ബാംബ്ദഫൈസ തെരുവ് മുഴുവൻ നഹകുൽ പണ്ഡോക്കുവേണ്ടി ഓടുണ്ടാക്കാനായി സഹായത്തിനിറങ്ങി. ഇത് ഐക്യദാർഢ്യത്തിന്‍റെ ഒരു കാഴ്ചയായിരുന്നു. അവിടെ കൂട്ടമായി ഓടുണ്ടാക്കുന്നവർ സൗജന്യമായി – വീട്ടിലുണ്ടാക്കിയ വീഞ്ഞ് ചെറിയ അളവിൽ അവിടെയുണ്ടായിരുന്നവർക്ക് നഹകുൽ കൈമാറിക്കൊണ്ടിരുന്നത് ഒഴിവാക്കിയാൽ - പ്രവർത്തിച്ച് ഒരു സമൂഹ്യയത്നം നടത്തുകയായിരുന്നു.
പക്ഷെ എന്തിനായിരുന്നു ഈ മേൽക്കൂരയ്ക്കുവേണ്ടി അവർ ഓടുണ്ടാക്കിക്കൊണ്ടിരുന്നത്? ആദ്യം അവിടെയുണ്ടായിരുന്ന ഓട് എങ്ങനെയാണ് അദ്ദേഹത്തിന് നഷ്ടപ്പെട്ടത്? അദ്ദേഹത്തിന്‍റെ വീട്ടിലേക്കുള്ള നോട്ടത്തിൽ കാണുന്നത് പ്രധാന കെട്ടിടത്തിന്‍റെ വലിയൊരു ഭാഗത്ത് ഒന്നുമില്ലെന്നുള്ളതാണ് – ഓടുകളെല്ലാം നഷ്ടപ്പെട്ടതായി കാണാം.
"ഇതൊരു സർക്കാർ വായ്പയായിരുന്നു”, ക്ഷീണിതനായി അദ്ദേഹം പറഞ്ഞു. "ഞാൻ 4,800 രൂപ വായ്പയെടുത്ത് രണ്ടു പശുക്കളെ വാങ്ങി.” ഔദ്യോഗിക പദ്ധതി – ‘മൃദു വായ്പകൾ’ - തുകയുടെ പ്രധാനഭാഗം അതായിരുന്നു. അവ സബ്സിഡി ഘടകം, കുറഞ്ഞ പലിശ വായ്പഘടകം എന്നിവയും ചേർന്നതായിരുന്നു – നിങ്ങൾ പശുക്കളെ വാങ്ങുകയാണെങ്കിൽ. 1994-ൽ സർഗുജയുടെ ഈ ഭാഗത്ത് ആ തുകയ്ക്ക് നിങ്ങൾക്ക് രണ്ടു പശുക്കളെ വാങ്ങാൻ കഴിയുമായിരുന്നു. (ജില്ല അന്ന് മദ്ധ്യപ്രദേശിന്‍റെ ഭാഗമായിരുന്നു, ഇന്ന് ചത്തീസ്ഗഢിന്‍റെ ഭാഗവും).
എന്തെങ്കിലും കടം വാങ്ങുക എന്നുള്ള ഒരു ഉദ്ദേശ്യം നഹകുലിന് യഥാർത്ഥത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹമുൾപ്പെട്ട പണ്ഡൊ ആദിവാസി വിഭാഗത്തിലെ കുറച്ചധികം അംഗങ്ങൾ അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വായ്പയെടുക്കുന്ന കാര്യത്തിൽ ജാഗരൂകരായിരുന്നു. ഭൂമി നഷ്ടപ്പെടുന്നത് പോലെയുള്ള അനുഭവങ്ങൾ അവർക്കുണ്ടായിട്ടുണ്ട്. പക്ഷെ ഇത് സർക്കാർ വായ്പ ആയിരുന്നു. ആദിവാസികളുടെ മാത്രം നേട്ടത്തിനുവേണ്ടി പ്രാദേശിക ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നത്. അതിനർത്ഥം ഇത് സ്വീകരിച്ചാൽ വലിയ കുഴപ്പമില്ലെന്നും. ആ സമയത്ത് ഇതൊരു നല്ല ആശയമായിരുന്നു.
"പക്ഷെ എനിക്കത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല”, നഹകുൽ പറഞ്ഞു. പണ്ഡോകൾ വളരെ ദരിദ്രരാണ്. 'പത്യേകിച്ച് ദുർബലരായ ആദിവാസി വിഭാഗങ്ങളി’ലാണ് (Particularly Vulnerable Tribal Group) അവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. അവരുടെ പൊതു അവസ്ഥയ്ക്ക് നഹകുൽ ഒരു അപവാദമല്ല.
"ഗഡുക്കളടയ്ക്കാൻ സമ്മർദ്ദമുണ്ടായിരുന്നു”, അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ബാങ്കുദ്യോഗസ്ഥർ ഒരുപാട് ശകാരിച്ചു. "പല സാധനങ്ങൾ വിറ്റ് ഞാൻ കുറച്ച് തിരിച്ചടച്ചു. കിട്ടാവുന്ന ചെറിയ തുകയ്ക്കായി അവസാനം ഞാൻ മേൽക്കൂരയുടെ ഓട് വിറ്റു.”
നഹകുലിനെ പട്ടിണിയിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള വായ്പ അവസാനം അദ്ദേഹത്തിന്‍റെ ഓട് വിൽക്കുന്നതിൽ കലാശിച്ചു. അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന്‍റെ പക്കൽ പശുക്കളും ഉണ്ടായിരുന്നില്ല – അവയെയും അദ്ദേഹത്തിന് വിൽക്കേണ്ടി വന്നു. പദ്ധതി തന്‍റെ നേട്ടത്തിനാണെന്ന് നഹാകുൽ വിശ്വസിപ്പോൾ യഥാർത്ഥത്തിൽ അദ്ദേഹം മറ്റ് താൽപ്പര്യങ്ങൾ നേടാനുള്ള ഒരു ‘ലക്ഷ്യം’ മാത്രമായിരുന്നു. ഈ ചുറ്റുവട്ടത്തുള്ള മറ്റുള്ളവരും, പ്രത്യേകിച്ച് ദരിദ്രരായ ആദിവാസികൾ, ഈ പദ്ധതിയും ശിക്ഷയും അനുഭവിച്ചവരാണെന്ന് ഞങ്ങൾ പിന്നീട് മനസ്സിലാക്കി.
“നഹകുലിനും മറ്റുളളവർക്കും ഈ പദ്ധതിയിൻകീഴിൽ വായ്പയെടുത്ത പണം ആവശ്യമായിരുന്നു – പക്ഷേ അവർക്കാവശ്യമുള്ള കാര്യങ്ങൾക്കായി ഈ പണം ലഭ്യമായില്ല”, അഡ്വ. മോഹനകുമാർ ഗിരി പറഞ്ഞു. തന്‍റെ സ്വദേശമായ സർജുഗയിലെ ചില ഗ്രാമങ്ങളിൽ അദ്ദേഹം എന്നെ അനുഗമിച്ചിരുന്നു. "തങ്ങളുടെ ആവശ്യങ്ങൾക്ക് ഒട്ടും പ്രസക്തമല്ലാത്ത പദ്ധതികൾക്ക് വേണ്ടിയാണ് അവർ ഇതെടുത്തിരുന്നത്. നിങ്ങളുടെ തലയ്ക്കു മുകളിലെ കൂര സംരക്ഷിക്കുന്നതിനാണ് സാധാരണയായി നിങ്ങൾ വായ്പ എടുക്കുന്നത്. നഹകുൽ എടുത്ത വായ്പ അദ്ദേഹത്തിന്‍റെ മേൽക്കൂര നഷ്ടപ്പെടുത്തി. ഇപ്പോഴും എന്തുകൊണ്ടാണ് ആളുകൾ വായ്പാ ദാതാക്കളുടെ അടുത്തേക്ക് പോകുന്നത് എന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലാക്കാം.
പ്രത്യേകിച്ച് രൂപമൊന്നുമില്ലാത്ത മണ്ണിൽ നിന്നും തങ്ങളുടെ വൈദഗ്ദ്യമാർന്ന കരങ്ങൾ കൊണ്ട് മികച്ച ഓടുകൾ ഉണ്ടാക്കുന്ന ആളുകളെ ഞങ്ങൾ രണ്ടുപേരും നോക്കി നിന്നു. വളരെ ആകർഷകമായി തോന്നിക്കുന്ന വീഞ്ഞ് ഓട് നിർമ്മിക്കുന്നവർ കഴിക്കുന്നത് ഞങ്ങളുടെ സംഘത്തിലുള്ള മറ്റു രണ്ടുപേർ അസൂയയോടെ നോക്കി നിന്നു.
‘ എല്ലാവരും ഒരു നല്ല വരൾച്ചയെ ഇഷ്ടപ്പെടുന്നു ’ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ച ‘ വായ്പ എടുക്കുക മേൽക്കൂര നഷ്ടപ്പെടുത്തുക ’ എന്ന ലേഖനത്തിൽ നിന്നും – പക്ഷേ ഈ യഥാർത്ഥ ചിത്രങ്ങൾ ഇല്ലാതെ .
പരിഭാഷ: റെന്നിമോന്‍ കെ. സി.