“ഈ മരം, ഈ വീട്, ഈ മണ്ണിന്റെ പശിമ....ഈ സ്നേഹമൊക്കെ ഞങ്ങൾ എങ്ങോട്ട് കൊണ്ടുപോകും?
ദു:ഖിതയും രോഷാകുലയുമാണ് അപൻകുടി ഹെംബ്‌റാം. “ഇതൊക്കെ എന്റെയാണ്”, കണ്ണുകൾകൊണ്ട് ചുറ്റും നോക്കി, ആ സന്താൾ ആദിവാസി സ്ത്രീ പറഞ്ഞു. “എനിക്ക് എന്റെ സ്വന്തം സ്ഥലമുണ്ട്”, തന്റെ ഭൂമിയുടെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് ചൂണ്ടിക്കൊണ്ട് അവർ പറഞ്ഞു. തന്റെ 5-6 ബിഗ സ്ഥലം (കഷ്ടി ഒന്നരയേക്കർ) അവർ ഉപയോഗിക്കുന്നത്, നെല്ല് കൃഷിചെയ്യാനാണ്.
“ഇക്കണ്ട വർഷംകൊണ്ട് ഞാൻ നിർമ്മിച്ചതൊക്കെ തരാൻ സർക്കാരിനാവുമോ?” ദേവ്ച്ചാ പച്ചമി (ദ്യൂച്ചാ പച്ച്മി എന്നും പേരുണ്ട്) സംസ്ഥാന കൽക്കരി ഖനി പദ്ധതിയിലൂടെ ഇല്ലാതാവാൻ പോവുന്നത്, 10 ഗ്രാമങ്ങളാണ്. അപൻകുടിയുടെ ഹൊരിൻസിന്ന ഗ്രാമമടക്കം.
“എല്ലാം വിട്ടെറിഞ്ഞിട്ട് എവിടെ പോകാനാണ് ഞങ്ങൾ? ഞങ്ങൾ എങ്ങോട്ടും പോവില്ല”, അപൻകുടി ഉറപ്പിച്ച് പറയുന്നു. ഖനിക്കെതിരെയുള്ള സമരത്തിന്റെ മുമ്പിൽ നിൽക്കുന്നവരിൽ ഒരാളാണ് അവർ. പൊലീസിന്റെയും ഭരണകക്ഷിയുടേയും സംയുക്തശക്തിയെ ചെറുത്തുകൊണ്ടാണ് അവരെപ്പോലെയുള്ള സ്ത്രീകൾ യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നത്. വടി, ചൂൽ, അരിവാൾ, കൊടുവാൾ തുടങ്ങി പാടത്തും അടുക്കളയിലും ഉപയോഗിക്കുന്ന സർവ്വ ആയുധസന്നാഹങ്ങളുമായിട്ടാണ് അവർ പൊരുതുന്നത്.
ശിശിരത്തിലെ മദ്ധ്യാഹ്ന സൂര്യന്റെ വെളിച്ചത്തിൽ കുളിച്ചുനിൽക്കുകയായിരുന്നു ഹൊരിൻസിന്ന ഗ്രാമം. ഗ്രാമത്തിന്റെ കവാടത്തിൽ സ്ഥിതി ചെയ്യുന്ന അയൽക്കാരി ലൊബ്സയുടെ വീടിന്റെ മുറ്റത്തുനിന്ന് ഞങ്ങളോട് സംസാരിക്കുകയായിരുന്നു അപൻകുടി. ഇഷ്ടികകൊണ്ട് പണിത മുറികളും ഓടിട്ട മേൽക്കൂരയുമുള്ള വീടായിരുന്നു ലൊബ്സയുടേത്.
“ഞങ്ങളെ കൊന്നിട്ട് മാത്രമേ ഞങ്ങളുടെ സ്ഥലം അവർക്ക് കൈയ്യേറാനാവൂ”, തലേന്ന് രാത്രിയിലെ ബാക്കിവന്ന കഞ്ഞിവെള്ളവും പച്ചക്കറിയുമടങ്ങുന്ന ഉച്ചയൂണ് കഴിച്ചുകൊണ്ട്, ലൊബ്സ ഹെംബ്‌രാം ചർച്ചയിൽ ചേർന്നു. പാറകൾ പൊടിക്കുന്ന ഒരു ക്രഷറിലാണ് 40 വയസ്സുള്ള ലൊബ്സ ജോലി ചെയ്യുന്നത്. 200-നും 500-രൂപയ്ക്കുമിടയിലാണ് അവിടത്തെ ദിവസ ശമ്പളം.








