പത്രാധിപരുടെ കുറിപ്പ്:
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വടക്കൻ ഇറ്റലിയിലെ പൊ താഴ്വരയിലെ സ്ത്രീകർഷകർക്കിടയിൽ ജന്മംകൊണ്ട ബെല്ല ചൗ (സുന്ദരീ വിട) എന്ന പ്രസിദ്ധമായ നാടൻ സമരഗാനത്തിന്റെ മികച്ച ഒരു പഞ്ചാബി അനുകരണമാണ് ഈ ഗാനവും വീഡിയോയും. പിൽക്കാലത്ത് ഇറ്റാലിയൻ ഫാസിസ്റ്റ് വിരുദ്ധ സമരപ്രസ്ഥാനത്തിലെ അംഗങ്ങൾ മുസ്സോളിനിയുടെ ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന് ഉതകുംവിധം വരികൾ മാറ്റിയെഴുതി. ലോകത്തെമ്പാടും ഈ ഗാനത്തിന്റെ വകഭേദങ്ങൾ ഫാസിസത്തിനെതിരെ സ്വാതന്ത്ര്യത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും സ്തുതിഗീതമായി ആലപിക്കപെടുന്നു.
പൂജൻ സാഹിലാണ് പഞ്ചാബിയിലുള്ള ഈ അവതരണം എഴുതുകയും പാടുകയും ചെയ്തത്. ഹർഷ് മാൻദേർ നയിക്കുന്ന കാര്വാന്-എ-മൊഹബ്ബത്ത് പ്രസ്ഥാനത്തിന്റെ മീഡിയ സംഘമാണ് ഈ വീഡിയോയുടെ ചിത്രീകരണവും നിർമ്മാണവും നിർവഹിച്ചത്. ഐകമത്യം, തുല്യത, സ്വാതന്ത്ര്യം, നീതി എന്നിങ്ങനെയുള്ള ഇന്ത്യൻ ഭരണഘടനയുടെ പൊതുമൂല്യങ്ങൾക്കുവേണ്ടി ഈ സംഘടന നിലകൊള്ളുന്നു.
സെപ്റ്റംബറിൽ കേന്ദ്രസർക്കാർ ധൃതിപിടിച്ചു പാർലമെന്റിൽ പാസ്സാക്കിയ മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി-ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കഴിഞ്ഞ കുറെ ആഴ്ചകളായി നിരന്തരമായും വ്യാപകമായും സമരങ്ങൾ നടന്നുവരികയാണ്. കൃഷി സംസ്ഥാനങ്ങളുടെ കീഴിൽ വരുന്ന വിഷയമാണെന്നിരിക്കെ കേന്ദ്രസർക്കാരാണ് ഈ കർഷകവിരുദ്ധ നിയമങ്ങൾ കൊണ്ടുവന്നത്. ഈ സമരങ്ങൾപോലെ താഴെ കൊടുത്തിരിക്കുന്ന വീഡിയോയും ഗാനവും നിയമങ്ങൾ പിൻവലിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
പരിഭാഷ: ജ്യോത്സ്ന വി.