മേയ് മാസത്തിലെ ചുട്ടുപൊള്ളുന്ന ഒരു ഉച്ചനേരം. പക്ഷെ മോഹയിലെ ഹസ്രത്ത് സയ്യദ് ആൽവി (റഹ്മത്തുള്ള അലയ്യ) ദർഗ്ഗ (മന്ദിരം) ജനങ്ങൾ തിങ്ങിനിറഞ്ഞിരിക്കുകയാണ്. നാല്പത് കുടുംബങ്ങൾ, കൂടുതലും ഹിന്ദുക്കൾ, കന്ദൂരി എന്നറിയപ്പെടുന്ന അവരുടെ വാർഷിക ആരാധനാ ചടങ്ങിന്റെയും വിരുന്നിന്റെയും തിരക്കിലാണ്. അതിൽ ഡോബ്ലെ കുടുംബത്തിന്റെ അതിഥികളായാണ് ഞാനും എന്റെ കുടുംബവും ഒസ്മാനാബാദ് ജില്ലയിലെ കളംബ് ബ്ളോക്കിലുള്ള, 200 വർഷം പഴക്കമുള്ള ഈ ദർഗയിൽ എത്തിയിരിക്കുന്നത്.
കർഷക കുടുംബങ്ങൾക്ക് അല്പം ഒഴിവുസമയം ലഭിക്കുന്ന വേനൽക്കാല മാസങ്ങളിൽ, മറാത്ത് വാഡ പ്രദേശത്തെ ഒസ്മാനാബാദ്, ലാത്തൂർ, ബീഡ്, ജാൽന, ഔറംഗബാദ്, പർഭാനി, നാന്ദേഡ്, ഹിങ്കോലി എന്നീ ജില്ലകളിലുള്ള പീറുകളുടെ (വിശുദ്ധർ) ദർഗകളിൽ ജനത്തിരക്കേറുന്നത് പതിവാണ്. വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് കുടുംബങ്ങൾ കൂട്ടമായെത്തുക. അവർ ഒരു മുട്ടനാടിനെ ബലി കൊടുത്ത്, അതിന്റെ മാംസം പാകം ചെയ്ത് നിവദ്യമർപ്പിക്കുകയും വിശുദ്ധരിൽനിന്ന് അനുഗ്രഹം തേടിയതിനുശേഷം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും മറ്റുള്ളവരെ ഊട്ടുകയും ചെയ്യും.
"ഞങ്ങൾ തലമുറകളായി ചെയ്തുവരുന്നതാണ് ഇത് (കന്ദൂരി)," ഒസ്മാനാബാദിലെ യേഡ്ഷിയിൽനിന്നുള്ള ഞങ്ങളുടെ ബന്ധു, 60 വയസ്സുകാരിയായ ഭാഗീരഥി കദം പറയുന്നു. മറാത്ത്വാഡ പ്രദേശം 600-ലേറെ വർഷം (ഹൈദരാബാദിലെ നിസാം ഭരിച്ചിരുന്ന 224 വർഷം ഉൾപ്പെടെ) ഇസ്ലാമികഭരണത്തിന് കീഴിലായിരുന്നു. അതുകൊണ്ടുതന്നെ, ഇസ്ലാമിക ആരാധനാലയങ്ങളിലുള്ള വിശ്വാസവും പ്രാർത്ഥനയും ഇവിടത്തുകാരുടെ നിഷ്ഠയുടെയും ആചാരങ്ങളുടെയും ഭാഗമാണ്. മതസൗഹാർദ്ദത്തിൽ ഊന്നിയ ഒരു ജീവിതക്രമത്തിന്റെ പ്രതിഫലനമാണത്.
"ഞങ്ങൾ ഗഡ് ദേവ്ധരിയിലാണ് പ്രാർത്ഥിക്കുന്നത്. താവ്രസ് ഖേഡയിൽനിന്നുള്ളവർ ഇവിടെ മോഹയിലും നിങ്ങളുടെ ഗ്രാമത്തിൽനിന്നുള്ളവർ (ലാത്തൂർ ജില്ലയിലെ ബോർഗാവ് ബുദ്രുക്) ഷേരയിലുമാണ് പോകേണ്ടത്". ഓരോ ഗ്രാമത്തിനും ആരാധന നടത്താനായി ഒരു നിശ്ചിത ദർഗ തീരുമാനിക്കുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം പരാമർശിച്ച് ഭാഗാ മൗഷി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഭാഗീരഥി പറയുന്നു.
ഇവിടെ മോഹയിലുള്ള റഹ്മത്തുള്ള ദർഗയിൽ, മരച്ചുവടുകളിലും തകര മേൽക്കൂരകൾക്കും ടാർപോളിൻ ഷീറ്റുകൾക്കും താഴെയുമായി ആളുകൾ വിറകടുപ്പ് കൂട്ടി ദർഗയിലെ ചടങ്ങുകളിൽ നിവേദിക്കേണ്ട ഭക്ഷണം ഉണ്ടാക്കുകയാണ്. സ്ത്രീ-പുരുഷന്മാർ സംസാരത്തിൽ മുഴുകുമ്പോൾ കുട്ടികൾ കളിച്ചുതിമിർക്കുന്നു. ചൂടേറിയ കാലാവസ്ഥയാണെങ്കിലും പടിഞ്ഞാറൻ മാനത്ത് ഉരുണ്ടുകൂടുന്ന മേഘങ്ങളും ദർഗയുടെ കവാടത്തിൽ തണൽ വീശി നിൽക്കുന്ന പുളിമരങ്ങളും അല്പം ആശ്വാസം പകരുന്നുണ്ട്. ദർഗയിലെ ജലാശയം- ബാരവ് എന്ന് വിളിക്കുന്ന, 90 അടി താഴ്ചയുള്ള, കല്ലിൽ പടുത്തുയർത്തിയ പഴയ ഒരു കിണർ- വറ്റിവരണ്ടുകിടക്കുകയാണ്. എന്നാൽ അത് "മഴക്കാലത്ത് നിറഞ്ഞുകവിയും," ഒരു ഭക്തൻ ഞങ്ങളോട് പറയുന്നു.




















