തക്കാളികള്‍ മുഴുവന്‍ നിങ്ങള്‍ക്ക് സൗജന്യമായി ഭക്ഷിക്കാം. നിങ്ങളൊരു പശുവാണെങ്കില്‍ ഈ സീസണില്‍ അത് സാധിക്കും. ആടാണെങ്കില്‍ മറ്റു സീസണുകളിലാവാം ഇതിന്‍റെ പ്രയോജനം.

അനന്തപൂര്‍ തക്കാളി ചന്തയ്ക്കടുത്തുള്ള ഈ നിലം ഈ ഫലത്തിന്‍റെ അഥവാ പച്ചക്കറിയുടെ വിലകുറയുമ്പോള്‍ അവ ഉപേക്ഷിക്കാനുള്ള സ്ഥലമായി മാറുന്നു. (എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നത് പോഷകാഹാര വിദഗ്ദര്‍ പച്ചക്കറിയായി കാണുന്ന ഒരു ഫലമാണ് തക്കാളിയെന്നാണ്). അടുത്തുള്ള ഗ്രാമങ്ങളില്‍നിന്നും ഉത്പന്നങ്ങള്‍ കൊണ്ടുവരുന്ന കര്‍ഷകര്‍ വില്‍ക്കാനാവാതെവരുന്ന തക്കാളികള്‍ സാധാരണയായി ഇവിടെ എറിഞ്ഞുകളയുന്നു. ഈ സ്ഥലത്ത് പലപ്പോഴും ആടുകള്‍ കൂട്ടമായെത്തുന്നു. “പക്ഷെ മഴക്കാലത്ത് ആടുകള്‍ തക്കാളി ഭക്ഷിച്ചാല്‍ അവയ്ക്ക് പകര്‍ച്ചപ്പനി പിടിക്കും”, പി. കാദിരപ്പ പറഞ്ഞു. ഈ നഗരത്തില്‍നിന്നും കഷ്ടിച്ച് അഞ്ച് കിലോമീറ്റര്‍മാറി, അനന്തപൂര്‍ ജില്ലയില്‍ത്തന്നെയുള്ള ബുക്കരായസമുദ്രം എന്ന ഗ്രാമത്തില്‍നിന്നും ഇവിടേക്ക് ആടുകളെ കൊണ്ടുവരുന്ന ആട്ടിടയനാണ് അദ്ദേഹം.

പശുക്കള്‍ക്കുള്ളതിനേക്കാള്‍ ലോലമായ ശരീരഘടന ആടുകള്‍ക്കുണ്ടാകാമെന്നുള്ളത് പുതിയ അറിവായിരുന്നു – പകര്‍ച്ചപ്പനി പിടിക്കാമെന്നുള്ളതും. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അനന്തപൂരില്‍ മഴ പെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ആടുകള്‍ക്ക് അവയുടെ പ്രിയപ്പെട്ട ഫലങ്ങള്‍ നിഷേധിക്കപ്പെടുന്നു. എന്നിരിക്കിലും അവ അടുത്തുള്ള കളകളും പുല്ലുകളും ചവച്ചുകൊണ്ട്‌ ചുറ്റിപറ്റിനിന്നു. ഒരുപക്ഷെ കുറച്ചുകൂടിവലിയ എതിരാളികളുടെ ദിശയിലേക്ക്, അവ വരുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടാവാം ഇത്. ചിലപ്പോള്‍, ആയിരക്കണക്കിന് തക്കാളികള്‍ ഓരോദിവസവും കര്‍ഷകര്‍ എറിഞ്ഞുകളയുന്നു. പക്ഷെ ആട്ടിടയന്മാര്‍ തങ്ങളുടെ ആടുകള്‍ക്ക് ലഭിക്കുന്ന പ്രിയപ്പെട്ട ഭക്ഷണത്തിനായി കര്‍ഷര്‍ക്ക് സാധാരണയായി പ്രതിഫലമൊന്നും നല്‍കാറില്ല.

അനന്തപൂര്‍ ചന്തയിലെ തക്കാളിവില കിലോഗ്രാമിന് 20 മുതല്‍ 30 രൂപ വരെയായി കേറിയിറങ്ങിക്കൊണ്ടിരിക്കുന്നു. പട്ടണത്തിലെ റിലയന്‍സ് വില്‍പ്പനകേന്ദ്രത്തില്‍ അവ കുറഞ്ഞ വിലയ്ക്കു ലഭിക്കും. “ഒരിക്കല്‍ ഞങ്ങള്‍ കിലോഗ്രാമിന് വെറും 12 രൂപയ്ക്ക് അവ വിറ്റു”, വില്‍പ്പനകേന്ദ്രത്തിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു. “അവര്‍ക്ക് അവരുടെ ദാദാക്കളുണ്ട്”, [റിലയന്‍സ്] വില്‍പ്പനകേന്ദ്രത്തെക്കുറിച്ച് ഒരു പച്ചക്കറി വില്‍പ്പനക്കാരന്‍ പറഞ്ഞു. “പക്ഷെ ഞങ്ങള്‍ ചന്തയില്‍നിന്നും വാങ്ങിയശേഷം മോശമാകുന്നവ ദിനാന്ത്യത്തില്‍ സാധാരണയായി എറിഞ്ഞുകളയുന്നു.”

This field near the Anantapur tomato market yard serves as a dumping ground when prices dip
PHOTO • Rahul M.

അനന്തപൂര്‍ തക്കാളി ചന്തയ്ക്കടുത്തുള്ള ഈ നിലം തക്കാളിയുടെ വിലകുറയുമ്പോള്‍ അവ ഉപേക്ഷിക്കാനുള്ള സ്ഥലമായി മാറുന്നു

എന്നിരിക്കിലും മേല്‍പ്പറഞ്ഞത് ഉപഭോക്താക്കള്‍ വിപണിയില്‍ നിന്നും തക്കാളി വാങ്ങുന്ന വിലയാണ്. കര്‍ഷകര്‍ക്ക് വളരെമോശം വിലയാണ് ലഭിക്കുന്നത് – കിലോഗ്രാമിന് 6 മുതല്‍ പരമാവധി 20 രൂപവരെ. ഇത് ഉത്പന്നങ്ങള്‍ എത്തുന്ന സമയത്തെയും അവയുടെ തരങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഉയര്‍ന്നവില ലഭിക്കുന്നത് വളരെ അപൂര്‍വ്വമായാണ്‌. ഒന്നോ രണ്ടോ ദിവസത്തിലധികം അത് നീണ്ടു നില്‍ക്കുകയുമില്ല. കച്ചവടക്കാര്‍ക്കുണ്ടാകുന്ന നഷ്ടം കര്‍ഷകരില്‍നിന്നും അവര്‍ എത്രമാത്രം അടുത്താണ് അല്ലെങ്കില്‍ അകലെയാണ് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും വലിയ നഷ്ടം തീര്‍ച്ചയായും കര്‍ഷകര്‍ക്കുതന്നെ. പ്രദേശത്തുനിന്നും തക്കാളികള്‍ എടുക്കുന്ന കോര്‍പ്പറേറ്റ് കണ്ണികള്‍ക്കാണ്‌ ഏറ്റവും കുറവ് നഷ്ടം.

ഒരിക്കല്‍ ഒരു കച്ചവടക്കാരന്‍ ഒരു ട്രക്ക് നിറയെ തക്കാളി - വില കുറഞ്ഞുനിന്ന സമയത്ത് - 600 രൂപയ്ക്കു വാങ്ങുകയും ചന്തയ്ക്കടുത്തുതന്നെ വില്‍ക്കുകയും ചെയ്തു. “10 രൂപകൊണ്ടുവന്ന് കഴിയുന്നത്ര സാധനങ്ങള്‍ നിങ്ങള്‍ കൊണ്ടുപോകൂ” എന്നായിരുന്നു അയാളുടെ കച്ചവടക്കാരന്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ഇത് സഞ്ചി ചെറുതാണെങ്കിലുള്ള കാര്യമാണ്. നിങ്ങളുടെ സഞ്ചി വലുതാണെങ്കില്‍ 20 രൂപ നല്‍കി കഴിയുന്നത്ര സാധനങ്ങള്‍ കൊണ്ടുപോകാം. അന്നയാള്‍ നന്നായി കച്ചവടം ചെയ്തുവെന്ന് ഞാന്‍ വിചാരിക്കുന്നു.

ഞാന്‍ ഈ ഫോട്ടൊ എടുത്തദിവസം അനന്തപൂരിലുടനീളമുള്ള കച്ചവടക്കാര്‍ കിലോഗ്രാമിന് 20 മുതല്‍ 25 വരെ രൂപയ്ക്കാണ് തക്കാളി വിറ്റത്. റിലയന്‍സ് വില്‍പ്പനകേന്ദ്രം വില 19 രൂപയായി നിജപ്പെടുത്തി. ഇവിടെയുള്ള കടകളിലെ അലമാരകളില്‍ നെസ്ലെ, ഹിന്ദുസ്ഥാന്‍ ലിവര്‍ എന്നീ ബഹുരാഷ്ട്ര ബ്രാന്‍ഡുകളുടെ തക്കാളി സോസുകള്‍ സൂക്ഷിച്ചിരിക്കുന്നു. അനന്തപൂരില്‍ തക്കാളി ഉത്പന്നങ്ങള്‍ വില്‍ക്കുന്നവരില്‍ ഏറ്റവും ലാഭം കൊയ്യുന്നത് അവരായിരിക്കണം. ഈ സോസുകള്‍ പ്രത്യേക സാമ്പത്തിക മേഖലകളില്‍ (അവയ്ക്ക് നല്ല സര്‍ക്കാര്‍ പിന്തുണയുണ്ട്) ഉണ്ടാക്കിയതായിരിക്കാനാണ് സാദ്ധ്യത.

തക്കാളികര്‍ഷകരെ പിന്തുണയ്ക്കുമെന്നു പറയാന്‍ എളുപ്പമാണ്, പക്ഷെ അങ്ങനെ ചെയ്യുക എളുപ്പമല്ല. വിലകുറയുന്ന സമയത്ത് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കുമെന്നതിനാല്‍ ഒരുപക്ഷെ പശുക്കള്‍ ആനന്ദിക്കാം.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Rahul M.

ராகுல் M. ஆந்திரப் பிரதேசம் அனந்தபூரிலிருந்து இயங்கும் சுதந்திர ஊடகவியலாளர்.

Other stories by Rahul M.
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.