ഡിസംബർ 11-ന് രാവിലെ അവർ വൈദ്യുതി കേബിളുകൾ അഴിച്ചു കൊണ്ടിരുന്നപ്പോൾ അടുത്തുള്ള ഒരു കടക്കാരൻ കരയാൻ തുടങ്ങി. "അയാൾ പറഞ്ഞത് ഞങ്ങളില്ലെങ്കിൽ അയാൾ ഒറ്റയ്ക്ക് ആകുമെന്നും അതിൽ വിഷമമുണ്ടെന്നുമാണ്. ഇത് ഞങ്ങൾക്കും ബുദ്ധിമുട്ടാവാൻ പോവുകയാണ്. പക്ഷെ കർഷകരുടെ വിജയം വലിയൊരു ആഘോഷമാണ്”, ഗുർവിന്ദർ സിംഗ് പറഞ്ഞു.
ഗുർവിന്ദർ സിംഗും അദ്ദേഹത്തിന്‍റെ ഗ്രാമത്തിലുള്ള മറ്റൊരു കർഷകനും പശ്ചിമ ഡൽഹിയിലെ ടിക്രി സമരസ്ഥലത്തെ താൽക്കാലിക കൂടാരങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയപ്പോൾ സമയം രാവിലെ ഏകദേശം 8:15 ആയിരുന്നു. മുളയുടെ കെട്ടുകൾ നീക്കം ചെയ്യാനായി ചില സമയത്ത് അവർ ഒരു മലപ്പലക ഉപയോഗിക്കുമായിരുന്നു. കൂടാരങ്ങളുടെ അടിത്തറ ഇളക്കാൻ ചിലപ്പോൾ ഇഷ്ടികകളും ഉപയോഗിക്കുമായിരുന്നു. 20 മിനിറ്റുകൾക്കുള്ളിൽ അതെല്ലാം ഒരു കൂനയായി മാറി. ഇടയ്ക്ക് അവർ ചായയും പകോഡയും കഴിക്കാനുള്ള ഇടവേള എടുത്തു.
"ഞങ്ങളുടെ കൈകൾ കൊണ്ടാണ് ഈ വാസസ്ഥലങ്ങൾ നിർമ്മിച്ചത്. ഇപ്പോൾ ഞങ്ങളുടെ കൈകൾ കൊണ്ട് തന്നെ അവ നീക്കം ചെയ്യുകയാണ്”, 34-കാരനായ ഗുർവിന്ദർ കൂട്ടിച്ചേർത്തു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഡാംഗിയാം ഗ്രാമത്തിലെ ആറ് ഏക്കറിൽ അദ്ദേഹത്തിന്‍റെ കുടുംബം ഗോതമ്പും നെല്ലും ഉരുളക്കിഴങ്ങും കൃഷി ചെയ്യുന്നു. "വിജയികളായി വീട്ടിലേക്ക് തിരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. പക്ഷേ ഇവിടെ ഞങ്ങൾ ഉണ്ടാക്കിയ ബന്ധങ്ങൾ വിട്ടു പോകുന്നതിൽ ദുഃഖമുണ്ട്.”
"സമരം തുടങ്ങുന്ന സമയത്ത് ഇവിടെ ഒന്നുമില്ലായിരുന്നു. ഞങ്ങൾ എല്ലാവരും റോഡിൽ ഇറങ്ങി. പിന്നീട് ഈ വാസകേന്ദ്രങ്ങൾ നിർമ്മിച്ചു”, 35-കാരനായ ദീദാർ സിംഗ് പറഞ്ഞു. ലുധിയാന ജില്ലയിലെ അതേ ഗ്രാമത്തിൽ നിന്ന് തന്നെയാണ് അദ്ദേഹവും വരുന്നത്. അവിടെ അദ്ദേഹം ഏഴേക്കർ കൃഷിയിടത്തിൽ ഗോതമ്പും നെല്ലും ഉരുളക്കിഴങ്ങും മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നു. "ഇവിടെ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു. പ്രത്യേകിച്ച് ഇവിടെ താമസിക്കുമ്പോൾ ഞങ്ങൾക്കിടയിലുള്ള സൗഹൃദം. എല്ലാ സർക്കാരും ഞങ്ങളെക്കൊണ്ട് സമരം ചെയ്യിച്ചിട്ടേ ഉള്ളൂ. പക്ഷേ ഇവിടെ ഞങ്ങൾ (പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും) ഒരുമിച്ച് ചേർന്നപ്പോൾ ഞങ്ങളെല്ലാവരും ഒന്നാണെന്ന് മനസ്സിലാക്കി.”
"പഞ്ചാബിൽ ഞങ്ങൾക്ക് തിരഞ്ഞെടുപ്പ് ഉണ്ട് ഞങ്ങൾ ശരിയായ വ്യക്തിക്ക് വോട്ട് ചെയ്യും", ഗുർവിന്ദർ കൂട്ടിച്ചേർത്തു. "ഞങ്ങളുടെ കൈ പിടിക്കുന്നവർക്ക് (പിന്തുണയ്ക്കുന്നവർക്ക്) ഞങ്ങൾ വോട്ട് ചെയ്യും. ഞങ്ങളെ ചതിച്ചവർ അധികാരത്തിൽ വരാൻ ഞങ്ങൾ അനുവദിക്കില്ല”, ദീദാർ പറഞ്ഞു.
വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുകയും ബാക്കി ആവശ്യങ്ങൾ സമ്മതിക്കുകയും ചെയ്തതോടെ ഒരു വർഷം നീണ്ട കർഷകസമരങ്ങൾ അവസാനിപ്പിക്കുന്നുവെന്ന് സമരം ചെയ്യുന്ന 40 കർഷക യൂണിയനുകളെ ഉൾക്കൊള്ളുന്ന സംയുക്ത കിസാൻ മോർച്ച ഡിസംബർ 9-ന് പ്രഖ്യാപിച്ചു.
എന്നിരിക്കിലും മറ്റ് പ്രശ്നങ്ങൾ നില നിൽക്കുന്നു – വിളകൾക്കുള്ള കുറഞ്ഞ താങ്ങുവില (Minimum Support Price - MSP), കാർഷിക കടബാദ്ധ്യത, കൂടാതെ അതുപോലുള്ള മറ്റു പലതും. ഈ വിഷയങ്ങളിൽ എസ്.കെ.എം. കേന്ദ്രവുമായി ചർച്ചകൾ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
"ഞങ്ങൾ ഈ സമരം നിർത്തിയിട്ടേയുള്ളൂ, അവസാനിപ്പിച്ചിട്ടില്ല. പടയാളികൾ അവധിയിൽ പോകുന്നതുപോലെ ഞങ്ങൾ കർഷകരും അവധിയിൽ പോകുന്നു. സർക്കാർ നിർബന്ധിച്ചാൽ ഞങ്ങൾ തിരികെ വരും", ദീദാർ പറഞ്ഞു.
"ഈ സർക്കാർ ഞങ്ങളെ ബുദ്ധിമുട്ടിച്ചാൽ [എം.എസ്.പി. ഉൾപ്പെടെ മാറ്റി വച്ചിരിക്കുന്ന മറ്റ് കാർഷിക പ്രശ്നങ്ങളിൽ], ആദ്യം എങ്ങനെയാണോ വന്നത് അതുപോലെ ഞങ്ങൾ തിരിച്ചു വരും", ഗുർവിന്ദർ പറഞ്ഞു.
ഡാംഗിയാം ഗ്രാമത്തിലെ സമരക്കാരുടെ കൂട്ടത്തിൽ നിന്നും കുറച്ചു മീറ്ററുകൾ മാറി, ഹരിയാനയിലെ ഫത്തേബാദ് ജില്ലയിൽ നിന്നുള്ള സത്ബീർ ഗോഡാരയും മറ്റുള്ളവരും ചെറിയൊരു ട്രക്കിൽ കുറച്ച് സാധനങ്ങൾ (കൊണ്ടുനടക്കാവുന്ന രണ്ട് ഫാനുകൾ, വെള്ളം നിറയ്ക്കുന്ന വീപ്പകൾ, രണ്ട് എയർ കൂളറുകൾ, ടാർപ്പോളിൻ, ഇരുമ്പ് കമ്പികൾ) കയറ്റിയതേ ഉണ്ടായിരുന്നുള്ളൂ.
“ഞങ്ങളുടെ ഗ്രാമത്തിൽ നിന്നുള്ള മറ്റൊരു കർഷകന്‍റെ ട്രക്കാണ് ഞങ്ങൾ വിളിച്ചിരിക്കുന്നത്. ഞങ്ങൾ ഡീസലിനുള്ള പണം മാത്രം മുടക്കിയാൽ മതി”, 44-കാരനായ സത്ബീർ പറഞ്ഞു. “ഞങ്ങളുടെ ജില്ലയിലെ ധാനി ഗോപാൽ ചൗക്കിനടുത്ത് ഈ സാധനങ്ങളെല്ലാം ഇറക്കും. സമാനമായൊരു സമരം ചെയ്യണമെങ്കിൽ ഞങ്ങളെന്തുചെയ്യും? അപ്പോൾ ഞങ്ങൾ ഇതിനുവേണ്ടി തയ്യാറായിരിക്കണം. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെട്ടിട്ടില്ല. അതുകൊണ്ട് ഈ സാധനങ്ങൾ എല്ലാം ഞങ്ങൾ ഒരിടത്ത് കൂട്ടിയിടുന്നു. സർക്കാരിനെ എങ്ങനെ [ഒരു പാഠം] പഠിപ്പിക്കണമെന്ന് ഞങ്ങൾ ഇപ്പോൾ പഠിച്ചു.” അതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു.
"ഞങ്ങൾ സർക്കാരിന് സമയം കൊടുത്തു. എം.എസ്.പി.ക്ക് വേണ്ടി സമരം ചെയ്യണമെന്നുണ്ടെങ്കിൽ ഞങ്ങൾ തിരിച്ചു വരും. ഞങ്ങളുടെ ആന്ദോളൻ [സമരം] നിർത്തിയെന്നേയുള്ളൂ”, സത്ബീർ കൂട്ടിച്ചേർത്തു. "ഇത് ഞങ്ങൾക്ക് ചരിത്രപരമായ ഒരു വർഷമാണ്. ഞങ്ങൾ ജലപീരങ്കിയും കണ്ണീർവാതകവും നേരിട്ടു. ഞങ്ങളെ തടയാനായി വലിയ കല്ലുകൾ വയ്ക്കുകയും റോഡുകൾ തകർക്കുകയും ചെയ്തു. എല്ലാം നേരിട്ടുകൊണ്ട് ഞങ്ങൾ ടിക്രിയിൽ എത്തി.”
ഡിസംബർ 11-ന് ശനിയാഴ്ച രാവിലെ 9 മണിയോടെ നിരവധി കർഷകരും ടിക്രിയിലെ സമരഭൂമി വിട്ടിരുന്നു. സാധനങ്ങൾ പാക്ക് ചെയ്ത് തയ്യാറായിരുന്നവർ നീങ്ങി തുടങ്ങി. പുരുഷന്മാർ ട്രാക്ടർ ട്രോളിയുടെ മുകളിൽ മെത്തയും കട്ടിലും ടാർപോളിനും മറ്റു സാധനങ്ങളുമൊക്കെ വച്ചിരുന്നിടത്ത് ഇരുന്നു. കുറച്ചുപേർ ട്രക്കുകളിൽ നീങ്ങി - മറ്റുള്ളവർ കാറുകളിലും ബൊലേറോകളിലും
അവരിൽ മിക്കവരും വെസ്റ്റേൺ പെരിഫറൽ എക്സ്പ്രസ്സ്‌വേ ലക്ഷ്യമാക്കി നേരെ നീങ്ങുകയായിരുന്നു. ബാക്കിയുള്ളവർ ഇടത് വശത്തേക്ക് ഡൽഹി-റോഹ്തക് റോഡിലേക്ക് തിരിഞ്ഞു (ഹരിയാനയിലെ നഗരമായ ബഹദൂർഗഢിലേക്ക്). അവിടെ ഭാരതീയി കിസാൻ യൂണിയൻ (ബി.കെ.യു. ഏക്‌താ ഉഗ്രാഹാം) അവിടെയായിരുന്നു.
അവിടെ ഝാർഖണ്ഡിലെ പാകുഡ് ജില്ലയിൽ നിന്നുള്ള 30-കാരിയായ കൽപ്പന ദാസി തന്‍റെ 10 വയസ്സുള്ള മകൻ ആകാശിനൊപ്പം സമര സ്ഥലത്തെ പാഴ്വസ്തുക്കൾ ശേഖരിക്കാനായി എത്തിയിരുന്നു. ബഹദൂർഗഢിൽ പാഴ്വസ്തുക്കൾ ശേഖരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അവർ. അവർ പറഞ്ഞത് എന്നെങ്കിലുമൊരിക്കൽ കർഷകർ തങ്ങളുടെ നാട്ടിലേക്ക് മടങ്ങുമെന്ന് അറിയാമായിരുന്നു എന്നാണ്. പക്ഷേ അവർക്ക് ബുദ്ധിമുട്ട് തോന്നി. "ഞങ്ങളിവിടെ പാഴ്വസ്തുക്കൾ ശേഖരിക്കാൻ വന്നപ്പോൾ ദിവസം രണ്ട് നേരം ഞങ്ങളെപ്പോലുള്ള പാവങ്ങളെ അവർ ഊട്ടുമായിരുന്നു”, അവർ പറഞ്ഞു.
ഈ റോഡിലുള്ള (റോഹ്തക്കിലുള്ള) ട്രാക്ടറുകൾ പ്ലാസ്റ്റിക്-കടലാസ് പൂക്കൾ, തിളങ്ങുന്ന ഉത്തരീയങ്ങൾ, നാടകൾ, ദേശീയ പതാകകൾ എന്നിവകളാൽ അലങ്കരിച്ചിരിക്കുന്നു. "ഇവ കൊണ്ട് അലങ്കരിച്ച ശേഷം ഞങ്ങൾ ഞങ്ങളുടെ ട്രാക്ടറുകളുമായി ആഘോഷപൂർവ്വമായ ഒരു വിവാഹ ഘോഷയാത്ര പോലെ നീങ്ങും”, 50-കാരിയായ സിരിന്ദർ കൗർ പറഞ്ഞു. പഞ്ചാബിലെ മോഗ ജില്ലയിലെ ഡാല ഗ്രാമത്തിൽ നിന്നുള്ളവരാണവർ. ഒരു ട്രാക്ടർ ട്രോളിയിൽ അവരുടെ കുടുംബത്തിന്‍റെ കിടക്കകളും പാത്രങ്ങളും ഉണ്ടായിരുന്നു - മറ്റൊന്ന് പുരുഷന്മാരുടെ യാത്രയ്ക്കായും. സ്ത്രീകൾ മറ്റൊരു ട്രക്കിലായിരുന്നു.
"നൂറുകണക്കിന് ട്രാക്ടറുകൾ ആദ്യം ഞങ്ങളുടെ ഗ്രാമങ്ങൾക്ക് രണ്ടുമൂന്ന് ഗ്രാമങ്ങൾ മുമ്പുള്ള മോഗയിലെ ബട്ടറിൽ എത്തിച്ചേരും. പൂക്കളുമായി അവിടെ ഞങ്ങളെ വരവേൽക്കും. അവസാനം ഞങ്ങൾ ഞങ്ങളുടെ ഗ്രാമത്തിൽ എത്തിച്ചേരുo’, സിരിന്ദർ കൂട്ടിച്ചേർത്തു. ഡാല ഗ്രാമത്തിലെ നാലേക്കറിൽ അവരുടെ കുടുംബം നെല്ലും ഗോതമ്പും വെള്ളക്കടലയും കൃഷി ചെയ്യുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തിൽനിന്നാണ് താൻ വരുന്നതെന്ന് അവർ പറഞ്ഞു. ഇപ്പോൾ [ഡിസംബർ 11-ന്] "എന്‍റെ ഭർതൃ സഹോദരന്മാരിൽ ഒരാൾ ടിക്രിയിൽ സമരം ചെയ്യുകയായിരുന്നു, ഒരാൾ സിംഘു അതിർത്തിയിലും, എന്‍റെ കുടുംബം ഇവിടെയാണ് [ബഹദൂർഗഢിലുള്ള റോഹ്തക്കിൽ]. ഞങ്ങളുടേത് പോരാളികളുടെ കുടുംബമാണ്. ഈ സമരവും ഞങ്ങൾ നേടിയിരിക്കുന്നു. ഞങ്ങളുടെ ആവശ്യം [കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നുള്ളത്] നടന്നിരിക്കുന്നു. ഇനി ഞങ്ങൾ ഞങ്ങളുടെ യൂണിയൻ [ബി.കെ.യു. ഏക്‌താ ഉഗ്രാഹാം] പറയുന്നതുപോലെ ചെയ്യും.”
അടുത്തുള്ള ഒരു ട്രോളിയിൽ പഞ്ചാബിലെ മോഗാ ജില്ലയിലെ ബധനി കലാം ഗ്രാമത്തിൽ നിന്നുള്ള 48-കാരിയായ കിരൺപ്രീത് കൗർ ക്ഷീണിതയായി കാണപ്പെട്ടു. "ഒരു മണിക്കൂറേ ഞങ്ങൾ ഉറങ്ങിയിട്ടുള്ളൂ. ഇന്നലെ മുതൽ ഞങ്ങൾ പാക്ക് ചെയ്യുകയാണ്”, അവർ പറഞ്ഞു. "വിജയാഘോഷം ഉണ്ടായിരുന്നു അത് രാവിലെ 3 മണി വരെ നീണ്ടു.”
നാട്ടിൽ അവർക്ക് 15 ഏക്കർ ഭൂമിയുണ്ട്. അവിടെ അവർ ഗോതമ്പ്, നെല്ല്, ചോളം, കടുക് ഉരുളക്കിഴങ്ങ് എന്നിവയൊക്കെ കൃഷി ചെയ്യുന്നു. "എങ്ങനെ സമാധാനപരമായി സമരം ചെയ്യണമെന്ന് പലരും പഠിച്ചു. അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്നവർ വിജയിക്കും”, അവർ കൂട്ടിച്ചേർത്തു.
പോകുന്നതിനുമുമ്പ് റോഡിൽ തങ്ങൾ കൈയേറിയിരുന്ന ഓരോ സ്ഥലങ്ങളും താനും മറ്റുള്ളവരും ചേർന്ന് വൃത്തിയാക്കിയെന്ന് കിരൺപ്രീത് പറഞ്ഞു. "ഞാൻ ഇവിടുത്തെ ഭൂമിയെ കുമ്പിടുന്നു. ഞങ്ങൾക്ക് സമരം ചെയ്യാനുള്ള സ്ഥലം തന്നത് ഇവിടമാണ്. നിങ്ങൾ ആരാധിക്കുന്നത് തിരിച്ച് നൽകുന്നത് ആ സ്ഥലം മാത്രമാണ്.”
ബഹദൂർഗഢിലെ ബി.കെ.യു.വിന്‍റെ പ്രധാന വേദിയിൽ യൂണിയന്‍റെ ഭഠിoഡ ജില്ല വനിത നേത്രിയായ പരംജീത് കൗർ എല്ലാ സാധനങ്ങളും ട്രോളിയിൽ അടുക്കുന്ന തിരക്കായിരുന്നു. ഏകദേശം 60 വയസ്സുള്ള പരംജീത് റോഡ് ഡിവൈഡറിൽ താൻ ഉരുളക്കിഴങ്ങും തക്കാളിയും കടുകും പച്ചക്കറികളും വളർത്തിയിരുന്ന സ്ഥലവും വൃത്തിയാക്കിയിരുന്നു (കാണുക Tikri farmers: ‘We will remember all this for life’ ). "ഞാൻ അവ [വിളകൾ] മുറിച്ച് ഇവിടെയുള്ള തൊഴിലാളികൾക്ക് കൊടുത്തു”, അവർ പറഞ്ഞു. "ഞങ്ങൾ കുറച്ച് സാധനങ്ങൾ മാത്രമേ തിരികെ കൊണ്ടു പോകുന്നുള്ളൂ. തടിക്കഷണങ്ങളും ടാർപോളിനുമൊക്കെ ഇവിടെയുള്ള പാവങ്ങൾക്ക് വീടുകൾ നിർമിക്കാനായി ഞങ്ങൾ നൽകി.”
ഇന്ന് രാത്രി ഞങ്ങളുടെ ട്രോളി വഴിയിലുള്ള ഏതെങ്കിലും ഗുരുദ്വാരയിൽ നിർത്തുമെന്നും അടുത്തദിവസം രാവിലെ വീണ്ടും യാത്ര തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. "ഞങ്ങളുടെ ഗ്രാമവാസികൾ ഞങ്ങളെ സ്വാഗതം ചെയ്യും. ഞങ്ങളുടെ ഭൂമി സംരക്ഷിച്ചതിനാൽ ഞങ്ങൾ ഒരുപാട് ആഘോഷിക്കും. എങ്കിലും ഞങ്ങളുടെ സമരങ്ങൾ തീർന്നിട്ടില്ല. ഞങ്ങൾ രണ്ടു ദിവസം വിശ്രമിക്കും. എന്നിട്ട് ബാക്കിയുള്ള ഞങ്ങളുടെ ആവശ്യങ്ങൾക്കായി പഞ്ചാബിൽ നിന്ന് സമരം ചെയ്യും.”
അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ സമരം ചെയ്യുന്ന കർഷകരുടെ ഒരു സംഘം ട്രാക്ടർ ട്രോളികളിലും ട്രക്കുകളിലും മറ്റ് വാഹനങ്ങളിലും കടന്നുപോയി. ട്രാഫിക് നിയന്ത്രിക്കാൻ ഹരിയാന പോലീസിനെ വിന്യസിച്ചിട്ടുണ്ടായിരുന്നു. പഞ്ചാബ് കിസാൻ യൂണിയന്‍റെ വേദിയിൽനിന്ന് അകലെയല്ലാതെ സമര സ്ഥലത്തിന്‍റെ തുടക്കത്തിൽ ഒരു ജെസിബി, കർഷക സമരക്കാർ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി കഴിഞ്ഞ വർഷം സ്ഥാപിച്ച വലിയ കല്ലുകൾ തകർക്കുന്നുണ്ടായിരുന്നു.
ഏകദേശം 11 മണിയോടെ ടിക്രി മൈതാനത്ത് നിന്ന് എല്ലാം നീക്കിയിയിരുന്നു. നീങ്ങാൻ തയ്യാറായി കുറച്ചു സമരക്കാർ മാത്രം അവശേഷിച്ചു. ഒരു വർഷത്തോളമായി 'കിസാൻ മസ്ദൂർ ഏക്‌താ സിന്ദാബാദ്’ എന്ന മന്ത്രം മുഖരിതമായിരുന്ന സമരസ്ഥലം നിശബ്ദമായി. ആഘോഷങ്ങളും മന്ത്രങ്ങളും കർഷകരുടെ ഗ്രാമങ്ങളിലുടനീളം പ്രതിധ്വനിക്കും – സമരം തുടരുമെന്ന് അവർ അവിടെ നിശ്ചയിച്ച് ഉറപ്പിച്ചിരിക്കുകയാണ്.
പരിഭാഷ: റെന്നിമോന്‍ കെ. സി.