“എത്ര കത്തികളെന്നുവച്ചാണ് ഒരു വർഷം എനിക്ക് വിൽക്കുവാൻ സാധിക്കുക?”, കോട്ടഗിരി പട്ടണത്തിലെ ഇടവഴികളിലൊന്നിൽ തകരമേൽക്കൂരയുള്ള തന്റെ ആലയിലിരുന്നുകൊണ്ട് എൻ. മോഹന രംഗൻ ചോദിക്കുന്നു. “തേയില പറിക്കാൻ അവർക്ക് ചെറിയ കത്തികളേ ആവശ്യമുള്ളു. കൃഷിപ്പണിക്കാണെങ്കിൽ ഇരുമ്പുക്കൊണ്ടുണ്ടാക്കിയ കയ്യിൽപ്പിടിക്കാവുന്ന വലിയ കലപ്പകളും വാരുക്കോലും വേണ്ടിവരും. എന്നാൽ ഈയിടെയായി കൃഷി കുറവാണ്, തേയിലത്തോട്ടങ്ങൾ അധികവും. ചില ദിവസങ്ങളിൽ ഞാൻ ആലയിൽ വരുമ്പോൾ ഇവിടെ ചെയ്യാൻ ഒരു ജോലിയും കാണില്ല…”
കോത്ത ഗോത്രവർഗ്ഗത്തിലെ ശേഷിക്കുന്ന കൊല്ലന്മാരിൽ (ഇരുമ്പുപണിക്കാർ) ഒരാളാണ് 44-കാരനായ രംഗൻ. തമിഴ്നാട്ടിലെ നീലഗിരിയിൽ സ്ഥിതിചെയ്യുന്ന കോട്ടഗിരിയിൽനിന്നും ഏതാനും കിലോമീറ്റർ അകലെയുള്ള ഒരു ചെറുഗ്രാമമായ പുദ്ദു കോട്ടഗിരിയിലാണ് അദ്ദേഹം താമസിക്കുന്നത്. "27 വർഷമായി ഞാൻ ഈ പണി ചെയ്യുന്നു. എനിക്ക് മുന്നേ എന്റെ പിതാവും മുത്തശ്ശനും അദ്ദേഹത്തിന്റെ പിതാവും മുതുമുത്തശ്ശന്മാരും ഇതേ തൊഴിൽതന്നെയാണ് ചെയ്തിരുന്നത്," അദ്ദേഹം പറയുന്നു. "എനിക്ക് ഓർക്കാവുന്നതിനും എത്രയോ തലമുറകൾക്കും മുമ്പേ ഞങ്ങളുടെ കുടുംബം ചെയ്തുവരുന്ന തൊഴിലാണിത്."
എന്നാൽ തലമുറകളുടെ പഴക്കമുള്ള ഈ തൊഴിൽ തേയിലത്തോട്ടങ്ങളുടെ വ്യാപനത്തോടെ നഷ്ടമാവുകയാണ് – ഇന്ത്യൻ ടീ അസോസിയേഷന്റെ കണക്കുപ്രകാരം, 1971 മുതൽ 2008വരെ (ലഭ്യമായ കണക്കിലെ ഒടുവിലത്തെ വർഷം) നീലഗിരിയിലെ തേയിലക്കൃഷിയുടെ വിസ്തൃതി 22,651 ഹെക്ടറിൽനിന്നും 66,156 ഹെക്ടറിലേക്ക് മൂന്നിരട്ടിയായി വർദ്ധിച്ചു. ഇത് പതിയെ ഇരുമ്പുപണി വ്യാപാരത്തിന്റെ വീഴ്ച്ചയ്ക്ക് കാരണമായി.
ഉപഭോക്താക്കളില്ലാതെ എത്ര കാലം ഇങ്ങനെ അതിജീവിക്കാം എന്ന ചോദ്യമാണ് രംഗൻ സങ്കടത്തോടെ അഭിമുഖീകരിക്കുന്നത്. "എനിക്ക് ഇരുമ്പുപണി അറിയാം. ഞങ്ങൾ കോത്തകൾ ഇതാണ് എല്ലായ്പ്പോഴും ചെയ്യുന്നത്. പക്ഷേ കാലം മാറി, എന്റെ മകന് ഒരു ജോലി കിട്ടിയാൽ അവൻ ഇവിടം വിട്ടുപോകും." അദ്ദേഹത്തിൻ്റെ മകൻ വൈഗുണ്ഠന് പത്തും മകൾ അന്നപൂർണിക്ക് പതിമൂന്നും വയസാണ് പ്രായം; ഭാര്യ സുമതി ലക്ഷ്മി ഒരു പൂജാരിയാണ്. രംഗനും ഒരു പൂജാരിയാണ്. പൂജാരികൂടി ആയതിനാൽ തന്റെ ആലയിൽ ജോലി ചെയ്യുമ്പോഴും രംഗന് പരമ്പരാഗത കോത്ത വസ്ത്രം ധരിക്കേണ്ടിവരുന്നു.
മുപ്പതോളം വ്യത്യസ്ത തരത്തിലുള്ള കത്തികളും കലപ്പകളും അരിവാളുകളും മറ്റ് കട്ടിംഗ് ഉപകരണങ്ങളും രംഗന് നിർമ്മിക്കാൻ കഴിയും; തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന കർഷകത്തൊഴിലാളികൾ, കൃഷിക്കാർ, മരംവെട്ടുകാർ എന്നിവരെ കൂടാതെ ഏതാനും കശാപ്പുക്കാരും തോട്ടക്കാരും അദ്ദേഹത്തിൻ്റ ഉപഭോക്താക്കളിൽ പെടുന്നു. "മഴക്കാലത്തിന്റെ വരവോടെ വിതയ്ക്കൽ ആരംഭിച്ചാൽ എനിക്ക് വിപണി ദിവസങ്ങളിൽ (ഞായർ, തിങ്കൾ ദിവസങ്ങൾ) കച്ചവടം കിട്ടിത്തുടങ്ങും. നിലം ഒരുക്കാനും നിരപ്പാക്കാനും കള പറിക്കാനും തേയിലച്ചെടികളും മരങ്ങളും വെട്ടിവെടിപ്പാക്കാനും ഞാൻ നിർമ്മിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ജൂൺ തൊട്ട് ഡിസംബർവരെ മാസത്തിൽ 12,000 രൂപ വരെ എനിക്ക് സമ്പാദിക്കാം, തുടർന്നങ്ങോട്ട് വർഷം മുഴുവൻ അത് മൂന്നിലൊന്നോ അതിൽ കുറവോ ആയി ചുരുങ്ങുന്നു. അപ്പോൾ കാര്യങ്ങൾ നടത്താൻ പ്രയാസമേറും."
ചെലവുചുരുക്കാൻ രംഗൻ കൈകൊണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഒരു കപ്പി വികസിപ്പിച്ചെടുത്തു. ഉലയിലേക്കുള്ള തീ ഊതിക്കത്തിക്കാനാണിത്. "ഒരു കൊല്ലന്റെ ആലയിൽ, ഒരാളുടെ പണിയാണ് ഉലയിലേക്ക് തീ വീശി ഇരുമമ്പുരുകാൻ വേണ്ടത്ര താപനില വർദ്ധിപ്പിക്കുക എന്നുള്ളത്. ഞാനിതിനായി സൈക്കിൾ ചക്രം കപ്പിയാക്കി ഒരു കുഴൽ നിർമ്മിച്ചു. ഇപ്പോൾ ഒരു കൈകൊണ്ട് എനിക്ക് തീയിലേക്ക് കാറ്റുവീശുകയും മറ്റേ കൈകൊണ്ട് ഇരുമ്പ് ചൂടാക്കുകയും ചെയ്യാം."
തലമുറകളുടെ പഴക്കമുള്ള ഈ തൊഴിൽ തേയിലത്തോട്ടങ്ങളുടെ വ്യാപനത്തോടെ നഷ്ടമാവുകയാണ് – 2008- ഓടെ നീലഗിരിയിലെ തേയിലത്തോട്ടങ്ങളുടെ വിസ്തൃതി മൂന്നിരട്ടിയായി വർദ്ധിച്ചു
തന്റെ കണ്ടുപ്പിടുത്തമില്ലായിരുന്നെങ്കിൽ രംഗന്, പകരം ഒരു സഹായിയെ നിയമിക്കേണ്ടിവരുമായിരുന്നു. എന്നാൽ പരിസരത്തെ ഒട്ടുമിക്ക തൊഴിലാളികളും തേയിലത്തോട്ടങ്ങളിൽ ജോലിചെയ്യുകയാണ്, മാത്രമല്ല അവർക്ക് അവിടെ ലഭിക്കുന്ന ദിവസക്കൂലിയായ 500 രൂപ ശമ്പളം കൊടുക്കാൻ അദ്ദേഹത്തിന് താങ്ങില്ല.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കോത്തകൾ പരമ്പരാഗതമായി നീലഗിരിയിലെ കരകൗശല വിദഗ്ദ്ധരാണ്. നെയ്ത്തുകാർ, കുശവന്മാർ, കൊല്ലൻമാർ, തട്ടാന്മാർ, ആശാരികൾ, വീട് നിർമ്മാതാക്കൾ, കൊട്ട നിർമ്മാതാക്കൾ, തുകൽ തൊഴിലാളികൾ എന്നിവർ ഉൾപ്പെടുന്നതാണ് ഇവരുടെ സമൂഹം. "ജനനം തൊട്ട് മരണംവരെ ഞങ്ങൾക്ക് എന്താവശ്യവും നിറവേറ്റാൻ സാധിക്കും, അത് ഞങ്ങളുടെതായാലും ശരി നീലഗിരിയിലെ മറ്റുള്ളവരുടേതായാലും ശരി.." മുൻ ബാങ്ക് മാനേജരും ഇപ്പോൾ കോത്ത പൂജാരിയുമായ 58 വയസ്സുകാരൻ ആർ. ലക്ഷ്മണൻ പറയുന്നു. "ഞങ്ങൾ ഞങ്ങളുടെ ഉത്പന്നങ്ങൾ മറ്റ് വിഭാഗക്കാർക്ക് വിൽക്കാറുണ്ടായിരുന്നു. ഇരുമ്പുപകരണങ്ങൾക്ക് പകരം അവർ ഞങ്ങൾക്ക് ധാന്യങ്ങളും ഉണക്കിയ പയറും തരും. ഉപകരണങ്ങളിൽ മിക്കതും പ്രധാനമായും കൃഷിപ്പണിക്കുള്ളവ ആയിരുന്നു, ചിലത് മരങ്ങൾ മുറിക്കുന്നതിനും വെട്ടി വെടിപ്പാക്കുവാനും ഉള്ളതും. ഈ കുന്നുകളിൽ വീട് നിർമ്മാണത്തിന് പ്രാഥമികമായും ഉപയോഗിച്ചിരുന്നത് മരമായിരുന്നു. മരം വെട്ടാനും, ഉത്തരത്തിന്റേയും തൂണുകളലുടെയും നീളം അളക്കാനും പിന്നെ മറ്റ് മരപ്പണികൾക്കും, എല്ലാ തരം ജോലികൾക്കും ഞങ്ങൾ ഉപകരണങ്ങൾ ഉണ്ടാക്കീട്ടുണ്ട്."
എന്നാൽ ഇന്ന് നീലഗിരി ജില്ലയിൽ 70 ശതമാനം കുടുംബങ്ങളും താമസിക്കുന്നത് ഇഷ്ടികയും ലോഹവും സിമന്റും കോൺക്രീറ്റുംകൊണ്ടുണ്ടാക്കിയ കെട്ടുറപ്പുള്ള ഭവനങ്ങളിലും, 28 ശതമാനം പേർ മുളയും മണ്ണും മറ്റുംകൊണ്ട് ഉണ്ടാക്കിയ താത്ക്കാലിക ഭവനങ്ങളിലുമാണ്. വെറും 1.7 ശതമാനംപേർ മാത്രമാണ് കാടുകളിൽനിന്നുള്ള വസ്തുക്കളുപയോഗിച്ച് നിർമ്മിച്ച ഒരു വീട്ടിൽ താമസിക്കുന്നത്. അങ്ങനെയുള്ള വീടുകൾക്ക് ഒരു ഇരുമ്പ് പണിക്കാരന്റെ നൈപുണ്യം ആവശ്യമാണ്. സത്യത്തിൽ, രംഗനും ലക്ഷ്മണനും താമസിക്കുന്ന പുദ്ദു കോട്ടഗിരിയിൽപ്പോലും സിമന്റിട്ട വീടുകൾ മാത്രമേ ഉള്ളു.
അച്ഛന്റെ കീഴിൽ പരിശീലനം നേടിയ രംഗൻ കുടുംബത്തിൽ അഞ്ച് കൊല്ലന്മാർകൂടി ജോലി ചെയ്തിരുന്ന കാലത്തെപ്പറ്റി ഓർക്കുന്നു. "പുതുമകൾ പരീക്ഷിക്കുന്ന ആൾ എന്ന നിലയിൽ എന്റെ അച്ഛൻ വളരെ പ്രസിദ്ധനായിരുന്നു. ഏതു ഭൂമിയിലും തേയിലച്ചെടികൾ നടാൻ സഹായിക്കുന്ന ഇരുമ്പുപകരണങ്ങൾ എൻ്റെ അച്ഛനാണ് നിർമ്മിച്ചത്”, വളരെ അഭിമാനത്തോടെ അദ്ദേഹം പറയുന്നു. തങ്ങളുടെ കൃഷിയിടങ്ങളെ കൂടുതൽ ലാഭകരമായ തേയിലത്തോട്ടങ്ങളാക്കി പരിവർത്തിപ്പിക്കാൻ, അനേകം ആദിവാസികൾക്ക് അദ്ദേഹത്തിന്റെ വൈദഗ്ധ്യം അത്യാവശ്യമായിരുന്നു. ഇതിനായി കൂട്ടമായി അവർ അദ്ദേഹത്തിന്റെ പക്കൽനിന്നും ഉപകരണങ്ങൾ വാങ്ങുവാനെത്തിയിരുന്നു. "കൃഷിയിടങ്ങളും കാടുകളും തേയിലത്തോട്ടങ്ങളാക്കി പരിവർത്തനം ചെയ്യാൻ സഹായിച്ചത് ഞങ്ങളുടെ ഉപകരണങ്ങളാണ്, എന്നാൽ ആ പ്രക്രിയയിൽ ഞങ്ങളുടെ തൊഴിൽ തുടച്ചുനീക്കപ്പെട്ടു," നിർവ്വികാരതയോടെ ലക്ഷ്മണൻ ചൂണ്ടിക്കാട്ടുന്നു.
മൺസൂൺ കാലത്ത് രംഗന് ഇപ്പോഴും അത്യാവശ്യം കച്ചവടം കിട്ടാറുണ്ട്, എന്നാൽ ബാക്കിയുള്ള സമയങ്ങളിൽ അയാൾക്ക് ജോലിയൊന്നും ലഭിക്കുന്നില്ല. അതിനാൽത്തന്നെ ആ കാലത്തേക്കുള്ള പണംകൂടി മൺസൂൺകാലത്ത് അയാൾക്ക് കണ്ടെത്തേണ്ടതുണ്ട്. "ഒരു ദിവസം എനിക്ക് മരപ്പിടിയുള്ള രണ്ടു വലിയ കത്തികളോ അരിവാളുകളോ നിർമ്മിക്കാം (മരം വെട്ടുനതിനായി). ഒരു 1,000 രൂപ അതിൽനിന്ന് കിട്ടുകയും ചെയ്യും. നിർമ്മാണച്ചെലവാകട്ടെ, എകദേശം 600 രൂപ വരും. പക്ഷേ ഇവിടെ തിരക്കുള്ള സമയത്തുപോലും ഒരു ദിവസം രണ്ട് കത്തികൾ വിൽക്കാൻ ഞാൻ പെടാപ്പാട് പെടുന്നു." അദ്ദേഹം പറയുന്നു.
കച്ചവടം ഇടിയുമ്പോഴും ഭാവി അനിശ്ചിതത്വത്തിലായിട്ടും തളരാൻ രംഗൻ തയ്യാറല്ല. "വേണ്ടത്ര പണം ലഭിക്കുന്നില്ലെങ്കിലും, ഈ കൽക്കരിയും ഇരുമ്പും കുഴലുംകൊണ്ട് വേറിട്ട എന്തെങ്കിലും ചെയ്യാൻ കഴിയുന്നു എന്നത് എനിക്ക് ആശ്വാസം നൽകുന്നു. എല്ലാത്തിനുമുപരി എനിക്ക് ഈയൊരു തൊഴിൽ മാത്രമേ അറിയുകയും ചെയ്യൂ."
സഹകരണത്തിന് മംഗലി ഷൺമുഖത്തോടും വിവർത്തനത്തിന് സഹായിച്ചതിന് ആർ. ലക്ഷ്മണനോടും ലേഖിക നന്ദി അറിയിക്കുന്നു.
പരിഭാഷ: നതാഷ പുരുഷോത്തമൻ