1983 ഫെബ്രുവരി 18-ന് നെല്ലി കൂട്ടക്കൊല നടക്കുമ്പോൾ റാഷിദ ബീഗത്തിന് വെറും 8 വയസ്സായിരുന്നു പ്രായം., "അവർ ആളുകളെ നാലുഭാഗത്തുനിന്നും വളഞ്ഞ്, എല്ലാവരേയും ഒരു ഭാഗത്തേയ്ക്ക് ഓടിച്ചു. എന്നിട്ട് അവർ അമ്പുകൾ എയ്തു; ചിലരുടെ പക്കൽ തോക്കുകളുണ്ടായിരുന്നു. ഇങ്ങനെയാണ് അവർ ആളുകളെ കൊന്നത്. ചിലരുടെ കഴുത്ത് മുറിഞ്ഞിരുന്നു, വേറെ ചിലരുടെ നെഞ്ചിലായിരുന്നു പരിക്ക്," അവർ ഓർക്കുന്നു.
ആ ഒറ്റ ദിവസത്തിൽ, ആ ഒറ്റ ദിവസത്തിലെ ആറുമണിക്കൂറിനുള്ളിൽ, മധ്യ അസമിലെ നെല്ലി (അഥവാ നെലി) പ്രദേശത്ത് ആയിരക്കണക്കിന് ബംഗാളി വംശജരായ മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ 'റൂമി' എന്ന് വിളിപ്പേരുള്ള റാഷിദ ആ കൂട്ടക്കൊലയെ അതിജീവിച്ചു. എന്നാൽ, തന്റെ നാല് ഇളയ സഹോദരിമാർ കൊല്ലപ്പെടുന്നതിനും അമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിനും അവർ സാക്ഷിയായി. "അവർ എന്നെ ഒരു ജാഡികൊണ്ട് (കുന്തം) ആക്രമിക്കുകയും എന്റെ അരയ്ക്ക് വെടിവയ്ക്കുകയും ചെയ്തു. ഒരു ബുള്ളറ്റ് എന്റെ കാല് തുളച്ചുപോയി," അവർ ഓർക്കുന്നു.
1989-ൽ നാഗാവോൺ ജില്ല വിഭജിച്ചുണ്ടാക്കിയ, ഇന്നത്തെ മൊറിഗാവോൺ ജില്ലയിലാണ് നെല്ലി (നെലി എന്നും അറിയപ്പെടുന്നു) ഗ്രാമം. അലിസിംഗ, ബസുന്ധരി ജലാ, ബോർബോറി, ബുഗ്‌ദുബാ ഭീൽ, ബുഗ്‌ദുബാ ഹാബി, ഖുലാപത്തർ, മതിപർബത്, മൂലാധാരി, നെലി, സിൽഭേത എന്നീ ഗ്രാമങ്ങളാണ് ഏറ്റവും ഗുരുതരമായി ബാധിക്കപ്പെട്ടത്. ഔദ്യോഗിക കണക്കുകൾപ്രകാരം മരണസംഖ്യ 2,000 ആണെങ്കിലും അനൗദ്യോഗിക കണക്കുകൾ പറയുന്നത് 3,000-നും 5,000-നും ഇടയിൽ ആളുകൾ കൊല്ലപ്പെട്ടുവെന്നാണ്.
1979 മുതൽ 1985 വരെ അസമിൽ വിദേശികൾക്കെതിരേ അരങ്ങേറിയ പ്രതിഷേധങ്ങൾ കൊളുത്തിവിട്ട വംശീയാക്രമണങ്ങളുടെ തുടർച്ചയായിരുന്നു ഈ കൂട്ടക്കൊല. ആൾ അസം സ്റ്റുഡന്റസ് യൂണിയനും (എ.ആ.എസ്.യു) അതിന്റെ സഖ്യകക്ഷികളുമാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. സംസ്ഥാനത്ത് നിയമവിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കണമെന്നും അവരുടെ പേരുകൾ വോട്ടർപ്പട്ടികയിൽനിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഇക്കൂട്ടരുടെ ആവശ്യം.
1983 ഫെബ്രുവരിയിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എ.എ.എസ്.യു. പോലെയുള്ള സംഘങ്ങളുടെയും പൊതുജനങ്ങൾക്കിടയിലെ ഒരു വിഭാഗത്തിന്റെതന്നെയും എതിർപ്പുകൾ അവഗണിച്ചായിരുന്നു ഈ പ്രഖ്യാപനം. ഇതിനുപിന്നാലെ എ.എ.എസ്.യു തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തു. എന്നാൽ, ബംഗാളി വംശജരായ മുസ്ലീങ്ങളിൽ ഒട്ടേറെപ്പേർ ഫെബ്രുവരി 14-ന് നടന്ന ആ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുകയുണ്ടായി. ബിദേക്സി (വിദേശി) എന്ന ചാപ്പയും പേറി ജീവിച്ചിരുന്ന ബംഗാളി വംശജരായ മുസ്ലീങ്ങൾ ശാരീരികമായും മാനസികമായും അക്രമിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ, തങ്ങൾക്ക് ഇന്ത്യൻ പൗരത്വം അവകാശപ്പെടാനുള്ള ഒരു മാർഗ്ഗമായാണ് അവർ തങ്ങളുടെ സമ്മദിദാനാവകാശത്തെ കണ്ടത്. എന്നാൽ ഈ തീരുമാനം, ഫെബ്രുവരി 18-ന് അവർക്കുനേരെ വിവിധ സംഘങ്ങൾ നടത്തിയ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെടാനുള്ള കാരണമായി മാറിയെന്ന് വിശ്വസിക്കപ്പെടുന്നു.
"വിദേശികൾക്കെതിരായ സമരത്തിൽ ഒരുകാലത്ത് ഞാനും പങ്കെടുത്തിട്ടുണ്ട്. അന്ന് ചെറുപ്പമായിരുന്ന എനിക്ക് ഈ കാര്യങ്ങളെപ്പറ്റി അധികമൊന്നും അറിയുമായിരുന്നില്ല. എന്നാൽ ഇന്ന്, എന്റെ പേര് എൻ.ആർ.സിയിൽ ഇല്ലെന്നതിനാൽ അവർ എന്നെ വിദേശിയാക്കിയിരിക്കുന്നു," റൂമി പറയുന്നു. 2015-നും 2019-നും ഇടയിൽ, പൗരന്മാരെ കണ്ടെത്താനായി അസമിൽ നടപ്പിലാക്കിയ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൻസിന്റെ (ദേശീയ പൗരത്വ രജിസ്റ്റർ) പുതുക്കിയ പട്ടികയിൽ റൂമിയുടെ പേരില്ല. മൊത്തം 1.9 ദശലക്ഷം ആളുകളാണ് പട്ടികയിൽനിന്ന് പുറത്തായിരിക്കുന്നത്. "എന്റെ മാതാവ്, പിതാവ്, സഹോദരൻ, സഹോദരി - എല്ലാവരുടെ പേരും പട്ടികയിലുണ്ട്. എന്റെ ഭർത്താവിന്റെയും മക്കളുടെയും പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് എന്റെ പേര് ഇല്ലാത്തത്?" അവർ ചോദിക്കുന്നു.
ബംഗാളി വംശജരായ മുസ്ലീങ്ങളുടെയും ചിലപ്പോഴെല്ലാം ബംഗാളി വംശജരായ ഹിന്ദുക്കളുടെയും ഇന്ത്യൻ പൗരത്വത്തിന്റെ ആധികാരികത സംബന്ധിച്ച സംശയങ്ങൾക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയുടെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിഭജനത്തിന്റെയും ചരിത്രവുമായി അത് ബന്ധപ്പെട്ടുകിടക്കുന്നു. എട്ടുവയസ്സുകാരി റൂമിയുടെ മനസ്സിൽ ഉദിച്ച സംശയങ്ങൾ അവരെ ഇന്നും വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.
സുബശ്രി കൃഷ്ണൻ ഏകോപനം നിർവഹിക്കുന്ന 'ഫേസിങ് ഹിസ്റ്ററി ആൻഡ് ഔർസെൽവ്‌സ്' എന്ന പരമ്പരയുടെ ഭാഗമാണ് ഈ വീഡിയോ. പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുമായി സഹകരിച്ച്, ഇന്ത്യ ഫൗണ്ടേഷൻ ഫോർ ദി ആർട്ട്സ്, അവരുടെ ആർക്കൈവ്സ് ആൻഡ് മ്യൂസിയംസ് പ്രോഗ്രാമിന് കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഡൽഹിയിലെ ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് /മാക്സ് മുള്ളർ ഭവനിന്റെ സഹായത്തോടെയാണ് ഇത് സാധ്യമായത്. ഷേർ-ഗിൽ സുന്ദരം ആർട്ട്സ് ഫൗണ്ടേഷന്റെ പിന്തുണയും ഈ പദ്ധതിയ്ക്കുണ്ട്.
പരിഭാഷ: പ്രതിഭ ആർ.കെ.