ഒരു തെളിഞ്ഞ ദിനത്തിൽ സുനിതാ റാണി ഏകദേശം 30 പേരടങ്ങുന്ന ഒരു വനിതാ സംഘത്തോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. വലിയൊരു സംഘമായി പുറത്തുവരാനും തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി അനിശ്ചിതകാല സമരം നടത്താനും അവർ ആഹ്വാനം ചെയ്തു. "കാം പക്കാ, നൗക്കരി കച്ചി” [കൃത്യമായ ജോലി, കൃത്യതയില്ലാത്ത വേതനം], സുനിതാ റാണി ഉറക്കെ വിളിച്ചു പറഞ്ഞു. "നഹീം ചലേഗി, നഹീം ചലേഗി” [ഇത് നടക്കില്ല, ഇത് നടക്കില്ല], മറ്റു സ്ത്രീകൾ ഒരുമിച്ച് വിളിച്ചു.

ഡൽഹി ഹരിയാന ഹൈവേയിൽ നിന്നും മാറി, സോനീപത് പട്ടണത്തിലെ സിവിൽ ആശുപത്രിക്ക് പുറത്തുള്ള ഒരു പുൽത്തകിടിയിൽ, ഹരിയാനയിലെ തങ്ങളുടെ യൂണിഫോമായ ചുവപ്പ് വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ ഒരു ധുർരിയിൽ ഇരുന്ന് സുനിതയെ ശ്രവിക്കുകയാണ്. അവർക്ക് എല്ലാവർക്കുമറിയാവുന്ന തങ്ങളുടെ പ്രശ്നങ്ങൾ സുനിത എണ്ണി പറയുന്നു.

സ്ത്രീകളെല്ലാം അംഗീകൃത സാമൂഹ്യാരോഗ്യ പ്രവര്‍ത്തകര്‍ അല്ലെങ്കില്‍ ആശ പ്രവര്‍ത്തകര്‍ (Accredited Social HealthActivist - ASHA) ആണ് – രാജ്യത്തിന്‍റെ നാഷണൽ റൂറൽ ഹെൽത്ത് മിഷന്‍റെ (എൻ.ആർ.എച്.എം.) കാലാൾ പടയാളികൾ. രാജ്യത്തെ പൊതു ആരോഗ്യരക്ഷാ സംവിധാനവുമായി ഗ്രാമീണ ജനതയെ ബന്ധിപ്പിക്കുന്ന നിർണ്ണായകമായ ഒരു കണ്ണിയാണിത്. രാജ്യത്തുടനീളം ഒരു ദശലക്ഷത്തിലധികം ആശാ പ്രവർത്തകരുണ്ട്. ആരോഗ്യ ബന്ധിതമായ ഏതൊരു ആവശ്യങ്ങളിലും അടിയന്തര ഘട്ടങ്ങളിലും പലപ്പോഴും ആദ്യം ലഭ്യമാകുന്ന ആരോഗ്യ സുരക്ഷാ പ്രവർത്തകർ ഇവരാണ്.

പോഷകാഹാരങ്ങളെയും ശുചീകരണ ങ്ങളെയും പകർച്ചവ്യാധികളുടെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത് തുടങ്ങി ക്ഷയ രോഗികളുടെ ചികിത്സ കാര്യങ്ങൾ അന്വേഷിക്കുകയും ആരോഗ്യ സൂചകങ്ങളുടെ രേഖകൾ പരിപാലിക്കുകയും ചെയ്യുന്നതു വരെയുള്ള ബുദ്ധിമുട്ടേറിയ 12 പ്രാഥമിക ജോലികളും അറുപതിലധികം ഉപജോലികളും ചെയ്യാൻ അവരോട് ആവശ്യപ്പെടുന്നു.

അവർ അതും അതിലധികവും ചെയ്യുന്നു. “പക്ഷേ ഞങ്ങളെ എന്തിനു വേണ്ടിയാണോ പരിശീലിപ്പിച്ചത് അത് യഥാർത്ഥത്തിൽ അവശേഷിക്കുന്നു – മാതൃ നവജാത ശിശു ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ മെച്ചപ്പെടുത്തുക എന്നത്”, സുനിത പറഞ്ഞു. സോനീപത് ജില്ലയിലെ നാഥുപൂർ ഗ്രാമത്തിലാണ് സുനിത ജോലി ചെയ്യുന്നത്. ഗ്രാമത്തിലെ 2,953 ആളുകളുടെ കാര്യങ്ങൾ നോക്കുന്ന മൂന്ന് ആശാ പ്രവർത്തകരിൽ ഒരാൾ കൂടിയാണ് അവർ.

ASHA workers from Sonipat district on an indefinite strike in March; they demanded job security, better pay and a lighter workload
PHOTO • Pallavi Prasad

സോനീപത് ജില്ലയിൽനിന്നുള്ള ആശാ പ്രവർത്തകർ മാർച്ചിൽ അനിശ്ചിതകാല സമരത്തിൽ ഏർപ്പെട്ടപ്പോൾ . തൊഴിൽ സുരക്ഷയും മെച്ചപ്പെട്ട വേതനവും കുറഞ്ഞ ജോലിഭാരവുമാണ് അവർ ആവശ്യപ്പെടുന്നത്

ശിശു ജനനത്തിന് മുൻപും ശേഷവും ചെയ്യുന്ന പരിചരണങ്ങൾ കൂടാതെ ആശാ പ്രവർത്തകർ സാമൂഹ്യാരോഗ്യ പ്രവർത്തകർ (community health workers) കൂടിയാണ്. സർക്കാരിന്‍റെ കുടുംബാസൂത്രണ നയങ്ങൾ, ഗർഭനിരോധനം, ഗർഭധാരണങ്ങൾക്കിടയിലുള്ള കാലയളവ് എന്നിവയെക്കുറിച്ചൊക്കെ അവർ അവബോധവും സൃഷ്ടിക്കുന്നു. 2006-ൽ ശിശുമരണനിരക്ക് ജീവനോടെയുള്ള 1,000 ജനനങ്ങള്‍ക്ക് 57 ആയിരുന്നതിൽ നിന്നും 2017-ൽ 33 ആയി കുറച്ചതിൽ അവർക്ക് പ്രമുഖ പങ്കുണ്ട്. 2005-06 മുതൽ 2015-16 വരെയുള്ള കാലഘട്ടത്തിൽ മൂന്നോ നാലോ ശിശുജനന പൂർവ്വ സുരക്ഷാ സന്ദർശനങ്ങൾ നടന്നിരുന്നിടത്തുനിന്നും, അതായത് 37 ശതമാനമായിരുന്നിടത്തുനിന്നും അതിന്‍റെ തോത് 51 ശതമാനമായി ഉയർന്നു. ആരോഗ്യ കേന്ദ്രങ്ങളിലെ പ്രസവം 39 ശതമാനമായിരുന്നിടത്തുനിന്നും 79 ശതമാനമായും ഉയർന്നു.

"ഞങ്ങൾ നന്നായി പ്രവർത്തിച്ചിട്ടും ഞങ്ങൾക്ക് നന്നായി പ്രവർത്തിക്കാൻ കഴിയുമായിട്ടും ഒരു സർവ്വേക്ക് ശേഷം വീണ്ടും സർവ്വേ നടത്തി ഞങ്ങൾ തീരുന്നു”, സുനിത കൂട്ടിച്ചേർത്തു.

“എല്ലാ ദിവസവും ഞങ്ങൾക്ക് പുതിയൊരു റിപ്പോർട്ട് സമർപ്പിക്കണം”, 42 കാരിയായ നീതു (പേര് മാറ്റിയിരിക്കുന്നു) പറഞ്ഞു. ജഖ്ലി ഗ്രാമത്തിൽനിന്നുള്ള ആശാ പ്രവർത്തകയാണ് അവർ. “ഒരു ദിവസം എ.എൻ.എം. അഥവാ ഓക്സിലിയറി നഴ്സ് മിഡ്വൈഫ്‌ [Auxiliary Nurse Midwife, ആശാ പ്രവർത്തകർ അവർക്കാണ് റിപ്പോർട്ട് നൽകേണ്ടത്] ഞങ്ങളോട് പറയുന്നു ഗർഭകാലപരിചരണം ആവശ്യമുള്ള എല്ലാ സ്ത്രീകളുടെയും കണക്കെടുക്കാൻ, അടുത്തദിവസം ഞങ്ങളോട് പറയുന്നു എല്ലാവരുടെയും രക്തസമ്മർദ്ദം നോക്കാൻ [അർബുദം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ തടയുന്നതിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി ]. അതിനുശേഷം ഞങ്ങളോട് പറയുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ബൂത്തുതല ഓഫീസർമാരുടെ സർവ്വേ നടത്താൻ. ഇതൊരിക്കലും അവസാനിക്കുന്നില്ല.”

2006-ൽ ജോലിയിൽ പ്രവേശിച്ചത് മുതൽ കുറഞ്ഞത് 700 ആഴ്ചകളെങ്കിലും ഈ ജോലിക്ക് വേണ്ടി ചെലവാക്കിയിട്ടുണ്ടെന്ന് നീതു പറഞ്ഞു. അസുഖം വരുമ്പോഴും ഉത്സവങ്ങളുടെ സമയത്തും മാത്രമാണ് അവധി എടുക്കുക. 8,259 ആളുകളുള്ള അവരുടെ ഗ്രാമത്തിൽ 9 ആശാ പ്രവർത്തകർ ഉണ്ടെങ്കിലും പ്രകടമായിത്തന്നെ അവർ ക്ഷീണിതയാണ്. വിളർച്ചയെക്കുറിച്ചുള്ള ഒരു അവബോധ പരിപാടി പൂർത്തിയാക്കി ഒരുമണിക്കൂർ താമസിച്ചാണ് അവർ സമരത്തിന് എത്തിയത്. ആശാ പ്രവർത്തകരെ ഏതുസമയത്തും വിളിക്കുന്ന, വീടുകൾ തോറും കയറിയിറങ്ങി ചെയ്യുന്ന സർവ്വേ ഒരു ഗ്രാമത്തിലെ മികച്ച വീടുകളുടെ എണ്ണമെടുക്കുന്നത് മുതൽ ഒരു സമുദായത്തിന്‍റെ പശുക്കളുടെയും എരുമകളുടെയും എണ്ണമെടുക്കുന്നത് വരെ നീളുന്നു.

“2017-ൽ ആശാ പ്രവർത്തക ആയതു മുതൽ വെറും മൂന്നു വർഷത്തിനകം എന്‍റെ ജോലി മൂന്നു മടങ്ങ് വർദ്ധിച്ചു. അവയിൽ മിക്കവയും എഴുത്തുകുത്തുകൾ ജോലികളാണ്”, 39- കാരിയായ ആശാ പ്രവർത്തക ഛവി കശ്യപ് പറഞ്ഞു. സിവിൽ ആശുപത്രിയിൽ നിന്നും എട്ടു കിലോമീറ്ററുകൾ മാറി സ്ഥിതിചെയ്യുന്ന ബഹൽഗഢ് എന്ന തന്‍റെ ഗ്രാമത്തിൽ നിന്നുമാണ് അവർ സമരത്തിൽ പങ്കെടുക്കാൻ വന്നിട്ടുള്ളത്. “സർക്കാർ നൽകുന്ന എല്ലാ സർവ്വേകളും പൂർത്തിയാകുമ്പോഴാണ് ഞങ്ങളുടെ യഥാർത്ഥ ജോലി ഞങ്ങൾ ചെയ്യുന്നത്.”

'We don’t even have time to sit on a hartal,' says Sunita Rani; at meetings, she notes down (right) the problems faced by co-workers
PHOTO • Pallavi Prasad
'We don’t even have time to sit on a hartal,' says Sunita Rani; at meetings, she notes down (right) the problems faced by co-workers
PHOTO • Pallavi Prasad

‘ഹർത്താൽ ദിവസം പോലും ഞങ്ങൾക്കിരിക്കാൻ സമയമില്ല’, സുനിത റാണി പറഞ്ഞു . യോഗത്തിൽ അവർ സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ കുറിച്ചെടുക്കുന്നു (വലത്)

വിവാഹിതയായി 15 വർഷങ്ങളോളം ഛവി ഒറ്റയ്ക്ക് പുറത്തിറങ്ങിയിട്ടില്ല, ആശുപത്രിയിൽ പോകാൻ പോലും. എന്താണ് ഒരു ആശ പ്രവർത്തക ചെയ്യുന്നത് എന്നതുമായി ബന്ധപ്പെട്ട് ഒരു ആശ ഫെസിലിറ്റേറ്റര്‍ 2016-ൽ തന്‍റെ ഗ്രാമത്തിലെത്തി ഒരു പരിശീലനയോഗം സംഘടിപ്പിച്ചപ്പോൾ ഛവിക്ക് അതിൽ ചേരണമെന്ന് ആഗ്രഹമുണ്ടായി. ഈ പരിശീലനയോഗത്തിനു ശേഷം ഫെസിലിറ്റേറ്റർമാർ 18 -നും 45 - നും മദ്ധ്യേ പ്രായമുള്ളവരും 8-ാം ക്ലാസ് വരെയെങ്കിലും പഠിക്കുകയും സാമൂഹ്യാരോഗ്യ സന്നദ്ധ പ്രവർത്തകരായി പ്രവർത്തിക്കാൻ താൽപര്യപ്പെടുകയും ചെയ്യുന്ന മൂന്നു സ്ത്രീകളുടെ പേരുകൾ ചുരുക്കപ്പട്ടികയിലാക്കി.

ഛവിക്ക് താൽപ്പര്യവും യോഗ്യതയും ഉണ്ടായിരുന്നു. പക്ഷേ അവരുടെ ഭർത്താവ് സമ്മതിച്ചില്ല. ബഹൽഗഢിലെ കോളനിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരുടെ സംഘത്തിൽ അദ്ദേഹമുണ്ടായിരുന്നു. ആഴ്ചയിൽ രണ്ടു ദിവസം അവിടെ രാത്രിയിലും നിൽക്കണമായിരുന്നു. “ഞങ്ങൾക്ക് രണ്ട് പുത്രന്മാർ ഉണ്ട്. ഞങ്ങൾ രണ്ടുപേരും പുറത്താണെങ്കിൽ ആർ അവരെ നോക്കും എന്നുള്ളതായിരുന്നു ഭർത്താവിന്‍റെ ദുഃഖം”, ഛവി പറഞ്ഞു. കുറച്ചു നാളുകൾക്ക് ശേഷം പണത്തിനു ബുദ്ധിമുട്ടായപ്പോൾ അദ്ദേഹം ജോലിക്ക് ചേരാൻ പറഞ്ഞു. പ്രവർത്തകരുടെ ഒഴിവിലേക്ക് ആളെ ചേർക്കുന്ന അടുത്ത തവണ അവർ അപേക്ഷിക്കുകയും ഗ്രാമസഭ അവരെ ആശാ പ്രവർത്തകയായി സ്ഥിരീകരിക്കുകയും ചെയ്തു. ബഹൽഗഢിലെ 4,196 നിവാസികൾക്ക് വേണ്ടിയുള്ള 5 ആശാ പ്രവർത്തകരിൽ ഒരാളായിരുന്നു അവർ.

“ദമ്പതികളെന്ന നിലയിൽ ഞങ്ങൾക്ക് ഒരു നിയമം മാത്രമേയുള്ളൂ. അദ്ദേഹം രാത്രി ജോലിയിലായിരിക്കുമ്പോൾ ഒരു സ്ത്രീക്ക് പ്രസവവേദനയാണെന്നും കൂടെച്ചെല്ലണന്നും പറഞ്ഞ് എന്നെ വിളിച്ചാൽ കുട്ടികളെ വിട്ടിട്ട് എനിക്ക് പോകാൻ കഴിയില്ല. ഞാൻ ഒരു ആംബുലൻസ് വിളിക്കും അഥവാ മറ്റൊരു ആശാ പ്രവർത്തകയോട് പോകാൻ പറയും”, ഛവി കൂട്ടിച്ചേർത്തു.

പ്രസവസമയത്ത് ഗർഭിണികളായ സ്ത്രീകളുടെ കൂടെ ആശുപത്രിയിൽ പോവുക എന്നത് എല്ലാ ആഴ്ചയും ആശാ പ്രവർത്തകർ ചെയ്യുന്ന നിരവധി ജോലികളിൽ ഒന്നാണ്. “കഴിഞ്ഞ ആഴ്ച മാസം തികഞ്ഞ ഒരു സ്ത്രീ വേദന എടുക്കുന്നുവെന്നും ആശുപത്രിയിൽ എത്തിക്കണം എന്നും പറഞ്ഞ് എന്നെ വിളിച്ചു. പക്ഷെ എനിക്ക് പോകാൻ സാധിച്ചില്ല”, സോനീപതിലെ റായ് തഹ്സീലിലെ ബഢ് ഖാൽസ ഗ്രാമത്തിൽ നിന്നുള്ള ശീതൾ [പേര് മാറ്റിയിരിക്കുന്നു] എന്ന ആശ പ്രവർത്തക പറഞ്ഞു. “അതേ മാസം എന്നോട് ആയുഷ്മാൻ ക്യാമ്പ് സംഘടിപ്പിക്കാൻ പറഞ്ഞു”, ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന എന്ന പദ്ധതിയുടെ കാര്യം പരാമർശിച്ചുകൊണ്ട് 32-കാരിയായ ശീതൾ കൂട്ടിച്ചേർത്തു. ബാഗ് നിറയെ സർക്കാരിന്‍റെ ആരോഗ്യ പദ്ധതിക്ക് അർഹരായ ഗ്രാമത്തിൽനിന്നുള്ള എല്ലാവരുടെയും ഫോറങ്ങളും രേഖകളുമായി അവർ ക്യാമ്പിലകപ്പെട്ടു. അവർ റിപ്പോർട്ട് നൽകുന്ന എ.എൻ.എം. പറഞ്ഞത് ആയുഷ്മാൻ പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾക്ക് മറ്റെല്ലാ ഉത്തരവാദിത്തങ്ങളേക്കാളും മുൻഗണന നൽകണമെന്നാണ്.

“രണ്ടു വർഷങ്ങൾക്കു മുൻപ് ഈ [ഗർഭിണിയായ] സ്ത്രീ വിവാഹിതയായി ഗ്രാമത്തിൽ എത്തിയത് മുതൽ അവളുടെ വിശ്വാസം ആർജിക്കാനായി ഞാൻ കഠിനാധ്വാനം ചെയ്തിരുന്നു. ഞാൻ അവളോടൊപ്പമുണ്ടായിരുന്നു – കുടുംബാസൂത്രണത്തെപ്പറ്റി അവളെ ഉപദേശിക്കാൻ അനുവദിക്കണമെന്ന് അവളുടെ ഭർതൃ മാതാവിനെ മനസ്സിലാക്കിക്കൊടുക്കാനും, കുട്ടിയുണ്ടാകുന്നത് രണ്ടുവർഷം കഴിഞ്ഞുമതിയെന്ന് അവളുടെ ഭർത്താവിനെ ബോധിപ്പിക്കാനും, കൂടാതെ അവളുടെ ഗർഭധാരണത്തിന്‍റെ എല്ലാ സമയത്തും. ഞാനവിടെ ഉണ്ടാകണമായിരുന്നു”, ശീതൾ കൂട്ടിച്ചേർത്തു.

താനില്ലാതെ ഡോക്ടറെ കാണാൻ പോകണമെന്ന് താൽപര്യമില്ലാതെ ആശങ്കാകുലരായ അവളുടെ കുടുംബത്തെ ശാന്തമാക്കാൻ ഫോണിലൂടെ അരമണിക്കൂർ ചിലവഴിക്കുകയാണ് പകരം ചെയ്തത്. അവസാനം ശീതൾ ക്രമീകരിച്ച ആംബുലൻസിൽ അവർ പോയി. “നമ്മൾ ഉണ്ടാക്കുന്ന വിശ്വാസം ഇങ്ങനെ നശിക്കുന്നു”, സുനിതാ റാണി പറഞ്ഞു.

'In just three years, since I became an ASHA in 2017, my work has increased three-fold', says Chhavi Kashyap
PHOTO • Pallavi Prasad

2017-ൽ ആശാ പ്രവർത്തകയായതു മുതൽ വെറും മൂന്നു വർഷത്തിനകം എന്‍റെ ജോലി മൂന്നു മടങ്ങ് വർദ്ധിച്ചു ’, ഛവി കശ്യപ് പറയുന്നു

അവസാനം തങ്ങളുടെ ജോലി ചെയ്യാനായി ഇറങ്ങുമ്പോൾ, ഒരു കൈ ബന്ധിക്കപ്പെട്ടാണ് ആശാപ്രവർത്തകർ പലപ്പോഴും പ്രവർത്തിക്കുന്നത്. മരുന്നുകൾ പൊതുവെ ലഭ്യമല്ല. പാരാസെറ്റമോൾ ഗുളികകൾ, ഗർഭിണികൾക്കുള്ള അയൺ, കാൽസ്യം ഗുളികകൾ, ഓറൽ ഡീഹൈഡ്രേഷൻ സാൾട്ട് (ഓ ആർ എസ്), ഗർഭനിരോധന ഉറകൾ, ഗർഭനിരോധനത്തിനായി വായിലൂടെ കഴിക്കാവുന്ന ഗുളികകൾ, ഗർഭകാലത്തേക്കുള്ള കിറ്റുകൾ എന്നിങ്ങനെ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഇനങ്ങളും ലഭ്യമല്ല. “ഞങ്ങൾക്ക് ഒന്നും തരുന്നില്ല, തലവേദനയ്ക്കുള്ള മരുന്നുകൾ പോലും. ഓരോ വീട്ടിലേക്കും ആവശ്യമുള്ളവയെക്കുറിച്ച് ഒരു കുറിപ്പ് ഞങ്ങൾ ഉണ്ടാക്കുന്നു - ആര് എന്ത് തരത്തിലുള്ള ഗർഭനിരോധനമാർഗ്ഗമാണ് ഉപയോഗിക്കുന്നത് എന്നതുൾപ്പെടെ. പിന്നീട് എ.എൻ.എം.നോട് അവ നൽകാൻ ഞങ്ങൾ അപേക്ഷിക്കുന്നു. സർക്കാർ രേഖകൾ ഇവയുടെ കാര്യം ഓൺലൈനിൽ സ്ഥിരീകരിക്കുന്നുണ്ട് – സോനീപത് ജില്ലയിലെ  1,045 ആശാ പ്രവർത്തകർക്ക് നൽകുന്നത് വെറും 485 മരുന്ന് കിറ്റുകൾ മാത്രമാണ്.

പലപ്പോഴും ആശാ പ്രവർത്തകർ വെറുംകൈയോടെയാണ് തങ്ങളുടെ ആളുകളുടെ അടുത്തേക്ക് പോകുന്നത്. “ചിലപ്പോൾ അവർ ഞങ്ങൾക്ക് അയൺ ഗുളികകൾ നൽകും, കാൽസ്യം നൽകില്ല. ഗർഭിണികൾക്ക് അവരണ്ടും ഒരുമിച്ച് വേണ്ടതാണ്. ഗർഭിണികൾക്കുവേണ്ടി ചിലപ്പോൾ 10 ഗുളികകൾ വീതം അവർ ഞങ്ങൾക്ക് നൽകുന്നു - 10 ദിവസങ്ങൾ കൊണ്ട് അവ തീരും. സ്ത്രീകൾ ഞങ്ങളുടെ അടുത്തേക്ക് വരുമ്പോൾ ഞങ്ങളുടെ പക്കൽ ഒന്നും നൽകാനുണ്ടാവില്ല”, ഛവി പറഞ്ഞു.

ചിലപ്പോൾ അവർ ഗുണമേന്മ കുറഞ്ഞ ഉൽപ്പന്നങ്ങളാണ് നൽകുന്നത്. “മാസങ്ങളോളം ഒന്നും തരാതെയിരുന്നശേഷം ഒരു പെട്ടി മാല- എൻ (വായിലൂടെ കഴിക്കാവുന്ന ഒരു ഗർഭനിരോധന ഗുളിക) പെട്ടെന്ന് വിതരണം ചെയ്യണമെന്ന ഉത്തരവോടെ അവയുടെ കാലാവധി തീരുന്നതിന് ഒരുമാസം മുമ്പ് നൽകുന്നു”, സുനിത പറഞ്ഞു. മാല എൻ ഉപയോഗിക്കുന്ന സ്ത്രീകളുടെ പ്രതികരണങ്ങള്‍ (ആശാ പ്രവർത്തകർ അവ വളരെ ശ്രദ്ധയോടെ രേഖപ്പെടുത്തിയിട്ടുണ്ട്) അപൂർവമായേ പരിഗണിക്കപ്പെടുന്നുള്ളൂ.

സമരത്തിന്‍റെ അന്ന് ഉച്ച കഴിഞ്ഞതോടെ 50 ആശാ പ്രവർത്തകർ സമരത്തിനായെത്തി. ആശുപത്രിയുടെ ഔട്ട് പേഷ്യന്‍റ് വിഭാഗത്തിന് പുറത്തുള്ള ഒരു കടയിൽ നിന്നും ചായ ആവശ്യപ്പെടുകയും ചെയ്തു. ആരാണ് പണം നൽകുക എന്ന് ആരെങ്കിലും ചോദിച്ചാൽ നീതു തമാശയായി പറയും ആറുമാസമായി പണം ലഭിക്കാത്തതുകൊണ്ട് തനിക്ക് കഴിയില്ലെന്ന്. എന്‍.ആര്‍.എച്.എം.ന്‍റെ 2005-ലെ നയമനുസരിച്ച് ആശ പ്രവര്‍ത്തകര്‍ ‘സന്നദ്ധപ്രവര്‍ത്തകര്‍’ ആണ്. പൂര്‍ത്തിയാക്കുന്ന ജോലികള്‍ക്കനുസരിച്ചാണ് അവരുടെ വേതനം. ആശാ പ്രവർത്തകർക്ക് നൽകിയിട്ടുള്ള നിരവധി ജോലികളിൽ അഞ്ചെണ്ണം മാത്രമാണ് ‘സ്ഥിരമായതും ആവർത്തിച്ചുവരുന്നതും’ ആയ വിഭാഗത്തിൽപ്പെടുന്നത്. പ്രതിമാസം മൊത്തത്തിൽ 2,000 രൂപ അവയ്ക്കുവേണ്ടി നൽകാമെന്ന് 2018 ഒക്ടോബറിൽ കേന്ദ്രസർക്കാർ സമ്മതിച്ചു – പക്ഷെ അപൂർവമായാണ് പണം നൽകുന്നത്.

അതുകൂടാതെ പൂർത്തിയാക്കിയ ജോലികൾക്കായും ആശ പ്രവർത്തകർക്ക് പണം നൽകുന്നുണ്ട്. മരുന്നിനെ പ്രതിരോധിക്കുന്ന ക്ഷയ രോഗികൾക്ക് പരമാവധി ആറു മുതൽ ഒമ്പത് മാസം വരെ മരുന്ന് നൽകുന്നതിന് പരമാവധി 5,000 രൂപവരെ ലഭിക്കും. ഒരു ഓ  ആർ എസ് പാക്കറ്റ് വിതരണം ചെയ്യുമ്പോൾ ഒരു രൂപ വീതവും ലഭിക്കും. ഗർഭകാല ഇടവേളകൾ പ്രോത്സാഹിക്കുന്നതിന് നൽകുന്നവയേക്കാൾ കൂടുതൽ കുടുംബാസൂത്രണ പ്രോത്സാഹന പ്രതിഫലം നൽകുന്നത് സ്ത്രീ വന്ധ്യംകരണ നടപടിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ്. ട്യൂബക്ടമി, വാസക്ടമി (യഥാക്രമം സ്ത്രീ-പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയകൾ) എന്നിവയ്ക്ക് 200 മുതൽ 300 രൂപവരെ പ്രോത്സാഹന പ്രതിഫലം ലഭിക്കുമ്പോൾ വെറും ഒരു രൂപയാണ് ഒരു പാക്കറ്റ് ഗർഭനിരോധന ഉറകൾ അല്ലെങ്കിൽ ഗർഭനിരോധന ഗുളികകൾ അല്ലെങ്കിൽ അടിയന്തിര ഗർഭനിരോധന ഗുളികകൾ വിതരണം ചെയ്യുമ്പോൾ ലഭിക്കുന്നത്. പൊതുവായ കുടുംബാസൂത്രണ കൗൺസലിങ്ങിന് പണമൊന്നുമില്ല – അത് ആവശ്യമുള്ളതും ആശ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം മടുപ്പുണ്ടാക്കുകയും സമയമെടുക്കുകയും ചെയ്യുന്ന ജോലിയാണെങ്കിൽ പോലും.

Sunita Rani (centre) with other ASHA facilitators.'The government should recognise us officially as employees', she says
PHOTO • Pallavi Prasad

സുനിതാ റാണി ( മദ്ധ്യത്തിൽ ) മറ്റ് ആശാ പ്രവർത്തകർക്കൊപ്പം . ‘ സർക്കാർ ഞങ്ങളെ ഔദ്യോഗികമായി ജോലിക്കാരായി പരിഗണിക്കണം ’, അവർ പറയുന്നു

ദേശീയവ്യാപകമായും പ്രാദേശികതലത്തിലും ചെയ്ത നിരവധി സമരങ്ങൾക്ക് ശേഷം വിവിധ സംസ്ഥാനങ്ങൾ തങ്ങളുടെ ആശാ പ്രവർത്തകർക്ക് പ്രതിമാസം ഒരു നിശ്ചിത സ്റ്റൈപൻഡ് കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്. രാജ്യവ്യാപകമായി ഇക്കാര്യത്തിൽ വ്യത്യാസങ്ങളുമുണ്ട്: കർണ്ണാടകയിലെ 4,000 രൂപയിൽ തുടങ്ങി ആന്ധ്ര പ്രദേശിലെ 10,000 രൂപ വരെ. ഹരിയാനയിൽ ഓരോ ആശാ പ്രവർത്തകയ്ക്കും 2018 ജനുവരി മുതൽ പ്രതിമാസം നാലായിരം രൂപവീതം സംസ്ഥാന സർക്കാരിൽ നിന്നും സ്റ്റൈപൻഡ് ആയി ലഭിക്കുന്നു.

“എൻ.ആർ.എച്.എം. നയമനുസരിച്ച് ആശാ പ്രവർത്തകർ ഒരു ദിവസം മൂന്നു മുതൽ നാലു മണിക്കൂർ വരെയും ആഴ്ചയിൽ നാലു മുതൽ അഞ്ചു ദിവസം വരെയും ജോലി ചെയ്യണം. പക്ഷെ ഇവിടെയുള്ള ആർക്കും അവർ അവസാനം അവധിയെടുത്ത ദിവസം ഓർമ്മിക്കാൻ കഴിയില്ല. ഞങ്ങളെ എങ്ങനെയാണ് ആണ് സാമ്പത്തികമായി പിന്തുണയ്ക്കുന്നത്?”, സദസ്സിൽ ചർച്ചക്ക് വഴി വെച്ചുകൊണ്ട് സുനിത ഉറക്കെ ചോദിച്ചു. ഒരുപാട് സ്ത്രീകൾ തുറന്നു സംസാരിച്ചു. സർക്കാരിൽ നിന്ന് പ്രതിമാസം ലഭിക്കേണ്ട സ്റ്റൈപൻഡ് 2019 സെപ്തംബർ മുതൽ ചിലർക്ക് ലഭിക്കുന്നില്ല. ചെയ്ത ഓരോ ജോലിക്കും ലഭിക്കേണ്ട പ്രോത്സാഹന പ്രതിഫലം മറ്റു ചിലർക്ക് എട്ടു മാസങ്ങളായി ലഭിച്ചിട്ടില്ല.

പല ആശാ പ്രവർത്തകർക്കും തങ്ങൾക്ക് എത്രയാണ് കിട്ടാനുള്ളതെന്ന് പോലും അറിയില്ല. “പണം പല തുകകളായി, പലപ്പോഴായി രണ്ട് വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നാണ് വരുന്നത് (സംസ്ഥാന സർക്കാരിൽ നിന്നും കേന്ദ്രസർക്കാരിൽ നിന്നും). ഏത് പണം എപ്പോഴാണ് കിട്ടാനുള്ളതെന്ന് ഓരാൾ മറന്നു പോകുന്നു”, നീതു പറഞ്ഞു. ഇനിയും കിട്ടാനുള്ള, സമയത്തു ലഭിക്കാത്ത, ഈ നിസ്സാര തുകയുടെ പേരിൽ വ്യക്തിപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നു. ഇടസമയങ്ങളിൽ ചെയ്യുന്ന, മണിക്കൂറുകൾ നീണ്ട, ആനുപാതികമായി പ്രതിഫലം ലഭിക്കാത്ത ഇങ്ങനൊരു ജോലിയുടെ പേരിൽ മിക്കവരും വീടുകളിൽ നിന്ന് പഴി കേൾക്കുന്നു. കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദത്തിനു വഴങ്ങി ചിലർ പദ്ധതി ഉപേക്ഷിച്ചിട്ടുണ്ട്.

ഇതിനുപുറമേ ആശാ പ്രവർത്തകർ 100 മുതൽ 250 രൂപ വരെ പ്രതിദിനം യാത്രയ്ക്കായി ചിലവഴിക്കുന്നു. അത് വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി വിവിധ ഉപ കേന്ദ്രങ്ങളിൽ പോകുന്നതിനാവാം, അല്ലെങ്കിൽ രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നതിനാവാം. “കുടുംബാസൂത്രണ യോഗങ്ങൾക്കായി ഞങ്ങൾ ഗ്രാമങ്ങളിൽ പോകുമ്പോൾ അവിടെ ചൂടും വെയിലും ഉണ്ടാവും. കഴിക്കാനും തണുത്തതെന്തെങ്കിലും കുടിക്കാനും ഞങ്ങൾ ക്രമീകരിക്കും എന്ന് സ്ത്രീകൾ പൊതുവെ പ്രതീക്ഷിക്കുന്നു. അങ്ങനെ ഞങ്ങൾക്കിടയിൽ നിന്നുതന്നെ പിരിച്ച് 400-500 രൂപ ലഘുഭക്ഷണത്തിനായി ക്രമീകരിക്കുന്നു. ഞങ്ങളിത് ചെയ്തില്ലെങ്കിൽ സ്ത്രീകൾ വരില്ല”, ശീതൾ പറഞ്ഞു.

രണ്ടര മണിക്കൂർ നീണ്ട സമരം കൊണ്ട് അവരുടെ ആവശ്യങ്ങൾ വ്യക്തമാണ്: സർക്കാരിന്‍റെ പട്ടികയിൽ ചേർത്തിട്ടുള്ള സ്വകാര്യ ആശുപത്രികളിൽ നിന്നും സേവനങ്ങൾ ലഭിക്കാൻ ഒരു ഹെൽത്ത് കാർഡ് ആശാ വർക്കർമാർക്കും അവരുടെ കുടുംബങ്ങൾക്കും നൽകുക; അവർ പെൻഷന് യോഗ്യരാണെന്ന് ഉറപ്പുവരുത്തുക; ചെറിയ കോളങ്ങളുള്ള, ഒരു കൃത്യതയുമില്ലാതെ രണ്ടു പുറങ്ങളിലുള്ള ഷീറ്റുകൾക്കു പകരം തങ്ങളുടെ ജോലികൾക്കായി പ്രത്യേക പ്രൊഫോർമകൾ നൽകുക. ഗർഭനിരോധന ഉറകളും സാനിറ്ററി നാപ്കിനുകളും വീടുകളിൽ സൂക്ഷിക്കാൻ നിർബന്ധിതരാകാതിരിക്കാൻ ഉപകേന്ദ്രങ്ങളിൽ അലമാര സ്ഥാപിക്കുക. നീതുവിന്‍റെ അലമാരയിൽ സൂക്ഷിച്ചരുന്ന ബലൂണുകളെപ്പറ്റി ഹോളിക്ക് മൂന്ന് ദിവസങ്ങൾക്കു മുൻപ് അവരുടെ മകൻ ചോദിച്ചിരുന്നു - ഗർഭനിരോധന ഉറകളാണ് പരാമർശിത വസ്തു.

കൂടാതെ, മറ്റുള്ളവർ തങ്ങളുടെ പ്രവർത്തനങ്ങളെ ബഹുമാനത്തോടെയും അംഗീകാരത്തോടെയും സമീപിക്കണമെന്ന് ആശാ പ്രവർത്തകർ വിചാരിക്കുന്നു

Many ASHAs have lost track of how much they are owed. Anita (second from left), from Kakroi village, is still waiting for her dues
PHOTO • Pallavi Prasad

പല ആശാ പ്രവർത്തകർക്കും തങ്ങൾക്ക് എത്രയാണ് കിട്ടാനുള്ളതെന്ന് പോലും അറിയില്ല . കാക്രോയി ഗ്രാമത്തിൽനിന്നുള്ള അനിത (ഇടത്) തനിക്ക് കിട്ടാനുള്ളതിനുവേണ്ടി ഇപ്പോഴും കാത്തിരിക്കുന്നു

ജില്ലയിലെ നിരവധി ആശുപത്രികളിലെ പ്രസവമുറികൾക്കു പുറത്ത് ഇങ്ങനെ എഴുതിയിരിക്കുന്നത് നിങ്ങൾക്ക് കാണാം, ‘No entry for ASHAs’ (ആശാപ്രവർത്തകർക്ക് പ്രവേശനമില്ല), ഛവി പറഞ്ഞു. “പ്രസവിക്കാൻ പോകുന്ന സ്ത്രീകളുടെ കൂടെ പാതിരാത്രിക്ക് ഞങ്ങൾ പോകുന്നു. അവർ ഞങ്ങളോടു പറയുന്നു തങ്ങാൻ, അവർക്ക് ആത്മവിശ്വാസമില്ല, ഞങ്ങളെ വിശ്വാസമുണ്ട്. പക്ഷെ ഞങ്ങൾക്ക് അകത്തു കയറാൻ അനുവാദമില്ല. ആശുത്രി ജീവനക്കാർ പറയുന്നു, ‘ചലോ അബ് നികലോ യഹാം സേ’ [ഇവിടെ നിന്ന് പോകൂ]. ഞങ്ങളവരേക്കാൾ കുറഞ്ഞവരാണെന്ന രീതിയിലാണ് ആശുപത്രി ജീവനക്കാർ ഞങ്ങളോട് പെരുമാറുന്നത്”, അവർ കൂട്ടിച്ചേർത്തു. പല ആശാ പ്രവർത്തകരും രാത്രിമുഴുവൻ ദമ്പതിമാരോടോ കുടുംബത്തോടോ ഒപ്പം തങ്ങുന്നു, പല പ്രാഥമിക, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പു കേന്ദ്രങ്ങൾ ഇല്ലെങ്കിൽപ്പോലും.

സമരസ്ഥലത്ത് അപ്പോൾ ഏകദേശം മൂന്നു മണിയാകാറായിരുന്നു. സ്ത്രീകൾ ഇരിപ്പുറയ്ക്കാൻ പറ്റാത്തവരായിത്തുടങ്ങി. അവർക്ക് തിരിച്ചു ജോലിയിൽ പ്രവേശിക്കണം. സുനിത അവസാനിപ്പിക്കാനായി ധൃതികൂട്ടി: “സർക്കാർ നമ്മളെ ഔദ്യോഗികമായി ജോലിക്കാരായി, സന്നദ്ധ പ്രവർത്തകരായല്ല, അംഗീകരിക്കണം. സർവ്വേകളുടെ ഭാരം അത് കുറയ്ക്കും. അങ്ങനെയെങ്കിൽ നമുക്ക് നമ്മുടെ ജോലി ചെയ്യാം. നമുക്ക് കിട്ടാനുള്ളത് അത് തരും.”

ഈ അഭിപ്രായത്തോടെ എല്ലാ ആശാ പ്രവർത്തകരും പോകാൻ തുടങ്ങി. "കാം പക്കാ, നൗക്കരി കച്ചി” , സുനിത അവസാനമായി ഒരിക്കൽക്കൂടി വിളിച്ചു. " നഹീം ചലേഗി , നഹീം ചലേഗി , ആദ്യത്തേതിനേക്കാൾ ഉച്ചത്തിൽ അവർ മറുവിളി കേട്ടു. "അവകാശങ്ങൾക്ക് വേണ്ടി ഹർത്താലിന്‍റെയന്ന് ഇരിക്കാൻ പോലും ഞങ്ങൾക്ക് സമയമില്ല. ക്യാമ്പുകളുടെയും സർവ്വേകളുടെ യും ഇടയ്ക്ക് വേണം ഞങ്ങൾക്ക് സമരത്തിന്‍റെ സമയം നിശ്ചയിക്കാൻ!”, തല ദുപ്പട്ട കൊണ്ട് മറയ്ക്കുന്നതിനിടയിൽ ശീതൾ ചിരിയോടെ പറഞ്ഞു. വീണ്ടും ദൈനംദിന വീട് സന്ദർശനങ്ങൾ ആരംഭിക്കാൻ അവർ തയ്യാറായിരിക്കുന്നു.

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ zahra@ruralindiaonline.org എന്ന മെയിലിലേക്ക് namita@ruralindiaonline.org എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത് എഴുതുക .

പരിഭാഷ:റെന്നിമോന്‍ കെ. സി.

அனுபா போன்ஸ்லே, 2015 ல் பாரியின் நல்கையை பெற்றவர். சுதந்திர பத்திரிகையாளர் மற்றும் ICFJ Knight நல்கையை பெற்றவர். இவருடைய Mother, where's my country? என்கிற புத்தகம் மணிப்பூரின் சிக்கலான வரலாறு, ஆயுதப் படைகளின் சிறப்பு அதிகார சட்டம் , அதன் தாக்கம் போன்றவற்றை பேசும் புத்தகம்.

Other stories by Anubha Bhonsle
Pallavi Prasad

பல்லவி பிரசாத் மும்பையை சேர்ந்த சுயாதீன பத்திரிகையாளர். யங் இந்தியாவின் மானியப் பணியாளர். லேடி ஸ்ரீராம் கல்லூரியின் ஆங்கில இலக்கிய பட்டதாரி. பாலினம், பண்பாடு மற்றும் மருத்துவம் குறித்து எழுதி வருகிறார்.

Other stories by Pallavi Prasad
Illustration : Priyanka Borar

ப்ரியங்கா போரர், தொழில்நுட்பத்தில் பல விதமான முயற்சிகள் செய்வதன் மூலம் புதிய அர்த்தங்களையும் வெளிப்பாடுகளையும் கண்டடையும் நவீன ஊடக கலைஞர். கற்றுக் கொள்ளும் நோக்கிலும் விளையாட்டாகவும் அவர் அனுபவங்களை வடிவங்களாக்குகிறார், அதே நேரம் பாரம்பரியமான தாள்களிலும் பேனாவிலும் அவரால் எளிதாக செயல்பட முடியும்.

Other stories by Priyanka Borar
Editor : Hutokshi Doctor
Series Editor : Sharmila Joshi

ஷர்மிளா ஜோஷி, PARI-ன் முன்னாள் நிர்வாக ஆசிரியர் மற்றும் எழுத்தாளர். அவ்வப்போது கற்பிக்கும் பணியும் செய்கிறார்.

Other stories by Sharmila Joshi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.