വീട്ടിൽ വിടാമെന്ന് ആ ഡ്രൈവർ അവൾക്ക് വാക്കുനൽകിയിരുന്നു, പക്ഷേ കാറിന്റെ സഞ്ചാരം എതിർദിശയിലായിരുന്നു. ഹൈവേയിലെ ആദ്യ യൂടേൺ എടുക്കാതെ ഡ്രൈവർ മുന്നോട്ടുപോയപ്പോൾ തെറ്റുപറ്റിയതാകാമെന്നായിരുന്നു നേഹ കരുതിയത്. എന്നാൽ രണ്ടാമതും യൂടേൺ എടുക്കാതെ പോയപ്പോൾ ആ 15- കാരിയിൽ സംശയമുണർന്നു. മൂന്നാമതും അതുതന്നെ സംഭവിച്ചപ്പോൾ അവൾക്ക് പരിഭ്രമമായി. കണ്ണുകൾ നിറഞ്ഞൊഴുകി; അവൾക്ക് വയ്യാതെയായി.
ആകെ ഭയപ്പെട്ട അവൾ മാതാപിതാക്കളെ കാണണമെന്നാവശ്യപ്പെട്ട് നിലവിളിച്ചു. കാറിൽ തൊട്ടടുത്തിരുന്ന സ്ത്രീയും ഡ്രൈവറും അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു
എന്നാൽ ഉള്ളിന്റെയുള്ളിൽ അവൾക്കറിയാമായിരുന്നു താൻ വലിയ അപകടത്തിൽപ്പെട്ടുവെന്ന്. വീടുപേക്ഷിക്കാനുള്ള തീരുമാനം പെട്ടെന്നെടുത്ത ഒന്നായിരുന്നു. അതിലവൾ ഖേദിക്കാൻ തുടങ്ങി.
അവൾ കൂടുതൽ സമയം ഫോണിൽ ചെലവഴിക്കുന്നുവെന്നും പഠിക്കുന്നില്ലെന്നും പറഞ്ഞ് അച്ഛനമ്മമാരും അവളും തമ്മിൽ ഈവർഷമാദ്യം മേയ് മാസത്തിൽ തർക്കമുണ്ടായി. നേഹയുടെ ഫോൺ അവർ പിടിച്ചുവച്ചതോടെയാണ് അന്ന് ആ തർക്കം അവസാനിച്ചത്.
“അവരെന്റെ ഫൊൺ എടുത്തുമാറ്റിയതിൽ ഞാൻ വലിയ ദേഷ്യത്തിലായിരുന്നു,” കണ്ണിൽ നോക്കാതെ അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, “അവരിൽനിന്ന് ദൂരെപോകണമെന്നുമാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ”.
അങ്ങനെയവൾ രാവിലെ ആറുമണിക്ക് വീടുവിട്ടിറങ്ങി. വീടിനടുത്തെ ഇടുങ്ങിയ വഴികളിലൂടെ ഹൈവേയിലെത്തി. മാതാപിതാക്കളോടുള്ള ദേഷ്യത്തിൽ ഒരുപാട് ദൂരം പിന്നിട്ടെന്ന് തിരിച്ചറിഞ്ഞപ്പോളേക്കും അവൾ ഹൈവേയിലൂടെ 78 കിലോമീറ്റർ താണ്ടിക്കഴിഞ്ഞിരുന്നു. അപ്പോളേക്കും ഇരുട്ടായിക്കഴിഞ്ഞു. കഠിനമായ ദാഹം തോന്നി, എന്നാൽ ഒരുകുപ്പി വെള്ളം വാങ്ങാനുള്ള പണംപോലും അപ്പോൾ അവളുടെ കൈയ്യിലുണ്ടായിരുന്നില്ല.
ഒരു കറുത്ത സെഡാൻ കാർ അപ്പോൾ അവൾക്ക് മുന്നിൽ വന്നുനിന്നു. “കാർ ഒരു പുരുഷനാണ് ഓടിച്ചിരുന്നത്. പിറകിൽ ഒരു സ്‌ത്രീയുമുണ്ടായിരുന്നു,” നേഹ ഓർത്തെടുത്തു. കാറിലുണ്ടായിരുന്ന സ്‌ത്രീ ഗ്ലാസ് താഴ്‌ത്തി വീട്ടിലേക്ക് കൊണ്ടുവിടണമോ എന്ന് ചോദിച്ചു. “അവരെ കണ്ടപ്പോൾ നല്ല ആളുകളാണെന്ന് തോന്നി. അത്രയും ദൂരം തിരികെ നടക്കാൻ എനിക്ക് ശക്തിയുമുണ്ടായിരുന്നില്ല, ബസ് ടിക്കറ്റിന് പണവും ഇല്ലായിരുന്നു.”
നേഹ അവരുടെ സഹായം സ്വീകരിച്ചു. കാറിലെ എയർകണ്ടീഷൻ അവൾക്ക് ആശ്വാസം പകർന്നു, നെറ്റിയിലെ വിയർപ്പ് തൂവാലകൊണ്ട് തുടച്ച് നേഹ സീറ്റിലേക്ക് ചാഞ്ഞു. കാറിലെ സ്‌ത്രീ അവൾക്ക് ഒരു കുപ്പി വെള്ളം നൽകി.
എന്നാൽ ഡ്രൈവർ അവളുടെ വീട്ടിൽനിന്ന് എതിർദിശയിലേക്ക് വണ്ടി ഓടിച്ചതോടെ ആ ആശ്വാസം ഭയമായി മാറി. അവൾ ആക്രോശിക്കാനും പ്രതിഷേധിക്കാനും ശ്രമിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് കാർ നിന്നത്. അപ്പോഴേക്കും അവർ ഭോപ്പാലിലെത്തിയിരുന്നു. നേഹയെ തട്ടിക്കൊണ്ടുപോയതായിരുന്നു.
കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ മധ്യപ്രദേശ് എന്നും മുന്നിലാണ്. 2016-നും 2021-നുമിടയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 60,031 കേസുകളാണ് (ദേശീയ ക്രൈം റിക്കോർഡ്‌സ് ബ്യൂറോ). ചൈൽഡ് റൈറ്റ്‌സ് ആൻഡ് യൂ (സിആർവൈ) വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങൾപ്രകാരം 2022ൽ 11,717 കുട്ടികളെയാണ് കാണാതായത്. അതായത് ഒരു വർഷം ശരാശരി 10,250 കുട്ടികൾ കാണാതാവുന്നു, പ്രതിദിനം 28 കുട്ടികളും–- -ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാൾ കൂടുതൽ.




