പാടത്ത് ജോലി ചെയ്യുന്ന കർഷകത്തൊഴിലാളികൾ. അല്ലെങ്കിൽ ഉപ്പുപാടത്ത് ജോലി ചെയ്യുന്ന ഒരുകൂട്ടമാളുകൾ, അല്ലെങ്കിൽ ഖനിത്തൊഴിലാളികൾ, അല്ലെങ്കിൽ ബോട്ടുകളിലെ മുക്കുവർ. അദ്ധ്വാനത്തിനിടയ്ക്ക് അവർ എത്തിച്ചേരുന്ന ഒരു പാട്ട്, അത്ര അസാധാരണമായ ഒരു കാഴ്ചയല്ല. ചോര നീരാക്കുന്ന കായികാദ്ധ്വാനത്തോടൊപ്പം പലപ്പോഴും പാട്ടുകളും അകമ്പടി സേവിക്കുന്ന കാഴ്ച നമ്മുടെ പരമ്പരാഗത സംസ്കാരങ്ങളിൽ കാണാം. പ്രത്യേകമായ തൊഴിലുകളെക്കുറിച്ചോ, തൊഴിൽരൂപങ്ങളെക്കുറിച്ചോ ഉള്ള പാട്ടുകൾ. തൊഴിലുമായി ബന്ധപ്പെട്ടുള്ള നാടൻ പാട്ടുകൾ ഒട്ടുമിക്ക സംസ്കാരങ്ങളിലും എല്ലാക്കാലത്തും നിലനിന്നിട്ടുണ്ട്. ചിലപ്പോൾ അത്, ഒരുമിച്ച് ജോലി ചെയ്യുന്ന ഒരുസംഘമാളുകളെ ആവേശഭരിതരാക്കാനോ, സംഘടിപ്പിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ളതാവാം. ചിലപ്പോൾ അത് തൊഴിലിലെ കായക്ലേശത്തിൽനിന്നും മടുപ്പിൽനിന്നും മോചനവും നൽകുന്നു.
ചെറിയ കൈവഴികളും, അഴിമുഖവും, മണൽപ്പരപ്പുകളുമുള്ള, 170 മീറ്റർ ദൈർഘ്യമുള്ള കച്ച് ഉൾക്കടൽ ഒരു വലിയ ആവാസവ്യവസ്ഥയാണ്. വിവിധ ജലജീവിവർഗ്ഗങ്ങളുടെ പ്രജനന മേഖലയുമാണത്. തീരദേശ മേഖലയിലെ ഭൂരിഭാഗത്തിന്റേയും ഉപജീവനമാർഗ്ഗം മത്സ്യബന്ധനമാണ്. തീരദേശത്തെ അനിയന്ത്രിതമായ വികസനപ്രവർത്തനങ്ങളുടെ തരംഗത്തിൽപ്പെട്ട്, സ്ഥായിയായി ഉപജീവനം നഷ്ടമായിക്കൊണ്ടിരിക്കുന്ന മുക്കുവ സമുദായം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് ഈ ഗാനം പ്രതിപാദിക്കുന്നത്.
ഇത്തരം വികസനപ്രവർത്തനങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച്, കച്ചിലെ മുക്കുവരുടെ യൂണിയനുകളും, വിദ്യാഭ്യാസവിചക്ഷണരും മറ്റുള്ളവരും നിരന്തരം ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജലവൈവിധ്യത്തിന്റെ നാശത്തിനും അത് പ്രതികൂലമായി ബാധിക്കുന്ന ഈ മേഖലയിലെ മുക്കുവസമുദായത്തിന്റെ ദുരിതങ്ങൾക്കും കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത് മുന്ദ്ര തെർമൽ പ്ലാന്റ് (ടാറ്റ), മുന്ദ്ര പവർ പ്രൊജക്ട് (അദാനി ഗ്രൂപ്പ്) എന്നിവയെയാണ്. ഇത്തരം വെല്ലുവിളികളെക്കുറിച്ചാണ് ഈ ഗാനം - ഭാഷാപരമായി വളരെ ലളിതമായ ഈ ഗാനം - നമ്മളോട് സംസാരിക്കുന്നത്.
സ്വയം ഒരു മുക്കുവനായ മുന്ദ്രയിലെ ജുമ വഗേറാണ് ഈ തൊഴിൽഗാനം ഇവിടെ മനോഹരമായി ആലപിക്കുന്നത്. അദ്ദേഹം പാടുകയും, ഗായകസംഘം ഹോ ജമാലോ (ഹേ, മുക്കുവരേ) എന്ന് മന്ത്രിക്കുകയും ചെയ്യുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കച്ചിലെ വിദൂരമായ തീരങ്ങളിലേക്കാണ് ഈ പാട്ടിന്റെ വശീകരിക്കുന്ന ഈണം നമ്മെ കൊണ്ടുപോകുന്നത്.
કરછી
હો જમાલો રાણે રાણા હો જમાલો (2), હી આય જમાલો લોધીયન જો,
હો જમાલો,જાની જમાલો,
હલો જારી ખણી ધરીયા લોધીયું, હો જમાલો
જમાલો રાણે રાણા હો જમાલો,હી આય જમાલો લોધીયન જો.
હો જમાલો જાની જમાલો, હો જમાલો
હલો જારી ખણી હોડીએ મેં વીયું.
જમાલો રાણે રાણા હો જમાલો,હી આય જમાલો લોધીયન જો.
હો જમાલો જાની જમાલો,
હલો લોધી ભાવર મછી મારીયું, હો જમાલો
જમાલો રાણે રાણા હો જમાલો,હી આય જમાલો લોધીયન જો.
હો જમાલો જાની જમાલો,
હલો મછી મારે બચા પિંઢજા પારીયું, હો જમાલો
જમાલો રાણે રાણા હો જમાલો, હી આય જમાલો લોધીયન જો.
હો જમાલો જાની જમાલો,
હલો પાંજો કંઠો પાં ભચાઈયું, હો જમાલો
જમાલો રાણે રાણા હો જમાલો, હી આય જમાલો લોધીયન જો.(૨)
മലയാളം
വരൂ, വരൂ, സാഗര രാജാക്കന്മാരേ
വരൂ, സഖാക്കളേ,
നമ്മൾ മുക്കുവർ
ഒന്നായൊന്നായ് അണി
ചേരാം
അതെ, നമുക്ക്
വലയുമെടുത്ത് കടലിൽ
പോകാം സഖാക്കളേ
ഈ മുക്കുവക്കൂട്ടങ്ങളേ,
വരൂ, സഖാക്കളേ,
നമ്മൾ മുക്കുവർ
ഒന്നായൊന്നായ് അണി
ചേരാം
നിങ്ങളുടെ വലയുമെടുത്ത്
നമുക്കിനി ബോട്ടുകളിലേക്ക്
പോകാം
വരൂ, സഖാക്കളേ,
നമ്മൾ മുക്കുവർ
ഒന്നായൊന്നായ് അണി
ചേരാം
വരൂ, നല്ലൊരു കോളിനായി
നമുക്ക് പോകാം
വരൂ, സഖാക്കളേ,
നമ്മൾ മുക്കുവർ
ഒന്നായൊന്നായ് അണി
ചേരാം
വരൂ, നമുക്ക് മീൻ
പിടിക്കാം,
നമ്മുടെ കുട്ടികളെ
നോക്കണ്ടേ
വരൂ, സഖാക്കളേ,
നമ്മൾ മുക്കുവർ
ഒന്നായൊന്നായ് അണി
ചേരാം
വരൂ, വരൂ, നമ്മുടെ
തുറമുഖങ്ങൾ
സംരക്ഷിക്കാൻ നമ്മളേ
ഉള്ളൂ,
വരൂ, സഖാക്കളേ,
നമ്മൾ മുക്കുവർ
ഒന്നായൊന്നായ് അണി
ചേരാം
പാട്ടിന്റെ ഇനം : പരമ്പരാഗത നാടൻ പാട്ട്
ഗണം : നാടിന്റെ, സ്ഥലങ്ങളുടെ, മനുഷ്യരുടെ പാട്ടുകൾ
പാട്ട് : 13
പാട്ടിന്റെ ശീഷകം : ജമലോറാണെ റാണാ ഹൊജമാലൊ
സംഗീതം : ദേവൽ മേത്ത
ഗായകൻ : മുന്ദ്ര താലൂക്കിലെ ഭദ്രേസർ ഗ്രാമത്തിലെ ജുമ വാഗേർ
സംഗീതോപകരണങ്ങൾ : ഡ്രം, ഹാർമ്മോണിയം, ബാഞ്ജൊ
റിക്കാർഡ് ചെയ്ത വർഷം : 201, കെ.എം.വി.എസ് സ്റ്റുഡിയോ
സാമുദായിക ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സൂർവാണി റേഡിയോ റിക്കാർഡ് ചെയ്ത ഈ 341 ഗാനങ്ങളും പാരിക്ക് ലഭിച്ചത്, കച്ച് മഹിളാ വികാസ് സംഘടനിലൂടെയാണ് (കെ.എം.വി.എസ്). ഇത്തരത്തിലുള്ള കൂടുതൽ പാട്ടുകൾക്ക് Songs of the Rann: archive of Kutchifolk songs സന്ദർശിക്കുക.
പ്രീതി സോണി, കെ.എം.വി.എസിന്റെ സെക്രട്ടറി അരുണ ധോലാക്കിയ, കെ.എം.വി.എസിന്റെ പ്രോജക്ട് കോഓർഡിനേറ്റർ അമദ് സമേജ എന്നിവരുടെ പിന്തുണയ്ക്കും, ഗുജറാത്തി പരിഭാഷ തയ്യാറാക്കാൻ സഹായിച്ച ഭാർതിബെൻ ഗോറിനും പ്രത്യേക നന്ദി
പരിഭാഷ: രാജീവ് ചേലനാട്ട്