“ഞങ്ങളെപ്പോലെയുള്ള പ്രായമായവർക്ക് ആര് പെൻഷൻ തരും? ആരും തരില്ല,’ തിരഞ്ഞെടുപ്പ് റാലിക്കിടയിൽ, ഒരു കസേരയിലിരുന്നുകൊണ്ട് പ്രായമായൊരാൾ ഉറക്കെ പരാതിപ്പെടുന്നു. സ്ഥാനാർത്ഥിയുടെ മറുപടി, “വല്യച്ഛാ, നിങ്ങൾക്ക് കിട്ടും. വല്യമ്മയ്ക്ക് മാസത്തിൽ 6,000 രൂപയും കിട്ടും.” പ്രസംഗം അവസാനിച്ചപ്പോൾ പ്രായമായൊരാൾ സ്ഥാനാർത്ഥിയെ അനുഗ്രഹിച്ചുകൊണ്ട് തന്റെ തലപ്പാവെടുത്ത് അയാളുടെ തലയിൽ വെച്ചു. വടക്കൻ സംസ്ഥാനങ്ങളിൽ, ആദരവിന്റെ ഒരു സൂചനയാണ് തലപ്പാവണിയിക്കൽ.
2024-ലെ പൊതുതിരഞ്ഞെടുപ്പിൽ, തന്റെ മണ്ഡലമായ റോത്തക്കിൽ പ്രചാരണത്തിനെത്തിയ സ്ഥാനാർത്ഥി ദീപേന്ദർ ഹുദയെ ആളുകൾ ശ്രദ്ധയോടെ കേട്ടിരുന്നു. ചിലർ ചോദ്യങ്ങൾ ചോദിച്ച് തങ്ങളുടെ മനസ്സ് പങ്കുവെക്കുകയും ചെയ്തിരുന്നു.
(അപ്ഡേറ്റ്: പൊതുതിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം 2024 ജൂണിൽ വന്നപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദീപേന്ദ്ര ഹുദ 7,83,578 വോട്ടിന് ജയിച്ചിരുന്നു)
*****
“കർഷകരുടെ സ്ഥലം കൈയ്യടക്കിവെച്ച്, അതിനെ പരിഷ്കാരമെന്ന് വിളിക്കുന്ന പാർട്ടിക്ക് എന്തിന് വോട്ട് ചെയ്യണം?” മേയ് 25-ലെ വോട്ടിംഗിനും കുറേ മുമ്പ്, മേയ് ആദ്യം പാരിയോട് കൃഷൻ ചോദിച്ച ചോദ്യമാണ്. റോത്തക്ക് ജില്ലയിലെ കാലാനൌർ ബ്ലോക്കിലെ നിഗാന എന്ന ഗ്രാമത്തിലായിരുന്നു ഞങ്ങൾ. വിളവെടുപ്പ് കാലമായിരുന്നു അപ്പോൾ. ഗോതമ്പ് വിളവെടുത്ത് കഴിഞ്ഞ്, വരാൻ പോകുന്ന നെല്ലിന്റെ വിളവുകാലത്തിനായി തയ്യാറാവുകയായിരുന്നു കൃഷിനിലങ്ങൾ. ആകാശത്ത് ഒരു മേഘംപോലും കാണാനുണ്ടായിരുന്നില്ല. റോഡിൽനിന്നുള്ള പൊടിയും, കരിയുന്ന പാടങ്ങളിൽനിന്നുള്ള പുകയും അന്തരീക്ഷത്തിൽ ഒഴുകിനടന്നിരുന്നു.
ചൂട് 42 ഡിഗ്രി സെൽഷ്യസിലെത്തി. തിരഞ്ഞെടുപ്പ് ചൂടും വർദ്ധിക്കുന്നു. നാൽപ്പതിലെത്തിയ കൃഷൻ ഒരു ഇലക്ട്രീഷ്യനായിരുന്നു. അടുത്തുള്ള ഒരു വീട്ടിലായിരുന്നു അയാൾക്ക് അപ്പോൾ ജോലി. ദിവസേന 500 രൂപ കൂലി കിട്ടും. ജോലി ഒരാഴ്ച നീണ്ടുനിൽക്കും. മറ്റ് കൂലിവേലകളും അയാൾ ചെയ്യാറുണ്ട്. കൂട്ടത്തിൽ ഒരു ചെറിയ കടയും നടത്തുന്നു. റോത്തക്ക് ജില്ലയുടെ ഈ ഭാഗത്ത് മിക്ക ആളുകളും ഉപജീവനത്തിനായി കൃഷിപ്പണിയും, നിർമ്മാണസൈറ്റുകളിലെ ജോലിയും, എം.ജി.എൻ.ആർ.ഇ.ജി.എ.യും (മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ടും) ചെയ്തുവരുന്നു.
അയാളുടെ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഞങ്ങൾ ഒരു കവലയിലെത്തി. “കർഷകരും തൊഴിലാളികളും ഒരു ദുർഘടസന്ധിയിലാണിന്ന്. നാല് ഭാഗത്തുനിന്നും, സാമ-ദാന-ഭേദ-ദണ്ഡ മാണ് കിട്ടുന്നത്. ബി.സി. 3-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചാണക്യൻ എന്ന കൌടില്യൻ വിവരിച്ച നാല് വ്യത്യസ്ത ഭരണരീതികളാണവ.
എന്നാൽ കൃഷന്റെ പരാമർശം ആധുനികകാലത്തെ ചാണക്യനെക്കുറിച്ചുള്ളതാണ്!
“ദില്ലി അതിർത്തിയിൽ 700-ലധികം കർഷകർ മരിച്ചതിന്റെ ഉത്തരവാദിത്തം ഭരണകക്ഷി (ബി.ജെ.പി) ഏറ്റെടുത്തിട്ടില്ല,” 2020-ലെ ചരിത്രപ്രസിദ്ധമായ കർഷകപ്രക്ഷോഭത്തെ പരാമർശിച്ചുകൊണ്ട് അയാൾ പറയുന്നു.
“ഓർമ്മയില്ലേ, എങ്ങിനെയാണ് തേനി (ബി.ജെ.പി. നേതാവിന്റെ മകൻ) ലഖിംപുർ ഖേരിയിൽവെച്ച് കർഷകരുടെ ദേഹത്ത് വണ്ടി കയറ്റി അവരെ കൊന്നതെന്ന്? കൊല്ലുന്ന കാര്യത്തിൽ അവറ്റകൾക്ക് ഒരു പിശുക്കുമിലല്ല.” 2021-ലെ ഉത്തർ പ്രദേശ് സംഭവം ഇപ്പൊഴും അവരുടെ മനസ്സുകളിൽ മായാതെ കിടക്കുന്നു.
ലൈംഗിക അതിക്രമങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പാർട്ടി സമാജികനും, ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ബി.ജെ.പി. നടപടിയെടുക്കാത്തത് കൃഷനെപ്പോലെയുള്ളവർക്ക് ദഹിച്ചിട്ടില്ല. “സാക്ഷി മാലിക്കും നിരവധി ഗുസ്തി താരങ്ങളും കഴിഞ്ഞ വർഷം മാസങ്ങളോളം പ്രതിഷേധിച്ചു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയടക്കം നിരവധിപേരെ ലൈംഗികമായി ഉപദ്രവിച്ചു എന്ന ആരോപണത്തിൽ അയാളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു അവരാവശ്യപ്പെട്ടത്,” കൃഷൻ തുടർന്നു.
സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് 2014- ബി.ജെ.പി. വാഗ്ദാനം നൽകിയിരുന്നു. “എന്തു പറ്റി ആ വാഗ്ദാനങ്ങൾക്ക്. സ്വിറ്റ്സർലാൻഡിൽനിന്ന് കള്ളപ്പണം കൊണ്ടുവരുമെന്നും എല്ലാവരുടെ അക്കൌണ്ടിലും 15 ലക്ഷം ഇടുമെന്നും വാഗ്ദാനം ചെയ്തവരാണവർ. എന്നിട്ട് ഞങ്ങൾക്ക് കിട്ടിയതോ? വിശപ്പും റേഷനും മാത്രം.”
അദ്ദേഹത്തിന്റെ വീട്ടിൽ, സഹോദരഭാര്യ ബബ്ലി രാവിലത്തേക്കുള്ള ഭക്ഷണം ചൂളയിൽ തയ്യാറാക്കിയിട്ട് അധികനേരമായിരുന്നില്ല. ആറുവർഷം മുമ്പ്, കരൾരോഗം വന്ന് അവരുടെ ഭർത്താവ് മരിച്ചുപോയി. അതിൽപ്പിന്നെ, 42 വയസ്സുള്ള അവർ എം.ജി.എൻ.ആർ.ഇ.ജി.എ സൈറ്റുകളിൽ പണിക്ക് പോയിത്തുടങ്ങി
“മുഴുവൻ മാസമൊന്നും ജോലിയുണ്ടാകാറില്ല. ഉണ്ടെങ്കിൽത്തന്നെ, സമയത്തിന് ശമ്പളവും കിട്ടാറില്ല. ഇനി കിട്ടിയാലും, വീട്ടുചിലവ് നടത്താനൊന്നും അത് തികയാറില്ല,” അവർ പറയുന്നു. 2024 മാർച്ചിൽ ഏഴ് ദിവസമാണ് അവർക്ക് ജോലി ലഭിച്ചത്. എന്നാൽ, കൂലിയായ 2,2345 ഇതുവരെ കൈയ്യിൽ വന്നിട്ടില്ല.
കഴിഞ്ഞ നാലുവർഷത്തിനിടയിൽ, എം.ജി.എൻ.ആർ.ഇ.ജി.എ.ക്ക് കീഴിലുള്ള തൊഴിലിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 2020-2021-ൽ സംസ്ഥാനത്ത്, 14,000-ലധികം കുടുംബങ്ങൾക്ക്, പദ്ധതി നിയമപ്രകാരമുള്ള 100 ദിവസത്തെ ജോലി ലഭിച്ചിരുന്നു. എന്നാൽ 2023-24-ൽ അത്തരം കുടുംബങ്ങളുടെ എണ്ണം 3,447 ആയി കുറഞ്ഞു. റോത്തക്ക് ജില്ലയുടെ കാര്യംകെടുത്താൽക് 2021-22-ൽ 1,030 കുടുംബങ്ങൾക്ക് 100 ദിവസത്തെ ജോലി കിട്ടിയിരുന്നത് 2023-ൽ 479 കുടുംബങ്ങൾക്കായി കുറഞ്ഞു.
“പത്തുകൊല്ലം മുമ്പും ജീവിതം എളുപ്പമുള്ളതായിരുന്നില്ല. എന്നാലും ഇത്ര ബുദ്ധിമുട്ടുണ്ടായിരുന്നില്ല അന്ന്“, ബബ്ലി പറയുന്നു.
നിഗാനയിൽനിന്ന് വെറും ആറ് കിലോമീറ്റർ അകലെ, കഹ്നാവറിലാണ് കേശു പ്രജാപതിയുടെ സ്ഥലം. വിലവർദ്ധനവ് ഈ തിരഞ്ഞെടുപ്പിൽ നിർണ്ണായകമായ ഒരു വിഷയമാണെന്ന് അവർ പറയുന്നു. 44 വയസ്സുള്ള കേശു വീടുകളിലും കെട്ടിടങ്ങളിലും തറയോടുകൾ സ്ഥാപിക്കുന്ന പണിയാണ് ചെയ്യുന്നത്. ഉപ്പ്, പഞ്ചസാര തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലയിലുണ്ടായ വർദ്ധനവ് സൂചിപ്പിച്ചുകൊണ്ടാന് അയാൾ വിലക്കയറ്റത്തെ അളക്കുന്നത്. പത്തുവർഷം മുമ്പ് പാലിന്റെ വില ലിറ്ററിന് 30 രൂപയും ഒരു കിലോഗ്രാം ഉപ്പിന് 16 രൂപയുമായിരുന്നെങ്കിൽ ഇന്നത്, യഥാക്രമം 35 രൂപയും 27 രൂപയുമാണെന്ന് ദിവസവേതനക്കാരനും, റോത്തക്കിലെ തൊഴിലാളി സംഘടനയായ ഭവൻ നിർമാൺ കാരിഗർ മസ്ദൂർ യൂണിയനിലെ അംഗവുമായ കേശു ചൂണ്ടിക്കാണിക്കുന്നു
“റേഷൻ ഞങ്ങളുടെ അവകാശമായിരുന്നു. ഇന്ന് നമുക്ക് തോന്നുന്നത്, അത് സർക്കാരിന്റെ എന്തോ ഒരു സൌജന്യമാണെന്നും അതിനുവേണ്ടി നമ്മൾ അവരെ കുമ്പിടണമെന്നുമാണ്”. ഇന്ന്, ഒരു മഞ്ഞ (റേഷൻ) കാർഡുകാരന് അഞ്ച് കിലോ ഗോതമ്പും ഒരു കിലോ പഞ്ചസാരയും പാചക എണ്ണയും ലഭിക്കുന്നു. ഒരു പിങ്ക് കാർഡുകാരനാകട്ടെ, 35 കിലോ ഗോതമ്പ് ഒരു മാസം ലഭിക്കും. “മുമ്പ്, സർക്കാർ മണ്ണെണ്ണ റേഷനായി കൊടുത്തിരുന്നു. അത് ഇപ്പോൾ ഇല്ല. എൽ.പി.ജി. (ദ്രവീകൃത പെട്രോളിയം ഗ്യാസ്) സിലിണ്ടറുകൾ നിറയ്ക്കാനും ചിലവ് കൂടുതലാന്. “കടലയും ഉപ്പും പണ്ട് കിട്ടിയിരുന്നു”വെങ്കിലും ഇപ്പോൾ കിട്ടുന്നില്ല എന്ന് അയാൾ സൂചിപ്പിച്ചു.
“ഒന്നുമില്ലെങ്കിൽ, സർക്കാരിന്റെ ഉപ്പ് തിന്നിട്ടില്ലെന്നെങ്കിലും (സർക്കാരിനോട് വിധേയത്വം കാട്ടേണ്ടതില്ലെന്നാണ് വ്യംഗ്യാർത്ഥം) ഞങ്ങൾക്ക് ധൈര്യമായി പറയാം,” ഉപ്പില്ലാത്തതിനെക്കുറിച്ച് അയാൾ സൂചിപ്പിക്കുന്നു.
കഹ്നാവർ സർക്കാർ സ്കൂളിൽ ഭക്ഷണം പാചകം ചെയ്യുന്ന രാംരാതിയെപ്പോലുള്ളവർക്ക് ബി.ജെ.പി. ഭരിക്കുന്ന ഹരിയാനയിലെ ‘ഡബിൾ എൻജിൻ’ സർക്കാരിനെക്കൊണ്ട് (കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ സർക്കാർ ഭരിക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു പ്രയോഗം) ഒരു പ്രയോജനവും കിട്ടുന്നില്ല. സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകക്കാരിയാണ് അവർ. “ഒരു മിനുറ്റുപോലും തീയിന്റെ മുമ്പിൽ നിൽക്കാൻ പറ്റാത്ത ഈ ചൂടുള്ള കാലാവസ്ഥയിൽ ഞാൻ മാസത്തിൽ 6,000 റൊട്ടിയാണ് ചുടുന്നത്”, അവർ പറയുന്നു. മാസത്തിൽ അതിന് അവർക്ക് കിട്ടുന്നത് 7,000 രൂപ കൂലിയും. കിട്ടുന്ന കൂലി, ചെയ്യുന്ന ജോലിയുടെ പകുതിക്ക് മാത്രമേ തികയുന്നുള്ളൂ എന്ന് പറയുന്നു അവർ. ഇതിന് പുറമേയാണ് വീട്ടിലെ ജോലികൾ. വിലക്കയറ്റം മൂലം ആറ് അംഗങ്ങളുള്ള കുടുംബത്തെ പോറ്റാൻ ബുദ്ധിമുട്ടുകയാണവർ. “സൂര്യനേക്കാളും കൂടുതൽ നേരം ഞാൻ ജോലി ചെയ്യുന്നുണ്ട്,” അവർ സൂചിപ്പിക്കുന്നു.
“ഞാൻ രാമക്ഷേത്രത്തിന് വോട്ട് ചെയ്യില്ല. കശ്മീരിലെ കാര്യവുമായും എനിക്ക് ഒരു ബന്ധവുമില്ല,” ഹരീഷ് കുമാർ പറയുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രവും, (ജമ്മു-കശ്മീരിലെ) 370-ആം വകുപ്പ് എടുത്തുകളഞ്ഞതുമാണ് ബി.ജെ.പി. അവകാശപ്പെടുന്ന രണ്ട് നേട്ടങ്ങൾ. അവയൊന്നും ഈ ദിവസക്കൂലിക്കാരെ ഒരുവിധത്തിലും ബാധിക്കുന്നില്ല.
കഹ്നാവറിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള മക്രൌലി കലാനിലുള്ള റോഡ് നിർമ്മാണ സൈറ്റിലാണ് ഹരീഷ് ജോലി ചെയ്യുന്നത്. കൊടുംചൂടിൽ ഹരീഷടക്കം ആണുങ്ങളും പെണ്ണുങ്ങളുമടങ്ങുന്ന ഒരു സംഘം ജോലിയെടുക്കുമ്പോൾ വലിയ വണ്ടികൾ അതിലൂടെ പോവുന്നുണ്ടായിരുന്നു. സ്ത്രീകൾ കോൺക്രീറ്റ് കട്ടകൾ ചുമന്ന് പരസ്പരം കൈമാറുന്നുണ്ടായിരുന്നു. ആണുങ്ങൾ ചേർന്ന് റോഡുപണിയിലേർപ്പെട്ടിരിക്കുന്നു.
കലനൌർ തെഹ്സിലിലെ സമ്പാൽ ഗ്രാമവാസിയാണ് ഹരീഷ്. 500 രൂപയാണ് ദിവസക്കൂലിയായി ഈ പണിക്ക് അയാൾക്ക് കിട്ടുന്നത്. “വിലക്കയറ്റത്തിനനുസരിച്ചുള്ള കൂലിയൊന്നും കിട്ടുന്നില്ല. മറ്റ് നിവൃത്തിയില്ലാതെയാണ് സ്വന്തം അദ്ധ്വാനം മാത്രം വിറ്റ് ആളുകൾ ജീവിക്കുന്നത്.”
ഉച്ചയൂണ് വേഗം തീർത്ത്, കോൺക്രീറ്റ് ചേർക്കുന്ന പണി ചെയ്യാൻ അയാൾ തിടുക്കപ്പെട്ട് പോയി. ഇന്ത്യയിലെ തന്റെ മറ്റ് സഹപ്രവർത്തകരെപ്പോലെ, അയാൾക്കും ഈ കൊടുംചൂടിൽ ജോലി ചെയ്താൽ കിട്ടുന്നത് തുച്ഛമായ കൂലിയാണ്. “ജോലി ചെയ്യാനെത്തിയ ആദ്യത്തെ ദിവസം ഞാൻ കരുതി, പൈസ സമ്പാദിച്ചാൽ ആളുകൾ ബഹുമാനിക്കാൻ തുടങ്ങുമെന്ന്. ഞാനിന്നും കാത്തിരിക്കുന്നത്, ആ പറഞ്ഞ സാധനം കുറച്ചെങ്കിലും കിട്ടാനാണ്,” അയാൾ നെടുവീർപ്പിട്ടു.
“ഉയർന്ന കൂലി മാത്രമല്ല ഞങ്ങളുടെ ആവശ്യം. തുല്യതയും ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
ഒരു നൂറ്റാണ്ട് മുമ്പ്, ഹരിയാനയിലെ ഈ കലനൌർ തെഹ്സിൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു നാഴികക്കല്ലിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയും മൌലാനാ അബ്ദുൾ കലാം ആസാദും ഇവിടെ ഒരു പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു. 1920 നവംബർ 8-ന്, റോത്തക്കിൽവെച്ച് നടന്ന ഒരു സമ്മേളനത്തിലാണ്, നിസ്സഹകരണ പ്രസ്ഥാനം പ്രോത്സാഹിപ്പിക്കാനുള്ള പ്രമേയം പാസ്സാക്കിയത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നാഴികക്കല്ലായിരുന്നു ആ പ്രസ്ഥാനം.
2024-ൽ വീണ്ടും റോത്തക്ക് ഒരു ദശാസന്ധിയെ നേരിടുകയാണ്. രാജ്യത്ത്ന്റെ ജനാധിപത്യത്തിനും സ്വന്തം നിലനിൽപ്പിനുമായി വോട്ട് ചെയ്യാൻ ജനങ്ങൾ വീണ്ടും ഇവിടെ കാത്തിരിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്