ഒരു പൊടിപടലം, ഒരു യന്ത്രത്തിന്റെ കടകട ശബ്ദം. നീലസ്സാരി ധരിച്ച്, മൂക്കിൽ ഒരു വലിയ വളയമിട്ട്, ബൈക്കോടിച്ച് ആദൈകലാസെൽവി വന്നു. ഒരു വലിയ പുഞ്ചിരിയോടെ. കുറച്ച് നിമിഷങ്ങൾക്കുമുമ്പ്, തന്റെ മുളകുപാടത്തിൽനിന്ന് അവർ ഞങ്ങളെ വിളിച്ച് പറഞ്ഞിരുന്നു, അവരുടെ പൂട്ടിയ വീടിന്റെ മുന്നിൽ കാത്തുനിൽക്കാൻ. മാർച്ചുമാസമായതേയുണ്ടായിരുന്നുള്ളു. എങ്കിലും ആ ഉച്ചയ്ക്ക് രാമനാഥപുരത്തെ സൂര്യൻ കത്തിനിൽക്കുകയായിരുന്നു. ഞങ്ങളുടെ നിഴലുകൾക്ക് നീളം കുറവായിരുന്നുവെങ്കിലും ദാഹം വലുതായിരുന്നു. പേരയ്ക്ക മരത്തിന്റെ തണലിൽ ബൈക്ക് നിർത്തി ധൃതിയിൽ വീട് തുറന്ന് അവർ ഞങ്ങളെ വീട്ടിനകത്തേക്ക് ക്ഷണിച്ചു. പള്ളിമണി മുഴങ്ങുന്നുണ്ടായിരുന്നു. അവർ കുടിക്കാൻ വെള്ളം കൊണ്ടുവന്നു. സംസാരിക്കാനിരുന്നു.
ബൈക്കിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി ഞങ്ങൾ. അവരുടേതുപോലുള്ള ഒരു ചെറിയ ഗ്രാമത്തിൽ, അവരുടെ പ്രായക്കാരിയായ ഒരാൾ ഈ വണ്ടി ഓടിക്കുന്നത് അത്ര സാധാരണമായ കാഴ്ചയല്ല. “പക്ഷേ ഇത് വളരെ ഉപകാരപ്രദമാണ്”, ആ 51 വയസ്സുകാരി പറയുന്നു. അവർ വളരെ പെട്ടെന്ന് വണ്ടി ഓടിക്കാൻ പഠിച്ചു. “എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാന് സഹോദരൻ ഇത് ഓടിക്കാൻ പഠിപ്പിച്ചത്. എനിക്ക് സൈക്കിൾ അറിയാമായിരുന്നു. അതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല”.
ഈ ഇരുചക്രവാഹനമില്ലായിരുന്നെങ്കിൽ ജീവിതം ബുദ്ധിമുട്ടായേനേ എന്ന് അവർ ചൂണ്ടിക്കാട്ടി. “എന്റെ ഭർത്താവ് നാട്ടിൽനിന്ന് ദൂരെയായിട്ട് വർഷങ്ങളായി. പ്ലംബറായിട്ടാണ് ജോലി ചെയ്തിരുന്നത്. ആദ്യം സിംഗപ്പൂരും പിന്നെ ദുബായ്, ഖത്തർ എന്നിവിടങ്ങളിലും. പെണ്മക്കളെ വളർത്തിയതും കൃഷി നടത്തിയതുമൊക്കെ ഞാനാണ്”, അവർ പറഞ്ഞു. ഒറ്റയ്ക്ക്.
ജെ. ആദൈകലാസെൽവി എന്നും ഒരു കൃഷിക്കാരിയായിരുന്നു. ഓരോ വളയണിഞ്ഞ രണ്ട് കൈകളും മുട്ടിന്മേൽവെച്ച്, നിലത്ത് ചമ്രംപടിഞ്ഞ്, അവർ നിവർന്നിരുന്നു. ശിവഗംഗൈ ജില്ലയിലെ കളയാർകോവിലിൽ ഒരു കർഷകകുടുംബത്തിലാണ് അവർ ജനിച്ചത്. മുതുകുളതൂർ ബ്ലോക്കിലെ പി.മുത്തുവിജയപുരം എന്ന അവരുടെ ഊരിൽനിന്ന് റോഡുമാർഗ്ഗം ഒന്നൊന്നര മണിക്കൂർ ദൂരം അകലെയാണ് അത്. “എന്റെ സഹോദരന്മാർ ശിവഗംഗൈയിലാണ് താമസിക്കുന്നത്. അവിടെ അവർക്ക് ധാരാളം കുഴൽക്കിണറുകളുണ്ട്. മണിക്കൂറിന് 50 രൂപയ്ക്കാണ് ഞാൻ വെള്ളം വാങ്ങുന്നത്”. വെള്ളം രാമനാഥപുരത്തെ ഒരു വലിയ കച്ചവടമാണ്.
പെണ്മക്കൾ ചെറുപ്പമായിരുന്നപ്പോൾ ആദൈകലാസെൽവി അവരെ ഹോസ്റ്റലിൽ താമസിപ്പിച്ചു. പാടത്തെ പണി കഴിഞ്ഞ് അവർ മക്കളെ പോയി കണ്ട്, തിരിച്ചുവന്ന് വീട്ടിലെ കാര്യങ്ങൾ നോക്കും. ഇപ്പോൾ അവർക്ക് ആറേക്കർ പാടമുണ്ട്. ഒന്ന് സ്വന്തവും അഞ്ചെണ്ണം പാട്ടത്തിനും. “നെല്ല്, മുളക്, പരുത്തി: അത് ചന്തയിലേക്കുള്ളതാണ്, മല്ലി, വെണ്ടയ്ക്ക, വഴുതന, പടവലം, ചെറിയ ഉള്ളി, അത് അടുക്കളയ്ക്കും”.
ഹാളിലുള്ള ഒരു അറയിലേക്ക് അവർ വിരൽ ചൂണ്ടി. “നെല്ല് ഞാൻ അവിടെയാണ് സൂക്ഷിക്കുക. അതിനാൽ എലികൾ വരില്ല. മുളക്, അടുക്കളയിലെ ഒരു അറയിലും. അങ്ങിനെയാവുമ്പോൾ വീട്ടിൽ പെരുമാറാൻ സ്ഥലമുണ്ടാവും. ഇതെല്ലാം, രണ്ട് പതിറ്റാണ്ട് മുമ്പ്, വീടുണ്ടാക്കുന്ന സമയത്ത് താൻ സ്വയം രൂപകല്പന ചെയ്തതാണെന്ന് നാണത്തിൽ കുതിർന്ന ഒരു ചെറിയ പുഞ്ചിരിയോടെ അവർ പറയുന്നു. മുൻവശത്തെ വാതിലിൽ കന്യാമറിയത്തിന്റെ രൂപം വാർത്തതും അവരുടെ ആശയമായിരുന്നു. മരത്തിൽ മനോഹരമായി കൊത്തിയ ഒരു ശില്പമായിരുന്നു അത്. ഒരു പൂവിനകത്ത് നിൽക്കുന്ന മേരിയുടെ രൂപം. വിരുന്നുമുറിയിലെ ഇളം പച്ച നിറത്തിലുള്ള ചുമരുകൾ പൂക്കൾകൊണ്ട് അലങ്കരിച്ചിരുന്നു. കുടുംബചിത്രങ്ങളും ജീസസിന്റേയും മേരിയുടേയും ചിത്രങ്ങളും അതിൽ തൂക്കിയിരുന്നു.
ഭംഗിക്ക് പുറമേ, വീട്ടിനകത്തെ വിശാലമായ ഇടം, വിളവുകൾ സൂക്ഷിക്കാനും നല്ല വില കിട്ടുമ്പോൾ വിൽക്കാനും അവർക്ക് സഹായകരമായിരുന്നു. മിക്കവാറും നല്ല വില കിട്ടാറുണ്ട്. നെല്ലിന്റെ സർക്കാർ സംഭരണനിരക്ക് 19.40 രൂപയായിരുന്നു.
അതേസമയം പ്രദേശത്തെ കമ്മീഷൻ ഏജന്റ് കൊടുക്കുന്ന വില വെറും 13 രൂപയാണ്. “ഞാൻ രണ്ട് ക്വിന്റൽ (200 കിലോഗ്രാം) സർക്കാരിന് കൊടുത്തു. എന്തുകൊണ്ട് അവർക്ക് മുളകും വാങ്ങിക്കൂടാ”? അവർ ചോദിക്കുന്നു.
നല്ല, സ്ഥിരമായ വില എല്ലാ മുളക് കർഷകരും ആഗ്രഹിക്കുന്നുണ്ടെന്ന് അവർ പറയുന്നു. “നെല്ലിൽനിന്ന് വ്യത്യസ്തമായി, മുളകിന് അധികം മഴയോ, കെട്ടിക്കിടക്കുന്ന വെള്ളമോ പറ്റില്ല. ഈ വർഷം, മഴ പെയ്യാത്ത കാലത്തും മഴ പെയ്തു. ചെടികൾ മുളച്ച്, തൈകളായിരുന്നപ്പോൾ. പൂവിടുന്നതിനുമുൻപായിരുന്നെങ്കിൽ അത് നന്നായിരുന്നു. അപ്പോൾ കിട്ടിയതുമില്ല. ‘കാലാവസ്ഥാ മാറ്റം’ എന്ന വാക്ക് അവർ ഉപയോഗിച്ചില്ല - പകരം, മഴയുടെ മാറുന്ന രീതികളെ വിശേഷിപ്പിക്കാൻ, ‘വളരെക്കൂടുതൽ, പെട്ടെന്ന്, തെറ്റായ സമയത്ത്, തെറ്റായ കാലത്ത്’ എന്നൊക്കെയായിരുന്നു അവർ ഉപയോഗിച്ചത് - അതുകാരണം പതിവായി കിട്ടുന്നതിലും അഞ്ചിലൊന്ന് വിളവാണ് കിട്ടിയതെന്ന് അവർ കണക്കാക്കുന്നു. “എല്ലാം ഒലിച്ചുപോവും”, അവർ പറയുന്നു. അതും, അവർ വളർത്തുന്ന ‘രാംനാട് മുണ്ട്’ എന്ന ഇനത്തിന് കിലോഗ്രാമിന് 300 രൂപ വിലയുള്ളപ്പോൾ.
മുളക് ഒരു നാഴിക്ക് ഒന്നോ രണ്ടോ രൂപയ്ക്ക് വിറ്റിരുന്ന കാലം അവർ ഓർക്കുന്നുണ്ട്. വഴുതന, കിലോയ്ക്ക് 25 പൈസയ്ക്കായിരുന്നു വിറ്റിരുന്നത്. “എന്തിനേറെ, മുപ്പത് കൊല്ലം മുമ്പ്, പരുത്തി ഒരു കിലോയ്ക്ക് മൂന്നോ നാലോ രൂപയായിരുന്നു. അന്ന്, ദിവസം അഞ്ച് രൂപയ്ക്ക് പണി ചെയ്യാൻ ആളെ കിട്ടിയിരുന്നു. ഇപ്പോഴോ? 250 രൂപയായിരിക്കുന്നു. എന്നാൽ പരുത്തിക്ക് ഒരു കിലോഗ്രാമിന് വെറും 80 രൂപയാണ് കിട്ടുന്നത്”. മറ്റൊരുതരത്തിൽ പറഞ്ഞാൽ, കൂലി 50 ഇരട്ടി കൂടിയിരിക്കുന്നു. വിൽക്കുന്ന വില 20 ഇരട്ടി മാത്രവും. ഒരു കർഷകൻ എന്ത് ചെയ്യാനാണ്? ശാന്തമായിരുന്ന് പണി തുടരുക. അത്രതന്നെ.
ആദൈകലാസെൽവി ചെയ്യുന്നതും അതുതന്നെയാണ്. അവർ സംസാരിക്കുമ്പോൾ ആ ദൃഢനിശ്ചയം കാണാൻ കഴിയും. വലതുവശത്തേക്ക് ചൂണ്ടി അവർ പറയുന്നു. “മുളകുപാടം ഈ ഭാഗത്താണ്. മറുഭാഗത്തും കുറച്ച് കൃഷി ചെയ്യുന്നുണ്ട്, കുറച്ച്”, കൈകൾകൊണ്ട് ആകാശത്തൊരു വര വരക്കുന്നു അവർ. “ബൈക്കുള്ളതുകൊണ്ട് ഞാൻ ഉച്ചയ്ക്ക് ഊണിനുപോലും തിരിച്ചുവരും. ചാക്കുകൾ കൊണ്ടുവരാനും കൊണ്ടുപോകാനും ആണുങ്ങളെ ആശ്രയിക്കേണ്ട ആവശ്യമില്ല. ബൈക്കിന് പിന്നിൽവെച്ച് വീട്ടിൽ കൊണ്ടുവരും” ആദൈകലാസെൽവി ചിരിച്ചുകൊണ്ട് പറയുന്നു. അവരുടെ തമിഴ് വളരെ പരിചിതവും വ്യത്യസ്തവുമായി തോന്നി.
“2015-ൽ ബൈക്ക് വാങ്ങുന്നതുവരെ, ഞാൻ ഗ്രാമത്തിലെ ആരുടെയെങ്കിലും കൈയ്യിൽനിന്ന് വണ്ടി കടം വാങ്ങാറുണ്ടായിരുന്നു”, തന്റെ ടി.വി.എസ്. മോപ്പെഡ് ഒരു നിക്ഷേപമായിട്ടാണ് അവർ കരുതുന്നത്. ഇപ്പോൾ അവർ മറ്റ് ചെറുപ്പക്കാരികളേയും വണ്ടിയോടിക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. “പലരും ഇപ്പോൾ ചെയ്യുന്നുണ്ട്”, ചിരിച്ചുകൊണ്ട് അവർ വണ്ടിയെടുത്ത് പാടത്ത് പോകാൻ തയ്യാറായി. ഒരു ചുവന്ന പരവതാനിപോലെ വെയിലത്തുണങ്ങുന്ന, രാമനാഥപുരത്തെ മുളകിന്റെ ഒരു പാടം പിന്നിട്ട് ഞങ്ങളും ഞങ്ങളുടെ വണ്ടിയിൽ അവരുടെ പിന്നിലായി യാത്ര ചെയ്തു. മറ്റേതെങ്കിലും നാടുകളിലെ വീടുകളിലെ ഭക്ഷണത്തിന് ഓരോരോ സമയത്തും എരിവുകൂട്ടാനുള്ള. ഓരോ ഗുണ്ടുമുളകുകൾ (തടിച്ച മുളകുകൾ).
*****
"നിന്നെ പച്ചച്ച് കണ്ടു, പഴുക്കുമ്പോൾ
ചുവക്കുന്നതും
കാണാൻ ഭംഗിയുള്ളത്, കഴിക്കുമ്പോൾ
രുചിയുള്ളത്..."
സന്ന്യാസിയും
സംഗീതകാരനുമായ പുരന്ദരദാസൻ രചിച്ച ഒരു പാട്ടിലെ വരികൾ
ധാരാളം രീതിയിൽ വ്യാഖ്യാനിക്കാവുന്ന ഈ മനോഹരമായ വരികളാണ് മുളകിനെക്കുറിച്ച് സാഹിത്യത്തിലുണ്ടായ ആദ്യത്തെ സൂചനയെന്ന് ‘ ഇന്ത്യൻ ഫുഡ് , എ ഹിസ്റ്റോറിക്കൽ കമ്പാനിയൻ - (ഇന്ത്യൻ ഭക്ഷണം, ഒരു ചരിത്ര സഹയാത്രികൻ) എന്ന പുസ്തകത്തിൽ കെ.ടി. അചായ സൂചിപ്പിക്കുന്നു. എരിവ്, ഇന്ത്യൻ ഭക്ഷണത്തിന്റെ ഒരു പ്രധാനഘടകമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. “അത് നമ്മുടെകൂടെ ഉണ്ടായിരുന്നില്ലെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്” എന്നും. ഏകദേശമായ കാലസൂചന നൽകുന്നുണ്ട് ഈ ഗാനം. പുകൾപെറ്റ ദക്ഷിണേന്ത്യൻ സംഗീതകാരനായ പുരന്ദരദാസന്റെ രചനയാണിത്. 1480-നും 1564-നും ഇടയിലാണ് അദ്ദേഹത്തിന്റെ ജീവിതകാലം.
ഇങ്ങനെയാണ്
“ദരിദ്രന്റെ രക്ഷകൻ, നല്ല അന്നം വർദ്ധകൻ, കടിച്ചാൽ രോഷം കൊള്ളുന്നവൻ, പാണ്ഡുരംഗ വിത്തലനന്നെ (മൂർത്തിയെക്കുറിച്ച്) ചിന്തിക്കാൻപോലും ബുദ്ധിമുട്ടാണ്”
‘ദക്ഷിണ അമേരിക്കയെ കീഴ്പ്പെടുത്തിയതിൽപ്പിന്നെ ഇന്ത്യയിലേക്ക് യാത്രചെയ്ത പോർത്തുഗീസുകാർ’വഴിയാണ് കാപ്സിക്കം ആനം എന്ന പേരിൽ അറിയപ്പെടുന്ന മുളക് ഇന്ത്യൻ തീരത്തേക്ക് വന്നതെന്ന്, ‘ റൊമാൻസിംഗ് ദി ചില്ലി ’ എന്ന പുസ്തകത്തിൽ സുനിത ഗോഗാത്തെയും സുനിൽ ജലിഹാലും പറയുന്നു.
ഇവിടെയെത്തിയതോടെ, അത് പെട്ടെന്ന് കുരുമുളകിനെ കടത്തിവെട്ടി. അത്രകാലവും ഭക്ഷണത്തിന് ‘ചൂട്’ പകർന്നിരുന്നത് കുരുമുളകായിരുന്നു. “മുളക് രാജ്യത്തെമ്പാടും കൃഷി ചെയ്യാൻ പറ്റുന്ന ഒന്നായിരുന്നു... കുരുമുളകിനേക്കാൾ കഴിവുള്ള ഒന്ന്” എന്നാണ് അചായ പറയുന്നത്. കുരുമുളകിനോടുള്ള ആദരമെന്ന നിലയിൽ, മിക്ക ഇന്ത്യൻ ഭാഷയിലും മുളകിന് അതിന്റെ പേരാണിട്ടിരിക്കുന്നത്. ഉദാഹരണത്തിന്, തമിഴിൽ കുരുമുളകിന് മിളക് എന്നാണെങ്കിൽ, മുളകിന് മിലഗൈ , എന്നാണ് പേര്. നൂറ്റാണ്ടുകളേയും ഭൂഖണ്ഡങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് സ്വരങ്ങൾ.
പുതിയ സുഗന്ധദ്രവ്യം നമ്മുടെ സ്വന്തം ഉത്പന്നമായി മാറി. ഏറ്റവുമധികം ഉണങ്ങിയ ചുവന്ന മുളക് ഉത്പാദിപ്പിക്കുന്ന ലോകരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മുളകുത്പാദിപ്പിക്കുന്ന ഏഷ്യാ-പസഫിക്ക് രാജ്യങ്ങളുടെ നേതൃപദവിയും ഇന്ത്യയ്ക്കാണ്. 1.7 ദശലക്ഷം ടൺ ഉണങ്ങിയ ചുവന്ന മുളകാണ് 2020-ൽ ഇന്ത്യ ഉത്പാദിപ്പിച്ചത്. അതായത്, രണ്ടും മൂന്നും സ്ഥാനത്തുള്ള തായ്‌ലാൻഡിനേക്കാളും ചൈനയേക്കാളും ഏതാണ്ട് അഞ്ചിരട്ടി. ഇന്ത്യയിൽ ആന്ധ്രപ്രദേശാണ് ഏറ്റവും ‘എരിവുള്ള’ സംസ്ഥാനം. 2021-ൽ അവിടെ ഉത്പാദിപ്പിച്ചത് 8,36,000 ടണ്ണായിരുന്നു. അതേവർഷം തമിഴ്നാട് ഉത്പാദിപ്പിച്ചതാകട്ടെ കേവലം 25,648 ടണ്ണും. സംസ്ഥാനത്തിനകത്ത് , ഈ രംഗത്ത് മുന്നിൽ നിൽക്കുന്നത് രാമനാഥപുരമാണ്. തമിഴ്നാട്ടിൽ, നാല് ഹെക്ടറിൽ ഒന്നിൽ മുളക് ഉത്പാദിപ്പിക്കുന്നത് (54,231 ഹെക്ടറിൽ 15,939 ഹെക്ടർ) ഈ ജില്ലയാണ്.
രാമനാഥപുരത്തെ മുളകിനെയും കർഷകരേയുംകുറിച്ച് ആദ്യമായി ഞാൻ വായിക്കുന്നത്, പി.സായ്നാഥിന്റെ ‘ എവരിവൺ ലവ്സ് എ ഗുഡ് ഡ്രോട്ട്’ (എല്ലാവരും ഒരു നല്ല വരൾച്ചയെ ആഗ്രഹിക്കുന്നു) എന്ന പ്രശസ്തമായ പുസ്തകത്തിലെ “ദ് ടിറനി ഓഫ് ദ് തരാഗർ’ (കമ്മീഷൻ ദല്ലാളിന്റെ ദുഷ്ഭരണം) എന്ന അദ്ധ്യായത്തിലാണ്. “ഒരു സാധു കർഷകൻ മുന്നിൽക്കൊണ്ടുവെച്ച രണ്ട് ചാക്കുകളിലൊന്നിൽ തരാഗർ (കമ്മീഷൻ ഏജന്റ്) കൈയ്യിട്ട്, ഒരു കിലോഗ്രാം മുളക് എടുത്തുമാറ്റുന്നു. ഇതയാൾ അശ്രദ്ധമായി ഒരു ഭാഗത്തേക്ക് നീക്കിവെച്ചു – സാമിവത്ത ലാണത് (ദൈവത്തിനുള്ള പങ്ക്)”.
പിന്നെ സായ്നാഥ് അവതരിപ്പിക്കുന്നത് പകച്ചുനിൽക്കുന്ന രാമസ്വാമിയെയാണ്. “ഒരേക്കറിന്റെ മൂന്നിലൊരുഭാഗം മാത്രം കൃഷി ചെയ്ത് ജീവിക്കുന്ന” അയാൾക്ക് തന്റെ ഉത്പന്നം മറ്റൊരാൾക്കും വിൽക്കാനാവില്ലായിരുന്നു. കാരണം, “നടുന്നതിനുമുന്നേ മുഴുവൻ വിളവും വാങ്ങിയത്“ കമ്മീഷൻ ഏജന്റായിരുന്നു. തന്റെ പുസ്തകരചനയ്ക്കായി രാജ്യത്തെ ഏറ്റവും ദരിദ്രമായ പത്ത് ജില്ലകളിലൂടെ 1990-കളിൽ സായ്നാഥ് യാത്ര ചെയ്യുമ്പോൾ ഈ മട്ടിലായിരുന്നു പാവപ്പെട്ട കർഷകരുടെമേൽ തരാഗറിനുണ്ടായിരുന്ന സ്വാധീനം.
പിന്നെ, 2022-ൽ ഞാൻ രാമനാഥപുരത്തേക്ക് തിരിച്ചുപോയി. ‘ലെറ്റ് ദെം ഈറ്റ് റൈസ്’ എന്ന എന്റെ പരമ്പര എഴുതാൻവേണ്ടി. മുളക് കർഷകർ എങ്ങിനെ കഴിയുന്നു എന്നറിയാൻ.
*****
“വിളവ് കുറയാൻ
കാരണം, മയിൽ, മുയൽ, കന്നുകാലികൾ, മാൻ
എന്നിവയാണ്. പിന്നെ
മഴക്കൂടുതലും മഴക്കുറവും”
വി.ഗോവിന്ദരാജൻ, മുളക് കർഷകൻ, മുമ്മുടിസത്തൻ, രാമനാഥപുരം
രാമനാഥപുരത്തെ മുളകുവ്യാപാരിയുടെ കടയിൽ, ലേലം തുടങ്ങുന്നതും കാത്ത് സ്ത്രീകളും പുരുഷന്മാരും കാത്തിരിക്കുകയാണ്. ടെമ്പോയിലും ബസ്സുകളിലും യാത്രചെയ്ത് വന്ന്, കന്നുകാലിത്തീറ്റ (ഡബിൾ ഹോഴ്സ് എന്ന ബ്രാൻഡ്) നിറച്ച ചാക്കുകളിലിരുന്ന് തോർത്തുകൊണ്ടും സാരിത്തലപ്പുകൊണ്ടും സ്വയം വീശി ഇരിക്കുന്ന കർഷകരായിരുന്നു അവർ. നല്ല ചൂടാണെങ്കിലും, ഇത്തിരി തണലുണ്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു അവർ. കൃഷിയിടങ്ങളിൽ അതില്ല. നോക്കൂ, മുളകുചെടികൾ തണലത്തല്ലല്ലോ ജീവിക്കുന്നത്.
69 വയസ്സുള്ള വി. ഗോവിന്ദരാജൻ 20 കിലോഗ്രാം വീതം വരുന്ന മൂന്ന് ചുവന്ന മുളക് ചാക്കുകൾ കൊണ്ടുവന്നിട്ടുണ്ട്. “ഈ വർഷം, വിളവ് മോശമായിരുന്നു”. വിളവിനെക്കുറിച്ച് പറയുമ്പോൾ അയാൾ തലകുലുക്കുന്നു. “പക്ഷേ മറ്റ് ചിലവുകളൊന്നും കുറയുന്നതുമില്ല”. ഈ കൃഷി അധികം ബലമുള്ളതല്ലെന്ന് അയാൾ പറയുന്നു. മല്ലികപ്പൂപോലെയുള്ള മറ്റ് കൃഷികൾ നോക്കുമ്പോൾ, മുളകിന് കീടനാശിനിയുടെ ആവശ്യമേയില്ല.
പിന്നെ ഗോവിന്ദരാജൻ പ്രക്രിയയെക്കുറിച്ച് പറയുന്നു. ഏഴ് ഉഴവുകൾ വേണം (രണ്ടെണ്ണം ആഴം കൂടിയതും അഞ്ചെണ്ണം വേനൽക്കാലത്തും). പിന്നെ വരുന്നത്, വളമാണ്. 100 ആടുകളെ ഒരാഴ്ചയോളം രാത്രികളിൽ പാടത്ത് താമസിപ്പിക്കണം. അവയുടെ വിസർജ്ജ്യം മണ്ണിനെ ഫലഭൂയിഷ്ടമാക്കും. ഇതിന്, ഓരോ രാത്രിയും 200 രൂപ ചിലവുണ്ട്. പിന്നെ വിത്തിന്റെ ചിലവും, നാലോ അഞ്ചോ തവണ കള പറിക്കലും. “എന്റെ മകന് ഒരു ട്രാക്ടറുണ്ട്. അതുകൊണ്ട് ചിലവില്ലാതെ അവൻ നിലം ഒരുക്കിത്തരും”, അയാൾ ചിരിക്കുന്നു. “മറ്റ് ചിലർ, മണിക്കൂറിന് 900 രൂപമുതൽ 1,500 രൂപവരെ, തരംപോലെ വാടക കൊടുക്കുന്നു”.
ഞങ്ങൾ സംസാരിക്കുമ്പോൾ കൂടുതൽ കർഷകർ വരാൻ തുടങ്ങി. മുണ്ടും ലുങ്കിയും ധരിച്ച്, ചുമലിലും തലയിലും തോർത്തും കെട്ടി അവർ ചുറ്റും നിന്നു. സ്ത്രീകൾ നിറമുള്ള പൂക്കളുടെ ചിത്രമുള്ള നൈലോൺ സാരി ധരിച്ചിരുന്നു. ഓറഞ്ച് നിറമുള്ള കനകാംബരവും മുല്ലപ്പൂവും തലയിൽ ചൂടിയിരുന്നു ആ സ്ത്രീകൾ. ഗോവിന്ദരാജൻ എനിക്ക് ചായ വാങ്ങിത്തന്നു. കടയിലെ ഓടിന്റെ വിടവുകളിലൂടെ വീഴുന്ന സൂര്യരശ്മിയിൽ, അകത്ത് വിരിച്ചിട്ട തടിച്ച ചുവന്ന മുളകുകൾ പത്മരാഗം പോലെ ജ്വലിച്ചു.
രാമനാഥപുരം ബ്ലോക്കിലെ കൊനേരി ഊരിൽനിന്ന് വന്ന 35 വയസ്സുള്ള എ. വാസുകി എന്ന കർഷക അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. മറ്റ് സ്ത്രീകളെപ്പോലെ, അവരുടെ ദിവസവും തുടങ്ങുന്നത്, പുരുഷന്മാരേക്കാൾ വളരെ നേരത്തെയാണ്. 7 മണിക്ക് മുന്നേ എഴുന്നേറ്റ് പാടത്ത് പോവുന്നതിനുമുമ്പ് അവർ ഭക്ഷണം പാകം ചെയ്ത്, സ്കൂളിൽ പോവുന്ന കുട്ടികൾക്കുള്ള ഭക്ഷണം പാത്രങ്ങളിൽ തയ്യാറാക്കിവെക്കും. പിന്നെ അവർ തിരിച്ചുവരുന്നത് 12 മണിക്കൂർ കഴിഞ്ഞിട്ടാണ്. പിന്നെ വീണ്ടും വീട്ടിലെ പണികൾ.
ഇത്തവണത്തെ വിളവെല്ലാം നശിച്ചുപോയി എന്ന് അവർ പറയുന്നു. “എന്തോ കുഴപ്പം പറ്റി, മുളകൊന്നും വളർന്നില്ല. എല്ലാം വീണുപോയി”. അവർക്ക് ആകെ കൊണ്ടുവരാൻ കഴിഞ്ഞത് 40 കിലോഗ്രാം മാത്രമാണ്. വിളവിന്റെ പകുതി. അടുത്ത സീസണിൽ മറ്റൊരു 40 കൂടി അവർ പ്രതീക്ഷിക്കുന്നു. എന്തെങ്കിലും സമ്പാദിക്കാൻ തൊഴിലുറപ്പിലാണ് അവർക്ക് ഇനി ഏക പ്രതീക്ഷ.
59 വയസ്സുള്ള പി.പൂമയിലിനെ സംബന്ധിച്ചിടത്തോളം, മുമ്മുടിസത്തനിലെ അവരുടെ ഊരിൽനിന്ന് ഇങ്ങോട്ടുള്ള 20 കിലോമീറ്റർ യാത്രയായിരുന്നു ഇന്നത്തെ വിഷയം. ഒരു സൌജന്യയാത്ര തരപ്പെട്ടു അവർക്ക്. 2021-ൽ അധികാരത്തിലേറിയ ഡി.എം.കെ. സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, അധികാരമേറ്റയുടൻ സ്ത്രീകൾക്കായി ഒരു പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. ടൌൺ ബസ്സിൽ സ്ത്രീകൾക്ക് സൌജന്യയാത്ര.
പൂമയിൽ എനിക്ക് ടിക്കറ്റ് കാണിച്ചുതന്നു. അതിൽ, സ്ത്രീ, സൌജന്യയാത്ര എന്ന് എഴുതിയിരുന്നു. 40 രൂപ ലാഭിച്ചതിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. തങ്ങൾക്കും സൌജന്യയാത്ര കിട്ടിയിരുന്നെങ്കിൽ എന്ന് രണ്ടുമൂന്ന് പുരുഷന്മാർ കളിയായി സൂചിപ്പിച്ചു. എല്ലാവരും ചിരിച്ചു. പ്രത്യേകിച്ചും സ്ത്രീകൾ. സന്തോഷത്തോടെ.
വിളവ് കുറഞ്ഞതിനുള്ള കാരണങ്ങൾ ഗോവിന്ദരാജൻ പറയാൻ തുടങ്ങിയപ്പോൾ ചിരികളൊക്കെ മാഞ്ഞു. മയിൽ, മുയൽ, കന്നുകാലികൾ, മാൻ - ഇതൊക്കെയായിരുന്നു കാരണങ്ങൾ. “പിന്നെ, മഴക്കൂടുതലും മഴക്കുറവും”. നല്ലപോലെ മഴ പെയ്തിരുന്നെങ്കിൽ മുളക് ചെടികൾ പൂവിടുകയും കായ്ക്കുകയും ചെയ്തേനേ. അതുണ്ടായില്ല. “മുമ്പൊക്കെ ധാരാളം മുളകുണ്ടായിരുന്നു, ഇതാ ഇതുവരെ, അതിന്റെ മുകളിൽ കയറിനിന്ന് ഒരാൾ കൂട്ടിയിടുമായിരുന്നു. ഒരു കുന്നാവുന്നതുവരെ”, തട്ടിലേക്ക് ചൂണ്ടിക്കൊണ്ട് അയാൾ പറയുന്നു.
ഇപ്പോൾ ചെറിയ കൂനകളാണ്. മുട്ടറ്റമുള്ളത്. പല ഇനവുമുണ്ട്. ചിലത് നല്ല ചുവപ്പ്, ചിലത് അത്രതന്നെ ഇല്ലാത്തത്. എന്നാൽ, എല്ലാറ്റിനും നല്ല എരിവുണ്ട്. ഇടയ്ക്കിടയ്ക്ക് ചിലർ തുമ്മുകയും ചുമക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കൊറോണ വൈറസാണ് ആഗോളഭീഷണിയെങ്കിലും, ഇവിടെ കുറ്റവാളി ഈ മുളകാണ്.
ലേലം വിളിക്കുന്ന എസ്. ജോസഫ് സെങ്കോൽ അകത്തേക്ക് കയറിയപ്പോൾ എല്ലാവരും അക്ഷമരായി. പെട്ടെന്ന് അന്തരീക്ഷത്തിന് മാറ്റം വന്നു. ആളുകൾ മുളകുകൂനയ്ക്ക് ചുറ്റും കൂടിനിന്നു. ജോസഫിന്റെ കൂടെ വന്ന സംഘം മുളകുകൂനകൾക്ക് ചുറ്റും നടന്ന്, അവയുടെ അടുത്തുപോയി സൂക്ഷിച്ചുനോക്കുന്നു. അതിനുശേഷം ജോസഫ് തന്റെ വലത്തേ കൈയ്യിന്റെ മീതെ ഒരു തോർത്തുമുണ്ടിട്ടു. മറ്റൊരാൾ - വാങ്ങുന്നവരെല്ലാം പുരുഷന്മാരായിരുന്നു – രഹസ്യലേലത്തിൽ പങ്കെടുത്തുകൊണ്ട്, ആ കൈയ്യിന്റെ താഴെ തന്റെ വിരലുകൾ ചേർത്തുവെച്ചു.
പുറത്തുനിന്നുള്ള ഒരാൾക്ക് ഈ രഹസ്യഭാഷ അത്ഭുതമുണ്ടാക്കും. കൈപ്പത്തി തൊട്ടും, വിരൽ പിടിച്ചും, താഴെ വിരൽ തൊട്ടും പുരുഷന്മാർ സംഖ്യകൾ വിനിമയം ചെയ്യുന്നു. അതായത്, അവർ എടുക്കാൻ തയ്യാറായ വിലകൾ. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്നാണെങ്കിൽ, കൈപ്പത്തിയിൽ അവർ ഒരു പൂജ്യം വരയ്ക്കും. തന്റെ ജോലിക്ക് ലേലക്കാരന് ഒരു കമ്മീഷൻ കിട്ടും. ഓരോ ബാഗിനും 3 രൂപവെച്ച്. ലേലം നടത്താൻ സൌകര്യമൊരുക്കിയതിന്, കർഷകനിൽനിന്ന് വ്യാപാരി, മൊത്തം വില്പനയുടെ 8 ശതമാനം വാങ്ങും.
ഒരു വാങ്ങലുകാരന്റെ ഊഴം കഴിഞ്ഞാൽ, അടുത്തയാൾ ലേലക്കാരന്റെ എതിർവശത്ത് സ്ഥാനം പിടിക്കും. എന്നിട്ട് അയാളും തോർത്തിന്റെ അടിയിൽ വിരൽ ചേർത്തുവെക്കും. പിന്നെ അടുത്തയാൾ. അങ്ങിനെ എല്ലാവരും പങ്കെടുത്തുകഴിഞ്ഞാൽ, ഏറ്റവും കൂടുതൽ വില പറഞ്ഞയാളെ പ്രഖ്യാപിക്കും. ആ ദിവസം, ചുവന്ന മുളകുകൾ, കിലോഗ്രാമിന് 310 മുതൽ 389 രൂപവരേക്കാണ് ലേലത്തിൽ പോയത്. മുളകിന്റെ വിലയും നിറവുമാണ് അതിന്റെ ഗുണം നിശ്ചയിക്കുക.
കർഷകർ സന്തുഷ്ടരല്ല. നല്ല വിലകിട്ടിയാലും, വിളവ് കുറഞ്ഞാൽ, അത് നഷ്ടംതന്നെയാണ്. “കൂടുതൽ സമ്പാദിക്കണമെങ്കിൽ മൂല്യവർദ്ധന ചെയ്യണമെന്നാണ് പറയുന്നത്”, ഗോവിന്ദരാജൻ പറയുന്നു. “പക്ഷേ ഇത് പറയൂ, എവിടെയാണ് ഞങ്ങൾക്കതിന് സമയം? കൃഷി ചെയ്യണോ, അതോ മുളകരച്ച് പാക്കറ്റിലാക്കി വിൽക്കണോ?”, അയാൾ ചോദിക്കുന്നു.
തന്റെ ഊഴം വരുമ്പോൾ കോപം മാറി അയാളിൽ ആശങ്ക നിറയുന്നു. “ഇവിടേക്ക് വരൂ, കൂടുതൽ നന്നായി കാണാൻ പറ്റും”, അയാൾ എന്നെ വിളിച്ചു. “പരീക്ഷാഫലത്തിന് കാത്തിരിക്കുന്നതുപോലെയാണ് ഇത്”, തോർത്ത് മുഖത്തേക്കടുപ്പിച്ച്, പരിഭ്രമിച്ച്, രഹസ്യമായ കൈകൊടുക്കലുകൾ വീക്ഷിച്ചുകൊണ്ട് അയാൾ പറഞ്ഞു. “എനിക്ക് കിലോഗ്രാമിന് 335 രൂപ കിട്ടി”, വില പ്രഖ്യാപിച്ചപ്പോൾ അയാൾ പറഞ്ഞു. അദ്ദേഹത്തിന്റെ മകന്റെ മുളകിന് കിലോഗ്രാമിന് 30 രൂപ കൂടുതൽ കിട്ടി. കർഷകർ ഇപ്പോൾ അല്പം ആശ്വാസത്തിലാണ്. പക്ഷേ അവരുടെ ജോലി കഴിഞ്ഞിട്ടില്ല. ഇനി ഈ മുളകൊക്കെ തൂക്കിനോക്കി, പണം മേടിച്ച്, എന്തെങ്കിലും ഭക്ഷണം കഴിച്ച്, അത്യാവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങിവേണം അവർക്ക് വീട്ടിലേക്കുള്ള ബസ്സ് പിടിക്കാൻ.
*****
“ഞങ്ങൾ സിനിമയ്ക്ക് പോകാറുണ്ടായിരുന്നു. പക്ഷേ ഞാൻ ഏറ്റവുമൊടുവിൽ തിയറ്ററിൽ പോയി സിനിമ കണ്ടത് 18 വർഷം മുമ്പാണ്. ‘തുള്ളാത്ത മനവും തുള്ളും’ എന്ന സിനിമ.
രാമനാഥപുരത്തെ മെലയകുടിയിലെ മുളകുകർഷകയായ എസ്. അംബിക.
“പാടത്തേക്ക് അരമണിക്കൂർ നടന്നാൽ മതി. കുറുക്കുവഴിയുണ്ട്”, എസ്. അംബിക ഞങ്ങളോട് പറയുന്നു. “റോഡ് വഴി പോയാൽ കുറേ ദൂരമുണ്ട്”. മൂന്നര കിലോമീറ്ററും ധാരാളം വളവുകളും തിരിവുകളും താണ്ടി ഒടുവിൽ, പരമകുടി ബ്ലോക്കിലെ മെലയകുടി ഗ്രാമത്തിലെ അവരുടെ മുളകുപാടത്ത് ഞങ്ങളെത്തി. ദൂരെനിന്ന് നോക്കിയാൽ ചെടികൾ തഴച്ചതുപോലെ തോന്നും. ഇലകൾക്ക് മരതകപ്പച്ച നിറം. ഓരോ ശാഖയിലും പഴുത്ത് വിവിധഘട്ടത്തിലെത്തിയ മുളകുകൾ. ചിലത് മരതകപ്പച്ച, ചിലത് കടുംചുവപ്പ്, ചിലത് മഞ്ഞ, ചിലതിന് പട്ടുസാരികളുടെ മനോഹരമായ മറൂൺ നിറം. അങ്ങിങ്ങായി ഓറഞ്ച് നിറമുള്ള പൂമ്പാറ്റകൾ പറക്കുന്നു. പഴുക്കാത്ത മുളകുകൾക്ക് ചിറകുകൾ വെച്ചപോലെ.
പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ആ ഭംഗിക്ക് മങ്ങലേറ്റതുപോലെ തോന്നി. രാവിലെ 10 മണിയായിരുന്നില്ലെങ്കിലും സൂര്യന് നല്ല ചൂടുണ്ടായിരുന്നു. വരണ്ട മണ്ണും. വിയർപ്പുകൊണ്ട് കണ്ണ് നീറാൻ തുടങ്ങി. ജില്ലയിലെല്ലായിടത്തും നിലം വിണ്ടുകീറിയത് ഞങ്ങൾ ശ്രദ്ധിച്ചു. മഴയ്ക്കുവേണ്ടി രാമനാഥപുരം ദാഹിക്കുന്നതുപോലെ തോന്നി. അംബികയുടെ മുളകുപാടവും വ്യത്യസ്തമായിരുന്നില്ല. നിലം മുഴുവൻ വരണ്ടുണങ്ങിയിരുന്നു. പക്ഷേ അത്ര വരണ്ടതായി അവർക്ക് തോന്നിയില്ല. വെള്ളിമോതിരമിട്ട കാൽവിരൽകൊണ്ട് മണ്ണ് അല്പം ചവുട്ടിനോക്കിയിട്ട് അവർ ചോദിക്കുന്നു, “ഉണ്ട്, നനവുണ്ട് അല്ലേ?”.
തലമുറകളായി അംബികയുടെ കുടുംബം കൃഷി ചെയ്താണ് ജീവിക്കുന്നത്. അവർക്ക് 33 വയസ്സും, കൂടെ വന്ന നാത്തൂന് 33 വയസ്സുമായിരുന്നു. ഇരുവരുടേയും കുടുംബങ്ങൾക്ക് ഓരോ ഏക്കർ ഭൂമിയുണ്ട്. മുളകിനോടൊപ്പം, അവർ ആടുകൾക്ക് തിന്നാനുള്ള അഗതിയും (ഒരുതരം ചീര) കൃഷി ചെയ്യുന്നു. ചിലപ്പോൾ വെണ്ടക്കയും വഴുതനയും കൃഷി ചെയ്യാറുണ്ട്. അതെ. ഇരട്ടിപ്പണിയാണ്. പക്ഷേ എന്തെങ്കിലും വരുമാനമുണ്ടാക്കണ്ടേ?
എല്ലാ ദിവസവും രാവിലെ 8 മണിക്ക് പാടത്തെത്തി വൈകീട്ട് 5 മണിവരെ അവർ അതിന് കാവലിരിക്കും. “ഇല്ലെങ്കിൽ ആടുകൾ ചെടികൾ തിന്നും”, ദിവസവും രാവിലെ 4 മണിക്ക് എഴുന്നേറ്റ് വീട് വൃത്തിയാക്കി, വെള്ളം കൊണ്ടുവന്ന്, പാചകം ചെയ്ത്, കുട്ടികളെ എഴുന്നേൽപ്പിച്ച്, പാത്രം കഴുകലും ഭക്ഷണം പാത്രത്തിൽ ഒരുക്കലും കന്നുകാലികൾക്ക് ഭക്ഷണം കൊടുക്കലും എല്ലാം കഴിഞ്ഞ് പാടത്തേക്ക് നടക്കും. മൃഗങ്ങൾക്ക് വെള്ളം കൊടുക്കാൻ ഇടയ്ക്ക് ചിലപ്പോൾ വീട്ടിലേക്കൊന്ന് വരികയും ചെയ്യും. പിന്നെ വീണ്ടും മുളകുപാടത്തേക്ക് പോയിരുന്ന്, ‘കുറുക്കുവഴി’യിലൂടെ അരമണിക്കൂർ നടന്ന് വീട്ടിലേക്ക് മടങ്ങും.
അംബികയുടെ മകൻ അവരെ ഫോണിൽ വിളിക്കുന്നു. മൂന്നാമതും വിളിച്ചപ്പോൾ അവർ അവനോട് ചോദിക്കുന്നു, “എന്താടാ, എന്താ നിനക്ക് വേണ്ടത്?” കുറച്ചുനേരം അവൻ പറയുന്നത് കേട്ടുനിന്ന്, ചെറുതായി ശകാരിച്ച് അവർ ഫോൺ വെച്ചു. കുട്ടികൾ ഓരോ ആവശ്യങ്ങൾ പറഞ്ഞ് വിളിക്കുമെന്ന് ആ സ്ത്രീകൾ പറഞ്ഞു. “എന്തുണ്ടാക്കിക്കൊടുത്താലും പിന്നെയും മുട്ടയും ഉരുളക്കിഴങ്ങും ചോദിക്കും. അപ്പോൾ എന്തെങ്കിലുമൊക്കെ ഉണ്ടാക്കിക്കൊടുക്കും. ഞായറാഴ്ച എന്തെങ്കിലും ഇറച്ചി കിട്ടിയാൽ അതും വാങ്ങും”.
ഞങ്ങൾ സംസാരിക്കുമ്പോൾ സ്ത്രീകൾ - സമീപത്തെ പാടത്തുള്ളവരും – മുളകുകൾ പറിക്കുകയായിരുന്നു. വളരെ വേഗത്തിൽ, ശാഖകൾ ശ്രദ്ധിച്ച് പൊക്കിയാണ് അവർ മുളകുകൾ ശേഖരിക്കുന്നത് ഒരു കൈക്കുടന്ന എടുത്തുകഴിഞ്ഞാൽ ഒരു പെയിന്റിന്റെ ബക്കറ്റിലിടും. പണ്ട്, ഓലക്കൊട്ടയിലായിരുന്നു ശേഖരിച്ചിരുന്നതെന്ന് അംബിക പറയുന്നു. ഇപ്പോൾ കൂടുതൽ കാലം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ബക്കറ്റാണ് ഉപയോഗിക്കുന്നത്.
തിരിച്ച് വീട്ടിലെത്തി ടെറസ്സിൽ വെയിലത്ത് മുളകുകൾ പരത്തി ഉണങ്ങാനിട്ടു. ഇടയ്ക്ക് ഇരുഭാഗവുമുണങ്ങാൻ അവർ അത് തിരിച്ചിടുകയും ചെയ്യുന്നു. കുറച്ച് മുളകുകളെടുത്ത് അവർ കുലുക്കുന്നു. “തയ്യാറായാൽ ഒരു കടകട ശബ്ദം ഉണ്ടാവും”. അകത്തെ കുരുക്കളുടെ ശബ്ദമാണത്. ആ ഘട്ടമെത്തുമ്പോൾ അവർ മുളകുകളെടുത്ത് ചാക്കിലാക്കി ഗ്രാമത്തിലെ കമ്മീഷൻ ഏജന്റിനെ ഏൽപ്പിക്കും. അതല്ലെങ്കിൽ, രാമനാഥപുരത്തെ പരമകുടി ചന്തയിൽ കൊണ്ടുപോയി കുറച്ചുകൂടി നല്ല വിലയ്ക്ക് വിൽക്കും.
“എന്തെങ്കിലും നിറമുള്ള വെള്ളം കുടിക്കണോ? താഴെ, അടുക്കളയിലെത്തിയപ്പോൾ അംബിക എന്നോട് ചോദിക്കുന്നു.
അടുത്തുള്ള വയലിൽ പാർപ്പിച്ചിരിക്കുന്ന ആടുകളെ കാണിക്കാൻ അവർ എന്നെ കൊണ്ടുപോയി. കയർക്കട്ടിലിൽ കിടക്കുന്ന കാവൽനായ്ക്കൾ എഴുന്നേറ്റ്, അടുത്ത് വരരുതെന്ന് ഓർമ്മിപ്പിക്കുന്നു. “ഭർത്താവ്, ഏതെങ്കിലും പരിപാടിക്ക് ഭക്ഷണം വിളമ്പാൻ പോവുമ്പോൾ എനിക്ക് കാവൽ ഈ നായ്ക്കളാണ്. കൃഷിപ്പണിയോ കൂലിപ്പണിയോ കിട്ടുമ്പോൾ മൂപ്പർ അതിന് പോവാറുണ്ട്”, അവർ പറയുന്നു.
വിവാഹം കഴിഞ്ഞ നാളുകളെക്കുറിച്ച് പറയുമ്പോൾ അവർ നാണിച്ച് ചുവന്നു. “അന്നൊക്കെ ഞങ്ങൾ സിനിമയ്ക്ക് പോകാറുണ്ടായിരുന്നു. ഏറ്റവുമടുത്ത് സിനിമ കണ്ടത് 18 കൊല്ലം മുമ്പാണ് തുള്ളാത്ത മനവും തുള്ളും . ആ സിനിമാപ്പേര് ഓർത്ത് ഞങ്ങൾ ഇരുവരും ചിരിച്ചു.
*****
“വിളവെടുത്ത
മുളക് വിൽക്കാൻ ശ്രമിക്കുമ്പോൾ ചെറിയ കർഷകർക്ക് അവരുടെ വരുമാനത്തിന്റെ 18 ശതമാനംവരെ
നഷ്ടമാവുന്നു."
രാമനാഥപുരത്തെ
മുണ്ടു ചില്ലി ഗ്രോവേഴ്സ് അസോസിയേഷന്റെ ഡയറക്ടർ കെ. ഗാന്ധിരസു
പറയുന്നു
“അഞ്ചോ പത്തോ ചാക്ക് മുളകുള്ള കർഷകരെയെടുക്കുക. ആദ്യം അത് ഗ്രാമത്തിൽനിന്ന് ചന്തയിലേക്ക് ടെമ്പോയിലോ മറ്റ് വാഹനങ്ങളിലോ കൊണ്ടുപോകാൻ പൈസ കൊടുക്കണം”, ഗാന്ധിരസു പറയുന്നു. “അവിടെ, വ്യാപാരികൾ വന്ന്, വില നിശ്ചയിച്ച് കമ്മീഷൻ തുകയായ 8 ശതമാനമെടുക്കും. പിന്നെ, തൂക്കത്തിൽ അല്പം വ്യത്യാസമുണ്ടാകും. അത് മിക്കവാറും വ്യാപാരികൾക്ക് അനുകൂലമാവുകയും ചെയ്യും. ഒരു ബാഗിൽ അരക്കിലോ കുറച്ച് കണക്കാക്കിയാലും കർഷകർക്ക് അത് വലിയ നഷ്ടമാണ്. മിക്ക കർഷകരും ഇതിനെക്കുറിച്ച് പരാതി പറയാറുണ്ട്”.
മാത്രമല്ല, പാടത്ത് പോകാതെ, ഒരു ദിവസം മുഴുവൻ ചന്തയിൽ കഴിച്ചുകൂട്ടേണ്ടിയും വരും. വ്യാപാരിയുടെ കൈയ്യിൽ പണമുണ്ടെങ്കിൽ അവർ ഉടനെ തരും. ഇല്ലെങ്കിൽ മറ്റൊരു ദിവസം വരാൻ പറയും. ചന്തയിലേക്ക് പോവുന്ന ആളാണെങ്കിൽ കൈയ്യിൽ ഭക്ഷണം കരുതാൻ സാധ്യതയില്ല. അപ്പോൾ ഹോട്ടലിനെ ആശ്രയിക്കണം. എല്ലാം കൂടി ഞങ്ങൾ കണക്കാക്കിയപ്പോൾ, ഒരാളുടെ വരുമാനത്തിൽനിന്ന് 18 ശതമാനംവരെ നഷ്ടമാകുന്നുണ്ട്”.
ഗാന്ധിരസു ഒരു കർഷകോത്പാദക സംഘടന (എഫ്.പി.ഒ. – ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ) നടത്തുന്നുണ്ട്. 2015 മുതൽ രാംനാട് മുണ്ടു ചില്ലി പ്രൊഡക്ഷൻ കമ്പനി, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പരിശ്രമിക്കുന്നു. ആ സ്ഥാപനത്തിന്റെ ചെയർമാനും ഡയറക്ടറുമായ ഗാന്ധിരസു മുതുകുളതൂർ പട്ടണത്തിലെ അദ്ദേഹത്തിന്റെ ഓഫീസിൽവെച്ച് ഞങ്ങളുമായി സംസാരിച്ചു. “എങ്ങിനെയാണ് നിങ്ങൾ വരുമാനം വർദ്ധിപ്പിക്കുക? ആദ്യം, കൃഷിയുടെ ചിലവ് കുറയ്ക്കുക. രണ്ടാമതായി, ഉത്പാദനം കൂട്ടുക, മൂന്നാമതായി, കമ്പോളത്തിന്റെ ഇടപെടലുണ്ടാവുക. ഇപ്പോൾ ഞങ്ങൾ ആ മൂന്നാമത്തെ കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്”. രാമനാഥപുരത്ത് അടിയന്തിരമായ ഒരു ഇടപെടൽ ആവശ്യമാണെന്ന് ഗാന്ധിരസു കണ്ടെത്തി. “കുടിയേറ്റം ഇവിടെ വളരെ കൂടുതലാണ്”, അയാൾ ചൂണ്ടിക്കാണിക്കുന്നു.
അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ സർക്കാർ കണക്കുകൾ സാധൂകരിക്കുന്നുണ്ട്. രാമനാഥപുരം ജില്ലയിലെ തമിഴ്നാട് റൂറൽ ട്രൻസ്ഫോർമേഷൻ പ്രോജക്ടിന്റെ ഡയഗണോസ്റ്റിക്ക് റിപ്പോർട്ട് പ്രകാരം, വർഷംതോറും 3000-ത്തിനും 5000-ത്തിനും ഇടയിൽ കർഷകർ ഇവിടെനിന്ന് പുറം)നാടുകളിലേക്ക് കുടിയേറുന്നുണ്ട്. ഇടനിലക്കാരുടെ സ്വാധീനം, ജലക്ഷാമം, വരൾച്ച, ശീതീകരണ സംഭരണ സൌകര്യങ്ങളുടെ അഭാവം എന്നിവയാണ് ഉത്പാദനക്ഷമതയെ തടസ്സപ്പെടുത്തുന്ന ഘടകങ്ങൾ.
നിർണ്ണായകഘടകം ജലമാണെന്ന് ഗാന്ധിരസു പറയുന്നു. “കാവേരി ഡെൽറ്റ പ്രദേശത്തും പടിഞ്ഞാറൻ തമിഴ്നാട്ടിലുമുള്ള കൃഷിയിടങ്ങളിലും പോയി നോക്കൂ. എന്താണ് കാണാനാവുക”, നാടകീയമായി ഒന്ന് നിർത്തി അദ്ദേഹം തുടർന്നു. “വൈദ്യുതത്തൂണുകൾ. കാരണം, അവിടെ എല്ലായിടത്തും കുഴൽക്കിണറുകളുണ്ട്”. രാമനാഥപുരത്ത് അത് കുറവാണെന്ന് അദ്ദേഹം പറയുന്നു. കാലാവസ്ഥയെ ആശ്രയിക്കുന്നതിനാൽ, മഴകൊണ്ടുള്ള ജലസേചനത്തിന് പരിമിതികളുണ്ട്.
മറ്റൊരു സർക്കാർ കണക്ക് – ഇത് – ഡിസ്ട്രിക്ട് സ്റ്റാറ്റിസ്റ്റിക്കൽ ഹാൻഡ്‌ബുക്കിൽനിന്നുള്ളത് (ജില്ലാ സ്ഥിതിവിവര കൈപ്പുസ്തകം) ഈ പ്രസ്താവനയെ ശരിവെക്കുന്നു. രാമനാഥപുരം വൈദ്യുതവിതരണ സർക്കിളിൽനിന്നുള്ള ഡേറ്റ അനുസരിച്ച്, 2018-19-ൽ ജില്ലയിൽ 9,248 പമ്പുസെറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തുള്ള 18 ലക്ഷം പമ്പുസെറ്റുകളുടെ തീരെ ചെറിയൊരു ഭാഗം മാത്രമാണിത്.
രാമനാഥപുരത്തിന്റെ പ്രശ്നങ്ങൾ പുതിയതൊന്നുമല്ല. എവരിബഡി ലവ്സ് എ ഗുഡ് ഡ്രോട്ട് (എല്ലാവരും ഒരു നല്ല വരൾച്ചയെ ആഗ്രഹിക്കുന്നു – 1996-ൽ പ്രസിദ്ധീകരിച്ചത്) എന്ന പുസ്തകത്തിൽ, പത്രപ്രവർത്തകനായ പി.സായ്നാഥ് അന്തരിച്ച സുപ്രസിദ്ധ എഴുത്തുകാരൻ മെലൻമായ് പൊന്നുസ്വാമിയുമായി നടത്തിയ ഒരു അഭിമുഖമുണ്ട്. “പൊതുവായ വിശ്വാസത്തിന് കടകവിരുദ്ധമായി, ജില്ലയ്ക്ക് കൃഷിയിൽ അനന്തമായ സാധ്യതകളുണ്ട്. പക്ഷേ അത് മനസ്സിൽ വെച്ചുകൊണ്ട് പ്രവർത്തിക്കുന്നവർ എത്രപേരുണ്ട്? രാംനാടിലെ 80 ശതമാനത്തിലധികം കൃഷിയിടങ്ങളും വലിപ്പത്തിൽ രണ്ടേക്കറിന് താഴെയുള്ളതും, പല കാരണങ്ങളാൽ ലാഭമില്ലാത്തവയുമാണ്. ജലസേചനത്തിന്റെ അഭാവമാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം”, അദ്ദേഹം സൂചിപ്പിച്ചു.
സാധ്യതകളെക്കുറിച്ച് പൊന്നുസ്വാമി പറഞ്ഞത് വളരെ കൃത്യമാണ്. 2018-19-ൽ 33.6 കോടി രൂപ വിലമതിക്കുന്ന 4,426,64 മെട്രിക് ടൺ മുളകാണ് രാമനാഥപുരം ജില്ലയിൽ വ്യാപാരം നടത്തിയത്. (ജലസേചനഭൂമിയിലധികവും കൈവശം വെക്കുന്ന നെല്ലിൽനിന്ന് കിട്ടിയ വരുമാനമാകട്ടെ 15.8 കോടി രൂപ മാത്രമായിരുന്നു).
ഒരു കർഷകന്റെ മകനും, ബിരുദാനന്തരബിരുദത്തിന് പഠിക്കുമ്പോൾത്തന്നെ കൃഷി പരിശീലിക്കുകയും ചെയ്തിരുന്ന ഗാന്ധിരസു ചില്ലിയുടെ സാധ്യതകളെ തിരിച്ചറിയുന്നുണ്ട്. മുളകുകൃഷിയുടെ സാമ്പത്തികത്തിലേക്ക് പെട്ടെന്ന് അദ്ദേഹം കടന്നുചെന്നു. സാധാരണയായി, ഒരു ചെറിയ കർഷകൻ ഒരേക്കർ സ്ഥലത്താണ് ഈ കൃഷി നടത്തുന്നത്. വിളവിന്റെ സമയത്ത് അവർ കുറച്ചാളുകളെ കൂലിക്കെടുക്കും കൂടെ വീട്ടുകാരും ചേരും. “ഒരേക്കറിൽ മുണ്ടു മുളക് കൃഷിചെയ്യാൻ 25,000-ത്തിനും 28,000 രൂപയ്ക്കുമിടയിൽ ചിലവ് വരും. വിളവെടുക്കാൻ മറ്റൊരു 20,000 രൂപയും ചിലവാക്കണം. അതായത്, 10 മുതൽ 15 ആളുകളെവരെ ഉപയോഗിച്ച് നാല് തവണയായി മുളക് പറിക്കാനുള്ള ചിലവ്”. ഓരോ ആൾക്കും ദിവസത്തിൽ ഒരു ചാക്ക് മുളക് ശേഖരിക്കാനാവും. ചെടികൾ തിങ്ങിനിന്നാൽ, പറിക്കാൻ ബുദ്ധിമുട്ട് കൂടുതലാണ്. അദ്ദേഹം സൂചിപ്പിച്ചു.
ആറ് മാസം ദൈർഘ്യമുള്ള കൃഷിയാണ് മുളക്. ഒക്ടോബറിൽ വിതയ്ക്കും. രണ്ട് തവണ വിളവ് കിട്ടും. തമിഴ് മാസമായ തായ്മാസത്തിലാണ് (ജനുവരി പകുതിമുതൽ) ചെടികൾ ആദ്യമായി പൂവിടുക. രണ്ടാമത്തേത് ചിത്തിരമാസത്തോടെ (ഏപ്രിൽ പകുതിമുതൽ) അവസാനിക്കും. 2022 ഏപ്രിലിലെ കാലംതെറ്റിയ മഴ ഈ ആവൃത്തിയെ തടസ്സപ്പെടുത്തി. ആദ്യമുണ്ടായ മുളകുതൈകൾ നശിക്കുകയും പൂവിടാൻ വൈകുകയും വിളവ് മോശമാവുകയും ചെയ്തു.
ആവശ്യക്കാർ കൂടുകയും വിതരണം ഉയരാതെയിരിക്കുകയും ചെയ്തതോടെ, കഴിഞ്ഞ പല വർഷങ്ങളിലേതിനേക്കാൾ നല്ല വില കിട്ടി. മാർച്ച് മാസത്തിന്റെ തുടക്കത്തിൽ, ആദ്യത്തെ മുളകുചാക്കുകൾക്ക് കിലോഗ്രാമിന് 450 രൂപവെച്ച് കിട്ടിയതോടെ, മുളകിന്റെ അസാധാരണമായ വിലയെക്കുറിച്ച് രാമനാഥപുരത്തെയും പരമകുടിയിലേയും കർഷകർ സംസാരിക്കാൻ തുടങ്ങി. വില 500 രൂപയിലെത്തിയേക്കുമെന്ന് സ്വകാര്യം പറയുകയും ചെയ്തു.
ഈ വിലയെ ഗാന്ധിരസു വിളിക്കുന്നത് ‘സുനാമി’ എന്നാണ്. ഒരു കിലോഗ്രാം മുണ്ടുമുളക് 120 രൂപയ്ക്ക് വിറ്റാൽ ലാഭവും നഷ്ടവുമുണ്ടാവില്ല. ഒരേക്കറിൽനിന്ന് 1,000 കിലോഗ്രാം കിട്ടിയാൽ, കർഷകന് 50,000 രൂപ ലാഭം കിട്ടും. “രണ്ടുവർഷം മുൻപ്, മുളകിന് കിലോഗ്രാമിന് 90 മുതൽ 100 രൂപവരെയായിരുന്നു. ഇന്നത്തെ വില വളരെ നല്ലതാണ്. പക്ഷേ കിലോഗ്രാമിന് 350 രൂപയൊന്നും എപ്പോഴും പ്രതീക്ഷിക്കാൻ പറ്റില്ല. അത് പൊട്ടഭാഗ്യത്തിന് സംഭവിക്കുന്നതാണ്”.
ജില്ലയിൽ മുണ്ടുമുളകിന് വളരെ പ്രചാരമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “അത് ‘ഒരു സവിശേഷ’ ഇനമാണെന്ന് പറയുന്നു അദ്ദേഹം. ചെറിയ തക്കാളിപോലെയാണതിന്റെ രൂപം. “രാംനാട് മുണ്ടിന് ചെന്നൈയിൽ സാമ്പാർ മുളകെന്നും പറയും. തൊലിക്ക് കട്ടി കൂടുതലുള്ളതിനാൽ, അത് അരച്ചാൽ, നല്ല എരിവും പുളിയുമുള്ള കുഴമ്പ് – പുളികൊഴമ്പ് – ഉണ്ടാക്കാം. നല്ല രുചിയുമാണ് അതിന്”.
മുണ്ടിന് ഇന്ത്യയിലും വിദേശത്തും നല്ല കമ്പോളമുണ്ട്. ഓൺലൈനിൽ പരിശോധിച്ചാലും അത് മനസ്സിലാവും. മേയ് മാസം പകുതിയോടെ, ഒരു കിലോഗ്രാം മുണ്ടുമുളകിന് ആമസോണിലെ വില 799 രൂപയായിരുന്നു. അതും 20 ശതമാനം കിഴിവിനുശേഷമുള്ള വില.
“എങ്ങിനെ ഇതിനുവേണ്ടി പരിശ്രമിക്കാമെന്ന് ഞങ്ങൾക്കറിയില്ല. വിപണനം ഒരു പ്രശ്നമാണ്”, ഗാന്ധിരസു സമ്മതിക്കുന്നു. മാത്രമല്ല, 1000 കർഷകരുള്ള എഫ്.പി.ഒ.യിലെ എല്ലാ അംഗങ്ങളും സംഘടനയ്ക്ക് തങ്ങളുടെ വിളവുകൾ വിൽക്കുന്നുമില്ല. “അവരുടെ വിളവുകൾ മുഴുവൻ വാങ്ങാനോ സംഭരിക്കാനോ ആവശ്യമായ പണമുണ്ടാക്കാനും ഞങ്ങൾക്ക് സാധിക്കുന്നില്ല”.
നല്ല വില കിട്ടുന്നതുവരെ വിളവ് സൂക്ഷിക്കാൻ എഫ്.പി.ഒ. ആഗ്രഹിച്ചാലും, അപ്പോഴും ബുദ്ധിമുട്ടുകളുണ്ട്. കാരണം, മാസങ്ങളോളം സൂക്ഷിച്ചുവെച്ചാൽ മുളകുകൾ കറുത്ത നിറമാവുകയും മുളകുപൊടിയിൽ കീടങ്ങൾ പെരുകുകയും ചെയ്യും. രാമനാഥപുരം പട്ടണത്തിൽനിന്ന് 15 കിലോമീറ്റർ അകലെ സർക്കാർ നടത്തുന്ന ശീതീകരണസംഭരണി ഞങ്ങൾ സന്ദർശിച്ചു. അവിടെ കഴിഞ്ഞ വർഷത്തെ മുളകുചാക്കുകൾ സൂക്ഷിച്ചുവെച്ചിരുന്നു. വ്യാപാരികളേയും ഉത്പാദകരേയും ഒരേ സ്ഥലത്ത് കൊണ്ടുവരാൻ ഉദ്യോഗസ്ഥർ ശ്രമിക്കുമ്പോൾ കർഷകർ വിമുഖത പ്രകടിപ്പിക്കുന്നു. തങ്ങളുടെ ഉത്പന്നം അവിടേക്ക് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും പ്രായോഗികമാണോ എന്ന കാര്യത്തിൽ അവർ സംശയാലുക്കളാണ്.
കീടനിയന്ത്രണത്തിനായി പരമ്പരാഗത മാർഗ്ഗങ്ങൾ സ്വീകരിക്കാൻ എഫ്.പി.ഒ. കർഷകരെ ഉപദേശിക്കുന്നു. “മുളകിനെ ആക്രമിക്കുന്ന കീടങ്ങളെ തടയാനായി ഈ പ്രദേശത്ത്, മുളകുപാടത്തിന് ചുറ്റുമായി ആമണക്ക് വളർത്താറുണ്ട്. മാത്രമല്ല, ചെറിയ പക്ഷികളെ ആകർഷിക്കുന്ന വലിയ ചെടിയാണ് ആമണക്ക്. അവയും കീടങ്ങളെ തിന്നും. ഒരു ജൈവവേലി പോലെയാണ് അത്”.
അതിരുകളിൽ അമ്മ ആമണക്കും അഗതിയും (ഓഗസ്റ്റ് മരമെന്ന പേരിൽ അറിയപ്പെടുന്ന പ്രചാരമുള്ള ഒരു ചീരവർഗ്ഗം) നടാറുണ്ടായിരുന്നത് അദ്ദേഹം ഓർത്തെടുത്തു. “അമ്മ മുളക് നോക്കാൻ പോവുമ്പോൾ ആടുകളും പിന്നാലെ പോവും. അവയെ ഒരിടത്ത് കെട്ടിയിട്ട് അമ്മ അഗതിയുടേയും ആവണക്കിന്റേയും ഇലകൾ കൊടുക്കും. അത്ര ഉയരമുള്ളതല്ല അവ രണ്ടും. മുളക് ഒരു പ്രധാന കൃഷിയാണെങ്കിൽ ആമണക്ക് ഒരു ചെറിയ കൃഷിയാണ്. അച്ഛന് മുളക് വിളവെടുപ്പിൽനിന്ന് വരുമാനം കിട്ടും. ആമണക്കിൽനിന്ന് കിട്ടുന്ന പണം അമ്മയും സൂക്ഷിക്കും”.
ഭൂതകാലത്തിൽനിന്നുള്ള പാഠത്തിനുപുറമേ, സഹായത്തിനായി ഗാന്ധിരസു ഭാവിയിലേക്കും – ശാസ്ത്രത്തിലേക്കും – ഉറ്റുനോക്കുന്നു. “രാമനാഥപുരത്ത്, പ്രത്യേകിച്ചും മുതുകുളതൂരിൽ, നമുക്ക് ഒരു മുളക് ഗവേഷണകേന്ദ്രം ആവശ്യമാണ്”, അദ്ദേഹം പറയുന്നു. “നെല്ല്, പഴം, മഞ്ഞൾ, ഏലം – എല്ലാത്തിനും ഗവേഷണകേന്ദ്രങ്ങളുണ്ട്. സ്കൂളോ കോളേജോ ഉണ്ടെങ്കിലല്ലേ പഠിക്കാൻ നിങ്ങൾ കുട്ടികളെ അയയ്ക്കൂ. അതുപോലെ, ഒരു ഗവേഷണകേന്ദ്രമുണ്ടെങ്കിലേ നമുക്ക് പ്രശ്നങ്ങൾ അഭിമുഖീകരിക്കാനും പരിഹാരങ്ങൾ കണ്ടെത്താനും കഴിയൂ. അപ്പോൾ മുളകുകൾ ‘പുതിയ’ തലത്തിലെത്തും”.
മുണ്ട് എന്ന ഇനത്തിന് ഭൌമസൂചികാ പദവി കിട്ടുന്നതിനാണ് ഇപ്പോൾ എഫ്.പി.ഒ. ശ്രമിക്കുന്നത്. “ഈ മുളകിന്റെ സവിശേഷസ്വഭാവത്തെക്കുറിച്ച് ചർച്ച ഉണ്ടാവണം. ഒരുപക്ഷേ ഇതിനെക്കുറിച്ച് ഒരു പുസ്തകം നമുക്ക് ആവശ്യമാവും?”.
എല്ലാ കാർഷികപ്രശ്നങ്ങൾക്കുമുള്ള പരിഹാരമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന മൂല്യവർദ്ധന മുളകിന്റെ കാര്യത്തിൽ പ്രായോഗികമാവില്ലെന്ന് ഗാന്ധിരസു പറയുന്നു. “നോക്കൂ, ഒരാളുടെ കൈയ്യിൽ 50, 60 ചാക്ക് മുളകുണ്ട്. അതുകൊണ്ട് എന്തുചെയ്യാനാകും?”, കൂട്ടായി പ്രവർത്തിച്ചാൽപ്പോലും എഫ്.പി.ഒ.വിന് മസാല കമ്പനികളുമായി മത്സരിക്കാനോ, അവരേക്കാൾ വിലക്കുറവിൽ മുളകുപൊടി വിൽക്കാനോ ആവില്ല. അവരുടെ വിപണന ബഡ്ജറ്റ് കോടികളുടേതാണ്”.
പക്ഷേ ഭാവിയിലെ വലിയൊരു പ്രശ്നം, കാലാവസ്ഥാ വ്യതിയാനമായിരിക്കുമെന്ന് ഗാന്ധിരസു പറയുന്നു.
“അതിനെ നേരിടാൻ നമ്മൾ എന്താണ് ചെയ്യുന്നത്?”, അദ്ദേഹം ചോദിക്കുന്നു. “മൂന്ന് ദിവസം മുമ്പ് ഒരു കൊടുങ്കാറ്റ് ഭീഷണി ഉണ്ടായിരുന്നു. അതും മാർച്ചിൽ! എന്റെ ജീവിതത്തിൽ ഇതിനുമുമ്പൊരിക്കലും ഞാൻ കേട്ടിട്ടില്ല. കൂടുതൽ വെള്ളമുണ്ടെങ്കിൽ മുളകുചെടികൾ ചാവും. പൊരുത്തപ്പെടാനുള്ള വഴികൾ കർഷകർ കണ്ടെത്തണം.
*****
“സ്ത്രീകൾ
ആവശ്യത്തിനനുസരിച്ച് കൂടുതലോ കുറവോ കടം വാങ്ങുന്നു. വിദ്യാഭ്യാസം, വിവാഹം, പ്രസവം
– ഈ ആവശ്യങ്ങൾക്ക് വായ്പ ചോദിച്ചാൽ ഞങ്ങൾ ഒരിക്കലും ഇല്ലെന്ന് പറയില്ല. കൃഷിപോലും
അത് കഴിഞ്ഞേ വരൂ”
രാമനാഥപുരത്തെ
പി. മുതുവിജയപുരത്തെ എസ്.എച്ച്.ജി. നേതാവും മുളകുകർഷകയുമായ ജെ. ആദൈകലാസെൽവി
“ചെടി പറിഞ്ഞുപോരുമെന്ന് പേടിയുണ്ടല്ലേ?”, ആദൈകലാസെൽവി ചിരിക്കുന്നു. അവരുടെ അയൽവക്കക്കാരന്റെ പാടത്തുനിന്ന് എന്നെക്കൊണ്ട് മുളക് ശേഖരിപ്പിച്ചുനോക്കുകയായിരുന്നു അവർ. ജോലിക്ക് ആളില്ലെന്നും ആരെങ്കിലും സഹായിച്ചാൽ നന്നായിരുന്നുവെന്നും പറയുകയായിരുന്നു അയാൾ. എന്നെക്കൊണ്ട് ഉപകാരമില്ലെന്ന് അയാൾക്ക് പെട്ടെന്ന് മനസ്സിലായി. അതേസമയം ആദൈകലാസെൽവി ഒരു ബക്കറ്റെടുത്ത് മൂന്നാമത്തെ ചെടിയിൽനിന്ന് മുളക് ശേഖരിക്കുകയായിരുന്നു. ഞാൻ എന്റെ ആദ്യത്തെ ചെടിയുടെ ചുവട്ടിലിരുന്ന് ഒരു തടിച്ച മുളക് പറിച്ചെടുത്തു. ഞെട്ട് നല്ല ബലവും ഘനവുമുള്ളതുമായിരുന്നു. എന്റെ വീട്ടിലെ മസാലപ്പെട്ടിയിലുള്ള ചുവന്ന മുളകുകളുടെ ഞെട്ടുപോലെ ദുർബ്ബലമായിരുന്നില്ല അവ. മുളക് പറിക്കുമ്പോൾ കൊമ്പ് ഒടിയുമോ എന്ന് ഞാൻ സംശയിച്ചു.
കാഴ്ച കാണാൻ കുറച്ച് സ്ത്രീകൾ ചുറ്റും കൂടി. അയൽക്കാരൻ തലകുലുക്കുന്നുണ്ടായിരുന്നു. ആദൈകലാസെൽവി എന്നെ പ്രോത്സാഹിപ്പിക്കുന്ന മട്ടിൽ ചില ശബ്ദങ്ങളുണ്ടാക്കി. അവരുടെ ബക്കറ്റ് നിറയാൻ തുടങ്ങിയിരുന്നു. എന്റെ കൈയ്യിലാകട്ടെ ഏതാണ്ട് എട്ട് ചുവന്ന മുളകുകൾ മാത്രവും. “ചെന്നൈയിലേക്ക് പോവുമ്പോൾ സെൽവിയേയും കൊണ്ടുപോയ്ക്കോളൂ. അവൾക്ക് പാടം നോക്കാനറിയാം. ഓഫീസും കൈകാര്യം ചെയ്യും”, അയൽക്കാരൻ പറയുന്നു. എനിക്ക് ജോലിയൊന്നും തന്നില്ല അയാൾ. എന്നെ പുറത്താക്കിയെന്ന് തീർച്ച.
ആദൈകലാസെൽവി വീട്ടിൽ ഒരു ഓഫീസും നടത്തുന്നുണ്ട്. എഫ്.പി.ഒ. ഒരുക്കിക്കൊടുത്തതാണ് അത്. അവിടെ കംപ്യൂട്ടറും കോപ്പി മെഷീനുമൊക്കെയുണ്ട്. രേഖകളുടെ പകർപ്പെടുക്കുകയും സ്ഥലത്തിന്റെ പട്ടയത്തെക്കുറിച്ചറിയാൻ ആളുകളെ സഹായിക്കുകയുമാണ് അവരുടെ ജോലി. “വെറെ ഒന്നും ചെയ്യാൻ എനിക്ക് സമയം കിട്ടുന്നില്ല. പിന്നെ, ആടുകളും കോഴികളുമുണ്ട്. അവയേയും നോക്കണം”.
സ്ത്രീകളുടെ സ്വയംസഹായ സംഘം നടത്തലും അവരുടെ ചുമതലയിലാണ്. ഗ്രാമത്തിൽ അറുപത് അംഗങ്ങളുണ്ട് സംഘത്തിന്. അതിനെ അഞ്ച് ഗ്രൂപ്പായി തിരിച്ച് ഓരോന്നിനും രണ്ട് നേതാക്കളുമുണ്ട്. ആ പത്തുപേരിൽ ഒരാളാന് ആദൈകലാസെൽവിയും. പൈസ ശേഖരിക്കലും വിതരണം ചെയ്യലുമാണ് അവരുടെ ചുമതലകളിലൊന്ന്. “ആളുകൾ രണ്ടുവട്ടിക്കും അഞ്ചുവട്ടിക്കും (വർഷത്തിൽ 24 മുതൽ 60 ശതമാനംവരെ പലിശയ്ക്ക്) വായ്പകളെടുക്കുന്നു. സംഘം വായ്പ കൊടുക്കുന്നത് ഒരുവട്ടി ക്കാണ് – ഒരുലക്ഷത്തിന് വർഷത്തിൽ ആയിരം രൂപ നിരക്കിൽ. വർഷത്തിൽ 12 ശതമാനം വരും അത്. “പക്ഷേ ശേഖരിക്കുന്ന പൈസ മുഴുവൻ ഒരാൾക്ക് മാത്രമായി കൊടുക്കാറില്ല. ഇവിടെയുള്ള എല്ലാവരും ചെറിയ കർഷകരാണ്. എല്ലാവർക്കും കുറച്ച് പൈസ ആവശ്യം വരില്ലേ?”
സ്ത്രീകൾ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതലോ കുറവോ കടം വാങ്ങും. മൂന്ന് ആവശ്യങ്ങളാണ് അവർ മനസ്സിൽ വെക്കുക എന്ന് ആദൈകലാസെൽവി സൂചിപ്പിക്കുന്നു. “വിദ്യാഭ്യാസം, വിവാഹം, പ്രസവം – ഈ ആവശ്യങ്ങൾക്ക് വായ്പ ചോദിച്ചാൽ ഞങ്ങളൊരിക്കലും ഇല്ലെന്ന് പറയില്ല. കൃഷിപോലും അതുകഴിഞ്ഞേ വരൂ”.
വായ്പാ തിരിച്ചടവിൽ വലിയൊരു മാറ്റം വരുത്തിയിട്ടുണ്ട് ആദൈകലാസെൽവി. “മുമ്പൊക്കെ എല്ലാ മാസവും ഒരു നിശ്ചിത തുക അവർ അടയ്ക്കണമായിരുന്നു. ഞാനവരോട് പറഞ്ഞു. നമ്മളെല്ലാം കർഷകരാണ്. ചില മാസങ്ങളിൽ പണമുണ്ടാവില്ല. വിളവ് വിറ്റതിനുശേഷമായിരിക്കും പണം വരിക. ആളുകൾ അവരവർക്ക് സാധിക്കുമ്പോൾ തിരിച്ചടയ്ക്കട്ടെ. എല്ലാവർക്കും ഗുണം കിട്ടണ്ടേ, അല്ലേ?”. എല്ലാവരേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ബാങ്കിംഗ് ശൈലിയാണത്. പ്രാദേശികമായ യാഥാർത്ഥ്യങ്ങളെ കണ്ടുകൊണ്ടുള്ള ഒന്ന്.
30 വർഷം മുമ്പ് അവർ വിവാഹിതയാവുന്നതിനും മുമ്പേ നിലനിന്നിരുന്ന ഈ സ്വയംസഹായസംഘം ഗ്രാമത്തിനുവേണ്ടി പരിപാടികളും സംഘടിപ്പിക്കാറുണ്ട്. മാർച്ചിൽ അവരെ ഞങ്ങൾ സന്ദർശിച്ചതിനുശേഷമുള്ള വാരാന്ത്യത്തിൽ വനിതാദിനം ആഘോഷിക്കാൻ അവർ തീരുമാനിച്ചു. “ഞായറാഴ്ച പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞാൽ ഞങ്ങൾ കേക്കുകൾ വിതരണം ചെയ്യും”, അവർ ചിരിക്കുന്നു. മഴയ്ക്കുവേണ്ടിയുള്ള പൂജയും എല്ലാവർക്കും പൊങ്കൽ വിതരണവും ചെയ്യാറുണ്ട് അവർ.
വളരെ ധീരയും തുറന്ന് സംസാരിക്കുന്ന പ്രകൃതവുമായതിനാൽ, മദ്യപിച്ച് വഴക്കുണ്ടാക്കുകയും ഭാര്യമാരെ ഉപദ്രവിക്കുകയും ചെയ്യുന്ന പുരുഷന്മാരേയും അവർ ഉപദേശിക്കാറുണ്ട്. സ്വന്തമായി വണ്ടിയോടിക്കുകയും പതിറ്റാണ്ടുകളായി സ്വന്തം കൃഷിഭൂമി നോക്കിനടത്തുകയും ചെയ്യുന്ന അവർ സ്ത്രീകൾക്കൊരു പ്രചോദനവുമാണ്. “ചെറുപ്പക്കാരികളൊക്കെ നല്ല മിടുക്കികളാണ്. അവർ വണ്ടിയോടിക്കുന്നു, നല്ല വിദ്യാഭ്യാസമുണ്ട്, പക്ഷേ എവിടെയാണ് തൊഴിലവസരങ്ങൾ?” അവർ ദേഷ്യത്തോടെ ചോദിക്കുന്നു.
ഭർത്താവ് ഇപ്പോൾ തിരിച്ചുവന്നതുകൊണ്ട് അയാളും പാടത്ത് സഹായിക്കാൻ കൂടുന്നു. അതിനാൽ ഒഴിവുസമയങ്ങൾ അവർ മറ്റ് കാര്യങ്ങൾക്ക് വിനിയോഗിക്കുകയാണ് ചെയ്യുന്നത്. “കഴിഞ്ഞ പത്തുവർഷമായി ഞാൻ പരുത്തിവിത്തുകൾ എടുത്ത് പ്രത്യേകമായി വിൽക്കുന്നുണ്ട്. ഒരു കിലോഗ്രാമിന് 100 രൂപ കിട്ടും. എന്റെ വിത്തുകൾ പെട്ടെന്ന് മുളയ്ക്കുന്നതുകൊണ്ട് ധാരാളം പേർ വാങ്ങുന്നുണ്ട്. കഴിഞ്ഞകൊല്ലം 150 കിലോ വിറ്റുവെന്ന് തോന്നുന്നു”. ഒരു പ്ലാസ്റ്റിക് ബാഗ് തുറന്ന്, മാന്ത്രികൻ അയാളുടെ മുയലിനെ എടുക്കുന്നതുപോലെ അവർ മൂന്ന് കവറുകൾ പുറത്തെടുത്ത് വ്യത്യസ്ത ഇനങ്ങളിലുള്ള വിത്തുകൾ കാണിച്ചുതന്നു. ഇത്, പൊങ്ങച്ചങ്ങളൊന്നുമില്ലാതെ, അവർ അനായാസം തലയിൽ കൊണ്ടുനടക്കുന്ന മറ്റൊരു തൂവലാണ്. വിത്തുസംരക്ഷകയുടെ ഭാഗം.
മേയ് അവസാനത്തോടെ അവരുടെ മുളക് വിളവെടുത്തു. കഴിഞ്ഞ സീസണെക്കുറിച്ച് ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. “വില 300-ൽനിന്ന് 120-ലേക്ക് കൂപ്പുകുത്തി. സ്ഥിരമായി കുറഞ്ഞു”, അവർ പറയുന്നു. ഒരേക്കറിൽനിന്ന് അവർക്ക് 200 കിലോഗ്രാം മാത്രമേ കിട്ടിയുള്ളു. അതിൽനിന്ന് 8 ശതമാനം കമ്മീഷൻ കൊടുക്കേണ്ടിവന്നു. അതും പോരാഞ്ഞ്, ഓരോ 200 ഗ്രാം ചാക്കിലും വ്യാപാരികൾ 800 ഗ്രാം കുറഞ്ഞ വിലയ്ക്ക് വിറ്റതുകൊണ്ട് ഓരോ 20 കിലോവിൽനിന്നും 1 കിലോഗ്രാം വെറെയും നഷ്ടമായി. ഈ വർഷം വില അത്ര മോശമല്ലാതിരുന്നതിനാൽ അവർക്ക് നഷ്ടമൊന്നുമുണ്ടായില്ല. എന്നാൽ, മഴ ചെടികളെ ബുദ്ധിമുട്ടിച്ചതിനാൽ, വിളവ് കുറവായിരുന്നുവെന്ന് മാത്രം.
എന്നാൽ, ഒരു കർഷകന്റെ അദ്ധ്വാനത്തെ ഒന്നിനും ഇല്ലാതാക്കാൻ പറ്റില്ല. ഉണങ്ങിയ മുളകായാലും അത് പറിച്ചെടുത്ത്, ഉണക്കി, ചാക്കിലാക്കി വിറ്റേ തീരൂ. അതിനാൽ, ആദൈകലാസെൽവിയുടേയും കൂട്ടുകാരുടേയും അദ്ധ്വാനം, ഓരോ സ്പൂൺ സാമ്പാറിലും രുചി ചേർക്കുന്നുണ്ട്.
ഈ ലേഖനം തയ്യാറാക്കാൻ സഹായിച്ച രാംനാട്മുണ്ട് ചില്ലി പ്രൊഡക്ഷൻ കമ്പനിയിലെ കെ.ശിവകുമാർ, ബി.സുഗന്യ എന്നിവരോട് റിപ്പോർട്ടർക്കുള്ള നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു.
അസിം പ്രേംജി സർവ്വകലാശാല അതിന് റെ 2020 - ലെ ഗവേഷണ ധനസഹായ പദ്ധതിയുടെ ഭാഗമായാണ് ഈ ഗവേഷണ പഠനത്തിനുള്ള ധനസഹായം നൽകിയിരിക്കുന്നത് .
കവർചിത്രം : എം. പളനി കുമാർ
പരിഭാഷ: രാജീവ് ചേലനാട്ട്