ഹരിയാനയിലെ സോണിപത് ജില്ലയിലെ സിംഘു-ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷക സാഗരത്തെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഹർജീത് സിങിന്‍റെ മുഖത്ത് ശൈത്യകാല മഞ്ഞണിഞ്ഞ പ്രകാശം മാറിമറയുന്നു.

തൊട്ടടുത്ത് പ്രായമുള്ളവരും ചെറുപ്പക്കാരും – പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും – വ്യത്യസ്ത ജോലികളിൽ മുഴുകിയിരിക്കുന്നു. രണ്ടു പുരുഷന്മാർ രാത്രിയുപയോഗിക്കാനുള്ള മെത്ത കമ്പുകൊണ്ടടിച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. കുറച്ചു പേർ അതുവഴി പോകുന്നവർക്കു ചായയും ബിസ്ക്കറ്റും വിതരണം ചെയ്യന്നു. നിരവധി പേർ ഈ വലിയ കൂട്ടത്തിന്‍റെ മുൻഭാഗത്തേക്ക് നേതാക്കന്മാരുടെ പ്രസംഗങ്ങൾ ശ്രവിക്കാനായി പോകുന്നു. കുറച്ചുപേർ രാത്രി ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു. മറ്റുചിലർ അവിടെയും ഇവിടെയുമൊക്കെയായി ചുറ്റിത്തിരിഞ്ഞു നടക്കുന്നതായി കാണുന്നു.

ഈ വർഷം സെപ്തംബറിൽ പാർലമെന്‍റിലൂടെ പാസ്സാക്കിയ മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയുടെ കവാടങ്ങളിൽ സമരം ചെയ്യുന്ന പതിനായിരക്കണക്കിനു സമരക്കാരിൽ ഒരാളാണ് ഹർജീത്.

നെല്ലും ഗോതമ്പുമായിരുന്നു പഞ്ചാബിലെ ഫതേഹ്ഗഢ് സാഹിബ് ജില്ലയിലെ മാജരി സോധിയാം ഗ്രാമത്തിലെ നാലേക്കറിൽ താന്‍ കൃഷി ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമ്പതുകളിലുള്ള  അവിവാഹിതനായ ഹർജീത് അമ്മയോടൊപ്പം ജീവിക്കുന്നു.

2017-ൽ സംഭവിച്ച ഒരു അപകടമാണ് ഹർജീതിനെ നടക്കാൻ പറ്റാതാക്കി തീർത്തത്. ഇത് സഹ കർഷകരോടു ചേർന്ന് ബൃഹത് സമരത്തിൽ പങ്കെടുക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. “വീടിന്‍റെ മുകളിലിരുന്ന് പണി ചെയ്തപ്പോളാണ് ഞാന്‍ വീണത്”, അപകടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. “എന്‍റെ ഇടുപ്പെല്ല് ഒടിഞ്ഞു”.

Harjeet Singh attending the meeting
PHOTO • Amir Malik
A farmer making placards at the protest site
PHOTO • Amir Malik

നടക്കാൻ പറ്റാതിരുന്നിട്ടും ഹർജീത് സിംഗ് സിംഘുവിലേക്ക് 250 കിലോമീറ്ററുകൾ ഒരു ട്രക്ക്-ട്രോളിയിൽ യാത്ര ചെയ്തു. വലത്: സമരസ്ഥലത്ത് ഒരു കർഷകൻ പ്ലക്കാർഡുകൾ ഉണ്ടാക്കുന്നു.

ഇക്കാര്യത്തിൽ അദ്ദേഹത്തിന്  കൂടുതലൊന്നും ചെയ്യാൻ പറ്റിയില്ല. "ആദ്യ സമയത്തെ പ്രഥമ ശുശ്രൂഷകളല്ലാതെ എനിക്കു കൃത്യമായി ചികിത്സ ലഭിച്ചിട്ടില്ല, എന്തുകൊണ്ടെന്നാൽ ആശുപത്രികളൊക്കെ 2-3 ലക്ഷമായിരുന്നു ചോദിച്ചത്. അത്രയും പണം എനിക്കെവിടെ നിന്നു കിട്ടാന്‍?"

അതിനാൽ, എങ്ങനെയദ്ദേഹം ഇവിടെ പങ്കെടുക്കുന്നു? റാലികളിലും പ്രസംഗങ്ങളിലുമൊക്കെ എങ്ങനെ നിൽക്കുന്നു?

"ഈ ട്രാക്ടറിന്‍റെ ചക്രം നിങ്ങൾ കണ്ടോ? ഒരു കൈകൊണ്ട് അതിൽ പിടിച്ച് മറ്റേ കൈയിൽ ഒരു വടിയുമായി ഞാൻ എഴുന്നേറ്റു നിൽക്കുന്നു. ചിലപ്പോൾ ഞാൻ മറ്റുള്ളവരുടെ സഹായം തേടുകയോ ഭിത്തിയിലേക്ക് ചായുകയോ ചെയ്യും. വടി ഉപയോഗിച്ചാണ് ഞാന്‍ നിൽക്കാൻ ശ്രമിക്കുന്നത്”, അദ്ദേഹം പറഞ്ഞു.

"ഞാൻ സമരത്തിനു വന്നത് ഞങ്ങള്‍ക്കുവേണ്ടി എന്‍റെ ജനത സഹിക്കുന്ന വേദന കണ്ടു നില്‍ക്കാന്‍ പറ്റാഞ്ഞതുകൊണ്ടാണ്”, അദ്ദേഹം പറഞ്ഞു. "250 കിലോമീറ്ററോളം ഒരു ട്രക്ക്-ട്രോളിയിൽ ഞാൻ യാത്ര ചെയ്തു.” സമരസ്ഥലത്തെത്താൻ മറ്റു കർഷകർ അദ്ദേഹത്തെ സഹായിച്ചു. കർഷകരുടെ വലിയ കൂട്ടായ്മയിലെ പലര്‍ക്കും ഉണ്ടായിരിക്കുന്നതുമായി താരതമ്യപ്പെടുത്തിയാൽ തന്‍റെ വേദന ഒന്നുമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡിലെ തടസ്സങ്ങളും മുള്ളു കമ്പികളും നീക്കം ചെയ്യുക, ജല പീരങ്കികളും കണ്ണീർ വാതകങ്ങളും നേരിടുക, പോലീസുകാരിൽ നിന്നും തല്ലു വാങ്ങുക, റോഡുകളിലെ കിടങ്ങുകൾ മറികടക്കാൻ ശ്രമിക്കുക – ഇങ്ങനെ പലതും അല്ലാതെയുമായി കർഷകർ അനുഭവിക്കുകയും നേരിടുകയും ചെയ്ത എല്ലാ കാര്യങ്ങളും അദ്ദേഹം കണ്ടു.

“ഞങ്ങൾ മുൻകൂട്ടിക്കാണുന്ന കഷ്ടപ്പാടുകൾ ഇനിയും വലുതാണ്”, ഹർജീത് പറഞ്ഞു. കർഷകൻ തന്നെയായ അദ്ദേഹത്തിന്‍റെ സുഹൃത്ത് കേസർ സിങും നിശ്ശബ്ദനായി അതംഗീകരിച്ചു.

ഞങ്ങളുടെ നേതാക്കന്മാർ പറയുന്നു, “സ്വന്തം ഭൂമിയുടെ മേലുള്ള ഞങ്ങളുടെ അവകാശത്തെ അദാനിമാരേയും അമ്പാനിമാരേയും പോലുള്ള കോർപ്പറേറ്റുകൾ കവർന്നെടുക്കുന്നു. അവർ പറയുന്നത് കൃത്യമാണെന്നു ഞാൻ വിശ്വസിക്കുന്നു”.

A large gathering listens intently to a speech by a protest leader
PHOTO • Amir Malik

മുകളിൽ ഇടത് : ഞങ്ങൾ മറ്റു സമരക്കാരോട് സംസാരിക്കുന്നത് മാജരി സോധിയാം ഗ്രാമത്തിൽ നിന്നുള്ള ഒരു കർഷകൻ നോക്കി നിൽക്കുന്നു. മുകളിൽ വലത്: മെത്തയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി രണ്ടുപേർ ലാത്തികൊണ്ട് അടിച്ചു കളയുന്നു. താഴെ ഇടത്: പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ നിന്നുള്ള ഒരുകൂട്ടം വനിതാ കർഷകർ സിംഘു അതിർത്തിയിൽ. താഴെ വലത്: ഒരു സമര നേതാവിന്‍റെ പ്രസംഗം വലിയൊരു കൂട്ടം ശ്രദ്ധയോടെ കേൾക്കുന്നു.

അപകട ശേഷം തനിയെ കൃഷി ചെയ്യാൻ പറ്റാത്തതുകൊണ്ട് ഹർജീത് തന്‍റെ നാലേക്കർ സ്ഥലം മറ്റൊരു കർഷകനു പാട്ടത്തിനു നല്കി. തന്‍റെ ഭൂമിയിൽ മറ്റൊരാൾ കൃഷി ചെയ്യുമ്പോൾ എന്തു സംഭവിക്കുന്നുവെന്ന് അദ്ദേഹം കണ്ടു. അദ്ദേഹം പറയുന്നു, "പെട്ടെന്നൊരു നഷ്ടം അനുഭവപ്പെട്ടു.”

2019-ൽ ഏക്കറിന് 52,000 രൂപ നിരക്കിൽ മറ്റൊരാൾക്ക് അദ്ദേഹം ഭൂമി പാട്ടത്തിനു കൊടുത്തിരുന്നു. അത് അദ്ദേഹത്തിന് 208,000 രൂപ നേടിക്കൊടുത്തു (ഗോതമ്പിന്‍റെയും നെല്ലിന്‍റെയും രണ്ടു വിളവെടുപ്പിനു വേണ്ടി). അതിന്‍റെ പകുതി - 104,000 – കൃഷിക്കു മുമ്പു തന്നെ പാട്ടക്കാരനിൽ നിന്നും അദ്ദേഹം വാങ്ങി. ബാക്കി വിളവെടുപ്പിനു ശേഷമാണ് ലഭിക്കുക. ഈ വര്‍ഷവും ഭൂമിയിൽ നിന്നുള്ള വരുമാനമിതാകും.

“2018-ൽ ഞാൻ തന്നെ കൃഷി ചെയ്യുമ്പോൾ അതേ ഭൂമിയിൽ നിന്നും രണ്ടര ലക്ഷത്തിധികം രൂപ എനിക്കു കിട്ടിയിരുന്നു”, അദ്ദേഹം പറഞ്ഞു. "ഒരുവർഷം മാത്രം 46,000 രൂപ നഷ്ടം. അതുംകൂടാതെ, വിലക്കയറ്റം കേക്കിലെ ഐസിംഗ് പോലെയാണ്. അതുകൊണ്ട് സമ്പാദ്യമൊക്കെ എനിക്കു കഷ്ടിയേ ഉള്ളൂ. എനിക്കു ഒരു തരത്തിലുള്ള പെൻഷനും കിട്ടുന്നില്ല.”

“എന്‍റെ നട്ടെല്ലിൽ ഒരു പൊട്ടൽ കൂടിയുണ്ട്”, ഹർജീത് പറഞ്ഞു. “ഒരു ചില്ലുകോപ്പയിൽ നിങ്ങൾ കണ്ടിരിക്കാവുന്ന പൊട്ടലുകൾ പോലെയാണത്", അദ്ദേഹത്തിന്‍റെ സുഹൃത്ത് കേസർ കൂട്ടിച്ചേർത്തു.

എന്നിട്ടും അദ്ദേഹം ഡൽഹി അതിർത്തി വരെയെത്തി. നട്ടെല്ലിനു പരിക്കുണ്ട്, പക്ഷേ നട്ടെല്ലില്ലാത്ത അവസ്ഥയിൽ നിന്നും ഒരുപാടു വ്യത്യസ്തനാണദ്ദേഹം. ഹർജീത് സിങിന് നടക്കാൻ പറ്റില്ലായിരിക്കും, പക്ഷേ കാർഷിക നിയമങ്ങൾക്കെതിരെ അദ്ദേഹം ഉയർന്നു നില്ക്കുന്നു.

പരിഭാഷ - റെന്നിമോന്‍ കെ. സി.

Amir Malik

அமிர் மாலிக் ஒரு சுயாதின பத்திரிகையாளர். 2022ம் ஆண்டில் பாரியின் மானியப்பணியில் இணைந்தார்.

Other stories by Amir Malik
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.