അങ്ങനെ അനന്തപൂര്‍ ഏപ്രില്‍ 5 ഞായറാഴ്ചക്കുവേണ്ടി സ്വയം തയ്യാറാവുകയാണ്. ‘നമ്മെ ഗ്രസിച്ചിരിക്കുന്ന അന്ധകാരം’ നീക്കാന്‍ രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം മെഴുകുതിരികളും ദീപങ്ങളും മൊബൈല്‍ ടോര്‍ച്ചും തെളിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് അനന്തപൂര്‍ എങ്ങനെ പ്രതികരിക്കും? എന്‍റെ അടുത്ത് സംഗമേശ് നഗറിലുള്ള ആളുകള്‍ ചെറിയൊരു ഉപായം കാണിക്കുന്നു. എളുപ്പത്തില്‍ കത്തുന്ന മുളകള്‍ ചുറ്റുപാടുനിന്നും ധാരാളമായി ലഭിക്കുമ്പോള്‍ അഞ്ചോ ആറോ കുടുംബങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു ബാല്‍ക്കണിയില്‍ നില്‍ക്കുന്നു.

എന്‍റെ കുടുംബം മാര്‍ച്ച് 19 മുതല്‍ സ്വയം ലോക്ക്ഡൗണ്‍ ആയിരിക്കുകയാണ്. എങ്ങനെയാണ് താഴ്ന്ന വരുമാനമുള്ളവര്‍, പ്രധാനമായും നഗരത്തിലെ തൊഴിലാളി വര്‍ഗ്ഗത്തില്‍ പെടുന്ന ആളുകള്‍ ജീവിക്കുന്നതെന്ന് കാണാനും നിരീക്ഷിക്കാനും ഇതെനിക്ക് ധാരാളം അവസരം നല്‍കുന്നു.

“കൊറോണ വൈറസ് ചിറ്റൂര്‍ എത്തിയിട്ടുണ്ട്, പക്ഷെ അത് അനന്തപൂര്‍ എത്തില്ല. ചൂട് കൂടുതലായതിനാല്‍ ഇവിടെ വൈറസിന് നിലനില്‍ക്കാന്‍ പറ്റില്ല”, മാര്‍ച്ച് 17-ന് എന്‍റെ പഴയ സ്ക്കൂളിലെ ബസ് ഡ്രൈവര്‍ എന്നോടു പറഞ്ഞു. വലിയൊരു വിഭാഗത്തിന്‍റെ മനഃസ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈയൊരു നിഷ്കളങ്കമായ അഭിപ്രായ പ്രകടനം. മഹാമാരിയുടെ അടിയന്തിര സ്വഭാവം അനന്തപൂരിലെ നിരവധി ആളുകളെ ആ സമയത്ത് ഒരുതരത്തിലും ബാധിച്ചിട്ടുണ്ടായിരുന്നില്ല.

ആന്ധ്രപ്രദേശിലെ റായലസീമ പ്രദേശത്തെ അനന്തപൂര്‍ ജില്ലയുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് ആയ അനന്തപൂര്‍ നഗരത്തിലെ സംഗമേശ് നഗറിലെ ഇടുങ്ങിയ വഴിയിലൂടെ ഒരുകൂട്ടം കുട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. സ്ക്കൂളുകളും പരീക്ഷകളും ഒന്നും ഇല്ലാത്തതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ ഉന്മേഷം പ്രകടമാണ്. മാര്‍ച്ച് 19 ഞായറാഴ്ച വരെ പച്ചക്കറി വിപണികളില്‍ ആളുകള്‍ കൂട്ടം ചേര്‍ന്നിരുന്നു. കോഴിയിറച്ചിയുടെ വില പെട്ടെന്നുയര്‍ന്നു.

PHOTO • Rahul M.

ഞങ്ങളുടെ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും സംഗമേശ് നഗര്‍ മുഴുവനായി കാണാം. നഗരത്തിലെ വരുമാനം കുറഞ്ഞ, തൊഴിലാളി വര്‍ഗ്ഗങ്ങള്‍ താമസിക്കുന്ന ഒരു ഭാഗമാണിത്. ഞങ്ങളുടെ അയല്‍ കുടുംബങ്ങള്‍ ഇടുങ്ങിയ വീടുകളില്‍ താമസിക്കുന്നു. എപ്പോഴും ചൂടുള്ള അനന്തപൂരിലെ വായുസഞ്ചാരം കുറഞ്ഞ വീടിന്‍റെ അകത്തളങ്ങളില്‍ ഒരു ഫാനിന്‍റെ കീഴില്‍ താമസിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.

“രാവിലെ പോലീസുകാര്‍ റോന്തുചുറ്റല്‍ ആരംഭിക്കുന്നതിനു മുന്‍പ് എന്‍റെ മൂത്ത മകനും [ഓട്ടോറിക്ഷ ഡ്രൈവര്‍] മരുമകളും ജോലിക്കായി പുറത്തു പോകുന്നു. അവന്‍ രാവിലെ അവളെ അവള്‍ ജോലി ചെയ്യുന്ന വീട്ടില്‍ കൊണ്ടാക്കുകയും വൈകുന്നേരം രണ്ടുപേരും തിരിച്ചു വരികയും ചെയ്യും”, പ്രായമായ ഒരു സ്ത്രീ പറഞ്ഞു. തൊഴിലാളി വര്‍ഗ്ഗത്തില്‍പെട്ട വളരെയധികം ആളുകള്‍ അവരുടെ ജോലി രഹസ്യമായി തുടരുമ്പോള്‍ മഹാമാരി അവരുടെ ജീവിതത്തില്‍ വളരെ ആവശ്യമുള്ള ഒരു ഇടവേളയായി മാറുന്നു. “കൊറോണ വൈറസ് മൂലം അവധി കിട്ടുന്നുണ്ട്”, മാര്‍ച്ച് 19-ന് ഒരു മനുഷ്യന്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിനു മുന്‍പില്‍ നിന്നു പറയുന്നതു ഞാന്‍ കേട്ടു.

ഞങ്ങളുടെ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും സംഗമേശ് നഗര്‍ മുഴുവനായി കാണാം. ഞങ്ങളുടെ അയല്‍ കുടുംബങ്ങള്‍ ഒന്നോ രണ്ടോ മുറികളോടു കൂടിയ ഇടുങ്ങിയ വീടുകളില്‍ താമസിക്കുന്നു. വീടിനു വെളിയിലാണ് ഗണ്യമായ സമയവും അവര്‍ ചിലവഴിക്കുന്നത്. ശാരീരികമായ അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ചില അയല്‍ കുടുംബങ്ങളോട് ഞങ്ങള്‍ പറയാന്‍ ശ്രമിച്ചെങ്കിലും എപ്പോഴും ചൂടുള്ള അനന്തപൂരിലെ വായുസഞ്ചാരം കുറഞ്ഞ വീടിന്‍റെ അകത്തളങ്ങളില്‍ ഒരു ഫാനിന്‍റെ കീഴില്‍ താമസിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഓട്ടോ ഡ്രൈവര്‍മാര്‍, പന്നി വളര്‍ത്തുന്നവര്‍, അദ്ധ്യാപകര്‍, വീടുകളില്‍ സഹായികളായി നില്‍ക്കുന്നവര്‍ എന്നിവരൊക്കെയാണ് ഞങ്ങളുടെ അയല്‍വാസികളില്‍ പെട്ടവര്‍. ഇതില്‍ അവസാനം പറഞ്ഞ രണ്ടു വിഭാഗങ്ങള്‍ എല്ലാ ദിവസവും വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ ആണ്. ലോക്ക്ഡൗണ്‍ ആയിട്ടും അവര്‍ ജോലി ചെയ്യുന്നത് തുടരുന്നു.

മിക്ക ദിവസങ്ങളിലും ഇവിടുള്ള കുട്ടികള്‍ നേരത്തെ എഴുന്നേറ്റ് മാതാപിതാക്കളെ വെള്ളം ശേഖരിക്കാന്‍ സഹായിക്കുന്നു. അനന്തപുരിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതും ദുര്‍ലഭവുമായ വിഭവം ആണ് വെള്ളം. പരിഷ്കരിച്ചെടുത്ത ഓട്ടോയുടെ പിറകില്‍ കുറച്ചു പ്രാദേശിക കമ്പനികള്‍ ‘ശുദ്ധീകരിച്ച കുടിവെള്ളം’ വില്‍ക്കുന്നു. അവയിലൊരെണ്ണം തങ്ങളുടെ ഉല്‍പ്പന്നത്തിന്‍റെ വരവ് ഉച്ചഭാഷിണിയിലൂടെ 2014-ലെ ഒരു തെലുങ്ക് സിനിമയിലെ ഉല്ലാസഭരിതമായ ഗാനത്തിന്‍റെ അകമ്പടിയോടെ വിളംബരം ചെയ്യന്നു. മാര്‍ച്ച് 30-നും ഇതുണ്ടായിരുന്നു. കുറച്ചു സ്ത്രീകള്‍ അവരുടെ പ്ലാസ്റ്റിക് കുടങ്ങളില്‍ ഈ വെള്ളം ശേഖരിച്ചു. ബാക്ടീരിയ, വൈറസ്... എന്നിവ മൂലം മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള വെള്ളം ‘മലിനമായിരിക്കുന്ന’ ഈ സമയത്ത് തങ്ങളുടെ ‘ശുദ്ധീകരിച്ച’ വെള്ളം വാങ്ങാന്‍ ജനങ്ങളോട് ഉച്ചഭാഷിണിയിലൂടെ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത പരസ്യത്തിലൂടെ ഈ കമ്പനി ആവശ്യപ്പെട്ടു.

ലോക്ക്ഡൗണ്‍ സാവധാനം ദിനചര്യകളില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നുവെങ്കിലും സര്‍ക്കാരിന്‍റെ നിദ്ദേശങ്ങള്‍ പാലിക്കാന്‍ ആളുകള്‍ക്ക് കഴിയുമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ വൈയക്തികതയെക്കുറിച്ചുള്ള നഗര കേന്ദ്രീകൃത ധാരണകളില്‍ ഊന്നിയുള്ളതായിരുന്നു പ്രസ്തുത നിര്‍ദ്ദേശങ്ങള്‍. കുട്ടികള്‍ റോഡില്‍ അവരുടെ കളികള്‍ തുടര്‍ന്നു (ഒളിച്ചു കളി അഥവാ സാറ്റ്‌ കളി, കള്ളനും പോലീസും കളി തുടങ്ങി മറ്റൊന്നിനേയും ആശ്രയിക്കാത്ത കളികള്‍). ഈ കുട്ടികളെ സംബന്ധിച്ചിടത്തോളം ലോക്ക്ഡൗണ്‍ അവര്‍ക്ക് അധികമായി ലഭിച്ച അവധി ദിവസങ്ങള്‍ മാത്രമാണ്. വളരെയടുത്താണ് സാധനങ്ങള്‍ വില്‍ക്കുന്നവരുടെ വരവു നിലച്ചത്. വിളിച്ചു പറഞ്ഞു നടന്നുകൊണ്ട് ഞങ്ങളുടെ തെരുവില്‍ മൊരിച്ച കടല/കപ്പലണ്ടി (groundnut) വിറ്റുകൊണ്ടിരുന്നയാള്‍ മാര്‍ച്ച് 28-ന് വരവ് നിര്‍ത്തി. ഐസ്ക്രീം വിറ്റുകൊണ്ടു നടന്നിരുന്ന ആളെ മാര്‍ച്ച് 28 മുതല്‍ കാണുന്നില്ല. പച്ചക്കറി കച്ചവടക്കാരന്‍ കച്ചവടം തുടരുന്നു.

ഞങ്ങളുടെ അയല്‍വാസികളെ സംബന്ധിച്ചിടത്തോളം എല്ലാവര്‍ക്കും ദിവസം മുഴുവനും ഒരേ സമയത്തു തന്നെ താമസിക്കാന്‍ ബുദ്ധിമുട്ടായ ഇടുങ്ങിയ വീട്ടില്‍ അവശ്യ സാധനങ്ങള്‍ സൂക്ഷിക്കുന്നതും ‘സാമൂഹ്യ അകലം പാലിക്കുന്നതും’ ഏതാണ്ട് അസാദ്ധ്യമാണ്. തറയില്‍ സൂക്ഷിച്ചിരിക്കുന്ന പെട്ടികളിലിരുന്ന് മുതിര്‍ന്നവര്‍ പകിട (dice) ഉപയോഗിച്ച് അവര്‍ക്ക് ഇഷ്ടപ്പെട്ട ‘ആടും പുലിയും’ കളിക്കുന്നു.

PHOTO • Rahul M.

മാര്‍ച്ച് 18 മുതല്‍ 19 വരെയുള്ള തീയതികളില്‍ അനന്തപൂരിന്‍റെ ചുറ്റുപാടുകളില്‍ നിന്നും എടുത്ത ഫോട്ടോകള്‍. കോവിഡ് അനന്തപൂരിനെ ബാധിക്കില്ലെന്നായിരുന്നു അവിടെയുള്ളവര്‍ ധരിച്ചിരുന്നത്. പക്ഷെ മഹാമാരിയുടെ അലയൊലികള്‍ നേരത്തെതന്നെ അനുഭവപ്പെട്ടു തുടങ്ങി.

അതിലുപരിയായി മഹാമാരിയെ അടിയന്തിരമായി ചെറുക്കേണ്ടതിന്‍റെ ആവശ്യകത രാഷ്ട്രീയ ആശയക്കുഴപ്പം നിമിത്തം സംസ്ഥാനത്തിന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ഒരുപക്ഷെ ലോക്ക്ഡൗണിനു മുന്‍പുള്ള ആഴ്ചകളിലെ ജനങ്ങളുടെ അലസ സമാനമായ മനോഭാവത്തെ ഇത് സ്വാധീനിച്ചിട്ടുണ്ടായിരിക്കാം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തിരഞ്ഞെടുപ്പു കമ്മീഷനോടു പൊരുതുക്കൊണ്ടിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് യഥാര്‍ത്ഥത്തില്‍ മാര്‍ച്ച് 31-ന് നടക്കേണ്ടതായിരുന്നു. പക്ഷെ കൊറോണ വൈറസ് കാരണം തിരഞ്ഞെടുപ്പു കമ്മീഷന്‍ തിരഞ്ഞെടുപ്പു നീട്ടി വയ്ക്കുകയായിരുന്നു. റ്റി.ഡി.പി.യും വൈ.എസ്.ആര്‍.സി.പി.യും തമ്മിലുള്ള പോരാട്ടമായിട്ടാണ് ഈ തിരഞ്ഞെടുപ്പു നാടകത്തെ തെലുങ്ക് വാര്‍ത്താ മാദ്ധ്യമങ്ങള്‍ അവതരിപ്പിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണം അവസാനം വരെ തുടര്‍ന്നു. നിരവധി ആളുകള്‍ക്കും വിവരങ്ങുടെ വിശ്വസനീയമായ സ്രോതസ്സ് മാദ്ധ്യമങ്ങള്‍ ആയതുകൊണ്ട് വിദഗ്ദാഭിപ്രായങ്ങള്‍ കുറവായിരുന്നു. മാദ്ധ്യമങ്ങള്‍ അവ ഉയര്‍ത്തി കാട്ടിയതുമില്ല.

കോവിഡ് അനന്തപൂരിനെ ബാധിക്കില്ലെന്നായിരുന്നു അവിടെയുള്ളവര്‍ ധരിച്ചിരുന്നത്. പക്ഷെ മഹാമാരിയുടെ അലയൊലികള്‍ നേരത്തെതന്നെ അനുഭവപ്പെട്ടു തുടങ്ങി. മാര്‍ച്ച് 13-ന് വീട്ടിലെ ഡിഷ്‌ ഉപയോഗിച്ച് ചില ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ എനിക്കു സാധിച്ചില്ല. എന്തുകൊണ്ടെന്നാല്‍ കേബിള്‍ ടെക്നീഷ്യന്‍ ആയ പി. സുബ്ബയ്യ എന്ന കര്‍ഷകന്‍ അദ്ദേഹത്തിന്‍റെ ഗ്രാമമായ  ബി. പപ്പൂരുവില്‍ വാഴയുടെ വിളവെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളില്‍ പെട്ടുപോയി. വിളകള്‍ വിലക്കെടുക്കുന്നവര്‍ സാധാരണയായി അവ വാങ്ങാന്‍ താമസിക്കാറുണ്ട്‌. ഇതിനു കാരണം അവര്‍ക്കു സാധനം വില കുറച്ച് എടുക്കാന്‍ പറ്റും എന്നതാണ്. “വിലക്കെടുക്കുന്നവരുടെ കൂട്ടായ്മ ഈ സമയത്തും അതിനു ശ്രമിച്ചു. പക്ഷെ ഈ അത്യാപത്ത് കാരണം ഇപ്പോള്‍ ആരും വാങ്ങാനില്ല”, അദ്ദേഹം പറഞ്ഞു. പിന്നീട് അനന്തപൂരില്‍ തിരിച്ചെത്തിയ അദ്ദേഹം എന്നോടു പറഞ്ഞു: “ഞാനിത്തവണ വാഴക്കുലകള്‍ നാട്ടില്‍ വിട്ടിട്ടാണ്‌ പോന്നത്. അവ വെയിലത്ത് കരിഞ്ഞു പോകും. എനിക്ക് ഏകദേശം 15 ലക്ഷം രൂപ നഷ്ടപ്പെട്ടു.”

ഏപ്രില്‍ 1-ന് ഒരൊറ്റ ദിവസം കൊണ്ടുതന്നെ 67 കേസുകള്‍ ഉണ്ടായതിനാല്‍ ആന്ധ്രാപ്രദേശിലെ അവസ്ഥകള്‍ മാറിക്കൊണ്ടിരിക്കുന്നു. കോവിഡിന്‍റെ എണ്ണത്തില്‍ താഴെക്കിടന്നിരുന്ന  ഒരു സംസ്ഥാനം ഇപ്പോള്‍ ആകെ 132 എണ്ണത്തോടെ 5-ാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നു. എന്നിരിക്കിലും മഹാമാരിയെ അടിയന്തിരമായി ചെറുക്കേണ്ടതിന്‍റെ പ്രാധാന്യം ജില്ലയില്‍ മനസ്സിലായി തുടങ്ങിയിട്ടില്ല. ഉദാരമനസ്കരായ വ്യക്തികളും സംഘങ്ങളും വിവിധ മണ്ഡലങ്ങളില്‍ ഭക്ഷണവും അരിയും പച്ചക്കറികളും മുഖാവരണങ്ങളും വിതരണം ചെയ്യുന്നതിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രാദേശിക അനന്താ ചാനലില്‍ വന്നിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ആവശ്യം വേണ്ട ഈ സാധനങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവര്‍ തന്നെ മുഖാവരണങ്ങളോ കൈയുറകളോ ധരിച്ചു കാണുന്നില്ല.

ഏപ്രില്‍ 5-ാം തീയതിയിലെ രാത്രി 9 മണിക്കു വേണ്ടി കാത്തുനില്‍ക്കുക.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Rahul M.

ராகுல் M. ஆந்திரப் பிரதேசம் அனந்தபூரிலிருந்து இயங்கும் சுதந்திர ஊடகவியலாளர்.

Other stories by Rahul M.
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.