നാലാമത്തെ ദിവസമാണ് ഞാനെത്തിയത്. എത്തിയപ്പോൾ സമയം ഉച്ചയായിരുന്നു
ചെന്നൈയിൽനിന്ന് വയനാട്ടിലേക്കുള്ള യാത്രയിൽ, സന്നദ്ധപ്രവർത്തകർ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലൂടെ ഞാൻ കടന്നുപോയി. ബസ്സുകളൊന്നുമുണ്ടായിരുന്നില്ല. അപരിചിതരുടെ വാഹനങ്ങളായിരുന്നു ആശ്രയം.
ആംബുലൻസുകൾ വരുകയും പോവുകയും ചെയ്തിരുന്ന ആ സ്ഥലം ഒരു യുദ്ധഭൂമിയെയാണ് അനുസ്മരിപ്പിച്ചു. പടുകൂറ്റൻ യന്ത്രങ്ങളുപയോഗിച്ച് ആളുകൾ ശവശരീരങ്ങൾക്കുവേണ്ടി തിരഞ്ഞുകൊണ്ടിരുന്നു. ചൂരൽമല, അട്ടമല, മുണ്ടക്കൈ പട്ടണം എന്നിവയെല്ലാം തകർന്നടിഞ്ഞിരുന്നു. വാസയോഗ്യമായ ഒരു സ്ഥലംപോലും ബാക്കിയുണ്ടായിരുന്നില്ല. ആളുകളുടെ ജീവിതവും ചിതറിപ്പോയി. പ്രിയപ്പെട്ടവരുടെ ശരീരംപോലും തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല.
നദീതീരത്ത് മുഴുവൻ കെട്ടിടാവശിഷ്ടങ്ങളും മൃതദേഹങ്ങളും കുന്നുകൂടിക്കിടന്നു. മണ്ണിൽ പൂണ്ടുപോകാതിരിക്കാൻ രക്ഷാപ്രവർത്തകരും, ശവശരീരങ്ങൾ അന്വേഷിക്കുന്ന കുടുംബങ്ങളും വടിയും കുത്തിയാണ് നടന്നിരുന്നത്. എന്റെ കാലുകൾ ചെളിയിൽ പുതഞ്ഞു. ശവശരീരങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ശരീരഭാഗങ്ങൾ മാത്രമാണ് ചുറ്റിലും കിടന്നിരുന്നത്. പ്രകൃതിയുമായി എനിക്ക് അഗാധമായ ബന്ധമുണ്ടായിരുന്നുവെങ്കിലും ഈ അനുഭവം എന്നെ ഭയപ്പെടുത്തി.
ഭാഷ അറിയാതിരുന്നതിനാൽ, ഈ തകർച്ചയ്ക്ക് ദൃക്‌സാക്ഷിയാകാനേ എനിക്ക് കഴിഞ്ഞുള്ളു. അവരെ തടസ്സപ്പെടുത്താതിരിക്കാൻ ഞാൻ ഒതുങ്ങി മാറിനിന്നു. ഇവിടെ വേഗം വരണമെന്ന് കരുതിയിരുന്നെങ്കിലും അസുഖം മൂലമാണ് അത് സാധ്യമാകാതിരുന്നത്.
ഒഴുകുന്ന വെള്ളത്തിന്റെ പാതയ്ക്ക് സമാന്തരമായി ഞാൻ മൂന്ന് കിലോമീറ്ററുകൾ നടന്നു. വീടുകൾ മണ്ണിനടിയിൽ പുതഞ്ഞിരുന്നു. ചിലതെല്ലാം പൂർണ്ണമായി അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. എല്ലായിടത്തും സന്നദ്ധപ്രവർത്തകർ മൃതദേഹങ്ങൾ അന്വേഷിക്കുന്നത് കണ്ടു. സൈന്യവും തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഞാൻ രണ്ട് ദിവസംകൂടി അവിടെ തങ്ങി. ആ സമയത്ത് ശവശരീരങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. എന്നിട്ടും തിരച്ചിൽ അക്ഷീണം തുടരുന്നുണ്ടായിരുന്നു. തോറ്റ് പിന്തിരിയാതെ, എല്ലാവരും ഭക്ഷണവും ചായയും പങ്കിട്ട്, ഒറ്റക്കെട്ടായി ജോലി ചെയ്തു. ആ ഒത്തൊരുമ എന്നെ അത്ഭുതപ്പെടുത്തി.
നാട്ടുകാരോട് അന്വേഷിച്ചപ്പോൾ, 2019 ഓഗസ്റ്റ് 8-ന് പുത്തുമലയിൽ സമാനമായ സംഭവമുണ്ടായതായി അവർ സൂചിപ്പിച്ചു. അന്ന് 40 പേർ മരിച്ചുപോയി. 2021-ൽ വീണ്ടുമുണ്ടായി. അതിൽ 17 പേരും. ഇത് മൂന്നാമത്തെ തവണയാണ്. 430 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായും, 150 പേരെ കാണാതായതായും കണക്കാക്കുന്നു.
അവസാന ദിവസം ഞാൻ തിരിച്ചുപോകുമ്പോൾ, പുത്തുമലയ്ക്ക് സമീപം എട്ട് മൃതദേഹങ്ങൾ മറവ് ചെയ്തതായി അറിഞ്ഞു. എല്ലാ മതത്തിലുംപെട്ട സന്നദ്ധപ്രവർത്തകർ (ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയവ) സന്നിഹിതരാവുകയും കർമ്മങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ആ എട്ട് മൃതദേഹങ്ങൾ ആരുടേതാണെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നിട്ടും എല്ലാവരും അവർക്കുവേണ്ടി പ്രാർത്ഥിച്ചു.
കരച്ചിലിന്റെ ശബ്ദമൊന്നും കേട്ടില്ല. മഴ പെയ്തുകൊണ്ടിരുന്നു.
എന്തുകൊണ്ടാണ് ഇവിടെ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത്? പ്രദേശത്ത് മുഴുവൻ മണ്ണും പാറയും ഇടകലർന്ന് കിടക്കുന്നതുപോലെ തോന്നി. ഈ അസ്ഥിരതയ്ക്ക് കാരണവും അതായിരിക്കാം. ചിത്രങ്ങളെടുക്കുമ്പോൾ ഇതല്ലാതെ മറ്റൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. പാറകളോ മലകളോ ഒന്നുമല്ല. ഈ മിശ്രിതം മാത്രം.
ഇടതടവില്ലാത്ത മഴ ഈ പ്രദേശത്ത് അത്ര സാധാരണമല്ല. രാവിലെ ഒരുമണിമുതൽ അഞ്ചുമണിവരെ മഴ പെയ്തതോടെ, ആ ഉറപ്പില്ലാത്ത ഭൂമി ഇടിഞ്ഞുതാണു. രാത്രി മൂന്ന് മണ്ണിടിച്ചിലുകളുണ്ടായി. ഞാൻ കണ്ട കെട്ടിടവും സ്കൂളുകളും അതിന്റെ തെളിവായിരുന്നു. എല്ലാവരും, അവിടെ കുടുങ്ങിക്കിടക്കുന്നതായി, സന്നദ്ധപ്രവർത്തകരോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി. തിരച്ചിൽ നടത്തുന്നവരടക്കം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിപ്പോയി. അവിടെ ജീവിക്കുന്നവരാകട്ടെ, അവർക്കൊരിക്കലും പഴയ ജീവിതത്തിലേക്ക് മടങ്ങാനാവില്ല.
പരിഭാഷ: രാജീവ് ചേലനാട്ട്