ജാംനഗർ ജില്ലയിലെ ലാൽപൂർ താലൂക്കിൽപെട്ട സിൻഗച്ച് ഗ്രാമത്തിൽനിന്നാണ് ഞാൻ വരുന്നത്. എഴുത്ത് എന്നെ സംബന്ധിച്ച് പുതിയ കാര്യമാണ്. കൊറോണ സമയത്താണ് ഞാൻ ഈ ശീലം തുടങ്ങിയത്. കന്നുകാലി വളർത്തി ജീവിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയിൽ കമ്മ്യൂണിറ്റി മൊബിലൈസറായി പ്രവർത്തിക്കുകയാണ് ഞാൻ. ഗുജറാത്തി പ്രധാനവിഷയമായി ആർട്ട്സിൽ ബിരുദാനന്തരബിരുദം ചെയ്യുന്ന ഒരു വിദ്യാർത്ഥികൂടിയാണ് ഞാൻ. കഴിഞ്ഞ ഒമ്പതുമാസമായി എന്റെ വിഭാഗത്തിൽപ്പെട്ട ആളുകൾക്കിടയിൽ വിദ്യാഭ്യാസത്തോടുള്ള അവബോധവും താത്പര്യവും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞാൻ. ഞങ്ങളുടെ വിഭാഗത്തിൽ വിദ്യാഭ്യാസമുള്ള സ്‌ത്രീകളുടെ എണ്ണം വളരെ താഴെയാണ്. വിദ്യാഭ്യാസമുള്ള വളരെക്കുറച്ച് സ്‌ത്രീകളെ മാത്രമേ നിങ്ങൾക്കിവിടെ കാണാനാകൂ.
ചരാൻ, ഭാർവഡ്, ആഹിർസ് എന്നീ വിഭാഗങ്ങളെപ്പോലെ ഞങ്ങളും ആടുവളർത്തലിൽ ഏർപ്പെട്ടിരുന്ന ഇടയസമൂഹമായിരുന്നു. എന്നാൽ ഞങ്ങളിൽപ്പലരും ഇപ്പോൾ പരമ്പരാഗത തൊഴിലുപേക്ഷിച്ച് കമ്പനികളിലോ പാടങ്ങളിലോ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ്. ഫാക്ടറികളിലും പാടങ്ങളിലും കൂലിപ്പണി ചെയ്യുന്ന സ്ത്രീകളുണ്ട്. ഈ സ്ത്രീകളെയും അവരുടെ ജോലിയെയും സമൂഹം അംഗീകരിക്കുന്നുണ്ട്. പക്ഷേ എന്നെപ്പോലെ ജോലി ചെയ്യുന്നവർക്ക് ഇന്നും സാമൂഹികാംഗീകാരം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
കവയത്രി വരികൾ എഴുതുമ്പോൾ ദമ്പതികൾ തമ്മിലുള്ള ഒരു സാങ്കൽപ്പിക സംഭാഷണം പശ്ചാത്തലത്തിൽ കേൾക്കാം:
ഭരത് : ഇത് കേൾക്ക്, നിന്റെ ജോലി, ഔദ്യോഗിക ജീവിതം ഇതൊക്കെ ഒരുവശത്ത്, പക്ഷേ എന്റെ മാതാപിതാക്കളെ നന്നായി നോക്കണം. ഇന്നത്തെ എന്നെ രൂപപ്പെടുത്തുന്നതിൽ അവർ എത്രയധികം കഷ്‌ടപ്പെട്ടുവെന്നത് നിനക്കറിയില്ല.
ജ്
സ്മിത
: അത് ശരിയാ, ഞാനെങ്ങനെ അറിയും. ഞാൻ വളർന്ന് വലുതായപ്പോൾ
എന്റെ മാതാപിതാക്കൾ എന്നെ തട്ടിക്കൊണ്ടുവരികയായിരുന്നല്ലോ.
ഭരത് : നീ എന്തനാണ് എന്നെ അധിക്ഷേപിക്കുന്നത്? സമ്പാദിക്കാൻ ഞാനുണ്ടെന്ന് മാത്രമാണ് ഞാൻ പറയുന്നത്. വീടുനോക്കി നല്ലൊരു ജീവിതം നീ ആസ്വദിക്കട്ടെ എന്നുമാത്രമേ ഞാൻ ആഗ്രഹിച്ചുള്ളൂ. നിനക്ക് അതിൽക്കവിഞ്ഞ് എന്താണ് വേണ്ടത്?
ജ് സ്മിത : ശരിയാണ്, മറ്റെന്താണ് എനിക്ക് വേണ്ടത്. ഞാൻ ജീവനില്ലാത്ത ഒരു വസ്തുവാണല്ലോ. അതിന് എങ്ങനെ ആഗ്രഹങ്ങൾ ഉണ്ടാകാനാണ്? ഞാൻ വീട്ടുജോലിയെടുത്ത് സന്തോഷിക്കാം. മാസാവസാനം നിങ്ങളുടെ മുന്നിൽ പണത്തിനായി കൈനീട്ടാം. അപ്പോൾ നിങ്ങൾ ദേഷ്യപ്പെട്ടാൽ അതും ഞാൻ സഹിക്കാം. കാരണം നിങ്ങൾ ജോലിക്ക് പോകുന്നയാളാണല്ലോ. ഞാൻ വെറുതെ വീട്ടിലിരിക്കുകയും.
ഭരത് : എത്ര ബാലിശമാണ് നീ. ഈ കുടുംബത്തിന്റെ അഭിമാനം നീയാണ്. അതിനാൽ നിന്നെ പുറത്തേക്ക് അയക്കുന്നത് എനിക്ക് അനുവദിക്കാനാകില്ല.
ജ്സ്മിത : അതെ അതെ, നീ പറയുന്നത് ശരിയാണ്. നിങ്ങളെ സംബന്ധിച്ച് പുറത്തുപോയി ജോലിചെയ്യുന്ന സ്ത്രീകൾ നാണമില്ലാത്തവരും സ്വഭാവഗുണം ഇല്ലാത്തവരുമാണെന്ന് ഞാൻ ഓർത്തില്ല.
ഇതാണ് സത്യം. ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഓർമിപ്പിക്കാൻ എല്ലാവരും തയാറാണ്. എന്താണ് ചെയ്യേണ്ടതെന്ന് സ്‌ത്രീകളോട് പറയാൻ എല്ലാവർക്കും ഉത്സാഹമാണ്, പക്ഷേ ആരും ചോദിക്കുന്നില്ല...
അവകാശങ്ങൾ
ഞാനെന്റെ അവകാശങ്ങൾ
കുറിച്ചുവെച്ച കടലാസ്സ്
എനിക്ക് നഷ്‌ടമായി
ഉത്തരവാദിത്തങ്ങൾ
എന്റെ കൺമുന്നിൽ
സ്വതന്ത്ര്യമായി
വിഹരിക്കുകയാണ്
എന്റെ
അവകാശങ്ങൾ നഷ്‌ടപ്പെട്ടു,
അവയെ കണ്ടുപിടിക്കൂ
എന്റെ കർത്തവ്യങ്ങൾ എനിക്കറിയാം
എന്റെ
അവകാശങ്ങൾ
സ്വന്തമാക്കാൻകൂടി\
എന്നെ അനുവദിക്കൂ
നീ ഇത് ചെയ്യണം.
ഇങ്ങനെ ചെയ്യണം.
എനിക്കെന്തുവേണമെന്ന്
ഇടയ്ക്ക് വല്ലപ്പോഴും ചോദിക്കുകയുമാകാം
നിനക്കത്
ചെയ്യാനാകില്ല
നീ അത് ചെയ്യരുത്.
നിനക്ക് ഇഷ്‌ടമുള്ളത്
ചെയ്യാമെന്ന്
വല്ലപ്പോഴും
പറയൂ
എന്റെ പ്രജ്ഞയ്ക്ക് പരിമിതിയില്ല
എന്റെ അതിജീവനത്വം ശാശ്വതമാണ്
ചിലപ്പോൾ
ഞാനെന്റെ സ്വപ്നങ്ങളെ
നിധിപോലെ നിന്റെ കൈയ്യിൽ
ഏൽപ്പിച്ചെന്നും വരും.
ഈ നാല് ചുവരുകളെ
നിന്നേക്കാൾ നന്നായി എനിക്കറിയാം
ആകാശത്തിന്റെ
അഗാധമായ നീലിമയിലേക്ക്
പറക്കാൻ
എന്നെയൊന്ന് അനുവദിക്കൂ
സ്‌ത്രീകൾ
കാലങ്ങളായി ശ്വാസംമുട്ടുകയാണ്
സ്വാതന്ത്രയായി
ശ്വസിക്കുകയെങ്കിലും ചെയ്യട്ടെ ഞാൻ.
അല്ല, നിങ്ങൾ
കരുതുന്നതുപോലെ
അണിഞ്ഞുനടക്കാനോ അലയാനോ ഉള്ള
സ്വാതന്ത്ര്യമല്ല
ജീവിതത്തിൽനിന്ന് എനിക്കെന്ത് വേണമെന്ന്
ചോദിക്കുകയും വേണം
നീ
പരിഭാഷ: അശ്വതി ടി കുറുപ്പ്