പനിമാരയിലെ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് മറ്റുചില മുന്നണികളിലും പൊരുതണമായിരുന്നു. ഇത്തരം പോരാട്ടങ്ങളില്‍ ചിലത് വീട്ടില്‍ തന്നെയായിരുന്നു.
ഗാന്ധിജിയുടെ ആഹ്വാനത്തില്‍ പ്രചോദിതരായി തൊട്ടുകൂടായ്മയ്ക്കെതിരെ അവര്‍ പ്രവര്‍ത്തിച്ചു.
“ഒരുദിവസം ഗ്രാമത്തിലെ ഞങ്ങളുടെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് 400 ദളിതരുമായി ഞങ്ങള്‍ ജാഥ നയിച്ചു”, ചമാരു പറഞ്ഞു. ബ്രാഹ്മണര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. പക്ഷെ അവരില്‍ ചിലര്‍ ഞങ്ങളെ പിന്തുണച്ചു. ഒരുപക്ഷെ അവര്‍ നിര്‍ബന്ധിക്കപ്പെട്ടതായിരിക്കാം. ആ സമയത്തെ അവസ്ഥ അതായിരുന്നു. ഗാംവടിയ (ഗ്രാമ മുഖ്യന്‍) ആയിരുന്നു ക്ഷേത്രത്തിന്‍റെ മാനേജിംഗ് ട്രസ്റ്റി. അദ്ദേഹം ക്ഷോഭിച്ച് പ്രതിഷേധമെന്നോണം ഗ്രാമംവിട്ടു. എന്നിരിക്കിലും അദ്ദേഹത്തിന്‍റെ സ്വന്തം മകന്‍ ഞങ്ങളെ പിന്തുണച്ചുകൊണ്ടും പിതാവിന്‍റെ പ്രവൃത്തിയെ തള്ളിക്കളഞ്ഞുകൊണ്ടും ഞങ്ങളോടൊപ്പം ചേര്‍ന്നു.
“ബ്രിട്ടീഷ് സാധനങ്ങള്‍ക്കെതിരായ പ്രചരണം ഗൗരവമുള്ളതായിരുന്നു. ഞങ്ങള്‍ ഖാദിമാത്രം ധരിച്ചു. ഞങ്ങള്‍തന്നെയാണ് അത് നെയ്തത്. പ്രത്യയശാസ്ത്രം അതിന്‍റെ ഒരു ഭാഗമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ വളരെ ദരിദ്രരായിരുന്നു, അതുകൊണ്ട് ഞങ്ങള്‍ക്കത് നല്ലതായിരുന്നു.”
എല്ലാ സ്വാതന്ത്ര്യസമര സേനാനികളും ദശകങ്ങള്‍ക്കുശേഷവും ഈ പ്രവൃത്തി മാറ്റമില്ലാതെ തുടര്‍ന്നു. അവരുടെ വിരലുകള്‍ക്ക് നൂല്‍ക്കാനോ നെയ്യാനോ പറ്റാതാകുന്നിടംവരെ. “കഴിഞ്ഞവര്‍ഷം 90-ാം വയസ്സില്‍ അത് നിര്‍ത്താനുള്ള സമയമായെന്ന് എനിക്കുതോന്നി”, ചമാരു പറഞ്ഞു.
ഇതെല്ലാം തുടങ്ങിയത് 1930’കളില്‍ സമ്പല്‍പൂരില്‍ കോണ്‍ഗ്രസ്സിന്‍റെ പ്രചോദനത്താല്‍ സംഘടിപ്പിച്ച “പരിശീലന” ശിബിരത്തില്‍ വച്ചാണ്. “സേവ [സേവനം] എന്നാണ് പരിശീലനത്തെ വിളിച്ചത്. പക്ഷെ പകരം ഞങ്ങളെ പഠിപ്പിച്ചത് ജയില്‍ ജീവിതത്തെക്കുറിച്ചായിരുന്നു. അവിടുത്തെ ശൗചാലയം വൃത്തിയാക്കുന്നതിനെക്കുറിച്ചും ശോച്യമായ ഭക്ഷണത്തെക്കുറിച്ചും മറ്റും. പരിശീലനം എന്തിനായിരുന്നു എന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. ഞങ്ങള്‍ ഒന്‍പത് പേരാണ് ഗ്രാമത്തില്‍നിന്നും ശിബിരത്തിനു പോയത്.”
“ഗ്രാമം ഒന്നടങ്കം പൂമാലകളും സിന്ദൂരവും പഴങ്ങളും നല്‍കി ഞങ്ങളെ യാത്രയയച്ചു.”
അവിടെയും, ഇതിന്‍റെ പിന്നില്‍, മഹാത്മാവിന്‍റെ മാന്ത്രികതയുണ്ടായിരുന്നു. “സത്യാഗ്രഹം ചെയ്യാന്‍ ആളുകളോട് ആഹ്വാനം ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ കത്ത് ഞങ്ങളെ ഉണര്‍ത്തി. പാവപ്പെട്ടവരും നിരക്ഷരരുമായ ഞങ്ങളുടെ ലോകത്തെ മാറ്റുന്നതിനായി ഞങ്ങളോട് നിഷേധികളായി പെരുമാറാന്‍ ആവശ്യപ്പെട്ടു. പക്ഷെ ഒരു പെരുമാറ്റച്ചട്ടമെന്നനിലയില്‍ ഞങ്ങള്‍ അക്രമരാഹിത്യം പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.” പനിമാരയിലെ മിക്ക സ്വാതന്ത്ര്യസമര സേനാനികളും പിന്നീടുള്ള തങ്ങളുടെ ജീവിതത്തില്‍ പാലിച്ച ഒരു പെരുമാറ്റച്ചട്ടമായിരുന്നു ഇത്.
അതിനുശേഷം അവര്‍ ഒരിക്കലും ഗാന്ധിജിയെ കണ്ടിട്ടില്ല. പക്ഷെ ദശലക്ഷക്കണക്കിനു മറ്റുള്ളവരെപ്പോലെ അദ്ദേഹത്തിന്‍റെ ആഹ്വാനങ്ങള്‍ അവരെ നയിച്ചു. “ഇവിടെ മന്‍മോഹന്‍ ചൗധരിയെയും ദയാനന്ദ് സത്പതിയെയും പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ ഞങ്ങളെ പ്രചോദിപ്പിച്ചു.” 1942 ഓഗസ്റ്റിന് മുന്‍പുതന്നെ പനിമാരയിലെ പോരാളികള്‍ അവരുടെ ആദ്യ ജയില്‍വാസം പൂര്‍ത്തിയാക്കിയിരുന്നു. “ഞങ്ങള്‍ ഒരു പ്രതിജ്ഞ എടുത്തിരുന്നു. യുദ്ധവുമായി [രണ്ടാം ലോകമഹായുദ്ധം] പണമായോ ആളായോ ഏതുതരത്തിലായാലും സഹകരിക്കുന്നത് വഞ്ചനയാണ്. പാപമാണ്. അക്രമരഹിതമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് യുദ്ധത്തോട് പ്രതിഷേധിക്കേണ്ടതുണ്ട്.” ഗ്രാമത്തിലെ എല്ലാവരും അതിനെ പിന്തുണച്ചു.
“കട്ടക്കില്‍ ആറുമാസം ഞങ്ങള്‍ ജയിലിലായി. ബ്രിട്ടീഷുകാര്‍ ആളുകളെ അധികകാലം ജയിലില്‍ പാര്‍പ്പിചിരുന്നില്ല. അതിനുള്ള പ്രധാനകാരണം ആയിരക്കണക്കിനാളുകളെക്കൊണ്ട് ജയില്‍ നിറഞ്ഞതായിരുന്നു. ധാരാളമാളുകള്‍ ജയിലിലാകാന്‍ തയ്യാറായിരുന്നു.”
തൊട്ടുകൂടായ്മ വിരുദ്ധ പ്രചരണങ്ങളാണ് ആദ്യത്തെ ആഭ്യന്തര സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമായത്. പക്ഷെ അവ മറികടന്നു. “ഇപ്പോഴും ഞങ്ങളുടെ മിക്ക അനുഷ്ഠാനങ്ങള്‍ക്കും ബ്രാഹ്മണരെ ഉപയോഗിക്കാറില്ല. ആ ക്ഷേത്രപ്രവേശനം എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. എന്നിരിക്കിലും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തോട് ചേരാന്‍ എല്ലാവരും നിര്‍ബന്ധിതരായി”, ദയാനിധി പറഞ്ഞു.
ഇവിടെയുള്ള കുറച്ചുകുട്ടികള്‍ ചെറിയ ക്ഷേത്രത്തില്‍ കൗതുകംകൊണ്ട് വരുന്നതായിരിക്കാം. പക്ഷെ സ്വന്തം ചരിത്രത്തെക്കുറിച്ച് ബോധമുള്ള ഒരു ഗ്രാമമാണിത്. സ്വന്തം ധീരതയെക്കുറിച്ച് ബോധമുള്ള ഒരുഗ്രാമം. സ്വാതന്ത്ര്യത്തിന്‍റെ ജ്വാലകള്‍ കര്‍ത്തവ്യബോധത്തോടെ സജീവമായി സൂക്ഷിക്കുന്ന ഒരു ഗ്രാമം.
ചെറുകര്‍ഷകരുടെ ഒരു ഗ്രാമമാണ് പനിമാര. “അവിടെ ഏകദേശം 100 കുള്‍ട്ട (കൃഷി ചെയ്യുന്ന ജാതികള്‍) കുടുംബങ്ങള്‍ ഉണ്ട്. ഏകദേശം 80 ഒഡിയക്കാര്‍ (അവരും കര്‍ഷകര്‍ തന്നെ) ഉണ്ട്. അമ്പതിനടുത്ത് സൗര ആദിവാസികളും സ്വര്‍ണ്ണപ്പണി ചെയ്യുന്ന 10 കുടുംബങ്ങളുമുണ്ട്. കുറച്ച് ഗൗഡ് കുടുംബങ്ങളും അങ്ങനെ പലരുമുണ്ട്”, ദയാനിധി പറഞ്ഞു.
ഇതാണ് ഗ്രാമം. കര്‍ഷകജാതികളില്‍ പെടുന്നവരായിരുന്നു മിക്ക സ്വാതന്ത്ര്യസമര സേനാനികളും. “അധികം മിശ്രജാതി വിവാഹങ്ങള്‍ ഇവിടെ ഉണ്ടായിട്ടില്ല എന്നത് സത്യമാണ്. പക്ഷെ സ്വാതന്ത്ര്യ സമരദിനങ്ങള്‍ മുതല്‍ എല്ലായ്പ്പോഴും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം മികച്ചതായിരുന്നു. ക്ഷേത്രം ഇപ്പോഴും എല്ലാവര്‍ക്കുമായി തുറന്നു നല്‍കിയിരിക്കുന്നു. എല്ലാവരുടെയും അവകാശങ്ങളെ ബഹുമാനിക്കുന്നു.”
ഇവിടെയുള്ള ചിലര്‍ക്ക് തങ്ങളുടെ ചില അവകാശങ്ങള്‍ അംഗീകരിക്കപ്പെടുന്നതായി തോന്നുന്നില്ല. ദിബിത്യ ഭോയി അവരില്‍പ്പെട്ട ഒരാളാണ്. “ഞാന്‍ വളരെ ചെറുപ്പമായിരുന്നു, അന്ന് ബ്രിട്ടീഷുകാരെന്നെ ഭീകരമായി മര്‍ദ്ദിച്ചു”, അദ്ദേഹം പറഞ്ഞു. ഭോയിക്ക് അന്ന് 13 വയസ്സായിരുന്നു. പക്ഷെ ജയിലില്‍ അയയ്ക്കാഞ്ഞതിനാല്‍ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ അദ്ദേഹത്തിന്‍റെ പേര് ഔദ്യോഗികമായി വന്നിട്ടില്ല. മറ്റു ചിലരെയും ബ്രിട്ടീഷുകാര്‍ ഭീകരമായി മര്‍ദ്ദിച്ചു. പക്ഷെ ജയിലില്‍ പോകാഞ്ഞതുകാരണം ഔദ്യോഗിക രേഖകള്‍ അവരെ അവഗണിച്ചു.
സ്വാതന്ത്ര്യസമര സേനാനികളെ ഓര്‍മ്മിക്കാനായി സ്തംഭത്തിലെ പേരുകള്‍ക്ക് അത് നിറം നല്‍കുന്നു. 1942-ല്‍ ജയിലില്‍ പോയവരുടെ പേരുകള്‍ മാത്രമെ അതിലുള്ളൂ. പക്ഷെ അവരുടെ പേരുകള്‍ അവിടെ ഉണ്ടാകാനുള്ള അവകാശത്തെപ്പറ്റി ആര്‍ക്കും തര്‍ക്കമില്ല. “സ്വാതന്ത്ര്യസമര സേനാനി”കളുടെ പേരുകള്‍ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട രീതി ദുഃഖകാരമാണ്. അംഗീകാരം അര്‍ഹിച്ച മറ്റുള്ളവരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടു.
ജാതിയും മറ്റുതരത്തിലുള്ള സമ്മര്‍ദ്ദങ്ങളും ചെലുത്തിയിരുന്നു. “ഓരോ തവണയും ഞങ്ങള്‍ ജയിലില്‍നിന്നും പുറത്തുവന്നപ്പോള്‍ അടുത്ത ഗ്രാമങ്ങളിലെ ബന്ധുക്കള്‍ക്ക് ഞങ്ങള്‍ ‘ശുദ്ധീകരിക്ക’പ്പെടണമായിരുന്നു. ഇതിനുകാരണം തൊട്ടുകൂടാത്തവരും ജയിലില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു എന്നതാണ്.” (ഉയര്‍ന്ന ജാതിയില്‍പ്പെട്ട തടവുകാരുടെ ഈ “ശുദ്ധീകരണം” ഇന്നും ഗ്രാമീണ ഒറീസയില്‍ നടക്കുന്നു: പി.എസ്.).
“ഒരിക്കല്‍ ഞാന്‍ ജയിലില്‍നിന്നും തിരിച്ചെപ്പോള്‍ അമ്മവഴിയുള്ള എന്‍റെ മുത്തശ്ശിയുടെ 11-ാംദിന ചടങ്ങ് നടക്കുകയായിരുന്നു. ഞാന്‍ ജയിലിലായിരുന്നപ്പോഴാണ് അവര്‍ മരിച്ചത്. എന്‍റെ അമ്മാവന്‍ എന്നോടു ചോദിച്ചു, ‘മദന്‍ നീ ശുദ്ധീകരിക്കപ്പെട്ടോ?’ ഞാന്‍ പറഞ്ഞു ഇല്ല, സത്യാഗ്രഹികള്‍ എന്ന നിലയ്ക്കുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവരെ ശുദ്ധീകരിക്കുന്നുവെന്ന്. പിന്നെയെനിക്ക് മറ്റു കുടുംബാംഗങ്ങളില്‍ നിന്നുംമാറി പ്രത്യേക ഇരിപ്പിടമാണ് നല്‍കിയത്. ഞാന്‍ ഒറ്റയ്ക്കുമാറിയിരുന്ന് തനിയെ ഭക്ഷണം കഴിച്ചു.
“ഞാന്‍ ജയിലില്‍ പോകുന്നതിനു മുന്‍പ് എന്‍റെ വിവാഹം ഉറപ്പിച്ചിരുന്നു. ഞാന്‍ പുറത്തുവന്നപ്പോള്‍ അത് റദ്ദായി. പെണ്ണിന്‍റെ അച്ഛന് ഒരു ജയില്‍പുള്ളിയെ മരുമകനായി വേണ്ടായിരുന്നു. അവസാനം കോണ്‍ഗ്രസ്സിന് ശക്തമായ സ്വാധീനമുള്ള സാരന്ദപ്പള്ളി എന്ന ഗ്രാമത്തില്‍നിന്നും ഞാനൊരു വധുവിനെ കണ്ടെത്തി.”
1942 ഓഗസ്റ്റിലെ ജയില്‍വാസകാലത്ത് ചമാരുവിനും ജിതേന്ദ്രക്കും പൂര്‍ണ്ണചന്ദ്രക്കും ശുദ്ധിയുടെ ഒരു പ്രശ്നങ്ങളും ഇല്ലായിരുന്നു.
“കുറ്റവാളികള്‍ക്കായുള്ള ഒരു ജയിലിലേക്ക് അവര്‍ ഞങ്ങളെ അയച്ചു. ഞങ്ങളത് നന്നായി ഉപയോഗിച്ചു”, ജിതേന്ദ്ര പറഞ്ഞു. “ആ സമയത്ത് ജര്‍മ്മനിക്കെതിരെ ബ്രിട്ടീഷുകാരുടെ യുദ്ധത്തില്‍ പങ്കെടുത്ത് മരിക്കുന്നതിനായി അവര്‍ സൈനികരായി ആളുകളെ ചേര്‍ക്കുന്നുണ്ടായിരുന്നു. കുറ്റവാളികളായി നീണ്ടകാലം ജയില്‍വാസം അനുഭവിക്കുന്നവര്‍ക്ക് അവര്‍ ചില വാഗ്ദാനങ്ങള്‍ നല്‍കി. അപ്രകാരം യുദ്ധത്തില്‍ ചേരാനായി ഒപ്പ് വയ്ക്കുന്നവര്‍ക്ക് 100 രൂപ നല്‍കുമായിരുന്നു. ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് 500 രൂപവീതവും നല്‍കുമായിരുന്നു. കൂടാതെ യുദ്ധാനന്തരം വിട്ടയയ്ക്കുകയും ചെയ്യുമായിരുന്നു.
“കുറ്റവാളികളായ ജയില്‍പുള്ളികള്‍ക്കൊപ്പം ഞങ്ങള്‍ പ്രചരണം നടത്തി. അവര്‍ക്കുവേണ്ടിയും അവരുടെ യുദ്ധങ്ങള്‍ക്കുംവേണ്ടിയും 500 രൂപ വേണ്ടെന്നു വയ്ക്കുന്നത് മൂല്യവത്തല്ലെ? ഉറപ്പായും നിങ്ങളായിരിക്കും മരിക്കുന്നവരില്‍ ആദ്യത്തേതെന്ന് ഞങ്ങള്‍ അവരോടു പറഞ്ഞു. നിങ്ങള്‍ അവര്‍ക്ക് പ്രധാനപ്പെട്ടതല്ല. നിങ്ങളെന്തിന് അവരുടെ പീരങ്കിക്ക് ഇരയാകണം?”
“കുറച്ചു സമയങ്ങള്‍ക്കുശേഷം അവര്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തുടങ്ങി. [അവര്‍ ഞങ്ങളെ ഗാന്ധിയെന്നോ കോണ്‍ഗ്രസ്സെന്നോ എളുപ്പത്തില്‍ വിളിച്ചിരുന്നു]. അവരില്‍ നിരവധിപേരും പദ്ധതി ഉപേക്ഷിച്ചു. അവര്‍ അനുസരിക്കാതിരിക്കുകയും പോകാന്‍ വിസമ്മതിക്കുകയും ചെയ്തു. വാര്‍ഡന്‍ കടുത്തരീതിയില്‍ അസന്തോഷം നിറഞ്ഞവനായി. ‘നിങ്ങളെന്തിനാണ് അവരെ പിന്തിരിപ്പിച്ചത്?’ അയാള്‍ ചോദിച്ചു. ‘ഇതുവരെ അവര്‍ പോകാന്‍ തയ്യാറായിരുന്നു’. ഞങ്ങള്‍ അയാളോടു പറഞ്ഞത് കുറ്റവാളികള്‍ക്കിടയില്‍ ഞങ്ങളെയിട്ടത് തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷകരമായിരുന്നു എന്നാണ്. എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നസത്യം അവരെ ബോധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.
“അടുത്തദിവസം ഞങ്ങളെ രാഷ്ട്രീയതടവുകാരുടെ ജയിലേക്ക് മാറ്റി. ഞങ്ങളുടെ ശിക്ഷ ആറുമാസം സാധാരണ തടവാക്കി മാറ്റി.”
ഇത്രശക്തമായ ഒരു സാമ്രാജ്യത്തെ നേരിടാന്‍മാത്രം ബ്രിട്ടീഷ്ഭരണത്തിന്‍റെ എന്ത് അനീതിയാണ് അവരെ പ്രകോപിപ്പിച്ചത്?
“ബ്രിട്ടീഷ്ഭരണത്തില്‍ എന്തായിരുന്നു നീതി എന്ന് എന്നോട് ചോദിക്കൂ”, ചമാരു ചെറുപരിഹാസത്തോടെ പറഞ്ഞു. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്ന മികച്ചൊരു ചോദ്യമായിരുന്നില്ല അത്. “അതുമായി ബന്ധപ്പെട്ടതെല്ലാം അനീതിയായിരുന്നു.”
“നമ്മള്‍ ബ്രിട്ടീഷുകാരുടെ അടിമകള്‍ ആയിരുന്നു. അവര്‍ നമ്മളുടെ സമ്പദ്‌വ്യവസ്ഥ തകര്‍ത്തു. നമ്മുടെ ആളുകള്‍ക്ക് അവകാശങ്ങളില്ലായിരുന്നു. നമ്മുടെ കൃഷി നശിച്ചു. ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലായി. 1942 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള സമയത്ത് ഇവിടെയുണ്ടായിരുന്ന 400 കുടുംബങ്ങളില്‍ അഞ്ചോ ഏഴോ പേര്‍ക്കാണ് ആവശ്യത്തിന് ഭക്ഷണം ലഭിച്ചത്. ബാക്കിയുള്ളവര്‍ പട്ടിണിയും അവഹേളനങ്ങളും നേരിട്ടു.
"നിലവിലെ ഭരണാധികാരികളും നിർലജ്ജരാണ്. അവർ പാവങ്ങളെയും കൊള്ളയടിക്കുന്നു. എന്നിരിക്കിലും ഞാൻ ഒന്നിനേയും ബ്രിട്ടീഷ് ഭരണവുമായി താരതമ്യം ചെയ്യുന്നില്ല എന്ന് മനസ്സിലാക്കുക. പക്ഷെ നിലവിലുള്ളവരും മോശമാണ്.”
പനിമാരയിലെ സ്വാതന്ത്രൃ പോരാളികൾ ഇപ്പോഴും എല്ലാ ദിവസവും രാവിലെ ജഗന്നാഥ ക്ഷേത്രത്തിലേക്കു പോകുന്നു. 1942 മുതൽ ചെയ്തതുപോലെ അവർ അവിടെ നിസ്സൻ (ഡ്രം) മുഴക്കുന്നു. രാവിലെ നേരത്തേയാണെങ്കിൽ 2 കിലോമീറ്റർ അപ്പുറം വരെ ഇതിന്‍റെ ശബ്ദം കേൾക്കാമെന്ന് അവർ പറഞ്ഞു.
പക്ഷെ വെള്ളിയാഴ്ചകളിൽ സ്വാതന്ത്ര്യസമര സേനാനികൾ വയ്കുന്നേരം 5.17-ന് ഒരുമിച്ചുകൂടാൻ ശ്രമിക്കുന്നു. എന്തുകൊണ്ടെന്നാൽ “വെള്ളിയാഴ്ചയാണ് മഹാത്മാവ് മരിച്ചത്.” വയ്കുന്നേരം 5.17-ന്. 54 വർഷങ്ങളായി ഗ്രാമം സജീവമായി തുടരുന്ന ഒരു പാരമ്പര്യമാണ് ഇത്.
ഇതൊരു വെള്ളിയാഴ്ചയാണ്, ഞങ്ങൾ അവരെ അമ്പലത്തിലേക്ക് അനുഗമിച്ചു. ജീവിച്ചിരിക്കുന്ന ഏഴ് സ്വാതന്ത്ര്യസമര സേനാനികളിൽ നാലുപേർ ഹാജരാണ്. ചമാരു, ദയാനിധി, മദൻ, ജിദേന്ദ്ര എന്നിവർ. മറ്റു മൂന്നുപേർ ചൈതന്യയും ചന്ദ്രശേഖർ സാഹുവും ചന്ദ്രശേഖർ പരീദയും നിലവിൽ ഗ്രാമത്തിന് പുറത്താണ്.
ക്ഷേത്രമുറ്റം ആളുകളെക്കൊണ്ട് നിറഞ്ഞു. അവർ ഗാന്ധിക്കിഷ്ടമുള്ള ഒരു ഭജന പാടുകയാണ്. "1948-ൽ മഹാത്മാവിനെ വധിച്ച വാർത്ത വന്നപ്പോൾ ഈ ഗ്രാമത്തിലെ നിരവധിപേർ തല മുണ്ഡനം ചെയ്തിരുന്നു. അവർക്ക് അവരുടെ അച്ഛനെ നഷ്ടപ്പെട്ടതുപോലെ തോന്നി. ഇന്നുവരെ നിരവധിപേർ വെള്ളിയാഴ്ചകളിൽ നിരാഹാരമിരിക്കുന്നു.”
60 വർഷങ്ങൾക്കുശേഷം 2002 ഓഗസ്റ്റിൽ പനിമാരയിലെ സ്വാതന്ത്ര്യപോരാളികൾ വീണ്ടുമവിടെ കൂടിച്ചേര്‍ന്നു.
ഈ സമയത്ത് മദൻ ഭോയിയും - അര ഏക്കറിലധികം മാത്രം സ്ഥലമുള്ള അവരിലെ ഏറ്റവും പാവപ്പെട്ടയാൾ - അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ഒരു ധർണ്ണയിരിക്കുകയാണ്. ഇത് സൊഹേല ടെലിഫോൺ ഓഫീസിന് തൊട്ടുപുറത്താണ്. "സങ്കല്‍പ്പിച്ചുനോക്കൂ, ഈ ദശകങ്ങൾക്കെല്ലാം ശേഷം ഞങ്ങളുടെ ഈ ഗ്രാമത്തിൽ ടെലിഫോണില്ല”, ഭോയി പറഞ്ഞു.
അങ്ങനെ അതാവശ്യപ്പെട്ട്, "ഞങ്ങൾ ധർണ്ണക്കിരുന്നു. ഞങ്ങളുടെ ഗ്രാമത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും കേട്ടിട്ടില്ലെന്ന് എസ്.ഡി.ഓ. [സബ് ഡിവിഷണൽ ഓഫീസർ] പറഞ്ഞു. നിങ്ങൾ ബാർഗഢിൽ താമസിക്കുകയാണെങ്കിൽ ഇങ്ങനെ പറയുന്നത് ദൈവദൂഷണമാണ്. തമാശയെന്തെന്നാല്‍ ഇത്തവണ പോലീസ് ഇടപെട്ടു”, അദ്ദേഹം ചിരിച്ചു.
ജീവിക്കുന്ന ഈ ഇതിഹാസങ്ങളെ അറിയാവുന്ന പോലീസുകാർ എസ്.ഡി.ഓ.യുടെ അജ്ഞതയിൽ അശ്ചര്യപ്പെട്ടു. ഈ എൺപതു വയസ്സുകാരുടെ അവസ്ഥയിൽ തികച്ചും ആശങ്കാകുലരുമായി. “യഥാർത്ഥത്തിൽ മണിക്കൂറുകൾ നീണ്ട ധർണ്ണയ്ക്കുശേഷം പോലീസും ഡോക്ടറും മെഡിക്കൽ ജീവനക്കാരും മറ്റുള്ളവരും ഇടപെട്ടു. അങ്ങനെ ടെലിഫോൺ അധികൃതർ സെപ്തംബർ 15-ഓടെ ഞങ്ങൾക്കൊരുപകരണം തരാമെന്ന് വാഗ്ദാനം നൽകി. നമുക്ക് നോക്കാം.”
പനിമാരയിലെ പോരാളികൾ ഒരിക്കൽക്കൂടി മറ്റുള്ളവർക്കുവേണ്ടി സമരം ചെയ്യുകയായിരുന്നു. അത് സ്വന്തം ആവശ്യത്തിനായിരുന്നില്ല. അവര്‍ സ്വന്തം ആവശ്യത്തിനുള്ള സമരത്തിൽ നിന്ന് എന്നെങ്കിലും എന്തെങ്കിലും നേടിയിട്ടുണ്ടോ?
"സ്വതന്ത്ര്യം”, ചമാരു പറഞ്ഞു.
നിങ്ങൾക്കും എനിക്കും.
ഈ ലേഖനം (രണ്ടുഭാഗങ്ങളില്‍ രണ്ടാമത്തേത്) യഥാര്‍ത്ഥത്തില്‍ പ്രസിദ്ധീകരിച്ചത് 2002 ഒക്ടോബര്‍ 27-ന് ദി ഹിന്ദു സണ്‍ഡേ മാഗസിനിലാണ്. ആദ്യഭാഗം പ്രസിദ്ധീകരിച്ചത് 2002 ഒക്ടോബര്‍ 20-നും.
ഫോട്ടൊ : പി. സായ്‌നാഥ്
ഈ പരമ്പരയിലെ ബാക്കി കഥകള്‍ ഇവയാണ്:
‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍
പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 1
ലക്ഷ്മി പാണ്ഡയുടെ അവസാന പോരാട്ടം
അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍
ശേർപുർ: വലിയ ത്യാഗം, ചെറിയ ഓർമ്മ
ഗോദാവരിയില്‍ പോലീസ് ഇപ്പോഴും ആക്രമണം പ്രതീക്ഷിക്കുമ്പോള്‍
സോനാഖനില്‍ വീര്‍ നാരായണ്‍ രണ്ടുതവണ മരിച്ചപ്പോള്‍
കല്യാശ്ശേരിയില്‍ സുമുഖനെത്തേടി
സ്വാതന്ത്യത്തിന്‍റെ അമ്പതാമാണ്ടിലും കല്യാശ്ശേരി പൊരുതുന്നു
പരിഭാഷ: റെന്നിമോന്‍ കെ. സി.