“അത് പാവകളെക്കുറിച്ചോ അവതരണത്തെക്കുറിച്ചോ മാത്രമല്ല”, രാമചന്ദ്ര പുലവർ പറയുന്നു. കേരളത്തിലെ മലബാർ മേഖലയിലെ സാംസ്കാരികസമന്വയ പാരമ്പര്യത്തിന് അടിവരയിടുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് ഇവിടുത്തെ വിവിധ സമുദായങ്ങളിലെ പാവകളിക്കാർ അവതരിപ്പിക്കുന്ന ബഹുസ്വര സാംസ്കാരിക കഥകളാണെന്ന്, 40 വർഷമായി തോൽപ്പാവക്കൂത്ത് എന്ന കലാരൂപം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.
“നമ്മുടെ സാംസ്കാരികപാരമ്പര്യം സംരക്ഷിക്കുകയും ഭാവിതലമുറയിലേക്ക് പകർന്നുനൽകുകയും ചെയ്യുന്നതിനെക്കുറിച്ചുള്ളതാണ് അത്. തോൽപ്പാവക്കൂത്തിലൂടെ ഞങ്ങൾ പറയുന്ന കഥകൾ അർത്ഥസമ്പുഷ്ടവും കൂടുതൽ നല്ല മനുഷ്യരാകാൻ മനുഷ്യരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ നിഴൽപ്പാവനാടകരൂപത്തിലെ പരമ്പരാഗത കലയാണ് തോൽപ്പാവക്കൂത്ത്. മലബാർ മേഖലയിലുള്ള ഭാരതപ്പുഴയുടെ (നിള) തീരത്തുള്ള ഗ്രാമങ്ങളിലാണ് ഇത് അധികവും കാണാനാവുക. വിവിധ ജാതിസമുദായങ്ങളിൽനിന്നുള്ള പാവകലാകാരന്മാർ വരുകയും അവതരണങ്ങൾ നടത്തുകയും ചെയ്യുന്നു.
അമ്പലങ്ങൾക്ക് പുറത്തുള്ള സ്ഥിരം നാടകശാലകളായ കൂത്തുമണ്ഡപങ്ങളിലാണ് തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്. എല്ലാ വിഭാഗം ആളുകൾക്കും വരാനും കാണാനും ആസ്വദിക്കാനും ഇത് സഹായകമാവുന്നു. വാർഷികാഘോഷത്തിന്റെ ഭാഗമെന്ന നിലയിൽ, ഭദ്രകാളിക്കാവുകളുടെ വെളിമ്പറമ്പുകളിലാണ് ഇത് അവതരിപ്പിച്ചുവരുന്നത്. ഹിന്ദു പുരാണമായ രാമായണത്തിലെ രാമ-രാവണ യുദ്ധമാണ് പ്രമേയമെങ്കിലും, പുരാണങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല അവതരണത്തിനുപയോഗിക്കുന്ന വിഷയങ്ങൾ. നാടോടിക്കഥകളെ ആസ്പദമാക്കിയും തോൽപ്പാവക്കൂത്ത് അവതരിപ്പിക്കാറുണ്ട്.
“ഇതിനാവശ്യമായ പ്രോത്സാഹനവും സാമ്പത്തികസഹായവും കിട്ടാൻ ഞങ്ങൾ ബുദ്ധിമുട്ടുന്നു. പലർക്കും തോൽപ്പാവക്കൂത്തിന്റെ വിലയറിയില്ല. സംരക്ഷിക്കപ്പെടേണ്ടതായ ഒരു കലാരൂപമാണ് ഇതെന്ന് ആരും മനസ്സിലാക്കുന്നില്ല”, പാവകളിക്കാരനായ നാരായണൻ നായർ പറയുന്നു.
ധാരാളം പ്രതിസന്ധികൾക്കിടയിലും ഈ കലാരൂപം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പാവകളിക്കാരായ ബാലകൃഷ്ണ പുലവർ, രാമചന്ദ്ര പുലവർ, നാരായണൻ നായർ, സദാനന്ദ പുലവർ എന്നിവരുടെ ശബ്ദമാണ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.
മൃണാളിനി മുഖർജി ഫൌണ്ടേഷൻ (എം.എം.എഫ്) ഫെല്ലോഷിപ്പിന്റെ പിന്തുണകൊണ്ട് നിർമ്മിച്ച കഥയാണ് ഇത്.
പരിഭാഷ: രാജീവ് ചേലനാട്ട്