ഞങ്ങൾക്ക് സംശയമേതുമുണ്ടായില്ല. ഞങ്ങൾ കണ്ടത് ഒരു ആനയെത്തന്നെയാണ്. ആനപ്പുറത്തിരിക്കുന്ന ഒരുമനുഷ്യനേയും.  സുർഗുജ-പലാമു അതിർത്തിയിലെ ആളൊഴിഞ്ഞ ഒരു പ്രദേശത്തുകൂടി നടക്കുമ്പോഴാണ് ഞങ്ങൾ ആദ്യം അയാളെയും അയാളോടൊപ്പമുള്ള മൃഗത്തെയും കാണുന്നത്. അല്ലെങ്കിൽ കണ്ടുവെന്ന് ഞങ്ങൾക്ക്തോന്നിയത്. ആ തോന്നൽ ശരിയാണോയെന്ന് ഞങ്ങൾ 3 പേരും പരസ്പരം ചോദിച്ച് ഉറപ്പുവരുത്തി. എന്നാൽ അടുത്തുചെന്ന് ഉറപ്പുവരുത്താൻ ആരുംതന്നെ വലിയഉത്സാഹം കാണിച്ചുമില്ല.

എന്നെ കാണാനായി ചാന്ദ്‌വയിൽനിന്ന് വന്ന ദലീപ്കുമാറിനെ ഇത്ക്രുദ്ധനാക്കി. ഞങ്ങളുടെ പെരുമാറ്റം തീർത്തും അബദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു ."ഇതേ കാഴ്ച പാട്നയിലോ റാഞ്ചിയിലോ മറ്റേതെങ്കിലും നഗരപ്രദേശത്തോ കണ്ടാൽനിങ്ങൾക്ക് അത് വിചിത്രമായി തോന്നുകയില്ലല്ലോ.ഇത്കാടാണ്. ആനകൾ കാട്ടിൽ കഴിയുന്ന ജീവികളാണ്.നമ്മൾ കാണിക്കുന്നത് അസംബന്ധമാണ്."

ഇത്കാടാണ് എന്നതുകൊണ്ടുതന്നെയാകും ചിലപ്പോൾ ഞങ്ങൾ ഇങ്ങനെ പെരുമാറുന്നത്. ദലീപ് തികച്ചും യുക്തിപൂർവ്വമായാണ് സംസാരിച്ചത് എന്നത് വാസ്തവമാണ്. എന്നാൽ യുക്തിചിന്തയുടെ അടുത്തപടിയായ പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരുന്നതിൽ തനിക്ക് വ്യക്തമായ താത്പര്യക്കുറവുണ്ടെന്നതും അദ്ദേഹം സമ്മതിച്ചുതന്നു. ഇതിനുപുറമേ, ആനപ്പുറത്ത് ഒരാൾ ഇരിക്കുന്നത് വ്യക്തമായി കണ്ടോ എന്നതിലും ഞങ്ങൾക്കിടയിൽ സംശയമുണ്ടായിരുന്നു.

എന്നാൽ ഇതിനകം ആ മനുഷ്യൻ ഞങ്ങളെ കണ്ടിരുന്നു.ഞങ്ങൾക്ക് നേരെ ആവേശപൂർവം കൈവീശിക്കാണിച്ചുകൊണ്ട് അയാൾ തന്റെ വലിയ വാഹനത്തെ ഞങ്ങളുടെയടുത്തേയ്ക്ക് നയിച്ചു. പാർബതി എന്ന് പേരുള്ള അവൾ, ഒരാൾ കണ്ടുകണ്ടുമുട്ടാൻ സാധ്യതയുള്ള ഏറ്റവും ശാന്തയായ ശുദ്ധാത്മാവായിരുന്നു. അതിനുതക്കവണ്ണം അയാളുടെപേരാകട്ടെ 'പാർഭു'* എന്നും. ഞങ്ങൾ കേട്ടിട്ടില്ലാത്ത ഒരമ്പലത്തിലേക്ക് അവളെ കൊണ്ടുപോവുകയായിരുന്നു അയാൾ. ആ പ്രദേശത്തുള്ള എല്ലാ അമ്പലങ്ങളിലും തങ്ങൾ പോകാറുണ്ടെന്ന് പാർഭു പറഞ്ഞു. അവിടെനിന്നാണ് അവർക്ക് എന്തെങ്കിലും സമ്പാദിക്കാനാകുന്നത്. ഉത്സവസമയമാണെങ്കിൽ വരുമാനം കൂടും. പോകുന്നവഴിക്കുള്ള ഗ്രാമങ്ങളിലെ നല്ലവരായ താമസക്കാർ കൊടുക്കുന്ന ഭക്ഷണവും പണവും ലഭിക്കുകയുംചെയ്യും.

മധ്യപ്രദേശിലെ സുർഗുജയിലാണ് തന്റെ താമസമെന്ന് പാർഭു പറഞ്ഞു. എന്നാൽ സുർഗുജയ്ക്കും പലാമുവുമിനുമിടയ്ക്കുള്ള അതിർത്തിയ്ക്കിരുവശവും സ്ഥിരമായി സഞ്ചരിക്കാറുണ്ട് അയാളും പാർബതിയും. ഡൽഹി, ഗോവ, നാഗാലൻഡ് എന്നിവ മൂന്നും ചേർന്നാലുള്ളതിനേക്കാൾ വലുതാണ് സുർഗുജ എന്ന ഒരൊറ്റ ജില്ല. പലാമു ബിഹാറിൽ ഉൾപ്പെടുന്നപ്രദേശമാണ്.** ഇവ രണ്ടും രാജ്യത്തെത്തന്നെ ഏറ്റവും ദരിദ്രമായ ജില്ലകളിൽ ഉൾപ്പെട്ടവയുമാണ്. അതായത്, ഈ രണ്ടുജില്ലകളിലും ദരിദ്രരായ ഒട്ടനേകം ജനങ്ങളുണ്ട്. എന്നാൽ, പ്രകൃതിവിഭവങ്ങളുടെ കാര്യത്തിലാകട്ടെ, ഇവ രണ്ടും തികച്ചും സമൃദ്ധവുമാണ്.

പാർബതി ഏറെ വിശിഷ്ടമായ പാരമ്പര്യത്തിലെ കണ്ണിയാകാനാണ് സാധ്യത. സുർഗുജയിലെ ആനകൾ യുദ്ധങ്ങളിൽ തന്ത്രപ്രധാനമായ പങ്ക് വഹിച്ചതിന്റെ കഥകൾ ചരിത്രത്തിലുടനീളമുണ്ട്. ജില്ലാ ഗസറ്റിയറുടെ വാക്കുകളിൽനിന്ന്: "മധ്യകാലഘട്ടത്തെ യുദ്ധമുറകളിൽ, ആനകളായിരുന്നു പ്രധാന ശക്തിസ്രോതസ്സ്. അതുകൊണ്ടുതന്നെ, ആ കാലത്ത് ചത്തീസ്ഗഡിലെ സുർഗുജ പ്രദേശം ആനകളെ ലഭിക്കുന്ന പ്രധാനകേന്ദ്രങ്ങളിലൊന്നായിത്തീർന്നു. സുർഗുജ മാൽവയ്ക്ക് മുടക്കമില്ലാതെ ആനകളെ കൈമാറുമെന്ന ഉറപ്പിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു മാൽവയിലെ സുൽത്താന്മാരും സുർഗുജയിലെ ഭരണാധികാരികളും തമ്മിലുള്ള ബന്ധംപോലും."

സുർഗുജയ്ക്കുമേൽ നിയന്ത്രണം നിലനിർത്താൻ മാൽവ തീരുമാനിച്ചതിന് പിന്നിലുള്ള പ്രധാന കാരണവും ഇതുതന്നെയായിരുന്നു. എന്നാൽ പാർബതിയേയും പാർഭുവിനേയും നോക്കുമ്പോൾ, അവരുടെ പൂർവ്വികരെ യുദ്ധപ്രിയരും തീക്ഷ്ണപ്രകൃതമുള്ളവരുമായി സങ്കൽപ്പിക്കുക പ്രയാസമാണ്. പാർഭു വിധേയത്വത്തിന്റെ ആൾരൂപമായിരുന്നു. പാർബതിയാകട്ടെ, ഒരു മുയലിനോളംമാത്രം യുദ്ധാസക്തിയുള്ളവളും. (വളരെ വളരെ വലിയ, സമാധാനപ്രിയയായ ഒരു മുയലിനെ നിങ്ങൾക്ക് സങ്കല്പിക്കാനാകുമെങ്കിൽ)

അയൽ‌വക്കങ്ങളിലെ നാടോടി സങ്കല്പങ്ങൾ

കണ്ടെത്താൻ ഞങ്ങൾക്ക് കഴിയാതെപോയ ഒരു ഗ്രാമംതേടിയുള്ള യാത്രയിലായിരുന്നു ദലീപും ഞാനും അംബികാപൂരിൽനിന്ന്*** ഞങ്ങൾ വാടകയ്‌ക്കെടുത്ത പുരാതനമായ ജീപ്പിന്റെ ഡ്രൈവറും. അടുത്തുതന്നെയുള്ള ഒരു ബിർഹോർ കോളനിയിലാണ് ഞങ്ങൾ ജീപ്പ് പാർക്ക് ചെയ്തിരുന്നത് .ഹോ, സന്താൾ, മുണ്ട എന്നിങ്ങനെയുള്ള ഗോത്രവിഭാഗങ്ങൾ ഉൾപ്പെടുന്ന ഓസ്‌ട്രോ-ഏഷ്യാറ്റിക് ഭാഷാകുടുംബത്തിലെതന്നെ മറ്റൊരു പുരാതന ഗോത്രവർഗ്ഗമാണ് ബിർഹോറുകൾ. ചോട്ടാ നാഗ്പൂർ ബെൽറ്റിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന അവർ പലാമു, റാഞ്ചി, ലോഹാർദാക, ഹസാരിബാഗ്, സിങ്ബൂം എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും കഴിയാറുള്ളത്. രണ്ടായിരമോ ചിലപ്പോൾ അതിലും കുറവോമാത്രം അംഗങ്ങളുള്ള, അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ഗോത്രവിഭാഗംകൂടിയാണ് ബിർഹോറുകൾ.

ഞങ്ങൾ പരിചയപ്പെട്ട ഒരു ബിർഹോർസംഘമാണ് 'സമീപത്തു‘ തന്നെയുള്ള കൗതുകമുണർത്തുന്ന ഒരു ഗ്രാമത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞത്. അവർ കാണിച്ച പാതയിലൂടെ അനേകദൂരം സഞ്ചരിച്ചതിനുശേഷം ഞങ്ങളൊരു പാഠം പഠിച്ചു. ‘സമീപം’ എന്ന് നാടോടികൾ പറയുന്നതിനെ ഒരിക്കലും മുഖവിലയ്ക്കെടുക്കരുതെന്ന്. ഇടയ്ക്കിടെ പണിമുടക്കിക്കൊണ്ടിരുന്ന ജീപ്പ് ബിർഹോറുകളുടെ കൈയ്യിലേൽപ്പിച്ച്, കാൽനടയായിട്ടായിരുന്നു ഞങ്ങളുടെ യാത്ര.

ഞങ്ങളോടൊപ്പം വരണമെന്ന് ഡ്രൈവർ വാശിപിടിച്ചിരുന്നു. ബിർഹോറുകളെ കണ്ടിട്ട് തനിക്ക് ഭയംതോന്നുന്നുവെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ പേടി പാർബതിയെക്കുറിച്ചായി. ഡ്രൈവറെക്കുറിച്ച് ദലീപ് പരുഷമായ ചില പരാമർശങ്ങൾ നടത്തിയെങ്കിലും അദ്ദേഹം അതൊന്നും വകവയ്ക്കാതെ ഞങ്ങളോടൊപ്പം പുറപ്പെടുകയായിരുന്നു.

പാർഭു ഏറെ ഹൃദയവിശാലതയോടെ ഞങ്ങളെ ആനപ്പുറത്ത് സഞ്ചരിക്കാൻ ക്ഷണിക്കുകയും ഞങ്ങൾ അത് സ്വീകരിക്കുകയും ചെയ്തു. മാസങ്ങൾക്ക്മുൻപ്, 1993-ന്റെ മധ്യത്തിൽ എന്റെ പ്രൊജക്ടുമായി ഇറങ്ങിത്തിരിച്ചതിനുശേഷം, പല സന്ദർഭങ്ങളിലായി എന്തെല്ലാം ഗതാഗതമാർഗ്ഗങ്ങൾ  ഉപയോഗിക്കേണ്ടിവന്നിട്ടുണ്ടെന്ന് കണക്കെടുക്കുകയായിരുന്നു അപ്പോൾ ഞാൻ. നാടൻവള്ളംതൊട്ട് ചങ്ങാടങ്ങളിലും തീവണ്ടിയുടെ മുകളിലിരുന്നുമൊക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ആനപ്പുറത്ത് യാത്ര ചെയ്തിട്ടില്ലായിരുന്നു. യാത്ര തുടങ്ങി അല്പദൂരം പിന്നിട്ടതിനുശേഷം, ഞങ്ങൾ പാർഭുവുമായി സംസാരിക്കാനിരുന്നു. യാത്ര പുറപ്പെടുമ്പോൾ അന്വേഷിച്ചിരുന്ന ഗ്രാമത്തെക്കുറിച്ച് എല്ലാവരും മറന്നിരുന്നു. ഇവിടെ ശരിക്കും 'സമീപത്ത്' തന്നെ, കൗതുകമുണർത്തുന്ന ഒന്ന് ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. എങ്ങനെയാണ് പാർഭു പാർബതിക്ക് ആവശ്യമായ ഭക്ഷണം നൽകി അതിനെ പരിപാലിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയണമായിരുന്നു.

അഭിമുഖ സംഭാഷണത്തിൽ ഞങ്ങൾക്കുള്ള വൈദഗ്ധ്യം മുഴുവൻ പുറത്തെടുത്തിട്ടും, അടുത്ത ഒന്നരമണിക്കൂറിൽ ഞങ്ങൾക്ക് ഒന്നുംതന്നെ മനസ്സിലാക്കാനായില്ല. പാർഭു നല്ലവനായിരുന്നെങ്കിലും കാര്യങ്ങൾ വിട്ടുപറയുന്ന പ്രകൃതക്കാരനായിരുന്നില്ല. ആളുകൾ തരുന്നതും ഉത്സവസമയത്ത് ലഭിക്കുന്നതുമായ ദാനങ്ങൾകൊണ്ട്  തങ്ങൾ ജീവിച്ചുപോകുന്നുവെന്നാണ് പാർഭു പറഞ്ഞത്. രാജ്യത്തിൻറെ ചിലഭാഗങ്ങളിൽ അത് മതിയായേക്കാം. ഇവിടെ എന്തായാലും അത് മതിയാകില്ലെന്ന് ഉറപ്പാണ്. "എടാ @#% നുണയാ", ദലീപ് ഒച്ചയിട്ടു, "ഈ ജീവിക്ക് 200 കിലോ പുല്ലുവേണം. കൂടാതെ മറ്റ് ഭക്ഷണങ്ങളും. നീ എന്താണ് ചെയ്യുന്നതെന്ന് ഞാൻ പറയാം. നീ ഇവളെ ആളുകളുടെ കൃഷിയിടങ്ങളിൽ ഇറക്കിവിടുകയല്ലേ ചെയ്യുന്നത്?"

അത് സത്യമാകാനാണ് സാധ്യതയെങ്കിലും പാർഭു ഈ ആരോപണം പാടെ നിഷേധിക്കുകയാണുണ്ടായത്. "ഇതിലും ഭേദം ആ ആനയെ അഭിമുഖംചെയ്യുന്നതാണ്.", ദലീപ് പറഞ്ഞു. "അവൾ കുറച്ചുകൂടി സത്യസന്ധയായിരിക്കും. പാർഭുവിന് ഉൾക്കാട്ടിൽ ചെന്ന് പർബതിയ്ക്ക് തീറ്റ കണ്ടെത്താനാകില്ല. അവിടെ കാട്ടാനകളും മറ്റ് വന്യമൃഗങ്ങളുമുണ്ട്. ഇല്ല, പാടങ്ങൾ കൊള്ളയടിക്കുകയാണ് അവൻ ചെയ്യുന്നത്. അവൻ പാർബതിയെ കൊണ്ടുപോയി ആളുകളുടെ കൃഷിയിടങ്ങളിൽ അഴിച്ചുവിടുകയാണ്." പാർബതിയുടെ ഭക്ഷണത്തെപ്പറ്റിയും അവളെ പോറ്റാനുള്ള ചിലവിനെക്കുറിച്ചുമെല്ലാം ഞങ്ങൾ ചർച്ചചെയ്യുമ്പോൾ പാർബതിയാകട്ടെ, തുമ്പിക്കൈകൊണ്ട് പാർഭുവിന്റെ തലയിലൂടെ തലോടി അവനോടൊത്ത് കളിയ്ക്കുകയായിരുന്നു. അവൾക്ക് അവനെ ഏറെ ഇഷ്ടമാണെന്നത് വ്യക്തമായിരുന്നു. പാർഭു കൃഷിയിടങ്ങൾ കൊള്ളയടിക്കുകയായിരുന്നെങ്കിലും, അത് നല്ല ഭംഗിയായിത്തന്നെ ചെയ്തിരുന്നുവെന്ന് അർത്ഥം.

ചിലപ്പോഴൊക്കെ, ബഡേലോഗ് (പ്രമുഖരായ ആളുകൾ) തങ്ങളുടെ സേവനം ആവശ്യപ്പെടാറുണ്ടെന്ന് പാർഭു പറഞ്ഞു. ഉദാഹരണത്തിന് ഒരു വിവാഹത്തിന് പാർബതി അലങ്കാരവിഭൂഷിതയായി നിന്നത് ചടങ്ങിലെ ആകർഷകമായ ഒരുകാഴ്ചതന്നെയായി. എന്നാൽ അവർ അവസാനം പങ്കെടുത്ത വിവാഹം അത്ര ലാഭകരമായില്ല. "മൊത്തംതുകയിൽനിന്ന് 50 രൂപകുറച്ചാണ് മാലിക്ക് (മുതലാളി) തന്നത്.", പാർഭു പറഞ്ഞു. "അന്ന് പാർബതിക്ക് വല്ലാതെ വിശന്നിരുന്നു. അതുകൊണ്ടുതന്നെ അനുവാദമില്ലാതിരുന്ന സമയത്ത് അവൾ അവിടെ കണ്ട ഭക്ഷണമെടുത്ത് കഴിച്ചു. "ഇത് പറയുമ്പോൾ, അന്ന് 50 രൂപ നഷ്ടം വന്നത് ഓർമ്മവന്നിട്ടെന്നവണ്ണം അവൻ പാർബതിയുടെ തുമ്പിക്കയ്യിൽ ഒരു അടി കൊടുത്തു. എന്നാൽ പാർബതി സ്നേഹത്തോടെ ഒരു ദീർഘശ്വാസം വിടുകയാണ് ചെയ്തത്. അവൾക്ക് അന്ന് കഴിച്ച ഭക്ഷണം ഓർമ്മ വന്നിട്ടുണ്ടാവണം.

"ഒരിക്കൽ ഒരാൾ വന്ന്, പാർബതിയെ ഒരു ജാഥയിൽ പങ്കെടുക്കാൻ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. അയാളുടെ നേതാവ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടായിരുന്നത്രെ. പക്ഷെ എന്തോ ഒടുവിൽ അവളെ കൊണ്ടുപോവുകയുണ്ടായില്ല. ആരൊക്കെയോ പാർബതിയെക്കുറിച്ച് അയാളോട് മോശപ്പെട്ട അഭിപ്രായം പറഞ്ഞുവത്രെ. അവളെ വിശ്വസിക്കാനാകില്ലെന്നോ മറ്റോ. ചില ആളുകൾ അങ്ങനെയാണ്.", അവൻ വിഷമത്തോടെ പറഞ്ഞു.

"ഗ്രാമങ്ങളിൽ പ്രവേശിക്കുമ്പോൾത്തന്നെ പാർബതിയെ കണ്ട് ജനങ്ങൾ ആവേശഭരിതരാകുമെന്നിരിക്കെ, അതുമൂലം അവന് പ്രശ്നങ്ങൾ നേരിടേണ്ടിവരാറില്ലേ? "ഒരിക്കൽ ഒരുകൂട്ടം നായ്ക്കൾ പാർബതിക്കുനേരെ കുരച്ചുചാടി പാഞ്ഞടുത്തു. അവൾ പേടിച്ചു പിന്നോട്ട് നീങ്ങി. എന്നാൽ ഒരു ഗ്രാമവാസിയുടെ വീടിന്റെ ഭാഗത്തേക്കാണ് അവൾ നീങ്ങിയത്. ആ വീടിന് ചില നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. അതിന് ആ വീട്ടുടമസ്ഥൻ വല്ലാതെ ദേഷ്യപ്പെട്ടു", പാർഭു പറഞ്ഞു.

ഞങ്ങൾ കുറച്ചുനേരം ഒന്നും മിണ്ടാതെ ചിന്തയിലാണ്ടു. പാർബതി കയറിപ്പോയ ആ വീടിന്റെ ഉടമസ്ഥന്റെ അവസ്ഥയെന്തായിരിക്കും? ആ സംഭവത്തിനുശേഷം ആ വീടിന്റെ അവസ്ഥയെന്തായിരുന്നിരിക്കും? ആ വീട്ടുടമസ്ഥന് അനുഭവപ്പെട്ടിരിക്കുക ദേഷ്യമാണോ അതോ പ്രാണഭയമോ?

"മറ്റൊരിക്കൽ, ആളുകൾ ഗ്രാമത്തിന് പുറത്തുവെച്ച് പാർബതിക്കുനേരെ കല്ലെറിഞ്ഞു." പാർഭു തുടർന്നു

"ആഹ്!" ദലീപ് വിജയഭാവത്തിലാണത് പറഞ്ഞത്. "ഈ അവരുടെ കൃഷിയിടങ്ങൾ നിരപ്പാക്കിയതിനായിരിക്കണം അവർ അങ്ങനെ ചെയ്തത്.."

"അല്ല, അല്ല. ഞങ്ങൾ കൃഷിയിടങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന ചിലർ മദ്യപിച്ചിരുന്നെന്ന് തോന്നുന്നു. അവർ കല്ലെറിഞ്ഞപ്പോൾ ഞങ്ങൾ മറ്റൊരു ദിശയിലേക്ക് പിൻവാങ്ങി. എന്നാൽ ദുർഭാഗ്യമെന്ന് പറയട്ടെ, അപ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു. ആ പ്രദേശത്തുള്ള മറ്റൊരു ബസ്തി യിലേക്കാണ് ഞങ്ങൾ പ്രവേശിച്ചത്. പാർബതി നല്ല വേഗത്തിൽ നടന്നിരുന്നതുകൊണ്ട് അവിടെയുള്ളവർ ആകെ ഭയന്നു. അവൾ ഒട്ടുംതന്നെ അക്രമം കാണിച്ചില്ലെങ്കിലും അവർ ആവശ്യമില്ലാതെ ഭയന്ന് നിലവിളിക്കുകയായിരുന്നു."

ഇരുട്ടത്ത് പെട്ടെന്ന് ഒരാന ഞങ്ങൾക്കിടയിലേയ്ക്ക് പാഞ്ഞുവന്നാൽ ഞങ്ങൾ എന്താകും ചെയ്യുകയെന്ന് ആലോചിക്കുകയായിരുന്നു ഞാൻ. ഞങ്ങൾ അതിനുനേരെ കല്ലെറിയില്ലായിരിക്കാം. പക്ഷെ ഞങ്ങൾ പരിഭ്രാന്തരായി നിലവിളിച്ചിരിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട.

എങ്ങനെയാണ് ഒരു ആനയെ തീറ്റിപ്പോറ്റുന്നത് ?

ആഴത്തിൽ ആലോചിക്കുംതോറും, പാർഭുവിന്റേയും പാർബതിയുടെയും പ്രശ്നം സങ്കീർണ്ണമായിക്കൊണ്ടിരുന്നു. സുർഗുജയിൽ താമസിക്കുന്ന മനുഷ്യരിൽ ഭൂരിഭാഗംപേർക്കും അവരുടെ വിശപ്പ് മാറ്റാനുള്ള ഭക്ഷണംപോലും ലഭിക്കുന്നില്ല. പിന്നെ എങ്ങനെയാണ് ഒരു ആനയെ തീറ്റിപ്പോറ്റാനാവുക? അതോ തനിക്ക് കിട്ടുന്ന വരുമാനത്തിലൂടെ പാർബതി പാർഭുവിനെയാണോ പോറ്റുന്നത്? ആനകൾ ഒരുപാടുള്ള പ്രദേശമെന്നതിനപ്പുറം സുർഗുജ സുപ്രസിദ്ധമായിട്ടുള്ളത് (കുപ്രസിദ്ധവും) അവിടത്തെ ദാരിദ്ര്യത്തിന്റെ പേരിലാണ്.

സുൽത്താനത്ത്, മുഗളന്മാർ, മാറാത്തകൾ, ബ്രിട്ടീഷുകാർ എന്നിങ്ങനെ എല്ലാവരും ഏറ്റവും കുറഞ്ഞ നികുതി അല്ലെങ്കിൽ കപ്പമാണ് ഈ നാട്ടുരാജ്യത്തിനുമേൽ ചുമത്തിയിരുന്നത് .സുൽത്താന്മാരും മുഗളന്മാരും ഏറിയപങ്കും ആനകളെക്കൊണ്ട് തൃപ്തിപ്പെട്ടു.1919-ൽപ്പോലും, സമീപത്തെ നാട്ടുരാജ്യങ്ങൾ നികുതിയുടെ പേരിൽ കൊള്ളയടിച്ചിരുന്ന ബ്രിട്ടീഷുകാർ ഇവിടെ തുച്ഛമായ നികുതിയാണ് വ്യവസ്ഥചെയ്‌തത്‌. ഈ പ്രദേശത്തെ നാട്ടുരാജ്യങ്ങളായ സുർഗുജ, കൊറിയ, ചാങ്ബഖാർ എന്നിവിടങ്ങളിൽനിന്ന് യഥാക്രമം 2,500 രൂപ, 500 രൂപ, 387 രൂപമാത്രമാണ് ബ്രിട്ടീഷുകാർ പിരിച്ചിരുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ സുർഗുജയുടെ നിയന്ത്രണത്തിലായിരുന്ന കൊറിയ എന്ന നാട്ടുരാജ്യം മറാത്തകൾ കീഴടക്കി. അതിശക്തരായ മറാത്തകൾക്കുപോലും ഈ പ്രദേശത്തിന്റെ ദുർഘടമായ ഭൂമിശാസ്ത്രംമൂലം അവിടം മുഴുവനായി പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെന്നതാണ് സത്യം. അതുകൊണ്ടുതന്നെ, കൊറിയയിലെ രാജാവ് 2,000 രൂപ നൽകണമെന്നാണ് മറാത്തകൾ ആവശ്യപ്പെട്ടത്. എന്നാൽ ഈ തുകപോലും അടയ്ക്കാൻ രാജാവിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ, 5 വർഷത്തേയ്ക്ക് 200 രൂപവീതം ഒടുക്കാൻ ആവശ്യപ്പെട്ട്, ഒട്ടനേകം കന്നുകാലികളെ ഒരു മുന്നറിയിപ്പെന്നോണം പിടിച്ചെടുക്കുകയാണ് മറാത്തകൾ ചെയ്തത്. ജില്ലാ ഗസറ്റിയർ പറയുന്നതനുസരിച്ച്, ക്രൂരരായ മറാത്തകൾക്കുപോലും ഇവിടത്തെ രാജാവിന് ഒരുരൂപപോലും അടയ്ക്കാൻ കഴിയില്ലെന്ന് മനസ്സിലായി. ഒടുവിൽ, "അഞ്ച് ചെറിയ കുതിരകളും മൂന്ന് കാളകളും ഒരു പെൺപോത്തും" സ്വീകരിച്ച് മറാത്തകൾക്ക് തൃപ്തിപ്പെടേണ്ടിവന്നു.

എന്നാൽ ഈകന്നുകാലികൾക്കുപോലും വലിയ ഗുണമില്ലെന്ന് കണ്ട്, നേരത്തെ പിരിച്ചെടുത്ത കുറച്ച് കന്നുകാലികൾക്കൊപ്പം അവയെ പിന്നീട് തുറന്നുവിടുകയാണുണ്ടായത്. ഇരുകൂട്ടരും തമ്മിലുള്ള അസ്വാരസ്യങ്ങൾ അതോടെ അവസാനിക്കുകയും ഇവിടത്തെ സ്ഥിതി കണ്ട് സ്തബ്ധരായ മറാത്തകൾ മടങ്ങുകയുംചെയ്തു.

കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ, എങ്ങനെയാണ് സുർഗുജയിൽ ഒരാൾ ഒരാനയെ പോറ്റുന്നത്? അതും കാടിനകത്തേയ്ക്ക് ഒരുപാട്ദൂരം കൊണ്ടുപോകാനാകാത്ത ഒരാനയെ? വ്യക്തമായ ഒരു ഉത്തരത്തിനടുത്തെത്താൻപോലും ഞങ്ങൾക്കപ്പോഴും കഴിഞ്ഞിരുന്നില്ല. ഒരു അവസാനശ്രമംകൂടി നടത്തുന്നതുകൊണ്ട് കുഴപ്പമൊന്നും വരാനില്ലെന്ന ബോധ്യത്തിൽ ഞങ്ങൾ ആ ശ്രമം ആരംഭിച്ചു.

ഞങ്ങൾ വാദങ്ങൾ നിരത്തിയും അനുനയിപ്പിക്കാൻ ശ്രമിച്ചും കാലുപിടിച്ചപേക്ഷിച്ചുമൊക്കെ പാർഭുവിനെ കീഴടക്കാൻ നോക്കി. എന്നാൽ അഭിനന്ദനാർഹമായ മാധുര്യത്തോടെയും സംയമനത്തോടെയും അവൻ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയൊന്നും തരാതെതന്നെ അവൻ ഞങ്ങൾക്ക് വിശദമായ മറുപടികൾ നൽകിക്കൊണ്ടിരുന്നു. പുച്ഛം കലർന്ന ശാന്തഭാവത്തോടെ പാർബതി ഞങ്ങളുടെ സംഭാഷണങ്ങൾക്ക് സാക്ഷിയായി നിൽക്കുന്നുണ്ടായിരുന്നു.

ഒരു മണിക്കൂർകൂടി കടന്നുപോയതിനുപിന്നാലെ, അവർ രണ്ടുപേരും യാത്രയായി. "അടുത്തഅമ്പലത്തിലേക്കാകും", ഞാൻ പറഞ്ഞു. അടുത്ത കൃഷിയിടം മുടിക്കാനായിരിക്കും", എന്ന്  ദലീപും.

എന്ത് ചെയ്തിട്ടാണെങ്കിലും പാർബതിക്ക് ദിവസേന ആവശ്യമുള്ള 200 കിലോഗ്രാം പുല്ലും മറ്റു ഭക്ഷണസാധനങ്ങളും കണ്ടെത്താൻ പാർഭുവിന് കഴിഞ്ഞു. അത് എങ്ങനെയെന്നത് ഞങ്ങൾക്ക് മുന്നിൽ ഇപ്പോഴും ഒരു നിഗൂഢതയായി അവശേഷിക്കുന്നു എന്നുമാത്രം.

* പാർഭു അല്ലെങ്കിൽ പ്രഭുഎന്ന ത് ശി വന്റെ മറ്റൊരു പേരാണ് . ശിവന്റെ പങ്കാളിയാ ണ് പാ ർബതി ( പാർവതി )

** ഇത്പിന്നീ ട് ജാ ർഖണ്ഡിന്റെ ഭാഗമായി .

*** പ്പോൾ ച ത്തീസ്ഗഡിലുള്ള , സുർഗുജയുടെ ജില്ലാ ആസ്ഥാനം

വര : പ്രിയങ്ക ബോറാർ

പ്രിയങ്ക ബോറാർ നവീന മാധ്യമകലാകാരിയും ഗവേഷകയുമാണ് . കലാമാധ്യമത്തിന്റെ പ്രകടനസാധ്യതകൾ കണ്ടെത്തുന്നതിൽ ത ത്പ രയായ പ്രിയങ്ക ഇന്ററാക്ടിവ് മീ ഡിയ മേഖലയിലാ ണ് പ്ര വർത്തിക്കുന്നത് . പ്രധാന പ്രവർത്തനം ചിത്രരചനയാണെങ്കിലും ഈയടുത്തായി പ്രിയങ്ക കോമിക്സിലും തന്റെകഴി വ് തെ ളിയിച്ചിട്ടുണ്ട് .

ഈ ലേഖ നം മറ്റൊരു രൂപത്തിൽ, തി കച്ചും വ്യത്യസ്തമായ ചിത്രങ്ങളുമായി 1998 സെപ്റ്റംബറിലെ ഇന്ത്യ മാസികയിലും പിന്നീട് 2000 ഒക്ടോബറിൽ കാ യ് ഫ്രെ യ് സെ എഡിറ്റ്ചെയ്ത് , പെൻഗ്വിൻ ഇന്ത്യ പ്രസിദ്ധീകരിച്ച Elsewhere: Unusual takes on India എന്ന പുസ്തകത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് .

പരിഭാഷ: പ്രതിഭ ആര്‍.കെ.

பி. சாய்நாத், பாரியின் நிறுவனர் ஆவார். பல்லாண்டுகளாக கிராமப்புற செய்தியாளராக இருக்கும் அவர், ’Everybody Loves a Good Drought' மற்றும் 'The Last Heroes: Foot Soldiers of Indian Freedom' ஆகிய புத்தகங்களை எழுதியிருக்கிறார்.

Other stories by P. Sainath
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.