“ഒരു ചെറിയ അബദ്ധം പറ്റിയാൽ, അറവുകത്തിക്ക് പകരം നിങ്ങൾക്ക് കിട്ടുക അരിവാളായിരിക്കും. രാജേഷ് ചഫേക്കർ പറയുന്നു. മഹാരാഷ്ട്രയിലെ അക്ടാൻ ഗ്രാമത്തിലെ തന്റെ ആലയിലിരുന്ന് അദ്ദേഹം ഇതുവരെയായി 10,000-ത്തിലധികം ഇരുമ്പുപകരണങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
അച്ഛൻ ദത്താത്രേയിൽനിന്നാണ് ഇത് അദ്ദേഹം പഠിച്ചത്. മഹാരാഷ്ട്രയിലെ കർഷകസമൂഹത്തിന്റെ വിശ്വസ്തത പിടിച്ചുപറ്റിയ ഒരു പഞ്ചാൽ ലോഹർ കുടുംബത്തിലെ അംഗമാണ് അദ്ദേഹം. “അക്ടാനിൽനിന്നുമാത്രമേ പണിയായുധങ്ങൾ വാങ്ങാവൂ” എന്ന് ആളുകൾ പറയാറുണ്ടെന്ന്, വാസൈ താലൂക്കിലെ, ഈ ഏഴാം തലമുറക്കാരൻ ലോഹപ്പണിക്കാരൻ പറയുന്നു. 25-ലധികം ഉപകരണങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിനറിയാം.
ബോട്ട് നിർമ്മാണത്തിൽ വലിയ പങ്ക് വഹിക്കുന്ന ടസ്സനി എന്ന സാമഗ്രി ഉണ്ടാക്കിക്കാൻ 90 കിലോമീറ്റർ അകലെയുള്ള നവി മുംബൈയിൽനിന്നുവരെ ആളുകളെത്താറുണ്ട്. “അല്ലറചില്ലറ സാധനങ്ങളിൽനിന്ന് അതുണ്ടാക്കുന്നത് കാണാൻ, ആവശ്യക്കാർ ഇവിടെ ഞങ്ങളുടെ വീട്ടിൽ വന്ന് നാലുദിവസം താമസിക്കുകപോലും ചെയ്യാറുണ്ടായിരുന്നു”, അദ്ദേഹം ഓർമ്മിക്കുന്നു
സ്വർണ്ണപ്പണിക്കാർ, കൊല്ലന്മാർ, ആശാരിമാർ, ചെരിപ്പുകുത്തികൾ, കുംഭാരന്മാർ എന്നിങ്ങനെ, ജാത്യധിഷ്ഠിതമായ തൊഴിലുകളാൽ പരമ്പരാഗതമായി അടയാളപ്പെട്ട് കിടക്കുന്ന ഇടുങ്ങിയ വഴികളാണ് അക്ടാൻ ഗ്രാമത്തിലുള്ളത്. കൈത്തൊഴിലുകാരുടെ ആരാധനാമൂർത്തിയായ വിശ്വർകർമ്മാവിന്റെ ശിഷ്യരാണെന്നാന് ഗ്രാമത്തിലെ ജനങ്ങൾ അവകാശപ്പെടുന്നത്. പഞ്ചാൽ ലോഹക്കാർ, 2008 മുതൽ നാടോടിവർഗ്ഗക്കാരായി പട്ടികപ്പെടുത്തപ്പെട്ടവരാണ്. അതിനുമുമ്പ് അവർ ഒബിസി (മറ്റ് പിന്നാക്കവിഭാഗം) വിഭാഗക്കാരായിരുന്നു.
കുടുംബത്തിന്റെ ലോഹപ്പണി പാരമ്പര്യം തുടരില്ലെന്ന്, 19 വയസ്സ് തികഞ്ഞപ്പോൾ രാജേഷ് തീരുമാനിച്ചു. അതിൻപ്രകാരം, ഒരു ഇലക്ട്രോണിക്ക് കടയിൽ സ്റ്റോർകീപ്പറായി, മാസം 1,200 രൂപ ശമ്പളത്തിൽ അയാൾ പ്രവേശിച്ചു. എന്നാൽ, വലിയ കൂട്ടുകുടുംബത്തിലുണ്ടായ ഒരു പ്രശ്നത്തിൽപ്പെട്ട്, അച്ഛന് ജോലി ഇല്ലാതായപ്പോൾ മൂത്ത മകനായ രാജേഷ് തന്റെ കുടുംബത്തിന്റെ തൊഴിലിലേക്ക് തിരികെ വന്നു.
മൂന്ന് ദശാബ്ദങ്ങൾക്കിപ്പുറം അദ്ദേഹം ഇതിൽ വിദഗ്ദ്ധനായി മാറിയിരിക്കുന്നു. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ജോലി 12 മണിക്കൂർ നീളും. ഇടയ്ക്കൊന്ന് ചായ കുടിക്കാൻ മാത്രമേ നിർത്തൂ. ഒരു ദിവസം, അദ്ദേഹത്തിന് മൂന്ന് ഇരുമ്പുകരണങ്ങൾവരെ നിർമ്മിക്കാനാവും. വാസൈയിലെ ഭുയിഗാംവിലും മുംബൈയിലെ ഗൊരയ് ഗ്രാമത്തിലും താമസിക്കുന്ന ബെനപട്ടിയിലെ ആദിവാസികളും അദ്ദേഹത്തെ തേടിവരുന്നവരിൽ ഉൾപ്പെടുന്നു.
ചെറിയ അരിവാൾ, ഇറച്ചിയും പച്ചക്കറിയും വെട്ടുന്ന മോർളി, കലപ്പ, ടാസ്നി, മീൻ മുറിക്കുന്ന കാടി, കൊടിലുകൾ, അറവുകാരന്റെ വാക്കത്തി എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെ പ്രാചാരമുള്ള ഉപകരണങ്ങൾ.
“ഓരോ ഗ്രാമത്തിനും അവരവരുടേതായ ആവശ്യങ്ങളും രൂപകല്പനകളുമുള്ളതുകൊണ്ട്” ആളുകൾക്ക് ആവശ്യമുള്ള രീതിയിലും രാജേഷ് ഉപകരണങ്ങളുണ്ടാക്കാറുണ്ട്. “മരം കയറുമ്പോൾ കള്ളുചെത്തുകാർക്ക്, അവരുടെ ചെറിയ അരിവാൾ വെക്കാൻ പ്രത്യേക പിടി ആവശ്യമാണ്”, രാജേഷ് പറയുന്നു. പഴവും തേങ്ങയും കൃഷി ചെയ്യുന്നവരും, വർഷം മുഴുവൻ, ആയുധങ്ങൾ മൂർച്ചവെപ്പിക്കാനും കേടുപാടുകൾ തീർക്കാനും വരാറുണ്ട്.
“ഞങ്ങൾക്ക് പ്രതിഫലമായി സമ്മാനങ്ങൾ ലഭിക്കും”, അരിവാൾ മൂർച്ചകൂട്ടിയതിനുള്ള സന്തോഷസൂചകമായി നാട്ടിലെ ഒരു കർഷകൻ നൽകിയ പച്ചത്തേങ്ങകൾ കാട്ടി രാജേഷ് പറയുന്നു. “കാടി (മീൻ മുറിക്കുന്ന കത്തി) നന്നാക്കിയാൽ കോലി സഹോദരന്മാർ എനിക്ക് അന്ന് പിടിച്ച മീൻ തരാറുട്”, രാജേഷ് കൂട്ടിച്ചേർക്കുന്നു.
പുണെയിലെ വഗോലിയിൽ അധികം ലോഹപ്പണിക്കാർ ഇല്ലാത്തതിനാൽ അവിടെനിന്നുപോലും ആവശ്യക്കാരുണ്ട്. “ആടിനെ അറക്കാനുള്ള വാക്കത്തിയാണ് അവർക്ക് ആവശ്യം”.
പുതുമകൾ പരീക്ഷിക്കാനുള്ള താത്പര്യംമൂലം, ഉണങ്ങിയ ബലമുള്ള നാളികേരങ്ങൾ പൊളിക്കാനുള്ള വിശേഷപ്പെട്ടതരം അരിവാൾ രാജേഷ് നിർമ്മിച്ചിട്ടുണ്ട്. “ഞാൻ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ അത് ഞാൻ നിങ്ങൾക്ക് കാണിച്ചുതരില്ല. അതെന്റെ പേറ്റന്റാണ്”, ചിരിച്ചുകൊണ്ട് രാജേഷ് പറയുന്നു. ചിത്രങ്ങളെടുക്കാനും അദ്ദേഹം അനുവദിച്ചില്ല.
ഏറ്റവുമധികം വിറ്റുപോവുന്നത്, അടുക്കളയിൽ മേശപ്പുറത്തും മറ്റും ഘടിപ്പിക്കാവുന്ന, പച്ചക്കറി അരിയുന്ന മൊർളി എന്ന ഉപകരണമാണ്. നിലത്തിരുന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്രായമായ സ്ത്രീകൾക്ക് ഉപകരിക്കുന്നതാണ് ഇത്.
മഴക്കാലത്ത്, കർഷകർ ദിവസക്കൂലിക്ക് നഗരങ്ങളിലേക്ക് പോയിത്തുടങ്ങുമ്പോൾ വില്പന കുറയും. “ചിലപ്പോൾ ദിവസത്തിൽ 200 രൂപ കിട്ടും. ചിലപ്പോൾ 10 രൂപയും. ചില സമയങ്ങളിൽ 3,000-വും 5,000-വും കിട്ടാറുണ്ട്. അടുത്ത ദിവസം ഒന്നും കിട്ടുകയുമില്ല. ഒന്നും മുൻകൂട്ടി പറയാനാവില്ല. ഉപഭോക്താവും മരണവും എപ്പോഴാണ് വരുന്നതെന്ന് പറയാൻ പറ്റുമോ?”.
*****
ഞായറാഴ്ച അടക്കം എല്ലാ ദിവസവും രാവിലെ രാജേഷ് തന്റെ ചൂള കത്തിക്കും.
പാരി അദ്ദേഹത്തെ സന്ദർശിച്ച ദിവസം, ആല ചൂടാവാൻ രാജേഷ് കാത്തിരിക്കുമ്പോൾ ഒരു നാട്ടുകാരൻ ഒരു ഉരുളക്കിഴങ്ങുമായി വന്ന്. അങ്ങോട്ടും ഇങ്ങോട്ടും ഒരു സംസാരവുമുണ്ടായില്ല. രാജേഷ് അതെടുത്ത് ആലയുടെ ഒരു ഭാഗത്ത് വെച്ചു. “അയാൾക്ക് കൽക്കരിയിൽ ചുട്ട ഉരുളക്കിഴങ്ങ് വലിയ ഇഷ്ടമാണ്. ഇത് എടുക്കാൻ ഒരു മണിക്കൂർ കഴിഞ്ഞ് അയാൾ വരും”, അദ്ദേഹം ഞങ്ങളോട് പറയുന്നു.
അധികം താമസിയാതെ, ദിവസത്തെ ആദ്യത്തെ കസ്റ്റമർ വന്ന് നാല് അരിവാളുകൾ മൂർച്ച വെപ്പിക്കാൻ കൊടുത്തു. “അത്യാവശ്യമാണോ?” എന്ന് രാജേഷ് ചോദിച്ചപ്പോൾ, അല്ലെന്നും, കുറച്ച് ദിവസം കഴിഞ്ഞ് വന്ന് വാങ്ങാമെന്നും മറുപടി പറഞ്ഞ് അയാൾ പോയി.
“എന്തുചെയ്യാം. ചോദിക്കാതെ വഴിയില്ല. കൂടെ ജോലി ചെയ്യാൻ ആരുമില്ല”, രാജേഷ് നിസ്സഹായനാവുന്നു.
രാവിലത്തെ ആവശ്യക്കാർ വന്ന് തുടങ്ങുമ്പോൾ, പണിക്കാവശ്യമായ സാധനങ്ങൾ ഒരുക്കാൻ അയാൾ ഒരുങ്ങി. ആല ചൂടായിക്കഴിഞ്ഞാൽ, എല്ലാം കൈയ്യെത്തും ദൂരത്തുണ്ടാവേണ്ടത് ആവശ്യമാണ്. ആറേഴ് കിലോഗ്രാം കൽക്കരി അയാൾ ഒരു പാത്രത്തിലേക്കിട്ട്, അതിലെ കല്ലുകൾ വെറുംകൈകൊണ്ട് വേർതിരിക്കാൻ തുടങ്ങി. “ചെറിയ കല്ലുകൾ പെട്ടാൽ, കൽക്കരി ചൂടാവുന്നത് പതുക്കെയാവും”, ആലയിൽ തീ കൊളുത്തുന്നതിനുമുമ്പ്, അതെല്ലാം മാറ്റണം.
വിദഗ്ദ്ധനായ ആ ഇരുമ്പുപണിക്കാരൻ പിന്നീട്, മരത്തിന്റെ ചെറിയ ചീളുകൾ കൽക്കരിയുടെ മുകളിൽ, തീ പിടിക്കാനായി വെക്കും. ആലക്കകത്ത് തീ ഊതിക്കത്തിക്കാൻ ഒരു ചെറിയ പമ്പുണ്ട്. ഭാട്ട എന്നാണ് അതിനെ വിളിക്കുക. കാറ്റിന്റെ ഗതി നിയന്ത്രിക്കുമ്പോൾത്തന്നെ, ആലയിലെ ചൂട് നിൽനിർത്താൻ കൂടുതൽ കാറ്റ് നൽകാനും ഇത് സഹായിക്കുന്നു.
അസംസ്കൃത ലോഹം അഞ്ചുമുതൽ ഏഴുമിനിറ്റുവരെ ആലയിൽ വെച്ച് ചൂടാക്കും. ചുട്ട് പഴുത്തുകഴിഞ്ഞാൽ, ആ ലോഹം, ഒരു വലിയ ലോഹക്കഷണത്തിൽ വെക്കും. കുറച്ച് നിമിഷത്തേക്ക് ആ ലോഹം തിരിച്ചുവെച്ച്, പിന്നീട്, തുടർച്ചയായി, ചുറ്റികവെച്ച് അതിൽ അടിക്കാൻ തുടങ്ങുന്നു. “ലോഹം തണുക്കുന്നതിനുമുമ്പ് അത് ചെയ്യണം, ഇല്ലെങ്കിൽ ആകൃതി കിട്ടില്ല”, അദ്ദേഹം വിശദീകരിക്കുന്നു.
രാജേഷ് ചെറിയ ചുറ്റിക ഉപയോഗിക്കുമ്പോൾ, മകൻ ഓം വലിയ ചുറ്റിക കയ്യിലെടുക്കുന്നു. ഒരു മണിക്കൂറോളം നേരം അവർ, അദ്ധ്വാനമാവശ്യമുള്ള ഈ പ്രക്രിയ - ലോഹം ചൂടാക്കുകയും ചുറ്റികവെച്ച് തല്ലുകയും ചെയ്യുന്ന ജോലി – ആവർത്തിക്കുന്നു. ഒടുവിൽ പ്രതീക്ഷിച്ച ആകൃതി കിട്ടുന്നതുവരെ. ഉപകരണത്തിന്റെ ആകൃതി തയ്യാറായാൽ, ഒരു മണ്ടൽ (വട്ടത്തിലുള്ള സ്റ്റീലിന്റെ വളയം) ഉപയോഗിച്ച്, മരത്തിന്റെ പിടിയും ലോഹവും യോജിപ്പിക്കുന്നു.
80 കൊല്ലം പഴക്കമുള്ള ഒരു പഴയ ഉരകല്ലുപയോഗിച്ചാണ് രാജേഷ് ഉപകരണത്തിന് മൂർച്ച കൂട്ടുന്നത്. അച്ഛൻ നൽകിയ മോഗ്രി (അരം) ഉപയോഗിച്ചാണ് താൻ കൈകൊണ്ട് നിർമ്മിച്ച ഉപകരണത്തിന് രാജേഷ് അവസാന മിനുക്കുപണി നൽകുന്നത്.
സാധാരണയായി, അദ്ദേഹത്തിന്റെ പണിശാലയിൽ എപ്പോഴും പുക തിങ്ങിനിൽക്കുന്നുണ്ടായിരിക്കും. അത് അദ്ദേഹത്തിനെ ഒട്ടും അലട്ടുന്നതായി തോന്നുന്നില്ല. “എനിക്ക് ചൂട് ഇഷ്ടമാണ്. ഞാനത് ആസ്വദിക്കുന്നു”. ആലയുടെ അടുത്തുള്ള ഇരിപ്പ് ബുദ്ധിമുട്ടാവാൻ തുടങ്ങിയപ്പോൾ, അല്പം ആശ്വാസത്തിനായി അദ്ദേഹം കാലിൽ കുറച്ച് വെള്ളം തളിക്കുന്നു.
നാട്ടിലുള്ള ഒരു യൂട്യൂബർ അദ്ദേഹത്തിനെക്കുറിച്ചുള്ള വീഡിയോ നിർമ്മിച്ചതോടെ, വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരിൽനിന്നുപോലും അദ്ദേഹത്തിന് ഓർഡറുകൾ ലഭിക്കാൻ തുടങ്ങി. എന്നാൽ, ആയുധങ്ങൾ എന്ന പേരിലാണ് അവയെ മുദ്രയിട്ടത് എന്നതിനാൽ ഈ ഉപകരണങ്ങൾ വിദേശത്തേക്ക് അയയ്ക്കാൻ സാധിച്ചില്ല. എന്നാലിപ്പോൾ, ഓസ്ട്രേലിയയിൽനിന്നുള്ള ഉപഭോക്താക്കൾ ഇന്ത്യ സന്ദർശിക്കുമ്പോൾ, അവർ നേരിട്ട് വന്ന്, അറവുകത്തികൾ വാങ്ങാറുണ്ട്.
രാജേഷിന് ഒരു സ്ഥിരമായ ഉപഭോക്തൃശൃംഖലയുണ്ടെങ്കിലും സഹായിക്കാൻ ആളുകളില്ലാത്തതിനാൽ, ആവശ്യങ്ങൾ മുഴുവനായി നിവർത്തിച്ചുകൊടുക്കാൻ ആവുന്നില്ല. “കസ്റ്റമേഴ്സിനോട് നാളെ വരാൻ പറയാൻ എനിക്ക് പറ്റില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ സമുദായത്തിലുള്ള ധാരാളം അംഗങ്ങൾ താനെയുടേയും മുംബൈയുടേയും സമീപപ്രദേശങ്ങളിലേക്ക് താമസം മാറ്റിക്കഴിഞ്ഞു. റെയിൽവേയിലെ ജോലികളും, ചെറുകിട കച്ചവടവും ചെയ്ത് കൂടുതൽ മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ചാണ് അവർ പോയത്. “കൃഷിയില്ലാതായാൽ ഞങ്ങളെന്ത് ചെയ്യും?”, താൻ താമസിക്കുന്ന നിരത്തിൽ, പത്തുമുപ്പത് കൊല്ലം മുമ്പ്, 10-12 ഇരുമ്പുപണിക്കാർ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിച്ചു. “ഇപ്പോൾ രണ്ടുപേർ മാത്രമേയുള്ളു”, രാജേഷിന്റെ ബന്ധത്തിലുള്ള ഒരു സഹോദരനാണ് മറ്റയാൾ. അദ്ദേഹത്തിന്റെ ഭാര്യ, ഒരദ്ധ്യാപികയായ സോനാലിക്ക്, തന്റെ ഭർത്താവ് ഈ ജോലി തുടരാൻ തീരുമാനിച്ചതിൽ അഭിമാനമൌണ്ട്. “ഇന്ന് എല്ലാവർക്കും എളുപ്പത്തിൽ പണം സമ്പാദിച്ചാൽ മതി. ആലയിലിരുന്ന്, ചുറ്റികകൊണ്ട് മേടാൻ ആർക്കാണ് ആഗ്രഹം?” അവർ ചോദിക്കുന്നു.
20 വയസ്സുള്ള മകൻ ഓം എൻജിനീയറിംഗിന് പഠിക്കുന്നു. “വാരാന്ത്യങ്ങളിൽ എന്റെ കൂടെ ജോലി ചെയ്യാൻ ഞാനവനോട് ആവശ്യപ്പെടും. ഇത് ഞങ്ങളുടെ തൊഴിലാണ്. ആ കഴിവ് നഷ്ടപ്പെടുത്തിക്കൂടാ”. തന്റെ മരണശേഷവും തന്റെ എല്ലാ പണിയുപകരണങ്ങളും മകൻ സംരക്ഷിച്ചുവെക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. “എന്റെ അച്ഛന്റേയും അപ്പൂപ്പന്റേയും പണിയായുധങ്ങൾ ഇപ്പോഴും എന്റെ പക്കലുണ്ട്. ചുറ്റികകൊണ്ട് അടിച്ച പണിയായുധം കണ്ടാൽ മതി, അതാരാണ് ഉണ്ടാക്കിയതെന്ന് തിരിച്ചറിയാൻ. ഓരോരുത്തരും അവരവരുടേതായ ശൈലിയിലാണ് ലോഹത്തിൽ ചുറ്റിക ഉപയോഗിക്കുക”.
ആലയ്ക്കാവശ്യമായ പാചകേതര കൽക്കരി വാങ്ങുന്നത് ചിലവേറുകയാണ്. 2023-ൽ കോൾ ഇന്ത്യ ലിമിറ്റഡ് (സി.ഐ.എൽ) മേൽത്തരം കൽക്കരിയുടെ വില 8 ശതമാനം വർദ്ധിപ്പിച്ചു. “ഞാൻ ഈ പണി തുടങ്ങിയപ്പോൾ (32 കൊല്ലം മുമ്പ്), കിലോഗ്രാമിന് 3 രൂപയായിരുന്നു. ഇപ്പോൾ 58 രൂപയാണ് വില”, അദ്ദേഹം പറയുന്നു. ദിവസവും ഉപയോഗിക്കുന്ന കൽക്കരിയുടെ വില തിരിച്ചുപിടിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഒരു അരിവാൾ അദ്ദേഹം വിൽക്കുന്നത് 750 രൂപയ്ക്കാണ്. അസംസ്കൃത ലോഹത്തിന് ആകൃതി കിട്ടണമെങ്കിൽ ആറോ ഏഴോ കിലോഗ്രാം കൽക്കരി ഉപയോഗിക്കണം. ഒരോ അസംകൃതലോഹത്തകിടിനും രണ്ടോ മൂന്നോ കിലോഗ്രാം ഭാരമുണ്ടാവും. ഓരോന്നിനും 120-140 രൂപയും ചിലവാവുകയും ചെയ്യും. മരത്തിന്റെ പിടി മൊത്തമായി വാങ്ങിയാൽ ഒന്നിന് 15 രൂപ വില വരും. അല്ലെങ്കിൽ 60 രൂപവരെ ചിലവാവും ഓരോന്നിനും.
“എന്റെ കൈയ്യിൽ ബാക്കി എന്തുണ്ടാവുമെന്ന് കണക്ക് കൂട്ടി നോക്കൂ”.
കൽക്കരിയുടെ വർദ്ധിച്ചുവരുന്ന ചിലവിന് പുറമേ, മറ്റ് തൊഴിലുകൾ ചെയ്യുന്നവരുടെ എണ്ണം കുറയുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പണ്ടെല്ലാം ആശാരിമാരും ലോഹപ്പണിക്കാരും നിർമ്മാണച്ചിലവ് കുറയ്ക്കാൻ പരസ്പരം സഹായിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. “ഇന്ന് കിട്ടുന്ന ബാബുൽ മരത്തിനുപകരം, ഞങ്ങൾ കൂടുതൽ വിലയുള്ള ഖൈർ മരം ഉപയോഗിച്ചിരുന്നു. പക്ഷേ കാട്ടിൽ പോയി വിറക് ശേഖരിക്കുന്ന ആശാരിമാർ ഇതിൽ ഞങ്ങളെ സഹായിച്ചിരുന്നു. അതിനുപകരമായി, ഞങ്ങളവർക്ക്, കാളവണ്ടിച്ചക്രത്തിൽ വെക്കാനുള്ള ലോഹക്കഷണങ്ങളും അച്ചാണിയും ഉണ്ടാക്കിക്കൊടുക്കും. അങ്ങിനെ പരസ്പരം സഹായിച്ചിരുന്നു”.
തീയും ലോഹവും ഉപയോഗിച്ച് ജോലി ചെയ്യുമ്പോൾ സ്വാഭാവികമായും അപകടങ്ങളും ഉണ്ടാവും. സുരക്ഷയ്ക്കുള്ള മുഖംമൂടികളും കൈയ്യുറകളും മറ്റും കമ്പോളത്തിലുണ്ടെനിലും ആലയ്ക്കകത്ത് അതൊക്കെ ധരിച്ച് ഇരുന്നാൽ ചൂട് അസഹ്യമാകുമെന്ന് രാജേഷ് പറയുന്നു. എന്നാൽ ഈ കാര്യമാലോചിച്ച് സോണാലിക്ക് ആശങ്കയുണ്ട്. “പലപ്പോഴും കൈയ്യിലും കാലിലും മുറിവുണ്ടായിട്ടുണ്ട്. ഒരിക്കൽ പാദത്തിൽ ഗുരുതരമായി മുറിവേറ്റു”, അവർ കൂട്ടിച്ചേർക്കുന്നു.
എന്നാൽ രാജേഷിന് ഈ തൊഴിൽ നിർത്താൻ ഭാവമില്ല. “വെറുതെയിരുന്നാൽ എനിക്ക് ജോലി
കിട്ടില്ല. എനിക്ക് ആലയിലിരിക്കണം. കൽക്കരി ചൂടാക്കണം”. തന്റെ ജോലി തുടരാനുള്ള നിശ്ചയദാർഢ്യത്തിലാണ്
രാജേഷ്.
“എനിക്കെന്റെ വീട്ടിലെ കാര്യങ്ങൾ നോക്കാൻ സാധിക്കുന്നുണ്ട്”.
പരിഭാഷ: രാജീവ് ചേലനാട്ട്