“ബഡ്ജറ്റൊക്കെ വലിയ വലിയ സംഖ്യകളെക്കുറിച്ചുള്ളതാണ്. ഞങ്ങളെപ്പോലുള്ള പൌരന്മാർക്കൊക്കെ സർക്കാർ പൂജ്യത്തിന്റെ വിലയെ കൽപ്പിക്കുന്നുള്ളൂ!”
‘സർക്കാർ ബഡ്ജറ്റ്’ തുടങ്ങിയ വാക്കുകളൊക്കെ കേൾക്കുമ്പോൾ, ചന്ദൻ രത്തൻ ഹൽദാറിന് തന്റെ രോഷം മറച്ചുവെക്കാനാവുന്നില്ല. “എന്ത് ബഡ്ജറ്റ്? ആരുടെ ബഡ്ജറ്റ്? ഇതൊക്കെ വെറും തട്ടിപ്പല്ലാതെ മറ്റെന്താണ്?” കൊൽക്കൊത്തയിലെ ജാദവ്പുരിലെ 53 വയസ്സുള്ള റിക്ഷവലിക്കാരൻ ചോദിക്കുന്നു.
“ഇത്രയധികം ബഡ്ജറ്റുകളും പദ്ധതികളും വന്നിട്ടും, ഞങ്ങൾക്ക് ദീദിയിൽനിന്നോ (മുഖ്യമന്ത്രി മമതാ ബാനർജി) മോദിയിൽനിന്നോ (പ്രധാനമന്ത്രി) ഒരു വീടുപോലും കിട്ടിയിട്ടില്ല. ടാർപ്പോളിനും മുളങ്കമ്പുകളുംകൊണ്ട് കെട്ടിപ്പൊക്കിയ കൂരയിലാണ് ഞാൻ കഴിയുന്നത്. ആ മുളകൾ ഇപ്പോൾ മണ്ണിലേക്ക് ഒരടി താഴ്ന്നുപോയിട്ടുണ്ട്,” ചന്ദു ദാ പറയുന്നു. കേന്ദ്ര ബഡ്ജറ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകളും കൂടുതൽ ആഴത്തിലേക്ക് താഴ്ന്നിരിക്കുന്നു.
പശ്ചിമ ബംഗാളിലെ സുഭാഷ്ഗ്രാം പട്ടണത്തിലെ ഭൂരഹിതനായ ഈ താമസക്കാരൻ അതിരാവിലെ സിയാൽഡയിലേക്കുള്ള ലോക്കൽ ട്രെയിൻ പിടിച്ച് ജാദവ്പുരിലെത്തി, വൈകീട്ടുവരെ ജോലിയെടുത്ത് തിരിച്ച് വീട്ടിൽ പോകുന്നു. “ബഡ്ജറ്റ് വരും, പോവും, ലോക്കൽ ട്രെയിൻ പോലെ. പട്ടണത്തിലേക്ക് വരുന്നത് ബുദ്ധിമുട്ടായിരിക്കുന്നു ഞങ്ങളുടെ ഒഴിഞ്ഞ വയറ്റത്തടിക്കുന്ന ഇത്തരം ബഡ്ജറ്റുകൾകൊണ്ട് എന്ത് കാര്യം?” അയാൾ ചോദിക്കുന്നു.




