ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലെ ആട്ടിറച്ചി വിൽക്കുന്ന കടകളിലേക്കും മാർക്കറ്റുകളിലേക്കും ആവശ്യമായ ആടുകളേയും ചെമ്മരിയാടുകളേയും പതിവായി എത്തിക്കുന്നത് വാഹനങ്ങളിലാണ്. ഈ മൃഗങ്ങളെ വ്യാപാരികൾ ഇടയന്മാരിൽ നിന്ന് വാങ്ങി, ചന്തകൾ തോറും കയറിയിറങ്ങി, നല്ല വില കിട്ടുന്നതിനനുസരിച്ച് വിൽക്കുന്നു. കാദിരിയിൽ നിന്ന് അനന്തപൂർ ഭാഗത്തേക്ക് ഈ വാഹനം പോകുമ്പോഴാണ് ഞാൻ ഈ ഫോട്ടോ പകർത്തിയത്.
വണ്ടിയുടെ മുകളിൽ ഇരിക്കുന്ന വ്യക്തി (അയാളുടെ പേര് എനിക്ക് രേഖപ്പെടുത്താൻ കഴിഞ്ഞില്ല) ആടുകളുടെ ഉടമയായിരിക്കുമെന്ന് ഞാൻ കരുതി. അങ്ങനെ ഞാൻ അനന്തപൂർ ടൗണിൽ എല്ലാ ശനിയാഴ്ചയും നടക്കുന്ന ആട് ചന്തയിലെത്തി, കച്ചവടക്കാരെ ഈ ഫോട്ടോ കാണിച്ചു. അവർക്ക് ആളെ അറിയില്ലായിരുന്നു. അയാളൊരു വ്യാപാരിയോ അതല്ലെങ്കിൽ ഏതെങ്കിലുമൊരു വ്യാപാരിയുടെ തൊഴിലാളിയോ ആയിരിക്കാമെന്ന് ചിലർ പറഞ്ഞു. ചിത്രത്തിലുള്ള ആൾ മൃഗങ്ങളുടെ ഉടമയല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അയാൾ ഒരു കൂലിപ്പണിക്കാരനായിരിക്കാനാണ് സാധ്യതയെന്നും ചന്തയിൽവെച്ച് കണ്ടുമുട്ടിയ പി. നാരായണസ്വാമി എന്ന ഒരു ഇടയൻ എന്നോട്. പറഞ്ഞു. “ഒരു തൊഴിലാളി മാത്രമേ വണ്ടിയുടെ മുകളിൽ അത്ര അശ്രദ്ധമായ് ഇരിക്കൂ. ആടുകളുടെ ഉടമസ്ഥരാണെങ്കിൽ, അവയെ കൊണ്ടുപോകുന്നതിന് മുമ്പ് അവയുടെ കാലുകൾ അകത്ത് വെക്കാൻ ശ്രദ്ധിക്കും. ഓരോ ആടിനും ഏകദേശം 6,000 രൂപ ചെലവഴിക്കുന്ന ഒരാൾ ആ മ്യഗങ്ങളുടെ കാലുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ ഒരിക്കലും അനുവദിക്കുകയില്ല, അദ്ദേഹം പറഞ്ഞു.
പരിഭാഷ: അനിറ്റ് ജോസഫ്