നോസുമുദ്ദീൻ കരഞ്ഞു. അദ്ദേഹം ആദ്യമായി അകലെ പോവുകയായിരുന്നു. തന്റെ സ്വന്തം വീട്ടിൽ നിന്നും 10-12 കിലോമീറ്റർ അകലെ – മാതാപിതാക്കളെ വിട്ട്. 7-ാം വയസ്സിൽ ഇത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. "എനിക്ക് വളരെ ബുദ്ധിമുട്ട് തോന്നി, ഞാൻ കരഞ്ഞു. വീടും കുടുംബവും വിട്ടു പോകുന്നത് എന്നെ കണ്ണീരിലാഴ്ത്തി”, അദ്ദേഹം ഓർമ്മിച്ചു.
അദ്ദേഹത്തെ ഒരു കാലിനോട്ടക്കാരനായി അയയ്ക്കുകയായിരുന്നു. "എന്റെ കുടുംബം വളരെ ദരിദ്രമായിരുന്നു. കുടുംബത്തിന് മറ്റ് മാർഗ്ഗമില്ലായിരുന്നു”, ഇപ്പോൾ 41 വയസ്സുള്ള നോസിമുദ്ദീൻ ശേഖ് പറഞ്ഞു. "ഞങ്ങൾക്ക് തരാൻ മതിയായ ഭക്ഷണം ഇല്ലായിരുന്നു. മിക്ക ദിവസങ്ങളിലും ഒരു നേരമാണ് ഞങ്ങൾ കഴിച്ചത്. ഞങ്ങളുടെ ഗ്രാമത്തിൽ കുറച്ച് കുടുംബങ്ങൾക്കേ അക്കാലത്ത് രണ്ട് നേരം കഴിക്കാൻ കഴിഞ്ഞുള്ളൂ.” വിദ്യാഭ്യാസം അദ്ദേഹത്തിന്റെ സങ്കൽപ്പത്തിനപ്പുറത്തായിരുന്നു: "അക്കാലത്ത് സ്ക്കൂളിൽ പോകുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല. എന്റെ കുടുംബത്തിന്റെ അവസ്ഥ അത്ര മോശമായിരുന്നു. സ്ക്കൂളിൽ പോകാൻ ഞങ്ങൾക്കെങ്ങനെ സാധിക്കാൻ?”
അങ്ങനെ അദ്ദേഹം ആസാമിലെ (അന്നത്തെ) ധുബ്രി ജില്ലയിലെ തന്റെ ഉരാർഭുയി ഗ്രാമത്തിലെ ചെറിയ കുടിലിൽ നിന്നും ഇറങ്ങി മനുല്ലാപാര ഗ്രാമത്തിലേക്ക് 3 രൂപ ടിക്കറ്റെടുത്ത് ബസ് കയറി. അവിടെ അദ്ദേഹത്തിന്റെ തൊഴിലുടമയ്ക്ക് 7 പശുക്കളും 12 ബിഘ (ഏകദേശം 4 ഏക്കർ) സ്ഥലവും ഉണ്ടായിരുന്നു. "കാലിനോട്ടക്കാരനായുള്ള ജീവിതം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ആ പ്രായത്തിൽ എനിക്ക് ഒരുപാട് മണിക്കൂറുകൾ പണിയെടുക്കേണ്ടി വന്നു. ചിലപ്പോൾ എനിക്ക് മതിയായ ഭക്ഷണം കിട്ടിയിരുന്നില്ല. അല്ലെങ്കിൽ പഴകിയ ഭക്ഷണമായിരുന്നു. തൊഴിലുടമയ്ക്ക് എല്ലാ വർഷവും 100-120 മൻ നെല്ല് കിട്ടുമായിരുന്നു. 4 വർഷങ്ങൾക്ക് ശേഷം അവർ എനിക്ക് 2 മൻ തരാൻ തുടങ്ങി” – ഏകദേശം 80 കിലോ. മാർച്ച് മുതൽ നവംബർ വരെയുള്ള കാർഷിക കാലത്തിന്റെ അവസാനമായിരുന്നു ഇത്.
കുടുംബത്തിലെ ചെറു ബാലന്മാരെ കാലിനോട്ടക്കാരായി അയയ്ക്കുന്നത് കുറച്ചു ദശകങ്ങൾക്കു മുമ്പുവരെ ആസാം-മേഘാലയ അതിർത്തി ഗ്രാമ പ്രദേശങ്ങളിലെ ഒരു പ്രവണതയായിരുന്നു. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെ മാതാപിതാക്കൾ സമ്പന്നരായ കർഷകർക്ക് കാലിനോട്ടക്കാരായി ‘പണിയെടുക്കാൻ’ ‘നൽകുമായിരുന്നു’. ഈ സമ്പ്രദായത്തെ പ്രാദേശികമായി പേട്ഭാത്തി (അക്ഷരാർത്ഥത്തിൽ ‘ചോറ് കൊണ്ട് വയർ നിറയ്ക്കുക) എന്ന് വിളിച്ചിരുന്നു.
നോസുമുദ്ദീന്റെ ഇളയ രണ്ട് സഹോദരന്മാരെയും സ്വന്തം ഗ്രാമമായ ഉരാർഭുയിയിൽ കാലിനോട്ടക്കാരായി അയച്ചിരുന്നു. അദ്ദേഹത്തിന്റെ അച്ഛനായ ഹുസൈൻ അലി (കഴിഞ്ഞ മാസം 80-ാം വയസ്സിൽ മരിച്ചു) ഭൂരഹിതനായ ഒരു കർഷകനായിരുന്നു. വിള പങ്കുവയ്ക്കൽ സമ്പ്രദായപ്രകാരം, പാട്ടത്തിനെടുത്ത 7-8 ബിഘാ ഭൂമിയിൽ അദ്ദേഹം കൃഷി ചെയ്തിരുന്നു. (അമ്മയായ നാസിറ ഖാത്തൂൻ വീട്ടമ്മയാണ്, 2018-ൽ മരിച്ചു).
നോസുമുദ്ദീൻ കഠിനാദ്ധ്വാനി ആയിരുന്നു. കാലിനോട്ടക്കാരനായുള്ള അദ്ദേഹത്തിന്റെ ജോലി രാവിലെ ഏകദേശം 4 മണിക്ക് ആരംഭിക്കുമായിരുന്നു. “രാവിലെയുള്ള പ്രാർത്ഥനയുടെ സമയത്താണ് ഞാൻ എഴുന്നേറ്റിരുന്നത്”, അദ്ദേഹം പറഞ്ഞു. വൈക്കോലും കടുകിൻ പിണ്ണാക്കും കൂട്ടിക്കലർത്തി അദ്ദേഹം രാവിലെ കാലിത്തീറ്റ ഉണ്ടാക്കും. തൊഴുത്ത് വൃത്തിയാക്കും. ഭൂവുടമയുടെ സഹോദരന്മാരോടൊപ്പം പശുക്കളെയും കൊണ്ട് പാടത്തേക്ക് പോകും. അവിടെ അദ്ദേഹം പുല്ല് പറിക്കുകയും പശുക്കൾക്ക് വെള്ളം കൊടുക്കുകയും മറ്റു പണികൾ പൂർത്തിയാക്കുകയും ചെയ്യും. പകലത്തെ ഭക്ഷണം പാടത്തേക്ക് കൊടുത്തയയ്ക്കുമായിരുന്നു. വിളവെടുപ്പ് കാലത്ത് ചില ദിവസങ്ങളിൽ അദ്ദേഹം പാടത്ത് വളരെ വൈകുന്നിടം വരെ പണിയെടുത്തിരുന്നു. ദിവസം മുഴുവൻ പണിയെടുത്ത് ഞാൻ ക്ഷീണിച്ചിരുന്നു. രാത്രി മതിയായ ഭക്ഷണം കിട്ടിയില്ലെങ്കിൽ, അല്ലെങ്കിൽ പഴകിയ ഭക്ഷണം ലഭിച്ചാൽ നിങ്ങൾക്കെന്ത് തോന്നും? ഞാൻ നിസ്സഹായനായിരുന്നു.”
പലപ്പോഴും കാലിത്തൊഴുത്തിലെ മുളംകട്ടിലിൽ കച്ചി കൊണ്ടും പഴയ തുണികൾ കൊണ്ടും ഉണ്ടാക്കിയ തലയിണയിൽ കിടന്നുകൊണ്ട് രാത്രികൾ കരഞ്ഞു തീർക്കുമായിരുന്നു.
എല്ലാ 2-3 മാസങ്ങൾ കൂടുമ്പോഴും സ്വന്തം ഗ്രാമത്തിൽ പോകാൻ അനുവദിച്ചിരുന്നു. "2-3 ദിവസങ്ങൾ ഞാൻ തങ്ങുമായിരുന്നു”, അദ്ദേഹം പറഞ്ഞു. "വീണ്ടും വീട്ടിൽ നിന്ന് പോകുമ്പോൾ എനിക്ക് വിഷമം തോന്നുമായിരുന്നു.”
നോസുമുദ്ദീന് 15 വയസ്സ് ഉള്ളപ്പോൾ അച്ഛൻ അദ്ദേഹത്തെ പുതിയ തൊഴിലുടമയുടെ കീഴിലാക്കി. ഇത്തവണ അദ്ദേഹത്തെ അയച്ചത് മാനുല്ലപാര ഗ്രാമത്തിലെ കർഷകനും ബിസിനസുകാരനുമായ ഒരാളുടെ വീട്ടിലേക്കാണ്. അയാൾക്ക് 30-35 ബിഘ സ്ഥലവും ഒരു തുണിക്കടയും മറ്റ് ബിസിനസുകളും ഉണ്ടായിരുന്നു. "പുതിയ സ്ഥലത്തേക്ക് വീണ്ടും പോകുമ്പോൾ എനിക്ക് വീട്ടിൽ തിരിച്ചെത്താൻ തോന്നുകയും ഞാൻ കരയുകയും ചെയ്തു. പുതിയ തൊഴിലുടമ എന്നെ കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും രണ്ടുരൂപ ദാനമായി നൽകുകയും ചെയ്തു. പിന്നീട് ഞാൻ ചോക്ലേറ്റ് വാങ്ങി. അതെന്നെ സന്തോഷ ഭരിതനാക്കി. കുറച്ചു ദിവസങ്ങൾക്ക് ശേഷം എനിക്ക് മെച്ചപ്പെട്ട അവസ്ഥ തോന്നുകയും അവരുമായി പൊരുത്തപ്പെടുകയും ചെയ്തു.”
വീണ്ടും ഭക്ഷണവും കാലിത്തൊഴുത്തിൽ ഉറങ്ങാനൊരിടവും വിളവെടുപ്പ് കാലത്തിന്റെ അവസാനം രണ്ട് ചാക്ക് അരിയും പണമായി 400 രൂപയും ആയിരുന്നു 'വാർഷിക ശമ്പള പാക്കേജ്’. കാലി മേയ്ക്കലും കാലിത്തൊഴുത്ത് വൃത്തിയാക്കലുമായിരുന്നു അദ്ദേഹത്തിന്റെ ദൈനംദിന ജോലി. പക്ഷെ നോസുമുദ്ദീന്റെ ജീവിതം കുറച്ചുകൂടി മെച്ചപ്പെട്ടു. അപ്പോൾ 15 വയസ്സ് ഉണ്ടായിരുന്ന അദ്ദേഹത്തിന് കുറച്ചുകൂടി നന്നായി ജോലി ചെയ്യാൻ കഴിയുമായിരുന്നു. അതിലുപരിയായി തന്റെ തൊഴിലുടമ ദയാലുവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ള ഭക്ഷണത്തിൽ ഉൾപ്പെടുന്നത് ചൂട് ചോറും പച്ചക്കറികളും മീൻ അല്ലെങ്കിൽ ഇറച്ചി എന്നിവയായിരുന്നു – മുൻ തൊഴിലുടമ നൽകിയിരുന്ന പഴകിയ ചോറല്ല. "ഞാൻ അവരെ ചന്തയിലേക്ക് അനുഗമിക്കുകയാണെങ്കിൽ എനിക്ക് രസഗുള ലഭിക്കുമായിരുന്നു. ഈദിന് പുതിയ വസ്ത്രങ്ങൾ ലഭിക്കുമായിരുന്നു. എനിക്ക് അവരുടെ സ്വന്തം കുടുംബാംഗത്തെപ്പോലെ തോന്നി.”
പക്ഷേ അദ്ദേഹത്തിൻറെ അച്ഛന് മറ്റ് പദ്ധതികൾ ഉണ്ടായിരുന്നു. രണ്ട് വർഷത്തിനു ശേഷം അപ്പോൾ 17 വയസ്സായിരുന്ന നോസുമുദ്ദീനെ മറ്റൊരു വീട്ടിലേക്ക് അയച്ചു. ഇത്തവണ സ്വന്തം ഗ്രാമമായ ഉരാർഭുയിയിലേക്കായിരുന്നു. ഗ്രാമ പഞ്ചായത്തിന്റെ മുഖ്യൻ 1,500 രൂപയും, അതിന്റെകൂടെ സാധാരണ ലഭിച്ചു കൊണ്ടിരുന്നതു പോലെ അരിയും, വാർഷിക ശമ്പളമായി നൽകി അദ്ദേഹത്തെ ജോലിക്കു വച്ചു. വിളവെടുപ്പ് സമയത്തിന്റെ അവസാനമായിരുന്നു അരി നൽകിയിരുന്നത്.
ഒരുവർഷംകൂടി കടന്നുപോയി
"ഞാൻ പലപ്പോഴും അദ്ഭുതപ്പെട്ടു എന്റെ ജീവിതം മുഴുവൻ അടിമയായി ജീവിക്കേണ്ടി വരുമോ എന്ന്. മറ്റൊരു മാർഗ്ഗവും ഞാൻ കണ്ടില്ല", നോസുമുദ്ദീൻ പറഞ്ഞു. അപ്പോഴും അദ്ദേഹത്തിന് പ്രതീക്ഷയുണ്ടായിരുന്നു – സ്വന്തമായി പണി ചെയ്യുക എന്ന സ്വപ്നം അദ്ദേഹം വളർത്തിയെടുത്തു. തന്റെ ഗ്രാമത്തിൽ നിന്നുള്ള ചെറിയ ആൺകുട്ടികൾ 1990-കളോടെ കുടിയേറിയിരുന്നത് അദ്ദേഹം ശ്രദ്ധിച്ചു. സർക്കാർ അനുവദിച്ച അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഭാഗമായി പ്രദേശത്ത് സാദ്ധ്യതകൾ ഉണ്ടായിരുന്നു. ചെറിയ ആൺകുട്ടികൾ കാലിനോട്ടക്കാരായി ജോലി ചെയ്യാൻ തയ്യാറല്ലായിരുന്നു. പട്ടണങ്ങളിലെയും നഗരങ്ങളിലെയും ചായക്കടകളിലും ഭക്ഷണ ശാലകളിലും പ്രതിമാസം 300-500 രൂപയ്ക്ക് ജോലി ചെയ്ത് ‘വലിയ’ തുകയുമായി അവർ വീട്ടിലേക്ക് മടങ്ങുമായിരുന്നു.
അവർ ബ്രാൻഡ് ന്യൂ റേഡിയോ കേൾക്കുകയും തിളങ്ങുന്ന വാച്ച് കെട്ടുകയും ചെയ്യുന്നത് കാണുമ്പോൾ നോസുമുദ്ദീൻ അസ്വസ്ഥനാകുമായിരുന്നു. ചിലർ സൈക്കിൾ പോലും വാങ്ങി. "അമിതാഭ് ബച്ചനേയും മിഥുൻ ചക്രവർത്തിയേയും പോലെ നീളമുള്ള തിളങ്ങുന്ന പാന്റ് ധരിച്ച് അവർ ആരോഗ്യവാന്മാരായി തോന്നി”, അദ്ദേഹം ഓർമ്മിച്ചു. "അവർ എന്താണ് ചെയ്യുന്നത്, എങ്ങനെയാണ് കാര്യങ്ങളൊക്കെ നീക്കുന്നത് എന്നറിയാനായി ഞാനവരോട് ചോദ്യങ്ങൾ ചോദിച്ചു. പിന്നീട് ഞാൻ അവരുടെ കൂടെ പോകാൻ തീരുമാനിച്ചു.”
തന്റെ വീട്ടിൽ നിന്നും 80 കിലോമീറ്റർ അകലെ മേഘാലയയിലെ ബാഘ്മാരയിൽ ജോലിയുണ്ടെന്ന കാര്യം നോസുമുദ്ദീൻ കണ്ടെത്തി. അദ്ദേഹം യാത്രയ്ക്കുള്ള വഴി രഹസ്യമായി അന്വേഷിക്കുകയും ഒരു പദ്ധതി രൂപീകരിക്കുകയും ചെയ്തു. "എനിക്ക് മാനസിക പിരിമുറുക്കം ഉണ്ടായിരുന്നു, പക്ഷെ ഞാൻ നിശ്ചയിച്ചുറപ്പിച്ചിരുന്നു. കുടുംബാംഗങ്ങൾ എന്നെ പിന്തുടരുമെന്നും പിന്തിരിപ്പിക്കുമെന്നും ആശങ്കയുള്ളതിനാൽ ഞാൻ വീട്ടിലാരേയും അറിയിച്ചില്ല.”
ഒരു ദിവസം രാവിലെ കാലികളെ മേയ്ക്കാൻ കൊണ്ടുപോകുന്നതിന് പകരം നോസുമുദ്ദീൻ ഓടാൻ തുടങ്ങി. "പുറത്ത് ജോലി ചെയ്യുന്നതിനെക്കുറിച്ച് ഞാൻ സംസാരിച്ച പയ്യന്മാരിൽ ഒരാളോടൊപ്പം ഞാനവിടം വിട്ടു. ഹത്സിoഗിമാരി പട്ടണത്തിലെ ബസ് സ്റ്റോപ്പിൽ എത്തുന്നതുവരെ ഞങ്ങൾ ഓടി.” അവിടെ നിന്നും ബാഘ്മാരയിലേക്കുള്ള യാത്രയ്ക്ക് 9 മണിക്കൂർ എടുത്തു. "ഞാനൊന്നും കഴിച്ചില്ല. 17 രൂപ ടിക്കറ്റിന് വേണ്ട പണംപോലും എന്റെ പക്കൽ ഉണ്ടായിരുന്നില്ല. ബാഘ്മാരയിൽ എത്തിയ ശേഷം എന്റെ ഗ്രാമത്തിൽ നിന്നുള്ള മറ്റൊരു പയ്യന്റെ പക്കൽ നിന്നാണ് ഞാൻ ആ പണം കടം വാങ്ങിയത്.”
‘ഞാൻ പലപ്പോഴും അദ്ഭുതപ്പെട്ടു എന്റെ ജീവിതം മുഴുവൻ അടിമയായി ജീവിക്കേണ്ടി വരുമോ എന്ന്. പക്ഷെ, മറ്റൊരു മാർഗ്ഗവും ഞാൻ കണ്ടില്ല’, നോസുമുദ്ദീൻ പറഞ്ഞു. അപ്പോഴും അദ്ദേഹത്തിന് പ്രതീക്ഷയുണ്ടായിരുന്നു – സ്വന്തമായി പണി ചെയ്യുന്ന സ്വപ്നം അദ്ദേഹം വളർത്തിയെടുത്തു’
കാലിയായ പോക്കറ്റും വയറുമായി തന്റെ സ്വപ്ന ലക്ഷ്യത്തിൽ, റോമോനി ചായക്കടയുടെ മുമ്പിൽ, ഒരു ബസിൽ നോസുമുദ്ദീൻ വന്നിറങ്ങി. വിശന്ന കണ്ണുകളുമായി ഒറ്റയ്ക്കൊരു ആൺകുട്ടിയെ കണ്ടപ്പോൾ കടയുടമ അകത്തേക്കു ചെല്ലാനുള്ള അടയാളം കാണിച്ചു. നോസുമുദ്ദീന് ഭക്ഷണവും താമസിക്കാനൊരു സ്ഥലവും പാത്രം വൃത്തിയാക്കുന്ന ആളായി ജോലിയും നൽകി.
ആദ്യത്തെ രാത്രി നോസുമുദ്ദീന് കണ്ണീരിന്റെ രാത്രിയായിരുന്നു. ഗ്രാമത്തിലെ തന്റെ തൊഴിലുടമയിൽ നിന്നും ശമ്പള ഇനത്തിൽ കിട്ടാനുള്ള 1,000 രൂപയെക്കുറിച്ചോർത്ത് അദ്ദേഹം കരഞ്ഞു. അതു മാത്രമായിരുന്നു അദ്ദേഹത്തിന് ആ സമയത്ത് താൽപ്പര്യമുള്ള ഒരേയൊരു കാര്യം. "എനിക്ക് വളരെ ബുദ്ധിമുട്ട് തോന്നി. കിനാദ്ധ്വാനം ചെയ്തുണ്ടാക്കിയതായിട്ടും അത്രയും വലിയ തുക പാഴാക്കി.”
മാസങ്ങൾ കഴിഞ്ഞു. ചായക്കപ്പുകളും പ്ലേറ്റുകളും കഴുകാനും അവ ഒരു മേശയിൽ അടുക്കാനും അദ്ദേഹം പഠിച്ചു. ചൂട് ചായ എങ്ങനെയുണ്ടാക്കണമെന്നും പഠിച്ചു. അദ്ദേഹത്തിന് മാസം 500 രൂപ നൽകി. അത് മുഴുവൻ അദ്ദേഹം സമ്പാദിച്ചു. "1,500 രൂപ സമ്പാദിച്ചപ്പോൾ വീണ്ടും മാതാപിതാക്കളെ കാണാനുള്ള സമയമായെന്ന് എനിക്ക് തോന്നി. ആ തുക അവർക്ക് ഒരുപാട് സഹായമാകുമെന്ന് എനിക്ക് അറിയാമായിരുന്നു. കൂടാതെ, വീട്ടിൽ പോകാൻ ഞാൻ തീവ്രമായി ആഗ്രഹിച്ചിരുന്നു.”
വീട്ടിൽ തിരിച്ചെത്തിയ ശേഷം സമ്പാദ്യം മുഴുവൻ അദ്ദേഹം അച്ഛന് നൽകി. വലിയൊരു കാലത്തെ ബാദ്ധ്യത തീർക്കാൻ കുടുംബത്തിന് സാധിച്ചുവെന്നും നാടുവിട്ടതിന് കുടുംബം തന്നോട് ക്ഷമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഒരുമാസത്തിന് ശേഷം നോസുമുദ്ദീൻ ബാഘ്മാരയിലേക്ക് മടങ്ങി പോവുകയും മറ്റൊരു ചായക്കടയിൽ 1,000 രൂപ ശമ്പളത്തിൽ പാത്രം കഴുകുകയും വൃത്തിയാക്കുകയും ചെയ്യുന്ന ജോലി കണ്ടെത്തുകയും ചെയ്തു. പെട്ടെന്ന് തന്നെ അദ്ദേഹത്തിന് വെയ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ചു. പുറത്ത് ചായയും മധുരവും പലഹാരങ്ങളും (പൂരി-സബ്ജി, പൊറോട്ട, സമോസ, രസമലായ്, രസഗുള എന്നിങ്ങനെയുള്ളവ) നൽകുന്നിടത്തായി അദ്ദേഹത്തിന്റെ ജോലി. രാവിലെ 4 മണി മുതൽ രാത്രി 8 മണി വരെയായിരുന്നു ജോലി സമയം. എല്ലാ ജോലിക്കാരും വെയ്റ്റർമാരും ഭക്ഷണ ശാലയിൽ തന്നെയാണ് കിടന്നുറങ്ങിയത്.
അദ്ദേഹം ഏതാണ്ട് 4 വർഷം ഇവിടെ ജോലി ചെയ്യുകയും വീട്ടിലേക്ക് കൃത്യമായി പണം അയച്ചു കൊടുക്കുകയും ചെയ്തു. ഏകദേശം 4,000 രൂപ സമ്പാദിച്ചപ്പോൾ നോസുമുദ്ദീൻ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.
സമ്പാദിച്ച പണം കൊണ്ട് അദ്ദേഹം ഒരു കാളയെ വാങ്ങുകയും പാട്ടത്തിനെടുത്ത നിലം ഉഴുതാൻ തുടങ്ങുകയും ചെയ്തു. തന്റെ ഗ്രാമത്തിലെ ഒരേയൊരു ജോലി സാദ്ധ്യത അതായിരുന്നു. ഉഴുതുക, വിതയ്ക്കുക, വൃത്തിയാക്കുക എന്നീ ജോലികൾ ദിവസം മുഴുവനും അദ്ദേഹത്തെ പാടത്ത് തിരക്കുള്ളവനാക്കി തീർത്തു.
ഒരു ദിവസം രാവിലെ ഒരുകൂട്ടം ഹൽവായിമാർ (മധുര പദാർത്ഥങ്ങൾ ഉണ്ടാക്കുന്നവർ) അദ്ദേഹം പണിയെടുക്കുന്ന പാടത്തിന് സമീപത്തു കൂടെ നടന്നു പോവുകയായിരുന്നു. "വലിയ അലൂമിനിയം പാത്രങ്ങളിൽ എന്താണ് കൊണ്ടുപോകുന്നതെന്ന് ഞാൻ ചോദിച്ചു. അത് രസഗുളകൾ ആണെന്ന് അദ്ദേഹം പറഞ്ഞു. അതൊരു ലാഭകരമായ ഇടപാടാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ജോലി ചെയ്തിരുന്ന ചായക്കടയിൽ രസഗുളകൾ ഉണ്ടാക്കുമായിരുന്നു, പക്ഷെ അതെങ്ങനെ ഉണ്ടാക്കുമെന്ന് പഠിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചില്ല എന്നോർത്തപ്പോൾ എനിക്ക് പശ്ചാതാപം തോന്നി.”
നോസുമുദ്ദീന് അപ്പോൾ ‘സ്ഥിരതാമസം’ വേണമെന്ന് തോന്നി. "എന്റെ പ്രായത്തിലുള്ള ആണുങ്ങൾ [20-കളുടെ തുടക്കത്തിൽ ഉള്ളവർ] വിവാഹിതരാവുകയായിരുന്നു. അവരിൽ ചിലർക്ക് പ്രണയമുണ്ടായിരുന്നു. ഒരു ജീവിതപങ്കാളിയെ കണ്ടുപിടിക്കണമെന്നും വീട് ഉണ്ടാക്കണമെന്നും കുട്ടികളോടൊപ്പം സന്തോഷകരമായി ജീവിക്കണമെന്നും എനിക്ക് തോന്നി.” ഒരു കർഷകന്റെ പാടത്ത് വെള്ളം നനയ്ക്കുകയായിരുന്ന ഒരു സ്ത്രീയിൽ അദ്ദേഹം ആകൃഷ്ടനായി. പച്ചപ്പ് നിറഞ്ഞ സമൃദ്ധമായ നെൽപ്പാടങ്ങളിൽ പണിയുമ്പോൾ അദ്ദേഹം അവളെ നോക്കുമായിരുന്നു. ഒരു ദിവസം ധൈര്യം സംഭരിച്ച് അദ്ദേഹം അവളെ സമീപിച്ചു. അത് ദൗർഭാഗ്യകരമായി. അവൾ ഓടിപ്പോയി. അടുത്ത ദിവസം മുതൽ ജോലി ചെയ്യുന്നതും നിർത്തി.
"അവളെ വീണ്ടും കാണാനായി ഞാൻ കാത്തു നിന്നു. പക്ഷെ അവൾ ഒരിക്കലും പ്രത്യക്ഷപ്പെട്ടില്ല", അദ്ദേഹം ഓർമ്മിച്ചു. "പിന്നെ ഞാനെന്റെ അളിയനോട് സംസാരിച്ചു. അദ്ദേഹം എനിക്കായി ഒരു ഇണയെ അന്വേഷിക്കാൻ തുടങ്ങി.” ഇപ്പോൾ 35 വയസ്സുള്ള ബാലി ഖാത്തൂനുമായി അദ്ദേഹത്തിന്റെ വിവാഹം ഉറപ്പിച്ചു. അടുത്ത ഗ്രാമത്തിലെ ഒരു ഹൽവായിയുടെ മകളായിരുന്നു അവർ. (ഭാര്യയുടെ ആന്റിയോടാണ് തനിക്ക് ആദ്യം താൽപ്പര്യം തോന്നിയത് എന്ന് അദ്ദേഹത്തിന് പിന്നീട് മനസ്സിലായി).
മധുര പദാർത്ഥങ്ങൾ എങ്ങനെയാണ് നിർമ്മിക്കുന്നതെന്ന് ഭാര്യയുടെ കുടുംബത്തിൽ നിന്നും പഠിക്കാൻ വിവാഹം മൂലം അദ്ദേഹത്തിന് അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ സ്വതന്ത്ര പരിശ്രമം ആരംഭിച്ചത് മൂന്ന് ലിറ്റർ പാല് കൊണ്ടാണ്. അദ്ദേഹം 100 രസഗുള ഉണ്ടാക്കി. വീടുവീടാന്തരം കയറിയിറങ്ങി ഓരോന്നും ഓരോ രൂപയ്ക്ക് വിറ്റു. 50 രൂപ ലാഭവും ഉണ്ടാക്കി.
ഇത് പെട്ടെന്ന് അദ്ദേഹത്തിന്റെ സ്ഥിര വരുമാന സ്രോതസ്സായി മാറി. കാലങ്ങൾ കഴിഞ്ഞപ്പോൾ ഇതദ്ദേഹത്തെ കുടുംബത്തിന്റെ ചില കടങ്ങൾ തീർക്കുന്നതിനും ആവർത്തിച്ചു വരുന്ന വെള്ളപ്പൊക്കം കൊണ്ടും വരൾച്ച കൊണ്ടുമുണ്ടായ കാർഷിക നഷ്ടം നികത്തുന്നതിനും സഹായിച്ചു.
2005-ൽ നോസുമുദ്ദീൻ (അന്ന് ഏകദേശം 25 വയസ്സ്) ഏകദേശം 35 കിലോമീറ്റർ അകലെയുള്ള മഹേന്ദ്രഗഞ്ചിലേക്ക് യാത്ര തിരിച്ചു. മേഘാലയയിലെ തെക്ക്-പടിഞ്ഞാറൻ ഗാരോ ഹിൽസ് ജില്ലയിലെ ഒരു അതിർത്തി പട്ടണമാണിത്. അവിടെ മധുരക്കച്ചവടം നന്നായി നടക്കുമെന്ന് അദ്ദേഹം കേട്ടിരുന്നു. പക്ഷെ പട്ടണത്തിൽ ഒരു അപരിതൻ എന്ന നിലയിൽ അത് എളുപ്പമല്ലായിരുന്നു. ആ സമയങ്ങളിൽ തുടർച്ചയായി നടന്ന ചില കവർച്ചകൾ സുരക്ഷിതത്വമില്ലായ്മയുടെ ഒരു സാഹചര്യം സൃഷ്ടിച്ചിരുന്നു. ആളുകൾ ഭയചകിതരായിരുന്നു. വാടകയ്ക്ക് സ്ഥിരമായി ഒരിടം കിട്ടാൻ നോസുമുദ്ദീന് മൂന്ന് മാസം എടുത്തു. കൂടാതെ, തന്റെ മധുരങ്ങൾക്ക് ഉപഭോക്താക്കളെ ഉണ്ടാക്കിയെടുക്കാനായി ഏതാണ്ട് മൂന്ന് വർഷങ്ങളും.
അദ്ദേഹത്തിന് ഒരു മൂലധനവും ഉണ്ടായിരുന്നില്ല. കടത്തിലാണ് അദ്ദേഹം തന്റെ ഇടപാട് ആരംഭിച്ചത്. എല്ലാ എല്ലാ സാധനങ്ങളും പിന്നീട് പണം നൽകാമെന്ന് പറഞ്ഞാണ് വാങ്ങിയത്. അദ്ദേഹത്തിന്റെ ഭാര്യയായ ബാലി ഖാത്തൂൻ 2015-ൽ മഹേന്ദ്രഗഞ്ചിലേക്ക് നീങ്ങി. കാലങ്ങൾ കഴിഞ്ഞപ്പോൾ അവർക്ക് മൂന്ന് കുട്ടികൾ ഉണ്ടായി. മകൾ രാജ്മിന ഖാത്തൂന് 18 വയസ്സ് ഉണ്ട്. ആൺമക്കളായ ഫോരിദുൾ ഇസ്ലാമിന് 17-ഉം സോരിഫുൾ ഇസ്ലാമിന് 11-ഉം വയസ്സുണ്ട്. രണ്ട് പേരും സ്ക്കൂളിൽ പഠിക്കുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നോസുമുദ്ദീൻ പ്രതിമാസം ഏകദേശം 18,000-20,000 രൂപ ലാഭമുണ്ടാക്കുന്നു. കുടുംബത്തിന്റെ ബിസിനസ്സ് വികസിച്ചു. രസഗുളയോടൊപ്പം അദ്ദേഹവും ബാലി ഖാത്തൂനും ജിലേബിയും ഉണ്ടാക്കുന്നു.
സീസൺ അനുസരിച്ച് ആഴ്ചയിൽ 6-7 ദിവസങ്ങൾ നോസുമുദ്ദീൻ കച്ചവടം ചെയ്യും. ഉച്ചകഴിഞ്ഞോ വൈകുന്നേരമോ അദ്ദേഹവും ബാലി ഖാത്തൂനും രസഗുള ഉണ്ടാക്കുകയും പിന്നീടത് സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു. 100 വെളുത്ത ഉണ്ടകൾ ഉണ്ടാക്കാൻ 5 ലിറ്റർ പാലും 2 കിലോ പഞ്ചസാരയും വേണം. പ്രഭാതത്തിന് മുമ്പ് അവർ ജിലേബിയും ഉണ്ടാക്കുന്നു. അത് പുതുമയോടെ വേണം വിൽക്കാൻ. പിന്നെ നോസുമുദ്ദീൻ ഈ രണ്ട് ഇനങ്ങളും ക്രമീകരിക്കുകയും വീട് വീടാന്തരമോ അല്ലെങ്കിൽ ഗ്രാമങ്ങിലെ ചായക്കടകളിലോ അവ വിൽക്കുകയും ചെയ്യുന്നു. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ വീട്ടിൽ തിരിച്ചെത്തും.
പക്ഷെ അദ്ദേഹത്തിന്റെ ചെറിയ (അതോടൊപ്പം മധുരമുള്ളതുമായ) ലോകം കോവിഡ്-19-നെ തുടര്ന്ന് 2020 മാർച്ചിൽ ആരംഭിച്ച ലോക്ക്ഡൗണ് മൂലം പെട്ടെന്ന് നിലച്ചു. അടുത്ത കുറച്ച് ആഴ്ചകൾ കുടുംബത്തിന് വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. അരി, പരിപ്പ്, ഉണക്കമീൻ, മുളകുപൊടി എന്നിവയുടെ പരിമിതമായ ശേഖരങ്ങളാലാണ് അവർ കഴിഞ്ഞു കൂടിയത്. സ്ഥലമുടമ അവർക്ക് വീണ്ടും അരിയും പച്ചക്കറികളും നൽകി. (മഹേന്ദ്രഗഞ്ചിൽ നോസുമുദ്ദീൻ ഒരു കുടിയേറ്റ തൊഴിലാളി ആയതിനാൽ സർക്കാർ നൽകുന്ന ആശ്വാസ പദ്ധതികൾ സ്വീകരിക്കാൻ അദ്ദേഹത്തിന് തന്റെ റേഷൻ കാർഡ് ഇവിടെ ഉപയോഗിക്കാൻ കഴിയില്ല.)
വീട്ടിലായതിനാൽ വിരസതയനുഭവിച്ചു കൊണ്ടിരുന്ന അയൽവാസികൾക്ക് രസഗുള വിൽക്കാൻ കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം ശ്രമിച്ചു. ഏകദേശം 800 രൂപ അങ്ങനെയുണ്ടാക്കി. അതല്ലാതെ അദ്ദേഹത്തിന് ഒരു വരുമാനവും ഉണ്ടായിരുന്നില്ല.
ഒരു മാസത്തെ ലോക്ക്ഡൗൺ കടന്നുപോയി. ഒരു ഉച്ചകഴിഞ്ഞനേരം അദ്ദേഹത്തിന്റെ സ്ഥലമുടമയ്ക്ക് ജിലേബി കഴിക്കണമെന്ന ആഗ്രഹമുണ്ടായി. കിട്ടാവുന്ന ചേരുവകളൊക്കെ കൂട്ടിച്ചേർത്ത് നോസുമുദ്ദീൻ കുറച്ച് ജിലേബി ഉണ്ടാക്കി. ഉടൻ തന്നെ അയൽ വാസികളും ജിലേബികൾ ആവശ്യപ്പെട്ടു തുടങ്ങി. നോസുമുദ്ദീൻ അടുത്തുള്ള ഒരു പലവ്യഞ്ജന മൊത്തവ്യാപാരിയിൽ നിന്നും കുറച്ച് മാവും പഞ്ചസാരയും പാമോയിലും കടമായി വാങ്ങി. പ്രതിദിനം 400-500 രൂപയുണ്ടാക്കിക്കൊണ്ട് ഉച്ചകഴിഞ്ഞ് അദ്ദേഹം ജിലേബി തയ്യാറാക്കാൻ തുടങ്ങി.
ഏപ്രിൽ മാസത്തിൽ റംസാൻ തുടങ്ങിയതോടെ ജിലേബിക്കുള്ള ആവശ്യം കുതിച്ചുയർന്നു. ലോക്ക്ഡൗണിന്റെ സമയത്ത് പോലീസ് ചെക്ക് പോസ്റ്റുകൾ ഉണ്ടായിട്ടുപോലും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ അദ്ദേഹം ഗ്രാമത്തിൽ ജിലേബി വിൽക്കുമായിരുന്നു. പക്ഷെ എല്ലാ സമയത്തും വളരെ ശ്രദ്ധാപൂർവ്വം മുഖാവരണങ്ങൾ ധരിച്ചും ശുചീകരിച്ചുമായിരുന്നു വിൽപ്പനയെന്നദ്ദേഹം പറഞ്ഞു. ആദ്യത്തെ ലോക്ക്ഡൗൺ മൂലമുള്ള നഷ്ടങ്ങളും കടങ്ങളും തരണം ചെയ്യാൻ ഇതദ്ദേഹത്തെ സഹായിച്ചു.
ലോക്ക്ഡൗണിന് അയവ് വന്നപ്പോൾ തന്റെ സ്ഥിരം ഇടപാടായ രസഗുളയുടെയും ജിലേബിയുടെയും കച്ചവടം അദ്ദേഹം ആരംഭിച്ചു. എന്നിരിക്കിലും തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും അദ്ദേഹം അച്ഛന്റെയും ഭാര്യയുടെയും മകളുടെയും, അത്രഗൗരവമല്ലാത്ത, എന്നാൽ സ്ഥിരമായുണ്ടാകുന്ന, ആരോഗ്യ പ്രശ്നങ്ങൾക്കായി ചിലവഴിച്ചു.
2020 അവസാനത്തോടെ നോസുമുദ്ദീൻ ആസാമിലെ തന്റെ കുടുംബ ഗ്രാമമായ ഉരാർഭുയിയിൽ വീട് വയ്ക്കാൻ ആരംഭിച്ചു. ഇതിനും തന്റെ സമ്പാദ്യത്തിലെ വലിയൊരു പങ്ക് അദ്ദേഹം ചിലവഴിച്ചു.
അപ്പോഴാണ് 2021-ലെ ലോക്ക്ഡൗൺ വന്നത്. നോസുമുദ്ദീന്റെ അച്ഛന് സുഖമില്ലായിരുന്നു (ജൂലൈയിൽ അദ്ദേഹം മരിച്ചു). അദ്ദേഹത്തിന്റെ കച്ചവടം നിലവിൽ പല സമയത്തും സ്തംഭിച്ച അവസ്ഥയിലാണ്. "എന്റെ വരുമാനം ഈ [മഹാമാരിയുടെ] സമയത്ത് സ്ഥിരമല്ല”, അദ്ദേഹം പറഞ്ഞു. “അടുത്തുള്ള ഗ്രാമങ്ങളിൽ ഞാൻ വിൽക്കാനായി പോകുന്നു. ചിലപ്പോൾ 20-25 കിലോ മധുരങ്ങളുമായി 20-25 കിലോമീറ്ററുകൾ ഞാൻ നടക്കുന്നു. ഇപ്പോഴെനിക്ക് ആഴ്ചയിൽ 6-7 ദിവസങ്ങൾക്ക് പകരം 2-3 ദിവസങ്ങളേ ലഭിക്കുന്നുള്ളൂ. ഞാൻ മടുത്തു. ഈ സമയത്ത് ജീവിതം ബുദ്ധിമുട്ടാണ്. എന്നിരിക്കിലും എന്റെ ബാല്യം പോലെ കടുത്തതല്ല. ആ ദിവസങ്ങളിലെ ഓർമ്മകൾ ഇപ്പോഴും കണ്ണ് നിറയ്ക്കുന്നു.”
റിപ്പോർട്ടറുടെ കുറിപ്പ് : നോസുമുദ്ദീൻ ശേഖ് തന്റെ കുടുംബത്തോടൊപ്പം എന്റെ മാതാപിതാക്കളുടെ മഹേന്ദ്രഗഞ്ചിലുള്ള പഴയ വീട്ടിൽ 2015 മുതൽ താമസിക്കുന്നു. എല്ലായ്പ്പോഴും പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം എന്റെ മാതാപിതാക്കളെ സഹായിക്കുന്നു. ചിലപ്പോൾ ഞങ്ങളുടെ അടുക്കള ത്തോട്ടം നോക്കുകയും ചെയ്യുന്നു.
പരിഭാഷ: റെന്നിമോന് കെ. സി.