മൂന്ന് ദശാബ്ദം മുൻപ്, സഞ്ജയ് കാംബ്ലെ എന്ന യുവാവിനെ മുള കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാൻ ആർക്കും താത്പര്യമുണ്ടായിരുന്നില്ല. ഇന്നാകട്ടെ, വേരറ്റുപോകുന്ന ഈ കരവിരുത് ആളുകളിലേക്ക് പകർന്നുനൽകാൻ അദ്ദേഹം ആഗ്രഹിക്കുമ്പോഴും, അത് അഭ്യസിക്കാൻ ആരും മുന്നോട്ട് വരുന്നില്ല. 'കാലത്തിന്റെ പോക്ക് വളരെ വിചിത്രമാണ്," ആ 50 വയസ്സുകാരൻ പറയുന്നു.
തന്റെ ഒരേക്കർ കൃഷിയിടത്തിൽ വളരുന്ന മുളകളുപയോഗിച്ച് കാംബ്ലെ പ്രധാനമായും ഇർലകളാണ് നിർമ്മിക്കുന്നത്; പടിഞ്ഞാറൻ മഹാരാഷ്ട്രയിലുള്ള ഈ പ്രദേശത്തെ നെൽക്കർഷകർ ഉപയോഗിക്കുന്ന ഒരു തരം മഴക്കോട്ടാണ് ഇർല. "ഏതാണ്ട് ഇരുപത് വർഷം മുൻപുവരെ ഞങ്ങളുടെ ഷാഹുവാഡി താലൂക്കയിൽ നല്ല മഴ ലഭിച്ചിരുന്നതിനാൽ, പാടത്ത് പണിയെടുക്കുന്ന കർഷകർ എല്ലാവരും ഇർലകൾ ഉപയോഗിച്ചിരുന്നു," കെർലെ ഗ്രാമവാസിയായ കാംബ്ലെ പറയുന്നു. കാംബ്ലെയും സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോൾ ഇർല ധരിച്ചിരുന്നു. മുളകൊണ്ടുള്ള ഈ മഴക്കോട്ട് കുറഞ്ഞത് ഏഴുവർഷം ഈട് നിൽക്കുമെന്ന് മാത്രമല്ല, "അതിനുശേഷം എന്തെങ്കിലും കേട് സംഭവിച്ചാലും, അത് എളുപ്പത്തിൽ നേരെയാക്കാനാകും," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
എന്നാൽ സ്ഥിതിഗതികൾ മാറിമറിഞ്ഞിരിക്കുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ, ജൂലൈക്കും സെപ്റ്റംബറിനുമിടയിൽ കൊൽഹാപൂർ ജില്ലയിൽ ലഭിക്കുന്ന മഴ കുറഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ കാണിക്കുന്നത് - 2003-ൽ ഈ കാലയളവിൽ 1,308 മില്ലിമീറ്റർ മഴ ലഭിച്ചയിടത്ത് 2023-ൽ 973 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.
"മഴയുടെ കുറവ് മൂലം എന്റെ കല നശിച്ചുപോകുന്ന കാലം വരുമെന്ന് ആരറിഞ്ഞു?" ഇർല നിർമ്മാതാവായ സഞ്ജയ് കാംബ്ലെ ചോദിക്കുന്നു.
"ഈ പ്രദേശങ്ങളിൽ പ്രധാനമായും മഴയെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത് എന്നതുകൊണ്ടുതന്നെ ജൂൺമുതൽ സെപ്റ്റംബർവരെയുള്ള മാസങ്ങളിൽ മാത്രമാണ് ഞങ്ങൾ കൃഷിപ്പണികൾ ചെയ്യാറുള്ളത്," കാംബ്ലെ പറയുന്നു. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ മഴ പ്രവചനാതീതമായതോടെ ഗ്രാമീണരിൽ മിക്കരും മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരായിരിക്കുകയാണ്. അവിടത്തെ ഭക്ഷണശാലകളിൽ തൊഴിലാളികളായും സ്വകാര്യ ബസുകളിൽ കണ്ടക്ടർമാരായും കൽപ്പണിക്കാരായും ദിവസവേതന തൊഴിലാളികളായും തെരുവുകച്ചവടക്കാരായുമെല്ലാം അവർ ജോലി ചെയ്യുന്നു; ഇതിനുപുറമേ, ഇവിടെനിന്നുള്ളവർ മഹാരാഷ്ട്രയിലുടനീളമുള്ള കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നുമുണ്ട്.


















