കഴിഞ്ഞ മൂന്നുവർഷമായി ഒരാൾപോലും ഒരു കലപ്പ പണിയാൻ ഏൽപ്പിച്ചിരുന്നില്ല. ആരും കോടാലികളോ മൺവെട്ടികളോ ആവശ്യപ്പെട്ടില്ല. കർഷകർക്ക് പണിയായുധങ്ങൾ നിർമ്മിച്ച് ജീവിച്ചിരുന്ന ബംഗാരു രാമാചാരിയുടെ നില പതിയെ പരുങ്ങലിലാകുകയായിരുന്നു. വർഷങ്ങളായി, മുകുന്ദപുരത്തെ ഒരേയൊരു ആശാരിയായിരുന്നു അദ്ദേഹം. സ്വന്തമായി നിലമോ കന്നുകാലികളോ ഇല്ലാതിരുന്ന അദ്ദേഹം കർഷകനായിരുന്നില്ല. എന്നാൽ ആന്ധ്രാപ്രദേശിലെ നാൽഗോണ്ട ജില്ലയിലുള്ള ഈ ഗ്രാമത്തിൽ കൃഷി നടന്നുപോകുന്നതിനെ ആശ്രയിച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും ഉപജീവനവും.
"കൃഷി മോശമാകുമ്പോൾ കർഷകർ മാത്രമല്ല, എല്ലാവരും ദുരിതത്തിലാകും.", ഈ പ്രദേശത്തെ രാഷ്ട്രീയപ്രവർത്തകനായ എസ്. ശ്രീനിവാസ് പറയുന്നു. രാമാചരിയ്ക്ക് സംഭവിച്ചത് അതിലും ദാരുണമാണ്. വിശപ്പുമൂലം അദ്ദേഹം മരണപ്പെടുകയായിരുന്നു. നാഗാർജുന സാഗർ അണക്കെട്ട് പദ്ധതിയുടെ ഇടത് കനാലിന്റെ വൃഷ്ടിപ്രദേശത്ത് ഉൾപ്പെടുന്ന ഗ്രാമമാണ് ഇത്. നേരത്തെ വർഷങ്ങളോളം മികച്ച വിളവ് ലഭിച്ചിരുന്ന ഗ്രാമത്തിലാണ് ഇത്തരമൊരു ദുരന്തം സംഭവിച്ചത്.
കാർഷിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ കർഷകസമൂഹത്തിന് പുറത്തേയ്ക്ക് പടർന്ന്, മൺപാത്ര നിർമ്മാണ തൊഴിലാളികൾ, ലെതർ തൊഴിലാളികൾ, ആശാരിമാർ എന്നിങ്ങനെ നിരവധി കാർഷികേതര വിഭാഗങ്ങളെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതും ഇതേ സ്ഥിതിവിശേഷമാണ്. കാർഷികമേഖലയിൽ കാലങ്ങളെടുത്ത് രൂപപ്പെട്ട ലോലമായ തൊഴിൽബന്ധങ്ങൾ കടുത്ത സമ്മർദ്ദത്തിലാണ്.
"ഞാൻ വീട്ടിൽനിന്ന് ദൂരെ വിജയവാഡയിൽ ഒരു ചെരുപ്പ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.", രാമാചാരിയുടെ വിധവ അരുണ പറയുന്നു. വൊദ്ദ്രംഗി (ആശാരി) ജാതിവിഭാഗത്തിൽനിന്നുള്ള സ്ത്രീകൾ പൊതുവെ ജോലിയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറാറില്ല. "എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല.", അവൾ പറയുന്നു. "ഞാൻ ഇതിനുമുൻപ് ജോലിയ്ക്കായി എവിടേക്കും പോയിട്ടില്ല. പക്ഷെ ഇവിടെ ജോലി കിട്ടാൻ ഒരു സാധ്യതയുമുണ്ടായിരുന്നില്ല." അതുകൊണ്ടുതന്നെ, തങ്ങളുടെ മൂന്ന് മക്കളെ ഭർത്താവിനെ ഏൽപ്പിച്ച്, ഓരോ തവണയും ഒരുമാസം വീതം അവൾ ജോലിയ്ക്കായി പോകുകയായിരുന്നു.
"രാമാചാരിയെ സ്ഥിരമായി ജോലി ഏൽപ്പിക്കുന്ന നാല്പതോളം ആളുകളുണ്ടായിരുന്നു.", ശ്രീനിവാസ് പറയുന്നു. "ജോലിയ്ക്ക് കൂലിയായി അവർ നെല്ലാണ് കൊടുക്കുക. ഓരോരുത്തരും വർഷത്തിൽ 70 കിലോ നെല്ല് വീതം കൊടുക്കുമായിരുന്നു." ഇങ്ങനെ കിട്ടുന്ന 2,800 കിലോ നെല്ലിൽനിന്ന് വീട്ടിലേയ്ക്കാവശ്യമുള്ളത് കഴിച്ച്, ബാക്കി നെല്ല് രാമാചാരി വിപണിയിൽ വിൽക്കും. "70 കിലോ നെല്ലിന് അദ്ദേഹത്തിന് 250 രൂപ ലഭിക്കുമായിരുന്നു. ഇത് അരിയല്ല, നെല്ലാണെന്ന് ഓർക്കണം." വീട്ടിലെ ആവശ്യത്തിനുള്ളത് മാറ്റിവെച്ചാലും, അദ്ദേഹം വർഷത്തിൽ 4,000 രൂപ സമ്പാദിക്കുമായിരുന്നു. "ആ പണം ഉപയോഗിച്ചാണ് അദ്ദേഹം കുടുംബം പോറ്റിയിരുന്നത്."
സ്ഥിരം ആളുകൾക്ക് പുറമെ, മറ്റുള്ളവരും രാമാചാരിയ്ക്ക് ജോലി കൊടുത്തിരുന്നു. വിളവ് മികച്ചുനിന്നിരുന്ന സമയത്താണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഗ്രാമത്തിൽ 12 ട്രാക്ടറുകൾ വന്നതോടെ പണി കുറഞ്ഞു. "കൈത്തൊഴിലുകൾ ചെയ്ത് ജീവിക്കുന്നവരുടെ അവസ്ഥ ഇതോടെ മോശമായി." കെ. ലിംഗയ്യ പറയുന്നു. അദ്ദേഹത്തെപ്പോലെ ഭൂരഹിതരായ കർഷകരുടെ സ്ഥിതിയും അന്നുമുതൽ കഷ്ടത്തിലായി. രാമാചാരിയ്ക്ക് ഇത് കനത്ത തിരിച്ചടിയായിരുന്നു, എങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ അദ്ദേഹം തന്റെ തൊഴിൽ ചെയ്യുന്നത് തുടർന്നു. "അദ്ദേഹത്തിന് മറ്റു കഴിവുകളൊന്നുംതന്നെയുണ്ടായിരുന്നില്ല." അരുണ പറയുന്നു. രാമചാരി അഞ്ചാം ക്ലാസ് വരെയേ പഠിച്ചിരുന്നുള്ളൂ. അരുണ നാലാം ക്ലാസുവരെയും.




