കരിമ്പ് വെട്ടുന്ന ജോലിയിലായിരുന്നു ഒരു ദിവസം ബാലാജി ഹട്ടഗലെ. അടുത്ത ദിവസം അയാൾ ആ പണിക്ക് പോയിട്ടില്ല. കൂടുതൽ എന്തെങ്കിലും മകനെക്കുറിച്ച് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രതീക്ഷയിലാണ് അയാളുടെ അച്ഛൻ ബാബാ സാഹേബ് ഹട്ടഗലെ. ജൂലായിലെ മങ്ങിക്കെട്ടിയ ഒരു ഉച്ചയ്ക്ക്, അയാളുടെ ഒറ്റമുറി വീടിന്‍റെ മുകളിൽ ഒരു കാർമേഘം തങ്ങിനിന്നിരുന്നു. ബാബാ സാഹേബി ശബ്ദത്തിലെ നിരാശപോലെ. “അവൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലേ എന്ന് അറിഞ്ഞാലും മതിയായിരുന്നു”, അയാൾ പറഞ്ഞു.

തങ്ങളുടെ 22 വയസ്സുള്ള മകനെ, ബാബാ സാഹേബും ഭാര്യ സംഗീതയും ഒടുവിൽ കണ്ടത് 2020 നവംബർ മാസത്തിലായിരുന്നു. കർണ്ണാടകയിലെ ബെൽഗാം (ബെലഗാവി എന്നും വിളിക്കപ്പെടുന്നു) ജില്ലയിലെ കരിമ്പ് പാടത്ത് ജോലി ചെയ്യാൻ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കാഡി‌വഡ്ഗാവ് ഗ്രാമത്തിലെ വീട്ടിൽനിന്ന് പോയതായിരുന്നു ബാലാജി.

ആറുമാസക്കാലത്തെ കരിമ്പുവെട്ടൽ ജോലിക്കായി, മറാത്ത്‌വാഡാ പ്രദേശത്തുനിന്ന് പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്കും കർണ്ണാടകയിലേക്കും പോകാറുള്ള ലക്ഷക്കണക്കിന് തൊഴിലാളികളിൽ ഒരാളായിരുന്നു ബാലാജി. ദീവാലി ഉത്സവം കഴിഞ്ഞ് നവംബറിൽ തൊഴിലാളികൾ ജോലിക്ക് പോയിത്തുടങ്ങും. മാർച്ച്-ഏപ്രിൽ മാസത്തോടെ തിരിച്ചുവരികയും ചെയ്യും. എന്നാൽ ആ വർഷം ബാ‍ലാജി മടങ്ങിയെത്തിയില്ല.

തന്‍റെ അച്ഛനമ്മമാർ രണ്ട് പതിറ്റാണ്ടുകളായി ചെയ്തുവന്നിരുന്ന തൊഴിലിലേക്ക് ബാലാജി ആദ്യമായി പോവുകയായിരുന്നു. “കരിമ്പ് മുറിക്കാൻ ഞാനും ഭാര്യയും കഴിഞ്ഞ ഏതാണ്ട് ഇരുപത് കൊല്ലമായി പോകാറുണ്ടായിരുന്നു. ഞങ്ങൾ രണ്ടാളും കൂടി പണിയെടുത്ത് ഒരു കരിമ്പുവെട്ടൽ കാലത്ത് 60,000ത്തിനും 70,000-ത്തിനും ഇടയിൽ സമ്പാദിക്കാറുണ്ടായിരുന്നു”, ബാബാ സാഹേബ് പറയുന്നു. “അത് മാത്രമാണ് സ്ഥിരമായ സമ്പാദ്യം. ബീഡിലെ തൊഴിലവസരങ്ങൾ, സാധാരണകാലത്തുപോലും അനിശ്ചിതത്വത്തിലായിരുന്നു.. കോവിഡിനുശേഷം അത് കൂടുതൽ വഷളായി”.

മഹാവ്യാധികാലത്ത്, കൂലി കിട്ടുന്ന ജോലി കണ്ടെത്തുക എന്നത് – പാടത്തായാലും, നിർമ്മാണസ്ഥലങ്ങളിലായാലും – ബുദ്ധിമുട്ടാണ്. “2020 മാർച്ച് മുതൽ നവംബർവരെ കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല”, ബാബാ സാഹേബ് പറയുന്നു. കോവിഡിന് മുൻപ്, ബീഡിലെ ഗ്രാമത്തിലേക്ക് തിരിച്ചെത്തിയ നാളുകളിൽ, ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് എന്തെങ്കിലും തൊഴിൽ കിട്ടുക. ദിവസത്തിൽ ഏകദേശം മുന്നൂറ് രൂപ മാത്രമാണ് അതിൽനിന്ന് ബാബാ സാഹേബിന് സമ്പാദിക്കാൻ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ പണിക്ക് പോകാനുള്ള സമയമായപ്പോൾ ബാബാ സാഹേബും ഭാര്യയും വീട്ടിൽത്തന്നെ തങ്ങാൻ തീരുമാനിച്ചു. ബാബാ സാഹേബിന്‍റെ അമ്മ അസുഖബാധിതയായിരുന്നതിനാൽ മുഴുവൻസമയ പരിചരണം ആവശ്യമായിരുന്നതിനാലാണ് അത്തരമൊരു തീരുമാനമെടുത്തത്. “പക്ഷേ കഴിഞ്ഞുപോകാൻ എന്തെങ്കിലും ചെയ്തല്ലേ മതിയാകൂ, അതുകൊണ്ട് ഞങ്ങൾക്കുപകരം മകൻ പോയി” അയാൾ പറഞ്ഞു.

Babasaheb (left) and Sangita Hattagale are waiting for their son who went missing after he migrated to work on a sugarcane farm in Belagavi
PHOTO • Parth M.N.
Babasaheb (left) and Sangita Hattagale are waiting for their son who went missing after he migrated to work on a sugarcane farm in Belagavi
PHOTO • Parth M.N.

ബെൽഗാവിയിലെ കരിമ്പുതോട്ടത്തിൽ പണിക്ക് പോയി , അപ്രത്യക്ഷനായ മകനെ കാത്തിരിക്കുന്ന ബാബാ സാഹേബും (ഇടത്ത്) അദ്ദേഹത്തിന്‍റെ ഭാര്യ സംഗീത ഹട്ടഗലെയും (വലത്ത്)

കോവിഡ് നിയന്ത്രിക്കാനെന്ന പേരിൽ, 2020 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച അപ്രതീക്ഷിതമായ അടച്ചുപൂട്ടൽ തകർത്തെറിഞ്ഞത്, ബാബാ സാഹേബിനെയും സംഗീതയേയും പോലുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതത്തെയായിരുന്നു. പലർക്കും ജോലി നഷ്ടമായി. ദിവസക്കൂലി കിട്ടുന്ന ജോലികൾപോലും ഇല്ലാതായി. ജൂണിൽ അടച്ചുപൂട്ടൽ അവസാനിച്ചിട്ടും മാസങ്ങളായി വരുമാനമൊന്നുമില്ലാതെ മല്ലിടുകയാണവർ.

ഹട്ടഗലെ കുടുംബത്തിന്‍റെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. 2020-ലെ തൊഴിൽക്ഷാമം, ബീഡിൽനിന്ന് പലായനം ചെയ്യാൻ ബാലാജിയെ നിർബന്ധിതനാക്കി. കരിമ്പ് വെട്ടുന്ന കാലം വന്നപ്പോൾ അയാൾ പോയി. അതുവരെ, അയാൾ ഗ്രാമത്തിന്‍റെ ചുറ്റുവട്ടങ്ങളിലുള്ള ചില്ലറ ജോലികളെ മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്.

വിവാഹം കഴിഞ്ഞ്, ഭാര്യയുടെയും അവരുടെ അച്ഛനമ്മമാരുടേയുമൊപ്പം അയാൾ, 550 കിലോമീറ്റർ അകലെയുള്ള ബെൽഗാവിലെ ബസാപുര ഗ്രാമത്തിലേക്ക് കരിമ്പുവെട്ടാൻ പോയി. “ഞങ്ങൾ പരിഭ്രമിക്കരുതെന്ന് കരുതി, ദിവസേന അവൻ ഫോൺ വിളിക്കാറുണ്ടായിരുന്നു“, പൊട്ടിക്കരഞ്ഞുകൊണ്ട് സംഗീത പറഞ്ഞു.

ഡിസംബറിലെ ഒരു വൈകുന്നേരം സംഗീത മകനെ വിളിച്ചപ്പോൾ ബാലാജിയുടെ ശ്വശുരനാണ് ഫോണെടുത്തത്. ബാലാജി പുറത്ത് പോയിരിക്കുകയാണെന്ന് അയാൾ പറഞ്ഞു. “പിന്നീട് ഞങ്ങൾ വിളിച്ചപ്പോൾ അവന്‍റെ ഫോൺ ഓഫായിരുന്നു”, സംഗീത പറഞ്ഞു.

അടുത്ത രണ്ടുമൂന്ന് ദിവസങ്ങളിലും ഫോൺ ഓഫാണെന്ന് കണ്ടപ്പോൾ, ബാബാ സാഹേബും സംഗീതയും പരിഭ്രമിച്ചു. അന്വേഷിച്ചുനോക്കാൻ ബെൽഗാവിൽ പോയാലോ എന്ന് അവർ ആലോചിച്ചതാണ്. പക്ഷേ അത്ര ദീർഘമായ യാത്രയ്ക്കുള്ള പണം അവരുടെ കൈയ്യിലുണ്ടായിരുന്നില്ല 15 വയസ്സുള്ള മകൾ അൽക്കയും 13 വയസ്സുള്ള മറ്റൊരു മകൻ തനാജിയുമടക്കമുള്ള കുടുംബം ദിവസത്തിൽ രണ്ടുനേരം മാത്രം ഭക്ഷണം കഴിച്ച് വിശപ്പടക്കുകയായിരുന്നു. മഹാരാഷ്ട്രയിൽ ദളിത് സമുദായത്തിലെ മാതംഗ് ജാതിയിൽ‌പ്പെട്ടവരായിരുന്നു ബാലാജിയുടെ കുടുംബം.

36 ശതമാനം പലിശയ്ക്ക് സ്വകാര്യ പണമിടപാടുകാരനിൽനിന്ന് 30,000 രൂപ കടമെടുത്തു ബാബാസാഹേബ്. എന്തുവന്നാലും മകനെ കാണണമെന്ന് നിശ്ചയിച്ചുറച്ചിരുന്നു അയാൾ.

Left: A photo of Balaji Hattagale. He was 22 when he left home in November 2020. Right: Babasaheb and Sangita at home in Kadiwadgaon village
PHOTO • Parth M.N.
Left: A photo of Balaji Hattagale. He was 22 when he left home in November 2020. Right: Babasaheb and Sangita at home in Kadiwadgaon village
PHOTO • Parth M.N.

(ഇടത്ത്) ബാലാജിയുടെ ചിത്രം. 2020 നവംബറിൽ വീട് വിട്ട് പോകുമ്പോൾ 22 വയസ്സായിരുന്നു അയാൾക്ക്. (വലത്ത്) കാഡി‌വഡ്ഗാവ് ഗ്രാമത്തിലെ വീട്ടിൽ ബാബാ സാഹേബും സംഗീതയും

വണ്ടി വാടകയ്ക്കെടുത്ത് ബാബാ സാഹേബും സംഗീതയും ബെലഗാവിലേക്ക് തിരിച്ചു. “അവിടെ എത്തിയപ്പോൾ അവന്‍റെ ഭാര്യാവീട്ടുകാർ ഞങ്ങളോട് തീരെ ബഹുമാനമില്ലാതെയാണ് പെരുമാറിയത്. ബാലാജിയെക്കുറിച്ച് ഞങ്ങൾ ചോദിച്ചപ്പോൾ അവർക്ക് ഒരു മറുപടിയും പറയാനുണ്ടായിരുന്നില്ല”, ബാബാ സാഹേബ് പറഞ്ഞു. ഇതിൽ ദുരൂഹത തോന്നിയ അവർ, മകനെ കാണാനില്ലെന്ന് പറഞ്ഞ് സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. “അവർ ഇപ്പോഴും കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്”.

മകനെ പറഞ്ഞയച്ചിരുന്നില്ലെങ്കിൽ ഇപ്പോഴും അവൻ തന്‍റെകൂടെ ഉണ്ടാകുമായിരുന്നുവെന്ന് ബാബാ സാഹേബ് പറഞ്ഞു. “എന്തു ചെയ്യാം, ഞങ്ങൾ പ്രവാസത്തൊഴിലാളികളായിപ്പോയി. ലോക്ക്ഡൗണിനുശേഷം അടുത്തുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും തൊഴിലൊന്നും കിട്ടാതായി”. കരിമ്പ് പാടത്തെ പണി മാത്രമായിരുന്നു ഒരേയൊരു ഉപജീവനമാർഗ്ഗം. “അടുത്തെവിടെയെങ്കിലും ജോലി കിട്ടുമായിരുന്നെങ്കിൽ ഞാനവനെ പറഞ്ഞയയ്ക്കില്ലായിരുന്നു”, ബാബാ സാഹേബ് കൂട്ടിച്ചേർത്തു.

ഉപജീവനമാർഗ്ഗങ്ങളുടെ അഭാവവും, അവസാനിക്കാത്ത കാർഷികപ്രതിസന്ധിയും, ഇപ്പോളിതാ, കാലാവസ്ഥാമാറ്റങ്ങളും ചേർന്ന്, തൊഴിൽ തേടി നാട് വിടാൻ ബീഡിലെ ജനങ്ങളെ നിർബന്ധിതരാക്കുകയാണ്. കരിമ്പുപാടത്തെ പണിക്ക് പുറമേ, നിരവധിയാളുകൾ മുംബൈയിലേക്കും പുണെയിലേക്കും ഔറംഗബാദിലേക്കും കുടിയേറി. അവരവിടെ, കൂലിപ്പണിക്കാരായും ഡ്രൈവർമാരായും സെക്യൂരിറ്റി ഗാർഡുകളായും വീട്ടുജോലിക്കാരായും മറ്റും തൊഴിലെടുക്കുകയായിരുന്നു.

കഴിഞ്ഞ വർഷത്തെ അടച്ചുപൂട്ടലിനെത്തുടർന്ന് ഗ്രാമങ്ങളിലേക്കുണ്ടായ തിരിച്ചുവരവ് – രാജ്യം അതിനുമുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം വലിയൊരു പലായനമായിരുന്നു അത് – രണ്ട് മാസത്തോളം നീണ്ടുനിന്നു. ദാഹിച്ചും ഭക്ഷണം കിട്ടാതെയും ക്ഷീണിച്ചും ദീർഘദൂരം കാൽനടയായി നടന്നാണ് ആ തൊഴിലാളികൾ വീടുകളിലേക്കെത്തിയത്. യാത്രയ്ക്കിടയിൽ ക്ഷീണവും വിശപ്പും മാനസികസംഘർഷവും മൂലം പലരും മരിച്ചു. അവരുടെ മടങ്ങിവരവിനെ മാധ്യമങ്ങൾ വലുതായി വാർത്തയാക്കിയെങ്കിലും, കഴിഞ്ഞ ഒന്നരക്കൊല്ലമായി അവരെങ്ങിനെയാണ് ജീവിക്കുന്നതെന്ന് അധികമാരും റിപ്പോർട്ട് ചെയ്യാൻ മിനക്കെട്ടില്ല.

കഴിഞ്ഞ വർഷം മേയിലാണ് പുണെയിൽനിന്ന് 250 കിലോമീറ്ററുകൾ താണ്ടി ബീഡിലെ തന്‍റെ രാജൂരി ഘോഡ്ക ഗ്രാമത്തിലേക്ക് 50 വയസ്സുകാരിയായ സഞ്ജീവനി സാൽ‌വെയും അവരുടെ കുടുംബവും മടങ്ങിയത്. “ഒരുമാസത്തോളം ഞങ്ങൾ എങ്ങിനെയൊക്കെയോ അവിടെ പിടിച്ചുനിന്നു. സ്ഥിതിഗതികൾ പൂർവ്വസ്ഥിതിയിലാവാൻ സമയമെടുക്കുമെന്ന് മനസ്സിലായപ്പോൾ, ഒരു വണ്ടി വാടകയ്ക്കെടുത്ത് ഞങ്ങൾ തിരിച്ചുവന്നു”, സഞ്ജീവനി പറഞ്ഞു. പുണെയിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്ത് മാസത്തിൽ 5000 രൂപ അവർ സമ്പാദിച്ചിരുന്നു. അവരുടെ രണ്ടാണ്മക്കളായ 30 വയസ്സുള്ള അശോകും 26 വയസ്സുള്ള അമറും, 33 വയസ്സുള്ള മകൾ ഭാഗ്യശ്രീയും നഗരത്തിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുകയായിരുന്നു. സഞ്ജീവനിയോടൊപ്പം അവരും തിരിച്ച് പോന്നു. നവബുദ്ധ സമുദായത്തിൽ‌പ്പെട്ട (മുൻപ്, ദളിതരായിരുന്നവർ) അവർ അതിൽ‌പ്പിന്നെ ജോലി കണ്ടെത്താൻ പാടുപെടുകയാണ്.

ഈയടുത്തിടെ ഭാഗ്യശ്രീ പുണെയിലേക്ക് മടങ്ങിയെങ്കിലും അവരുടെ രണ്ട് സഹോദരന്മാരും ഇപ്പോഴും ബീഡിൽത്തന്നെയാണ് താമസം. “ഞങ്ങൾക്കിനി അവിടേക്ക് തിരിച്ചുപോകാൻ താത്പര്യമില്ല. ഭാഗ്യശ്രീക്ക് അവളുടെ കുട്ടിയുടെ പഠനവും മറ്റുമായി ചില ബാധ്യതകളുണ്ട്. ജോലി കണ്ടെത്തുന്നത് എളുപ്പമല്ലെന്ന് അവൾ പറയുന്നു. നഗരങ്ങളിൽ ഇപ്പോൾ പഴയ സ്ഥിതിയൊന്നുമല്ല”,  അശോക് പറഞ്ഞു.

Sanjeevani Salve and her son, Ashok (right), returned to Beed from Pune after the lockdown in March 2020
PHOTO • Parth M.N.

2020-ലെ ലോക്ക്ഡൗ ണിനെത്തുടർന്ന് സഞ്ജീവനി സാൽ‌വെയും മകൻ അശോകും (വലത്ത്) പുണെയിൽനിന്ന് ബീഡിലേക്ക് മടങ്ങി

ലോക്ക്ഡൗൺ കാലത്ത് പുണെയിൽ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളുടെ ഓർമ്മ ഇപ്പോഴും അശോകിനെ വേട്ടയാടുന്നുണ്ട്. “മൂന്നാം കോവിഡ് തരംഗം വന്ന് വീണ്ടും ആ കഷ്ടകാലത്തിലൂടെ കടന്നുപോകേണ്ടിവന്നിരുന്നെങ്കിലോ?” അയാൾ ചോദിച്ചു. “സഹായിക്കാൻ ഞങ്ങൾക്ക് ആരുമുണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ചോ, വെള്ളം കുടിച്ചോ എന്നൊന്നും അന്വേഷിക്കാൻ ആരുമുണ്ടായിരുന്നില്ല. ഒരുപക്ഷേ മരിച്ചാൽ‌പ്പോലും ആരും തിരിഞ്ഞുനോക്കാനുണ്ടാവില്ലായിരുന്നു”.

ഗ്രാമത്തിലെ തന്‍റെ സമുദായം അശോകിന് ഒരു ആശ്വാസമാണ്. “ഇവിടെ നമുക്ക് ആശ്രയിക്കാൻ ആളുണ്ട്. തുറസ്സായ സ്ഥലവും ലഭ്യമാണ്. നഗരത്തിലെ ഒരു കുടുസ്സുമുറിയിൽ അടച്ചിരിക്കേണ്ടിവന്നാൽ ശ്വാസം മുട്ടും”.

ബീഡിൽ, ആശാരിപ്പണിയിൽ ഏർപ്പെട്ട് കഴിയാനാണ് അശോകും അമറും ശ്രമിക്കുന്നത്. “സ്ഥിരമായ ജോലിയൊന്നുമില്ല. പക്ഷേ ഗ്രാമത്തിലാവുമ്പോൾ ചിലവ് അധികമില്ല. പൊരുത്തപ്പെട്ട് വരുന്നു” അശോക് പറഞ്ഞു. “എന്തെങ്കിലും അടിയന്തിരാവശ്യങ്ങൾ വന്നാൽ പ്രശ്നമാവും”

ഈയടുത്ത ചില മാസങ്ങളായി പലരും നഗരത്തിലേക്ക് മടങ്ങിയിട്ടുണ്ട്. നാട്ടിൽത്തന്നെ തങ്ങിയവർക്ക് ചെറിയ ജോലികളും വരുമാനവുമായി ഒതുങ്ങിക്കൂടേണ്ടിവരുന്നു. തൊഴിൽ തേടുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എം.ജി.എൻ.ആർ.ഇ.ജി.എസ്.) കീഴിൽ വിതരണം ചെയ്യുന്ന കാർഡുകളുടെ എണ്ണത്തിലുള്ള വർദ്ധന.

2020-2021-ൽ, എം.ജി.എൻ.ആർ.ഇ.ജി.എസ്. പ്രകാരം മഹാരാഷ്ട്രയിൽ വിതരണം ചെയ്ത കാർഡുകളുടെ എണ്ണം 8.57 ലക്ഷമാണ്. കഴിഞ്ഞ വർഷം അത് 2.49 ലക്ഷമായിരുന്നു. മൂന്നിരട്ടിയാണ് വർദ്ധന.

പക്ഷേ, ലോക്ക്ഡൗണിനുശേഷവും, വാഗ്ദാനം ചെയ്ത 100 ദിവസത്തെ തൊഴിൽ നൽകുന്നതിൽ പദ്ധതി പരാജയപ്പെട്ടിരിക്കുന്നു. 2020-21-ൽ തൊഴിൽ അന്വേഷിച്ച 18.84 ലക്ഷം കുടുംബങ്ങളിൽ 1.36 ലക്ഷം കുടുംബങ്ങൾക്കുമാത്രമാണ് (7 ശതമാനം) 100 ദിവസത്തെ തൊഴിൽ പൂർത്തിയാക്കാൻ കഴിഞ്ഞത്. ബീഡിലും സ്ഥിതി വ്യത്യസ്തമല്ല.

Sanjeevani at home in Rajuri Ghodka village
PHOTO • Parth M.N.

രാജൂരി ഘോഡ്ക ഗ്രാമത്തിലെ വീട്ടിൽ സഞ്ജീവനി

ഈയിടെയായി നിരവധിപേർ നഗരത്തിലേക്ക് മടങ്ങിയിട്ടുണെങ്കിലും നാട്ടിൽത്തന്നെ തങ്ങിയവർക്ക് ചെറിയ ജോലികളും വരുമാനവുമായി ഒതുങ്ങിക്കൂടേണ്ടിവരുന്നു. തൊഴിൽ തേടുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു എന്നാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എം.ജി.എൻ.ആർ.ഇ.ജി.എസ്) കീഴിൽ വിതരണം ചെയ്ത കാർഡുകളുടെ എണ്ണത്തിലുള്ള വർദ്ധന സൂചിപ്പിക്കുന്നത്

നാട്ടിലെ തൊഴിലവസരങ്ങളുടെ അഭാവവും, നഗരത്തിൽ ഒറ്റപ്പെടാനുള്ള സാധ്യതയും ആലോചിച്ച്, പ്രവാസിത്തൊഴിലാളികൾ - അവരിൽ ഭൂരിഭാഗവും പ്രാന്തവത്ക്കരിക്കപ്പെട്ട സമുദായത്തിലെ അംഗങ്ങളാണ് – പകുതി മനസ്സിലാണ് കഴിയുന്നത്. “ലോക്ക്ഡൗൺ തുടങ്ങി ഒരുമാസം കഴിഞ്ഞപ്പോൾ ഞങ്ങൾ വീടുകളിലേക്ക് മടങ്ങി“ 40 വയസ്സുള്ള അർച്ചന മാണ്ട്‌‌വേ പറഞ്ഞു. ബീഡ് താലൂക്കിലെ മാസേവാഡി ഗ്രാമത്തിലെ തന്‍റെ വീടിന്‍റെ ചോരുന്ന തകര മേൽക്കൂരയ്ക്ക് താഴെ ഇരിക്കുകയായിരുന്നു അവർ. രാത്രി, ഏകദേശം 200 കിലോമീറ്റർ താണ്ടിയാണ് അവർ വീടണഞ്ഞത്. “ഒരു മോട്ടോർബൈക്കിൽ അഞ്ച് പേർ യാത്ര ചെയ്യുന്നത് അപകടമാണെന്ന് അറിയാമായിരുന്നു. പക്ഷേ ചെയ്യേണ്ടിവന്നു. ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ, കൈയ്യിൽ കാശൊന്നും മിച്ചമുണ്ടായിരുന്നില്ല”, അവർ പറഞ്ഞു.

ഔറംഗബാദ് നഗരത്തിലായിരുന്നു അർച്ചനയും, ഭർത്താവ് ചിന്താമണിയും, മൂന്ന് മക്കളും - 18 വയസ്സുള്ള അക്ഷയും 15 വയസ്സുള്ള  വിശാലും 12-കാരനായ മഹേഷും. ചിന്താമണി ഒരു ട്രക്ക് ഡ്രൈവറായിരുന്നു. അർച്ചന അത്യാവശ്യം തുന്നൽ‌വേലകളും ചെയ്തിരുന്നു. “5 വർഷം ഞങ്ങൾ ഔറംഗബാദിലായിരുന്നു. അതിനുമുമ്പ്, 10 വർഷം പുണെയിലും. ഭർത്താവ് ട്രക്ക് ഡ്രൈവറായിട്ടാണ് ജോലി ചെയ്തിരുന്നത്”, അർച്ചന പറഞ്ഞു.

മാസേവാഡിയിലെത്തിയപ്പോൾ ചിന്താമണിക്ക് പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് തോന്നി. “അതിനുമുൻപ്, അദ്ദേഹം പാടത്ത് പണിയെടുത്തിട്ടില്ല. പരമാവധി ശ്രമിച്ചിട്ടും വേണ്ടവണ്ണം ഒത്തുപോകാൻ ബുദ്ധിമുട്ടി. ഞാനും കൃഷിപ്പണി അന്വേഷിച്ചു. പക്ഷേ ഒന്നും കിട്ടാനുണ്ടായിരുന്നില്ല”, അവർ പറഞ്ഞു.

പണിയൊന്നുമില്ലാതെ വീട്ടിൽ ഇരിക്കേണ്ടിവന്നപ്പോൾ, കുട്ടികളെയും അവരുടെ പഠനത്തെയും ഓർത്ത് ചിന്താമണിയുടെ ആശങ്കകൾ ഇരട്ടിച്ചു. “തന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന്” അയാൾക്ക് തോന്നിത്തുടങ്ങിയതായി അർച്ചന പറഞ്ഞു. ‘ഞങ്ങളുടെ സാമ്പത്തികസ്ഥിതി നാൾക്കുനാൾ മോശമാവുകയായിരുന്നു. തന്നെക്കൊണ്ട് ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്നോർത്ത് അദ്ദേഹം കടുത്ത നിരാശയിലേക്ക് വീണുപോയി”.

കഴിഞ്ഞ കൊല്ലം ജൂലായിൽ, ജോലി കഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തിയ അർച്ചന കാണുന്നത്, തകരമേൽക്കൂരയിൽനിന്ന് തൂങ്ങിനിൽക്കുന്ന ഭർത്താവിന്‍റെ ശരീരമാണ്. ഒരുവർഷത്തിനിപ്പുറം, ജീവിതത്തിന്‍റെ രണ്ടറ്റവും മുട്ടിക്കാൻ പാടുപെടുകയാണ് അർച്ചന. “പാടത്ത് പണിയെടുത്താൽ ആഴ്ചയിൽ 800 രൂപപോലും തികച്ച് കിട്ടുന്നില്ല. പക്ഷേ ഔറംഗബാദിലേക്ക് തിരിച്ചുപോകുന്നത് എനിക്ക് ആലോചിക്കാൻപോലും വയ്യ”, അവർ പറയുന്നു. “നഗരത്തിൽ എനിക്ക് ഒറ്റയ്ക്ക് കാര്യങ്ങൾ നോക്കാൻ പറ്റില്ല. അദ്ദേഹമുണ്ടായിരുന്നപ്പോൾ കുഴപ്പമില്ലായിരുന്നു. ഗ്രാ‍മത്തിലാണെങ്കിൽ, ആശ്രയിക്കാൻ ബന്ധുക്കളെങ്കിലുമുണ്ട് എനിക്ക്.

ആ കുടിലിൽനിന്ന് താമസം മാറണമെന്നുണ്ട് അർച്ചനയ്ക്കും മക്കൾക്കും. “വീട്ടിനകത്തേക്ക് വരുമ്പൊഴൊക്കെ ഓർമ്മ വരുന്നത്, അന്ന് കണ്ട ആ കാഴ്ചയാണ്”.

Archana.Mandwe with her children, (from the left) Akshay, Vishal and Mahesh, in Mhasewadi village
PHOTO • Parth M.N.

മസെവാഡി ഗ്രാമത്തിലെ വീട്ടിൽ അർച്ചന മാണ്ട്‌വേയും മക്കളും (ഇടത്തുനിന്ന്), അക്ഷയ്, വിശാൽ, മഹേഷ്

പക്ഷേ പുതിയ ഒരു വീട് കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും വയ്യ. നാട്ടിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന തന്‍റെ മക്കളുടെ പഠനം തുടരാൻ പറ്റുമോ എന്നുപോലും അവർക്ക് ഉറപ്പില്ല. “അവരുടെ ഫീസ് എങ്ങിനെ അടയ്ക്കുമെന്ന് എനിക്കറിയില്ല”, അവർ പറഞ്ഞു.

കുട്ടികളുടെ ഓൺ‌ലൈൻ പഠനത്തിനായി അർച്ചനയുടെ സഹോദരൻ ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കൊടുത്തിട്ടുണ്ട്. “മിക്കവാറും സമയങ്ങളിൽ ഞങ്ങളുടെ ഗ്രാമത്തിൽ മൊബൈൽ നെറ്റ്‌വർക്ക് കിട്ടാറില്ല. അതുകൊണ്ട് ഓൺലൈൻ ക്ലാസ്സ് ശ്രദ്ധിക്കാൻ പറ്റുന്നില്ല. എന്‍റെ കൂട്ടുകാരന്‍റെ വീട്ടിൽ പോയി, അവന്‍റെ പുസ്തകങ്ങളുപയോഗിച്ചാണ് ഇപ്പോൾ പഠിക്കുന്നത്”. എൻ‌ജിനീയറാവാൻ ആഗ്രഹിക്കുന്ന 12-ആം ക്ലാസ്സുകാരനായ അക്ഷയ് പറഞ്ഞു.

അച്ഛന്‍റെ ആത്മഹത്യയ്ക്കുശേഷവും അക്ഷയ് തന്‍റെ പഠനങ്ങളിൽ ശ്രദ്ധയോടെ മുന്നോട്ട് പോകുമ്പോൾ, സഹോദരൻ അപ്രത്യക്ഷനായതിന്‍റെ നടുക്കത്തിൽനിന്ന് ഇപ്പോഴും കരകയറിയിട്ടില്ല ബാലാജിയുടെ സഹോദരൻ തനാജി ഹട്ടഗലെ. “ഏട്ടനെ കാണാൻ വല്ലാതെ തോന്നാറുണ്ട്”, കൂടുതൽ പറയാൻ കഴിയാതെ അയാൾ നിർത്തി.

മകനെ കണ്ടെത്താൻ തങ്ങളെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ട് ബാബാ സഹേബും സംഗീതയും. പക്ഷേ അതത്ര എളുപ്പമല്ല. “ബീഡിലെ കളക്ടറെക്കണ്ട്, സഹായമഭ്യർത്ഥിച്ചിട്ടുണ്ട്” ബാബാ സാഹേബ് പറഞ്ഞു. “ഞങ്ങളുടെ കൈയ്യിൽ പണമില്ലാത്തതിനാൽ, ഇടയ്ക്കിടയ്ക്ക് ബെൽഗാമിൽ പോകാനൊന്നും ഞങ്ങൾക്ക് കഴിയുന്നില്ല”.

പൊലീസിൽ കൊടുത്ത പരാതിയുടെ പിന്നാലെ നടക്കുക എന്നതൊക്കെ, അരികുവത്ക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് പൊതുവേത്തന്നെ, അസാധ്യമാണ്. മഹാവ്യാധിയും വന്നതോടെ, മറ്റ് ജില്ലകളിലേക്കുള്ള യാത്രയും ഏറെക്കുറെ ബുദ്ധിമുട്ടായി. ഇതിനൊക്കെ പുറമേ, പണത്തിന്‍റെയും സ്വാധീനത്തിന്‍റെയുമൊക്കെ അഭാവവും അവരെ അലട്ടുന്നു.

ഡിസംബറിൽ ബെൽഗാമിലേക്ക് നടത്തിയ ആദ്യത്തെ യാത്രയ്ക്കുശേഷം വീണ്ടും ബാബാ സാഹേബും സംഗീതയും ബാലാജിയെ അന്വേഷിച്ച് പോയിരുന്നു. സ്വന്തമായുണ്ടായിരുന്ന പത്ത് ആടുകളെ വിറ്റ് കിട്ടിയ 60,000 രൂപയുമായാണ് രണ്ടാമത് അവർ പോയത്. “മൊത്തം 1300 കിലോമീറ്ററുകൾ ഞങ്ങൾ യാത്ര ചെയ്തു. കുറച്ച് പൈസ കൈയ്യിൽ ബാക്കിയുണ്ട്. അതും വേഗം തീരും”, അദ്ദേഹം പറഞ്ഞു.

നവംബറിൽ വീണ്ടും കരിമ്പ് മുറിക്കുന്ന സമയമാവും. ബാബാ സാഹേബിന്‍റെ അമ്മയ്ക്ക് സുഖമില്ലെങ്കിലും ഇത്തവണ, ആ ജോലിക്ക് പോകണമെന്നാണ് അവർ വിചാരിക്കുന്നത്. കുടുംബത്തിന്‍റെ നിലനിൽ‌പ്പും ആലോചിക്കണമല്ലോ എന്ന് ബാബാ സാഹേബ് പറഞ്ഞു. “താഴെയുള്ള കുട്ടികളുടെ കാര്യം നോക്കണ്ടേ?”

സ്വതന്ത്ര റിപ്പോർട്ടിംഗിന് പുലിറ്റ്സർ സെന്‍റർ നൽകുന്ന സഹായധനത്തിന്‍റെ പിന്തുണയോടെ നടത്തുന്ന റിപ്പോർട്ടിംഗിന്‍റെ ഭാഗമാണ് ഈ ലേഖനം.

പരിഭാഷ: രാജീവ് ചേലനാട്ട്

Parth M.N.

பார்த். எம். என் 2017 முதல் பாரியின் சக ஊழியர், பல செய்தி வலைதளங்களுக்கு அறிக்கை அளிக்கும் சுதந்திர ஊடகவியலாளராவார். கிரிக்கெடையும், பயணங்களையும் விரும்புபவர்.

Other stories by Parth M.N.
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat