ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.

ശുചീകരണ പ്രവർത്തനങ്ങളിൽ !

ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ നിന്നുള്ള ഈ സ്ത്രീ തന്‍റെ വീടും പരിസരങ്ങളും ചെറിയൊരിടംപോലും അവശേഷിപ്പിക്കാതെ  വൃത്തിയായി സൂക്ഷിക്കുന്നു. ഇതാണ് വീട്ടിലെ ജോലി – അതായത് ‘സ്ത്രീകളുടെ ജോലി’. പക്ഷെ വീട്ടിലായാലും പൊതു സ്ഥലങ്ങളിലായാലും അഴുക്കുകൾ നിറഞ്ഞ ‘ശുചീകരണത്തിന്‍റെ’ സിംഹഭാഗവും സ്ത്രീകളാണ് ചെയ്യുന്നത്. വരുമാനത്തേക്കാൾ കൂടുതൽ അമർഷമാണ് അവരിതിൽ നിന്നും സമ്പാദിക്കുന്നത്. രാജസ്ഥാനിൽ നിന്നുള്ള ഈ സ്ത്രീയെപ്പോലുള്ളവർക്ക് അത് പ്രത്യേകിച്ചും മോശമാണ്. അവർ ദളിതാണ്. സ്വകാര്യ വീടുകളിലെ ഫ്ലഷ് രഹിത കക്കൂസുകൾ (dry latrines) തോട്ടിപ്പണിയിലൂടെ വൃത്തിയാക്കുന്നതാണ് അവരുടെ ജോലി. രാജസ്ഥാനിലെ സികറിൽ എല്ലാദിവസവും ഏകദേശം 25 വീടുകളിൽ അവർ ഈ ജോലി ചെയ്യുന്നു.

ഓരോ വീട്ടിൽ നിന്നും ഓരോ റോട്ടിയാണ് ഇതിനുള്ള പ്രതിഫലമായി അവർക്ക് ലഭിക്കുക. മാസത്തിലൊരിക്കൽ വീട്ടുകാർ, ഉദാരമതികളാണെൽ, കുറച്ച് പണവും നൽകാം. ഒരു വീട്ടിൽ നിന്ന് 10 രൂപ ആകാം. അധികാരികൾ അവരെ ‘ഭംഗി’ എന്നു വിളിക്കുമ്പോൾ അവർ സ്വയം വിശേഷിപ്പിക്കുന്നത് ‘മേഹ്തർ’ എന്നാണ്. അത്തരം സംഘങ്ങളിൽ പെട്ട നിരവധിപേർ തങ്ങളെ ‘വാൽമീകികൾ’ എന്ന് കൂടുതലായി വിളിച്ചു വരുന്നു.

തന്‍റെ തലയിലുള്ള പാത്രത്തിൽ അവർ വഹിക്കുന്നത് മനുഷ്യ വിസർജ്ജ്യങ്ങളാണ്. സ്വയം അഭിജാതരായി പരിഗണിക്കപ്പെടുന്ന സമൂഹം ഇതിനെ ‘രാത്രി മണ്ണ്’ എന്ന് വിളിക്കുന്നു. ഈ സ്ത്രീ ഇന്ത്യയിലെ ഏറ്റവും പ്രതിരോധശേഷി കുറഞ്ഞ, ചൂഷണം ചെയ്യപ്പെടുന്ന പൗരന്മാരിൽ പെടുന്നു. അവരെപ്പോലുള്ള നൂറ് കണക്കിനാളുകൾ രാജ്യസ്ഥാനിലെ സികറിൽ മാത്രമുണ്ട്.

ഇന്ത്യയിൽ എത്ര തോട്ടിപ്പണിക്കാർ ഉണ്ട്?  സത്യത്തിൽ നമുക്കറിയില്ല. 1971-ലെ സെൻസസ് വരെ അവരുടേത് ഒരു പ്രത്യേക തൊഴിലായി പട്ടികപ്പെടുത്തിയിരുന്നു പോലുമില്ല. ചില സംസ്ഥാന സർക്കാരുകൾ നിസ്സാരമായി ‘രാത്രി മണ്ണ്’ പണിക്കാരുടെ അസ്ഥിത്വത്തെ നിഷേധിച്ചു. അപാകതകൾ നിറഞ്ഞ വിവരങ്ങൾ പോലും പറയുന്നത് ഒരു ദശലക്ഷത്തോളം ദളിതർ തോട്ടിപ്പണി ചെയ്യുന്നുവെന്നാണ്.

വീഡിയോ കാണുക: മനുഷ്യരുടെമേൽ ജാതിവ്യവസ്ഥയും ജാതിസമൂഹങ്ങളും അടിച്ചേൽപ്പിച്ചിരിക്കുന്ന നിന്ദ്യവും അപമാനകരവും അന്തസിനു നിരക്കാത്തതുമായ ഒന്നാണ് [ തോട്ടിപ്പണി ]’

അവരുടെ തൊഴിൽ "അശുദ്ധി” എന്ന ഏറ്റവും മോശമായ ശിക്ഷ ക്ഷണിച്ചു വരുത്തുന്നു. അവരുടെ നിലനിൽപ്പിന്‍റെ എല്ലായിടങ്ങളേയും വളരെ വിപുലവും വ്യവസ്ഥാപിതവുമായ രീതിയിൽ അസ്പൃശ്യത പിന്തുടരുന്നു. അവരുടെ വാസസ്ഥലങ്ങളെ വളരെ കർക്കശമായി വേർതിരിച്ചിരിക്കുന്നു. മിക്കതും നഗരങ്ങൾക്കും ഗ്രാമീണ പട്ടണങ്ങൾക്കും മദ്ധ്യേയാണ്. ഗ്രാമങ്ങളിൽ അത് ആസൂത്രണമില്ലാത്ത ‘പട്ടണങ്ങൾ’ ആയി തീർന്നിരിക്കുന്നു. പക്ഷെ, വൻനഗരങ്ങളിലും ചിലതുണ്ട്.

കേന്ദ്രസർക്കാർ 1993-ൽ എംപ്ലോയ്ന്റ് ഓഫ് മാനുവൽ സ്കാവഞ്ചേഴ്സ് ആൻഡ് കൺസ്ട്രക്ഷൻ ഓഫ് ഡ്രൈ ലാട്രിൻസ് (പ്രൊഹിബിഷൻ) ആക്റ്റ് പാസ്സാക്കി. ഇത് തോട്ടിപ്പണി നിരോധിച്ചു. നിരവധി സംസ്ഥാനങ്ങളും ഇതിനോട് പ്രതികരിച്ചത് തങ്ങളുടെ ഭൂപരിധിയിൽ തോട്ടിപ്പണി നിലവിലുണ്ടെന്ന വസ്തുതയെ നിസ്സാരമായി നിഷേധിച്ചുകൊണ്ടും അതിനോട് നിശബ്ദത പുലർത്തി കൊണ്ടുമാണ്. അവരുടെ പുനരധിവാസത്തിനായി നീക്കിവച്ചിരിക്കുന്ന മൂലധനം സംസ്ഥാനങ്ങൾക്ക് ലഭ്യവുമാണ്. പക്ഷെ നിലവിലില്ല എന്ന് നിങ്ങൾ പറയുന്ന ഒന്നിനോട് നിങ്ങൾ എങ്ങനെ പൊരുതും? ചില സംസ്ഥാനങ്ങളിൽ, സത്യത്തിൽ, മന്ത്രിസഭാ തലത്തിൽ തന്നെ ഈ നിയമം സ്വീകരിക്കുന്നതിനെ പ്രതിരോധിച്ചിരുന്നു.

നിരവധി മുനിസിപ്പാലിറ്റികളിലെയും വനിത ‘സഫായി കർമചാരികൾ’ക്ക് (ശുചീകരണ തൊഴിലാളികൾ) കുറഞ്ഞ വേതനമാണ് നൽകുന്നത്. അതിനാൽ ചിലവുകൾ നടന്നുപോകാൻ അവർ ഇതോടൊപ്പം ‘രാത്രിമണ്ണ്’ ജോലിയും ചെയ്യുന്നു. പലപ്പോഴും മാസങ്ങളോളം മുനിസിപ്പാലിറ്റികൾ അവർക്ക് ശമ്പളം നൽകാറില്ല. 1996-ൽ ഹരിയാനയിലെ സഫായി കർമചാരികൾ ഇത്തരം സമീപനത്തിനെതിരെ വലിയൊരു സമരം തുടങ്ങി. അവശ്യ സേവന നിർവഹണ നിയമം (Essential Services Maintenance Act) നടപ്പാക്കി എഴുന്നൂറോളം സ്ത്രീകളെ 70 ദിവസത്തോളം തടവിലാക്കിക്കൊണ്ടാണ് സംസ്ഥാന സർക്കാർ ഇതിനോട് പ്രതികരിച്ചത്. സമരക്കാരുടെ ഒരേയൊരു ആവശ്യം ഇതായിരുന്നു: ഞങ്ങൾക്ക് സമയത്ത് ശമ്പളം തരിക.

ഈ തൊഴിലിനെ വലിയൊരളവോളം സാമൂഹികമായി അംഗീകരിച്ചിട്ടുണ്ട്. ഇതവസാനിപ്പിക്കാൻ സാമൂഹ്യ പരിഷ്കരണം ആവശ്യമാണ്. കേരളം 1950-കളിലും 60-കളിലും നിയമ നിർമ്മാണമൊന്നും കൂടാതെ ‘രാത്രി മണ്ണ്’ ജോലി അവസാനിപ്പിച്ചു. പൊതു നടപടിയായിരുന്നു, ഇപ്പോഴും അങ്ങനെതന്നെ, ഇതിൽ പ്രധാനം.

PHOTO • P. Sainath
PHOTO • P. Sainath

പരിഭാഷ: റെന്നിമോന്‍ കെ. സി.

பி. சாய்நாத், பாரியின் நிறுவனர் ஆவார். பல்லாண்டுகளாக கிராமப்புற செய்தியாளராக இருக்கும் அவர், ’Everybody Loves a Good Drought' மற்றும் 'The Last Heroes: Foot Soldiers of Indian Freedom' ஆகிய புத்தகங்களை எழுதியிருக்கிறார்.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.