവശ്യക്കാരെ കാത്ത് ബെഞ്ചുകളിലിരിക്കുന്ന കർഷകർ തലകുലുക്കി അത് സമ്മതിക്കുന്നു.

പുരുഷന്മാർ വേഷ്ടിയും ലുങ്കിയും ഷർട്ടും ധരിച്ചിട്ടുണ്ട്. എല്ലാവരും ഈ വ്യാപാരത്തിലായതിനാൽ എല്ലാവർക്കും പരസ്പരം നല്ല പരിചയമുണ്ട്. ഒച്ചത്തിലുള്ള സംസാരവും, മൊബൈലുകളുടെ സംഗീതവും. റോഡിലൂടെ പോവുന്ന ലോറികളുടെ ഹോൺശബ്ദമാണെങ്കിൽ കാത് തുളയ്ക്കുന്നവിധം അസഹനീയവും.

ചക്ക കൃഷിയെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ വിവരിക്കുകയാണ് 47 വയസ്സുള്ള കെ. പട്ടുസാമി. പാൻ‌രുട്ടി താലൂക്കിലെ കട്ടണ്ടികുപ്പം ഗ്രാമത്തിൽ, 50 പ്ലാവുകൾ സ്വന്തമായുള്ള ആളാണ്‌ അദ്ദേഹം. വേറൊരു 600 എണ്ണം പാട്ടത്തിനും കൊടുത്തിട്ടുണ്ട്. ഓരോ 100 വൃക്ഷങ്ങൾക്കും 1.25 ലക്ഷം രൂപയാണ് നിലവിലെ നിരക്ക്. ’25 വർഷമായി ഞാൻ ഈ കച്ചവടം ചെയ്യുന്നു. ഒരു കാര്യം താങ്കളോട് ഞാൻ പറയാം. ഈ കച്ചവടത്തിൽ ഒന്നും തീർച്ച പറയാൻ പറ്റില്ല”

ധാരാളം പഴങ്ങളുണ്ടെങ്കിലും, “10 എണ്ണം ചീഞ്ഞുപോവും, 10 എണ്ണം പൊളിയും, 10 എണ്ണം കൊഴിഞ്ഞുവീഴും മറ്റൊരു 10 എണ്ണം മൃഗങ്ങളും തിന്നും”, പട്ടുസാമി വ്യക്തമാക്കുന്നു.

അധികം പഴുത്ത ചക്കകൾ വളർത്തുമൃഗങ്ങൾക്ക് തിന്നാൻ കൊടുക്കും. 5 മുതൽ 10 ശതമാനം പഴങ്ങൾവരെ പാഴായിപ്പോവാറുണ്ട്. അതായത്, ഒരു കടയിൽത്തന്നെ, ഒരു സീസണിൽ ഒരു ടണ്ണോളം ചക്കകൾ. കന്നുകാലികൾക്കുമാത്രമേ അത് ഉപയോഗിക്കാൻ പറ്റൂ എന്ന് കർഷകർ പറയുന്നു.

Buying, selling, fetching and carrying of jackfruits at a mandi in Panruti
PHOTO • M. Palani Kumar

പാൻ‌രുട്ടിയിലെ ഒരു ചന്തയിൽ ചക്കയുടെ വാങ്ങലും, വിൽക്കലും കൊണ്ടുപോകലും

കന്നുകാലികളെപ്പോലെ മരങ്ങളും ഒരു നിക്ഷേപമാണ്. ഓഹരിപോലെയാണ് ഗ്രാമത്തിലെ ആളുകൾ അതിനെ കാണുന്നത്, ഇടയ്ക്കിടയ്ക്ക് വില കൂടുമ്പോൾ നല്ല ലാഭത്തിന് വിൽക്കാൻ പറ്റുന്നവർ. ഒരു പ്ലാവ് 8 കൈ വീതിയും 7-9 അടി പൊക്കവുമാവുമ്പോൾ, അതിന്റെ ‘കാതലിന് മാത്രം 50,000 രൂപ  ലഭിക്കുമെന്ന്” വിജയകുമാറും സുഹൃത്തുക്കളും പറയുന്നു.

നിവൃത്തിയുണ്ടെങ്കിൽ കർഷകർ മരം മുറിക്കാറില്ലെന്ന് പട്ടുസാമി പറയുന്നു. “മരങ്ങളുടെ എണ്ണം കൂട്ടാനാണ് ഞങ്ങൾ ശ്രമിക്കുക. പക്ഷേ ചിലപ്പോൾ പണം ആവശ്യമായിവരും, ചികിത്സക്കോ, കുടുംബത്തിലെ വിവാഹത്തിനോ മറ്റോ- ആ സമയം വലിയ ചില മരങ്ങൾ തിരഞ്ഞെടുത്ത് ഞങ്ങൾ വിൽക്കും”. അതിൽനിന്ന് ചിലപ്പോൾ ഒന്നോ രണ്ടോ ലക്ഷം രൂപ ലഭിക്കും.

തത്ക്കാലത്തെ അടിയന്തരാവശ്യങ്ങളും വിവാഹവുമൊക്കെ നടത്താൻ.

“ഇങ്ങോട്ട് വരൂ”, പട്ടുസാമി എന്നെ കടയുടെ പിന്നിലേക്ക് വിളിച്ചു. അവിടെ ഒരുകാലത്ത്, പത്തുപന്ത്രണ്ട് പ്ലാവുകളുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ഞങ്ങൾക്ക് കാണാൻ കഴിയുന്നത് പ്ലാവിന്റെ തൈകൾമാത്രമാണ്. ആ സ്ഥലത്തിന്റെ ഉടമ, മരങ്ങളൊക്കെ വിറ്റു, എന്തോ ഒരാവശ്യത്തിന്. പിന്നീട്, അവിടെ വേറെ കുറച്ച് തൈകൾ നട്ടു. “ഇവയ്ക്ക് രണ്ട് വയസ്സായിട്ടേയുള്ളു. കുറച്ച് വർഷങ്ങൾ കഴിഞ്ഞാലേ ഇവ കായ്ക്കൂ”, ചെറിയ തൈകൾ ചൂണ്ടിക്കാട്ടി പട്ടുസാമി പറയുന്നു.

എല്ലാവർഷവും, സീസണിലെ ആദ്യത്തെ ചക്കകൾ മൃഗങ്ങൾ തിന്നുതീർക്കും. ‘കുരങ്ങന്മാർ ചക്ക കടിച്ചുപോളിച്ച്, കൈകൊണ്ട് ചുളകളെടുത്ത് തിന്നും. അണ്ണാറക്കണ്ണന്മാർക്കും ചക്ക ഇഷ്ടമാണ്”,

പ്ലാവുകൾ പാട്ടത്തിന് കൊടുത്താൽ എല്ലാവർക്കും നല്ലതാണെന്ന് പട്ടുസാമി പറയുന്നു. “നോക്കൂ, പ്ലാവിന്റെ ഉടമസ്ഥന്മാർക്ക് വർഷാവർഷം ഒരു നല്ല തുക കിട്ടും. ഓരോരോ ഓരോരോ പ്ലാവിൽനിന്നും നല്ല ചക്ക നോക്കി മുറിച്ചെടുത്ത് വിൽക്കേണ്ട മിനക്കേടില്ല. അതേസമയം എന്നെപ്പോലെയുള്ളവർക്ക് – ധാരാളം പ്ലാവുകളുള്ളവർക്ക് – 100-ഓ, 200-ഓ, ചക്കകൾ ഒരുമിച്ച് മുറിച്ച് ചന്തയിൽ കൊണ്ടുവന്ന് വിൽക്കാം”, മരവും, കാലാവസ്ഥയും ചക്കയും നല്ല രീതിയിൽ പെരുമാറിയാൽ, നല്ല ലാഭമായിരിക്കും”.

പക്ഷേ, നിർഭാഗ്യമെന്ന് പറയട്ടെ, ഇതെല്ലാം ഒത്തുവന്നാലും കർഷകന് വില സ്വന്തമായി നിശ്ചയിക്കാൻ പറ്റില്ല. പറ്റുമായിരുന്നെങ്കിൽ, വിലയിൽ ഇന്ന് കാണുന്നതുപോലെ മൂന്ന് മടങ്ങ് വ്യത്യാസമുണ്ടാവുമായിരുന്നില്ല. ഉദാഹരണത്തിന്, 2022-ൽ ഒരു ടൺ ചക്കയുടെ വില, 10,000-ത്തിനും 30,000-ത്തിനും ഇടയിൽ ചാഞ്ചാടുകയായിരുന്നു.

Vijaykumar (extreme left ) at his shop with farmers who have come to sell their jackfruits
PHOTO • M. Palani Kumar

ചക്ക വിൽക്കാൻ വന്ന കർഷകരോടൊപ്പം തന്റെ സ്ഥാപനത്തിലിരിക്കുന്ന വിജയകുമാർ (ഇടത്തേയറ്റം)

“വില കൂടുതലാണെങ്കിൽ, ധാരാളം പണമുള്ളതുപോലെ തോന്നും”, വിജയകുമാർ മേശവലിപ്പ് ചൂണ്ടിക്കൊണ്ട് പറയുന്നു. രണ്ട് കക്ഷികളിൽനിന്നുമായി (വിൽക്കുന്നവനും വാങ്ങുന്നവനും), 5% കമ്മീഷൻ അയാൾ സമ്പാദിക്കുന്നു. “എന്നാൽ ഒരു കക്ഷി ചതിച്ചാൽ എല്ലാം പോയിക്കിട്ടും. അപ്പോൾ എല്ലാം വിറ്റഴിച്ച്, കർഷകന് കൊടുക്കാനുള്ളത് കൊടുക്കേണ്ടിവരും”, ചുമൽ കുലുക്കി, മേശവലിപ്പിൽ കൊട്ടിക്കൊണ്ട് അയാൾ പറയുന്നു.

2022 ഏപ്രിലിൽ ചക്ക കർഷകരും ഉത്പാദകരും ചേർന്ന് ഒരു കമ്മിറ്റി രൂപവത്ക്കരിച്ചു. വിജയകുമാറാന് അതിന്റെ സെക്രട്ടറി. “10 ദിവസമേ ആയിട്ടുള്ളു. രജിസ്റ്റർ ചെയ്തിട്ടില്ല”, അദ്ദേഹം പറയുന്നു. കമ്മിറ്റിയെക്കുറിച്ച് അവർക്ക് വലിയ പ്രതീക്ഷയുണ്ട്. “വില നിശ്ചയിക്കണമെന്നുണ്ട് ഞങ്ങൾക്ക്. അതിനുശേഷം പോയി കളക്ടർ കണ്ട്, കർഷകരേയും ഈ വ്യവസായത്തേയും സഹായിക്കാൻ അഭ്യർത്ഥിക്കണം. ഉത്പാദകർക്ക് ചില പ്രോത്സാഹനങ്ങൾ, സൌകര്യങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ചും ചക്കകൾ സൂക്ഷിക്കാനുള്ള ശീതീകരണസംവിധാനങ്ങൾ. സംഘടിച്ചാൽ മാത്രമേ ഞങ്ങൾക്ക് പോയ് ആവശ്യപ്പെടാൻ പറ്റൂ, അല്ലേ”?

നിലവിൽ, അവർക്ക് ചക്ക സൂക്ഷിക്കാൻ പറ്റുന്നത്, ഏറിയാൽ അഞ്ചുദിവസം മാത്രമാ‍ണ്. “അത് കുറച്ചുകൂടി നീട്ടിക്കിട്ടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”, പ്രതീക്ഷയോടെ ലക്ഷ്മി പറയുന്നു. ആറുമാസംവരെ കിട്ടിയാൽ അത് വലിയ കാര്യമാകുമെന്ന് അവർ കരുതുന്നു. അതിന്റെ പകുതിയെങ്കിലും കിട്ടിയാൽ മതിയെന്നാണ് വിജയകുമാർ പറയുന്നത്. വിൽക്കാൻ പറ്റാത്ത പഴങ്ങൾ ഉപേക്ഷിക്കുകയോ, ചെറുകിടക്കാർക്ക് വിൽക്കുകയോ മാത്രമേ ഇന്നത്തെ സ്ഥിതിയിൽ സാധിക്കൂ. ചെറുകിടക്കാരാകട്ടെ, അത് മുറിച്ച് ചുളകളായി വഴിവക്കിലിരുന്ന് വിൽക്കുകയും ചെയ്യും.

*****

“ചക്കയ്ക്ക് ശീതീകരണസംവിധാനം കിട്ടുക എന്നത് തത്ക്കാലം അത്യാഗ്രഹം മാത്രമാണ്. ഉരുളക്കിഴങ്ങോ ആപ്പിളോ നിങ്ങൾക്ക് കുറേക്കാലം സൂക്ഷിച്ചുവെക്കാം. എന്നാൽ ചക്കയുടെ കാര്യത്തിൽ അത്തരം പരീക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. ചക്ക വറുത്തതുപോലും, സീസൺ കഴിഞ്ഞ് ഏറിയാൽ രണ്ടുമാസമേ ലഭ്യമാവാറുള്ളു“, പത്രപ്രവർത്തകനും പ്രത്യേകതകളുള്ള കന്നഡ കൃഷിമാസിക അദികെ പത്രികെയുടെ (അറേക്കാ മാഗസിൻ) പത്രാധിപരുമായ ശ്രീ പാദ്രെ പറയുന്നു.

“ഒരു പന്ത്രണ്ട് ചക്ക ഉത്പന്നങ്ങളെങ്കിലും വർഷം മുഴുവൻ ലഭ്യമാകുമെങ്കിൽത്തന്നെ അതൊരു വലിയ കാര്യമായിരിക്കും”, അദ്ദേഹം പറയുന്നു.

Lakshmi (on the chair) with a few women jackfruit sellers at a mandi ; she has been a jackfruit trader since 30 years
PHOTO • M. Palani Kumar

മറ്റ് ചക്ക വില്പനക്കാരികളോടൊപ്പം ചന്തയിൽ കാത്തിരിക്കുന്ന ലക്ഷ്മി (കസേരയിൽ); കഴിഞ്ഞ 30 വർഷമായി അവർ ഈ വ്യാപാരത്തിലുണ്ട്

പാരി യുമായി നടത്തിയ ഒരു ടെലിഫോൺ അഭിമുഖത്തിൽ, ചക്കക്കൃഷിയെക്കുറിച്ചുള്ള ചില സുപ്രധാന കാര്യങ്ങൾ പാദ്രെ ചർച്ച ചെയ്യുന്നു. ആദ്യമായി, ചക്കയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നമുക്കില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. “എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ ദഹിക്കാൻ ബുദ്ധിമുട്ടാണ്. ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു. ഏതാണ്ട് 10 വർഷം മുമ്പുവരെ ഇത് ഒരു അവഗണിക്കപ്പെട്ടിരുന്ന കൃഷിയായിരുന്നു. എന്നാൽ പാൻ‌രുട്ടി വ്യത്യസ്തമാണ്”.

ചക്ക ഉത്പാദനത്തിൽ ഇന്ത്യ ലോകത്ത് ഒന്നാംസ്ഥാനത്താണെന്ന് പാദ്രെ ചൂണ്ടിക്കാട്ടുന്നു. “പ്ലാവുകൾ എല്ലായിടത്തുമുണ്ട്. എന്നാൽ ലോകത്തെ ഇതിന്റെ ലോകത്ത് ഇതുണ്ടാക്കുന്ന മൂല്യവർദ്ധനവിന്റെ ചിത്രത്തിൽ നമ്മൾക്ക് ഒരു സ്ഥാനവുമില്ല”, രാജ്യത്ത്, കേരളം, കർണ്ണാടകം, മഹാരാഷ്ട്ര എന്നിവയാണ് മൂല്യവർദ്ധന ഉണ്ടാക്കുന്ന സംസ്ഥാനങ്ങൾ. എന്നാൽ തമിഴ്നാട്ടിൽ ഇത് അടുത്തകാലത്ത് മാത്രം ഉയർന്നുവന്ന ഒരു വ്യവസായമാണ്.

ചക്കയുടെ ഗുണഗണങ്ങൾ നോക്കുമ്പോൾ ഇത് ലജ്ജാകരമാണെന്ന് പാദ്രെ പറയുന്നു. “ഗവേഷണം വളരെ കുറവുമാത്രം നടന്നിട്ടുള്ള ഒരു ഫലവർഗ്ഗമാണ് ചക്ക. ഒരു വലിയ പ്ലാവ് ഒരു ടണ്ണിനും മൂന്ന് ടണ്ണിനുമിടയ്ക്ക് ചക്കകൾ ഉത്പാദിപ്പിക്കുന്നു. അതിനുപുറമേ, ഇതിൽനിന്ന് ഓരോ പ്ലാവിൽനിന്നും അഞ്ച് അസംസ്കൃതവസ്തുക്കളും ലഭിക്കുന്നു. ആദ്യത്തേത് ഇളം ചക്കകളാണ്. പിന്നെ, അല്പം കൂടി മൂത്തത്, അത് പച്ചക്കറിയായി ഉപയോഗിക്കുന്നു. അടുത്തത്, പപ്പടവും കൊണ്ടാട്ടവുമായി ഉപയോഗിക്കാവുന്ന പഴുക്കാത്ത ചക്ക. നാലാമത്തേത്, പഴുത്ത ചക്ക. അവസാനമായി, അതിന്റെ കുരുവും.

“മഹത്തായ ഭക്ഷണം എന്ന് ഇതിനെ വിശേഷിപ്പിക്കുന്നതിൽ ഒരത്ഭുതവുമില്ല. എന്നിട്ടും ഇതിനായുള്ള ഗവേഷണ, പരിശീലനകേന്ദ്രങ്ങളൊന്നും നിലവിലില്ല. വാഴപ്പഴത്തിനും ഉരുളക്കിഴങ്ങിനുമുള്ളതുപോലെ, ഇതിനായി ശാസ്ത്രജ്ഞന്മാരോ ഉപദേശകരോ ആരുമില്ല”, അദ്ദേഹം പറയുന്നു.

ചക്കയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആൾ എന്ന നിലയിൽ, ഈ കുറവുകളൊക്കെ നികത്താൻ പദ്രെ തീവ്രമായി ശ്രമിക്കുന്നു. “കഴിഞ്ഞ 15 വർഷമായി ആളുകളെ, ചക്കയെക്കുറിച്ച് ബോധവത്കരിക്കാനും പ്രചോദനം കൊടുക്കാനും വേണ്ടി, എഴുതുകയും വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. ഞങ്ങളുടെ മാസിക (അദികെ പത്രികെ) നിലവിൽ വന്നതിന്റെ പകുതിയോളം കാലം (34 വർഷമായി അത് പ്രസിദ്ധീകരിക്കപ്പെടുന്നു). ചക്കയെക്കുറിച്ച് മാത്രം 34 കവർ സ്റ്റോറീസ് ഞങ്ങൾ ചെയ്തിട്ടുണ്ട്”.

With their distinctive shape, smell and structure, jackfruits are a sight to behold but not very easy to fetch, carry and transport
PHOTO • M. Palani Kumar

അതിന്റെ സവിശേഷമായ ആകൃതിയും ഗന്ധവും രൂപവുംകൊണ്ട്, ചക്കകൾ കാണാൻ ഒരു കാഴ്ചതന്നെയാണെങ്കിലും, വാങ്ങാനും ചുമക്കാനും കൊണ്ടുപോകാനും അത്ര എളുപ്പമല്ല

Jackfruit trading involves uncertainties. Even if the harvest is big, some fruits will rot, crack open, fall down and even get eaten by  animals
PHOTO • M. Palani Kumar

ചക്ക വ്യാപാരത്തിൽ ധാരാളം അനിശ്ചിതത്വങ്ങളുണ്ട്. നല്ല വിളവ് കിട്ടിയാലും, ചിലതൊക്കെ ചീയുകയും, വീഴുകയും മറ്റ് മൃഗങ്ങളാൽ ആഹരിക്കപ്പെടുകയും ചെയ്യും

ചക്കയെക്കുറിച്ചുള്ള നല്ല കാര്യങ്ങളെ ഉയർത്തിക്കാണിക്കുമ്പോഴും – ഐസ്ക്രീമടക്കമുള്ള വസ്തുക്കൾ ചക്കയിൽനിന്ന് ഉണ്ടാക്കുന്നതടക്കമുള്ള കാര്യങ്ങൾ - അതിന്റെ പ്രശ്നങ്ങളെ പാദ്രെ കാണാതിരിക്കുന്നില്ല. “ശീതീകരണസംവിധാനത്തെക്കുറിച്ച് പര്യാലോചിച്ചാൽ മാത്രമേ വിജയത്തിലേക്കുള്ള വഴിയിലെത്തൂ. തണുപ്പിച്ചുറപ്പിച്ച നിലയിൽ (ഫ്രോസൺ) വർഷം മുഴുവൻ ചക്ക ലഭ്യമാവണം. ഇത് റോക്കറ്റ് സയൻസൊന്നുമല്ലല്ലോ. എന്നാൽ ഇക്കാര്യത്തിൽ ചെറിയ നടപടികൾപോലും ഇതുവരെ നമ്മൾ എടുത്തിട്ടില്ല”.

പിന്നെ, ഈ ഫലത്തിന്റെ ഒരു സവിശേഷമായ പ്രശ്നം, അതിന്റെ പഴുപ്പ്, പുറത്തുനിന്ന് നോക്കിയാൽ മനസ്സിലാവില്ല എന്നതാണ്. നല്ലൊരു കമ്പോളം ഉറപ്പുള്ള പാൻ‌രുട്ടിയിൽനിന്ന് ഭിന്നമായി, മറ്റ് പലയിടത്തും, ചക്കയ്ക്ക് അവശ്യമായ ഒരു കമ്പോളമില്ല. കർഷകർക്ക് സഹായകമായ വിധത്തിലുള്ള വിതരണശൃംഖലയുമില്ല. ഇതുമൂലം, ധാരാളം ചക്കകൾ പാഴായിപ്പോവുന്നു.

പാഴായിപ്പോവുനത് തടയാൻ എന്തുചെയ്യും? പാദ്രെ ചോദിക്കുന്നു. “ഇതും ഭക്ഷണമല്ലേ? അരിക്കും ഗോതമ്പിനും മാത്രം പ്രാധാന്യം നൽകുന്നത് എന്തുകൊണ്ടാണ്?”.

വ്യാപാരം മെച്ചപെടണമെങ്കിൽ പാൻ‌രുട്ടിയിലെ ചക്കകൾ എല്ലായിടത്തും എത്തണം. എല്ലാ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും, വിജയകുമാർ പറയുന്നു. “എന്നാലേ നമുക്ക് നല്ല വില കിട്ടൂ”.

ചെന്നൈയിലെ വിശാലമായ കോയമ്പേട് മൊത്തവില്പനച്ചന്തയിലെ അണ്ണ ഫ്രൂട്ട് മാർക്കറ്റിലെ ചക്കവ്യാപാരികളും ഇതേ കാര്യം ആവശ്യപ്പെടുന്നു. ശീതീകരണ സംവിധാനവും, സൂക്ഷിക്കാനുള്ള യാർഡ് സൌകര്യങ്ങളും. 100 രൂപമുതൽ 400 രൂപവരെ ഭീമമായ വിലവ്യതിയാനമുണ്ടെന്ന് അവിടെയുള്ള വ്യാപാരികളെ പ്രതിനിധീകരിക്കുന്ന സി.ആർ. കുമാരവേൽ പറയുന്നു

“കോയമ്പേടിൽ ഞങ്ങൾ ചക്ക ലേലം ചെയ്യുന്നു. വിതരണം ചെയ്യാൻ ധാരാളമുണ്ടെങ്കിൽ സ്വാഭാവികമായും വില താഴും. ധാരാളം പാഴായിപ്പോവുകയും ചെയ്യും. 5 മുതൽ 10 ശതമാനം‌വരെ.  ചക്ക സൂക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞാൽ, നല്ല വില കിട്ടാൻ ഇടയാക്കും”.

Jackfruits from Panruti are sent all over Tamil Nadu, and some go all the way to Mumbai
PHOTO • M. Palani Kumar

പാൻ‌രുട്ടിയിലെ ചക്കപ്പഴങ്ങൾ തമിഴ്നാട്ടിലെ എല്ലായിടത്തേക്കും കൊണ്ടുപോവുന്നു, ചിലത് മുംബൈക്കുപോലും എത്തുന്നു

Absence of farmer-friendly supply chains and proper cold storage facilities lead to plenty of wastage
PHOTO • M. Palani Kumar

കർഷകർക്ക് ഉപകാരപ്രദമായ വിതരണശൃംഖലയും ശരിയായ ശീതീകരണസംവിധാനവുമില്ലാത്തത്, ചക്ക ധാരാളമായി പാഴാവാൻ ഇടയാക്കുന്നു

തമിഴ്നാട് അഗ്രിക്കൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽ‌ഫേർ ഡിപ്പാർട്ട്മെന്റിന്റെ 2022-23 നയരേഖ, ചക്ക ഉത്പാദകർക്കും, സ്വാഭാവികമായി വ്യാപാരികൾക്കും ചില വാഗ്ദാനങ്ങൾ നൽകുന്നു. “ചക്കയുടെ കൃഷിയിലും പ്രക്രിയയിലും ധാരാളം അവസരങ്ങൾ ഉപയോഗിക്കുന്നതിന് ഉതകുംവിധം, 5 കോടി രൂപ വകയിരുത്തിക്കൊണ്ട്, ഗൂഡല്ലൂർ ജില്ലയിലെ പാൻ‌രുട്ടി ബ്ലോക്കിലെ പണിക്കൻ‌കുപ്പം ഗ്രാമത്തിൽ ചക്കയ്ക്കായി ഒരു പ്രത്യേക കേന്ദ്രം സ്ഥാപിക്കുന്നതാണ്” എന്ന് നയരേഖ പറയുന്നു.

“ആഗോള കമ്പോളത്തിൽ കൂടുതൽ മൂല്യം കിട്ടുന്നതിനായി“ പാൻ‌രുട്ടി ചക്കയ്ക്ക് ജി.ഐ. (ഭൌമ അടയാളം) കിട്ടുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും രേഖ കൂട്ടിച്ചേർക്കുന്നു.

എന്നാൽ, “പാൻ‌രുട്ടി എവിടെയാണെന്നുപോലും പലർക്കും അറിയില്ല“ എന്നത് ലക്ഷ്മിയെ അത്ഭുതപ്പെടുത്തുന്നു. 2002-ൽ ഇറങ്ങിയ ‘സൊല്ല മറന്ത കഥൈ (പറയാൻ മറന്ന കഥ) എന്ന തമിഴ് സിനിമയാണ് തന്റെ പട്ടണത്തെ പ്രശസ്തമാക്കിയതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. “സംവിധായകൻ തങ്കർ ബച്ചൻ ഈ പ്രദേശത്തുള്ള ആളാണ്. ഞാനും ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്”, അഭിമാനത്തൊടെ അവർ പറയുന്നു. “ഷൂട്ടിംഗ് നടക്കുമ്പോൾ നല്ല ചൂടുണ്ടായിരുന്നു. എന്നാലും രസമായിരുന്നു”.

*****

ചക്കയുടെ സീസൺ കാലത്ത്, ലക്ഷ്മിക്ക് ധാരാളം ആവശ്യക്കാരുണ്ട്. ചക്കപ്രേമികളുടെ കൈയ്യിൽ അവരുടെ ഫോൺ നമ്പറുണ്ടാവും. നല്ല ചക്ക കിട്ടുന്ന സ്ഥലത്തേക്ക് തങ്ങളെ ലക്ഷ്മി നയിക്കുമെന്ന് അവർക്കറിയാം.

ലക്ഷ്മിക്ക് അതിനാവുകയും ചെയ്യും. പാൻ‌രുട്ടിയിലെ 20 ചന്തകളുമായി മാത്രമല്ല അവർക്ക് ബന്ധം. അവിടേക്ക് ചക്ക കൊടുത്തയയ്ക്കുന്നവരെയും അവർക്കറിയാം. അവരുടെ ഉത്പന്നങ്ങൾ എപ്പോൾ തയ്യാറാവുമെന്നുപോലും ലക്ഷ്മിക്ക് നിശ്ചയമുണ്ട്.

എങ്ങിനെ അതൊക്കെ അറിയുന്നു. അവർ മറുപടി പറയുന്നില്ല. പതിറ്റാണ്ടുകളായി ഈ രംഗത്തുള്ള അവർക്ക് അറിയില്ലെങ്കിലല്ലേ അത്ഭുതമുള്ളു. അതുകൊണ്ടായിരിക്കും.

പുരുഷന്മാർക്ക് മേൽക്കൈയ്യുള്ള ഈ മേഖലയിലേക്ക് അവരെങ്ങിനെ എത്തിപ്പെട്ടു? ഇത്തവണ അവർ മറുപടി തന്നു. “നിങ്ങളെപ്പോലെയുള്ളവർ എന്നോട് ചക്ക ചോദിച്ചുവരും. ഞാനവർക്ക് ന്യായമായ വിലയ്ക്കുള്ളത് ഒപ്പിച്ചുകൊടൂക്കും”, വ്യാപാരിയുടെ കാര്യവും താൻ ശ്രദ്ധിക്കാറുണ്ടെന്ന് അവർ പറയുന്നു. കർഷകരും വ്യാപാരികളും അവരുടെ തീർപ്പിനെ വിലമതിക്കുന്നു. അവരെക്കുറിച്ച് അവർക്കൊക്കെ വലിയ അഭിപ്രായമാണ്.

Lakshmi sets the price for thousands of kilos of jackfruit every year. She is one of the very few senior women traders in any agribusiness
PHOTO • M. Palani Kumar

എല്ലാവർഷവും ആയിരക്കണക്കിന് കിലോഗ്രാം ചക്കകൾക്ക് ലക്ഷ്മി വില നിശ്ചയിക്കുന്നു. കാർഷികവ്യാപാരത്തിലെ ഏറ്റവും മുതിർന്ന സ്ത്രീകളിലൊരാളാണ് അവർ

അവരുടെ വീട് എല്ലാവരും കാണിച്ചുതരും. “പക്ഷേ എന്റേത് ചില്ലര വ്യാപാരം മാത്രമാണ്. എല്ലാവർക്കും ന്യായമായ വില ഞാൻ ഉറപ്പാക്കിക്കൊടുക്കും”, അവർ പറയുന്നു.

ചന്തയിലേക്ക് ഓരോ ലോഡ് ചക്ക വരുമ്പോഴും വില നിശ്ചയിക്കുന്നതിനുമുൻപ് ലക്ഷ്മി അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നു. ഒരു കത്തിമാത്രം മതി അതിനവർക്ക്. ഒന്നോ രണ്ട് തവണ ചക്കയിൽ കൊട്ടിയാൽ അവർക്കറിയാം, അത് പഴുത്തിട്ടുണ്ടോ, പച്ചയാണോ, എന്നത്തേക്ക് തിന്നാനുള്ള പഴുപ്പാവും എന്നൊക്കെ. തന്റെ കണക്കുകൂട്ടലിൽ സംശയം തോന്നിയാൽ, ചക്കയിൽ ചെറുതായൊരു വരവരച്ച് ഒരു ചുളയെടുത്ത് കഴിച്ചുനോക്കും. ഇതാണ് ഏറ്റവും മുന്തിയ പരിശോധനയെങ്കിലും ചക്ക മുറിക്കേണ്ടിവരുന്നതിനാൽ, വളരെ അപൂർവ്വമായിട്ടേ ഇതവർ ചെയ്യാറുള്ളു.

“കഴിഞ്ഞവർഷം,120 രൂപയ്ക്ക് പോയ ഈ ചക്കയ്ക്ക് ഇത്തവണ 250 രൂപയാണ് വില. ഇത്തവണത്തെ കാലവർഷവും മഴകൊണ്ട് വിളവിനുണ്ടായ കേടുമൊക്കെയാണ് കാരണം”. രണ്ടുമാസത്തിനുള്ളിൽ (ജൂണിനകം) ഓരോ കടയിലും 15 ടൺ ചക്ക വില്പനയ്ക്കുണ്ടാവുമെന്ന് അവർ പ്രവചിക്കുന്നു. അപ്പോൾ വില കുത്തനെ കുറയുമെന്നും.

അവർ വ്യാപാരത്തിൽ വന്നതിൽ‌പ്പിന്നെ, ചക്കയുടെ വ്യാപാരം വർദ്ധിച്ചിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു. കൂടുതൽ പ്ലാവുകളും, ചക്കകളും വ്യാപാരവുമൊക്കെ ഉണ്ട് ഇപ്പോൾ. എന്നാൽ കർഷകർ അവരുടെ ഉത്പന്നങ്ങൾ ഏതെങ്കിലുമൊരു പ്രത്യേക കമ്മീഷൻ ഏജന്റിന്റെ അടുത്താണ് കൊണ്ടുവരിക. വിശ്വസ്തത മാത്രമല്ല, ആ ഏജന്റ് അവർക്ക് നൽകുന്ന വായ്പയും ഇതിന് കാരണമാവുന്നു. 10,000 മുതൽ 1 ലക്ഷം രൂപവരെ കർഷകർ സാധാരണയായി വിളവിന്റെ പുറത്ത് വായ്പയെടുക്കുന്നു. വില്പനയിൽ അതിന്റെ കണക്ക് തീർക്കുകയും ചെയ്യുന്നു.

അവരുടെ മകൻ രഘുനാഥ് മറ്റൊരു വിശദീകരണം നൽകുന്നു. “ധാരാളം പ്ലാവുകളുള്ള കർഷകർ ചക്ക വിൽക്കാൻ മാത്രമല്ല, മൂല്യവർദ്ധന ഉണ്ടാക്കി ലാഭം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അവർ കൊണ്ടാട്ടവും ജാമും ഉണ്ടാക്കുന്നു. പോരാത്തതിന് പച്ച ചക്ക പാചകം ചെയ്ത്, മാംസാഹാരത്തിന് പകരം വെക്കുകയും ചെയ്യുന്നു.

“ഈ ചുളകൾ ഉണക്കി പൊടിക്കുന്ന ഫാക്ടറികളുണ്ട്”, രഘുനാഥ് പറയുന്നു. അത് കഞ്ഞിയിലിട്ട് തിളപ്പിച്ച് കഴിക്കും. ഇത്തരം ഉത്പന്നമൊന്നും ശ്രദ്ധയിൽ‌പ്പെട്ടിട്ടില്ല – ചക്കയുമായി താരത‌മ്യം ചെയ്യുമ്പോൾ - എന്നാലും കാലക്രമേണ പ്രചാരത്തിലാവുമെന്ന് ഫാക്ടറി ഉടമകൾ വിശ്വസിക്കുന്നു”.

Lakshmi is in great demand during the season because people know she sources the best fruit
PHOTO • M. Palani Kumar

ഏറ്റവും നല്ല ചക്ക എവിടെ കിട്ടുമെന്ന് നിശ്ചയമുള്ള ലക്ഷ്മിയെ തേടി ആവശ്യക്കാർ ധാരാളമായി വരാറുണ്ട്

ലക്ഷ്മിയുടെ വീട്, ചക്കയിൽനിന്നുണ്ടാ‍ക്കിയ സമ്പാദ്യംകൊണ്ടുമാത്രം നിർമ്മിച്ച ഒന്നാണ്.

“ഇതിന് 20 വർഷം പഴക്കമുണ്ട്” നിലം വിരൽകൊണ്ട് തൊട്ട് ലക്ഷ്മി പറയുന്നു. പക്ഷേ വീട് ആവുന്നതിനുമുൻപ് ഭർത്താവ് മരിച്ചു. ഗൂഡല്ലൂർ മുതൽ പാൻ‌രുട്ടിവരെ തീവണ്ടിയിൽ ചക്ക വിറ്റുനടന്ന കാലത്താന്, പാൻ‌രുട്ടിയിൽ ചായക്കട ഉണ്ടായിരുന്ന അയാളെ ലക്ഷ്മി പരിചയപ്പെട്ടത്.

പ്രണയവിവാഹമായിരുന്നു അവരുടേത്. പാൻ‌രുട്ടിയിലെ ഒരു കലാകാരനെക്കൊണ്ട് വരപ്പിച്ച ആ ഛായാചിത്രത്തിൽ ആ പ്രണയം ഇപ്പോഴും കാണാം. 7,000 രൂപ ചിലവ് വന്നു അതിന്. അവരുടെ രണ്ടുപേരുടേയും ചിത്രത്തിനാകട്ടെ, 6,000 രൂപയും. ഊർജ്ജം നിറഞ്ഞ ശബ്ദത്തിൽ, അവർ പല കഥകളും പറഞ്ഞുകൊണ്ടിരുന്നു. തന്റെ വളർത്തുനായയെക്കുറ്ച്ച് അവർ പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു..”അത്രയും വിശ്വസ്തനും, സമർത്ഥനും, വല്ലാത്ത നഷ്ടബോധം തോന്നിപ്പിച്ചവനും” എന്നാണ് അവരതിനെ വിശേഷിപ്പിച്ചത്.

ഉച്ചയ്ക്ക് 2 മണിയായിരുന്നു. ലക്ഷ്മി ഉച്ചയൂണ് കഴിച്ചിട്ടില്ല..”ഞാൻ കഴിക്കാം, കഴിക്കാം” എന്ന് പറഞ്ഞുകൊണ്ട്, അവർ സംസാരം തുടർന്നു. സീസണാവുമ്പോൾ വീട്ടുപണിക്കൊന്നും അവർക്ക് സമയം കിട്ടില്ല. അപ്പോൾ അവരുടെ മകന്റെ ഭാര്യയാണ് അതൊക്കെ നോക്കുക.

ചക്കകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളെക്കുറിച്ച് അവരിരുവരും എന്നോട് പറഞ്ഞു. ‘കുരുകൊണ്ട് ഞങ്ങൾ ഉപ്പുമാവുണ്ടാക്കും. പച്ചച്ചുളയുടെ തൊലികളഞ്ഞ്, മഞ്ഞളും കൂട്ടി തിളപ്പിച്ച്, അരച്ച്, അല്പം ഉഴുന്നും കൂട്ടി, നാളികേരം ചിരവിയിടും. ചുളകൾ കൂടുതൽ പഴുത്തിട്ടുണ്ടെങ്കിൽ എണ്ണയിലിട്ട് അല്പം മുളകുപൊടിയും കൂട്ടി കഴിക്കാം. ചക്കക്കുരുവിനെ സാമ്പാറിൽ ഉപയോഗിക്കാം, പഴുക്കാത്ത ചുളകൾ ബിരിയാണിയിലും. ചക്കച്ചുളകൊണ്ടുള്ള വിഭവങ്ങളെ ‘സ്വാദിഷ്ഠം” “ഗംഭീരം’ എന്നൊക്കെയാണ് ലക്ഷ്മി വിശേഷിപ്പിക്കുന്നത്.

എന്നാൽ ലക്ഷ്മി, ഭക്ഷണത്തിന്റെ കാര്യത്തിൽ അത്ര പിടിവാശിയൊന്നുമുള്ള ആളല്ല. അടുത്തുള്ള ഹോട്ടലിൽനിന്ന് ചായയും ചിലപ്പോൾ ഭക്ഷണവുമൊക്കെ കഴിക്കാറുണ്ട് അവർ. രക്തസമ്മർദ്ദവും പ്രമേഹവുമുണ്ട് അവർക്ക്. “സമയത്തിന് കഴിച്ചില്ലെങ്കിൽ തലചുറ്റലുണ്ടാവും”, അവർ പറയുന്നു. അന്ന് രാവിലെ, തലചുറ്റൽ അനുഭവപ്പെട്ട് അവർ ധൃതിയിൽ വിജയകുമാറിന്റെ കടയിൽനിന്ന് പോയിരുന്നു. ജോലിസമയം കൂടുതലും അസമയങ്ങളിലും ആയത് അവരെ അലട്ടുന്നില്ല. “പ്രശ്നമൊന്നുമില്ല’ എന്ന് പറയുന്നു അവർ.

Lakshmi standing in Lakshmi Vilas, the house she built by selling and trading jackfruits. On the wall is the painting of her and her husband that she had commissioned
PHOTO • Aparna Karthikeyan
In a rare moment during the high season, Lakshmi sits on her sofa to rest after a long day at the mandi
PHOTO • Aparna Karthikeyan

ഇടത്ത്: ചക്ക വിറ്റും കച്ചവടം ചെയ്തും സമ്പാദിച്ച പണം കൊണ്ട് നിർമ്മിച്ച സ്വന്തം വീട്ടിൽ നിൽക്കുന്ന ലക്ഷ്മി. അവരും ഭർത്താവും ഒരുമിച്ചുള്ള ചുമരിലെ ചിത്രം അവർ പണം കൊടുത്ത് വരപ്പിച്ചതാണ്. വലത്ത്: തിരക്കുള്ള ഒരു സീസണിലെ അപൂർവ്വമായ ഒരവസരത്തിൽ, അങ്ങാടിയിലെ ജോലിക്കുശേഷം സോഫയിലിരുന്ന് വിശ്രമിക്കുന്ന ലക്ഷ്മി

30 വർഷം മുമ്പ് തീവണ്ടിയിൽ ചക്ക കൊണ്ടുനടന്നിരുന്ന കാലത്ത്, 10 രൂപയ്ക്കായിരുന്നു ചക്ക വിറ്റിരുന്നത്. (ഇന്ന് അതിന് 20-ഉം 30-ഉം ഒക്കെയുണ്ട് വില. അന്നത്തെ തീവണ്ടി കം‌പാർട്ടുമെന്റുകൾ ചെറിയ കൂടുപോലെ ആയിരുന്നു. ഇടനാഴിയൊന്നുമുണ്ടായിരുന്നില്ല. അതിനാൽ, ഒരുസമയം ഒരു വില്പനക്കാരൻ മാത്രമേ കയറാവൂ എന്നൊരു അലിഖിത കരാറുണ്ടായിരുന്നു കച്ചവടക്കാർ തമ്മിൽ. ഒരാൾ പുറത്തിറങ്ങിയാൽ മാത്രമേ അടുത്തയാൾ കയറുകയുള്ളു. “ടിക്കറ്റ് പരിശോധകർ ടിക്കറ്റും യാത്രാക്കൂലിയുമൊന്നും ചോദിക്കില്ല. ഞങ്ങൾ സൌജന്യമായി യാത്രചെയ്യും”, ഒന്ന് ശബ്ദം താഴ്ത്തി അവർ പറയുന്നു “ചിലപ്പോൾ ഞങ്ങളവർക്ക് ചക്കച്ചുളയും കൊടുക്കും”.

അത് യാത്രാവണ്ടികളായിരുന്നു. പതുക്കെ പോയിക്കൊണ്ടിരുന്ന, എല്ലാ സ്റ്റേഷനിലും നിർത്തിയിരുന്ന വണ്ടികൾ. വരുന്നവരും പോവുന്നവരുമൊക്കെ ചക്ക വാങ്ങും. സമ്പാദ്യമൊക്കെ തുച്ഛമായിരുന്നു. അന്ന് എത്ര സമ്പാദിച്ചിരുന്നുവെന്നൊന്നും ഓർമ്മയില്ല. എന്നാലും, ‘100 രൂപയൊക്കെ അന്ന് വലിയ തുകയായിരുന്നു’ എന്ന് പറയുന്നു.

“ഞാൻ സ്കൂളിൽ പോയിട്ടില്ല. എന്റെ ചെറുപ്പത്തിലേ അച്ഛനമ്മമാർ മരിച്ചു”, ഉപജീവനത്തിനായി അവർ തീവണ്ടികളിൽ സഞ്ചരിച്ചു” ചിദംബരം, ഗൂഡല്ലൂർ, ചെങ്കൽ‌പ്പേട്ട്, വില്ലുപുരം, അങ്ങിനെയങ്ങിനെ, ചക്കയും വിറ്റ് സഞ്ചരിച്ചിരുന്നു. “ഭക്ഷണത്തിന് സ്റ്റേഷനുകളിലെ കാന്റീനിൽനിന്ന് തൈരുസാതമോ പുളിയോദരമോ വാങ്ങും. ആവശ്യം വന്നാൽ, ചക്കയുടെ ട്രേ എവിടെയെങ്കിലും വെച്ച്, കംപാർട്ടുമെന്റിലെ കക്കൂസ് ഉപയോഗിക്കും. മിനക്കേടുള്ള പണിയായിരുന്നു. വേറെ എന്ത്വഴി?”, അവർ ചോദിക്കുന്നു.

ഇന്ന് അവർക്ക് വഴിയുണ്ട്. ചക്കയുടെ സീസൺ കഴിഞ്ഞാൽ അവർ വീട്ടിൽ വിശ്രമത്തിലായിരിക്കും. “ഞാൻ ചെന്നൈയിൽ പോയി ഒന്നോ രണ്ടോ ആഴ്ച ബന്ധുക്കളുടെ കൂടെ കഴിയും. ബാക്കി സമയം ഞാൻ ഇവിടെ ചെറുമകൻ സർവ്വേഷിന്റെ കൂടെയാണ്”. തൊട്ടടുത്ത് കളിക്കുന്ന ചെറിയ ആൺകുട്ടിയെ നോക്കി അവർ പുഞ്ചിരിക്കുന്നു.

കയൽ‌വിഴി കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നു. “അവർ ബന്ധുക്കളെയൊക്കെ സഹായിക്കാറുണ്ട്. അവർക്ക് ആഭരണമൊക്കെ വാങ്ങിക്കൊടുക്കും. ആരെങ്കിലും സഹായം ചോദിച്ചാൽ ഇല്ലെന്ന് പറയില്ല..”

‘ഇല്ല’ എന്ന വാക്ക് തൊഴിലിൽ പലപ്പോഴും അവർ കേട്ടിട്ടുണ്ടാവും. “സ്വന്തം അദ്ധ്വാനം” കൊണ്ട് തന്റെ ജീവിതം മാറ്റിത്തീർത്ത ഒരു സ്ത്രീയാന് ഇവിടെയുള്ളത്. അവരുടെ കഥ കേൾക്കുന്നത് ചക്ക കഴിക്കുന്നതുപോലെയാണ്. ഇത്ര മധുരം മറ്റെവിടെനിന്നും നിങ്ങൾക്ക് കിട്ടില്ല. അത് ഒരിക്കൽ കേട്ടുകഴിഞ്ഞാൽ, മറക്കാനുമാവില്ല.

അസിം പ്രേംജി യൂണിവേഴ്സിറ്റി അതിന്റെ 2020-ലെ റിസർച്ച് ഫണ്ടിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ഗവേഷണപഠനമാണ് ഇത്.

കവർച്ചിത്രം: എം. പളനി കുമാർ

പരിഭാഷ: രാജീവ് ചേലനാട്ട്

Aparna Karthikeyan

அபர்ணா கார்த்திகேயன் ஒரு சுயாதீன பத்திரிகையாளர், எழுத்தாளர் மற்றும் PARI-யின் மூத்த மானியப் பணியாளர். 'Nine Rupees an Hour'என்னும் அவருடைய புத்தகம் தமிழ்நாட்டில் காணாமல் போகும் வாழ்வாதாரங்களைப் பற்றிப் பேசுகிறது. குழந்தைகளுக்கென ஐந்து புத்தகங்கள் எழுதியிருக்கிறார். சென்னையில் அபர்ணா அவரது குடும்பம் மற்றும் நாய்களுடன் வசிக்கிறார்.

Other stories by Aparna Karthikeyan
Photographs : M. Palani Kumar

எம். பழனி குமார், பாரியில் புகைப்படக் கலைஞராக பணிபுரிகிறார். உழைக்கும் பெண்கள் மற்றும் விளிம்புநிலை மக்களின் வாழ்க்கைகளை ஆவணப்படுத்துவதில் விருப்பம் கொண்டவர். பழனி 2021-ல் Amplify மானியமும் 2020-ல் Samyak Drishti and Photo South Asia மானியமும் பெற்றார். தயாநிதா சிங் - பாரியின் முதல் ஆவணப் புகைப்பட விருதை 2022-ல் பெற்றார். தமிழ்நாட்டில் மலக்குழி மரணங்கள் குறித்து எடுக்கப்பட்ட 'கக்கூஸ்' ஆவணப்படத்தின் ஒளிப்பதிவாளராக இருந்தவர்.

Other stories by M. Palani Kumar

பி. சாய்நாத், பாரியின் நிறுவனர் ஆவார். பல்லாண்டுகளாக கிராமப்புற செய்தியாளராக இருக்கும் அவர், ’Everybody Loves a Good Drought' மற்றும் 'The Last Heroes: Foot Soldiers of Indian Freedom' ஆகிய புத்தகங்களை எழுதியிருக்கிறார்.

Other stories by P. Sainath
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat