ജാർഖണ്ഡിലുള്ള ചെചരിയ ഗ്രാമത്തിലെ താമസക്കാരിയായ സവിതാ ദേവിയുടെ മൺകുടിലിന്റെ ചുവരിൽ ഡോക്ടർ ബി.ആർ അംബേദ്ക്കറുടെ ഒരു ഫോട്ടോ തൂക്കിയിട്ടിട്ടുണ്ട്. "ബാബാസാഹേബ് ഞങ്ങൾക്ക് വോട്ടവകാശം നേടിത്തന്നതുകൊണ്ടാണ് ഞങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയുന്നത്," സവിത പറയുന്നു.
സവിതാ ദേവിയ്ക്ക് സ്വന്തമായുള്ള ഒരു ബീഗ (0.75 ഏക്കർ) നിലത്ത്, അവർ ഖാരിഫ് സീസണിൽ നെല്ലും ചോളവും റാബി സീസണിൽ ഗോതമ്പും കടലയും എണ്ണക്കുരുക്കളും കൃഷി ചെയ്യുന്നുണ്ട്. ഇതുകൂടാതെ, വീടിനോട് ചേർന്നുള്ള അല്പം നിലത്ത് പച്ചക്കറി കൃഷി ചെയ്യാൻ അവർക്ക് ആലോചനയുണ്ടായിരുന്നു. "പക്ഷെ കഴിഞ്ഞ രണ്ടുവർഷമായി, ഇവിടെ വെള്ളമില്ല." തുടർച്ചയായുള്ള വർഷങ്ങളിലുണ്ടായ വരൾച്ചമൂലം, സവിതാ ദേവിയുടെ കുടുംബം കടുത്ത കടക്കെണിയിലാണ്.
മുപ്പത്തിരണ്ടു വയസ്സുകാരിയായ സവിത, തന്റെ നാല് മക്കളോടൊപ്പമാണ് പലാമു ജില്ലയിലുള്ള ഈ ഗ്രാമത്തിൽ താമസിക്കുന്നത്; അവരുടെ ഭർത്താവ്, 37 വയസ്സുകാരനായ പ്രമോദ് റാം, ജോലിയ്ക്കായി 2,000 കിലോമീറ്റർ അകലെ ബംഗലൂരുവിലേയ്ക്ക് കുടിയേറിയിരിക്കുകയാണ്. "സർക്കാർ ഞങ്ങൾക്ക് ജോലി ലഭ്യമാക്കുന്നില്ല," ദളിത് വിഭാഗക്കാരിയായ ഈ ദിവസവേതനത്തൊഴിലാളി പറയുന്നു. "കുട്ടികളെ പോറ്റാനുള്ള വരുമാനംപോലും ഞങ്ങൾക്ക് ലഭിക്കുന്നില്ല."
കെട്ടിടനിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുന്ന പ്രമോദിന് ഒരു മാസം 10,000-12,000 രൂപ വരുമാനം ലഭിക്കും. ചിലപ്പോഴെല്ലാം അദ്ദേഹം ട്രക്ക് ഡ്രൈവറായും ജോലി ചെയ്യാറുണ്ടെങ്കിലും, ആ തൊഴിൽ വർഷത്തിലുടനീളം ലഭ്യമാകാറില്ല. "പുരുഷന്മാർ നാലുമാസം ജോലിയില്ലാതെ വീട്ടിലിരുന്നാൽ, ഞങ്ങൾ ഭിക്ഷ തേടി ഇറങ്ങേണ്ടിവരും. കുടിയേറുകയല്ലാതെ മറ്റെന്താണ് ഞങ്ങൾക്ക് ചെയ്യാനാകുക?" സവിത ചോദിക്കുന്നു.
2011-ലെ കണക്കെടുപ്പ് പ്രകാരം 960 പേർ താമസിക്കുന്ന ചെചരിയ ഗ്രാമത്തിലെ മിക്ക പുരുഷന്മാരും ജോലി തേടി ഗ്രാമം വിട്ടുപോകുകയാണ് പതിവ്; "ഇവിടെ തൊഴിലവസരങ്ങൾ ഒന്നുംതന്നെ ലഭ്യമല്ല. ഇവിടെ ജോലി കിട്ടുമെങ്കിൽ, പിന്നെ ആളുകൾ പുറത്തേയ്ക്ക് പോകുമോ?" സവിതയുടെ ഭർത്തൃമാതാവ്, 60 വയസ്സുകാരിയായ സൂർപതി ദേവി ചൂണ്ടിക്കാട്ടുന്നു.












