തടവിൽ കഴിയേണ്ടിവന്നതിന്റെ ഞെട്ടലിലാണ് ഇപ്പോഴും ഖമ്രി എന്ന ആ ചെറിയ.
“വീണ്ടും ആരോഗ്യം തിരിച്ചുപിടിക്കാൻ അത് കുറച്ച് സമയമെടുക്കും”, കമ്മഭായി ലഖാഭായി രാബ്രി പറയുന്നു.
തന്റെ കൂട്ടത്തിലുണ്ടായിരുന്ന ചെറിയ ഒരു ആൺ ഒട്ടകത്തിനെക്കുറിച്ചാണ് കന്നുകാലികളെ വളർത്തുന്ന ആ ഇടയൻ പറയുന്നത്.
2022 ജനുവരിയിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽവെച്ച് 58 ഒട്ടകങ്ങളെ തടവിലാക്കിയ അസാധാരണ സംഭവങ്ങൾ ഓർക്കുമ്പോൾ, കമ്മഭായിയുടെ പ്രതീക്ഷ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു. ഒരു മാസത്തിനുശേഷം ഫെബ്രുവരിയിൽ ഒട്ടകങ്ങളെ വിട്ടയച്ചുവെങ്കിലും അവയുടെയെല്ലാം ആരോഗ്യം നശിച്ചിരുന്നു.
തടവിൽ കിടക്കുന്ന സമയത്ത് ആ ഒട്ടകങ്ങൾക്ക് കൃത്യമായ ഭക്ഷണം കിട്ടിയിരുന്നില്ലെന്ന് ഇടയന്മാർ പറയുന്നു. അവയെ തടവിൽ പാർപ്പിച്ചിരുന്ന ഗോരക്ഷാകേന്ദ്രം, പശുക്കളെ സൂക്ഷിക്കാനുള്ള സ്ഥലമായിരുന്നു. “ഈ ഒട്ടകങ്ങളാകട്ടെ മേയുന്ന മൃഗങ്ങളാണ്. വലിയ മരങ്ങളുടെ ഇലകളാണ് അവയുടെ ഭക്ഷണം. അവ കന്നുകാലിത്തീറ്റ കഴിക്കാറില്ല”, കമ്മാഭായി പറയുന്നു.
അതുകൊണ്ട്, ഒരുമാസത്തിലേറെയായി സോയാബീനും കാർഷികവിളകളുടെ അവശിഷ്ടങ്ങളും കഴിക്കാൻ നിർബന്ധിതരായ ഒട്ടകങ്ങളുടെ ആരോഗ്യം ക്ഷയിച്ചു. 2022 ഫെബ്രുവരി പകുതിയിൽ, തങ്ങളുടെ അഞ്ച് ഇടയന്മാരുടെ അടുത്തേക്ക് തിരിച്ചെത്തിയതുമുതൽ, അവ ഒന്നൊന്നായി ചാവാൻ തുടങ്ങി. ജൂലായ് മാസത്തോടെ 24 ഒട്ടകങ്ങൾ ചത്തു.
തങ്ങളിൽനിന്ന് വേർപെടുത്തി തടവിലാക്കിയതാണ് ഇതിനുള്ള കാരണമെന്ന് ആ ഒട്ടകങ്ങളുടെ ഉടമസ്ഥർ കുറ്റപ്പെടുത്തുന്നു. കമ്മഭായിയെപ്പോലെയുള്ള നാല് ഉടമസ്ഥർ രാബ്രി സമുദായാംഗങ്ങളാണ്. ഒരാൾ ഫക്കീറാനി ജാട്ടും. ഇവരെല്ലാവരും ഗുജറാത്തിലെ കച്ച്-ഭുജ് ജില്ലയിൽനിന്നുള്ള പരമ്പരാഗത ഒട്ടക ഇടയന്മാരാണ്.
ക്രൂരമായ വിരോധാഭാസമായി തോന്നിയേക്കാം. പക്ഷേ ഓരോ ഒട്ടകത്തിനും ദിവസംതോറും ഭക്ഷണം കൊടുക്കാനുള്ള വകയിൽ, ഈ സാധുക്കളായ ഇടയന്മാരിൽനിന്ന് ദിവസവും 350 രൂപവീതം വാങ്ങുകയും ചെയ്തു. അതും അവയ്ക്ക് അനുയോജ്യമല്ലാത്ത ഭക്ഷണം. 4 ലക്ഷം രൂപയുടെ ബില്ലാണ് ഗോരക്ഷൺ സൻസ്ഥ നൽകിയത്. സന്നദ്ധസംഘടന എന്നാണ് ഈ ഗോസംരക്ഷണകേന്ദ്രം സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും, ഈ ഒട്ടകങ്ങളെ പരിപാലിക്കാൻ രാബ്രികളിൽനിന്ന് കനത്ത ഫീസാണ് അവർ ഈടാക്കിയത്.
“വിദർഭയിലെമ്പാടുമുള്ള ഞങ്ങളുടെ ആളുകളിൽനിന്ന് ഈ സംഖ്യ പിരിച്ചെടുക്കാൻ ഞങ്ങൾക്ക് രണ്ടുദിവസം വേണ്ടിവന്നു”, ചരക്കുനീക്കത്തിന് ഒട്ടകങ്ങളെ ഉപയോഗിക്കുന്ന മുതിർന്ന ഇടയനായ ജക്കാറ രാബ്രി പറഞ്ഞു. നാഗ്പുർ ജില്ലയിലെ സിർസി ഗ്രാമത്തിലാണ് അദ്ദേഹം താമസിക്കുന്നത്. മധ്യേന്ത്യയിലൂടെ നടത്തിക്കൊണ്ടുപോയിരുന്ന ഈ സംഘത്തിലെ ഒട്ടകങ്ങളെ വാങ്ങേണ്ടിയിരുന്ന 20 കുടുംബങ്ങളിലൊരാളാണ് അദ്ദേഹം.
*****
ഒരുവർഷം മുമ്പ്, ഹൈദരബാദിൽനിന്നുള്ള ഒരു സ്വയം പ്രഖ്യാപിത മൃഗാവകാശ പ്രവർത്തകൻ അഞ്ച് ഇടയന്മാർക്കെതിരേ താലിഗാംവ് ദശാസർ പൊലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തു. ഹൈദരബാദിലെ ഇറച്ചിക്കടയിലേക്ക് ഒട്ടകങ്ങളെ കടത്തിക്കൊണ്ടുപോകുന്നു എന്നായിരുന്നു പരാതി. രാബ്രികൾ മഹാരാഷ്ട്രയിലെ വിദർഭയിൽ നിംഗാവ്ഹൻ എന്ന ഗ്രാമത്തിലായിരുന്നു ആ സമയത്ത് തമ്പടിച്ചിരുന്നത്. അമരാവതി ജില്ലാ പൊലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്ന ആ ഗ്രാമത്തിൽവെച്ച് പൊലീസ് ആ അഞ്ച് ഇടയന്മാരെ അറസ്റ്റ് ചെയ്തു. മൃഗങ്ങൾക്കെതിരായ അക്രമം തടയൽ നിയമം 1960-ന്റെ സെക്ഷൻ 11 (1) (d) വകുപ്പുകൾ ചുമത്തി ഉടമസ്ഥരെ അറസ്റ്റ് ചെയ്യുകയും ഒട്ടകങ്ങളെ അമരാവതിയിലെ ഒരു ഗോരക്ഷൺ കേന്ദ്രയിൽ അടച്ചിടുകയും ചെയ്തു. ( കച്ചിലെ ഒട്ടകങ്ങളുടെ ഉടമസ്ഥാവകാശം: ഉപേക്ഷിക്കപ്പെട്ടവരുടെ കപ്പലുകൾ വായിക്കുക)
പ്രാദേശിക കോടതി ഉടമസ്ഥർക്ക് ഉടനടി ജാമ്യം നൽകിയെങ്കിലും, ഒട്ടകങ്ങൾക്കുവേണ്ടിയുള്ള നിയമവ്യവഹാരം നീണ്ടുനീണ്ട് ജില്ലാ കോടതിവരെ എത്തി. ഒട്ടകങ്ങളെ പിടിച്ചുവെക്കാൻ സമ്മതിക്കണമെന്ന, ഗോരക്ഷൺ സൻസ്ഥയടക്കം മൂന്ന് മൃഗാവകാശ സംഘടനകളുടേയും ആവശ്യം 2022 ജനുവരി 25-ന് അമരാവതിയിലെ മജിസ്ട്രേറ്റ് കൈയ്യോടെ തള്ളിക്കളഞ്ഞു. ഏതാനും വ്യവസ്ഥകളുടെ ഉറപ്പിന്മേൽ, അഞ്ച് രാബ്രി ഇടയന്മാരുടെ അപേക്ഷ കോടതി അനുവദിക്കുകയും ചെയ്തു.
മൃഗങ്ങളെ സൂക്ഷിക്കാനും പരിപാലിക്കാനും ഗോരക്ഷൺ സൻസ്ഥയ്ക്ക് ചിലവായ സംഖ്യ നൽകാൻ കോടതി ഇടയന്മാരോട് ആവശ്യപ്പെട്ടു. ഒരു മൃഗത്തിന് പ്രതിദിനം 200 രൂപ എന്ന ഫീസ്, കോടതി, 2022 ഫെബ്രുവരിയിൽ നിശ്ചയിക്കുകയും ചെയ്തു.
ചിലവായ സംഖ്യയ്ക്ക് പുറമേ വീണ്ടും പണമടക്കേണ്ടിവരാതിരുന്നതിനാൽ രാബ്രികൾക്ക് അത് ഒരാശ്വാസമായി.
“കോടതിച്ചിലവും, വക്കീലന്മാർക്കുള്ള ഫീസും, കുറ്റമാരോപിക്കപ്പെട്ട ഇടയന്മാരുടെ സംരക്ഷണവും എല്ലാമടക്കം ഞങ്ങൾക്ക് 10 ലക്ഷം രൂപ ചിലവഴിക്കേണ്ടിവന്നു”, ജക്കാറ രാബ്രി പറയുന്നു
2022 ഫെബ്രുവരി പകുതിയോടെ, ഒട്ടകങ്ങളെ അതിന്റെ ഉടമസ്ഥർക്ക് തിരികെ കിട്ടിയപ്പോൾ, അവ വളരെയധികം ക്ഷീണിച്ചും പോഷകാഹാരക്കുറവുള്ളതായും കാണപ്പെട്ടു. വിട്ടയയ്ക്കപ്പെട്ട് മണിക്കൂറുകൾക്കകം, അമരാവതി പട്ടണത്തിന് പുറത്തുവെച്ച്, അവയിൽ രണ്ടെണ്ണം ചത്തു.
അടുത്ത 3-4 മാസത്തിനകം മറ്റുള്ളവയും വീണു. “മാർച്ച്, ഏപ്രിൽ മാസങ്ങളിൽ, അവയുടെ അനാരോഗ്യകാരണം കൂടുതൽ ദൂരം നടത്തിക്കാനായില്ല“, ചത്തീസ്ഗഢിലെ ബലോദ ബാസാർ ജില്ലയിലെ ക്യാമ്പിൽനിന്ന് സാജൻ റാബ്രി പാരിയോട് ഫോണിൽ പറഞ്ഞു. “വേനൽക്കാലത്ത് ഞങ്ങളുടെ താവളത്തിലേക്കുള്ള വഴിയിൽ അവയ്ക്ക് പച്ചയിലകൾ തിന്നാൻ കിട്ടിയില്ല. വർഷകാലമായപ്പോഴേക്കും അവയിൽ പലതും അസുഖം ബാധിച്ച് ഒന്നൊന്നായി ചത്തുവീണു. ഒട്ടകക്കൂട്ടത്തിൽനിന്ന് സാജൻ കൈപ്പറ്റിയ നാല് ഒട്ടകങ്ങളിൽ രണ്ടെണ്ണം ചത്തു.
ചത്തീസ്ഗഢിലെയും ആന്ധ്ര പ്രദേശിലേയും താവളങ്ങളിലേക്ക് എത്തേണ്ട മിക്ക ഒട്ടകങ്ങളും യാത്രയിലോ, ലക്ഷ്യത്തിലെത്തി താമസമില്ലാതെയോ ചത്തുപോവുകയാണുണ്ടായത്.
ജീവനോടെ ബാക്കി വന്ന 34 ഒട്ടകങ്ങൾ ഇപ്പോഴും ആ ദുരനുഭവത്തിൽനിന്ന് പൂർണ്ണമായി മോചനം നേടിയിട്ടില്ല.
*****
ജീവനോടെ ബാക്കിവന്നത് ഖമ്രിയുടെ ഭാഗ്യമാണ്.
പൂർണ്ണ ആരോഗ്യവാനാവുന്നതുവരെ ആ രണ്ടുവയസ്സുകാരനെ യാത്രയ്ക്കായി ഉപയോഗിക്കില്ലെന്ന് കമ്മഭായി പറയുന്നു.
2023 ജനുവരിയിൽ ഒരു പരുത്തിത്തോട്ടത്തിലെ തുറസ്സായ സ്ഥലത്ത് താവളമുറപ്പിച്ചതിനുശേഷം കമ്മഭായി അവനെ മറ്റ് ഒട്ടകങ്ങളോടൊപ്പം തന്റെ സമീപത്തുതന്നെയുള്ള ഒരു മരത്തിൽ കെട്ടിയിരിക്കുകയാണ്. ഇലന്തമരത്തിന്റെ ഇലകൾ ഖമ്രിക്ക് ഇഷ്ടമാണ്. ഈ സീസണിൽ വിളഞ്ഞുനിൽക്കുന്ന ഇലന്തപ്പഴങ്ങളും അവൻ സ്വാദോടെ കഴിക്കുന്നു.
മഹാരാഷ്ട്രയിൽ വാർദ്ധ ജില്ലയിലെ ഹിംഗങ്ഹട്ട് പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള നാഗ്പുർ-അദിലബാദ് ഹൈവേയ്ക്കടുത്തുള്ള ഒരു കോളനിയായ വാനിയിലാണ് ഇടയന്മാരും മൃഗങ്ങളും താവളമുറപ്പിച്ചിരിക്കുന്നത്. ഈ സമുദായം തങ്ങളുടെ ആടുകളും ചെമ്മരിയാടുകളും ഒട്ടകങ്ങളുമായി ഇന്ത്യയുടെ പടിഞ്ഞാറൻ-മധ്യ ഭാഗങ്ങളിലൂടെ നിരന്തരം സഞ്ചാരത്തിലാണ്.
2022-ലെ ദുരനുഭവങ്ങളെ അതിജീവിച്ച ഒട്ടകങ്ങൾ അതിന്റെ ഉടമസ്ഥരുടെ പരിചരണത്തിലും ശ്രദ്ധയിലുമാണ് ഇപ്പോൾ കഴിയുന്നത്. അനുഭവിച്ച ദുരിതങ്ങളെ അതിജീവിച്ച്, അവ ആരോഗ്യത്തോടെ പൂർണ്ണായുസ്സ് – കഷ്ടി 18 വയസ്സ് – തികയ്ക്കുമെന്നാണ് കമ്മഭായുടെ പ്രതീക്ഷ.
“ആ സംഭവം ഞങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്”, സമുദായത്തിനുവേണ്ടി നിയമപോരാട്ടം നടത്തിയ, വിദർഭയിലെ ഇടയനേതാവും, കമ്മയുടെ മൂത്ത സഹോദരനുമായ മഷ്രു രാബ്രി പറയുന്നു. “ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ട് അവർ എന്താണ് നേടിയത്?”
ഹൈക്കോടതിയിൽ വീണ്ടും കേസ് കൊടുത്ത്, നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാൻ ശ്രമിക്കണോ എന്ന് അവർ ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, പൊലീസ് അമരാവതി സെഷൻസ് കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. അത് വാദത്തിനെത്തിയിട്ടില്ല. “ഞങ്ങൾ ആ കേസിനെ എതിർക്കും”, മഷ്രു രാബ്രി പറയുന്നു.
“ഞങ്ങളുടെ അഭിമാനമാണ് ചോദ്യം ചെയ്തിരിക്കുന്നത്”.
പരിഭാഷ: രാജീവ് ചേലനാട്ട്