സുദീർഘവും സുസ്ഥിരവുമായ സമുദ്രനാന്തര കച്ചവടപാരമ്പര്യമുള്ള, അറബിക്കടലിനോട് ചേർന്നുകിടക്കുന്ന തീരപ്രദേശമാണ് തുളുനാട്. ഇവിടെ പരമ്പരാകതമായ ഭൂതാരാധന നൂറ്റാണ്ടുകളായി പിന്തുടർന്നുപോരുന്നു.
"ഭൂതക്കോല അനുഷ്ഠാനങ്ങളിൽ സംഗീതം വായിക്കുന്നത് എന്റെ ജീവിതമാർഗമാണ്", സെയിദ് നസീർ പറയുന്നു. അദ്ദേഹം തുളുനാട്ടിലെ മുസ്ലിം സമുദായാംഗങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു സംഗീതസംഘത്തിന്റെ ഭാഗമാണ്. "ഇത്തരം അനുഷ്ഠാന ചടങ്ങുകളിൽ സംഗീതം അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു പ്രശ്നവും നേരിടേണ്ടിവരുന്നില്ല."
ഭൂതാരാധന ഒട്ടനേകം സമുദായങ്ങളുടെ കൂടിച്ചേരലിന് സാക്ഷ്യം വഹിക്കുന്നുവെന്ന് കർണാടക മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിലെ റിസേർച്ച് അസോസിയേറ്റ് നിതീഷ് അഞ്ചാൻ പറയുന്നു. "പല നാടുകളിൽനിന്നുള്ളവർ ഇവിടെ (തുളുനാട്ടിൽ) വന്ന് സ്ഥിരതാമസക്കാരായതിന്റെയും ഇവിടുത്തെ വ്യതിരിക്തമായ തുളു ആചാരങ്ങളിൽ ഭാഗമായന്നതിന്റെയും ഉദാഹരണങ്ങളുണ്ട്." അഞ്ചാൻ പറയുന്നു.
നാല് തലമുറകളായി നസീറിന്റെ കുടുംബം ഭൂതക്കോല അനുഷ്ഠാനച്ചടങ്ങുകളിൽ നാദസ്വരവും മറ്റ് വാദ്യോപകരണങ്ങളും വായിക്കുന്നു. ഈ കല അദ്ദേഹത്തിന് തന്റെ പിതാവിൽനിന്നും പാരമ്പര്യമായി കൈമാറി കിട്ടിയതാണ്. അവരുടെ കുടുംബത്തിൽ ഈ സംഗീതപാരമ്പര്യം തുടരുന്ന അവസാനത്തെ അംഗമാണ് അദ്ദേഹം. "യുവതലമുറയ്ക്ക് ഈ സംഗീതത്തോട് വലിയ താത്പര്യം ഇല്ല," അദ്ദേഹം പറയുന്നു. "സ്ഥിതി പഴയതുപോലെയല്ല, നിലവിലെ സാഹചര്യം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു," അൻപത് കഴിഞ്ഞ ആ സംഗീതജ്ഞൻ പറയുന്നു.
"ഭൂതക്കോലങ്ങൾ തുളുനാട്ടിലെ ആരാധനാമൂർത്തികളാണ്," അഞ്ചാൻ പറയുന്നു. ഭൂതകോലങ്ങൾ ഇവിടെ വെറുതെ ആരാധിക്കപ്പെടുക മാത്രമല്ല, ഇവിടുത്തുക്കാരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകംകൂടിയാണെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു. ഭൂതാരാധനയിൽ സ്ത്രീ അവതാരകരില്ല. എന്നാൽ ഭൂതാരാധനയുമായി ബന്ധപെട്ട കോലം എന്ന ചടങ്ങിൽ സ്ത്രീ കഥാപാത്രങ്ങളുണ്ട്. സ്ത്രീകളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുരുഷന്മാരാണ്.
ഈ ചിത്രം, നസീറും സംഘവും തുളുനാട്ടിലെ വിവിധ ഭൂതകോല അനുഷ്ഠാന ചടങ്ങുകളിൽ അവതരിപ്പിച്ച പ്രകടനങ്ങളെ പിന്തുടരുന്നു.
മുഖചിത്രം: ഗോവിന്ദ് രാദേഷ് നായർ
ഈ റിപ്പോർട്ട് മൃണാളിനി മുഖർജി ഫൗണ്ടേഷൻന്റെ (MMF) പിന്തുണയോടെ തയ്യാറാക്കിയതാണ്.
പരിഭാഷ: നതാഷ പുരുഷോത്തമൻ