നിറയെ കാവിയും വെള്ളയും നിറമുള്ള കൊടികൾ കാണാം. പ്രകൃതിയാരാധാകരായ ആദിവാസി സമൂഹങ്ങളുടേതാണ് – ഇവിടെ അത് ഉറാംവ് ആദിവാസികളാണ് – വെളുത്ത കൊടി. കാവിക്കൊടിയാകട്ടെ, ഝാർഘണ്ടിലെ ഗുംല ജില്ലയിലെ ഈ കുന്നിന്റെ നെറുകയിൽ 1985-ൽ ഹനുമാൻ ക്ഷേത്രം പണിത ഹിന്ദുക്കളുടേതും. ഇത് ആ ഹിന്ദു ദൈവത്തിന്റെ ജന്മസ്ഥലമാണെന്നാണ് അവരുടെ അവകാശവാദം.
മുളകൊണ്ട് നിർമ്മിച്ച വാതിലിൽ, ഇരുകൂട്ടരുടേയും പേരെഴുതിയ രണ്ട് ബാനറുകളുണ്ട്. വനംവകുപ്പും അഞ്ജനിലെ ജനങ്ങളും സംയുക്തമായി നടത്തുന്ന ഗുംല വാൻ പ്രബന്ധൻ മണ്ഡലിനാണ് (സംയുക്ത് ഗ്രാം വാൻ പ്രബന്ധൻ സമിതി എന്ന പേരിൽ) 2016 മുതൽ ഈ തീർത്ഥാടനത്തിന്റെ ഭരണച്ചുമതല. 2019-ൽ സ്ഥാപിച്ച അഞ്ജൻ ധാം മന്ദിർ വികാസ് സമിതിയാണ് അമ്പലം ഭരിക്കുന്നത്.
സ്വാഗത കവാടം കടന്നാൽ നമ്മൾ അഭിമുഖീകരിക്കുന്നത് രണ്ട് ഗോവണികളാണ്. ഓരോന്നും വെവ്വേറെ ആരാധനാലയങ്ങളിലേക്ക് നയിക്കുന്നവർ. ഒന്ന് നിങ്ങളെ നേരെ കുന്നിൻമുകളിലെ ഹനുമാൻ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുന്നു. മറ്റൊന്ന്, രണ്ട് ഗുഹകളിലേക്കും. അമ്പലം വരുന്നതിനും നൂറ്റാണ്ടുകൾക്കുമുമ്പ്, ആദിവാസി പഹാനുകൾ (ആദിവാസികളിലെ പരമ്പരാഗത പൂജാരികൾ) പൂജകൾ നടത്തിയിരുന്ന ഗുഹകളാണവ.
രണ്ട് വ്യത്യസ്ത സംഘങ്ങളെ സേവിക്കുന്ന രണ്ട് വ്യത്യസ്ത ദൈവങ്ങൾക്കുള്ള ഒരോ ഭണ്ഡാരപ്പെട്ടികൾവീതം ഓരോ സ്ഥലത്തും വെച്ചിട്ടുണ്ട്. ഒന്ന് ഗുഹയ്ക്ക് സമീപവും, ഒന്ന് അമ്പലത്തിന്റെ ഉള്ളിലും. ഇനി മൂന്നാമതൊരു ഭണ്ഡാരപ്പെട്ടിയുണ്ട്, മുറ്റത്ത്. അത് ബജ്രംഗദളിന്റേതാണ്. ഇതിൽനിന്നുള്ള പണം, ഭക്തരായ സന്ന്യാസിമാർക്ക് ചൊവ്വാഴ്ചതോറും സദ്യ നൽകാനാണ് ഉപയോഗിക്കുന്നത്. ഇനി നാലാമതൊരു ഭണ്ഡാരമുള്ളത് മലയുടെ താഴത്ത്, ഗ്രാമത്തിന്റെ സമീപത്താണ്. പൂജക്കാവശ്യമായ സാധനങ്ങളും വഴിപാടുകളും വാങ്ങുന്നതിന് ആദിവാസികളെ സഹായിക്കാനുള്ളതാന് ഇത്.
“ഇത് പൂർണ്ണമായും ഒരു ആദിവാസി മേഖലയാണ്. അഞ്ജനിൽ ഇതിനുമുമ്പൊന്നും പൂജാരിമാരുണ്ടായിരുന്നിട്ടില്ല”, ഈ തീർത്ഥാടനകേന്ദ്രത്തിലെ വിചിത്രമായ ആരാധനാരീതികൾ കണ്ട് അത്ഭുതപ്പെട്ട എന്നോട്, രഞ്ജയ് ഉറാംവ് എന്ന 42 വയസ്സുള്ള മുൻ ഗ്രാമമുഖ്യൻ പറഞ്ഞു. “ബനാറസിൽനിന്ന് പണ്ഡിറ്റുകൾ ഈ സ്ഥലത്തേക്ക് ഈയടുത്ത് മാത്രമാണ് വന്നത്. പ്രകൃതിദേവതയായ അഞ്ജാനിയെ വർഷങ്ങളായി ഉറാംവ് ആദിവാസികൾ ആരാധിക്കുന്നു. അഞ്ജാനിക്ക് ഹനുമാനുമായി ബന്ധമുണ്ടെന്ന് ഞങ്ങളൊരിക്കലും അറിഞ്ഞിരുന്നില്ല”, അദ്ദേഹം പറഞ്ഞു.
“പണ്ഡിറ്റുകൾ വന്നിട്ടാണ്, അഞ്ജാനി എന്നത് യഥാർത്ഥത്തിൽ ഹനുമാന്റെ അമ്മയാണെന്ന ആശയം ഇവിടെ പ്രചരിപ്പിച്ചത്. അതിനുശേഷം അഞ്ജനെ ഹനുമാന്റെ വിശുദ്ധ ജന്മസ്ഥലമായി പ്രഖ്യാപിച്ചു. പിന്നെ, എന്തെങ്കിലും കണ്ണടച്ച് തുറക്കുന്നതിനുമുന്നേ മലയുടെ മുകളിൽ ഒരു ഹനുമാൻ ക്ഷേത്രം വരികയും ആ സ്ഥലത്തെ അഞ്ജൻ ധാം എന്ന് വിളിക്കാനും തുടങ്ങി”.










